പൊള്ളുന്ന വില—എന്തു ചെയ്യും?
തൃപ്തരായിരിക്കുക
ഉള്ളതിൽ തൃപ്തരായ ആളുകളുടെ ജീവിതം സംതൃപ്തിയുള്ളതായിരിക്കും. സാഹചര്യങ്ങൾ മാറിയാലും അവർ ഉള്ളതുകൊണ്ട് ജീവിക്കാൻ വേണ്ട മാറ്റങ്ങൾ വരുത്തും.
അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഉളളതിൽ തൃപ്തിപ്പെട്ട് ജീവിക്കുന്ന ആളുകൾ മിക്കവാറും പോസിറ്റീവായി ചിന്തിക്കുന്നവരാണെന്നു സൈക്കോളജിസ്റ്റായ ജസിക്ക കൊഗ്ലർ പറയുന്നു. അങ്ങനെയുള്ളവർക്കു മറ്റുള്ളവരോട് അസൂയ തോന്നാനുള്ള സാധ്യത കുറവാണെന്നും ജസിക്ക അഭിപ്രായപ്പെടുന്നു. അവർ പൊതുവേ സന്തോഷമുള്ളവരായിരിക്കും, ടെൻഷനും കുറവായിരിക്കും. ശരിക്കും പറഞ്ഞാൽ സന്തോഷമുള്ള ആളുകളിൽ ചിലർക്ക് വളരെ കുറച്ച് പണം മാത്രമേ കാണുകയുള്ളൂ. പണം കൊടുത്ത് വാങ്ങുന്ന കാര്യങ്ങളെക്കാൾ അവർ മൂല്യമുള്ളതായി കാണുന്നത് മറ്റു ചില കാര്യങ്ങൾക്കാണ്; കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒപ്പം ചെലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷംപോലുള്ള കാര്യങ്ങൾക്ക്.
നമുക്ക് എന്തു ചെയ്യാനാകും?
താരതമ്യം ചെയ്യാതിരിക്കുക. നമ്മുടെ ലളിതമായ ജീവിതം ആളുകളുടെ ആഡംബരജീവിതവുമായി താരതമ്യം ചെയ്താൽ നമ്മൾ തൃപ്തരായിരിക്കില്ല, നമുക്ക് അസൂയപോലും തോന്നാനിടയുണ്ട്. അതുപോലെ ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല. ചില ആളുകൾക്ക് ഒരുപാടു വിലപിടിപ്പുള്ള സാധനങ്ങളൊക്കെ ഉണ്ടായിരിക്കും. എന്നാൽ ശരിക്കും അവർ കടക്കെണിയിലായിരിക്കും. സെനഗലിൽനിന്നുള്ള നിക്കോളെ പറയുന്നു: “സന്തോഷത്തോടെയിരിക്കാൻ എനിക്ക് ഒരുപാടു സാധനങ്ങൾ വേണമെന്നില്ല. ഞാൻ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയാണെങ്കിൽ മറ്റുള്ളവർക്ക് എന്നെക്കാൾ അധികമുണ്ടെങ്കിലും എന്റെ സന്തോഷത്തിന് ഒരു കുറവും വരില്ല.”
ചെയ്തുനോക്കാൻ: സമ്പത്തും ആഡംബരജീവിതവും ഒക്കെ എടുത്തുകാണിക്കുന്ന ആളുകളുടെ സോഷ്യൽമീഡിയ പോസ്റ്റുകളും അതുപോലെ പരസ്യങ്ങളും കാണുന്നത് പരമാവധി ഒഴിവാക്കുക.
നന്ദിയുള്ളവരായിരിക്കുക. നന്ദിയുള്ള ആളുകൾ മിക്കപ്പോഴും ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിക്കുന്നവരായിരിക്കും. ഇനിയും വേണമെന്ന ആഗ്രഹവും കൂടുതൽ കിട്ടാൻ അർഹരാണെന്ന ചിന്തയും അവർക്കു കുറവായിരിക്കും. ഹെയ്റ്റിയിൽനിന്നുള്ള റോബർട്ടൺ പറയുന്നു: “മറ്റുള്ളവർ എനിക്കും എന്റെ കുടുംബത്തിനും ചെയ്തുതന്ന എല്ലാ കാര്യങ്ങളും ഞാൻ എപ്പോഴും ഓർക്കും. അതിന് എനിക്ക് എത്രമാത്രം നന്ദിയുണ്ടെന്നു ഞാൻ അവരോടു പറയാറുണ്ട്. എന്തു കിട്ടിയാലും നന്ദി പറയാൻ ഞാൻ എന്റെ എട്ടു വയസ്സുള്ള മോനെ പഠിപ്പിച്ചിട്ടുണ്ട്.“
ചെയ്തുനോക്കാൻ: ഓരോ ദിവസവും നന്ദി തോന്നിയ കാര്യങ്ങൾ എഴുതിവെക്കുക. അതു ചിലപ്പോൾ നല്ല ആരോഗ്യമോ നല്ല കുടുംബമോ ആത്മാർഥ സുഹൃത്തുക്കളെയോ കിട്ടിയതിനായിരിക്കാം. അല്ലെങ്കിൽ നല്ല ഒരു സൂര്യാസ്തമയം കാണാൻ പറ്റിയതായിരിക്കാം.
ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിക്കാൻ ചിലപ്പോഴൊക്കെ നമുക്കു ബുദ്ധിമുട്ടായിരിക്കും. എന്നാൽ അതിനുവേണ്ടി ശ്രമിക്കുന്നെങ്കിൽ പ്രയോജനങ്ങളേ ഉള്ളൂ. ഉള്ളതിൽ തൃപ്തരാണെങ്കിൽ നമ്മൾ സന്തോഷമുള്ളവരായിരിക്കും. പണം കൊടുത്ത് വാങ്ങാൻ പറ്റുന്ന ഒന്നല്ല സന്തോഷം.