പൊള്ളുന്ന വില—എന്തു ചെയ്യും?
ബുദ്ധിയോടെ പണം കൈകാര്യം ചെയ്യുക
വിലക്കയറ്റം നമ്മളെയെല്ലാം ബുദ്ധിമുട്ടിലാക്കുന്നു. എന്നാൽ ആ സാഹചര്യത്തിൽ നമുക്കൊന്നും ചെയ്യാനാകില്ലെന്ന് ഓർത്ത് വിഷമിക്കേണ്ട. നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്.
അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പണം ബുദ്ധിപൂർവം ഉപയോഗിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുകയേ ഉള്ളൂ. പിന്നെ, ആധിയും ഉത്കണ്ഠയും മാത്രമായിരിക്കും മിച്ചം. കുറച്ച് പണം മാത്രമേ കൈയിലുള്ളൂ എങ്കിലും നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്താൻ പറ്റുന്ന ചില കാര്യങ്ങൾ ചെയ്യാനാകും.
നമുക്ക് എന്തു ചെയ്യാനാകും?
വരുമാനത്തിൽ ഒതുങ്ങി ജീവിക്കുക. അങ്ങനെ ചെയ്യുമ്പോൾ സാമ്പത്തികകാര്യങ്ങളിൽ നല്ലൊരു നിയന്ത്രണമുണ്ടായിരിക്കാനും അപ്രതീക്ഷിതസംഭവങ്ങൾ മുന്നിൽക്കണ്ട് അതിനുവേണ്ടി ഒരുങ്ങിയിരിക്കാനും നിങ്ങൾക്കു കഴിയും.
വരുമാനത്തിൽ ഒതുങ്ങി ജീവിക്കാൻ ഒരു ബഡ്ജറ്റ് ഉണ്ടാക്കുന്നതു നിങ്ങളെ സഹായിക്കും. അതിനുവേണ്ടി നിങ്ങളുടെ വരുമാനവും പ്രതീക്ഷിക്കുന്ന ചെലവുകളും എഴുതിവെക്കുക. ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ ആവശ്യമുള്ള സാധനങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്ന് ഉറപ്പാക്കുക. എന്നിട്ട് പരമാവധി ആ ബഡ്ജറ്റിനോടു പറ്റിനിൽക്കുക. ചിലപ്പോൾ വരുമാനത്തിനോ അല്ലെങ്കിൽ സാധനങ്ങളുടെ വിലയ്ക്കോ വ്യത്യാസങ്ങൾ വരുമ്പോൾ അതിനനുസരിച്ച് ബഡ്ജറ്റിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ വരുമാനത്തെക്കാൾ കൂടുതൽ ചെലവാക്കാതിരിക്കാൻ നിങ്ങൾക്കു പറ്റും. ഇനി, നിങ്ങൾ വിവാഹിതരാണെങ്കിൽ തീരുമാനങ്ങളെടുക്കുന്ന സമയത്ത് നിങ്ങളുടെ ഇണയെയും ഉൾപ്പെടുത്താം.
ചെയ്തുനോക്കാൻ: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇൻസ്റ്റാൾമെന്റായോ സാധനങ്ങൾ വാങ്ങുന്നതിനു പകരം സാധിക്കുമെങ്കിൽ കാശ് കൊടുത്ത് വാങ്ങാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതു ബഡ്ജറ്റ് നന്നായി കൈകാര്യം ചെയ്യാനും കടങ്ങൾ ഒഴിവാക്കാനും ചിലരെ സഹായിച്ചിട്ടുണ്ട്. ഓരോ മാസവും എത്ര കാശ് ചെലവാക്കി, എത്ര കാശ് ബാങ്കിലുണ്ട് എന്നൊക്കെ അറിയാനായി ബാങ്ക് സ്റ്റേറ്റുമെന്റുകളും പരിശോധിക്കാം. അങ്ങനെ നിങ്ങളുടെ കൈയിൽ എത്ര പണമുണ്ടെന്ന് അറിയുമ്പോൾ ഒരു പ്ലാൻ ഉണ്ടാക്കാനും അതിനനുസരിച്ച് പണം സൂക്ഷിച്ച് ചെലവാക്കാനും കഴിയും. അപ്പോൾ പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ടെൻഷൻ കുറയ്ക്കാനാകും.
ഉള്ളതുകൊണ്ട് ജീവിക്കുക എന്നു പറഞ്ഞാൽ ബുദ്ധിമുട്ടുതന്നെയാണ്. എന്നാൽ നന്നായി പ്ലാൻ ചെയ്ത ഒരു ബഡ്ജറ്റ് ഉണ്ടെങ്കിൽ അതു നിങ്ങൾക്കു പ്രയോജനം ചെയ്യും. പണത്തെക്കുറിച്ച് ഓർത്ത് അമിതമായി ഉത്കണ്ഠപ്പെടേണ്ടിയും വരില്ല.
ജോലി നഷ്ടപ്പെടാതെ നോക്കുക. ജോലി നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? സമയം പാലിക്കുക, ജോലിയെക്കുറിച്ച് നല്ലൊരു വീക്ഷണം നിലനിറുത്തുക, കാര്യങ്ങൾ മുൻകൈയെടുത്ത് ചെയ്യുക, കഠിനാധ്വാനികൾ ആയിരിക്കുക, കഴിവ് മെച്ചപ്പെടുത്താൻ ശ്രമിക്കുക, ആദരവ് ഉള്ളവരായിരിക്കുക, നിയമങ്ങളെല്ലാം അനുസരിക്കുക.
അനാവശ്യമായി പണം കളയാതിരിക്കുക. നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദിക്കാം, ‘അനാവശ്യമായ കാര്യങ്ങൾക്കുവേണ്ടിയോ സ്വന്തം ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങൾക്കുവേണ്ടിയോ ഞാൻ ഒരുപാടു പണം നഷ്ടപ്പെടുത്താറുണ്ടോ?’ ഉദാഹരണത്തിന്, കുറെ ആളുകൾ മയക്കുമരുന്ന്, ചൂതാട്ടം, പുകവലി, അമിതമായ മദ്യപാനം എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി അവർ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവാക്കിക്കളയുന്നു. ഇതുപോലുള്ള ശീലങ്ങൾ കാരണം പണം മാത്രമല്ല അവരുടെ ആരോഗ്യവും ജോലിയും കൂടെ നഷ്ടപ്പെട്ടേക്കാം.
അടിയന്തിര സാഹചര്യങ്ങൾക്കായി പണം കരുതിവെക്കുക. കഴിയുമെങ്കിൽ അപ്രതീക്ഷിത ചെലവുകൾക്കായോ അടിയന്തിര സാഹചര്യങ്ങൾക്കായോ കുറച്ച് പണം മാറ്റിവെക്കുക. നിങ്ങൾക്കോ കുടുംബത്തിലെ മറ്റൊരാൾക്കോ പെട്ടെന്ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയോ ജോലി നഷ്ടപ്പെടുകയോ മറ്റെന്തെങ്കിലും സംഭവിക്കുകയോ ചെയ്താൽ ആ പണം ഒരു പരിധിവരെ നിങ്ങൾക്കു സംരക്ഷണമായിരിക്കും.