വിജയകരമായി ഷോപ്പിംഗ് നടത്താൻ കഴിയുന്നതെങ്ങനെ?
വിലക്കയററത്തിന്റെയും പണപ്പെരുപ്പത്തിന്റെതുമായ ഈ നാളുകളിലേതിനേക്കാൾ ഷോപ്പിംഗ് കല ഒരിക്കലും പ്രധാനമായിരുന്നിട്ടില്ല. ഒന്നിനു പുറകെ ഒന്നായി പല രാജ്യങ്ങളിലും വിലകൾ പേടിപ്പെടുത്തുംവിധം കുതിച്ചുയർന്നിരിക്കുന്നു, അടുത്ത ഭാവിയിലെങ്ങും അതു താഴുമെന്ന് പ്രതീക്ഷിക്കാനും വകയില്ല. അനേക ഭവനങ്ങളിലും കഷ്ടിച്ചു കഴിഞ്ഞുകൂടിപ്പോകാൻവേണ്ടി മാതാപിതാക്കൾ രണ്ടുപേരും ജോലിചെയ്യേണ്ടതുണ്ട്. എങ്ങനെ, എവിടെ, എപ്പോൾ ഷോപ്പിംഗ് നടത്തണമെന്നും വിവേകത്തോടെ നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കാമെന്നും അറിയുന്നത് നിങ്ങളെ സംബന്ധിച്ചടത്തോളം എത്ര പ്രധാനമാണ്!
സാധനങ്ങളുടെ മൂല്യം തിരിച്ചറിയുക
നന്നായി ഷോപ്പിംഗ് നടത്തുന്നതിന്റെ ഏററം സുപ്രധാനമായ ഘടകങ്ങളിലൊന്ന് സാധനങ്ങളുടെ മൂല്യം തിരിച്ചറിയുക എന്നതാണ്. വിൽപ്പനയ്ക്കുള്ള ഒരു സാധനം—അത് വസ്ത്രമോ ഒരു യന്ത്രസാമഗ്രിയോ ഭക്ഷണമോ ആയിക്കൊള്ളട്ടെ—ഗുണം കുറഞ്ഞതോ കാര്യമായ മാററമോ നന്നാക്കലോ ആവശ്യമുള്ളതോ, അല്ലെങ്കിൽ അവസാനം ഉപയോഗമില്ലാത്തതോ ആണെങ്കിൽ അത് ഒരിക്കലും ലാഭകരമായിരിക്കുകയില്ല.
ഉദാഹരണത്തിന് വസ്ത്രം വാങ്ങുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക: അതിന്റെ തുണി നല്ലതാണോ? തയ്യൽ കൊള്ളാമോ? അതിന് മാററം വരുത്തേണ്ടതുണ്ടോ? ഞാൻ എത്ര കൂടെക്കൂടെ അതു ധരിക്കും? അതു ശുചിയായി സൂക്ഷിക്കുക എളുപ്പമാണോ? വാങ്ങുമ്പോൾ വിലകൂടിയതും എന്നാൽ അലക്കി ഉപയോഗിക്കാവുന്നതുമായ ഒരു വസ്ത്രത്തേക്കാൾ ചിലവേറിയതാണെന്ന് കാലക്രമത്തിൽ തെളിയുന്നത് വാങ്ങുമ്പോൾ വില കുറഞ്ഞതെങ്കിലും കൂടെക്കൂടെ ഡ്രൈക്ലീൻ ചെയ്യേണ്ടതായി വരുന്ന വസ്ത്രമായിരിക്കാം. അതുകൊണ്ട് കേടുപോക്കി സൂക്ഷിക്കൽ ഒരു ഘടകമാണ്. നിങ്ങൾക്ക് യോജിക്കുന്ന, നിങ്ങളുടെ മുഖത്തിനും രൂപത്തിനുമിണങ്ങുന്ന, വർഷങ്ങളോളം ധരിക്കാവുന്നതും ആസ്വദിക്കാവുന്നതുമായ വസ്ത്രങ്ങളാണ് യഥാർത്ഥത്തിൽ ലാഭകരമായിരിക്കുന്നത്.
പുതിയതോ പഴയതോ ആയ വീട്ടുപകരണങ്ങളോ യന്ത്രസാമഗ്രികളോ വാങ്ങിക്കുന്നതിലും ഇതേ തത്വങ്ങൾ ബാധകമാകുന്നു. സാധനം മേൽത്തരമാണോ? അത് ഉപയോഗക്ഷമമാണോ? കേടുപോക്കേണ്ടതുണ്ടെങ്കിൽ നിങ്ങൾക്കുതന്നെ അതു ചെയ്യാൻ കഴിയുമോ? അന്തിമമായി അതിന് എന്തു ചെലവു വരും? വാഹനങ്ങൾ വാങ്ങുമ്പോഴും തുണിത്തരങ്ങൾ വാങ്ങുമ്പോഴും ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും നിങ്ങളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുന്നത് പെട്ടെന്നുണ്ടാകുന്ന തോന്നലിൽ സാധനങ്ങൾ വാങ്ങുന്നത് തടയുകയും അതുവഴി വളരെയേറെ പണം നിങ്ങൾ ലാഭിക്കുകയും ചെയ്യും.
യന്ത്രസാമഗ്രികളിൽനിന്ന് പരമാവധി ഗുണം കിട്ടുന്നതിന് അവയുടെ പ്രവർത്തന ചെലവ് എന്താകും എന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. കേടുപോക്കലിനുള്ള ചെലവും നിത്യോപയോഗത്തിനു വേണ്ടിവരുന്ന ചെലവും ഒരു സാധനത്തിന്റെ വില വളരെയധികം വർദ്ധിപ്പിക്കുന്നു. ആ സാധനം എവിടെയാണ് ഉപയോഗിക്കപ്പെടുക എന്നും കൂടി പരിചിന്തിക്കുക. ഉദാഹരണത്തിന് നന്നായി സൂര്യപ്രകാശം പതിക്കുന്ന ഒരു ജന്നലിൽ സ്ഥാപിച്ചിരിക്കുന്ന ഒരു എയർ കൺഡീഷനർ വെയിലേൽക്കാത്ത ജന്നലിൽ സ്ഥാപിച്ചിരിക്കുന്ന ഒന്നിനേക്കാൾ കൂടുതൽ ഇലക്ട്രിസിററി ചെലവാക്കും. യന്ത്രം പ്രവർത്തിക്കുന്ന സമയവും അതിന്റെ വലിപ്പവും അതിന്റെ കാര്യക്ഷമതയും അത് എന്തുമാത്രം ഊർജ്ജം ചെലവാക്കുമെന്നും, അതുകൊണ്ട് അതിന്റെ ആകമാന ചെലവും തിരുമാനിക്കും.
എപ്പോൾ വാങ്ങണമെന്ന് അറിഞ്ഞിരിക്കുക
എപ്പോൾ വാങ്ങണമെന്നത് ചിലപ്പോൾ എവിടെനിന്ന് വാങ്ങണം എന്നതിനേക്കാൾ പ്രധാനമായിരുന്നേക്കാം. ഉദാഹരണത്തിന് വേനൽക്കാലവസ്ത്രങ്ങൾ ഏററം വിലകുറച്ച് വാങ്ങാൻ കിട്ടുന്നത് വേനൽക്കാലത്തിന്റെ അവസാനത്തോടടുത്തായിരിക്കും. മിക്ക ജൗളിക്കടകളിലും അടുത്ത സീസണിലേക്കുള്ള വസ്ത്രങ്ങൾ ശേഖരിച്ചുവയ്ക്കാൻ കഴിയേണ്ടതിന് വിററഴിക്കൽ നടത്തുന്നു. തണുപ്പുകാലത്തിന്റെ അവസാനത്തിലും ഇതു തന്നെ സത്യമാണ്. തണുപ്പുകാലത്തേക്കുള്ള വസ്ത്രങ്ങൾ ആ കാലത്തിന്റെ അവസാനത്തോടെ വസന്തകാലത്തേയ്ക്കുള്ള വസ്ത്രങ്ങൾ എത്തിച്ചേരുന്നതിന് മുമ്പായി വാങ്ങുന്നതായിരിക്കും ഏററം ലാഭകരം. മററു സമയങ്ങളിലേപ്പോലെ അത്രയും ഇനങ്ങൾ ലഭ്യമല്ലായിരിക്കാം. എന്നാൽ സാധാരണയായി നമുക്കു വേണ്ടുവോളം ഉണ്ടായിരിക്കും.
മിക്ക കാർ മോഡലുകൾക്കും ആണ്ടോടാണ്ട് കാര്യമായ മാററം ഒന്നുമില്ലാത്തതുകൊണ്ട് വർഷാവസാനത്തോടടുത്ത് പുതിയ മോഡലുകൾക്കു സ്ഥലമുണ്ടാക്കാൻവേണ്ടി വ്യാപാരികൾ വിററഴിക്കൽ നടത്തുമ്പോൾ കാർ വാങ്ങുന്നതിനാൽ നിങ്ങൾക്ക് പണം ലാഭിക്കാൻ കഴിയും. നിങ്ങൾ വാങ്ങുന്ന സാധനത്തിന് എത്ര നാളത്തെ ഗാരൻററിയും എന്തെല്ലാം സൗജന്യസേവനങ്ങളും ലഭ്യമാണ് എന്ന് ചോദിക്കാൻ മടിക്കേണ്ടതില്ല. പിന്നീട് ആ കാറിന്റെ ചില ശ്രേഷ്ഠ വശങ്ങളേക്കാൾ തന്നെ മൂല്യവത്തായത് ഇവയാണെന്ന് വന്നേക്കാം.
നിങ്ങൾക്ക് ആവശ്യമായത് മാത്രം വാങ്ങുക
താൽപ്പര്യം തോന്നുമ്പോൾതന്നെ ഒരു സാധനം വാങ്ങാതിരിക്കുന്നതിന് വളരെയധികം സ്വയശിക്ഷണം ആവശ്യമാണ്. ഭക്ഷണം വാങ്ങുമ്പോഴത്തേതിനേക്കാൾ അത് ഒരിക്കലും കൂടുതൽ സത്യമായിരിക്കുന്നില്ല. ഒരു കുടുംബത്തിന്റെ ബജററിലെ ഏററം ചെലവേറിയ ഇനങ്ങളിലൊന്ന് അതാണ്.
അതേസമയം നല്ല ആസൂത്രണമുണ്ടെങ്കിൽ ഭക്ഷണത്തിനുവേണ്ടിയുള്ള നിങ്ങളുടെ ചെലവ് വളരെയേറെ കുറയ്ക്കാൻ കഴിയും. ഇതു മനസ്സിൽ പിടിച്ചുകൊണ്ട് ഒരു സുപ്രധാന നിയമം അനുസരിക്കുക: വിശന്നിരിക്കുമ്പോൾ ഒരിക്കലും ഭക്ഷ്യസാധനങ്ങൾക്കായി ഷോപ്പിംഗ് നടത്തരുത്, ഒരിക്കലും. വിശന്നിരിക്കുമ്പോൾ നിങ്ങൾ സാധാരണഗതിയിൽ വാങ്ങാത്ത സാധനങ്ങൾ (സാധാരണയായി പലഹാരങ്ങൾ) നിങ്ങൾ വാങ്ങും. ഇതു വാസ്തവമാണെന്ന് നിങ്ങൾ കണ്ടെത്തിയിട്ടില്ലേ?
ഒരു ലിസ്ററ് ഉണ്ടാക്കുകയും അതിനോട് പററ നിൽക്കുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ചെലവ് പരിധിക്കുള്ളിൽ നിർത്തുന്നതിനത്യാവശ്യമായ മറെറാരു സംഗതി. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ഓരോ തവണ നിങ്ങൾ കടയിൽ പോകുമ്പോഴും നിങ്ങൾ വാങ്ങാനുദ്ദേശിച്ചതിലേറെ നിങ്ങൾ വാങ്ങിക്കൊണ്ടുപോരും. ഒരു സർവ്വേ അനുസരിച്ച് ഒരു ലിസ്ററില്ലാതെ ഒരു സൂപ്പർമാർക്കററിൽനിന്ന് 3 സാധനങ്ങൾ വാങ്ങാൻപോകുന്ന ഒരു സ്ത്രീ 8 മുതൽ 10 വരെ ഇനങ്ങൾ വാങ്ങുന്നു; ഒരു പുരുഷൻ ഏതാണ്ട് 20 ഇനങ്ങളും. തീർച്ചയായും കടകൾ ഇതിന് സഹായിക്കുന്നു. എങ്ങനെ?
പാൽ, വെണ്ണ, മാംസം, പച്ചക്കറികൾ എന്നിവപോലുള്ള അത്യാവശ്യസാധനങ്ങൾ സാധാരണയായി വാതിൽക്കൽനിന്ന് അകന്ന് ഉൾമുറികളിൽ സൂക്ഷിച്ചിരിക്കും. അതുകൊണ്ട് ഇവ കണ്ടെത്തുന്നതിന് നിങ്ങൾ മററനേകസാധനങ്ങളുടെ മുമ്പിലൂടെ കടന്നുപോകേണ്ടിവരും. അതുകൊണ്ട് നിങ്ങൾ വാങ്ങാൻ വന്ന സാധനം വാങ്ങുന്നതിന്റെ മുമ്പായിത്തന്നെ നിങ്ങളുടെ പാത്രം പകുതി നിറഞ്ഞിരിക്കും. പ്രകടമായും അത്യാവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങുന്നത് കുറയ്ക്കുന്നതിന് കൈയ്യിൽ ഒരു ലിസ്ററുണ്ടായിരിക്കുന്നത് അത്യാവശ്യമാണ്.
ഷോപ്പിംഗ് നടത്തുന്നതിനു മുമ്പ് കടയിൽ എന്തിനൊക്കെയാണ് വിലക്കിഴിവുള്ളത് എന്ന് നിശ്ചയപ്പെടുത്തുന്നത് ബുദ്ധിയായിരിക്കും. അപ്പോൾ നിങ്ങളുടെ കൈവശം വേണ്ടത്ര പണമുണ്ടെങ്കിൽ ലഭ്യമായ മുഖ്യാഹാരസാധനങ്ങൾ വാങ്ങിശേഖരിക്കുന്നതിനും അടുത്ത വാരത്തെ വിഭവങ്ങൾ അതനുസരിച്ച് തയ്യാറാക്കുന്നതിനും കഴിയും. സാധനങ്ങളുടെ സാധാരണ വില അറിഞ്ഞിരിക്കുന്നത് ലാഭകരമെന്ന് പ്രചരിപ്പിച്ചുകൊണ്ട് വിൽപ്പന നടത്തുന്നവരാൽ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കാൻ നമ്മെ സഹായിക്കും. മദ്ധ്യവാരത്തിൽ ഷോപ്പിംഗ് നടത്തുന്നതും മറെറാരു സഹായമാണ്. കടകളിൽ തിരക്ക് കുറവായിരിക്കും, നിങ്ങൾക്ക് ധൃതി കൂട്ടേണ്ടതില്ല, വേണ്ടതെല്ലാം വാങ്ങാനും കഴിയും. ഓരോരോ സീസണിൽ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും പ്രയോജനപ്പെടുത്താനും ഓർമ്മിക്കുക. അവ വളരെ ലാഭകരമാണ്, ഭാവി ഉപയോഗത്തിനുവേണ്ടി സൂക്ഷിക്കാനും കഴിയും. പ്രകടമായും മുൻകൂട്ടിയുള്ള ശ്രദ്ധാപൂർവമായ ആസൂത്രണം ആവശ്യമാണ്.
ഷോപ്പിംഗിനു പോകുമ്പോൾ കുട്ടികളെ കൂടെ കൊണ്ടുപോകാതിരിക്കുന്നതു ജ്ഞാനമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. എന്തുകൊണ്ട്? അവർ നിങ്ങളുടെ ശ്രദ്ധ തെററിച്ചുകളയും എന്നതു മാത്രമല്ല ടെലിവിഷനിൽ കണ്ട സാധനങ്ങൾ നിങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കാൻ അവർ മാനസികമായി സജ്ജരാക്കപ്പെട്ടിരിക്കുകയുമാണ്. വാതിൽക്കൽ സൗകര്യപൂർവം നിരത്തി വച്ചിരിക്കുന്ന ആവശ്യമില്ലാത്ത കളിപ്പാട്ടങ്ങളും ഒന്നിനും കൊള്ളാത്ത ഭക്ഷ്യസാധനങ്ങളും കുട്ടികൾ അവ ചാടിയെടുത്തതിന്റെ പേരിൽ വാങ്ങാൻ അനേകം അമ്മമാർ നിർബന്ധിതരായിത്തീർന്നിട്ടുണ്ട്. കൊച്ചു മകനെയുംകൊണ്ട് ഷോപ്പിംഗിനിറങ്ങിയ ഓരോ തവണയും അവന് കളിപ്പാട്ടമായി ഒരു ട്രക്കോ കാറോ വാങ്ങാൻ താൻ “നിർബന്ധിതയായി” എന്ന് മദ്ധ്യപശ്ചിമ ഐക്യനാടുകളിലെ ഒരു മാതാവ് സമ്മതിച്ചുപറഞ്ഞു. ഈ സംഗതിയിൽ നിങ്ങൾക്കൊരു ബലഹീനതയുണ്ടെങ്കിൽ കുട്ടികളെയും കൂട്ടി ഷോപ്പിംഗിനിറങ്ങുമ്പോൾ അവരോട് സ്നേഹപൂർവമായ, എന്നാൽ ഉറച്ച നിലപാട് സ്വീകരിക്കാൻ നല്ല ശ്രമം ചെയ്യണം എന്ന് പറയേണ്ടതില്ലല്ലോ.
ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക എന്ന നിയമം വസ്ത്രം വാങ്ങുന്ന സംഗതിയിൽ കൂടുതൽ പ്രസക്തമാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് വേണ്ടത്ര പണമില്ലെങ്കിൽ. ഈ രംഗത്തു ചെലവിടേണ്ടിവരുന്ന പണം നിയന്ത്രിക്കുന്നതിനും കുറവുചെയ്യുന്നതിനും കുറേ നാളത്തേക്ക് പാടേ വേണ്ടാ എന്നു വയ്ക്കുന്നതിനും കഴിയും എന്നത് ഒരു അനുഗ്രഹമാണ്. എങ്ങനെ? ഒന്നാമത് വസ്ത്രങ്ങൾ മററു കുടുംബാംഗങ്ങൾക്ക് കൈമാറി കൊടുത്തുകൊണ്ട്. മൂത്ത കുട്ടികളിൽനിന്നുള്ള വസ്ത്രങ്ങൾ സ്വീകരിക്കുന്നതിന് ചില കുട്ടികൾക്ക് എതിരുണ്ടെങ്കിലും അവരുടെ സഹകരണം വീട്ടുചെലവു കുറയ്ക്കാൻ സഹായിക്കുമെന്ന് വിലമതിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചാൽ ആ എതിർപ്പ് അപ്രത്യക്ഷമായിക്കൊള്ളും. അങ്ങനെ മിച്ചിക്കാൻ കഴിയുന്ന പണം വിനോദയാത്രകൾക്കും അവധിക്കാലം ചെലവഴിക്കുന്നതിനും മററു കുടുംബ പദ്ധതികൾക്കുമായി ചെലവിടുന്നതായിക്കാണുമ്പോൾ ഇതു വിശേഷാൽ സത്യമാണ്.
രണ്ടാമതായി വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മററും കൈമാററം ചെയ്യാനുള്ള കൂടിവരവുകൾ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും ഇടയിൽ സംഘടിപ്പിക്കാൻ കഴിയും. ഒരു സ്ത്രീക്ക് പററാത്ത നിറത്തോടുകൂടിയ ഒരു വസ്ത്രം മറെറാരാൾക്ക് നന്നായി യോജിച്ചേക്കാം. വലിപ്പം കൂടിയതോ കുറഞ്ഞതോ ആയ ഷൂസുകളും ഈ വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും. ഒരു വീട്ടിൽ ഉപയോഗമില്ലാതെകിടക്കുന്നതും മറെറാരു വീട്ടിൽ ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങളും ഈ വിധത്തിൽ കൈമാറാൻ കഴിയും. ആവശ്യമായ ഈ സാധനങ്ങൾ പണം ഒന്നും മുടക്കാതെ ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏററം വലിയ നേട്ടം—ഷോപ്പിംഗുകാരുടെ ഒരു സ്വപ്നം.
താരതമ്യ ഷോപ്പിംഗ്
പല കടകളിലേയും വിലകൾ താരതമ്യം ചെയ്യുന്നതിനാൽ പണം ഗണ്യമായി ലാഭിക്കാൻ കഴിയും. മാത്രവുമല്ല കൂടിയ അളവിൽ വാങ്ങുമ്പോൾ ഏതു കടക്കാരാണ് കൂടുതൽ കിഴിവനുവദിക്കുന്നത് എന്ന് തിട്ടപ്പെടുത്തുക. ഉദാഹരണത്തിന് ചില പെയിൻറ്കടക്കാർ നാലോ അതിലധികമോ ഗ്യാലൻ ഒരേ നിറത്തിലുള്ള പെയിൻറു വാങ്ങിക്കുകയാണെങ്കിൽ 10 ശതമാനമോ അതിൽ അധികമോ കിഴിവ് അനുവദിക്കുന്നു. മിക്കപ്പോഴും നിങ്ങൾക്ക് മററുള്ളവരുമായി പങ്കുചേർന്നുകൊണ്ട് സാധനങ്ങൾ വാങ്ങുകയും ലാഭം പങ്കുവയ്ക്കുകയും ചെയ്യാൻകഴിയും.
ഭക്ഷ്യസാധനങ്ങൾ വാങ്ങുമ്പോഴും ഇതേ നടപടിക്രമം അനുവർത്തിക്കാൻ കഴിയും. ഓരോ കടയിലും വിലക്കിഴിവുള്ളതെപ്പോഴെന്നു പത്രപ്പരസ്യം നോക്കി മനസ്സിലാക്കിയിട്ട് ഷോപ്പിംഗ് നടത്തുക. ഏതെങ്കിലും പ്രത്യേക കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് നിങ്ങൾ അടിമകളായിത്തീരരുത്. ജനസമ്മതി നേടിയിട്ടുള്ള ഒരു കമ്പനിയുടെ ഉൽപ്പന്നം വിൽപ്പനയുടെ കാര്യത്തിൽ മുൻപന്തിയിലാണെങ്കിലും പോഷകമൂല്യത്തിന്റെ കാര്യത്തിൽ അങ്ങനെ ആയിരിക്കണമെന്നില്ല. ജനസമ്മതി നേടിയിട്ടുള്ള ഉൽപ്പന്നങ്ങൾക്കാണ് സാധാരണയായി അവയുടെ പരസ്യത്തിന്റെയും പായ്ക്കു ചെയ്യുന്നതിന്റെയും ചെലവുനിമിത്തം വിലക്കൂടുതലുള്ളത്. കടയിൽ കിട്ടുന്ന മററ് ഉൽപ്പന്നങ്ങളും അത്ര തന്നെ നല്ലതായിരുന്നേക്കാം.
അടുത്ത കാലങ്ങളിൽ ആകർഷകമായ പായ്ക്കിങ്ങില്ലാതെ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കുറഞ്ഞ വരുമാനക്കാർക്ക് വലിയൊരനുഗ്രഹമാണ്. അവ വെറുതെ വെളുത്തതും കറുത്തതുമായ പായ്ക്കററുകളിൽ ലഭിക്കുന്നു. അവ പരീക്ഷിച്ചുനോക്കാതെ അവയെപ്പററി വിധിയെഴുതരുത്. അവയിൽ പലതും ഗുണത്തിലും രുചിയിലും കമ്പനി ഉൽപ്പന്നങ്ങളോട് കിട നിൽക്കുന്നു, എന്നാൽ വില വളരെ കുറവുമാണ്. മരുന്നുകളെ സംബന്ധിച്ചും ഇതു സത്യമാണ്. ഒരു മരുന്ന് അതിന് കമ്പനി നൽകുന്ന പേരിനാലെന്നതിനേക്കാൾ മെച്ചമായി അതിന്റെ രാസനാമത്താൽ തിരിച്ചറിയപ്പെടുന്നു. മറെറാരാൾ നിർമ്മിച്ചാലും അതിന്റെ ഘടന അതുതന്നെയായിരിക്കും. എന്നാൽ വില വളരെ കുറഞ്ഞിരിക്കും.
ഇങ്ങനെ താരതമ്യ ഷോപ്പിംഗ് നടത്തുമ്പോൾ തീർച്ചയായും ശ്രദ്ധ ആവശ്യമാണ്. ഒന്നോ രണ്ടോ സാധനങ്ങൾ വാങ്ങാൻ വേണ്ടി ടൗൺ മുഴുവൻ കറങ്ങിനടന്നാൽ അതിൽനിന്ന് കിട്ടുന്ന ലാഭത്തേക്കാൾ അധികം പണം യാത്രയ്ക്ക് വേണ്ടിവരും. അതുകൊണ്ട് ന്യായബോധമുള്ളവരായിരിക്കുക. ഒരേ കടയിൽനിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നതിനാലും നിങ്ങൾക്ക് പണം ലാഭിക്കാൻ കഴിയും. വിലക്കിഴിവുള്ളതെപ്പോഴെന്ന് നിങ്ങൾക്കറിയാൻ കഴിയുന്നു. ഒരോ സാധനങ്ങളും എവിടെയാണ് എന്നറിയാവുന്നതുകൊണ്ട് നിങ്ങൾ സമയവും ലാഭിക്കുന്നു. വളരെ തിരക്കുള്ള ആളുകളെ സംബന്ധിച്ചടത്തോളം പണം ലാഭിക്കുന്നതുപോലെതന്നെ അതും പ്രധാനമാണ്.
ഷോപ്പിംഗിലെ കെണികളിൽ ചെന്നുചാടാതിരിക്കുക
മിക്ക സൂപ്പർമാർക്കററുകളും പെട്ടെന്നുള്ള ആവേശത്തിൽ വാങ്ങാൻ പ്രോൽസാഹിപ്പിക്കുന്നു. മിക്കപ്പോഴും അവരുടെ രീതികൾ ഗംഭീരമാകയാൽ നിങ്ങൾ അവരുടെ നീക്കങ്ങളെ പരിജ്ഞാനത്തോടും ഉത്സാഹത്തോടും ശിക്ഷണത്തോടും കൂടെ നേരിടേണ്ടതുണ്ട്.
വിദഗ്ദ്ധമായ പാക്കിംഗാണ് ഉപയോഗിക്കപ്പെടുന്ന ഒരു തന്ത്രം. എത്ര ഉൽപ്പന്നങ്ങൾക്ക് അവയുടെമേൽ ഭക്ഷ്യത്തിന്റെ വർണ്ണോജ്ജ്വലമായ ചിത്രങ്ങളുണ്ടെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പലതിനും ചുവപ്പുനിറമാണ്, അല്ലെങ്കിൽ അവയുടെമേൽ ചുവന്ന അക്ഷരങ്ങളുണ്ട്. അതുകൊണ്ടാണ് ആകർഷകമായ പാക്കിംഗ് ഇല്ലാതെ കിട്ടുന്ന ഇനങ്ങൾ താരതമ്യേന അനാകർഷകമായി തോന്നുന്നത്—വിശപ്പ് ജ്വലിപ്പിക്കപ്പെട്ടില്ല!
ഉൽപ്പന്നങ്ങൾക്ക് വിലയിടുന്ന വിധംസംബന്ധിച്ചും ജാഗ്രത പാലിക്കുക. 99 പൈസാ, രൂ.1.99, രൂ.2.99 എന്നിങ്ങനെ വിലയിടുന്നത് അനേകരിലും ഫലവത്തായ മനഃശാസ്ത്രപരമായ ഒരു തന്ത്രമാണെന്നോർക്കുക. കൂടാതെ, 99പൈസക്ക് മൂന്ന് എന്ന് പരസ്യംചെയ്യുന്നതിനാൽമാത്രം നിങ്ങൾക്കാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാൻ നിർബ്ബന്ധിതരാകരുത്.
ഇടപാടുകാർ വാങ്ങാൻ പ്രേരിതരാകുന്ന മറെറാരു വിധം കടയിൽ ഭക്ഷ്യവസ്തു വെച്ചിരിക്കുന്ന സ്ഥാനം നിമിത്തമാണ്. സാധനങ്ങൾ വാങ്ങുന്നവർ വേഗത കുറക്കേണ്ടിവരുന്ന ഇടനാഴികളുടെ അററങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് മിക്കപ്പോഴും കടക്കാരന് ലാഭംകൂടിയ ഇനങ്ങളോ ഗുണംകുറഞ്ഞ ഭക്ഷ്യങ്ങളോ ആണ്. ഏററവും വിലകൂടിയ ഇനങ്ങൾ സാധാരണ കണ്ണിന്റെ നിരപ്പിൽ വെക്കുന്നു. മുകളിലത്തെയും താഴത്തെയും തട്ടുകളിലെ ഐററങ്ങളുടെ വിലകളുമായി അവയെ തട്ടിച്ചുനോക്കുക.
കൂപ്പണുകൾ പണം ലാഭിക്കുന്നു, എന്നാൽ അവ വിൽപ്പനയും വർദ്ധിപ്പിക്കുന്നു. ഐക്യനാടുകളിൽ 1980-ൽ മാത്രം 9,000കോടിയിൽപരം കൂപ്പണുകൾ വിതരണം ചെയ്യപ്പെട്ടു. അനേകരും തങ്ങൾക്ക് കൂപ്പണുകൾ ഉള്ളതുകൊണ്ടുമാത്രം ഉൽപ്പന്നങ്ങൾ വാങ്ങുന്നു. അതുകൊണ്ട് ഓർക്കുക: നിങ്ങൾക്കാവശ്യമുള്ളതും നിരന്തരം ഉപയോഗിക്കുന്നതുമായ ഉൽപ്പന്നങ്ങൾക്കുവേണ്ടിമാത്രം നിങ്ങൾ കൂപ്പണുകൾ വിനിയോഗിക്കുമ്പോൾ മാത്രമേ അവ ആദായകരമായിരിക്കുകയുള്ളു. വിലയെന്തായിരുന്നാലും നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത ഒരു സാധനം ലാഭകരമായിരിക്കയില്ല.
നിങ്ങൾ ഇറങ്ങിപ്പോകുന്ന കൗണ്ടറിനോടു സമീപിക്കുമ്പോൾ ജാഗ്രത വെടിയരുത്. നിങ്ങൾ പല കുരുക്കുകളെ ഒഴിവാക്കിയിരിക്കാം, എന്നാൽ നിങ്ങൾ ഇപ്പോൾ ബന്ദിയാണ്—നിങ്ങൾ ലൈനിൽ കാത്തുനിൽക്കേണ്ടതുണ്ട്. അവിടെ നിങ്ങളെ വശീകരിക്കാൻ എന്തുണ്ട്? എന്തിന്, മിഠായികളും മാസികകളും കുട്ടികൾ തട്ടിയെടുത്ത് നിങ്ങളുടെ വണ്ടിയിൽ അനായാസം ഇടാൻകഴിയുന്ന കളിപ്പാട്ടങ്ങളും. നിങ്ങൾ അറിഞ്ഞുവരുമ്പോഴേക്ക് സമയം വൈകിപ്പോയിരിക്കും. ഒന്നുകിൽ നിങ്ങൾ അവക്ക് പണം കൊടുത്തുകഴിഞ്ഞിരിക്കും, അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ശാഠ്യക്കാരനായ കുട്ടിയെ നേരിടേണ്ടതുണ്ട്. വിജയം കടയ്ക്കുതന്നെ!
എന്നാൽ നിങ്ങൾക്ക് ജയശാലിയാകാൻകഴിയും. സാമർത്ഥ്യമുള്ള ഇടപാടുകാർക്ക് ഷോപ്പിംഗിന്റെ സമയത്ത് തങ്ങളുടെ ബജററിനുള്ളിൽ ഒതുങ്ങിനിൽക്കാൻ മാത്രമല്ല, പണം ലാഭിക്കാനും കഴിയും. നിങ്ങളുടെ ഷോപ്പിംഗ് വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താൻകഴിയുമോ? ഓരോ വാരത്തിലും ഷോപ്പിംഗ് നടത്താനും പണം ലാഭിക്കാനും പുതിയ മാർഗ്ഗങ്ങൾ കണ്ടെത്താൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ? നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും പ്രയോജനം കിട്ടും. (g88 2/22)
[29-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങൾക്കറിയാമോ
അവശ്യവസ്തുക്കൾ സാധാരണയായി ഇറങ്ങിപ്പോകുന്നടത്തെ കൗണ്ടറുകളിൽനിന്ന് അകലെയായിരിക്കുന്നതെന്തുകൊണ്ട്?
കടകൾ സാധനങ്ങൾ വാങ്ങാൻ തങ്ങളുടെ മാതാപിതാക്കളെ വശത്താക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതെങ്ങനെ?
നിർദ്ദിഷ്ട ഔഷധങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് എങ്ങനെ പണം ലാഭിക്കാൻകഴിയും?
[30-ാം പേജിലെ ചിത്രം]
ഏററവും വിലകൂടിയ ഇനങ്ങൾ മിക്കപ്പോഴും കണ്ണുനിരപ്പിൽ കാണപ്പെടുന്നു, അതുകൊണ്ട് മുകളിലും താഴെയുമുള്ള ഇനങ്ങളുമായി താരതമ്യംചെയ്യുക