കുടുംബങ്ങൾക്കുവേണ്ടി | യുവജനങ്ങൾ
അച്ഛന്റെയോ അമ്മയുടെയോ വേർപാട്
ബുദ്ധിമുട്ട്
ഡാമിക്ക് ആറ് വയസ്സുള്ളപ്പോഴാണ് തലച്ചോറിലെ ധമനിവീക്കം നിമിത്തം അവളുടെ പപ്പ മരിച്ചത്. ഡെറിക്കിന് ഒമ്പത് വയസ്സുള്ളപ്പോഴാണ് ഹൃദ്രോഗം മൂലം അവന്റെ ഡാഡി മരിച്ചത്. ഒരു വർഷത്തോളം കാൻസറിനോട് മല്ലിട്ട് ജെനിയുടെ മമ്മി മരിക്കുമ്പോൾ അവൾക്ക് ഏഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ.a
ഈ മൂന്നു ചെറുപ്പക്കാർക്കും പ്രിയപ്പെട്ടവരുടെ മരണമെന്ന യാഥാർഥ്യത്തെ നേരിടേണ്ടിവന്നു. നിങ്ങളും ഇതേ വേദന അനുഭവിക്കുന്നവരാണോ? ആണെങ്കിൽ, ആ നഷ്ടം വരുത്തിയ വേദനയുമായി ഒത്തുപോകാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.b ആദ്യംതന്നെ, വേർപാടിൽ ദുഃഖിക്കുന്നതിനെക്കുറിച്ചുള്ള ചില വസ്തുതകൾ നോക്കാം.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ദുഃഖം പ്രകടിപ്പിക്കുന്നത് പല വിധങ്ങളിൽ. അതായത്, നിങ്ങൾ ദുഃഖം പ്രകടിപ്പിക്കുന്നതുപോലെയായിരിക്കില്ല മറ്റൊരാൾ അതു ചെയ്യുന്നത്. മരണവുമായി ഒത്തുപോകാൻ കൗമാരക്കാരെ സഹായിക്കുന്നു എന്ന പുസ്തകം (ഇംഗ്ലീഷ്) പറയുന്നു: “ദുഃഖം പ്രകടിപ്പിക്കാനായി ഒരു പ്രത്യേകരീതിയോ ഒരു കൂട്ടം നിയമങ്ങളോ ഇല്ല.” എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ദുഃഖം നിങ്ങൾ ഉള്ളിലൊതുക്കിവെക്കാൻ ശ്രമിക്കരുത് എന്നതാണ്. എന്തുകൊണ്ട്? കാരണം. . .
ദുഃഖം ഉള്ളിലൊതുക്കുന്നത് അപകടകരം. മുമ്പ് പറഞ്ഞ ജെനി പറയുന്നു: “കുഞ്ഞനിയത്തിയെ ഓർത്ത് ഞാൻ എന്റെ ദുഃഖങ്ങൾ കടിച്ചമർത്തി, അവളുടെ മുന്നിൽ ഞാൻ തളരരുതല്ലോ. ഇപ്പോഴും ചിലപ്പോഴൊക്കെ ഞാൻ എന്റെ വേദനകൾ ഉള്ളിലൊതുക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ എനിക്കറിയാം അത് ഒട്ടും നല്ലതല്ലെന്ന്.”
വിദഗ്ധർക്കും ഇതേ അഭിപ്രായമാണുള്ളത്. “വികാരങ്ങൾ കടിച്ചമർത്തുകയോ ഉള്ളിലൊതുക്കുകയോ ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ അതു പൊന്തിവരും. നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഒരു പൊട്ടിത്തെറിയായോ ശാരീരിക അസ്വസ്ഥതകളായോ ഒക്കെ അതു പുറത്ത് വരും” എന്ന് കരയുന്ന കൗമാരം എന്ന പുസ്തകം (ഇംഗ്ലീഷ്) പറയുന്നു. ദുഃഖം അടക്കിവെക്കുന്നത് ഒടുവിൽ നമ്മളെ മദ്യത്തിനോ മയക്കുമരുന്നിനോ അടിമകളാക്കിയേക്കാം, വേദനകൾ മറക്കാനുള്ള മറുമരുന്നായി തുടങ്ങുന്നതാകാം ഇതൊക്കെ.
ദുഃഖം ആശങ്കകൾക്കു വഴിമാറുന്നു. ഉദാഹരണത്തിന്, തങ്ങളെ “ഒറ്റയ്ക്കാക്കിപ്പോയല്ലോ” എന്ന് ഓർത്ത് ചിലർക്കു മരിച്ചുപോയവരോട് അമർഷമാണ്. ഇതൊക്കെ തടയാൻ ദൈവത്തിന് കഴിയുമായിരുന്നില്ലേ എന്ന് ചിന്തിച്ച് പലരും ദൈവത്തെ കുറ്റപ്പെടുത്തുന്നു. ഇനി, മരിച്ചയാളോട് മുമ്പ് പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങൾ ഓർത്ത് മറ്റു ചിലർക്കു കുറ്റബോധം തോന്നുന്നു. അതിന് ഇനി പരിഹാരം ചെയ്യാൻ കഴിയില്ലല്ലോ എന്ന് ഓർത്ത് അവർ പരിതപിക്കുന്നു.
ചുരുക്കത്തിൽ, ആളുകൾ ദുഃഖം പ്രകടിപ്പിക്കുന്ന വിധങ്ങൾ ഏതൊക്കെയാണെന്ന് നമുക്കു കൃത്യമായി പറയാനാകില്ല. എന്നാൽ ഈ ദുഃഖത്തിന് എങ്ങനെ ആശ്വാസം കണ്ടെത്താം, എങ്ങനെ മുന്നോട്ടുപോകാം?
നിങ്ങൾക്കു ചെയ്യാനാകുന്നത്
ആരോടെങ്കിലും ഹൃദയം തുറക്കുക. ഈ പ്രയാസസമയത്ത് എല്ലാത്തിൽനിന്നും ഉൾവലിയാനായിരിക്കും നിങ്ങൾക്കു തോന്നുന്നത്. എന്നാൽ നിങ്ങളുടെ മനസ്സിനെ ഭാരപ്പെടുത്തുന്ന വികാരങ്ങളും ചിന്തകളും ഒരു അടുത്ത കുടുംബാംഗത്തോടോ സുഹൃത്തിനോടോ തുറന്നുപറയുന്നതു നിങ്ങളെ ഒരുപാട് ആശ്വസിപ്പിക്കും, വരിഞ്ഞുമുറുക്കുന്ന ആ ദുഃഖത്തിൽനിന്ന് പുറത്തുകടക്കാൻ അതു സഹായിക്കും.—ബൈബിൾതത്ത്വം: സുഭാഷിതങ്ങൾ 18:24.
ഡയറി എഴുതുക. മരണത്തിൽ നിങ്ങൾക്കു നഷ്ടമായ മാതാവിനെയോ പിതാവിനെയോ കുറിച്ച് എഴുതുക. ഉദാഹരണത്തിന്, അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കുവരുന്ന മായാത്ത ഓർമകൾ എന്തൊക്കെയാണ്? അവരുടെ എടുത്തുപറയത്തക്ക ഗുണങ്ങൾ ഏതൊക്കെയാണ്? അതിൽ ഏതൊക്കെ ഗുണങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ പകർത്താൻ ആഗ്രഹിക്കുന്നത്? എല്ലാം എഴുതിവെക്കുക.
മരണത്തിനു മുമ്പ് അവരോട് അൽപ്പം ദേഷ്യത്തോടെയോ മറ്റോ ഇടപെട്ടതിനെക്കുറിച്ചുള്ള ചിന്തകൾ നിങ്ങളെ വേട്ടയാടുന്നെങ്കിൽ അതെക്കുറിച്ച് മനസ്സിൽ തോന്നുന്ന വികാരങ്ങളും അങ്ങനെ തോന്നുന്നത് എന്തുകൊണ്ടാണെന്നും കുറിച്ചിടുക. ഉദാഹരണത്തിന് ഇങ്ങനെ എഴുതാം: “മരിക്കുന്നതിന്റെ തലേന്ന് ഡാഡിയോട് തർക്കിച്ചത് ഓർത്ത് എനിക്കു കുറ്റബോധം തോന്നുന്നു.”
അടുത്തതായി, കുറ്റബോധം ന്യായമാണോ എന്ന് ചിന്തിച്ചുനോക്കുക. കരയുന്ന കൗമാരം എന്ന പുസ്തകം പറയുന്നു: “ക്ഷമ ചോദിക്കാൻ ഇനി ഒരവസരം കിട്ടില്ലെന്ന കാര്യം അറിയില്ലായിരുന്നു എന്ന് ഓർത്ത് സ്വയം കുറ്റപ്പെടുത്തേണ്ടതില്ല. ഭാവിയിൽ മാപ്പു പറയേണ്ടിവരുന്ന ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യരുതെന്ന് പറയുന്നത് യാഥാർഥ്യത്തിന് നിരക്കുന്നതല്ല.”—ബൈബിൾതത്ത്വം: ഇയ്യോബ് 10:1.
ആരോഗ്യം ശ്രദ്ധിക്കുക. നന്നായി വിശ്രമിക്കുക, ആവശ്യത്തിന് വ്യായാമം ചെയ്യുക, പോഷകപ്രദമായ ആഹാരം കഴിക്കുക. നിങ്ങൾക്കൊന്നും കഴിക്കാൻ തോന്നുന്നില്ലെങ്കിൽപ്പോലും പോഷകപ്രദമായ ലഘുഭക്ഷണം ഇടയ്ക്കിടെ കഴിക്കുക. നിങ്ങളുടെ വിശപ്പ് പഴയതുപോലെ ആകുന്നതുവരെയെങ്കിലും ഇതു ചെയ്യണം. മദ്യമോ പോഷകഗുണമില്ലാത്ത ആഹാരമോ കഴിച്ച് ദുഃഖം മാറ്റാൻ ശ്രമിക്കരുത്, അതു കാര്യങ്ങൾ വഷളാക്കുകയേ ഉള്ളൂ.
ദൈവത്തോട് പ്രാർഥിക്കുക. ബൈബിൾ പറയുന്നു: “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) ആശ്വാസം കണ്ടെത്താനുള്ള വെറുമൊരു പോംവഴിയല്ല പ്രാർഥന. “ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന” ദൈവത്തോട് ഉള്ളുതുറന്ന് സംസാരിക്കുന്നതിനെയാണ് പ്രാർഥന എന്നു വിളിക്കുന്നത്.—2 കൊരിന്ത്യർ 1:3, 4.
തന്റെ വചനമായ ബൈബിളിലൂടെ ദൈവം ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുന്നു. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും അവർക്കു ലഭിക്കാനിരിക്കുന്ന പുനരുത്ഥാനത്തെക്കുറിച്ചും ബൈബിൾ പറയുന്നതു മനസ്സിലാക്കാൻ നിങ്ങൾക്കൊന്നു ശ്രമിച്ചുകൂടേ?c—ബൈബിൾതത്ത്വം: സങ്കീർത്തനം 94:19.
a അടുത്ത ലേഖനത്തിൽ ഡാമിയുടെയും ഡെറിക്കിന്റെയും ജെനിയുടെയും അനുഭവങ്ങൾ നിങ്ങൾക്കു വായിക്കാം.
b മാതാപിതാക്കളുടെ വേർപാടിനെക്കുറിച്ചാണ് പ്രധാനമായും ഈ ലേഖനം സംസാരിക്കുന്നതെങ്കിലും ഒരു കൂടപ്പിറപ്പോ സുഹൃത്തോ മരിക്കുമ്പോഴും ഇതിലെ തത്ത്വങ്ങൾ പ്രയോജനം ചെയ്യും.
c യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1 (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 16-ാം അധ്യായം നോക്കുക. www.jw.org വെബ്സൈറ്റിൽനിന്ന് നിങ്ങൾക്ക് ഇതു സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പ്രസിദ്ധീകരണങ്ങൾ എന്നതിനു കീഴിൽ നോക്കുക.