വേർപാടിൽ വേദനിക്കുന്ന മക്കൾ
പ്രിയപ്പെട്ട ഒരു കുടുംബാംഗത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന ഒരാളാണോ നിങ്ങൾ? ആണെങ്കിൽ, നിങ്ങൾക്ക് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം? വളരെ ദുഃഖകരമായ ഈ സാഹചര്യത്തിലും പിടിച്ചുനിൽക്കാൻ മൂന്നു ചെറുപ്പക്കാരെ ബൈബിൾ എങ്ങനെയാണ് സഹായിച്ചതെന്നു നമുക്കു നോക്കാം.
ഡാമിയുടെ കഥ
ഡാമി
ആദ്യമാദ്യം ഒരു ചെറിയ തലവേദനയായിട്ടായിരുന്നു തുടക്കം. പിന്നീട് പപ്പയ്ക്ക് വേദന കലശലായപ്പോൾ മമ്മി ആംബുലൻസ് വിളിച്ചു. പപ്പയെ ഒരു വൈദ്യസംഘം ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. പപ്പയെ കാണാൻ പറ്റുന്ന അവസാനനിമിഷങ്ങളായിരുന്നു അതെന്നു സ്വപ്നത്തിൽപ്പോലും ഞാൻ വിചാരിച്ചില്ല. മൂന്നു ദിവസം കഴിഞ്ഞപ്പോൾ തലച്ചോറിലെ രക്തക്കുഴൽ പൊട്ടി പപ്പ മരിച്ചു. എനിക്ക് അന്ന് ആറ് വയസ്സേ ഉണ്ടായിരുന്നുള്ളൂ.
പപ്പയുടെ മരണത്തിന് വർഷങ്ങളോളം ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തി. പപ്പയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്ന ആ രംഗം എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. ഞാൻ അറിയാതെ എന്നോടുതന്നെ ചോദിച്ചുപോകും: ‘പപ്പയെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ, വെറുതെ നോക്കി നിൽക്കാനല്ലേ പറ്റിയുള്ളൂ.’ ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായ ആളുകളെ കാണുമ്പോൾ ഞാൻ ഇങ്ങനെ ചിന്തിക്കാറുണ്ട്: ‘ഇവരൊക്കെ ജീവനോടിരുന്നിട്ടും എന്റെ പപ്പ എന്താ പെട്ടെന്നു മരിച്ചുപോയത്?’ ആ സമയത്ത് എന്റെ വിഷമങ്ങളെക്കുറിച്ച് തുറന്നുപറയാൻ മമ്മി എന്നോടു പറയുമായിരുന്നു. മാത്രമല്ല, യഹോവയുടെ സാക്ഷികളായ ഞങ്ങൾക്ക് സഭയിലുള്ളവർ വലിയൊരു സഹായവും പിന്തുണയും ആണ് നൽകിയത്.
ഒരു ദുരന്തം നടന്ന് കുറച്ച് നാളത്തേക്ക് ആ വിഷമം കാണും, പിന്നെ പതിയെപ്പതിയെ അതു മാറിക്കോളും എന്നാണ് പലരുടെയും ചിന്ത. എന്നാൽ എന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. സത്യം പറഞ്ഞാൽ കൗമാരത്തിൽ എത്തിയപ്പോഴാണ് പപ്പ മരിച്ചതിന്റെ വിഷമം എനിക്കു ശരിക്കും തോന്നിത്തുടങ്ങിയത്.
പപ്പയെയോ മമ്മിയെയോ ചെറുപ്പത്തിൽ നഷ്ടമായവരോട് എനിക്കു പറയാനുള്ളത് ഇതാണ്: “നിങ്ങളുടെ സങ്കടങ്ങൾ ആരോടെങ്കിലും തുറന്നുപറയുക. എത്ര പെട്ടെന്ന് വിഷമങ്ങളുടെ കെട്ട് അഴിക്കുന്നുവോ അതു നിങ്ങൾക്ക് അത്രയും ഗുണം ചെയ്യും.”
എന്റെ ജീവിതത്തിലെ നിർണായകസമയങ്ങളിൽ പപ്പ കൂടെയില്ലാത്തത് എനിക്കൊരു വലിയ നഷ്ടംതന്നെയാണ്. എന്നാൽ വെളിപാട് 21:4-ൽ ബൈബിൾ നൽകുന്ന ഉറപ്പ് എനിക്കു വലിയ ആശ്വാസമാണ്. “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല” എന്നാണ് അവിടെ പറയുന്നത്.
ഡെറിക്കിന്റെ കഥ
ഡെറിക്ക്
ഡാഡിയുടെകൂടെ മീൻ പിടിക്കാൻ പോയതും മലമുകളിൽ കൂടാരമടിച്ച് താമസിച്ചതും ഒക്കെയാണ് എന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ഓർമകൾ. ഡാഡിക്ക് മലമുകളിൽ പോകുന്നതു വലിയ ഇഷ്ടമായിരുന്നു.
ഡാഡിക്ക് ഹൃദയസംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഒന്നോ രണ്ടോ പ്രാവശ്യം ഡാഡിയെ കാണാൻ ആശുപത്രിയിൽ പോയത് എനിക്ക് ഓർമയുണ്ട്. പക്ഷേ ആ രോഗം എത്ര ഗുരുതരമാണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. എനിക്ക് ഒൻപത് വയസ്സുള്ളപ്പോൾ ഹൃദ്രോഗം നിമിത്തം ഡാഡി മരിച്ചു.
ഡാഡി മരിച്ചപ്പോൾ ഞാൻ കരഞ്ഞുകരഞ്ഞ് തളർന്നു. എനിക്കു വീർപ്പുമുട്ടുന്നതുപോലെ അനുഭവപ്പെട്ടു. ആരോടും സംസാരിക്കാൻ തോന്നിയില്ല. എന്റെ ജീവിതത്തിലെ ഇരുളടഞ്ഞ നാളുകളായിരുന്നു അത്. ഇനി എനിക്ക് ഒന്നും ചെയ്യാൻ വയ്യെന്ന് തോന്നിപ്പോയി. പള്ളിയിലെ ഞങ്ങളുടെ യുവജനസംഘത്തിലുള്ളവർ ആദ്യമൊക്കെ എന്നെ ആശ്വസിപ്പിക്കാൻ വരുമായിരുന്നു. പിന്നെപ്പിന്നെ അവരും വരാതായി. പലരും എന്നോട് ഇങ്ങനെയൊക്കെ പറഞ്ഞു: “ഡാഡിക്ക് പോകേണ്ട സമയമായി,” “ദൈവം വിളിച്ചതാ,” “ഡാഡി ഇപ്പോൾ സ്വർഗത്തിലുണ്ട്.” ആ അഭിപ്രായങ്ങളൊന്നും എന്നെ ആശ്വസിപ്പിച്ചില്ല. ഇതെക്കുറിച്ചൊക്കെ ബൈബിൾ എന്താണ് പഠിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഇതിനിടെ മമ്മി യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി. പിന്നീട് ഞാനും ചേട്ടനും കൂടെച്ചേർന്നു. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും മരിച്ചവർ വീണ്ടും ഈ ഭൂമിയിൽ ജീവിക്കുമെന്ന ദൈവത്തിന്റെ ഉറപ്പിനെക്കുറിച്ചും ബൈബിളിൽനിന്ന് ഞങ്ങൾ മനസ്സിലാക്കി. (യോഹന്നാൻ 5:28, 29) എന്നാൽ എന്നെ ഏറ്റവും അധികം ആശ്വസിപ്പിച്ച ഒരു ബൈബിൾവാക്യമുണ്ട്. യശയ്യ 41:10 ആണ് അത്. അവിടെ പറയുന്നു: “പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്. ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും.” യഹോവ എന്റെകൂടെയുണ്ട് എന്ന ആ വാക്കുകളാണ് സങ്കടങ്ങളിൽ എന്നെ പിടിച്ചുനിറുത്തിയത്, ഇന്നും എന്നെ പിടിച്ചുനിറുത്തുന്നത്!
ജെനിയുടെ കഥ
ജെനി
എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ കാൻസർ ബാധിച്ച് മമ്മി മരിച്ചു. ആ യാഥാർഥ്യം ഉൾക്കൊള്ളാൻ അന്ന് എനിക്കായില്ല. ഞാൻ ഇപ്പോഴും ഓർക്കുന്നു, വീട്ടിൽവെച്ചാണ് മമ്മി മരിച്ചത്. എന്റെ അപ്പച്ചനും അമ്മച്ചിയും മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളൂ. അവിടെ തളംകെട്ടിനിന്ന നിശ്ശബ്ദത എനിക്ക് ഓർക്കാൻ കഴിയുന്നു. ജീവിതം പതിയെപ്പതിയെ കീഴ്മേൽ മറിയുന്നതുപോലെ എനിക്കു തോന്നി.
ഞാൻ ഇങ്ങനെ ഇരുന്നാൽ പോരാ, കുറച്ചൂകൂടി കരുത്തു നേടണം, എന്റെ കുഞ്ഞനിയത്തിയെ നോക്കണം. ഞാൻ ചെയ്യേണ്ടത് അതാണെന്ന് അന്നും പിന്നീട് അങ്ങോട്ടും എനിക്കു തോന്നി. അതുകൊണ്ട് വികാരങ്ങളെല്ലാം ഞാൻ ഉള്ളിലൊതുക്കി. ഇപ്പോഴും ചില ദുഃഖകരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം ഉള്ളിലൊതുക്കാൻ ഞാൻ ശ്രമിക്കുന്നു. അത് അത്ര നല്ലതല്ലെന്ന് എനിക്കറിയാം.
യഹോവയുടെ സാക്ഷികൾ കാണിച്ച സ്നേഹവും സഹകരണവും ഞാൻ മറക്കില്ല. ഞങ്ങൾ രാജ്യഹാളിൽ നടക്കുന്ന യോഗങ്ങൾക്കു പോകാൻതുടങ്ങിയിട്ട് അധികം കാലമായിരുന്നില്ലെങ്കിൽപ്പോലും വർഷങ്ങളോളം പരിചയമുള്ള കുടുംബാംഗങ്ങളെപ്പോലെയാണ് അവിടെയുള്ളവർ ഞങ്ങളോട് ഇടപെട്ടത്. അവർ എപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആ വർഷം എന്റെ ഡാഡിക്ക് വൈകിട്ട് ഒന്നുംതന്നെ ഉണ്ടാക്കേണ്ടിവന്നില്ലെന്ന് തോന്നുന്നു. കാരണം ഭക്ഷണവുമായി സാക്ഷികൾ വാതിൽക്കലുണ്ടായിരിക്കും.
എന്റെ മനസ്സിൽ പതിഞ്ഞ ഒരു ബൈബിൾവാക്യമാണ് സങ്കീർത്തനം 25:16, 17. അവിടെ സങ്കീർത്തനക്കാരൻ ദൈവത്തോട് ഇങ്ങനെ അപേക്ഷിക്കുന്നു: “ഞാൻ നിസ്സഹായനാണ്; എനിക്കു തുണയായി ആരുമില്ല; അങ്ങ് എന്നിലേക്കു മുഖം തിരിച്ച് എന്നോടു പ്രീതി കാണിക്കേണമേ. എന്റെ ഹൃദയവേദനകൾ പെരുകിയിരിക്കുന്നു; യാതനയിൽനിന്ന് എന്നെ വിടുവിക്കേണമേ.” വിഷമിച്ചിരിക്കുമ്പോൾ നമ്മൾ ഒറ്റയ്ക്കല്ല എന്ന തിരിച്ചറിവ് എന്നെ ആശ്വസിപ്പിച്ചു. നമ്മളോടൊപ്പം ദൈവമുണ്ട്. ബൈബിളിന്റെ സഹായത്തോടെയാണ് എനിക്കു ജീവിതം തിരിച്ചുപിടിക്കാനായത്. മരിച്ചവർ വീണ്ടും ഈ ഭൂമിയിൽ ജീവിക്കും എന്നതുപോലുള്ള ശുഭപ്രതീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് ഇപ്പോൾ കഴിയുന്നു. എന്റെ മമ്മിയെ പൂർണാരോഗ്യത്തോടെ പറുദീസാഭൂമിയിൽ കാണാനാകും എന്ന പ്രത്യാശ ഇന്ന് എനിക്കുണ്ട്.—2 പത്രോസ് 3:13.
മരിച്ചുപോയ പ്രിയപ്പെട്ടവരെ ഓർത്ത് ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ബൈബിൾസന്ദേശങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? “നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ” എന്ന പ്രസിദ്ധീകരണം സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ www.jw.org സന്ദർശിക്കുക. പ്രസിദ്ധീകരണങ്ങൾ > പുസ്തകങ്ങളും പത്രികകളും എന്നതിനു കീഴിൽ നോക്കുക.