യേശുക്രിസ്തു ആരായിരുന്നു?
ലോകമെമ്പാടുമുള്ള പല ദേശങ്ങളിലും ഇപ്പോൾ ക്രിസ്തുമസ്സ് ആഘോഷങ്ങൾ പൊടിപൊടിക്കുക ആയിരിക്കും. ഏതാണ്ട് 2000 വർഷം മുമ്പ് ഒരു ഡിസംബർ 25-നാണ് യേശുക്രിസ്തു ജനിച്ചത് എന്ന്കോടിക്കണക്കിന് ആളുകൾ വിശ്വസിക്കുന്നു. പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവായി യേശുവിനെ ദൃശ്യവത്കരിക്കുന്ന നിരവധി ചിത്രങ്ങളും ശിൽപ്പങ്ങളും ഉണ്ട്. എന്നാൽ അവൻ വളർന്ന് ഒരു പുരുഷനായിത്തീർന്നിരുന്നു. മുപ്പത്തിമൂന്നര വർഷം അവൻ ഭൂമിയിൽ ജീവിച്ചു.
ഒരു മുതിർന്ന വ്യക്തി ആയിരിക്കെ യേശു കാഴ്ചയ്ക്ക് എങ്ങനെ ആയിരുന്നു എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവന്റെ നിറം എന്തായിരുന്നു? അവൻ ദൃഢകായനും സുമുഖനും ആയിരുന്നോ അതോ നൂറ്റാണ്ടുകളിൽ ഉടനീളം പല കലാകാരന്മാരും ചിത്രീകരിച്ചിരിക്കുന്നതുപോലെ ദുർബലനും കാഴ്ചയ്ക്ക് ഏതാണ്ട് ഒരു രോഗിയെ പോലെ തോന്നിക്കുന്നവനും ആയിരുന്നോ? അവന് താടി ഉണ്ടായിരുന്നോ അതോ ഇല്ലായിരുന്നോ? അവൻ മുടി നീട്ടി വളർത്തിയിരുന്നോ?
ചില കലാകാരന്മാർ ചിത്രീകരിച്ചിരിക്കുന്ന പ്രകാരം യേശുവിന് ഒരു ദിവ്യപരിവേഷം, ശിരസ്സിനു ചുറ്റും ഒരു പ്രഭാവലയം പോലെയുള്ള എന്തെങ്കിലും, ഉണ്ടായിരുന്നോ? അതോ, ജനക്കൂട്ടത്തിനിടയിൽ അവനെ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള യാതൊരു പ്രത്യേകതകളും അവന് ഉണ്ടായിരുന്നില്ല എന്നതാണോ വസ്തുത?
യേശുവിന്റെ ആകാരം സംബന്ധിച്ച് യുഗങ്ങളിൽ ഉടനീളം ലൗകിക ചരിത്രകാരന്മാരും കലാകാരന്മാരും പരസ്പരവിരുദ്ധങ്ങളായ ആശയങ്ങളാണു മുമ്പോട്ടു വെച്ചിട്ടുള്ളത്. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരും അവനോടൊപ്പം സഹവസിച്ചിരുന്നവരുമായ ബൈബിൾ എഴുത്തുകാരുടെ ദൃക്സാക്ഷി വിവരണങ്ങളിൽ അവനെ കുറിച്ചുള്ള ആശ്രയയോഗ്യമായ വിവരങ്ങളുണ്ട്.
എങ്കിലും അവൻ കാഴ്ചയ്ക്ക് എങ്ങനെ ആയിരുന്നു എന്നതിനെക്കാൾ വളരെയധികം പ്രാധാന്യമർഹിക്കുന്ന ചോദ്യങ്ങൾ പിൻവരുന്നവയാണ്: യേശു വാസ്തവത്തിൽ ആരായിരുന്നു? ദൈവോദ്ദേശ്യത്തിൽ അവനുണ്ടായിരുന്ന പങ്ക് എന്താണ്? അവൻ അതു നിർവഹിച്ചുവോ? അവൻ ഇന്ന് എന്തു ചെയ്യുകയാണ്? അവൻ എവിടെയാണ്? മുഴു മനുഷ്യവർഗത്തെയും, മരണമടഞ്ഞ പലരെയും പോലും, ബാധിക്കുന്ന വിധത്തിൽ അത്രയധികം പ്രാധാന്യമുള്ള ഒരു സ്ഥാനം അവനുണ്ടോ?
ആദ്യമായി, യേശുവിന്റെ ആകാരം സംബന്ധിച്ച തെളിവുകൾ പരിശോധിക്കാം. അവൻ കാഴ്ചയ്ക്ക് എങ്ങനെ ആയിരുന്നു?