പരിണാമം ഒരു വസ്തുതയല്ല
ആദ്യ മനുഷ്യർ ദൈവത്താൽ നേരിട്ട് സൃഷ്ടിക്കപ്പെട്ടവരാണെന്നും പ്രാകൃത ജീവരൂപങ്ങളിൽനിന്ന് പരിണമിച്ച് വന്നതല്ലെന്നും പല അമേരിക്കക്കാരും വിശ്വസിക്കുന്നതായി അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നു. എന്നാൽ അമേരിക്കയിൽ ഇത്രയധികം ശാസ്ത്ര അധ്യാപകർ ബുദ്ധിശക്തിയുടെ പ്രവർത്തനമില്ലാത്ത, ആകസ്മിക പരിണാമത്തെ ഒരു വസ്തുതയായി കാണാൻ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണ്? “പല സർവകലാശാലകളിലും ശാസ്ത്ര വിഭാഗങ്ങൾ നിയന്ത്രിക്കുന്നത് . . . ഡാർവിനിസ്റ്റ് മൗലികവാദികളാണ്” എന്നതാണ് ഒരു കാരണമെന്ന് ബെർക്കിലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി നിയമ പ്രൊഫസർ ഫിലിപ്പ് ഇ. ജോൺസൻ പറയുന്നു.
ജോൺസൻ ചൂണ്ടിക്കാട്ടുന്നു: “ചില സാഹചര്യങ്ങളിൽ, ബുദ്ധിശക്തിയുടെ പ്രവർത്തനമില്ലാത്ത, ഭൗതിക പ്രക്രിയകൾക്ക് സസ്യശാസ്ത്രത്തിലെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അവ അതു സൃഷ്ടിച്ചുവെന്നും ഉള്ള അവകാശവാദത്തെ സംശയിക്കാൻ കാരണമുണ്ടെന്നു സസ്യശാസ്ത്ര പ്രൊഫസർമാർ വിദ്യാർഥികളോടു പറയുന്നതിനെ വിലക്കിയിരിക്കുന്നു.”
ശാസ്ത്രജ്ഞനും എഞ്ചിനിയറുമായ മർഫി ഓഡീൻ അഭിപ്രായപ്പെടുന്നു: “വസ്തുതകൾക്ക് നിരക്കാത്ത ഒരു സിദ്ധാന്തം ഉപേക്ഷിക്കുന്നതിനു പകരം, ‘പരിണാമം സത്യമായിരിക്കണം’ എന്നത് ഒരു വിശ്വാസ പ്രഖ്യാപനമാക്കി മാറ്റാൻ ‘പരിണാമ ശാസ്ത്രം’ പ്രവണത കാട്ടിയിരിക്കുന്നു.” പരസ്പര വിരുദ്ധമായ തെളിവുകളും തെളിവിന്റെ അഭാവവും തള്ളിക്കളയുകയോ അവഗണിക്കുകയോ ചെയ്തിരിക്കുന്നു.
കാരണം? ഡാർവിന്റെ ബ്ലാക്ക് ബോക്സ് എന്ന പുസ്തകത്തിൽ തന്മാത്രാ ജീവശാസ്ത്രജ്ഞനായ മൈക്കിൾ ബീഹി പറയുന്നു: “പ്രമുഖരും ആദരണീയരുമായ ഒട്ടേറെ ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെ പല ആളുകളും പ്രകൃതിക്ക് അതീതമായ എന്തെങ്കിലും സംഗതി ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു മനുഷ്യാതീത ശക്തി പ്രകൃതിയെ നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.” എന്നാൽ യഥാർഥ ശാസ്ത്രം ഇഷ്ടപ്പെട്ട ആശയങ്ങൾ ഉന്നമിപ്പിക്കാനായി പരസ്പര വിരുദ്ധമായ തെളിവുകളെ അവഗണിക്കുന്നില്ല. തന്നെയുമല്ല, എല്ലാ ശാസ്ത്രജ്ഞന്മാരും പരിണാമത്തിൽ വിശ്വസിക്കുന്നുമില്ല.
ബ്രസീലിയൻ മാഗസിനായ വേഴ ഊർജതന്ത്രത്തിന്റെ നോബൽ സമ്മാന ജേതാവായ കാർളോ റൂബിയയോട്, “നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ” എന്നു ചോദിച്ചു. വ്യക്തിഗുണമുള്ള ദൈവമുണ്ടെന്ന് അംഗീകരിച്ചില്ലെങ്കിലും അദ്ദേഹം സമ്മതിച്ചു: “നിങ്ങൾ എത്രയധികം പ്രകൃതിയെ നിരീക്ഷിക്കുന്നുവോ അത്രയധികം നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും ബൃഹത്തായ സംഘാടനം ഉണ്ടെന്നു മനസ്സിലാക്കാൻ കഴിയും. പ്രകൃതിയിലെ പ്രതിഭാസങ്ങൾ നിരീക്ഷിക്കുന്നതിൽനിന്നു മാത്രം ഒരു സ്രഷ്ടാവ് ഉണ്ടെന്നു ഞാൻ നിഗമനം ചെയ്യുന്നു. കാരണം അതിൽ കാണപ്പെടുന്ന ബുദ്ധിശക്തി അത്രയ്ക്കു മഹത്തരമാണ്.”
അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ നമ്മെ അപ്പോസ്തലനായ പൗലൊസിന്റെ വാക്കുകൾ അനുസ്മരിപ്പിക്കുന്നു: “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു.”—റോമർ 1:20.