അതിന് യഥാർഥത്തിൽ ഒരു ആരംഭം ഉണ്ടായിരുന്നോ?
യുഗങ്ങളിലുടനീളം പലരും താരനിബിഡമായ ആകാശത്തെ നോക്കി അത്ഭുതം കൂറിയിട്ടുണ്ട്. വിസ്മയാവഹമായ പ്രപഞ്ചത്തിന്റെ വലിപ്പവും മനോഹാരിതയും നമ്മിൽ ഭയാദരവുണർത്തുന്നു. ആരാണ് അല്ലെങ്കിൽ എന്താണ് ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്? പ്രപഞ്ചം അസ്തിത്വത്തിൽ വന്നതിന്റെ കാരണം എന്താണ്? അത് എക്കാലവും അസ്തിത്വത്തിലുണ്ടായിരുന്നോ? അതോ അതിന് ഒരു ആരംഭം ഉണ്ടായിരുന്നു എന്നതാണോ വസ്തുത?
ജ്യോതിശ്ശാസ്ത്ര പ്രൊഫസർ ഡേവിഡ് എൽ. ബ്ലോക്ക് ഇങ്ങനെ എഴുതി: “പ്രപഞ്ചം എന്നും ഉണ്ടായിരുന്നില്ല—അതിന് ഒരു ആരംഭം ഉണ്ടായിരുന്നു—എന്നുള്ളത് എപ്പോഴും സ്വീകരിക്കപ്പെട്ടിരുന്ന ഒരു ആശയം ആയിരുന്നില്ല.” എങ്കിലും സമീപ ദശകങ്ങളിൽ, പ്രപഞ്ചത്തെ കുറിച്ചു പഠിക്കുന്ന മിക്കവരെയും അതിന് യഥാർഥത്തിൽ ഒരു ആരംഭമുണ്ടായിരുന്നു എന്നു വിശ്വസിക്കാൻ തെളിവുകൾ നിർബന്ധിതരാക്കിയിട്ടുണ്ട്. “ദ്രവ്യത്തെ നാലുപാടും ചിതറിച്ചുകൊണ്ടുള്ള ഒരു മഹാസ്ഫോടനത്തോടെയായിരുന്നു പ്രപഞ്ചത്തിന്റെ ആരംഭം എന്ന് ഇന്നത്തെ ഏതാണ്ട് എല്ലാ ജ്യോതിർഭൗമിക ശാസ്ത്രജ്ഞരും നിഗമനം ചെയ്യു”ന്നതായി 1997-ലെ യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു.
പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ സിദ്ധാന്തത്തെ കുറിച്ച് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ജ്യോതിശ്ശാസ്ത്ര, ഭൂഗർഭ പ്രൊഫസറായ റോബർട്ട് ജാസ്ട്രോ ഇങ്ങനെ എഴുതി: “ഈ സംഭവം—പ്രപഞ്ചത്തിന്റെ പെട്ടെന്നുള്ള ഉത്ഭവം—തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര വസ്തുതയായി മാറുമെന്നു ജ്യോതിശ്ശാസ്ത്രജ്ഞരിൽ അധികമാരും വിചാരിച്ചു കാണില്ല. എന്നാൽ ദൂരദർശിനികൾ ഉപയോഗിച്ചു നടത്തിയ വാനനിരീക്ഷണം അങ്ങനെയൊരു നിഗമനത്തിൽ എത്താൻ അവരെ നിർബന്ധിതരാക്കിയിരിക്കുന്നു.”
“പ്രപഞ്ചത്തിന്റെ പെട്ടെന്നുള്ള ഉത്ഭവം” വാസ്തവമായും “തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര വസ്തുത”യാണോ? ആണ് എന്ന നിഗമനത്തിൽ എത്തിച്ചേരാൻ ഇടയാക്കിയ തെളിവുകൾ നമുക്കു പരിശോധിക്കാം.
ആരംഭം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവ്
1916-ൽ പ്രസിദ്ധപ്പെടുത്തിയ ആൽബർട്ട് ഐൻസ്റ്റൈന്റെ പൊതു ആപേക്ഷിക സിദ്ധാന്തം, പ്രപഞ്ചം വികസിക്കുകയോ സങ്കോചിക്കുകയോ ചെയ്യുന്നുണ്ട് എന്നു സൂചിപ്പിച്ചു. എന്നാൽ അത് അന്നത്തെ അംഗീകരിക്കപ്പെട്ട വീക്ഷണത്തിനു തികച്ചും വിരുദ്ധമായിരുന്നു. ഐൻസ്റ്റൈൻ ഉൾപ്പെടെ അന്നത്തെ ആളുകൾ വിശ്വസിച്ചിരുന്നത് പ്രപഞ്ചം സ്ഥിരമാണ് എന്നായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ ഗണനങ്ങളിൽ ഒരു പുതിയ ഘടകം ഉൾപ്പെടുത്തി. “പ്രാപഞ്ചിക സ്ഥിരസംഖ്യ” എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. തന്റെ സിദ്ധാന്തത്തെ, പ്രപഞ്ചം സ്ഥിരമായ, മാറ്റമില്ലാതെ നിലകൊള്ളുന്ന ഒന്നാണ് എന്ന അംഗീകരിക്കപ്പെട്ട വിശ്വാസവുമായി യോജിപ്പിൽ കൊണ്ടുവരുന്നതിനുള്ള ഒരു ശ്രമമായിരുന്നു ഈ പൊരുത്തപ്പെടുത്തൽ.
എന്നാൽ 1920-കളിൽ ലഭിച്ച അസംഖ്യം തെളിവുകൾ, ആപേക്ഷിക സിദ്ധാന്തത്തിൽ താൻ വരുത്തിയ പൊരുത്തപ്പെടുത്തലിനെ “ആനമണ്ടത്തരം” എന്നു വിശേഷിപ്പിക്കുന്നതിന് ഐൻസ്റ്റൈനെ പ്രേരിപ്പിച്ചു. 254 സെന്റിമീറ്റർ നീളമുള്ള ഒരു കൂറ്റൻ ദൂരദർശിനി കാലിഫോർണിയയിലെ മൗണ്ട് വിൽസണിൽ സ്ഥാപിച്ചതോടെയാണ് ഈ തെളിവുകൾ ലഭിച്ചു തുടങ്ങിയത്. 1920-കളിൽ ആ ദൂരദർശിനിയിലൂടെ നടത്തിയ നിരീക്ഷണങ്ങൾ പ്രപഞ്ചം വികസിക്കുകയാണ് എന്നു തെളിയിച്ചു!
പണ്ട്, ഏറ്റവും വലിയ ദൂരദർശിനികളിലൂടെ നോക്കിയാൽ പോലും നമ്മുടെ ക്ഷീരപഥ താരാപംക്തിയിൽ മാത്രമുള്ള ഒറ്റപ്പെട്ട നക്ഷത്രങ്ങളെയാണു കാണാൻ സാധിച്ചിരുന്നത്. നെബുലകൾ എന്നു വിളിക്കപ്പെട്ട അവ്യക്തമായ പ്രകാശപടലങ്ങൾ നിരീക്ഷകരുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും അവ നമ്മുടെ താരാപംക്തിയിലെതന്നെ വാതകരൂപത്തിലുള്ള ദ്രവ്യത്തിന്റെ ചുഴികൾ ആണെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽ ശക്തിയേറിയ മൗണ്ട് വിൽസൺ ദൂരദർശിനിയുടെ സഹായത്താൽ എഡ്വിൻ ഹബിൾ ഈ നെബുലകളിലും ഒറ്റപ്പെട്ട നക്ഷത്രങ്ങളെ കണ്ടെത്തി. അവ്യക്തമായ ഈ പ്രകാശ പടലങ്ങൾ നമ്മുടെ ക്ഷീരപഥ താരാപംക്തി പോലെയുള്ള താരാപംക്തികൾ തന്നെയാണെന്ന് ഒടുവിൽ തിരിച്ചറിഞ്ഞു. സഹസ്ര കോടി കണക്കിനു നക്ഷത്രങ്ങൾ വീതമുള്ള 5000 കോടി മുതൽ 12500 കോടി വരെ താരാപംക്തികൾ ഉണ്ടെന്ന് ഇപ്പോൾ കണക്കാക്കപ്പെടുന്നു!
1920-കളുടെ അവസാനത്തിൽ, ഈ താരാപംക്തികൾ നമ്മിൽനിന്ന് അകന്നു പോകുകയാണെന്നും അകലുംതോറും അവയുടെ പിൻവാങ്ങൽ വേഗം വർധിക്കുകയാണെന്നും ഹബിൾ കണ്ടെത്തി. ജ്യോതിശ്ശാസ്ത്രജ്ഞർ താരാപംക്തിയുടെ പിൻവാങ്ങൽ തോത് കണക്കാക്കുന്നത്, ജ്യോതിർവസ്തുക്കളിൽനിന്നുള്ള പ്രകാശ സ്പെക്ട്രം (വർണരാജി) അളക്കുന്ന ഒരു സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ്. ദൂരത്തുള്ള നക്ഷത്രങ്ങളിൽനിന്നു വരുന്ന പ്രകാശം പ്രിസത്തിലൂടെ കടത്തിവിടുമ്പോൾ അത് ഘടകവർണങ്ങളായി വികീർണനം ചെയ്യപ്പെടുന്നു.
നിരീക്ഷകനിൽനിന്നും അകന്നുപോകുന്ന, ഒരു വസ്തുവിൽനിന്നുള്ള പ്രകാശം ചുവപ്പു കലർന്നതായിരിക്കും. അതിനെ റെഡ്ഷിഫ്റ്റഡ് അഥവാ ‘ചുവപ്പുനീക്ക’മുള്ളത് എന്നു വിളിക്കുന്നു. നേരെമറിച്ച്, സമീപിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽനിന്നുള്ള പ്രകാശത്തെ ബ്ലൂഷിഫ്റ്റഡ് അഥവാ ‘നീലനീക്ക’മുള്ളത് എന്നു വിളിക്കുന്നു. ശ്രദ്ധേയമായി, അടുത്തുള്ള ഏതാനും താരാപംക്തികളുടെ കാര്യമൊഴിച്ചാൽ അറിയപ്പെടുന്ന എല്ലാ താരാപംക്തികൾക്കും ഉള്ളത് ‘ചുവപ്പുനീക്ക’മുള്ള സ്പെക്ട്രൽ രേഖകളാണ്. അതുകൊണ്ട് പ്രപഞ്ചം ക്രമമായ വിധത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നു ശാസ്ത്രജ്ഞർക്ക് ഉറപ്പായിരിക്കുന്നു. സ്പെക്ട്രൽ രേഖകൾ എത്രത്തോളം ‘ചുവപ്പുനീക്ക’മുള്ളതാണെന്ന് അളന്നാണ് ആ വികസന നിരക്കു നിർണയിക്കുന്നത്.
പ്രപഞ്ചം വികസിക്കുകയാണ് എന്ന വസ്തുത ഏതു നിഗമനത്തിൽ എത്തിച്ചേരാൻ സഹായിച്ചിരിക്കുന്നു? ഈ പ്രക്രിയയുടെ നേർ വിപരീതമായ ഒന്ന് ഭാവനയിൽ കാണാൻ ഒരു ശാസ്ത്രജ്ഞൻ ആളുകളെ പ്രോത്സാഹിപ്പിച്ചു. മറ്റു വിധത്തിൽ പറഞ്ഞാൽ, പ്രപഞ്ചത്തിന്റെ മുൻകാല ചരിത്രം കാണാനായി വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ കുറിച്ചുള്ള ഒരു സിനിമ പുറകോട്ടു പ്ലേ ചെയ്തു കാണുന്നതു വിഭാവന ചെയ്യുക. അങ്ങനെ, വികസിച്ചുകൊണ്ടിരിക്കുന്നതിനു പകരം പ്രപഞ്ചം സങ്കോചിച്ചു സങ്കോചിച്ചു ചെറുതാകുന്നതു കാണാം. ഒടുവിൽ അത് ആദിബിന്ദുവിൽ ചെന്നെത്തുന്നു.
1993-ൽ പ്രസിദ്ധീകരിച്ച തമോഗർത്തങ്ങളും കുട്ടിപ്രപഞ്ചങ്ങളും മറ്റ് ഉപന്യാസങ്ങളും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പ്രമുഖ ഊർജതന്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് “പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടായിരുന്നതായി പ്രവചിക്കാൻ ശാസ്ത്രത്തിനു കഴിയും” എന്നു നിഗമനം ചെയ്തു.
എന്നാൽ പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടായിരുന്നു എന്ന് ഏതാനും വർഷങ്ങൾക്കു മുമ്പുവരെ പലരും വിശ്വസിച്ചിരുന്നില്ല. ‘മഹാസ്ഫോടന’ത്തിലൂടെയാണു പ്രപഞ്ചം അസ്തിത്വത്തിൽ വന്നത് എന്ന ആശയത്തോടു വിയോജിപ്പു പ്രകടിപ്പിച്ച ഒരു പ്രശസ്ത ശാസ്ത്രജ്ഞനാണു ഫ്രെഡ് ഹോയ്ൽ. ‘മഹാസ്ഫോടനം’ എന്ന് അദ്ദേഹം ആ സിദ്ധാന്തത്തെ വിശേഷിപ്പിച്ചതുതന്നെ പരിഹാസത്തോടെയാണ്. ഇത്രയ്ക്കു ശക്തമായ സ്ഫോടനത്താൽ ഉണ്ടായതാണു പ്രപഞ്ചം എങ്കിൽ അതിനുള്ള നേരിയ തെളിവെങ്കിലും പ്രപഞ്ചത്തിൽ അവശേഷിച്ചിട്ടുണ്ടായിരിക്കണം എന്നു മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ഹോയ്ൽ വാദിച്ചു. വികിരണത്തിന്റെ ഒരു ശേഷിപ്പ് അല്ലെങ്കിൽ നേർത്ത സ്ഫുലിംഗം ബഹിരാകാശത്തു തങ്ങിനിൽക്കുന്നുണ്ടാകണം. അത്തരം പശ്ചാത്തല-വികിരണത്തിനു വേണ്ടിയുള്ള അന്വേഷണം എന്തായിരുന്നു വെളിപ്പെടുത്തിയത്?
ഏതാണ്ട് 1965-ൽ, “ജ്യോതിശ്ശാസ്ത്രജ്ഞരായ ആർനോ പെൻസിയാസും റോബർട്ട് വിൽസനും സർവവ്യാപകമായ ആ പശ്ചാത്തല-വികിരണം, അതായത് ആദ്യ സ്ഫോടനത്തിന്റെ ശേഷിപ്പ് കണ്ടെത്തി”യതായി 1998 മാർച്ച് 8-ലെ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. ലേഖനം ഇങ്ങനെ കൂട്ടിച്ചേർത്തു: “[മഹാസ്ഫോടന] സിദ്ധാന്തം സ്ഥിരീകരിക്കപ്പെട്ടതുപോലെ തോന്നുന്നു.”
എന്നാൽ പെൻസിയാസിന്റെയും വിൽസന്റെയും കണ്ടുപിടിത്തത്തെ തുടർന്നുള്ള വർഷങ്ങളിൽ ചിലർ ഒരു ചോദ്യം ഉയർത്തുകയുണ്ടായി. മഹാസ്ഫോടന സിദ്ധാന്തം ശരിയാണെങ്കിൽ വികിരണ സംജ്ഞകളിൽ നേരിയ വ്യതിയാനങ്ങൾ പോലും നിരീക്ഷിക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ട്? താരാപംക്തികൾ രൂപംകൊള്ളണമെങ്കിൽ ദ്രവ്യത്തിനു സംയോജിക്കാൻ കഴിയുന്ന, ശീതളവും സാന്ദ്രതയേറിയതും ആയ ഇടങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടായിരിക്കണമായിരുന്നു എന്നുള്ളതുകൊണ്ട് വികിരണങ്ങളിൽ വ്യതിയാനങ്ങൾ ദർശിക്കേണ്ടതായിരുന്നു. എന്നാൽ പെൻസിയാസും വിൽസനും ഭൂമിയിൽനിന്ന് പരീക്ഷണങ്ങൾ നടത്തിയതുകൊണ്ടായിരുന്നു അവർക്ക് ആ വ്യതിയാനങ്ങൾ കാണാൻ സാധിക്കാഞ്ഞത്.
അതുകൊണ്ട്, 1989 നവംബറിൽ ഐക്യനാടുകളിലെ നാഷണൽ എയ്റോനോട്ടിക്ക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ ബഹിരാകാശത്തേക്കു കോസ്മിക്ക് ബാക്ക്ഗ്രൗണ്ട് എക്സ്പ്ലോറർ (സിഒബിഇ) എന്ന ഉപഗ്രഹം വിക്ഷേപിച്ചു. ‘വിസ്മയാവഹം’ എന്നാണ് അതിന്റെ കണ്ടെത്തലുകളെ വിശേഷിപ്പിച്ചത്. പ്രൊഫസർ ബ്ലോക്ക് ഇങ്ങനെ വിവരിച്ചു: “സിഒബിഇ-യിൽ സ്ഥാപിച്ച ഡിഫറൻഷ്യൽ മൈക്രോവേവ് റേഡിയോമീറ്റർ രേഖപ്പെടുത്തിയ തരംഗങ്ങൾ നമ്മുടെ പ്രപഞ്ചത്തിൽ ഇപ്പോഴുമുള്ള, ശതകോടിക്കണക്കിനു വർഷം മുമ്പ് താരാപംക്തികൾ രൂപം കൊള്ളുന്നതിന് ഇടയാക്കിയ അതേ വ്യതിയാനങ്ങൾ തന്നെയാണ്.”
തെളിവു സൂചിപ്പിക്കുന്നത്
പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടായിരുന്നു എന്ന വസ്തുതയിൽനിന്നു നമുക്ക് എന്തു നിഗമനം ചെയ്യാൻ സാധിക്കും? റോബർട്ട് ജസ്റ്റോവ് പറഞ്ഞു: “വേണമെങ്കിൽ നിങ്ങൾക്ക് അതിനെ മഹാസ്ഫോടനം എന്നു വിളിക്കാം, എന്നാൽ അതേസമയംതന്നെ നിങ്ങൾക്ക് അതിനെ സൃഷ്ടിപ്പു നടന്ന നിമിഷം എന്നും കൃത്യതയോടെ വിളിക്കാവുന്നതാണ്.” പശ്ചാത്തല-വികിരണത്തിന്റെ കണ്ടെത്തലിൽ പങ്കുണ്ടായിരുന്ന പെൻസിയാസ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ജ്യോതിശ്ശാസ്ത്രം നമ്മെ അതുല്യമായ ഒരു സംഭവവികാസത്തിലേക്കു നയിക്കുന്നു. ഒന്നുമില്ലായ്മയിൽനിന്ന് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിലേക്ക്. സിഒബിഇ സംഘത്തിന്റെ തലവനായിരുന്ന ജോർജ് സ്മൂട്ട് അഭിപ്രായപ്പെട്ടു: “നാം കണ്ടെത്തിയിരിക്കുന്നത് പ്രപഞ്ചത്തിന്റെ ജനനത്തിനുള്ള തെളിവാണ്.”
പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടായിരുന്നെങ്കിൽ, അത് സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, അതിന് ഒരു ആരംഭകൻ അല്ലെങ്കിൽ സ്രഷ്ടാവ് ഉണ്ടായിരിക്കണം എന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമല്ലേ? ആണെന്നു പലരും കരുതുന്നു. സിഒബിഇ-യുടെ കണ്ടെത്തലുകളെ സംബന്ധിച്ച് സ്മൂട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ദൈവത്തെ കൺമുമ്പിൽ കാണുന്നതിനു സമാനമാണ് അത്.”
സമീപ ദശകങ്ങളിൽ ലഭിച്ചിരിക്കുന്ന ശാസ്ത്ര തെളിവുകളുടെയൊന്നും സഹായം കൂടാതെ തന്നെ ദശലക്ഷക്കണക്കിന് ആളുകൾ ബൈബിളിന്റെ ഈ പ്രാരംഭ വാക്കുകളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉല്പത്തി 1:1.
എങ്കിലും ബൈബിളിലെ ഈ ലളിതമായ പ്രസ്താവന അംഗീകരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നില്ല. “പ്രപഞ്ചത്തിന് ഒരു ആരംഭം, സൃഷ്ടിപ്പിന്റെ നിമിഷം, ഉണ്ടായിരുന്നു എന്ന ആശയം പല ശാസ്ത്രജ്ഞർക്കും ഇഷ്ടപ്പെട്ടില്ല” എന്ന് ഊർജതന്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് പറയുന്നു. അവർക്ക് “ആ സിദ്ധാന്തത്തിന്റെ ശാസ്ത്രേതര സൂചനകൾ ഇഷ്ടപ്പെട്ടില്ല, അവയ്ക്കു പകരം വേറെ ആശയങ്ങൾ വികസിപ്പിച്ചെടുക്കാൻ അവർ കിണഞ്ഞു പരിശ്രമിച്ചു” എന്ന് മൈക്കിൾ ജെ. ബീഹി എഴുതി.
അതുകൊണ്ട് ചോദ്യങ്ങൾ ഇവയാണ്, പ്രപഞ്ചം സ്വതേ അസ്തിത്വത്തിൽ വന്നതാണോ? അതു യാദൃച്ഛികമായി അസ്തിത്വത്തിൽ വന്നതാണോ അതോ ബുദ്ധിശാലിയായ ഒരുവനാൽ സൃഷ്ടിക്കപ്പെട്ടതാണോ? പിൻവരുന്ന തെളിവുകൾ വിജ്ഞാനപ്രദമാണ് എന്നു നിങ്ങൾ കണ്ടെത്തും.
[4, 5 പേജുകളിലെ ചിത്രങ്ങൾ]
നമ്മുടെ പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടായിരുന്നു എന്നു തെളിയിക്കാൻ മൗണ്ട് വിൽസൻ ദൂരദർശിനി സഹായിച്ചു
[കടപ്പാട്]
The Observatories of the Carnegie Institution of Washington