ബൈബിളിന്റെ വീക്ഷണം
ഭൂലോകം ഒരു പ്രാപഞ്ചിക വിപത്തിനാൽ നശിപ്പിക്കപ്പെടുമോ?
ലോകമെമ്പാടുമുള്ള പത്രങ്ങളിലും ടിവി-കളിലും ഇന്റർനെറ്റ് സൈറ്റുകളിലും 1998 മാർച്ച് 12-ന് ഒരു വാർത്ത നിറഞ്ഞു നിന്നു: “1.5 കിലോമീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ അങ്ങേയറ്റം സാധ്യതയുള്ള ഒരു പഥത്തിലൂടെ സഞ്ചരിക്കുകയാണ്.” അപകടത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാരും സാധാരണജനങ്ങളും നെട്ടോട്ടമോടി. എന്നാൽ താമസിയാതെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ അതു ഭൂമിയുമായി കൂട്ടിയിടിക്കാൻ ഒട്ടും സാധ്യതയില്ലെന്ന നിഗമനത്തിലെത്തി.
ഈ കോലാഹലത്തിന്മധ്യേ പണ്ടില്ലാതിരുന്ന ഒരു മനോഭാവം പ്രകടമായിരുന്നു. “തെറ്റായ ഈ അപകട സന്ദേശത്തെ കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ സംഗതി, ആ വാർത്ത എത്രതന്നെ ഭീതിദം ആയിരുന്നിട്ടും പല ആളുകളിലും അത് വലിയ അത്ഭുതമൊന്നും ജനിപ്പിച്ചില്ല എന്നതായിരിക്കാം,” യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറഞ്ഞു. “ഭൂമിയിൽ ജീവിക്കുന്ന നാം ഒന്നിനു പുറകെ ഒന്നായി ഇത്തരം വസ്തുക്കൾ കാണുമെന്നും അതു സംബന്ധിച്ച് എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കുമെന്നും ഉള്ള ആശയം ഒന്നോ അതിലധികമോ ദശകത്തിനു മുമ്പു വിചിത്രമായി തോന്നുമായിരുന്നു. എന്നാൽ ഇന്ന് ശാസ്ത്രജ്ഞന്മാരും ചില രാഷ്ട്രീയ പ്രവർത്തകരും ഈ ഭീഷണി നേരിയതാണെങ്കിൽപ്പോലും തള്ളിക്കളായാനാകാത്ത ഒന്നാണെന്നു കരുതുന്നു.”
ആഗോള വിപത്തിന് ഇടയാക്കാൻ പോന്ന വലുപ്പത്തിലുള്ള ഏതാണ്ട് 2,000 ആകാശിക വസ്തുക്കൾ ഭൂമിയുടെ ഭ്രമണപഥത്തെ ഛേദിക്കുന്നതോ അതിനോട് അടുത്തു വരുന്നതോ ആയ പഥങ്ങളിലൂടെ മുമ്പോട്ടു കുതിക്കുന്നുണ്ടെന്നു ചില ബഹിരാകാശ ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. ഇവയിൽ താരതമ്യേന ചെറിയ ഒരെണ്ണം പോലും ഭൂമിയുമായി കൂട്ടിയിടിച്ചാൽ ഉണ്ടായേക്കാവുന്ന സ്ഫോടനത്തിന്റെ ശക്തി നിരവധി അണ്വായുധങ്ങൾ ഒന്നിച്ചു പൊട്ടിത്തെറിക്കുമ്പോഴത്തേതിനു തുല്യമായിരിക്കും എന്നാണ് ഗവേഷകർ പറയുന്നത്. അതിന്റെ ആഘാതം നമ്മുടെ ഗ്രഹത്തിനും അതിലെ നിവാസികൾക്കും, അതായത് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ, വിപത്കരം ആയിരിക്കും.
ഇത്തരം പേടിപ്പെടുത്തുന്ന പ്രവചനങ്ങളും കണക്കുകൂട്ടലുകളും നടത്തുന്നതിനിടയിൽ ആളുകൾ മിക്കപ്പോഴും ഒരാളുടെ അഭിപ്രായം മാത്രം അവഗണിക്കുന്നു, പ്രപഞ്ച സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ. (സങ്കീർത്തനം 8:3; സദൃശവാക്യങ്ങൾ 8:27) മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യവും അഭിലാഷവും അവൻ ബൈബിളിൽ വ്യക്തമായി നൽകിയിട്ടുണ്ട്. നമ്മുടെ ഭൂലോകം ഒരു പ്രാപഞ്ചിക വിപത്തിനാൽ നശിപ്പിക്കപ്പെടാൻ അവൻ അനുവദിക്കുമോ?
ദിവ്യ നിയന്ത്രണത്തിൻ കീഴിലുള്ള ഒരു പ്രപഞ്ചം
യഹോവ പ്രഞ്ചത്തിന്റെ സർവശക്തനായ സ്രഷ്ടാവായതുകൊണ്ട് ആകാശ ഗോളങ്ങളെ നിയന്ത്രിക്കുന്ന ബലങ്ങളുടെ മേൽ പൂർണമായ നിയന്ത്രണം ചെലുത്താനുള്ള കഴിവ് അവനുണ്ടെന്ന് നിഗമനം ചെയ്യുന്നത് ന്യായയുക്തമാണ്. യഹോവ “വിവേകത്താൽ . . . ആകാശത്തെ ഉറപ്പിച്ചു” എന്ന് ജ്ഞാനിയായ ശലോമോൻ രാജാവ് പറയുകയുണ്ടായി. (സദൃശവാക്യങ്ങൾ 3:19) ദൈവം “തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു” എന്ന് യിരെമ്യാ പ്രവാചകൻ ഘോഷിച്ചു.—യിരെമ്യാവു 51:15.
നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, വാൽനക്ഷത്രങ്ങൾ, ഛിന്നഗ്രഹങ്ങൾ തുടങ്ങിയ ആകാശിക ഗോളങ്ങളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ബലങ്ങളും യഹോവ സ്ഥാപിച്ചിട്ടുണ്ട്. (യെശയ്യാവു 40:26) എങ്കിലും, തന്റെ നിരന്തര ഇടപെടലില്ലാതെ തന്നെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അവയുടെ ആലങ്കാരിക ജനനത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും സ്വാഭാവിക പരിവൃത്തിയിലൂടെ കടന്നുപോകാൻ അവൻ അനുവദിക്കുന്നതായി കാണപ്പെടുന്നു. ആകാശ ഗോളങ്ങളുടെ ശക്തമായ കൂട്ടിയിടികൾ ഇതിൽ ഉൾപ്പെടും. അടുത്ത കാലത്ത്, 1994 ജൂലൈയിൽ ഷൂമേക്കർ ലെവി എന്ന വാൽനക്ഷത്രത്തിന്റെ ശകലങ്ങൾ വ്യാഴവുമായി കൂട്ടിയിടിച്ചത് ഇതിന് ഒരു ഉദാഹരണമാണ്.
മനുഷ്യൻ അസ്തിത്വത്തിൽ വരുന്നതിനു മുമ്പ് ബഹിരാകാശത്തു നിന്നു വലിയ പാറക്കഷണങ്ങൾ ഭൂമിമേൽ പതിച്ചതിനു ഭൂവിജ്ഞാനപരമായ തെളിവുകൾ ഉണ്ട്. എന്നാൽ മനുഷ്യവാസമുള്ള നമ്മുടെ ഗ്രഹത്തിൽ എപ്പോഴെങ്കിലും അങ്ങനെ ഒരു സംഭവം ഉണ്ടാകുമോ? ഉദാഹരണത്തിന് 1.5 കിലോമീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം നമ്മുടെ ഭൂമിയുമായി കൂട്ടിയിടിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? അങ്ങനെ സംഭവിച്ചാൽ ഹിരോഷിമയെ തകർത്തു തരിപ്പണമാക്കിയ ബോംബിന്റെ ഏതാണ്ട് 2 ദശലക്ഷം മടങ്ങ് ഊർജം സ്വതന്ത്രമാക്കപ്പെടുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞനായ ജാക്ക് ഹിൽസ് പ്രവചിക്കുന്നു. അത് സമുദ്രത്തിന്മേൽ പതിച്ചാൽ കൂറ്റൻ തിരമാലകൾ തീരപ്രദേശങ്ങളെ വിഴുങ്ങും. “നഗരങ്ങൾ വെറും ചെളിപ്രദേശങ്ങളായി മാറും” എന്ന് ഹിൽസ് പറയുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന പ്രവചനം മനുഷ്യവംശം ഉന്മൂലനം ചെയ്യപ്പെടും എന്നതാണ്. ഈ വിനാശദിന പ്രവചനം ഭൂമിയെ കുറിച്ചുള്ള സ്രഷ്ടാവിന്റെ ഹിതവുമായി ചേർച്ചയിലാണോ? യഹോവയുടെ ഉദ്ദേശ്യത്തിൽ നമ്മുടെ ഗ്രഹത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ബൈബിൾ കാണിക്കുന്നു.
നമ്മുടെ ഭൂമി—ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടത്
നമ്മുടെ ഗ്രഹത്തെ കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.” (സങ്കീർത്തനം 115:16) യെശയ്യാവു യഹോവയെ ‘ഭൂമിയെ നിർമ്മിച്ചുണ്ടാക്കിയവൻ . . . അതിനെ ഉറപ്പിച്ചവൻ; വ്യർഥമായിട്ടല്ല . . . പാർപ്പിനായി അതിനെ നിർമ്മിച്ചവൻ’ എന്നു വർണിക്കുന്നു. (യെശയ്യാവു 45:18) യഹോവ മനുഷ്യർക്ക് അവകാശമായി നൽകിയ ഒന്നാണ് ഭൂമി. ദൈവഭയമുള്ള മനുഷ്യർക്ക് ഒരു നിത്യഭാവി നൽകാൻ നമ്മുടെ സ്രഷ്ടാവ് ഉദ്ദേശിച്ചിട്ടുള്ളതുകൊണ്ട് ഭൂമി എന്നേക്കും അവരുടെ ഭവനമായി നിലകൊള്ളും. സങ്കീർത്തനം 104:5 നമുക്ക് ഇങ്ങനെ ഉറപ്പു നൽകുന്നു: “[യഹോവ] ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.”
മനുഷ്യർ കൂട്ടത്തോടെ മരിക്കാൻ ഇടയാക്കിയിരിക്കുന്ന തരം കൊടും വിപത്തുകൾ നമ്മുടെ ഗ്രഹത്തിൽ സംഭവിക്കാൻ ദൈവം അനുവദിച്ചിട്ടുണ്ട്. ഇവയിൽ ചിലതായ യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, സാംക്രമിക രോഗങ്ങൾ തുടങ്ങിയവയുടെ കാരണങ്ങൾ പൂർണമോ ഭാഗികമോ ആയി മനുഷ്യരുടെ അത്യാഗ്രഹവും ബുദ്ധിഹീനതയും ക്രൂരതയും ഒക്കെയാണ്. (സഭാപ്രസംഗി 8:9) ഭൂകമ്പങ്ങൾ, അഗ്നിപർവത സ്ഫോടനങ്ങൾ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിങ്ങനെയുള്ള മറ്റു വിപത്തുകൾ മനുഷ്യർക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത പ്രാകൃതിക പ്രതിഭാസങ്ങളുടെ ഫലമാണ്. ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിനു വിരുദ്ധമായി മനുഷ്യവർഗം അപൂർണരായിത്തീർന്നു, അവർ പാപപൂർണരാണ്. അതുകൊണ്ട് പ്രകൃതിവിപത്തുക്കളിൽ നിന്ന് നമുക്ക് ഇന്ന് വ്യക്തിപരമായ ദിവ്യസംരക്ഷണം പ്രതീക്ഷിക്കാൻ കഴിയില്ല.
എങ്കിലും ഭൂമിയിലെ മനുഷ്യന്റെ അസ്തിത്വത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന വിപത്തുകൾ സംഭവിക്കാൻ യാതൊരു കാരണവശാലും യഹോവ അനുവദിച്ചിട്ടില്ല. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതു മുതൽ മുഴു മനുഷ്യവർഗത്തിന്റെയും അസ്തിത്വത്തെ അപകടപ്പെടുത്തുന്ന ഒരു പ്രകൃതി വിപത്തു സംഭവിച്ചിട്ടുള്ളതിന് സ്ഥിരീകരിക്കപ്പെട്ട ചരിത്രത്തിൽ യാതൊരു രേഖയുമില്ല.a
മനുഷ്യവർഗത്തിന്റെ അതിജീവനം ഉറപ്പാക്കപ്പെട്ടിരിക്കുന്നു
മാനവ ചരിത്രത്തിന്റെ ആരംഭം മുതൽ മനുഷ്യരെ കുറിച്ചുള്ള നമ്മുടെ സ്രഷ്ടാവിന്റെ ഉദ്ദേശ്യം അവർ ‘ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി വാഴണം’ എന്നതായിരുന്നു. (ഉല്പത്തി 1:28; 9:1) “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന് അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. (സങ്കീർത്തനം 37:9, 11, 22, 29) തന്റെ വാഗ്ദാനങ്ങളെ കുറിച്ച് യഹോവ ഇങ്ങനെ ഉറപ്പു നൽകുന്നു: “എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും.”—യെശയ്യാവു 46:10; 55:11; സങ്കീർത്തനം 135:6.
ഭൂമിയിൽ പ്രാപഞ്ചിക പ്രതിഭാസത്തിന്റെ ഫലമായി ചെറിയ തോതിൽ വിപത്തുണ്ടാകാനുള്ള സാധ്യതയെ ബൈബിൾ പൂർണമായി തള്ളിക്കളയുന്നില്ല. എങ്കിലും ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ച് അവൻ അരുളിച്ചെയ്തിരിക്കുന്ന ഉദ്ദേശ്യത്തെ തകിടംമറിക്കുന്ന പ്രാപഞ്ചിക വിപത്തുകൾ സംഭവിക്കാൻ യഹോവ അനുവദിക്കുകയില്ലെന്ന് ഉറപ്പാണ്. ബൈബിൾ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ ഗ്രഹം എന്നെന്നും വാസയോഗ്യമായിരിക്കും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അതേ, ഭൂമി എന്നേക്കും മനുഷ്യവർഗത്തിന്റെ ഭവനമായിരിക്കും!—സഭാപ്രസംഗി 1:4; 2 പത്രൊസ് 3:13.
[അടിക്കുറിപ്പ്]
a നോഹയുടെ കാലത്തെ ജലപ്രളയം ഒരു ദിവ്യ വധനിർവഹണം ആയിരുന്നു, എന്നാൽ ചില മനുഷ്യരുടെയും മൃഗങ്ങളുടെയും അതിജീവനം യഹോവ ഉറപ്പു വരുത്തി.—ഉല്പത്തി 6:17-21.