ബൈബിളിന്റെ വീക്ഷണം
അക്രമം
മനുഷ്യചരിത്രം നിറയെ അക്രമത്തിന്റെ കഥയാണ്. ഈ ദാരുണമായ അവസ്ഥ അനന്തമായി തുടരുമോ?
അക്രമത്തെ ദൈവം എങ്ങനെയാണ് വീക്ഷിക്കുന്നത്?
ആളുകൾ പറയുന്നത്
ഒരു പ്രകോപനം ഉണ്ടായാൽ അതിന് എതിരെയുള്ള ന്യായമായ പ്രതികരണമാണ് അക്രമമെന്ന് മതഭക്തരായ ആളുകൾ ഉൾപ്പെടെ അനേകർ വിശ്വസിക്കുന്നു. ടിവി പരിപാടികളിലും മറ്റു ചലച്ചിത്രങ്ങളിലും കാണുന്ന അക്രമങ്ങൾ മനുഷ്യനു സ്വീകാര്യമായ വിനോദമാണെന്ന് ദശലക്ഷങ്ങൾ ചിന്തിക്കുന്നു.
ബൈബിൾ പറയുന്നത്
വടക്കൻ ഇറാഖിലെ മോസുൾ നഗരത്തിന് സമീപം പുരാതന അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്ന നിനെവേയുടെ ശൂന്യാവശിഷ്ടങ്ങൾ കാണാനാകും. ഒരു തലസ്ഥാനനഗരമായി തഴച്ചുവളരവെ, ‘നീനെവേയെ ശൂന്യമാക്കും’ എന്ന് ബൈബിൾ മുൻകൂട്ടി പറഞ്ഞു. (സെഫന്യാവു 2:13) മാത്രമല്ല, ‘ഞാൻ നിന്നെ നിന്ദാവിഷയമാക്കും’ എന്നും ദൈവം പറഞ്ഞു. എന്തുകൊണ്ട്? കാരണം നിനെവേ ‘രക്തപാതകം’ ഉള്ള നഗരമായിരുന്നു. (നഹൂം 1:1; 3:1, 6) കൂടാതെ ‘അക്രമികളെ യഹോവ വെറുക്കുന്നു’ എന്ന് സങ്കീർത്തനം 5:6 (NW) വ്യക്തമാക്കുന്നു. യഹോവ പറഞ്ഞതുപോലെ സംഭവിച്ചുവെന്ന് നിനെവേയുടെ ഇന്നത്തെ അവസ്ഥ സാക്ഷ്യപ്പെടുത്തുന്നു.
ദൈവത്തിന്റെയും മനുഷ്യരുടെയും മുഖ്യശത്രുവായ പിശാചായ സാത്താനാണ് അക്രമപ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. യേശു അവനെ “ഒരു കൊലപാതകി” എന്നു വിളിച്ചു. (യോഹന്നാൻ 8:44) കൂടാതെ “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന”തിനാൽ ഇന്നു നടക്കുന്ന അക്രമപ്രവർത്തനങ്ങളിൽ അവന്റെ സ്വഭാവസവിശേഷതകളാണ് പ്രതിഫലിക്കുന്നത്. ഇതിൽ, മാധ്യമങ്ങളിൽ കാണുന്ന അക്രമത്തോടുള്ള ആളുകളുടെ ഭ്രമവും ഉൾപ്പെടും. (1 യോഹന്നാൻ 5:19) അതുകൊണ്ട്, ദൈവത്തെ പ്രസാദിപ്പിക്കാൻ ഒരു വ്യക്തി അക്രമത്തെ വെറുക്കുകയും ദൈവം സ്നേഹിക്കുന്നതിനെ സ്നേഹിക്കുകയും ചെയ്യണം.a അത് സാധ്യമാണോ?
“യഹോവ . . . സാഹസപ്രിയനെ (“അക്രമപ്രിയനെ,” NW) . . . വെറുക്കുന്നു.” —സങ്കീർത്തനം 11:5.
ആളുകളുടെ അക്രമവാസനയ്ക്കു മാറ്റം വരുമോ?
ആളുകൾ പറയുന്നത്
അക്രമവാസന മനുഷ്യരുടെ സ്വാഭാവികപ്രകൃതമാണ്. അതിന് ഒരിക്കലും മാറ്റം വരികയില്ല.
ബൈബിൾ പറയുന്നത്
“ക്രോധം, കോപം, വഷളത്തം, ദൂഷണം എന്നിവയൊക്കെയും പാടേ ഉപേക്ഷിക്കുക” എന്നും “പഴയ വ്യക്തിത്വം അതിന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ് പുതിയ വ്യക്തിത്വം ധരിച്ചുകൊള്ളുവിൻ” എന്നും ബൈബിൾ പറയുന്നു. (കൊലോസ്യർ 3:8-10) നമ്മുടെ പ്രാപ്തിക്ക് അതീതമായാണോ ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്? ഒരിക്കലുമല്ല. ആളുകൾക്ക് മാറ്റം വരുത്താനാകും.b എന്നാൽ എങ്ങനെ?
ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നേടുക എന്നുള്ളതാണ് ആദ്യപടി. (കൊലോസ്യർ 3:10) സൃഷ്ടാവിന്റെ നല്ല ഗുണങ്ങളെയും നിലവാരങ്ങളെയും കുറിച്ച് തുറന്നമനസ്സോടെ ഒരു വ്യക്തി പഠിക്കുമ്പോൾ, അദ്ദേഹം ദൈവത്തോട് അടുക്കുകയും അവനെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യും.—1 യോഹന്നാൻ 5:3.
നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതാണ് അടുത്ത പടി. “കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു. നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.”—സദൃശവാക്യങ്ങൾ 22:24, 25.
ഉൾക്കാഴ്ചയുണ്ടായിരിക്കുക എന്നതാണ് മൂന്നാമത്തെ പടി. യഥാർഥത്തിൽ അക്രമം എന്താണ്? ഒരു വ്യക്തിയിൽ ആത്മനിയന്ത്രണത്തിന്റെ അഭാവമുണ്ടെന്ന് തെളിയിക്കുന്ന ഗുരുതരമായ ബലഹീനതയാണ് അത്. എന്നാൽ സമാധാനത്തെ പ്രിയപ്പെടുന്നവനാകട്ടെ ഇതിനോടുള്ള താരതമ്യത്തിൽ ഉൾക്കരുത്തുള്ളവനാണ്. സദൃശവാക്യങ്ങൾ 16:32 ഇങ്ങനെ പറയുന്നു: “ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും . . . ശ്രേഷ്ഠൻ.”
‘എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുവിൻ.’—എബ്രായർ 12:14.
അക്രമം എന്നെങ്കിലും അവസാനിക്കുമോ?
ആളുകൾ പറയുന്നത്
അക്രമം എല്ലാക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്, മനുഷ്യൻ ഉള്ളിടത്തോളം അത് അങ്ങനെതന്നെ തുടരും.
ബൈബിൾ പറയുന്നത്
“കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:10, 11) അതെ, സൗമ്യരെയും സമാധാനപ്രിയരെയും രക്ഷിക്കുന്നതിനുവേണ്ടി, പുരാതന നിനെവേ പട്ടണത്തിലെ അക്രമപ്രിയരായ ആളുകളെ നശിപ്പിച്ചതുപോലെ ദൈവം ഇന്നുള്ള ദുഷ്ടരെയും നശിപ്പിക്കും. അതിനുശേഷം, ഭൂമിയിൽ ഒരിടത്തും അക്രമം ഉണ്ടായിരിക്കുകയില്ല!—സങ്കീർത്തനം 72:7.
“സൗമ്യതയുള്ളവർ . . . ഭൂമിയെ അവകാശമാക്കും.”—മത്തായി 5:5
അതുകൊണ്ട് ദൈവവുമായി സമാധാനത്തിലാകാൻ നമ്മൾ പ്രവർത്തിക്കേണ്ട സമയം ഇപ്പോഴാണ്. 2 പത്രോസ് 3:9 പറയുന്നതുപോലെ “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്കു വരാൻ ഇച്ഛിക്കുന്നതുകൊണ്ട് അവൻ (യഹോവ) നിങ്ങളോടു ദീർഘക്ഷമ കാണിക്കുകയത്രേ ചെയ്യുന്നത്.”
“അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും.”—യെശയ്യാവു 2:4.
a തങ്ങളുടെ അതിർത്തി സംരക്ഷിക്കുന്നതിനുവേണ്ടി ദൈവം തന്റെ പുരാതന ജനമായ ഇസ്രായേലിനെ യുദ്ധം ചെയ്യാൻ അനുവദിച്ചു. (2 ദിനവൃത്താന്തം 20:15, 17) എന്നാൽ, ഇസ്രായേൽ ജനതയോടുള്ള തന്റെ ഉടമ്പടിബന്ധം അവസാനിപ്പിച്ചതിലൂടെ ആ സാഹചര്യത്തിനു മാറ്റം വന്നു. തുടർന്ന്, അതിർത്തികൾ ഏതുമില്ലാത്ത ഒരു ക്രിസ്തീയസഭ ദൈവം സ്ഥാപിച്ചു.
b ആളുകൾ തങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തിയതിന്റെ ചില ഉദാഹരണങ്ങൾ “ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു” എന്ന വീക്ഷാഗോപുരപരമ്പരയിൽ കാണാനാകും.