ഞങ്ങളുടെ വായനക്കാരിൽനിന്ന്
ലോകത്തെ വീക്ഷിക്കൽ ഞാനൊരു പത്രപ്രവർത്തകനാണ്. എന്റെ സഹപ്രവർത്തകരിൽ പലരും തങ്ങളുടെ തൊഴിലിനു വേണ്ട ആശയങ്ങൾക്കായി “ലോകത്തെ വീക്ഷിക്കൽ” എന്ന കോളം വായിക്കാൻ അതിയായി ഇഷ്ടപ്പെടുന്നു. ചില ലേഖനങ്ങൾ എനിക്കും പ്രചോദനമേകി എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ പരിഭാഷകരെയും പ്രൂഫ് വായനക്കാരെയും ഞാൻ പ്രത്യേകം പ്രശംസിക്കുന്നു. ഉന്നത നിലവാരങ്ങൾ പുലർത്തുന്ന അത്തരം ഭാഷ ബഹുജന മാധ്യമ രംഗത്തു സാധാരണമല്ല.
ജെ. ബി., ചെക്കിയ
വർഷങ്ങൾക്കു മുമ്പ് ഉണരുക! വായിക്കാൻ ആരംഭിച്ചപ്പോൾ “ലോകത്തെ വീക്ഷിക്കൽ” എന്ന ഭാഗം വായിക്കാൻ എനിക്കു തീരെ താത്പര്യം തോന്നിയിരുന്നില്ല. എന്നാൽ, അത് അത്യന്തം വിജ്ഞാനപ്രദമാണെന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. വാസ്തവത്തിൽ, ടിവി വാർത്താ പ്രക്ഷേപണങ്ങളിൽ കാണാത്ത നിരവധി ലോക സംഭവങ്ങൾ ‘ലോകത്തെ വീക്ഷിക്കലി’ൽ വരുന്നുണ്ട്. വിശിഷ്ടമായ ഈ വേലയിൽ തുടരുക!
ഐ. കെ. എം. സി., ബ്രസീൽ
പകർച്ചവ്യാധി “പകർച്ചവ്യാധി—അത് എന്നെങ്കിലും അവസാനിക്കുമോ?” (നവംബർ 22, 1997) എന്ന ലേഖന പരമ്പര ഇങ്ങനെ പ്രസ്താവിച്ചു: “മരണകാരണങ്ങളിൽ ലോകത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് സാംക്രമിക രോഗങ്ങളാണ്, 1996-ൽ മാത്രമായി അത് അഞ്ചു കോടിയിലേറെ ആളുകളെ കൊന്നൊടുക്കിയിരിക്കുന്നു.” എന്നാൽ, 1996-ലുണ്ടായ 5.2 കോടിയിലധികം മരണങ്ങളിൽ 1.7 കോടിയിലധികം സാംക്രമിക രോഗങ്ങളോ പരാദരോഗബാധയോ നിമിത്തമായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ടു പറയുന്നു.
ബി. ബി., ഐക്യനാടുകൾ
“നാസൗയിഷെ നോയീ പ്രെസെ” എന്ന ജർമൻ വാർത്താ പത്രമായിരുന്നു ഞങ്ങളുടെ വിവരങ്ങൾക്ക് ഉറവിടം. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രസ്തുത പത്രലേഖനം തെറ്റായി ഉദ്ധരിച്ചതാണെന്നു വ്യക്തം. വിശദീകരണത്തിനു നന്ദി.—പ്രസാധകർ.
വിക്കൽ “വിക്കിനെക്കുറിച്ചുള്ള ഭയം മനസ്സിലാക്കൽ” (നവംബർ 22, 1997) എന്ന ലേഖനത്തിനു നന്ദി. ഞങ്ങളുടെ സഭയിൽ ഈ പ്രശ്നമുള്ള ഏതാനും ചെറുപ്പക്കാരുണ്ട്. അവരുമായി സഹവസിക്കാൻ എപ്പോഴും എനിക്കൊരു വല്ലായ്മയായിരുന്നു. വിക്കന്മാരുമായി ഇടപെടാൻ സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങൾ വായിക്കാൻ സാധിച്ചതിൽ സന്തോഷം. അത്തരക്കാർക്കു പിന്തുണ നൽകാൻ ഞങ്ങൾക്കു പ്രചോദനമേകുക മാത്രമല്ല, അതെങ്ങനെ ചെയ്യണമെന്നു നിങ്ങൾ മനസ്സിലാക്കി തരികയും ചെയ്തു.
വൈ. എൻ., ജപ്പാൻ
സ്കൂളിൽ, എന്റെ ക്ലാസ്സിൽ രണ്ടുപേർക്കു വിക്കുണ്ട്. അവർ ഒരിക്കലുംതന്നെ ക്ലാസ്സിൽ ഉത്തരം പറയാറില്ല. മാത്രമല്ല, നിങ്ങളുടെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതു പോലെ, ഉറക്കെ വായിക്കാൻ ആവശ്യപ്പെടുമ്പോൾ അവർ പരിഭ്രാന്തരാകുന്നതായി കണ്ടിട്ടുണ്ട്. ക്ലാസ്സിൽ സംസാരിക്കാൻ അവർ മറികടക്കേണ്ട ഭയത്തെ കുറിച്ചു മെച്ചമായി മനസ്സിലാക്കാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു.
എസ്. എൽ., ജർമനി
എനിക്കു 16 വയസ്സുണ്ട്. ഞാനൊരു വിക്കനാണ്. പ്രസ്തുത ലേഖനം വായിച്ചപ്പോൾ എനിക്കു ലഭിച്ച പ്രോത്സാഹനത്തിനു ഹൃദയംഗമമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ സാധിക്കാത്തതിൽ ചിലപ്പോഴൊക്കെ ഞങ്ങൾക്കു നിരാശ തോന്നാറുണ്ട്. യഹോവ ഞങ്ങളെ കുറിച്ചു ചിന്തിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എങ്ങനെ എന്ന് അറിയുന്നത് അത്ഭുതകരമാണ്. ഈ ലേഖനം വായിച്ചവർക്കെല്ലാം വിക്കന്മാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചു മനസ്സിലാക്കാൻ സഹായം ലഭിച്ചു എന്നു പ്രത്യാശിക്കുന്നു.
എസ്. ഡി. എ., ഇറ്റലി
ഈ ലേഖനം വേദനാകരമായ ഓർമകളുടെ ചെപ്പു തുറന്നു. യഹോവ എന്നെക്കുറിച്ച് എത്രമാത്രം കരുതുന്നു എന്നും വർഷങ്ങളോളം എന്നെ എത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നു എന്നും തിരിച്ചറിയാൻ അതെന്നെ സഹായിച്ചു. 11-ാം വയസ്സിൽ സ്നാപനം ഏറ്റപ്പോൾ, ഒരു പരസ്യ പ്രസംഗകനായി യഹോവയെ സ്തുതിക്കാനായിരുന്നു എന്റെ ഉത്കടമായ അഭിലാഷം. ആ ലക്ഷ്യപ്രാപ്തിക്ക് ദൈവത്തിന്റെ പുതിയ ലോകം വരെ കാത്തിരിക്കണം എന്നായിരുന്നു എന്റെ ധാരണ. എന്നാൽ കഴിഞ്ഞ 37 വർഷം സർക്കിട്ട് സമ്മേളനങ്ങളിലും ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും ഒക്കെയായി അസംഖ്യം പരസ്യ പ്രസംഗങ്ങൾ നടത്താൻ എനിക്കു പദവി ലഭിച്ചു.
ആർ. എഫ്. ഡി., ഇംഗ്ലണ്ട്.
വിക്കിനെ ഭയന്ന് സഭാ യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയാൻ എനിക്കു വൈക്ലബ്യമാണ്. വീടുതോറുമുള്ള പ്രസംഗവേലയിൽ—പ്രത്യേകിച്ചും, നന്നായി സംസാരിക്കുന്നവരോടൊപ്പം—ഏർപ്പെടുമ്പോഴും വിക്കുണ്ടാകുമോ എന്നു ഞാൻ ഭയപ്പെടുന്നു. യഹോവ എന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നു തിരിച്ചറിയാൻ ഈ ലേഖനം എന്നെ സഹായിച്ചു.
സി. സി. എൽ., ബ്രസീൽ.