ഭയഗംഭീരമായ പ്രപഞ്ചം
മഹാസ്ഫോടന സിദ്ധാന്തം വിശദീകരിക്കുന്നതും വിശദീകരിക്കാത്തതും
ഓരോ പ്രഭാതവും ഒരു അത്ഭുതമാണ്. പ്രഭാത സൂര്യന്റെ ഹൃദയഭാഗത്ത്, ലക്ഷക്കണക്കിനു ഡിഗ്രി താപനിലകളിൽ, ഹൈഡ്രജൻ സംയോജിച്ച് ഹീലിയമായി മാറുന്നു. എക്സ് കിരണങ്ങളും ഗാമാ കിരണങ്ങളും അവിശ്വസനീയമായ ഊക്കോടെ സൂര്യന്റെ അകക്കാമ്പിൽനിന്നു ചുറ്റുമുള്ള പാളികളിലേക്കു പ്രവഹിക്കുന്നു. സൂര്യൻ സുതാര്യമായിരുന്നെങ്കിൽ ഏതാനും സെക്കൻഡുകൾക്കൊണ്ട് ഈ രശ്മികൾ തീവ്രമായ താപത്തോടെ അതിന്റെ ഉപരിതലത്തിലേക്കു കുതിച്ചു പായുമായിരുന്നു. പകരം അവ ഇടതൂർന്ന ആറ്റത്തിൽനിന്നു സാവധാനം ഊർജം നഷ്ടപ്പെടുത്തിക്കൊണ്ട് സൗര “രോധന” (insulation) ആറ്റത്തിലേക്കു ചാടിവീഴുന്നു. ദിവസങ്ങളും ആഴ്ചകളും നൂറ്റാണ്ടുകളും കൊഴിഞ്ഞുപോകുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം ഒരിക്കൽ മാരകമായിരുന്ന ആ വികിരണോർജം ഒടുവിൽ സൗരോപരിതലത്തിൽനിന്നു മഞ്ഞവെളിച്ചത്തിന്റെ മൃദു വർഷമായി പെയ്യുന്നു—അതു മേലാൽ അപകടകാരിയല്ല, പിന്നെയോ ഭൂമിയെ അതിന്റെ ഇളംചൂടിനാൽ കുളിപ്പിക്കുന്നതിനു ശരിക്കും യോജിച്ചതാണ്.
ഓരോ രാത്രിയും ഒരു അത്ഭുതമാണ്. നമ്മുടെ ആകാശഗംഗയുടെ വിസ്തൃത പരപ്പിൽനിന്നു മറ്റു സൂര്യൻമാർ നമ്മെ കണ്ണിറുക്കി കാണിക്കുന്നു. അവയ്ക്കു നാനാതരം വർണങ്ങളും ആകൃതികളും താപനിലകളും സാന്ദ്രതകളുമാണുള്ളത്. ചിലവ അതിഭീമൻമാരാണ്. അതായത് അവയിലൊരെണ്ണം നമ്മുടെ സൂര്യന്റെ സ്ഥാനത്തു കേന്ദ്രീകരിച്ചാൽ ആ ഭീമൻനക്ഷത്രത്തിന്റെ ഉപരിതലത്തിനുള്ളിലായിരിക്കും നമ്മുടെ ഗ്രഹം. മറ്റു സൂര്യൻമാർ വലിപ്പം തീരെ കുറഞ്ഞ, വെളുത്ത കുള്ളൻമാർ ആണ്—നമ്മുടെ ഭൂമിയെക്കാളും ചെറുതെങ്കിലും നമ്മുടെ സൂര്യന്റെയത്രയും ഭാരമുള്ളവ തന്നെ. ചിലതു കോടിക്കണക്കിനു വർഷങ്ങളോളം ഒരു കുഴപ്പവുമില്ലാതെ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കും. മറ്റു ചിലതാകട്ടെ മുഴു ആകാശഗംഗകളുടെയും ശോഭയെ കടത്തിവെട്ടുന്ന താത്കാലിക പ്രകാശപ്പൊലിമയോടെ സൂപ്പർനോവ സ്ഫോടനങ്ങളുടെ വക്കിലെത്തി നിൽക്കുന്നു. ആ സ്ഫോടനങ്ങൾ അവയെ പരിപൂർണമായി ഇല്ലാതാക്കും.
പ്രാചീന മനുഷ്യർ, സമുദ്ര രാക്ഷസൻമാർ, പടവെട്ടുന്ന ദേവൻമാർ, സർപ്പങ്ങൾ, ആമകൾ, ആനകൾ, താമരപ്പൂക്കൾ, സ്വപ്നംകാണുന്ന ദേവൻമാർ എന്നീ പ്രതീകങ്ങളിൽ പ്രപഞ്ചത്തെ വിശദീകരിച്ചിട്ടുണ്ട്. പിന്നീട്, യുക്തി യുഗം എന്നു വിളിക്കപ്പെടുന്ന കാലഘട്ടത്തിൽ, പുതിയ കണ്ടെത്തലുകളായ കാൽക്കുലസിന്റെയും ന്യൂട്ടൻ നിയമങ്ങളുടെയും “ഇന്ദ്രജാലം” ദൈവങ്ങളെ പുറന്തള്ളി. പഴയ കാവ്യമോ ഐതിഹ്യമോ ഇല്ലാത്ത ഒരു യുഗത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഇന്നത്തെ ആണവ യുഗത്തിലെ കുട്ടികൾ തങ്ങളുടെ സൃഷ്ടി മാതൃകയായി തിരഞ്ഞെടുത്തിരിക്കുന്നതു പ്രാചീന സമുദ്ര രാക്ഷസനെയോ ന്യൂട്ടന്റെ “യന്ത്ര”ത്തെയോ അല്ല, പിന്നെയോ 20-ാം നൂറ്റാണ്ടിലെ സകലത്തെയും അടക്കിവാഴുന്ന പ്രതീകമായ ബോംബിനെയാണ്. അവരുടെ “സ്രഷ്ടാവ്” ഒരു സ്ഫോടനമാണ്. അവർ തങ്ങളുടെ പ്രാപഞ്ചിക വിസ്ഫോടനത്തെ മഹാസ്ഫോടനം (big bang) എന്നു വിളിക്കുന്നു.
മഹാസ്ഫോടനം “വിശദീകരിക്കു”ന്നത്
സൃഷ്ടിപ്പിനെക്കുറിച്ചുള്ള ഈ തലമുറയുടെ വീക്ഷണത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഭാഷ്യം പറയുന്നത് ഏതാണ്ട് 1,500 കോടി മുതൽ 2,000 കോടി വരെ വർഷങ്ങൾക്കു മുമ്പ്, ഏകത്വം എന്നു വിളിക്കപ്പെടുന്ന, അതിരറ്റ സാന്ദ്രതയും വലിപ്പക്കുറവുമുള്ള ഒരു ചെറിയ ബിന്ദുവല്ലാതെ, പ്രപഞ്ചമോ ശൂന്യാകാശമോ സമയമോ പദാർഥമോ, ഒന്നുമില്ലായിരുന്നുവെന്നും ആ ബിന്ദുവിന് സ്ഫോടനം സംഭവിച്ച് ഇന്നു കാണുന്ന പ്രപഞ്ചമുണ്ടായെന്നുമാണ്. ആ സ്ഫോടനത്തിൽ ഒരു സെക്കൻഡിന്റെ ആദ്യ ചെറിയാംശത്തിലെ ഒരു ഹ്രസ്വമായ സമയഘട്ടം ഉൾപ്പെട്ടിരുന്നു. ശൈശവദശയിലായിരുന്ന പ്രപഞ്ചം വലുതാകാൻ അഥവാ വികസിക്കാൻ എടുത്ത സമയമാണത്, പ്രകാശത്തിന്റേതിനെക്കാളും വളരെ വേഗത്തിൽ.
മഹാസ്ഫോടനം നടന്ന ആദ്യത്തെ ഏതാനും മിനിറ്റുകളിൽ ഒരു പ്രാപഞ്ചിക തോതിലുള്ള അണുസംയോജനം നടന്നു. നക്ഷത്രങ്ങൾക്കിടയ്ക്കുള്ള ഹൈഡ്രജനും ഹീലിയവും ഇപ്പോഴത്തെ അളവിലും ലിഥിയത്തിന്റെ കുറഞ്ഞത് ഒരു ഭാഗവും ഉത്പാദിപ്പിക്കപ്പെട്ടത് ഈ അണുസംയോജനംമൂലമാണ്. ഒരുപക്ഷേ 3,00,000 വർഷം കഴിഞ്ഞപ്പോൾ, പ്രപഞ്ചവ്യാപക സ്ഫോടനത്തിന്റെ ഊഷ്മാവ് സൗരോപരിതലത്തിലെ ഊഷ്മാവിനെക്കാളും അൽപ്പം താഴ്ന്നു. ഇത് ഇലക്ട്രോണുകൾ ആറ്റങ്ങൾക്കു ചുറ്റുമുള്ള ഭ്രമണപഥങ്ങളിൽ സ്ഥാപിതമാകാൻ ഇടയാക്കുകയും ഫോട്ടോണുകളുടെ അഥവാ വെളിച്ചത്തിന്റെ ഒരു ധാര പുറപ്പെടുവിക്കുകയും ചെയ്തു. ആ ആദ്യ പ്രകാശധാര വളരെയധികം തണുത്തുപോയിട്ടുണ്ടെങ്കിലും അതിനെ 2.7 കെൽവിൻa ഊഷ്മാവിന് തുല്യമായ സൂക്ഷ്മതരംഗ ആവൃത്തികളിലുള്ള പ്രപഞ്ചത്തിന്റെ പശ്ചാത്തല വികിരണമായി ഇന്ന് അളക്കാവുന്നതാണ്. 1964-65-ലെ പശ്ചാത്തല വികിരണത്തിന്റെ ഈ കണ്ടുപിടിത്തമായിരുന്നു വാസ്തവത്തിൽ, മഹാസ്ഫോടന സിദ്ധാന്തത്തിനു കുറച്ചെങ്കിലും കഴമ്പുണ്ടെന്നു മിക്ക ശാസ്ത്രജ്ഞൻമാരെയും ബോധ്യപ്പെടുത്തിയത്. വിദൂര ആകാശഗംഗകൾ നമ്മിൽനിന്നും പരസ്പരവും വളരെ വേഗത്തിൽ അകന്നുപോകുന്നതായി തോന്നത്തക്കവിധത്തിൽ പ്രപഞ്ചം എല്ലാ ദിശകളിലേക്കും വികസിക്കുന്നതായി കാണപ്പെടുന്നതെന്തുകൊണ്ടെന്നതിന്റെ വിശദീകരണം നൽകുന്നതായും ഈ സിദ്ധാന്തം അവകാശപ്പെടുന്നു.
വളരെയധികം വിശദീകരണം നൽകുന്നതായി കാണപ്പെടുന്നതിനാൽ മഹാസ്ഫോടന സിദ്ധാന്തത്തെ എന്തിനു സംശയിക്കണം? എന്തുകൊണ്ടെന്നാൽ അതു വിശദീകരിക്കാത്ത വളരെയധികം കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്: പരിവൃത്തങ്ങൾ എന്നു പറയുന്ന ചെറിയ വൃത്തങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സൂര്യനും ഗ്രഹങ്ങളും ഭൂമിയെ വലിയ വൃത്തങ്ങളിൽ ചുറ്റിക്കൊണ്ടിരുന്നുവെന്ന് ഒരു പുരാതന ജ്യോതിശ്ശാസ്ത്രജ്ഞനായ ടോളമിയുടെ സിദ്ധാന്തം പറഞ്ഞു. ആ സിദ്ധാന്തം ഗ്രഹങ്ങളുടെ ചലനം വിശദീകരിക്കുന്നതായി കാണപ്പെട്ടു. ജ്യോതിശ്ശാസ്ത്രജ്ഞൻമാർ കൂടുതലായ വിവരങ്ങൾ ശേഖരിച്ചപ്പോൾ ടോളമിയുടെ അനുഗാമികളായ പ്രപഞ്ചശാസ്ത്രജ്ഞൻമാർക്ക് എല്ലായ്പോഴും തങ്ങളുടെ മറ്റു പരിവൃത്തങ്ങൾക്കൊപ്പം കൂടുതലായ പരിവൃത്തങ്ങൾ കൂട്ടിച്ചേർക്കാനും പുതിയ വിവരങ്ങൾ “വിശദീകരിക്കാ”നും കഴിഞ്ഞു. എന്നാൽ സിദ്ധാന്തം ശരിയാണെന്ന് അത് അർഥമാക്കിയില്ല. ഒടുവിലായപ്പോൾ വളരെയധികം വിവരങ്ങൾക്കു വിശദീകരണം നൽകേണ്ടതായിവന്നു. ഭൂമി സൂര്യനെ ചുറ്റുന്നു എന്ന കോപ്പെർനിക്കസിന്റെ ആശയം പോലുള്ള മറ്റു സിദ്ധാന്തങ്ങൾ സംഗതികളെ കൂടുതൽ മെച്ചമായും ലളിതമായും വിശദീകരിച്ചു. ടോളമിയുടെ പ്രപഞ്ചശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരു ജ്യോതിശ്ശാസ്ത്രജ്ഞനെ ഇന്നു കണ്ടെത്തുക പ്രയാസമാണ്!
പ്രൊഫസർ ഫ്രെഡ് ഹോയ്ൽ, പുതിയ കണ്ടുപിടിത്തങ്ങളുടെ മുമ്പിൽ പരാജയമടയുന്ന തങ്ങളുടെ സിദ്ധാന്തത്തെ വീണ്ടും അരക്കിട്ടുറപ്പിക്കാനുള്ള ടോളമിയുടെ അനുഗാമികളായ പ്രപഞ്ചശാസ്ത്രജ്ഞൻമാരുടെ ശ്രമങ്ങളെ, മഹാസ്ഫോടന സിദ്ധാന്തത്തെ വിശ്വസനീയമാക്കി നിലനിർത്താനുള്ള അതിന്റെ വിശ്വാസികളുടെ ശ്രമങ്ങളോട് ഉപമിച്ചു. ബുദ്ധിശക്തിയുള്ള പ്രപഞ്ചം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഹോയ്ൽ എഴുതി: “എന്നത്തേതിലുമധികം സങ്കീർണവും കുഴപ്പം പിടിച്ചതുമായിത്തീർന്നിരിക്കുന്ന ഒരു ആശയം കെട്ടിപ്പടുക്കുന്നതിനുവേണ്ടി മഹാസ്ഫോടന സിദ്ധാന്തത്തിലെ വൈപരീത്യങ്ങളെ മൂടിക്കളയുകയായിരുന്നു അന്വേഷകരുടെ മുഖ്യ ശ്രമങ്ങൾ.” തന്റെ സിദ്ധാന്തത്തെ രക്ഷിക്കാനുള്ള ടോളമിയുടെ, പരിവൃത്തങ്ങളുടെ പൊള്ളയായ ഉപയോഗത്തെക്കുറിച്ചു പരാമർശിച്ചശേഷം ഹോയ്ൽ ഇപ്രകാരം തുടർന്നു: “അതിന്റെ ഫലമായി ഒരു ദുർബലമായ മൂടുപടം മഹാസ്ഫോടന സിദ്ധാന്തത്തിനു മീതെ തൂങ്ങിനിൽക്കുന്നു എന്നു പറയാൻ എനിക്കു തെല്ലും മടിയില്ല. ഞാൻ മുമ്പു സൂചിപ്പിച്ചതുപോലെ, ഒരു സിദ്ധാന്തത്തിനെതിരെ വസ്തുതകൾ നിരത്തിവെക്കപ്പെടുമ്പോൾ അതു സുഖംപ്രാപിക്കാൻ ഇടയില്ലെന്ന് അനുഭവം പ്രകടമാക്കുന്നു.”—പേജ് 186.
1990 ഡിസംബർ 22/29-ലെ ന്യൂ സയൻറിസ്റ്റ് മാസിക സമാനമായ ആശയങ്ങളാണ് ഏറ്റുപാടുന്നത്: “മഹാസ്ഫോടന പ്രപഞ്ചശാസ്ത്ര മാതൃകയിൽ . . . ടോളമിയുടെ രീതി ധാരാളമായി പ്രയോഗിച്ചിട്ടുണ്ട്.” എന്നിട്ട് അത് ഇപ്രകാരം ചോദിക്കുന്നു: “കണികാ ഭൗതികശാസ്ത്രത്തിലും പ്രപഞ്ചശാസ്ത്രത്തിലും യഥാർഥ പുരോഗതി നമുക്കെങ്ങനെ കൈവരിക്കാൻ കഴിയും? . . . നമ്മുടെ ഏറ്റവുമധികം താലോലിക്കപ്പെടുന്ന ചില അനുമാനങ്ങൾക്കുള്ള തീർത്തും ഊഹാപോഹപരമായ സ്വഭാവത്തെക്കുറിച്ചു നാം കൂടുതൽ സത്യസന്ധരും തുറന്നുപറയുന്നവരും ആയിരിക്കണം.” പുതിയ നിരീക്ഷണങ്ങൾ ഇപ്പോൾ പെരുകിവരുകയാണ്.
മഹാസ്ഫോടനം ഉത്തരം നൽകാത്ത ചോദ്യങ്ങൾ
മഹാസ്ഫോടനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർന്നിട്ടുള്ളതു മറ്റ് ആകാശഗംഗകളിലേക്കുള്ള ദൂരങ്ങൾ അളക്കുന്നതിന് ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ ശരിയാക്കിയ പ്രകാശോപകരണങ്ങൾ ഉപയോഗിക്കുന്ന നിരീക്ഷകരിൽനിന്നാണ്. പുതിയ വിവരങ്ങൾ സൈദ്ധാന്തികരെ അന്ധാളിപ്പിക്കുന്നു!
ജ്യോതിശ്ശാസ്ത്രജ്ഞയായ വെൻഡി ഫ്രീഡ്മാനും മറ്റു ചിലരും അടുത്തകാലത്ത് കന്നി (Virgo) നക്ഷത്രവ്യൂഹത്തിലെ ഒരു ആകാശഗംഗയിലേക്കുള്ള ദൂരം ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് അളക്കുകയുണ്ടായി. നേരത്തെ വിചാരിച്ചിരുന്നതിനെക്കാൾ പ്രപഞ്ചം വേഗത്തിൽ വികസിക്കുന്നുവെന്നും അതുകൊണ്ട് അതിനു പ്രായം കുറവാണെന്നും അവരുടെ അളവുകൾ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, “പ്രപഞ്ചത്തിന്റെ പ്രായം 800 കോടി വർഷമേയുള്ളൂവെന്ന്” അതു “സൂചിപ്പിക്കുന്നു” എന്ന് സയൻറിഫിക് അമേരിക്കൻ മാസിക കഴിഞ്ഞ ജൂണിൽ റിപ്പോർട്ടു ചെയ്തു. വളരെ നീണ്ട കാലയളവായി തോന്നുന്ന 800 കോടി വർഷം പ്രപഞ്ചത്തിന്റെ ഇപ്പോൾ കണക്കാക്കുന്ന പ്രായത്തിന്റെ പകുതി മാത്രമേ ആകുന്നുള്ളൂ. ഇത് ഒരു പ്രത്യേക പ്രശ്നം സൃഷ്ടിക്കുന്നു. എന്തുകൊണ്ടെന്നാൽ ആ റിപ്പോർട്ട് തുടർന്നു പറയുന്നതനുസരിച്ച്, “ചില നക്ഷത്രങ്ങൾക്കു കുറഞ്ഞത് 1,400 കോടി വർഷമെങ്കിലും പഴക്കമുള്ളതായി മറ്റു വിവരങ്ങൾ സൂചിപ്പിക്കുന്നു.” ഫ്രീഡ്മാന്റെ കണക്കുകൾ ശരിയാണെങ്കിൽ ആ പ്രായംചെന്ന നക്ഷത്രങ്ങൾ മഹാസ്ഫോടനത്തെക്കാൾ തന്നെ പഴക്കമുള്ളവയാണെന്നു വരും!
പുറത്ത് ആകാശഗംഗകളും അകത്തു ശൂന്യസ്ഥലങ്ങളുമുള്ള, പത്തു കോടി പ്രകാശ വർഷങ്ങൾ വലിപ്പമുള്ള പ്രപഞ്ചത്തിലെ “കുമിളക”ളെ സംബന്ധിച്ചു സ്ഥിരമായി വർധിച്ചുവരുന്ന തെളിവു മഹാസ്ഫോടനത്തെ സംബന്ധിച്ചിടത്തോളം ഇനിയും മറ്റൊരു പ്രശ്നമാണ്. ജ്യോതിഭൗതികശാസ്ത്രത്തിനായുള്ള ഹാർവാർഡ്-സ്മിത്സോണിയൻ കേന്ദ്രത്തിലെ മാർഗരറ്റ് ഗെലറും ജോൺ ഹക്റായും മറ്റുള്ളവരും ഉത്തരാകാശത്തിനുകുറുകെ ഏതാണ്ട് 50 കോടി പ്രകാശ വർഷം നീളത്തിലായി ആകാശഗംഗകളുടെ ഒരു വൻ മതിൽ എന്ന് അവർ വിളിക്കുന്നതു കണ്ടെത്തുകയുണ്ടായി. സപ്ത യോദ്ധാക്കൾ (Seven Samurai) എന്ന് അറിയപ്പെടാൻ ഇടയായ മറ്റൊരു സംഘം ജ്യോതിശ്ശാസ്ത്രജ്ഞൻമാർ വ്യത്യസ്തമായ ഒരു പ്രാപഞ്ചിക മിശ്രിതപിണ്ഡത്തിന്റെ തെളിവു കണ്ടെത്തി. അവർ ഗ്രേറ്റ് അട്രാക്റ്റർ എന്നു വിളിക്കുന്ന അത് നാഗം (Hydra), കിന്നരൻ (centaurus) എന്നീ ദക്ഷിണ നക്ഷത്രവ്യൂഹങ്ങൾക്കു സമീപമാണു സ്ഥിതിചെയ്യുന്നത്. ഓറിയോൺ നക്ഷത്രവ്യൂഹത്തിനപ്പുറത്തായി അതിലും വലിയ ഒന്നുണ്ടെന്നും അത് “ബഹിരാകാശത്തെ നദി”സമാനമായ ഒന്നിൽ ചങ്ങാടങ്ങളെ പോലെ നമ്മുടേതുൾപ്പെടെയുള്ള പരശ്ശതം ആകാശഗംഗകളെ ആ ദിശയിൽ ഒഴുകാൻ ഇടയാക്കുന്നുവെന്നും ജ്യോതിശ്ശാസ്ത്രജ്ഞൻമാരായ മാർക് പോസ്റ്റ്മാനും റ്റോഡ് ലോയെറും വിശ്വസിക്കുന്നു.
ഈ ഘടനകളെല്ലാം അമ്പരപ്പിക്കുന്നതാണ്. മഹാസ്ഫോടനം പിന്നിൽ അവശേഷിപ്പിച്ചതായി പറയപ്പെടുന്ന പശ്ചാത്തല വികിരണത്തെ അടിസ്ഥാനമാക്കി പ്രപഞ്ചശാസ്ത്രജ്ഞൻമാർ പറയുന്നതു മഹാസ്ഫോടനത്തിൽനിന്നുള്ള വിസ്ഫോടനം അങ്ങേയറ്റം മൃദുവും സമഭാവമുള്ളതുമായിരുന്നെന്നാണ്. അത്തരം മൃദുവായ ഒരു തുടക്കത്തിന് ഇത്രമാത്രം ബൃഹത്തും സങ്കീർണവുമായ ഘടനകളിലേക്ക് എങ്ങനെ നയിക്കാൻ കഴിയും? “പ്രപഞ്ചത്തിന്റെ 1500 കോടി വർഷം വരുന്ന ആയുസ്സിനുള്ളിൽ ഇത്രയും വലിയ ഘടന എങ്ങനെ ഉടലെടുത്തുവെന്നുള്ള നിഗൂഢതയ്ക്ക് ആഴം കൂട്ടുന്നവയാണ് പുതുതായി കണ്ടെത്തിയ അനേകം മതിലുകളും അട്രാക്റ്ററുകളും” എന്ന് സയൻറിഫിക് അമേരിക്കൻ സമ്മതിക്കുന്നു. ഫ്രീഡ്മാനും മറ്റുള്ളവരും പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ട പ്രായം വീണ്ടും പിന്നോട്ടാക്കുമ്പോൾ ഈ പ്രശ്നം ഒന്നുകൂടി വഷളാകുകയേ ഉള്ളൂ.
“അടിസ്ഥാനപരമായ ഏതോ ഒരു ഘടകം നാം വിട്ടുപോയിരിക്കുന്നു”
ഗെല്ലർ രൂപംകൊടുത്ത കട്ടകെട്ടി നിൽക്കുന്നതും കെട്ടുപിണഞ്ഞുകിടക്കുന്നതും കുമിളപോലെയുള്ളതുമായ ആയിരക്കണക്കിന് ആകാശഗംഗാ സഞ്ചയങ്ങളുടെ ത്രിമാന ചിത്രങ്ങൾ ശാസ്ത്രജ്ഞൻമാർ പ്രപഞ്ചത്തെ ചിത്രീകരിക്കുന്ന വിധത്തെ മാറ്റിമറിച്ചിരിക്കുന്നു. താൻ കാണുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നതായി മാർഗരറ്റ് നടിക്കുന്നില്ല. അവരുടെ വൻ മതിലിനെക്കുറിച്ചു വിശദീകരിക്കാൻ ഗുരുത്വാകർഷണം മാത്രം മതിയാകാത്തതായി കാണപ്പെടുന്നു. “ഈ ഘടനയെ മനസ്സിലാക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ നാം ഏതോ അടിസ്ഥാന ഘടകം വിട്ടുപോയിരിക്കുന്നതായി എനിക്കു പലപ്പോഴും തോന്നുന്നു,” അവർ സമ്മതിക്കുന്നു.
ഗെല്ലർ തന്റെ സംശയങ്ങളെ ഒന്നുകൂടി വ്യക്തമാക്കി: “മഹാസ്ഫോടനത്തിന്റെ അടിസ്ഥാനത്തിൽ വൻ ഘടനയെ എങ്ങനെ വ്യാഖ്യാനിക്കണമെന്നു നമുക്കു വ്യക്തമായി അറിഞ്ഞു കൂടാ.” ഇപ്പോഴത്തെ വാന ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രപഞ്ച ഘടനയുടെ വ്യാഖ്യാനങ്ങൾ കൃത്യതയിൽനിന്നും വളരെ അകലെയാണ്—അത് ഏറെയും, യു.എസ്.എ.-യിലെ റോഡ് ദ്വീപിന്റെ ഒരു സർവേയിൽനിന്നു മുഴു ലോകത്തിന്റെയും ചിത്രം നിർമിക്കാൻ ശ്രമിക്കുന്നതുപോലെയാണ്. ഗെല്ലെർ ഇപ്രകാരം തുടർന്നു: “വിവരങ്ങൾ കൂട്ടിയോജിപ്പിച്ചതു ശരിയായ വിധത്തിലായിരുന്നില്ലെന്ന് ഒരുനാൾ നാം കണ്ടെത്തിയേക്കാം. എന്നാൽ അതു കണ്ടെത്തുമ്പോൾ നാം അതിനെക്കുറിച്ചു കുറെക്കൂടെ പെട്ടെന്ന് എന്തുകൊണ്ടു ചിന്തിച്ചില്ല എന്ന് അതിശയംകൂറത്തക്കവിധം അത് അത്ര വ്യക്തമായിരിക്കുന്നതായി തോന്നും.”
അത് ഏറ്റവും വലിയ ചോദ്യത്തിലേക്കു നയിക്കുന്നു: ഈ മഹാസ്ഫോടനത്തിനുതന്നെ ഇടയാക്കിയതായി കരുതപ്പെടുന്നത് എന്താണ്? ഈ മാനദണ്ഡ സിദ്ധാന്തം ആ അടിസ്ഥാന ചോദ്യത്തിന് ഉത്തരം നൽകുന്നില്ലെന്നു തുറന്നു സമ്മതിക്കുന്നത് മഹാസ്ഫോടന സിദ്ധാന്തത്തിന്റെ വളരെ പ്രസിദ്ധമായ വികസന ഭാഷ്യത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ആൻഡ്രിയി ലിൻഡെ എന്ന പ്രാമാണികൻ തന്നെയാണ്. “മഹാസ്ഫോടനത്തിന്റെ അസ്തിത്വം തന്നെയാണ് പ്രഥമവും പ്രധാനവുമായ പ്രശ്നം” എന്ന് അദ്ദേഹം പറയുന്നു. “ഏതാണ് ആദ്യം വന്നത് എന്ന് ഒരുവൻ അതിശയിച്ചേക്കാം. ബഹിരാകാശ സമയം അപ്പോൾ ഇല്ലായിരുന്നെങ്കിൽ നാസ്തിത്വത്തിൽനിന്ന് എല്ലാം എങ്ങനെ ഉണ്ടാകും? . . . ഈ പ്രാരംഭ ഏകത്വം—അതായത്, എല്ലാം എവിടെ അല്ലെങ്കിൽ എപ്പോൾ ഉത്ഭവിച്ചുവെന്നത്—വിശദീകരിക്കുക ആധുനിക പ്രപഞ്ചശാസ്ത്രത്തിലെ ഏറ്റവും വലിയ കീറാമുട്ടിയായി ഇപ്പോഴും അവശേഷിക്കുന്നു.”
“മഹാസ്ഫോടനമാണ് ആത്യന്തിക സിദ്ധാന്തമെന്ന് യുക്തിബോധമുള്ള ഒരു പ്രപഞ്ചശാസ്ത്രജ്ഞനും അവകാശപ്പെടുകയില്ല” എന്ന് ഡിസ്കവർ മാസികയിലെ ഒരു ലേഖനം അടുത്തകാലത്തു നിഗമനം ചെയ്യുകയുണ്ടായി.
നമുക്കിപ്പോൾ വെളിയിലേക്കിറങ്ങി നക്ഷത്രഖചിതമായ കമാനത്തട്ടിന്റെ സൗന്ദര്യത്തെയും നിഗൂഢതയെയും കുറിച്ച് ഒന്നു ധ്യാനിക്കാം.
[അടിക്കുറിപ്പ്]
a സെൽഷ്യസ് ഊഷ്മമാപിനിയിലെ ഡിഗ്രിക്കു തുല്യമായ ഡിഗ്രിയുള്ള ഒരു ഊഷ്മമാപിനിയിലെ യൂണിറ്റാണ് ഒരു കെൽവിൻ. കെൽവിൻ സ്കെയിൽ കേവല പൂജ്യത്തിൽ അതായത് 0 കെൽവിനിൽ തുടങ്ങുന്നുവെന്ന ഒരു വ്യത്യാസമേയുള്ളൂ. അത് -273.16 ഡിഗ്രി സെൽഷ്യസിനു തുല്യമാണ്. വെള്ളം തണുത്തുറയുന്നത് 273.16 കെൽവിനിലും തിളയ്ക്കുന്നത് 373.16 കെൽവിനിലും ആണ്.
[5-ാം പേജിലെ ചതുരം]
പ്രകാശ വർഷം—പ്രപഞ്ചത്തിന്റെ ഒരു അളവുകോൽ
പ്രപഞ്ചം വളരെ വലുതായതുകൊണ്ട് അതിനെ മൈലുകളിലോ കിലോമീറ്ററുകളിലോ അളക്കുന്നത് ലണ്ടൻമുതൽ ടോക്കിയോവരെയുള്ള ദൂരം മൈക്രോമീറ്റർ ഉപയോഗിച്ച് അളക്കുന്നതുപോലെയാണ്. അളക്കാനുള്ള ഏറെ സൗകര്യപ്രദമായ ഒരു യൂണിറ്റാണ് പ്രകാശ വർഷം. അത് പ്രകാശം ഒരു വർഷംകൊണ്ടു സഞ്ചരിക്കുന്ന ദൂരമാണ്, അഥവാ ഏകദേശം 9,46,000,00,00,000 കിലോമീറ്റർ. ചന്ദ്രനിലേക്കു സഞ്ചരിക്കാൻ വെറും 1.3 സെക്കണ്ടും സൂര്യനിലേക്കു സഞ്ചരിക്കാൻ ഏകദേശം 8 മിനിറ്റും മാത്രം ആവശ്യമുള്ള പ്രകാശം പ്രപഞ്ചത്തിൽ ഏറ്റവും വേഗതകൂടിയ ഒന്നായതിനാൽ ഒരു പ്രകാശവർഷം എന്നു പറയുന്നതു വാസ്തവത്തിൽ വളരെ വലുതായി തോന്നിയേക്കാം!