യേശു കാഴ്ചയ്ക്ക് എങ്ങനെയിരുന്നു?
യേശുവിന്റെ ആകാരം സംബന്ധിച്ച ലൗകിക ചരിത്രരേഖയെ ശക്തമായി സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. കലാസൃഷ്ടികളിൽ അവനെ വ്യത്യസ്ത രീതിയിൽ ചിത്രീകരിച്ചിരിക്കുന്നതിനു കാരണം ഇവയാണ്.
കലാസൃഷ്ടി രൂപംകൊണ്ട രാജ്യത്തിന്റെ സംസ്കാരമാണ് ഒരു ഘടകം. അതിനു രൂപംകൊടുത്ത കാലഘട്ടമാണു മറ്റൊന്ന്. കൂടാതെ, കലാകാരന്മാരുടെയും അവരെ നിയമിച്ചാക്കിയവരുടെയും മതപരമായ വിശ്വാസങ്ങളും യേശു ചിത്രീകരിക്കപ്പെട്ട വിധത്തെ ബാധിക്കുകയുണ്ടായി.
നൂറ്റാണ്ടുകളിലുടനീളം മൈക്കലാഞ്ചലോ, റെമ്പ്രാന്റ്, രൂബെൻസ് തുടങ്ങിയ പ്രശസ്ത കലാകാരന്മാർ ക്രിസ്തുവിന്റെ ആകാരത്തിനു വളരെയധികം പ്രാധാന്യം നൽകുകയുണ്ടായി. മിക്കപ്പോഴും പ്രതീകാത്മകതയും നിഗൂഢാത്മകതയും കലർന്ന അവരുടെ കലാസൃഷ്ടികൾ, യേശുവിന്റെ ആകാരം സംബന്ധിച്ച പൊതു ധാരണയെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ അവരുടെ വ്യാഖ്യാനങ്ങൾ അധിഷ്ഠിതമായിരുന്നത് എന്തിലാണ്?
ലൗകിക ചരിത്രം പറയുന്നത്
പൊ.യു. ഏതാണ്ട് 280 മുതൽ 337 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയ്ന്റെ കാലത്തിനു മുമ്പുള്ള കലാസൃഷ്ടികളിൽ മിക്കപ്പോഴും യേശുവിനെ, നീണ്ടു ചുരുണ്ട അല്ലെങ്കിൽ നീളം കുറഞ്ഞ മുടിയുള്ള, യുവത്വം തുടിക്കുന്ന “നല്ല ഇടയൻ” ആയി ചിത്രീകരിച്ചിരുന്നു. എന്നാൽ കല—യുഗങ്ങളിലൂടെ എന്ന ഇംഗ്ലീഷ് പുസ്തകം ഇതേക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: “നല്ല ഇടയൻ എന്ന പ്രമേയത്തിന്റെ വേരുകൾ [പുറജാതീയ] ഗ്രീക്ക് പ്രാചീന ചരിത്രങ്ങളിലും ഈജിപ്ഷ്യൻ കലാസൃഷ്ടികളിലും കാണാവുന്നതാണ്. എന്നാൽ ഇവിടെ അത് ക്രിസ്തീയ അജഗണത്തിന്റെ വിശ്വസ്ത സംരക്ഷകന്റെ പ്രതീകമായി മാറിയിരിക്കുന്നു.”
കാലാന്തരത്തിൽ, ഈ പുറജാതീയ സ്വാധീനം കുറേക്കൂടെ വ്യക്തമായി. ആ പുസ്തകം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യേശുവിന് മെഡിറ്ററേനിയൻ പ്രദേശത്തു പരക്കെ ആരാധിക്കപ്പെട്ടിരുന്ന ദേവന്മാരുമായി, വിശേഷിച്ചും സൂര്യദേവനായ ഹെലിയോസുമായോ (അപ്പോളോ) [ഈ ദേവന്റെ പ്രഭാവലയമാണ് യേശുവിനും പിന്നെ “പുണ്യവാള”ന്മാർക്കും നൽകപ്പെട്ടത്] ഹെലിയോസിന്റെ റോമാവത്കരിക്കപ്പെട്ട പൗരസ്ത്യ രൂപമായ സോൾ ഇൻവിക്റ്റുസുമായോ (അജയ്യ സൂര്യൻ), നല്ല സാമ്യമുണ്ട്.” റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ അടിയിൽ കണ്ടെത്തിയ ഒരു വലിയ ശവക്കല്ലറയിൽ, “കുതിരകൾ വലിക്കുന്ന സൗരരഥത്തിലേറി ആകാശത്തുകൂടെ സഞ്ചരിക്കുന്ന” അപ്പോളോ ആയി യേശുവിനെ ചിത്രീകരിച്ചിരിക്കുന്നു.
യുവത്വം തുടിക്കുന്ന യേശുവിന്റെ രൂപത്തെ കുറിച്ചുള്ള ഈ സങ്കൽപ്പം അധികനാൾ നീണ്ടുനിന്നില്ല. ക്രിസ്റ്റ്യൻ ഐക്കണോഗ്രാഫി എന്ന തന്റെ പുസ്തകത്തിൽ അഡൊൾഫ് ഡിഡ്രൊൺ സംഭവിച്ചത് എന്താണെന്നു പറയുന്നു: “ആരംഭത്തിൽ ഉണ്ടായിരുന്ന, യുവത്വം തുടിക്കുന്ന യേശുവിന്റെ ആ രൂപത്തിന് നൂറ്റാണ്ടുകൾ കഴിയുന്തോറും, . . . ക്രിസ്ത്യാനിത്വത്തിനു പഴക്കം ചെല്ലുന്തോറും പ്രായമേറി വരികയാണ്.”
പൂബ്ലിയുസ് ലെന്റുലുസ് 13-ാം നൂറ്റാണ്ടിൽ റോമൻ സെനറ്റിന് എഴുതിയ കത്ത് എന്നു കരുതപ്പെടുന്ന ഒന്നിൽ യേശുവിന്റെ ആകാരത്തെ കുറിച്ചുള്ള ഒരു വിവരണം കാണാം. അതിൽ ഇപ്രകാരം പറയുന്നു: “അവന്റെ തലമുടിക്ക് ഇളം തവിട്ടു നിറമാണ്. ചെവിയുടെ അടിതൊട്ട് അതു ചുരുണ്ടുകിടക്കുന്നു. തോളിലൂടെ പടർന്നു കിടക്കുന്ന ആ മുടിച്ചുരുളുകൾ കുറേക്കൂടെ ഇരുണ്ടതും തിളക്കമുള്ളതുമാണ്. തലമുടി നടുവിലൂടെ വകഞ്ഞിരിക്കുന്നു. . . . അവന്റെ താടിക്കും മീശക്കും തലമുടിയുടെ അതേ നിറമാണ്. അധികം നീട്ടിവളർത്തിയിട്ടില്ലാത്ത, നടുവിൽ അൽപ്പം പിളർപ്പുള്ള താടിയാണ് അവന്റേത്; . . . ചാരനിറത്തിലുള്ള, തെളിമയുള്ള കണ്ണുകൾ അവനുണ്ട്.” ആധികാരികത ഇല്ലാത്ത ഈ വാങ്മയചിത്രം ക്രമേണ ഒട്ടേറെ കലാകാരന്മാരെ സ്വാധീനിച്ചു. “ഓരോ കാലഘട്ടവും അതിന് ഇഷ്ടപ്പെട്ട വിധത്തിലുള്ള ക്രിസ്തുവിനെ സൃഷ്ടിച്ചു,” ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയ പറയുന്നു.
സമാനമായ വിധത്തിൽ വിവിധ വർഗങ്ങളും മതങ്ങളും അവയ്ക്കു ബോധിച്ചതുപോലെ ക്രിസ്തുവിനെ ചിത്രീകരിച്ചു. ആഫ്രിക്കയിലെയും അമേരിക്കകളിലെയും ഏഷ്യയിലെയും മിഷനറി വയലുകളിൽ നിന്നുള്ള മതപരമായ കലാസൃഷ്ടികൾ പാശ്ചാത്യദേശത്തു ചിത്രീകരിക്കപ്പെടുന്ന മുടി നീട്ടി വളർത്തിയ ക്രിസ്തുവിനെ അനുകരിക്കുന്നു; എന്നാൽ ചിലപ്പോൾ അവന്റെ ആകാരത്തോട് “പ്രാദേശിക സവിശേഷതകൾ” കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന് എൻസൈക്ലോപീഡിയ ചൂണ്ടിക്കാട്ടുന്നു.
പ്രൊട്ടസ്റ്റന്റുകാർക്കും അവരുടേതായ കലാകാരന്മാർ ഉണ്ടായിരുന്നു. തങ്ങൾക്കു ബോധിച്ച വിധത്തിൽ അവരും ക്രിസ്തുവിന്റെ ആകാരത്തെ വ്യാഖ്യാനിച്ചു. ക്രിസ്തുവും അപ്പൊസ്തലന്മാരും—മതപരമായ കലാസൃഷ്ടികളുടെ മാറി വരുന്ന രൂപങ്ങൾ എന്ന തന്റെ ഇംഗ്ലീഷ് പുസ്തകത്തിൽ എഫ്. എം. ഗോഡ്ഗ്രി പ്രസ്താവിക്കുന്നു: “റെമ്പ്രാന്റിന്റെ ദുരന്ത നായകനായ ക്രിസ്തു പ്രൊട്ടസ്റ്റന്റ് വീക്ഷണത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. മെലിഞ്ഞ് വിളറിവെളുത്ത, ശോകം നിഴലിക്കുന്ന മുഖമുള്ള, ഗൗരവഭാവമുള്ള . . . ലൗകികവിരക്തനായ, ആത്മപരിത്യാഗിയായ ഒരു പ്രൊട്ടസ്റ്റന്റുകാരന്റെ പ്രതിരൂപം.” ഈ വീക്ഷണമാണ് “[റെമ്പ്രാന്റ്] വരച്ച ശുഷ്കിച്ച ശരീരമുള്ള, ആത്മപരിത്യാഗിയായ, ‘താഴ്മയും ഗൗരവഭാവവും നിഴലിക്കുന്ന, അനുകമ്പ ഉണർത്തുന്ന’ ക്രിസ്തീയ ഇതിഹാസപുരുഷന്റെ രൂപത്തിൽ” പ്രതിഫലിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.
എന്നാൽ നാം കാണാൻ പോകുന്നതുപോലെ ക്രൈസ്തവലോകത്തിന്റെ കലാസൃഷ്ടികളിൽ മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുള്ള ദുർബലനായ, പ്രഭാവലയമുള്ള, സ്ത്രൈണ ഭാവമുള്ള, ശോകം നിഴലിക്കുന്ന മുഖവും നീട്ടി വളർത്തിയ മുടിയുമുള്ള ക്രിസ്തുവിന്റെ രൂപം കൃത്യതയുള്ളതല്ല. വാസ്തവത്തിൽ, ബൈബിളിലെ യേശുവിൽനിന്ന് അതു വളരെ വ്യത്യസ്തമാണ്.
ബൈബിളും യേശുവിന്റെ ആകാരവും
‘ദൈവത്തിന്റെ കുഞ്ഞാട്’ എന്ന നിലയിൽ തീർച്ചയായും യേശു ന്യൂനതയില്ലാത്തവൻ ആയിരുന്നു. അതുകൊണ്ട് അവൻ സുമുഖൻ ആയിരുന്നു എന്നതിന് യാതൊരു സംശയവുമില്ല. (യോഹന്നാൻ 1:29; എബ്രായർ 7:26) പ്രശസ്ത കലാസൃഷ്ടികളിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതു പോലുള്ള സ്ഥായിയായ വിഷാദഭാവവും തീർച്ചയായും അവന് ഉണ്ടായിരുന്നില്ല. അവന്റെ ജീവിതത്തിൽ ദുഃഖപൂർണമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും തന്റെ പിതാവായ “സന്തുഷ്ട ദൈവ”ത്തെ പൂർണമായും പ്രതിഫലിപ്പിക്കുന്ന ഭാവമായിരുന്നു പൊതുവേ അവനുണ്ടായിരുന്നത്.—1 തിമൊഥെയൊസ് 1:11, NW; ലൂക്കൊസ് 10:21; എബ്രായർ 1:3, NW.
യേശു തലമുടി നീട്ടി വളർത്തിയിരുന്നോ? മുടി വെട്ടുകയോ വീഞ്ഞു കുടിക്കുകയോ ചെയ്യരുത് എന്ന കൽപ്പന നാസീർ വ്രതക്കാർക്കു മാത്രമുള്ളതായിരുന്നു. യേശു നാസീർ വ്രതം അനുഷ്ഠിച്ചിരുന്ന വ്യക്തി ആയിരുന്നില്ല. അതുകൊണ്ട് തീർച്ചയായും, മറ്റേതൊരു യഹൂദനെയും പോലെ അവനും തലമുടി ഭംഗിയായി വെട്ടിയിരുന്നു. (സംഖ്യാപുസ്തകം 6:2-7) മറ്റുള്ളവരോടൊപ്പം ആയിരുന്നപ്പോൾ അവൻ മിതമായ അളവിൽ വീഞ്ഞും കഴിച്ചിരുന്നു. അവൻ സന്തോഷമറ്റ പ്രകൃതക്കാരനായ ഒരു വ്യക്തി ആയിരുന്നില്ലെന്ന് അതു വ്യക്തമാക്കുന്നു. (ലൂക്കൊസ് 7:34) ഗലീലയിലെ കാനാവിൽ നടന്ന കല്യാണ വിരുന്നിന് അവൻ അത്ഭുതകരമായി വീഞ്ഞുണ്ടാക്കുകപോലും ചെയ്തു. (യോഹന്നാൻ 2:1-11) തെളിവ് അനുസരിച്ച് അവൻ താടി വെച്ചിരുന്നു. അവന്റെ പീഡാനുഭവത്തെക്കുറിച്ച് വിവരിക്കുന്ന ഒരു പ്രവചനത്തിൽ ഇതു കാണാവുന്നതാണ്.—യെശയ്യാവു 50:6.
അവന്റെ നിറവും മുഖച്ഛായയും സംബന്ധിച്ചോ? അവ ശേമ്യരുടേതുപോലെ ആയിരുന്നിരിക്കാനാണു സാധ്യത. ഒരു യഹൂദസ്ത്രീയായ അവന്റെ അമ്മ മറിയയിൽ നിന്ന് അവന് ഈ രൂപലക്ഷണങ്ങൾ കിട്ടിയിരിക്കണം. അവളുടെ പൂർവികർ എബ്രായ വംശാവലിയിൽ പെട്ട യഹൂദരായിരുന്നു. അതുകൊണ്ട് യേശുവിന് യഹൂദന്മാരുടേതു പോലുള്ള നിറവും മുഖച്ഛായയും ആയിരുന്നിരിക്കണം ഉണ്ടായിരുന്നത്.
അപ്പൊസ്തലന്മാരിൽ നിന്നു പോലും യേശുവിനു ശാരീരികമായി പ്രത്യക്ഷത്തിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. കാരണം യേശുവിനെ അവന്റെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കുന്ന അവസരത്തിൽ യൂദായ്ക്ക് ചുംബനത്തിലൂടെ അവനെ തിരിച്ചറിയിക്കേണ്ടി വന്നു. അതുകൊണ്ട്, ജനക്കൂട്ടത്തിനിടയിൽ അവനെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല എന്നു വരുന്നു. ചുരുങ്ങിയ പക്ഷം ഒരു അവസരത്തിലെങ്കിലും അവൻ തിരിച്ചറിയപ്പെടാതെ ഗലീലയിൽ നിന്ന് യെരൂശലേമിലേക്കു യാത്ര ചെയ്തിട്ടുണ്ട്.—മർക്കൊസ് 14:44; യോഹന്നാൻ 7:10, 11.
എങ്കിലും യേശു ദുർബലൻ ആയിരുന്നിരിക്കണമെന്നു ചിലർ നിഗമനം ചെയ്യുന്നു. എന്തുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്? തന്റെ ദണ്ഡനസ്തംഭം ചുമക്കാൻ അവനു മറ്റൊരാളുടെ സഹായം വേണ്ടി വന്നു എന്നതാണ് ഒരു കാരണം. കൂടാതെ, സ്തംഭത്തിൽ തറയ്ക്കപ്പെട്ട മൂന്നു പുരുഷന്മാരിൽ ആദ്യം മരിച്ചത് അവനായിരുന്നു.—ലൂക്കൊസ് 23:26; യോഹന്നാൻ 19:17, 32, 33.
യേശു ദുർബലൻ ആയിരുന്നില്ല
പാരമ്പര്യ വിശ്വാസങ്ങൾക്കു വിരുദ്ധമായി ബൈബിൾ യേശുവിനെ ദുർബലനായോ സ്ത്രൈണ ഭാവമുള്ളവനായോ വർണിക്കുന്നില്ല. മറിച്ച്, അവൻ “ജ്ഞാനത്തിലും വളർച്ചയിലും [“ശാരീരിക വളർച്ചയിലും,” NW] ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു” എന്നാണ് ബൈബിൾ പറയുന്നത്. (ലൂക്കൊസ് 2:52, ചെരിച്ചെഴുത്തു ഞങ്ങളുടേത്.) 30 വയസ്സു വരെയുള്ള അവന്റെ ജീവിതത്തിൽ ഏറെക്കാലവും അവൻ ഒരു തച്ചനായിരുന്നു. ആരോഗ്യമില്ലാത്ത അഥവാ ദുർബലനായ ഒരു വ്യക്തിക്കു ചെയ്യാനാകുമായിരുന്ന തൊഴിലാണ് അതെന്നു തോന്നുന്നില്ല, വിശേഷിച്ചും കായികാധ്വാനം കുറയ്ക്കാൻ സഹായിക്കുന്ന ആധുനിക യന്ത്രങ്ങളൊന്നും ഇല്ലാതിരുന്ന ഒരു യുഗത്തിൽ. (മർക്കൊസ് 6:3) കൂടാതെ, യേശു ഒരവസരത്തിൽ ആടുമാടുകളെയും പൊൻവാണിഭക്കാരെയും ദേവാലയത്തിൽ നിന്നു പുറത്താക്കുകയും പൊൻവാണിഭക്കാരുടെ മേശകൾ മറിച്ചിടുകയും ചെയ്തു. (യോഹന്നാൻ 2:14, 15) ഇതും പുരുഷത്വവും കായികബലവുമുള്ള ഒരാളായിരുന്നു അവൻ എന്നു കാണിക്കുന്നു.
തന്റെ ഭൗമിക ജീവിതത്തിലെ അവസാനത്തെ മൂന്നര വർഷം യേശു പ്രസംഗ പര്യടനത്തിനായി നൂറു കണക്കിനു കിലോമീറ്റർ കാൽനടയായി യാത്ര ചെയ്തു. എങ്കിലും ‘അൽപ്പം വിശ്രമിച്ചു കൊള്ളാൻ’ ശിഷ്യന്മാർ ഒരിക്കലും അവനോട് പറഞ്ഞില്ല. മറിച്ച്, ശിഷ്യന്മാരിൽ ചിലർ കരുത്തരായ മീൻപിടിത്തക്കാർ ആയിരുന്നിട്ടും യേശു അവരോട് ഇങ്ങനെ പറയുകയുണ്ടായി: “ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ [“വിശ്രമിച്ചുകൊൾവിൻ,” NW].”—മർക്കൊസ് 6:31.
തീർച്ചയായും, “മുഴു സുവിശേഷ വിവരണവും [യേശുവിന്] നല്ല ആരോഗ്യവും കായികശേഷിയും ഉണ്ടായിരുന്നെന്നു സൂചിപ്പിക്കു”ന്നതായി മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും സൈക്ലോപീഡിയ പറയുന്നു. എങ്കിൽപ്പിന്നെ ദണ്ഡനസ്തംഭം വഹിക്കാൻ അവന് പരസഹായം വേണ്ടി വന്നത് എന്തുകൊണ്ടായിരുന്നു? സ്തംഭത്തിൽ തന്നോടൊപ്പം തറയ്ക്കപ്പെട്ടവരെക്കാൾ മുമ്പ് അവൻ മരിച്ചത് എന്തുകൊണ്ടായിരുന്നു?
കൊടിയ മനോവേദനയാണ് ഒരു സുപ്രധാന ഘടകം. താൻ വധിക്കപ്പെടാനുള്ള സമയം അടുത്തപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു [“മനോവേദന അനുഭവിക്കുന്നു,” NW].” (ലൂക്കൊസ് 12:50) അവസാനത്തെ രാത്രിയിൽ ഈ മനോവേദന “പ്രാണവേദന”യായി മാറി: “പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കൊസ് 22:44) കൂടാതെ, നിത്യജീവൻ സംബന്ധിച്ച മനുഷ്യരുടെ ഭാവിപ്രതീക്ഷ മരണത്തോളമുള്ള തന്റെ ദൃഢമായ വിശ്വസ്തതയെ ആശ്രയിച്ചിരിക്കുന്നു എന്ന് യേശുവിന് അറിയാമായിരുന്നു. എത്ര ഭാരിച്ച ചുമട്! (മത്തായി 20:18, 19, 28) “ശപിക്കപ്പെട്ട” ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ട് ദൈവത്തിന്റെ സ്വന്തജനത്തിന്റെ കൈയാൽ വധിക്കപ്പെടുമെന്നും അവന് അറിയാമായിരുന്നു. അത് തന്റെ പിതാവിന്റെ നാമത്തിനു നിന്ദ വരുത്തിവെക്കുമോ എന്നതിനെക്കുറിച്ച് അവന് ഉത്കണ്ഠയുണ്ടായിരുന്നു.—ഗലാത്യർ 3:13; സങ്കീർത്തനം 40:6, 7; പ്രവൃത്തികൾ 8:32.
ഒറ്റിക്കൊടുക്കപ്പെട്ട ശേഷം അവൻ ഒന്നിനു പുറകേ ഒന്നായി ക്രൂരമായ പീഡനങ്ങൾ സഹിച്ചു. അർധരാത്രിക്കു ശേഷം നടന്ന പ്രഹസന വിചാരണയിൽ ആ പ്രദേശത്തെ ഏറ്റവും ഉയർന്ന അധികാരികൾ അവനെ പരിഹസിക്കുകയും തുപ്പുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയുമൊക്കെ ചെയ്തു. രാത്രിയിലെ വിചാരണയ്ക്കു നിയമസാധുത നൽകാൻ എന്നവണ്ണം പിറ്റേന്ന് വെളുപ്പിന് മറ്റൊരു വിചാരണയും ഉണ്ടായിരുന്നു. പീലാത്തോസും പിന്നെ ഹെരോദാവും അവനെ ചോദ്യം ചെയ്തു. ഹെരോദാവും അവന്റെ പടയാളികളും അവനെ കളിയാക്കി. അതിനുശേഷം വീണ്ടും ചോദ്യം ചെയ്യാനായി അവനെ പീലാത്തോസിന്റെ മുമ്പാകെ ഹാജരാക്കി. ഒടുവിൽ പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. ഇത് ചമ്മട്ടികൊണ്ടുള്ള സാധാരണ പ്രഹരമായിരുന്നില്ല. റോമാക്കാരുടെ ചമ്മട്ടി അടിയെ ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇപ്രകാരം വിവരിക്കുന്നു:
“അടിക്കാൻ ഉപയോഗിച്ചിരുന്ന സാധാരണ ഉപകരണം ഒറ്റയ്ക്കുള്ളതോ കൂട്ടിപ്പിരിച്ചതോ ആയ പല നീളത്തിലുള്ള തോൽവാറുകൾ ഉള്ള, നീളം കുറഞ്ഞ ഒരു ചാട്ട ആയിരുന്നു. അവയിൽ ഇടയ്ക്കിടെ ഇരുമ്പുണ്ടകളോ ആടിന്റെ കൂർത്ത എല്ലിൻ കഷണങ്ങളോ കെട്ടിയിട്ടിരിക്കും . . . റോമൻ പടയാളികൾ അതുകൊണ്ട് ആവർത്തിച്ച് ആഞ്ഞടിക്കുമ്പോൾ ഇരുമ്പുണ്ടകൾ പുറത്ത് ആഴത്തിലുള്ള ചതവും തോൽവാറുകളും എല്ലിൻ കഷണങ്ങളും ആഴമായ മുറിവുകളും ഏൽപ്പിച്ചിരുന്നു. അടി തുടരുമ്പോൾ പരിക്കുകൾ എല്ലിനോടു ചേർന്ന് പേശികൾ വരെ എത്തും. പറിഞ്ഞു തൂങ്ങിയ മാംസഭാഗങ്ങളിൽ നിന്ന് രക്തം വാർന്നൊഴുകും.”
വ്യക്തമായും, ദണ്ഡനസ്തംഭത്തിന്റെ ഭാരത്താൽ തളർന്നു വീഴുന്നതിനു മുമ്പു തന്നെ യേശുവിന്റെ ഓജസ്സ് ചോർന്നുപോയിരുന്നു. ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇങ്ങനെ പ്രസ്താവിച്ചു: “യഹൂദന്മാരിൽനിന്നും റോമാക്കാരിൽനിന്നും ഏൽക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കു പുറമേ, ഭക്ഷണവും വെള്ളവും ഉറക്കവും ലഭിക്കാതിരുന്നതും യേശുവിനെ പരിക്ഷീണനാക്കി. അതുകൊണ്ട് ക്രൂശിക്കപ്പെടുന്നതിനു മുമ്പുതന്നെ യേശുവിന്റെ ശാരീരിക നില അപകടത്തിൽ ആയിരുന്നു, ഒരുപക്ഷേ അത്യാസന്ന ഘട്ടത്തിൽത്തന്നെ.”
അവന്റെ ആകാരം പ്രാധാന്യമുള്ളതോ?
ലെന്റുലുസിന്റെ വ്യാജമായ വാങ്മയ ചിത്രവും പുകഴ്പെറ്റ വിദഗ്ധ കലാകാരന്മാരുടെ കലാസൃഷ്ടികളും ആധുനിക ദേവാലയങ്ങളിലെ വർണച്ചിൽ ജാലകങ്ങളിലെ ചിത്രങ്ങളും ഒക്കെ കാണിക്കുന്നത് ഇത്തരം നയനാകർഷകമായ കാര്യങ്ങളാൽ ക്രൈസ്തവലോകം വശീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്. “യേശുക്രിസ്തുവിന്റെ രൂപത്തിനുള്ള ആ അസാധാരണ വശീകരണ ശക്തി പരിരക്ഷിക്കേണ്ടതാണ്” എന്ന് ട്യൂറിനിലെ വിവാദപരമായ കച്ചയുടെ സൂക്ഷിപ്പുകാരനായ ആർച്ച്ബിഷപ്പ് പറയുകയുണ്ടായി.
എന്നാൽ ദൈവവചനം യേശുവിന്റെ ആകാരം സംബന്ധിച്ച ‘വശീകരണാത്മക’ വർണനകൾ മനപ്പൂർവം വിട്ടുകളഞ്ഞിരിക്കുന്നു. കാരണം? നിത്യജീവനെ അർഥമാക്കുന്ന ബൈബിൾ പരിജ്ഞാനത്തിൽ നിന്ന് അത് നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ഇടയുണ്ട്. (യോഹന്നാൻ 17:3) നമ്മുടെ മാതൃകയായ യേശുതന്നെ “മനുഷ്യരുടെ ബാഹ്യാകാരം” ‘നോക്കുക’യോ അതിനു പ്രാധാന്യം നൽകുകയോ ചെയ്യുന്നില്ല. (മത്തായി 22:16, NW; ഗലാത്യർ 2:6, NW താരതമ്യം ചെയ്യുക.) നിശ്വസ്ത സുവിശേഷങ്ങളിൽ യേശുവിന്റെ ബാഹ്യാകാരത്തെ കുറിച്ചുള്ള പരാമർശങ്ങൾ ഇല്ലാതിരിക്കെ അവയ്ക്ക് ഊന്നൽ നൽകുന്നത് ആ സുവിശേഷങ്ങളുടെ ഉദ്ദേശ്യത്തെ എതിർക്കുന്നതിനു തുല്യമാണ്. വാസ്തവത്തിൽ അടുത്ത ലേഖനത്തിൽ കാണാൻ പോകുന്നതുപോലെ യേശുവിന് മേലാൽ ഒരു മനുഷ്യരൂപം അല്ല ഉള്ളത്.a
[അടിക്കുറിപ്പ്]
a ബൈബിൾ പഠനത്തിൽ യേശുവിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിൽ തീർച്ചയായും തെറ്റില്ല. വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ അത്തരം ചിത്രങ്ങൾ മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഭക്തിസാന്ദ്രമായ തോന്നൽ ഉളവാക്കാനോ നിരീക്ഷകനിൽ ഭയാദരവു ജനിപ്പിക്കാനോ തിരുവെഴുത്തു വിരുദ്ധമായ ആശയങ്ങൾ, പ്രതീകങ്ങൾ അല്ലെങ്കിൽ ആരാധന എന്നിവയെ പ്രോത്സാഹിപ്പിക്കാനോ ഉള്ള യാതൊരു ശ്രമവും നടത്തപ്പെടാറില്ല.
[7-ാം പേജിലെ ചിത്രങ്ങൾ]
ക്രൈസ്തവലോകത്തിലെ കലാകാരന്മാരുടെ സൃഷ്ടിയായ വിളറിവെളുത്ത്, ദുർബലനായ ക്രിസ്തുവിന്റെ ചിത്രം. ബൈബിൾ വിവരണങ്ങളെ ആസ്പദമാക്കിയുള്ള യേശുവിന്റെ ചിത്രത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്
[കടപ്പാട്]
Jesus Preaching at the Sea of Galilee by Gustave Doré