സമാധാനസ്ഥാപകരോ അതോ യുദ്ധക്കൊതിയന്മാരോ?
“ഒരു ക്രിസ്ത്യാനി യുദ്ധങ്ങളിൽ പങ്കെടുക്കാൻ പാടില്ല.” ആ പ്രസ്താവന യുദ്ധത്തെ കുറിച്ചുള്ള ആദിമ ക്രിസ്ത്യാനികളുടെ വീക്ഷണത്തെ സംക്ഷേപിക്കുന്നതായി ലോക സഭാ സമിതി പ്രസിദ്ധീകരിക്കുന്ന എക്കോസ് എന്ന മാസികയിൽ ടോക്കോയും മാലൂസി മ്പുൽവാനായും പറയുന്നു. “ക്രൈസ്തവ സഭ രാഷ്ട്രീയ ഭരണകൂടങ്ങളുമായി സഖ്യത്തിലായശേഷം” മാത്രമാണ് സഭ “യുദ്ധത്തിന്റെ ആവശ്യകതയെ അംഗീകരി”ക്കാൻ തുടങ്ങിയത് എന്ന് അവർ കൂട്ടിച്ചേർത്തു. ഫലം എന്തായിരുന്നു? യുഗങ്ങളിലുടനീളം ക്രൈസ്തവലോകം യുദ്ധങ്ങളെ പിന്തുണച്ചിരിക്കുന്നു എന്നതു വളരെ വ്യക്തമായിത്തീർന്നിരിക്കുന്നു. അതുമൂലം രണ്ടാം ലോക മഹായുദ്ധം അവസാനിച്ചശേഷം ജപ്പാനിലെ യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റിന് “രണ്ടാം ലോകമഹായുദ്ധത്തിന് ഉത്തരവാദിയായതിന്” ഔദ്യോഗികമായി ഒരു “കുറ്റസമ്മതപത്രം” പുറത്തിറക്കേണ്ടത് ആവശ്യമായി തോന്നി.
ഇന്ന്, ആ യുദ്ധം അവസാനിച്ച് ഏതാണ്ട് 50 വർഷം പിന്നിട്ട ശേഷവും യുദ്ധോത്സുകരെന്ന ക്രൈസ്തവലോകത്തിന്റെ ദുഷ്കീർത്തിക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ല. “ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം യുദ്ധത്തെ പിന്താങ്ങുന്ന വാദമുഖങ്ങളെ ശക്തമായി നിഷേധിക്കുകയും ക്രിസ്തുവിന്റെ സ്നേഹത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് നമ്മോടു ചോദിച്ചാൽ നമുക്ക് . . . ഇനിയും പലതും ഏറ്റു പറയേണ്ടി വരും” എന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഡോ. റോജർ വില്ല്യംസൺ സമ്മതിച്ചു പറയുന്നു. “തർക്കങ്ങൾ പരിഹരിക്കാനുള്ള മാർഗമെന്ന നിലയിൽ യുദ്ധത്തെ വീക്ഷിക്കുന്നത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലും അവൻ വെച്ച മാതൃകയുമായി യോജിക്കുന്നില്ല” എന്ന് 1948-ൽ ലോക സഭാ സമിതി പ്രഖ്യാപിച്ചെങ്കിലും ക്രൈസ്തവലോകത്തിലെ സഭകൾ മിക്കപ്പോഴും “മതഭ്രാന്തും അസഹിഷ്ണുതയും” ഇളക്കിവിട്ടിരിക്കുന്നതായും “മനുഷ്യ സ്വാതന്ത്ര്യം വിലക്കപ്പെടുന്നതിനും ഏറ്റുമുട്ടലുകൾ രൂക്ഷമാകുന്നതിനും” കാരണക്കാർ ആയിരിക്കുന്നതായും വില്യംസൺ അഭിപ്രായപ്പെടുന്നു. “മതം . . . മിക്കപ്പോഴും ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനല്ല മറിച്ച് അവയുടെ ജ്വാല ആളിക്കത്തിക്കാനാണ് ഉതകുന്നത്” എന്ന് അദ്ദേഹം നിഗമനം ചെയ്തതിൽ അതിശയിക്കാനില്ല.
മുൻ യൂഗോസ്ലാവിയയെ പിച്ചിച്ചീന്തിയ യുദ്ധം ഇതിന് നല്ല ഒരു ഉദാഹരണമാണ്. അനീതിയും ക്രൂരതയും നടമാടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ആ രാജ്യത്തെ ഏറ്റുമുട്ടലിന്റെ കാര്യത്തിൽ ഒരു ഏകീകൃത നിലപാടു സ്വീകരിക്കുന്നതിൽ സഭകൾക്കു വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കാരണം? തമ്മിൽ ക്രിസ്തീയ ബന്ധമുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും സെർബിയൻ വൈദികരും ക്രൊയേഷ്യൻ വൈദികരും തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയക്കാരെ പോലെതന്നെ ഭിന്നിച്ചു നിൽക്കുകയാണ് എന്ന് ഡോ. വില്ല്യംസൺ പറയുന്നു. അവിടെയും മറ്റിടങ്ങളിലും കത്തോലിക്കരും ഓർത്തഡോക്സുകാരും പ്രൊട്ടസ്റ്റന്റുകാരും ഉൾപ്പെടുന്ന ക്രൈസ്തവലോകത്തിലെ പുരോഹിതവർഗം സമാധാനം സ്ഥാപിക്കുന്നതിനു പകരം “സ്വന്തം സൈന്യത്തിന്റെ പക്ഷം പിടിക്കുക”യാണു ചെയ്യുന്നത്. ലോക സഭാ സമിതിയിൽ 300-ൽ അധികം സഭകൾ ഇപ്പോൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും “അതിശയകരമെന്നു പറയട്ടെ, യഥാർഥത്തിൽ . . . സമാധാനം സ്ഥാപിക്കുന്ന സഭകൾ കണ്ടെത്താൻ പ്രയാസമാണ്” എന്നു ഡോ. വില്ല്യംസൺ സമ്മതിക്കുന്നു.
അതെ, കണ്ടെത്താൻ പ്രയാസംതന്നെ. എന്നാൽ അനുരജ്ഞനത്തെ കുറിച്ചു സംസാരിക്കുക മാത്രം ചെയ്യുന്ന ലോക സഭാ സമിതിയിലെ അംഗ സഭകളിൽനിന്നു വ്യത്യസ്തമായി മുമ്പു വിഭിന്ന മതങ്ങളിൽ അംഗങ്ങളായിരുന്നവരെ അനുരജ്ഞനപ്പെടുത്തുന്നതിലും സത്യ ക്രിസ്ത്യാനികളായി തീരാൻ സഹായിക്കുന്നതിലും വിജയിച്ചിട്ടുള്ള ഒരു മതം ഉണ്ട്. ഇന്ന്, ദൈവത്തോടുള്ള അവരുടെ സ്നേഹവും “എല്ലാവരോടും സമാധാനം ആചരി”ക്കാനുള്ള അവരുടെ ആഗ്രഹവും നിമിത്തം 233 രാജ്യങ്ങളിലെ 58 ലക്ഷത്തിൽ അധികം വരുന്ന യഹോവയുടെ സാക്ഷികൾ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നു. ഏഷ്യയിലോ മധ്യ പൗരസ്ത്യ ദേശങ്ങളിലോ മുൻ യൂഗോസ്ലാവിയയിലോ ലാറ്റിൻ അമേരിക്കയിലോ വടക്കൻ അയർലൻഡിലോ റുവാണ്ടയിലോ നടന്നിട്ടുള്ള യുദ്ധങ്ങളിലൊന്നും അവർ പങ്കെടുത്തിട്ടില്ല. (എബ്രായർ 12:14; മത്തായി 22:36-38) പകരം അവർ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തുകൊണ്ടും മേലാൽ യുദ്ധം അഭ്യസിക്കാതിരുന്നുകൊണ്ടും’ ബൈബിൾ പ്രവചനം നിവർത്തിക്കുന്നു.—മീഖാ 4:3.
[31-ാം പേജിലെ ചിത്രം]
ആഫ്രിക്കയിലെ ചില യഹോവയുടെ സാക്ഷികൾ അഭയാർഥികളായി തീർന്നിരിക്കുന്നു, ചിലർക്ക് തങ്ങളുടെ നിഷ്പക്ഷ നിലപാടു നിമിത്തം കഠിന മർദനം ഏൽക്കേണ്ടതായി വന്നിട്ടുണ്ട്