പരസ്യപ്രസംഗം കേൾക്കാൻ കൂടിവരുവിൻ:
“ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു”
ഇവ പ്രക്ഷുബ്ധ സമയങ്ങളാണ്. ലോകത്തെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങൾ ഒന്നിനു പുറകേ ഒന്നായി അരങ്ങേറിക്കൊണ്ടിരിക്കുന്നു. എന്താണു സംഭവിക്കുന്നതെന്നു ഗ്രഹിക്കാൻ കഴിയാത്തത്ര വേഗത്തിൽ ചുറ്റുപാടുമുള്ള സ്ഥിതിഗതികൾക്കു മാറ്റം വരുന്നതായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
മനുഷ്യ കാര്യാദികളെ ശരിയായി വിശകലനം ചെയ്തുകൊണ്ട് “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:31, NW) ആ വാക്കുകൾ എഴുതിയ അപ്പൊസ്തലനായ പൗലൊസ്, ലോകസംഭവങ്ങളെ ഒരു നാടകശാലയിലെ അരങ്ങിൽ മാറിവരുന്ന രംഗങ്ങളോട് ഉപമിക്കുകയായിരുന്നു. ചരിത്രത്തിൽ ഉടനീളം ലോകനേതാക്കളും പുത്തൻ പ്രവണതകൾക്കു തുടക്കമിട്ടിട്ടുള്ള ആളുകളും ലോക അരങ്ങിൽ മാറിമാറി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നമ്മുടെ കാലത്ത്—വിശേഷിച്ചും 1914 എന്ന സുപ്രധാന വർഷത്തിനു ശേഷം—ഈ പ്രക്രിയ ത്വരിതഗതിയിൽ ആയിരിക്കുന്നതായി കാണപ്പെടുന്നു.
എന്നാൽ, ഈ ലോക അരിഷ്ടതകൾ—ഏറ്റവും അടുത്തകാലത്തു സംഭവിച്ചവ പോലും—മനുഷ്യവർഗത്തെ സംബന്ധിച്ചിടത്തോളം ഒരു സുവാർത്ത കൂടിയാണെന്ന കാര്യം നിങ്ങൾക്കറിയാമായിരുന്നോ? അതേ, അത് യഥാർഥത്തിൽ ഈ ലോകരംഗം പെട്ടെന്നുതന്നെ മാറി, തത്സ്ഥാനത്തു മെച്ചപ്പെട്ട ഒന്നു സ്ഥാപിതമാകും എന്നതിന്റെ തെളിവാണ്. ബൈബിൾ വളരെ കാലം മുമ്പുതന്നെ നമ്മുടെ കാലത്തെ കടുത്ത യാതനകളെ കുറിച്ചു മുൻകൂട്ടി പറഞ്ഞിരുന്നു. ഈ പ്രക്ഷുബ്ധാവസ്ഥകളെല്ലാം മനുഷ്യ സമൂഹം നേരിടാനിരിക്കുന്ന ഏറ്റവും വലിയ ഒരു മാറ്റത്തിന്റെ മുന്നോടി മാത്രമാണെന്നും അതു വിശദീകരിക്കുന്നു. ഒരു വൻ കോളിളക്കം ഉണ്ടാകാൻ പോകുന്നു എന്നത് ഭയാനകമായി തോന്നിയേക്കാമെങ്കിലും, അതു യഥാർഥത്തിൽ എല്ലായിടത്തുമുള്ള സന്മനസ്സുള്ള വ്യക്തികൾക്കു ലഭിക്കാവുന്നതിലേക്കും വെച്ചു നല്ല വാർത്തയാണ്. ഈ ലോകത്തിന്റെ രംഗം മാറി, മനുഷ്യ കുടുംബത്തിന് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു കാലം വരും.
ഈ മാറ്റങ്ങളെ കുറിച്ചും അവ സംബന്ധിച്ച ബൈബിൾ വിശദീകരണങ്ങളെ കുറിച്ചും കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഈ മാസം തുടങ്ങുന്ന, യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലെ “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്ന വിഷയത്തിലുള്ള പരസ്യപ്രസംഗത്തിനു ഹാജരാകാൻ നിങ്ങളെ ഞങ്ങൾ ഹാർദമായി ക്ഷണിക്കുകയാണ്. ലോകവ്യാപകമായി നൂറുകണക്കിനു സ്ഥലങ്ങളിൽ ഈ കൺവെൻഷനുകൾ നടത്തപ്പെടും. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥലം അറിയാനായി പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിക്കുകയോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക. (g02 5/22)
[32-ാം പേജിലെ ചിത്രം]
ഒരു അണുബോംബ് ഹിരോഷിമ നഗരത്തെ തകർത്തുതരിപ്പണമാക്കുന്നു, 1945
[കടപ്പാട്]
USAF photo
[32-ാം പേജിലെ ചിത്രം]
ബെർലിൻ മതിൽ നിലംപതിക്കുന്നു, 1989
[കടപ്പാട്]
AP Photo/Lionel Cironneau
[32-ാം പേജിലെ ചിത്രം]
ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തീവ്രവാദികൾ ആക്രമിക്കുന്നു, 2001