തോക്കുകൾ അവയില്ലാത്ത ഒരു ലോകം
മനുഷ്യചരിത്രത്തിന്റെ തുടക്കംമുതൽ തന്റെ സമസൃഷ്ടിയോടുള്ള മമനുഷ്യന്റെ ഇടപെടലുകളിൽ അവൻ അക്രമം പ്രയോഗിച്ചിട്ടുണ്ട്. കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊന്നപ്പോൾ ആദ്യകുടുംബത്തിൽത്തന്നെ കൊലപാതകം നടന്നു. അന്നുമുതൽ ഇന്നോളം കുടുംബങ്ങൾക്കും ഗോത്രങ്ങൾക്കുമുള്ളിലും രാഷ്ട്രങ്ങൾതമ്മിലും സംഹാരം തുടരുകയാണ്. ആയുധങ്ങൾ കൂടുതൽ ശക്തമായിത്തീർന്നപ്പോൾ, ഇരകൾ നിരവധിയായി. കല്ലും വടിയും കുന്തത്തിനും അമ്പിനും വഴിമാറി. അവക്കുപകരം തോക്കുകളും ബോംബുകളും വന്നു. ശതങ്ങളുടെ നാശം സഹസ്രങ്ങളുടേതായി മാറി. ഇന്ന് സഹസ്രങ്ങൾ ദശലക്ഷങ്ങളായിരിക്കുകയാണ്. യുദ്ധകാലത്തുമാത്രമല്ല, സമാധാനകാലത്തും ഇതാണവസ്ഥ. പടയാളികളുടെ മാത്രമല്ല, പൗരൻമാരുടെയും. മുതിർന്നവരുടെ മാത്രമല്ല, കുട്ടികളുടെയും. അക്രമത്തിന്റെ വ്യാപനം എന്നെങ്കിലും അവസാനിക്കുമോ? അത് ജനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ സാദ്ധ്യതകൾ ഇരുളടഞ്ഞതാണ്.—2 തിമൊഥെയോസ് 3:1-5, 13.
ഇത് രാഷ്ട്രങ്ങൾ മററ് രാഷ്ട്രങ്ങൾക്കെതിരെ എഴുന്നേററ് ഭീകരയുദ്ധങ്ങൾ നടത്തി ദശലക്ഷങ്ങളുടെ ജീവൻ ഹനിക്കുന്ന ഒരു കാലമായിരിക്കുമെന്ന് ക്രിസ്തുയേശു മുൻകൂട്ടിപ്പറഞ്ഞു. പകർച്ചവ്യാധികളും ഭൂകമ്പങ്ങളും അനേകം സ്ഥലങ്ങളിൽ ഭാരിച്ച ജീവനഷ്ടം വരുത്തിക്കൂട്ടും. ജീവനെ നിലനിർത്താനുള്ള ഭൂമിയുടെ പ്രാപ്തിതന്നെ ഭീഷണിക്കു വിധേയമാകത്തക്ക അളവോളം മനുഷ്യൻ ഭൂമിയെ മലിനീകരിക്കും—ഇപ്പോൾ അനേകം ശാസ്ത്രജ്ഞൻമാർ ആ ഭയം പുറപ്പെടുവിക്കുന്നുണ്ട്. എന്നാൽ മമനുഷ്യന്റെ പണസ്നേഹം അവന്റെ മലിനീകരണവെറിയിൽ അവൻ മുന്നോട്ടു കുതിക്കാനിടയാക്കുകയാണ്. യഹോവയാം ദൈവംതന്നെ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാൻ” ഇടപെടുമ്പോൾ മാത്രമേ അതവസാനിക്കുകയുള്ളു.—വെളിപ്പാട് 11:18.
അങ്ങനെയുള്ള മുന്നറിയിപ്പുകളെ അനേകർ പരിഹസിക്കുകയും അങ്ങനെ അവസാനനാളുകളുടെ മുൻകൂട്ടിപ്പറയപ്പെട്ട അടയാളത്തിന്റെ മറെറാരു ഭാഗം നിവർത്തിക്കുകയും ചെയ്യുന്നു: “അന്ത്യനാളുകളിൽ തങ്ങളുടെ സ്വന്തം മോഹങ്ങളനുസരിച്ച് പുറപ്പെടുന്നവരും ‘അവന്റെ ഈ വാഗ്ദത്ത സാന്നിദ്ധ്യമെവിടെ? എന്തിന്, നമ്മുടെ പൂർവപിതാക്കൾ മരണത്തിൽ നിദ്രകൊണ്ട നാൾമുതൽ സകലവും സൃഷ്ടിയുടെ ആരംഭത്തിലെന്നപോലെ തുടരുകയാണ്’ എന്നു പറയുന്നവരുമായ പരിഹാസികൾ തങ്ങളുടെ പരിഹാസത്തോടെ വരുമെന്ന് ആദ്യം അറിഞ്ഞുകൊള്ളുക.”—2 പത്രോസ് 3:3, 4.
എന്നാൽ മനുഷ്യവർഗ്ഗത്തിൻമേൽ തങ്ങിനിൽക്കുന്ന ഈ ഇരുണ്ട മേഘത്തിൽ ഒരു രജതരേഖയുണ്ട്. തന്റെ സാന്നിദ്ധ്യത്തിൽ “സമുദ്രത്തിന്റെ ഗർജ്ജനവും അതിന്റെ ക്ഷോഭവും നിമിത്തം ഭൂമിയിൽ പോംവഴിയറിയാത്ത ജനതകളുടെ അതിവേദനയുണ്ടായിരിക്കു”മെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. “അതേസമയം, നിവസിതഭൂമിമേൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയവും പ്രതീക്ഷയും നിമിത്തം മനുഷ്യർ മോഹാലസ്യപ്പെടുകയാണ്.” എന്നാൽ “നിവർന്നുനിന്ന് നിങ്ങളുടെ തലകളുയർത്താ”നുള്ള ഒരു സമയവുമായിരിക്കും അതെന്ന് അവൻ പറഞ്ഞു. “എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വിടുതൽ അടുത്തുവരികയാണ്.”—ലൂക്കോസ് 21:25-28.
ജനതകൾ അതിവേദനയിലാണ്. ജനസമൂഹങ്ങൾ പ്രക്ഷുബ്ധതയിലാണ്. ഭൂമിമേൽ സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തികൾ ഭയചകിതരാണ്. എന്നാൽ ദൈവരാജ്യത്തിന്റെയും ക്രിസ്തുയേശുവിന്റെ സഹസ്രാബ്ദവാഴ്ചയുടെയും വരവിനുവേണ്ടി കാത്തിരിക്കുന്നവർക്ക് അത് വിടുതലിന്റെ ഒരു സമയവുമാണ്. അതായിരിക്കും ‘നീതി വസിക്കാനിരിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും’ സംബന്ധിച്ച യഹോവയാം ദൈവത്തിന്റെ വാഗ്ദത്തനിവൃത്തിക്കുള്ള സമയം.—2 പത്രോസ് 3:13.
തോക്കുകളുമില്ല! യുദ്ധത്തിന് ഒന്നുമാവശ്യമില്ല. “അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു. അവൻ വില്ലൊടിക്കുകയും കുന്തങ്ങളെ വെട്ടിമുറിക്കുകയും ചെയ്യുന്നു; വണ്ടികൾ [യുദ്ധരഥങ്ങൾ, റോതർഹാം] അവൻ തീയിലിട്ടു ചുടുന്നു.”—സങ്കീർത്തനം 46:9.
വ്യക്തിപരമായ സുരക്ഷിതത്വത്തിന് യാതൊന്നും ആവശ്യമായിരിക്കുകയില്ല. “അവർ ഓരോരുത്തരും തന്റെ മുന്തിരിവള്ളിയുടെ കീഴിലും തന്റെ അത്തിവൃക്ഷത്തിന്റെ കീഴിലും ഇരിക്കും, അവരെ വിറപ്പിക്കുന്ന ആരുമുണ്ടായിരിക്കയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ്തന്നെ അതു പ്രസ്താവിച്ചിരിക്കുന്നു.”—മീഖാ 4:4.
അവിടെ നേരുള്ളവർമാത്രമേ ഉണ്ടായിരിക്കയുള്ളു. ദുഷ്ടൻമാരിലാരുമുണ്ടായിരിക്കയില്ല. “നീതിമാൻമാരായിരിക്കും ഭൂമിയിൽ വസിക്കുന്നത്. നിഷ്ക്കളങ്കൻമാർ ആയിരിക്കും അതിൽ ശേഷിച്ചിരിക്കുന്നത്. ദുഷ്ടൻമാരെ സംബന്ധിച്ചടത്തോളം അവർ ഭൂമിയിൽനിന്നുതന്നെ ഛേദിക്കപ്പെടും; വഞ്ചകരെ സംബന്ധിച്ചാണെങ്കിൽ, അവർ അതിൽനിന്ന് പറിച്ചുമാററപ്പെടും.” (സദൃശവാക്യങ്ങൾ 2:21, 22) അപ്പോൾ, “സൗമ്യതയുള്ളവർതന്നെ ഭൂമിയെ കൈവശമാക്കും, അവർ തീർച്ചയായും സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.”—സങ്കീർത്തനം 37:11.
ദൈവത്തിന്റെ ദൃഷ്ടിയിൽ അക്രമം ഭൂമിയെ നശിപ്പിക്കുകയാണ്. നോഹയുടെ നാളിൽ “ഭൂമി സത്യദൈവത്തിന്റെ ദൃഷ്ടിയിൽ പാഴാകാനിടയായി, ഭൂമി അക്രമംകൊണ്ടു നിറഞ്ഞു.” (ഉല്പത്തി 6:11-13) അതുകൊണ്ട്, യഹോവ ആ ലോകത്തെ ഒരു ആഗോളപ്രളയംകൊണ്ടവസാനിപ്പിച്ചു. യേശു ഇപ്പോഴത്തെ തന്റെ സാന്നിദ്ധ്യകാലത്തെ അക്രമാസക്തലോകത്തിന്റെ അവസാനത്തെ ആ പുരാതനലോകത്തിന്റെ അവസാനത്തോട് ഉപമിച്ചു: “എന്തെന്നാൽ നോഹ പെട്ടകത്തിൽ പ്രവേശിച്ച നാൾവരെ പ്രളയത്തിനുമുമ്പത്തെ ആ നാളുകളിൽ അവർ തിന്നുകയും കുടിക്കുകയും പുരുഷൻമാർ വിവാഹംകഴിക്കുകയും സ്ത്രീകൾ വിവാഹത്തിനു കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കെ, പ്രളയംവന്ന് അവരെയെല്ലാം ഒഴുക്കിക്കൊണ്ടുപോയതുവരെ അവർ ഗൗനിച്ചില്ല, മനുഷ്യപുത്രന്റെ സാന്നിദ്ധ്യം അങ്ങനെയായിരിക്കും.”—മത്തായി 24:38, 39.
ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്ന എല്ലാവരും മർക്കോസ് 12:31 നിവർത്തിക്കും: “നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.” യെശയ്യാവ് 11:9ഉം: “അവർ എന്റെ വിശുദ്ധപർവതത്തിലെങ്ങും ഒരു ഉപദ്രവവും ചെയ്യുകയില്ല അല്ലെങ്കിൽ ഒരു നാശവും വരുത്തുകയില്ല; എന്തുകൊണ്ടെന്നാൽ വെള്ളങ്ങൾ സമുദ്രത്തെത്തന്നെ മൂടുന്നതുപോലെ, ഭൂമി യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ടു നിറയും.” നീതിയുള്ള ആ പുതിയ ലോകത്തിൽ വെളിപ്പാട് 21:1, 4ൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന മഹത്തായ അവസ്ഥകളും നിറവേറും: “ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; എന്തെന്നാൽ മുമ്പത്തെ ആകാശവും മുമ്പത്തെ ഭൂമിയും നീങ്ങിപ്പോയിരുന്നു, സമുദ്രവും മേലാലില്ല. അവൻ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഇല്ല. മുമ്പത്തെ കാര്യങ്ങൾ കടന്നുപോയിരിക്കുന്നു. തീർച്ചയായും തോക്കുകൾ പൊക്കിക്കാട്ടുന്ന മനുഷ്യസമുദായങ്ങൾ അന്നുണ്ടായിരിക്കയില്ല!
മനുഷ്യന്റെ അനുഗ്രഹത്തിനുവേണ്ടിയുള്ള ഈ സുപ്രധാന മാററങ്ങളൊക്കെ വരുത്തുന്നത് തങ്ങളുടെ ജ്വലിക്കുന്ന തോക്കുകൾകൊണ്ട് എതിർപക്ഷത്തെ അരിഞ്ഞുവീഴ്ത്തുന്ന വിപ്ലവകാരികളായിരിക്കുകയില്ല. പകരം, അവ കൈവരുത്തപ്പെടുന്നത് ക്രിസ്തുയേശുവിൻകീഴിലെ യഹോവയാം ദൈവത്തിന്റെ രാജ്യം മുഖേനയായിരിക്കും. അതുകൊണ്ട് യെശയ്യാവ് 9:6, 7 പറയുന്നു: “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; രാജകീയഭരണം അവന്റെ തോളിൽ വരും. അവന് അത്ഭുത ഉപദേശകൻ, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. രാജകീയഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല, ഇന്നു മുതൽ എന്നെന്നേക്കും ദാവീദിന്റെ സിംഹാസനത്തിൻമേലും അവന്റെ രാജ്യത്തിൻമേലും അതിനെ ന്യായത്താലും നീതിയാലും സ്ഥാപിച്ചു നിലനിർത്തേണ്ടതിനുതന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണതതന്നെ അതു ചെയ്യും.” (g90 5⁄22)