“നിങ്ങൾക്ക് പുകവലി ഉപേക്ഷിക്കാൻ കഴിയും—ഞങ്ങൾക്ക് അതിനു കഴിഞ്ഞു!”
ജപ്പാനിലെ ഉണരുക! ലേഖകൻ
ആയിരത്തഞ്ഞൂറുകളുടെ ഒടുവിൽ ജപ്പാൻ തുറമുഖത്തു വന്നണഞ്ഞ യൂറോപ്യൻ കപ്പലുകളിൽ പുകവലിക്കാരായ സന്ദർശകർ ഉണ്ടായിരുന്നത്രേ. “അവരുടെ വയറ്റിൽ തീ ഉള്ളതുപോലെ” കാണപ്പെട്ടു. ആശ്ചര്യം കൗതുകത്തിനു വഴിമാറി. അങ്ങനെ 1880-കളിൽ പുകവലി ജപ്പാനിൽ വ്യാപകമായി. ആശ്ചര്യം കൂറിനിന്ന ആ ജപ്പാൻകാരുടെ പിൻഗാമികൾ ലോകത്തിലെ ഏറ്റവും കടുത്ത പുകവലിക്കാരുടെ ഗണത്തിൽ ഉൾപ്പെടുമെന്ന് ആരും ചിന്തിച്ചു കാണില്ല.
“മുതിർന്നുവെന്ന തോന്നൽ ഉണ്ടാകാൻ, മുതിർന്നവരുടെ വികാരങ്ങളുമായി പരിചിതരാകാൻ ഞങ്ങൾ ആഗ്രഹിച്ചു.”—ആക്കിയോ, ഓസാമു, യോക്കോ.
“തൂക്കം കുറയ്ക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.”—ട്സുയാ.
“കൗതുകമാണ് എന്നെ അതിനു പ്രേരിപ്പിച്ചത്.”—ടോഷിഹിറോ.
“പുകവലി ദോഷം ചെയ്യുമെന്നു ഞങ്ങൾ വിചാരിച്ചില്ല.”—റ്യോഹേ, ജുന്നിച്ചി, യാസുഹിക്കോ.
“രണ്ടാമതു ഗർഭിണിയായിരുന്ന സമയത്ത്, രാവിലെ ഉണ്ടാകുന്ന മനംപിരട്ടലും മറ്റ് അസ്വസ്ഥതകളും മാറിക്കിട്ടാൻ ഞാൻ ആഗ്രഹിച്ചു.”—ചിയെക്കോ.
“ബിസിനസ് യോഗങ്ങളിൽ അസ്വസ്ഥജനകമായ സാഹചര്യങ്ങളെ മറികടക്കാൻ ആണ് ഞാൻ പുകവലി ആരംഭിച്ചത്.”—ടാട്സുഹിക്കോ.
പുകവലി തുടങ്ങാനുണ്ടായ കാരണം ചോദിച്ചപ്പോൾ ഇവിടെയുള്ള ഒരു കൂട്ടം ആളുകൾ നൽകിയ വിശദീകരണങ്ങൾ ഇവയൊക്കെയാണ്. ചിലർ ജപ്പാനെ പുകവലിക്കാരന്റെ പറുദീസ എന്നു വിളിക്കുന്നതിന്റെ വീക്ഷണത്തിൽ ഈ വിശദീകരണങ്ങളെല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും മേൽ പരാമർശിച്ച വ്യക്തികൾ എല്ലാവരും പുകവലിശീലം ഉപേക്ഷിച്ചവരാണ് എന്നതു ശ്രദ്ധേയമാണ്. അവരുടെ സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ അതൊരു വലിയ കാര്യം തന്നെയാണ്. അവർക്ക് അതിനു കഴിഞ്ഞത് എങ്ങനെയാണ് എന്നു നിങ്ങൾ അത്ഭുതപ്പെടുന്നുവോ? നമുക്ക് ആദ്യംതന്നെ ഇന്ന് ജപ്പാനിൽ പുകവലി എത്രത്തോളം വ്യാപകമാണെന്നു നോക്കാം.
പുകവലി രംഗം
അമേരിക്കയിൽ 15-ഓ അധിലധികമോ പ്രായമുള്ള ആണുങ്ങളിൽ 28 ശതമാനം മാത്രമേ പുകവലിക്കുന്നുള്ളൂ. എന്നാൽ ഇതുമായുള്ള താരതമ്യത്തിൽ ജപ്പാനിലെ പുരുഷന്മാരിൽ ഏതാണ്ട് 56 ശതമാനവും പുകവലിക്കാരാണ്. ജപ്പാനിലെ 3 കോടി 40 ലക്ഷം പുകവലിക്കാരിൽ ഏതാണ്ട് 22 ശതമാനം സ്ത്രീകളാണ്. ഇവരിൽ പലരും യുവ പ്രായത്തിലുള്ളവർ ആണുതാനും. മുതിർന്നവരുടെ മാതൃകയും വശീകരിക്കുന്ന തരം പരസ്യങ്ങളും യുവജനങ്ങൾക്കിടയിൽ പുകവലിക്കാരുടെ എണ്ണം സത്വരം വർധിക്കാൻ വളരെയധികം ഇടയാക്കിയിട്ടുണ്ട്. ഇരുപതിലധികം വർഷം മുമ്പ് ഐക്യനാടുകളിൽ നിരോധിച്ച സിഗരറ്റ് പരസ്യങ്ങൾ ജപ്പാനിലെ ടിവി-കളിലും റേഡിയോകളിലും നിരോധിക്കുന്നത് ഇപ്പോഴാണ്.
തന്നെയുമല്ല, ജപ്പാനിൽ തെരുക്കോണുകളിൽ വെച്ചിരിക്കുന്ന നിരവധി വിൽപ്പന യന്ത്രങ്ങളിൽ നിന്നു സിഗരറ്റുകൾ യാതൊരു പ്രയാസവും കൂടാതെ ലഭിക്കും. സിഗരറ്റ് പായ്ക്കറ്റ് കൈയിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ അതിന്മേൽ പേരിനെന്നോണം എഴുതിയിരിക്കുന്ന ആ സന്ദേശം ആരുംതന്നെ ശ്രദ്ധിക്കാൻ പോകുന്നില്ല. “അധികം പുകവലിക്കരുത്; അതു ഹാനികരമായേക്കാം” എന്ന് ഒഴുക്കൻ മട്ടിൽ പായ്ക്കറ്റിന്മേൽ എഴുതിയിരിക്കും. മിക്കപ്പോഴും പുകവലി ഉയർത്തുന്ന വലിയ അപകടങ്ങളെ കുറിച്ചുള്ള അജ്ഞതയ്ക്കു പുറമേ പ്രമുഖരായ നിരവധി ആളുകളുടെ മോശമായ മാതൃകയും ജപ്പാൻകാരെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അത്തരം മാതൃകകൾ അവർക്ക് ഒരുതരം വ്യാജമായ സുരക്ഷിതത്വ ബോധം നൽകുന്നു.
രാജ്യത്തെ പുകവലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിൽ ജപ്പാൻ കാട്ടുന്ന അനാസ്ഥയെ ചൊല്ലി പുകവലിവിരുദ്ധർ വിലപിക്കുന്നതിൽ അതിശയിക്കാനില്ല. എന്നാൽ പുകവലി ആരോഗ്യത്തിനും ആയുസ്സിനും ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പു നൽകേണ്ടതിന്റെ പ്രാധാന്യം ബോധവത്കരണ പ്രവർത്തകർ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ജപ്പാനിലെ പുകവലിക്കാർ മറ്റിടങ്ങളിലെ പുകവലിക്കാരുടെ അതേ പ്രശ്നങ്ങൾ—മനംപിരട്ടൽ, കിതപ്പ്, വിട്ടുമാറാത്ത ചുമ, വയറുവേദന, വിശപ്പില്ലായ്മ, കൂടെക്കൂടെയുള്ള ജലദോഷം, ഒരുപക്ഷേ ശ്വാസകോശ അർബുദമോ ഹൃദ്രോഗമോ മറ്റു കാരണങ്ങളോ നിമിത്തം സംഭവിക്കുന്ന അകാലമൃത്യുപോലും—നേരിടുന്നു.
1985 ഏപ്രിൽ 1-ന്, ദശകങ്ങളായുള്ള ഗവൺമെന്റ് കുത്തകയ്ക്ക് വിരാമമമിട്ടുകൊണ്ട് ജപ്പാനിലെ പുകയില വ്യവസായം സ്വകാര്യവത്കരിക്കപ്പെട്ടു. എങ്കിലും ഇപ്പോഴും ഗവൺമെന്റുമായി അടുത്ത ബന്ധം പുലർത്തുന്നതിനാൽ അതിന് പുകവലിയെ നിരുത്സാഹപ്പെടുത്തുന്ന ഏതൊരു മുന്നേറ്റത്തെയും തടയാൻ കഴിയുന്നു. പുകവലിവിരുദ്ധർ ഇന്നു ജപ്പാനെ പുകവലിക്കാരുടെ സങ്കേതമായി കണക്കാക്കുന്നതിനുള്ള കാരണം ഇതാണ്. “പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹ”മാണ് ജപ്പാൻ എന്ന യാഥാർഥ്യത്തെ ചൊല്ലി അവിടുത്തെ ഡോക്ടർമാർ വിലപിക്കുകയാണെന്ന് ദ ഡെയ്ലി യോമിയൂരി റിപ്പോർട്ടു ചെയ്തതും ഇക്കാരണത്താൽ തന്നെ.
പുകവലി ഉപേക്ഷിക്കുന്നതിൽ ചിലർ എങ്ങനെയാണ് വിജയിച്ചത് എന്നു കാണാൻ “ഞങ്ങൾ പുകവലി ഉപേക്ഷിച്ച വിധം” എന്ന ചതുരം കാണുക.
നിങ്ങൾക്ക് എങ്ങനെ പുകവലി ഉപേക്ഷിക്കാം?
ചതുരത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളെ പോലെ മുമ്പ് പുകവലിക്കാരായിരുന്നവർക്കു പറയാനുള്ളത് ഒന്നുതന്നെ: പുകവലി ഉപേക്ഷിക്കുന്നതിനു ശക്തമായ ഒരു പ്രേരകഘടകം ഉണ്ടായിരിക്കണം. ദൈവത്തോടുള്ള സ്നേഹവും അവനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും ഏറ്റവും ശക്തമായ ഒരു പ്രേരകഘടകമാണ്. നിങ്ങളുടെ അയൽക്കാരനോടുള്ള സ്നേഹമാണ് മറ്റൊന്ന്. ഒരു ലക്ഷ്യം വെക്കുക, അതിനോടു പറ്റിനിൽക്കുക. നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് മറ്റുള്ളവരെ—സുഹൃത്തുക്കളെയും മറ്റും—അറിയിക്കുക, നിങ്ങളുടെ കുടുംബാംഗങ്ങളുടെ സഹായം തേടുക. സാധിക്കുമെങ്കിൽ പുകവലിശീലം ക്രമേണ നിർത്തുന്നതിനു പകരം പെട്ടെന്ന് നിർത്തുക. മറ്റുള്ളവർ പുകവലിക്കുന്നിടത്തു നിന്ന് ഒഴിഞ്ഞുനിൽക്കാൻ പരമാവധി ശ്രമിക്കുക.
നിങ്ങൾ ബൈബിൾ പഠിക്കുന്ന ആളാണെങ്കിൽ യഹോവയുടെ സാക്ഷികളുമൊത്തുള്ള സഹവാസം വർധിപ്പിക്കുക. അവരോടൊപ്പം ആയിരിക്കുമ്പോൾ പുകവലിക്കാനുള്ള ആഗ്രഹം പെട്ടെന്നുതന്നെ ഇല്ലാതാകും. ഇനി, പുകവലിക്കാരനായ ഒരു വ്യക്തിക്ക് ബൈബിളധ്യയനം എടുക്കുന്ന ഒരു യഹോവയുടെ സാക്ഷിയാണു നിങ്ങൾ എങ്കിൽ അയാൾ ആ ശീലം ഉപേക്ഷിക്കുമെന്ന പ്രത്യാശയോടെ അധ്യയനം തുടരുക. തന്റെ ദുശ്ശീലത്തെക്കാൾ ഉപരി യഹോവയെ സ്നേഹിക്കാൻ അയാളെ സഹായിക്കുക.
[16, 17 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
“ഞങ്ങൾ പുകവലി ഉപേക്ഷിച്ച വിധം”
മീക്കോ: “യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ പുകവലി ഉപേക്ഷിക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. മക്കളെങ്കിലും ജീവന്റെ വഴി മനസ്സിലാക്കട്ടെ എന്നു കരുതിയാണ് ഞാൻ ബൈബിൾ പഠനം ആരംഭിച്ചത്. പക്ഷേ മാതാപിതാക്കൾ മാതൃക വെക്കേണ്ടതാണ് എന്നു ഞാൻ താമസിയാതെ തിരിച്ചറിഞ്ഞു. അതുകൊണ്ട് സഹായത്തിനായി ഞാൻ യഹോവയാം ദൈവത്തോടു മുട്ടിപ്പായി പ്രാർഥിച്ചു. പ്രാർഥനയ്ക്ക് അനുസൃതം പ്രവർത്തിക്കാൻ ശ്രമം ആവശ്യമായിരുന്നു. കുറച്ചു നാളത്തേക്ക് എനിക്കു ബുദ്ധിമുട്ടു തോന്നി. എന്നാൽ ഒടുവിൽ ഈ ദുശ്ശീലം ഉപേക്ഷിച്ചപ്പോൾ കൈവന്ന ശുദ്ധ മനസ്സാക്ഷി എത്രമാത്രം സന്തോഷം ഉളവാക്കി എന്ന് എനിക്ക് ഒരിക്കലും മറക്കാനാകില്ല.”
മാസായൂക്കി: “ദിവസം മൂന്നു പായ്ക്കറ്റ് സിഗരറ്റ് വീതം വലിച്ചിരുന്ന വ്യക്തിയായിരുന്നു ഞാൻ. പുകവലി നിർത്താൻ പലപ്രാവശ്യം ശ്രമം നടത്തി പരാജയപ്പെട്ടതാണ്. ഒടുവിൽ ഒരു ദിവസം ഞാൻ പുകവലിയോടു വിടപറഞ്ഞു. എന്റെ കുടുംബവും സഹസാക്ഷികളും യഹോവയാം ദൈവവുമാണ് എന്നെ അതിനു സഹായിച്ചത്. എന്റെ ബാങ്കിൽ ഉള്ളവരാരും ഞാൻ പുകവലി ഉപേക്ഷിച്ച കാര്യം വിശ്വസിച്ചില്ല. ബാങ്ക് ഇടപാടുകാരോടുള്ള ബഹുമാനാർഥം ബാങ്കിൽ അവർ വരികയും പോകുകയും ചെയ്യുന്നിടത്ത് ജോലിസമയത്ത് പുകവലിക്കാതിരിക്കുക എന്നൊരു നിർദേശം ഞാൻ മുമ്പോട്ടു വെച്ചു. ജോലിക്കാരിൽ 80 ശതമാനവും പുകവലിക്കാർ ആണെങ്കിലും എന്റെ നിർദേശം അംഗീകരിക്കപ്പെട്ടു. ഞങ്ങളുടെ ബാങ്കിന്റെ 260 ശാഖകളിൽ ഇപ്പോൾ ഈ നിർദേശം പിൻപറ്റുന്നുണ്ട്.”
ഓസാമു: “ദൈവവചനമായ ബൈബിളിന്റെ പഠനത്തിൽ നിന്ന് പുകവലി നിർത്തണമെന്ന് എനിക്കു മനസ്സിലായി. അതു നിർത്താൻ ഏതാണ്ട് ഒരു വർഷം വേണ്ടിവന്നു. നിർത്തിക്കഴിഞ്ഞും ആദ്യത്തെ ആറു മാസത്തേക്ക് എനിക്ക് പുകവലിക്കാനുള്ള ആഗ്രഹവുമായി മല്ലിടേണ്ടിവന്നു. പുകവലി നിർത്തണമെന്നുണ്ടെങ്കിൽ അവനവനുതന്നെ അങ്ങനെ ഒരു ആഗ്രഹം വേണമെന്ന് എനിക്ക് അറിയാമായിരുന്നു.”
ടോഷിഹിറോ: “യേശുവിന്റെ മറുവില യാഗം എന്നെ വളരെ ആഴത്തിൽ സ്പർശിച്ചു. പുകവലി ഉപേക്ഷിക്കുക എന്ന ത്യാഗം എങ്കിലും ഞാൻ ചെയ്യേണ്ടതാണെന്ന് എനിക്കു തോന്നി.”
യാസുഹിക്കോ: “യഹോവയാം ദൈവത്തെ അനുസരിക്കാനും പുകവലി ഉപേക്ഷിക്കാനും ഉള്ള തീരുമാനം എന്റെ ജീവൻ രക്ഷിച്ചു. ഒരു ദിവസം, ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന മുറിയിൽ പ്രോപ്പെയ്ൻ വാതക ചോർച്ച ഉണ്ടായി. മുമ്പായിരുന്നുവെങ്കിൽ ഞാൻ സിഗരറ്റ് കത്തിക്കുകയും അങ്ങനെ അതു പൊട്ടിത്തെറിക്ക് ഇടയാക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഏതാനും ദിവസം മുമ്പു ഞാൻ പുകവലി നിർത്തിയിരുന്നതുകൊണ്ടാണ് ഇതേ കുറിച്ച് പറയാൻ ഞാൻ ജീവനോടെയിരിക്കുന്നത്.”
ആക്കിയോ: “ഇടയ്ക്കിടെ മനംപിരട്ടൽ ഉണ്ടാകാൻ തുടങ്ങിയപ്പോൾ പുകവലി ദോഷം ചെയ്യുന്നുണ്ടോ എന്ന് എനിക്കു സംശയമായി. എങ്കിലും ഞാൻ അത് ഉപേക്ഷിച്ചില്ല. പുകവലിക്കുന്നതിന്റെ അപകടങ്ങളെ പറ്റിയുള്ള വാസ്തവികമായ വിവരങ്ങൾ ആദ്യമായി എനിക്കു ലഭിച്ചത് യഹോവയുടെ സാക്ഷിയായ എന്റെ ഭാര്യയിൽ നിന്നാണ്. താമസിയാതെ ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. ഒരു പുകവലിക്കാരൻ തനിക്കു മാത്രമല്ല തന്റെ കുടുംബാംഗങ്ങൾക്കും ദോഷം ചെയ്യുന്നതായി ഞാൻ വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിൽ നിന്നു മനസ്സിലാക്കി. ഉടനടി ഞാൻ ആ ശീലം നിർത്തി!”
റ്യോഹേ: “എന്റെ ഭാര്യയാണ് എനിക്കു വേണ്ടി സിഗരറ്റ് വാങ്ങിക്കൊണ്ടു വരാറുണ്ടായിരുന്നത്. ഒറ്റയടിക്ക് 20 പായ്ക്കറ്റ് സിഗരറ്റ് വരെ ഞാൻ വാങ്ങിപ്പിച്ചിട്ടുണ്ട്. എന്നാൽ സാക്ഷികളുമൊത്ത് ബൈബിൾ പഠിച്ച ശേഷം എനിക്കു ദോഷം ചെയ്യുന്ന ഒരു വസ്തു വാങ്ങിക്കൊണ്ടു വരാൻ അവൾ വിസമ്മതിച്ചു. അങ്ങനെ വന്നപ്പോൾ ഞാൻ സ്വന്തമായി ഒരു സിഗരറ്റു കടതന്നെ തുടങ്ങി. ദിവസം ഞാൻ മൂന്നര പായ്ക്കറ്റ് സിഗരറ്റ് വീതം വലിക്കുമായിരുന്നു. അങ്ങനെയിരിക്കേയാണു ഞാൻ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചത്. താമസിയാതെ ബൈബിൾ വിഷയങ്ങൾ സംബന്ധിച്ചു ഫലപ്രദനായ ഒരു പ്രസംഗകനായി മാറാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട്, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്ന് ഈ പരിശീലനം ലഭിക്കുന്നതിനുള്ള യോഗ്യത നേടാനായി ഞാൻ പുകവലി ഉപേക്ഷിച്ചു.”
ജുന്നിച്ചി: “ഒരു സാക്ഷിയായ എന്റെ ഇളയമകൾക്ക് എന്റെ ജീവനെ കുറിച്ച് ഉത്കണ്ഠ ഉണ്ടായിരുന്നു. പുകവലി ഉപേക്ഷിക്കുമെന്ന് അവൾ എന്നെകൊണ്ട് സത്യം ചെയ്യിച്ചു, ഞാൻ അതു പാലിച്ചു.”
ട്സുയാ: “ആദ്യമായി രാജ്യഹാൾ സന്ദർശിച്ചപ്പോൾ, അകത്തു പ്രവേശിച്ച ഉടനെ ഞാൻ ചോദിച്ചത് ആഷ്ട്രേയും തീപ്പെട്ടിയും ഉണ്ടോ എന്നാണ്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ ആരും പുകവലിക്കാറില്ലെന്ന് അവർ എന്നോടു പറഞ്ഞു. ഞാൻ പുകവലി ഉപേക്ഷിക്കണമെന്ന് എനിക്കു മനസ്സിലായി. പുകവലി നിർത്തുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളുമായി മല്ലടിച്ച്, ആശുപത്രിയിൽ ചെലവഴിച്ച ആ എട്ടു ദിവസംകൊണ്ട് ഞാൻ ഒരു കാര്യം ഉറപ്പിച്ചു, ഇനിയും ഈ യാതന അനുഭവിക്കാൻ ഞാൻ തയ്യാറല്ല.”
യോക്കോ: “യഹോവയുടെ സാക്ഷികളുടെ മാസികകളിൽനിന്നും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നും ഈ വിഷയത്തെ കുറിച്ചു ഞാൻ പഠിച്ചു. സ്തംഭത്തിൽ തറയ്ക്കപ്പെടുന്നതിനു മുമ്പ് യേശുവിനു മയക്കു മരുന്നു നൽകിയപ്പോൾ അവൻ അതു നിരസിച്ചതിനെ കുറിച്ചു പരാമർശിച്ച ലേഖനങ്ങൾ ഞാൻ വായിച്ചു. ഞാൻ യഹോവയാം ദൈവത്തോടു പ്രാർഥിച്ചു, അവന്റെ നാമത്തിന്റെ ശുദ്ധിയുള്ള ഒരു സ്തുതി പാഠകൻ ആയിരിക്കാൻ ആഗ്രഹിക്കുന്നു എന്ന് അവനോടു പറഞ്ഞു. അതിൽപ്പിന്നെ ഞാൻ ഒരിക്കലും പുകവലിച്ചിട്ടില്ല. ഒരു അവസരത്തിൽ, എനിക്കു ചുറ്റും ആളുകൾ പുകവലിച്ചുകൊണ്ടിരുന്നപ്പോൾ അവർ പുറത്തു വിടുന്ന പുക ശ്വസിച്ചാൽ കൊള്ളാമെന്ന് എനിക്ക് തോന്നി. എന്നാൽ പുകവലിക്കാനുള്ള ആഗ്രഹം വീണ്ടും തലപൊക്കാതിരിക്കാൻ ഞാൻ ഉടനടി അവിടം വിട്ടുപോയി.”
മുമ്പ് പുകവലിക്കാരായിരുന്ന ഇവർ എല്ലാവരും ഇനിയൊരിക്കലും അതു ചെയ്യാതിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. പുകവലിശീലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ?
മീക്കോ
ഓസാമു
യാസുഹിക്കോ
ആക്കിയോയും ഭാര്യ സാച്ചിക്കോയും
ജുന്നിച്ചിയും മകൾ മെറിയും
യോക്കോ