അന്ത്യനാളുകൾ പിന്നീടെന്ത്?
‘അന്ത്യനാളുകൾ’ എന്നു കേൾക്കുമ്പോൾത്തന്നെ ചിലർക്കു ഭയമാണ്. (2 തിമൊഥെയൊസ് 3:1) ദുർഘടസമയങ്ങളുടെ ഒരു ചിത്രമാണ് അവരുടെ മനസ്സിൽത്തെളിയുന്നത്. അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് അനേകർ കാലങ്ങളായി അതിനുവേണ്ടി കാത്തിരുന്നിട്ടുള്ളത്? നല്ലൊരു കാലം സമീപമാണെന്നതിന്റെ സൂചന കൂടിയാണ് അന്ത്യനാളുകൾ എന്നതാണ് അതിനു കാരണം.
ഉദാഹരണത്തിന്, അന്ത്യകാലത്തെത്തുടർന്ന് ദൈവത്തിന്റെ സഹസ്രാബ്ദരാജ്യം ഭരണമാരംഭിക്കുമെന്നും ആഗോള സമാധാനവും സമൃദ്ധിയും കളിയാടുന്ന ഒരു പുതുയുഗം പിറക്കുമെന്നും സർ ഐസക് ന്യൂട്ടണു ബോധ്യമുണ്ടായിരുന്നു. മീഖാ 4:3-ലെയും യെശയ്യാവു 2:4-ലെയും പിൻവരുന്ന പ്രവചനം അന്നു നിവൃത്തിയേറുമെന്ന് അദ്ദേഹം പറഞ്ഞു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.”
അന്ത്യകാലത്തെക്കുറിച്ചു സംസാരിച്ചപ്പോൾ പ്രതീക്ഷാനിർഭരമായ ഒരു മനോഭാവം ഉള്ളവരായിരിക്കാൻ യേശു തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചു. വലിയ കഷ്ടത്തിന്റെ നാളുകളിലെ ക്ലേശങ്ങളെയും ആകുലതയെയും ഭീതിയെയും കുറിച്ചു പറഞ്ഞശേഷം “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ” എന്നവൻ കൂട്ടിച്ചേർത്തു. (ലൂക്കൊസ് 21:28) എന്തിൽനിന്നുള്ള വീണ്ടെടുപ്പ്?
ദൈവത്തിന്റെ ചില വാഗ്ദാനങ്ങൾ
യുദ്ധം, ആഭ്യന്തരകലഹം, കുറ്റകൃത്യം, അക്രമം, പട്ടിണി—മനുഷ്യവർഗത്തെ അലട്ടുന്നതും ദശലക്ഷങ്ങളെ ഭീതിയിലാഴ്ത്തുന്നതുമായ ഏതാനും ചില കാര്യങ്ങളാണിവ. ഇവയിലേതെങ്കിലുമൊന്ന് നിങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടോ? എങ്കിൽ ദൈവം വാഗ്ദാനം ചെയ്യുന്ന പിൻവരുന്ന കാര്യങ്ങൾ പരിചിന്തിക്കുക:
“കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” —സങ്കീർത്തനം 37:10, 11.
“എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.”—യെശയ്യാവു 32:18.
“[യഹോവ] ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.” —സങ്കീർത്തനം 46:9.
“അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
“ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:16.
“എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.”—സദൃശവാക്യങ്ങൾ 1:33.
ജീവിതസാഹചര്യങ്ങൾ താരതമ്യേന സുഖകരമായ ഒരു സ്ഥലത്താണു നാം വസിക്കുന്നതെങ്കിൽപ്പോലും രോഗവും മരണവും നമ്മുടെ കാര്യത്തിലും ഒരു യാഥാർഥ്യമാണ്. ദൈവത്തിന്റെ പുതുലോകത്തിൽ പക്ഷേ അവയും പൊയ്പോയിരിക്കും. മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനുള്ള പ്രത്യാശയും നമുക്കുണ്ട്. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24.
“[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5.
“ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.”—1 കൊരിന്ത്യർ 15:26.
“കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
ഇക്കാര്യങ്ങളെല്ലാം ഭംഗിയായി സംക്ഷേപിച്ചുകൊണ്ട് പത്രൊസ് അപ്പൊസ്തലൻ എഴുതി: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) ഭൂവ്യാപകമായി നീതി വസിക്കണമെങ്കിൽ ആ അവസ്ഥയ്ക്കു ഭംഗംവരുത്തുന്ന ഏതൊരാളും നീക്കംചെയ്യപ്പെടണം. സ്വാർഥതാത്പര്യങ്ങൾക്കായി പോരാട്ടങ്ങൾക്കു തിരികൊളുത്തുകയും രക്തച്ചൊരിച്ചിൽ നടത്തുകയും ചെയ്യുന്ന രാഷ്ട്രങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. എല്ലാ ഭൗമിക ഗവൺമെന്റുകൾക്കും പകരമായി ക്രിസ്തുവിന്റെ ആധിപത്യത്തിലുള്ള ദൈവരാജ്യം ഭരണമേൽക്കും. പ്രസ്തുത ഭരണം സംബന്ധിച്ച് ബൈബിൾ ഈ ഉറപ്പു നൽകുന്നു: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.”—യെശയ്യാവു 9:7.
മഹത്തായ ഈ ഭാവിപ്രത്യാശകൾ നിങ്ങളുടേതാക്കാൻ കഴിയും. കാരണം, “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും [ദൈവം] ഇച്ഛിക്കുന്നു” എന്ന് ബൈബിൾ ഉറപ്പുതരുന്നു. (1 തിമൊഥെയൊസ് 2:4) നിത്യജീവൻ നേടാനാവശ്യമായ പരിജ്ഞാനം സമ്പാദിക്കാൻ വൈകരുത്. (യോഹന്നാൻ 17:3) ഒരു സൗജന്യ ഭവന ബൈബിളധ്യയനത്തിനായി ഈ മാസികയുടെ പ്രസാധകരുമായി ബന്ധപ്പെട്ടുകൊണ്ട് അതിനു തുടക്കമിടുക.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ഈ ഭൂമിയിൽ സ്ഥാപിതമാകുന്ന ഒരു പറുദീസയിൽ സമാധാനത്തോടും പൂർണാരോഗ്യത്തോടും കൂടെ എന്നെന്നും ജീവിക്കാൻ നിങ്ങൾക്കു പ്രത്യാശിക്കാനാകും