പരസ്യങ്ങളുടെ സ്വാധീനശക്തി
ദീർഘനാൾ മുമ്പ് ടെലിവിഷനിൽ പരിപാടിയുടെ ഇടയ്ക്ക് ഒരു പരസ്യം അവതരിപ്പിക്കുന്നതിനു മുമ്പ് ഇങ്ങനെ പറയുമായിരുന്നു, “ഇനി, ഞങ്ങളുടെ പ്രായോജകരിൽനിന്ന് ഏതാനും വാക്കുകൾ.” പണം കൊടുത്ത് തങ്ങളുടെ ഉത്പന്നങ്ങൾ പരസ്യപ്പെടുത്തുന്ന കമ്പനികളാണ് പ്രായോജകർ. ‘പ്രായോജകരിൽ നിന്നുള്ള ഏതാനും വാക്കുകൾ’ വാക്കുകളുടെ ഒരു പ്രളയമായി തീർന്നിരിക്കേ, പ്രായോജകർ വാർത്താ-വിനോദ മാധ്യമങ്ങളെ—ടെലിവിഷൻ, മാസികകൾ, പത്രങ്ങൾ, റേഡിയോ എന്നിവയെ—സാമ്പത്തികമായി ഇപ്പോഴും പിന്തുണയ്ക്കുന്നു. തത്ഫലമായി, മാധ്യമത്തിൽ എന്തു പ്രത്യക്ഷപ്പെടണമെന്നും എന്തു പ്രത്യക്ഷപ്പെടേണ്ടെന്നും തീരുമാനിക്കുന്നത് ഒരു പരിധി വരെ അവരായിത്തീർന്നിരിക്കുന്നു.
ഉദാഹരണത്തിന്, 1993-ൽ ജർമൻ ആഡംബര കാർ നിർമിക്കുന്ന ഒരു കമ്പനി തങ്ങളുടെ കാറിനെക്കുറിച്ചുള്ള പരസ്യങ്ങൾ “അനുയോജ്യ പ്രസാധക ചുറ്റുപാടിൽ മാത്രമേ” അവതരിപ്പിക്കാവൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് 30 മാസികകൾക്ക് എഴുതുകയുണ്ടായി. അവരുടെ കാറിന്റെ പരസ്യങ്ങൾ വരുന്ന ലക്കങ്ങളിൽ അവരുടെ കാറിനെക്കുറിച്ചോ ജർമൻ ഉത്പന്നങ്ങളെക്കുറിച്ചോ ജർമനിയെക്കുറിച്ചു തന്നെയോ ഉള്ള വിമർശനാത്മകമായ യാതൊരു വിവരങ്ങളും പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് ആ കത്തിൽ ആവശ്യപ്പെട്ടിരുന്നു. മാസികകളിൽ തങ്ങളുടെ ഉത്പന്നം പരസ്യപ്പെടുത്തുന്നതിനായി 15 ദശലക്ഷം ഡോളർ ചെലവഴിക്കുന്ന ആ കമ്പനി “അനുയോജ്യ പ്രസാധക ചുറ്റുപാട്” ഉണ്ടായിരിക്കാൻ പ്രതീക്ഷിച്ചതിൽ അതിശയിക്കാനില്ല.
ഇനിയും, പുതിയ വിവാഹ വസ്ത്രങ്ങളുടെ പരസ്യങ്ങൾ ഉൾക്കൊള്ളുന്ന മാസികകൾ, ഉപയോഗിച്ച വിവാഹ വസ്ത്രങ്ങൾക്കു വേണ്ടിയുള്ള പരസ്യങ്ങൾ സ്വീകരിക്കാത്തതും സ്ഥാവരവസ്തു ദല്ലാൾമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന പത്രങ്ങൾ ഒരു ദല്ലാളിന്റെ സഹായം കൂടാതെ വീടു വാങ്ങാൻ കഴിയുന്നതെങ്ങനെയെന്നു വിവരിക്കാത്തതും അതിശയകരമല്ല. അതുപോലെതന്നെ, സിഗരറ്റുകളോ ഭാഗ്യക്കുറികളോ പരസ്യപ്പെടുത്തുന്ന മാധ്യമങ്ങൾ പുകവലിയെയോ ചൂതാട്ടത്തെയോ വിമർശിക്കാത്തതും നമ്മെ അതിശയിപ്പിക്കേണ്ടതില്ല.
ഉപഭോഗ സംസ്കാരം
അതുകൊണ്ട്, പരസ്യങ്ങൾ സാധനങ്ങളുടെ വിൽപ്പനയെ മാത്രമല്ല സ്വാധീനിക്കുന്നത്. അത് ഓരോ ഉപഭോക്താവിന്റെയും ജീവിതരീതിയെ നിർണയിക്കുന്നു. അതായത്, അത് ഭൗതിക സംഗതികളെ കേന്ദ്രീകരിച്ചുള്ള ഒരു ആഗോള സംസ്കാരത്തിനു രൂപംകൊടുക്കുന്നു.
അതിൽ എന്തെങ്കിലും തെറ്റുണ്ടോ? അത് നാം ആരോടു ചോദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആളുകൾ സാധനങ്ങൾ വാങ്ങാനും സ്വന്തമാക്കാനും ഇഷ്ടപ്പെടുന്നുവെന്ന് പരസ്യക്കാർ ന്യായവാദം ചെയ്യുന്നു; പരസ്യങ്ങൾ അവരുടെ താത്പര്യങ്ങൾക്ക് ഉതകുന്നു. കൂടാതെ, പരസ്യങ്ങൾ തൊഴിൽ പ്രദാനം ചെയ്യുകയും സ്പോർട്സിനെയും കലകളെയും പ്രോത്സാഹിപ്പിക്കുകയും ചെലവുകുറഞ്ഞ മാധ്യമം സാധ്യമാക്കുകയും മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും കുറഞ്ഞ വിലയ്ക്കു സാധനങ്ങൾ വിൽക്കുന്നതിനു സഹായിക്കുകയും സാധനങ്ങൾ വാങ്ങുമ്പോൾ വസ്തുനിഷ്ഠമായ തിരഞ്ഞെടുപ്പു നടത്താൻ ആളുകളെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്ന് അവർ പറയുന്നു.
പരസ്യങ്ങൾ ആളുകളിൽ പുതിയ പുതിയ ആഗ്രഹങ്ങൾ ജനിപ്പിക്കുകയും അവയെ ഊട്ടിവളർത്തുകയും ചെയ്യുന്നതുകൊണ്ട് അവ ആളുകളെ അസ്വസ്ഥരും അതൃപ്തരും ആക്കുന്നുവെന്ന് മറ്റു ചിലർ അവകാശപ്പെടുന്നു. ഗവേഷകനായ ആലൻ ഡ്യുറിങ് ഇങ്ങനെ എഴുതുന്നു: “നമ്മുടെ കാലഘട്ടം പോലെതന്നെ പരസ്യങ്ങൾ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്നു. കൂടാതെ അവ സുഖഭോഗത്തിന് ഊന്നൽ നൽകുന്നവയും മാതൃകാ വ്യക്തികളെ കൊണ്ടു നിറഞ്ഞവയും ഫാഷന് ഒത്തു പോകുന്നവയും ആണ്; അവ വ്യക്തിയെ മഹത്ത്വപ്പെടുത്തുന്നു, ഉപഭോഗത്തെ ആത്മ സംതൃപ്തിക്കുള്ള മാർഗമായി ചിത്രീകരിക്കുന്നു, നമ്മുടെ ഭാഗധേയം കരുപ്പിടിപ്പിക്കുന്ന പ്രചോദക ശക്തിയാണ് സാങ്കേതിക പുരോഗതി എന്ന് ഊന്നിപ്പറയുന്നു.”
അവ നിങ്ങളിൽ ചെലുത്തുന്ന സ്വാധീനം
വാണിജ്യ പരസ്യങ്ങൾ നമ്മുടെ വ്യക്തിത്വത്തെയും ആഗ്രഹങ്ങളെയും രൂപപ്പെടുത്താൻ സഹായിക്കുന്നുണ്ടോ? ഒരുപക്ഷേ ഉണ്ടായിരിക്കാം. എന്നാൽ, ആ സ്വാധീനം വലുതാണോ ചെറുതാണോ എന്നത് മറ്റു സ്വാധീന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
നമ്മെ നയിക്കുന്നത് ബൈബിൾ തത്ത്വങ്ങളും മൂല്യങ്ങളും ആണെങ്കിൽ, ഭൗതിക വസ്തുക്കൾ സ്വന്തമാക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നു നാം തിരിച്ചറിയും. ദൈവം അബ്രാഹാമിനെയും ഇയ്യോബിനെയും ശലോമോനെയും മറ്റും വളരെയധികം സമ്പത്തു നൽകി അനുഗ്രഹിച്ചല്ലോ.
അതേസമയം, നാം തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ, ഭൗതിക വസ്തുക്കൾക്കു പിന്നാലെ പരക്കം പാഞ്ഞുകൊണ്ട് സംതൃപ്തിയും സന്തുഷ്ടിയും കണ്ടെത്താൻ ശ്രമിക്കുന്നവരെപ്പോലെ നാം അസംതൃപ്തരായിരിക്കില്ല. “മടുക്കും വരെ വാങ്ങുക” എന്നതല്ല ബൈബിളിന്റെ സന്ദേശം. പകരം അത് നമ്മോട് പിൻവരുന്ന പ്രകാരം പറയുന്നു:
ദൈവത്തിൽ ആശ്രയം വെക്കുക. “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും . . . ആജ്ഞാപിക്ക.”—1 തിമൊഥെയൊസ് 6:17-19.
തൃപ്തരായിരിക്കുക. “നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല. ഭക്ഷണവും വസ്ത്രവുമുണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തിപ്പെടാം.”—1 തിമൊഥെയൊസ് 6:7, 8, പി.ഒ.സി. ബൈബിൾ.
വിനയം ഉള്ളവരായിരിക്കുക. “സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും [“വിനയത്തോടും,” NW] സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.”—1 തിമൊഥെയൊസ് 2:9, 10.
ദൈവിക ജ്ഞാനം സമ്പത്തിനെക്കാൾ ശ്രേഷ്ഠമാണെന്ന് അറിയുക. “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.”—സദൃശവാക്യങ്ങൾ 3:13-18.
ദാനം ശീലിക്കുക. “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
ഈ ലേഖന പരമ്പര തന്നെ ഒരു തരം പരസ്യം—ആത്മീയ മൂല്യങ്ങൾക്കു ഭൗതിക മൂല്യങ്ങളെക്കാൾ പ്രാധാന്യം കൊടുക്കണമെന്ന ആശയം സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്ന്—ആണെന്ന് ഒരുവൻ വാദിച്ചേക്കാം. നിങ്ങളും അതിനോടു യോജിക്കുമെന്നതിനു സംശയമില്ല.
[9-ാം പേജിലെ ചതുരം]
ദൈവരാജ്യത്തെ പരസ്യപ്പെടുത്തുന്നു
പ്രേരണാത്മകമായ ഒരു സന്ദേശം ആളുകളുടെ പക്കൽ എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ഏതാണ്? പരസ്യപ്പെടുത്തൽ: തത്ത്വത്തിലും പ്രയോഗത്തിലും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ഒരു ആദർശ ലോകത്തിൽ ഓരോ ഉത്പാദകനും വിൽപ്പനയ്ക്കുള്ള ഉത്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ ഓരോ ഉപഭോക്താവിനെയും നേരിട്ടു കണ്ടു സംസാരിക്കാൻ കഴിയും.” സത്യ ക്രിസ്ത്യാനികൾ 2,000-ത്തോളം വർഷമായി ഈ രീതിയിൽ ദൈവരാജ്യത്തെക്കുറിച്ച് സ്വമേധയാ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. (മത്തായി 24:14; പ്രവൃത്തികൾ 20:20) തങ്ങളുടെ ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരം ആളുകളുടെ പക്കൽ എത്തിക്കുന്നതിന് കൂടുതൽ ബിസിനസ്സുകാർ ഈ രീതി അവലംബിക്കാത്തത് എന്തുകൊണ്ടാണ്? ആ പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “അതു വളരെ ചെലവേറിയതാണ്. വിൽപ്പനക്കാർ നടത്തുന്ന ഓരോ സന്ദർശനത്തിനും 150 ഡോളറിൽ [6,000 രൂപയിൽ] അധികം ചെലവുണ്ട്.” എന്നാൽ ക്രിസ്ത്യാനികൾ സ്വമേധയാ ആണ് ദൈവരാജ്യം “പരസ്യപ്പെടുത്തുന്നത്.” അത് അവരുടെ ആരാധനയുടെ ഭാഗമാണ്.
[8-ാം പേജിലെ ചിത്രങ്ങൾ]
“മടുക്കും വരെ വാങ്ങുക” എന്നതല്ല ബൈബിളിന്റെ സന്ദേശം