റഷ്യൻ നീതിപീഠം യഹോവയുടെ സാക്ഷികളെ കുറ്റവിമുക്തരാക്കുന്നു
വാർത്താ മാധ്യമങ്ങളിൽ തങ്ങളെപ്പറ്റി വരുന്ന സത്യസന്ധമായ റിപ്പോർട്ടുകളെ യഹോവയുടെ സാക്ഷികൾ സ്വാഗതം ചെയ്യുന്നു. മാത്രമല്ല, തങ്ങളെയും തങ്ങളുടെ മതപരമായ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചു ശരിയായ വിവരങ്ങൾ നൽകാനും യഹോവയുടെ സാക്ഷികൾ തയ്യാറാണ്. എന്നാൽ കൃത്യതയില്ലാത്തതോ അപകീർത്തിപ്പെടുത്തുന്നതോ ആയ ലേഖനങ്ങൾ അച്ചടിച്ചു വരുമ്പോൾ തങ്ങളുടെ മതപരമായ അവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിന് യഹോവയുടെ സാക്ഷികൾ ചിലപ്പോൾ ഗവൺമെന്റ് അധികൃതർക്ക് അപ്പീൽ സമർപ്പിക്കാറുണ്ട്. അടുത്ത കാലത്ത് നടന്ന ഒരു സംഭവം പരിചിന്തിക്കാം.
കോംസോമോൽസ്കയ പ്രാവ്ദ എന്ന പ്രശസ്തമായ റഷ്യൻ പത്രത്തിന്റെ സെന്റ് പീറ്റേഴ്സ്ബർഗ് പതിപ്പ് 1997 ആഗസ്റ്റ് 1-ന് യഹോവയുടെ സാക്ഷികളെ തികച്ചും മോശമായി വരച്ചുകാട്ടുന്ന ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. “പീറ്റേഴ്സ്ബർഗിലെ അവാന്തര വിഭാഗം. ഇവിടെ ഒരു നഗര-ദേവാലയം ഉയരും” എന്ന ശീർഷകത്തിൻ കീഴിൽ പ്രത്യക്ഷപ്പെട്ട ഈ ലേഖനം എഴുതിയ ഒലെഗ് സാസൊറിൻ, യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ ആളുകൾക്കു ദോഷം ചെയ്യുന്നതായും അവരുടെ പ്രവർത്തനങ്ങൾ റഷ്യൻ ഭരണഘടനയെ ലംഘിക്കുന്നതായും അവകാശപ്പെട്ടു. രക്തപ്പകർച്ച, കുടുംബബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള സാക്ഷികളുടെ ബൈബിൾ അധിഷ്ഠിത വിശ്വാസങ്ങൾ വളച്ചൊടിച്ചുകൊണ്ടുള്ള പ്രസ്താവനകൾ ആയിരുന്നു ലേഖനത്തിൽ അധികപങ്കും. അതു കൂടാതെ, ലേഖനത്തിൽ യഹോവയുടെ സാക്ഷികളെ ഒരു “അവാന്തര വിഭാഗം” എന്ന് മുദ്ര കുത്തുകയും ചെയ്തിരുന്നു. ചിലരുടെ വീക്ഷണത്തിൽ അവർ “എല്ലാ അവാന്തര വിഭാഗങ്ങളിലും വെച്ച് ഏറ്റവും അപകടകാരികൾ” ആണത്രേ.
റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക മതസംഘടനാ ഭരണ നിർവഹണ കേന്ദ്രം, യഹോവയുടെ സാക്ഷികൾ വ്യാജമെന്നു കരുതുന്ന ഈ ലേഖനത്തിലെ പ്രസ്താവനകൾ പുനരവലോകനം ചെയ്യാൻ അഭ്യർഥിച്ചു കൊണ്ടുള്ള ഒരു അപ്പീൽ മാധ്യമ വിവാദങ്ങൾക്കായുള്ള റഷ്യൻ ഫെഡറേഷൻ പ്രസിഡൻഷ്യൽ നീതിന്യായ സമിതിക്കു മുമ്പാകെ സമർപ്പിച്ചു. 1998 ഫെബ്രുവരി 12-ന് കോടതി കൂടിയപ്പോൾ യഹോവയുടെ സാക്ഷികളുടെ പ്രതിനിധികൾ അവിടെ ഹാജരായി. നീതിന്യായ സമിതി അംഗങ്ങളുടെയും പത്രപ്രവർത്തകരുടെയും അഭിഭാഷകരുടെയും നിരവധി ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകി. യഹോവയുടെ സാക്ഷികൾ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങൾ എന്താണ് എന്ന് ഉറപ്പു വരുത്താൻ അവർ പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങൾ, വിശേഷിച്ച് കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം, നീതിന്യായ സമിതി അംഗങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കുകയുണ്ടായി.
“അവാന്തര വിഭാഗം” എന്ന ആശയത്തിന് തികച്ചും മോശമായ ധ്വനിയാണ് ഉള്ളതെന്ന് റഷ്യൻ ഫെഡറേഷന്റെ സ്റ്റേറ്റ് ഡ്യൂമാ ഡപ്യൂട്ടിയായ വി. വി. ബൊർഷിയോഫ് അഭിപ്രായപ്പെട്ടു. ശ്രീ. ബൊർഷിയോഫ് ഇപ്രകാരം പറഞ്ഞു: “[ഇത്തരം] സ്വാതന്ത്ര്യങ്ങൾ [എടുക്കുകയും] താഴ്ത്തിക്കെട്ടുന്ന തരം പേരുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്. നീതിന്യായ സമിതി യഹോവയുടെ സാക്ഷികളുടെ ഹർജി പരിഗണനയ്ക്ക് എടുത്തു എന്നതു വളരെ പ്രധാനമാണ്. രജിസ്റ്റർ ചെയ്യപ്പെട്ട മത സംഘടനകൾക്കു നേരെ ഇത്തരം വികാരങ്ങൾ ഇളക്കിവിടുന്നതും അധിക്ഷേപങ്ങൾ വർഷിക്കുന്നതും അവസാനിപ്പിച്ചേ പറ്റൂ.”
എല്ലാ തെളിവുകളും കേട്ട ശേഷം നീതിന്യായ സമിതി, കോംസോമോൽസ്കയ പ്രാവ്ദയിൽ ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധവും നീതിരഹിതവും ആണെന്ന നിഗമനത്തിലെത്തി. മാത്രമല്ല, ഈ ലേഖനത്തിലെ പ്രസ്താവനകൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്നും അവർ കണ്ടെത്തി. “ലേഖകൻ വസ്തുനിഷ്ഠമായ യാതൊന്നുംതന്നെ ചൂണ്ടിക്കാട്ടുന്നില്ല. . . . ആശ്രയയോഗ്യമായ റിപ്പോർട്ടുകൾ എന്ന വ്യാജേന ലേഖകൻ പ്രചരിപ്പിച്ചത് കിംവദന്തികളാണ്. പത്രസ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുന്ന ഒരു പ്രവൃത്തിയാണ് ഇത്” എന്ന് നീതിന്യായ സമിതി പ്രഖ്യാപിച്ചു. പത്രത്തിലെ ലേഖനം റിപ്പോർട്ട് ചെയ്തതിൽനിന്നു വിപരീതമായി, യഹോവയുടെ സാക്ഷികൾ നിയമം അനുസരിക്കുന്നവരും തങ്ങളുടെ മതവിശ്വാസങ്ങൾ പങ്കിടാത്ത കുടുംബാംഗങ്ങളും മറ്റുള്ളവരുമായി സമാധാനത്തിൽ ജീവിക്കാൻ സഭയിലുള്ളവരെ പഠിപ്പിക്കുന്നവരുമാണ് എന്ന് നീതിന്യായ സമിതി കണ്ടെത്തി.
അവസാനത്തെ സാക്ഷ്യവും കേട്ട്, ഒരു മണിക്കൂറിനു ശേഷം നീതിന്യായ സമിതി വിധി പ്രഖ്യാപിച്ചു:
“1. ‘പീറ്റേഴ്സ്ബർഗിലെ അവാന്തര വിഭാഗം. ഇവിടെ ഒരു നഗര-ദേവാലയം ഉയരും’ എന്ന ലേഖനം ‘ബഹുജന മാധ്യമങ്ങൾ സംബന്ധിച്ച’ റഷ്യൻ ഫെഡറേഷൻ നിയമത്തിന്റെ 4, 49, 51 വകുപ്പുകൾ ലംഘിച്ചിരിക്കുന്നതായി കോടതി കണ്ടെത്തിയിരിക്കുന്നു.
“2. കോംസോമോൽസ്കയ പ്രാവ്ദ പത്രത്തിന്റെ പത്രാധിപ സമിതിക്കു മുന്നറിയിപ്പു നൽകുന്നതിനെ കുറിച്ച് വിചിന്തനം ചെയ്യാൻ അച്ചടിച്ച വിവരങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന റഷ്യൻ ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റിയോട് കോടതി ശുപാർശ ചെയ്യുന്നു.
“3. ഒ. സാസൊറിൻ എന്ന പത്രപ്രവർത്തകന്റെ നടപടിയെ ശാസിച്ചുകൊണ്ട് ഒരു നോട്ടീസ് അയയ്ക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നു.
“4. യഹോവയുടെ സാക്ഷികളുടെ മതസംഘടനയെ അടിസ്ഥാനരഹിതമായി താഴ്ത്തിക്കെട്ടുന്ന ആശ്രയയോഗ്യമല്ലാത്ത വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് കോംസോമോൽസ്കയ പ്രാവ്ദ പത്രത്തിന്റെ പത്രാധിപ സമിതി മാപ്പു ചോദിക്കണമെന്ന് കോടതി നിർദേശിക്കുന്നു.”
നീതിന്യായ സമിതിയുടെ ഈ വിധിപ്രഖ്യാപനം മത പണ്ഡിതനും തത്ത്വശാസ്ത്ര വിദ്യാർഥിയുമായ സ്യിർഗ്യേ ഇവ്വാന്യെൻകൊ എത്തിച്ചേർന്ന നിഗമനവുമായി യോജിപ്പിലാണ്. യഹോവയുടെ സാക്ഷിയല്ലാത്ത ശ്രീ. ഇവ്വാന്യെൻകൊ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെ ശ്രദ്ധാപൂർവം പഠിക്കുകയും അവരുമായി സഹവസിക്കുകയും ചെയ്തശേഷം എഴുതിയ ലേഖനം മോസ്കോ ന്യൂസന്റെ 1997 ഫെബ്രുവരി 20-26 ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.a ശ്രീ. ഇവ്വാന്യെൻകൊ എത്തിച്ചേർന്നത് ഇങ്ങനെയൊരു നിഗമനത്തിലാണ്: “ബൈബിളിനനുസൃതമായി ജീവിക്കുന്നതിലുള്ള അവരുടെ ദൃഢവിശ്വാസം യഹോവയുടെ സാക്ഷികളെ വ്യതിരിക്തരാക്കുന്നു. . . . യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ഭരണഘടനയും പൗരനിയമസംഹിതയും സത്യത്തിന്റെ ഏറ്റവും ഉയർന്ന വെളിപാടും ബൈബിളാണ്. . . . ബൈബിൾ സത്യത്തോടുള്ള അർപ്പണ മനോഭാവം നിമിത്തവും തങ്ങളുടെ വിശ്വാസങ്ങൾക്കുവേണ്ടി വളരെ നിസ്വാർഥപൂർവം നിലകൊള്ളാനുള്ള മനസ്സൊരുക്കം നിമിത്തവും യഹോവയുടെ സാക്ഷികളെ മറ്റു പൗരന്മാർക്കു മാതൃകയായി കണക്കാക്കാൻ കഴിയും.”
നീതിന്യായ സമിതിയുടെ വിധിപ്രഖ്യാപനവും ശ്രീ. ഇവ്വാന്യെൻകൊയുടെ അഭിപ്രായങ്ങളും യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ മതം സമൂഹത്തിന് യാതൊരു ഭീഷണിയും ഉയർത്തുന്നില്ല എന്നും മറിച്ച് അതു പരമാർഥഹൃദയരായ എല്ലാ ആളുകളുടെയും പ്രയോജനത്തിന് ഉതകുന്നുവെന്നും ഒരിക്കൽക്കൂടെ ഉറപ്പാക്കുന്നു. ‘തങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ’ യഹോവയുടെ സാക്ഷികൾ ‘എപ്പോഴും ഒരുങ്ങിയിരി’ക്കുന്നു.—1 പത്രൊസ് 3:15.
[അടിക്കുറിപ്പ്]
a ശ്രീ. ഇവ്വാന്യെൻകൊയുടെ “നാം യഹോവയുടെ സാക്ഷികളെ ഭയപ്പെടേണ്ടതുണ്ടോ?” എന്ന ശീർഷകത്തിലുള്ള ലേഖനത്തിന്റെ അധികഭാഗവും അദ്ദേഹത്തിന്റെ അനുവാദത്തോടെ 1997 ആഗസ്റ്റ് 22 ലക്കം ഉണരുക!യുടെ 22-7 പേജുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.