നെതർലൻഡ്സിലെ നാസി അധിനിവേശ കാലത്ത് ഉറച്ചു നിൽക്കുന്നു
രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ അക്രമങ്ങൾ ചിത്രീകരിക്കുന്ന ഫിലിമുകളും മറ്റു തെളിവുകളും അടങ്ങുന്ന, ലോകത്തിലേക്കും ഏറ്റവും വലിയതെന്നു വിശേഷിപ്പിക്കാവുന്ന ഒരു ശേഖരം ദി യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോക്കോസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിൽ ഉണ്ട്. 1993-ൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറക്കപ്പെട്ടതു മുതൽ ഏതാണ്ട് 1.2 കോടി ആളുകൾ വാഷിങ്ടൺ ഡി.സി.-യിലെ വിഖ്യാതമായ ഈ പ്രദർശനകേന്ദ്രം സന്ദർശിച്ചിട്ടുണ്ട്.
നാസി ഭരണകാലത്ത് യഹോവയുടെ സാക്ഷികൾ സഹിച്ച കൊടും പീഡനങ്ങളുടെ ചില തെളിവുകളും മ്യൂസിയത്തിൽ കാണാവുന്നതാണ്. സ്ഥിരമായി പ്രദർശനത്തിനു വെച്ചിരിക്കുന്ന ചില വസ്തുക്കൾക്കു പുറമേ യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള പരിപാടികളുടെ ഒരു പരമ്പരയും മ്യൂസിയം അവതരിപ്പിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികൾ പ്രകടിപ്പിച്ച സഹിഷ്ണുതയുടെയും അചഞ്ചലമായ വിശ്വസ്തതയുടെയും ചില വിശിഷ്ട ദൃഷ്ടാന്തങ്ങൾ ഈ പരിപാടികൾ എടുത്തുകാട്ടി. 1999 ഏപ്രിൽ 8-ന്, “നാസി അധിനിവേശ കാലത്ത് നെതർലൻഡ്സിലെ യഹോവയുടെ സാക്ഷികൾ” എന്ന ഒരു പ്രത്യേക പരിപാടിയും മ്യൂസിയത്തിന്റെ രണ്ടു വലിയ ഓഡിറ്റോറിയങ്ങളിലായി അവതരിപ്പിക്കപ്പെട്ടു.
മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടറായ ശ്രീമതി സെറ ജെയ്ൻ ബ്ലൂംഫീൽഡിന്റെ ആമുഖപ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. ശ്രീമതി ബ്ലൂംഫീൽഡ് യഹോവയുടെ സാക്ഷികളുടെ അനുഭവത്തിൽ യഥാർഥ താത്പര്യം കാട്ടി. പീഡനത്തിൻ കീഴിൽ യഹോവയുടെ സാക്ഷികൾ കാണിച്ച അചഞ്ചലമായ വിശ്വസ്തതയെ കുറിച്ചുള്ള പൊതുജനാവബോധം വർധിപ്പിക്കാൻ തങ്ങൾ വലിയ ശ്രമം നടത്തുന്നുണ്ടെന്ന് ഉണരുക!-യുമായുള്ള ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. “മ്യൂസിയത്തിൽ അവതരിപ്പിക്കാറുള്ള മറ്റു പ്രധാന പരിപാടികൾ പരസ്യപ്പെടുത്തുന്നതു പോലെതന്നെയാണ് ഈ പരിപാടികളും പരസ്യപ്പെടുത്തുന്നത്” എന്ന് അവർ പ്രസ്താവിച്ചു.
ആ സായാഹ്നത്തിൽ നടന്ന പരിപാടിയിൽ ഒട്ടേറെ ചരിത്രകാരന്മാർ സന്നിഹിതരായിരുന്നു, കുറെ പേർ പരിപാടിയിൽ പങ്കുകൊള്ളുകയും ചെയ്തു. അവരിൽ ഒരാളായിരുന്നു സാൻ ഡീയേഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ആധുനിക ജർമൻ, യഹൂദ ചരിത്ര വിഭാഗത്തിലെ പ്രൊഫസറായ ഡോ. ലോറൻസ് ബാരൻ. “യഹോവയുടെ സാക്ഷികൾ നാസി സ്വേച്ഛാധിപത്യ ഭരണത്തിന്റെ ചെയ്തികളിൽ പങ്കുചേരാൻ വിസമ്മതിച്ചത് അഭിനന്ദനാർഹമാണ്” എന്ന് ഡോ. ബാരൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. സാക്ഷികൾ “നാസി ഭരണകൂടത്തിന്റെ കൽപ്പനകളെക്കാൾ ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസത്തിനു മുൻതൂക്കം നൽകി. ഹിറ്റ്ലറെ നേതാവായി പൂജിക്കുന്ന ഭരണപ്രസ്ഥാനത്തെ മതേതരമായതെങ്കിലും ഒരു ആരാധനാക്രമം തന്നെയായി അവർ വീക്ഷിച്ചു. അതുകൊണ്ട് നാസി സല്യൂട്ട് നൽകിക്കൊണ്ടോ ‘ഹെയ്ൽ ഹിറ്റ്ലർ’ എന്നു പറഞ്ഞുകൊണ്ടോ ഹിറ്റ്ലറിനു ദിവ്യത്വം കൽപ്പിക്കുന്നതിനെ പിന്താങ്ങാൻ അവർ കൂട്ടാക്കിയില്ല. . . . അയൽക്കാരെ സ്നേഹിക്കണമെന്നും മറ്റുള്ളവരെ കൊല്ലരുതെന്നുമുള്ള കൽപ്പന ദൈവം നൽകിയിരുന്നതുകൊണ്ട് അവർ സൈനിക സേവനത്തിനു വിസമ്മതിച്ചു . . . സാക്ഷികളോട് അവരുടെ പ്രവർത്തനം നിറുത്താൻ നാസി സ്വേച്ഛാധിപത്യ ഭരണകൂടം കൽപ്പിച്ചപ്പോൾ ‘മനുഷ്യരെക്കാൾ ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാകുന്നു’ എന്നായിരുന്നു എപ്പോഴത്തെയും പോലെ അവരുടെ പ്രതികരണം,” അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാരണത്താൽ, നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ ഒട്ടേറെ സാക്ഷികൾക്ക് തടങ്കൽപ്പാളയങ്ങളിലെ പീഡനം സഹിക്കേണ്ടിവന്നു, ചിലർ വധിക്കപ്പെടുക പോലും ചെയ്തു.
നെതർലൻഡ്സിലെ യഹോവയുടെ സാക്ഷികൾക്ക് എതിരെ നാസികൾ അഴിച്ചുവിട്ട പീഡനത്തെ കുറിച്ചു വിവരിക്കാൻ ഡച്ച് ഗവേഷകരെയും കൂട്ടക്കുരുതിയെ അതിജീവിച്ച ചിലരെയും മ്യൂസിയം ക്ഷണിച്ചു. നാസികൾ നെതർലൻഡ്സ് പിടിച്ചടക്കി അധികം താമസിയാതെ, 1940 മേയ് 29-ന് ആ രാജ്യത്തെ 500-ഓളം വരുന്ന യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചു. തുടർന്നു വന്ന മാസങ്ങളിൽ നൂറു കണക്കിന് യഹോവയുടെ സാക്ഷികൾ അറസ്റ്റു ചെയ്യപ്പെട്ടു. മറ്റു സാക്ഷികളുടെ പേരുകൾ ലഭിക്കാനായി അധികാരികൾ അറസ്റ്റ് ചെയ്യപ്പെട്ടവരെ പീഡിപ്പിച്ചു. യുദ്ധം അവസാനിക്കാറായപ്പോഴേക്കും 450-ലധികം സാക്ഷികൾ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. ഇവരിൽ 120-ലധികം പേർ പീഡനം മൂലം മരണമടഞ്ഞു.
“കൂട്ടക്കുരുതിയെ അതിജീവിച്ച നെതർലൻഡ്സിലെ യഹോവയുടെ സാക്ഷികളുടെ ലിഖിതരൂപത്തിലുള്ള 200 ജീവിതകഥകളും അവരുമായുള്ള 170-ലധികം അഭിമുഖങ്ങളുടെ വീഡിയോ കാസറ്റുകളും” വാച്ച്ടവർ സൊസൈറ്റിയുടെ നെതർലൻഡ്സ് ബ്രാഞ്ചിൽ ഉണ്ട് എന്ന് ഡച്ചുകാരനായ ഒരു ഗവേഷകൻ പറഞ്ഞു. “ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹമായിരുന്നു യഹോവയുടെ സാക്ഷികളെ ഇതിനു പ്രേരിപ്പിച്ചത് എന്ന് അവയോരോന്നും കാട്ടിത്തരുന്നു.”
നാസികൾ ലക്ഷ്യമിട്ടിരുന്ന മറ്റു കൂട്ടങ്ങളിൽനിന്നു വ്യത്യസ്തമായി, തങ്ങളുടെ വിശ്വാസത്തെ ത്യജിച്ചു പറയുന്ന ഒരു പ്രഖ്യാപനത്തിൽ കേവലം ഒപ്പുവെച്ചാൽ യഹോവയുടെ സാക്ഷികളിൽ മിക്കവർക്കും സ്വതന്ത്രരാകാമായിരുന്നു എന്ന വസ്തുത ഒട്ടേറെ പ്രസംഗകർ എടുത്തു പറഞ്ഞു. എന്നിട്ടും, സാക്ഷികളിൽ ബഹുഭൂരിഭാഗവും വിട്ടുവീഴ്ച ചെയ്യുന്നതിനു പകരം, ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെല്ലാം നന്നായി മനസ്സിലാക്കിക്കൊണ്ടുതന്നെ പീഡനം സഹിക്കുക എന്ന ഉചിതമായ തിരഞ്ഞെടുപ്പു നടത്തി എന്ന് പ്രസംഗകരും അഭിമുഖം നടത്തപ്പെട്ടവരും വിവരിച്ചു. എങ്കിലും ഏതാനും പേർ യഹോവയുടെ സാക്ഷികളുമൊത്തുള്ള സഹവാസം അവസാനിപ്പിക്കാൻ വേണ്ടി പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയുണ്ടായി.
മറ്റു ചിലർ പ്രഖ്യാപനത്തിൽ പറഞ്ഞ കാര്യങ്ങൾ ശരിക്കു മനസ്സിലാക്കാതെ ആണ് അതിൽ ഒപ്പുവെച്ചത്. അല്ലാതെ, തങ്ങളുടെ മതം ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ആയിരുന്നില്ല. ഇനിയും ചിലരാകട്ടെ, പീഡകരുടെ കയ്യിൽനിന്നു രക്ഷപ്പെട്ട് പ്രസംഗപ്രവർത്തനം പുനരാരംഭിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്നത് ധാർമികമായി തെറ്റല്ലെന്നു കരുതി അങ്ങനെ ചെയ്തു. എങ്കിലും സ്വതന്ത്രരാക്കപ്പെട്ട ശേഷം, ലക്ഷ്യം എന്തുതന്നെ ആയിരുന്നാലും പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതു ശരിയായില്ലെന്ന് അവർ തിരിച്ചറിഞ്ഞു.
വിലയിരുത്തലിൽ പിശകുവന്നതിന്റെ പേരിൽ അവർ സഭയിൽനിന്നു പുറത്താക്കപ്പെട്ടില്ല. വീട്ടിലേക്കും സഭയിലേക്കും തിരികെ ചെന്നപ്പോൾ അവർക്ക് ആത്മീയ സഹായം ലഭിച്ചു. പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്നതിലേക്കു ചിലരെ നയിച്ച സാഹചര്യങ്ങൾ മനസ്സിലാക്കാനും അവരോട് കരുണയോടെ ഇടപെടാനും നെതർലൻഡ്സിലെ സാക്ഷികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു കത്ത് 1942 ജൂണിൽ വാച്ച്ടവർ സൊസൈറ്റിയുടെ അവിടത്തെ ബ്രാഞ്ച് ഓഫീസ് അയയ്ക്കുകയുണ്ടായി. നാസി അധിനിവേശം അപ്പോഴും അവസാനിച്ചിട്ടില്ലായിരുന്നെങ്കിലും താമസിയാതെ ഈ മുൻതടവുകാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് വീണ്ടും പ്രസംഗവേലയിൽ ഏർപ്പെടാൻ തുടങ്ങി. ചിലരെ രണ്ടാം പ്രാവശ്യവും അറസ്റ്റു ചെയ്തു. സൈനിക പ്രവർത്തനങ്ങളിൽ പങ്കുചേരാഞ്ഞതിന് അവരിൽ ഒരാളെ വധിക്കുകപോലും ചെയ്തു.
യഹോവയുടെ സാക്ഷികൾക്ക് വളരെയധികം യാതനകൾ സഹിക്കേണ്ടിവരികയും പിരിമുറുക്കം നിറഞ്ഞ അപകടകരമായ സാഹചര്യങ്ങളിൽ വർഷങ്ങളോളം തങ്ങളുടെ വേല രഹസ്യമായി നിർവഹിക്കേണ്ടിവരികയും ചെയ്തിട്ടും നെതർലൻഡ്സിൽ സാക്ഷികളുടെ എണ്ണം വർധിച്ചു വന്നു. 1940-ൽ അവിടെ ഏതാണ്ട് 500 സാക്ഷികളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 1945-ൽ നാസി ഭരണം അവസാനിച്ചപ്പോഴേക്കും സാക്ഷികളുടെ എണ്ണം 2,000-ത്തിലധികം ആയിത്തീർന്നു. ദൈവത്തെ അനുസരിക്കുന്നതിൽ അവർ കാട്ടിയ ധൈര്യവും നിശ്ചയദാർഢ്യവും ഇന്നോളം ഒരു വലിയ സാക്ഷ്യമായി നിലകൊള്ളുന്നു.
[25-ാം പേജിലെ ചിത്രം]
ഗവേഷകർ കൂടിവന്നവരോടു പ്രസംഗിക്കുന്നു
[25-ാം പേജിലെ ചിത്രം]
കൂട്ടക്കുരുതിയെ അതിജീവിച്ച ഡച്ചുകാരുമായി ഒരു അഭിമുഖം