പഠനലേഖനം 31
ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ
‘തൃപ്തനായിരിക്കാനുള്ള വിദ്യ’ നിങ്ങൾ പഠിച്ചിട്ടുണ്ടോ?
“ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാൻ എനിക്ക് അറിയാം.”—ഫിലി. 4:11.
ഉദ്ദേശ്യം
നന്ദിയുള്ളവരായിരിക്കുകയും താഴ്മ വളർത്തിയെടുക്കുകയും ഭാവി പ്രത്യാശയെക്കുറിച്ച് ചിന്തിക്കുകയും ചെയ്തുകൊണ്ട് തൃപ്തരായിരിക്കാൻ പഠിക്കാം.
1. തൃപ്തരായിരിക്കുക എന്നാൽ എന്താണ്, എന്തല്ല?
നിങ്ങൾ തൃപ്തനാണോ? തൃപ്തനായ ഒരാൾ തനിക്ക് ഇപ്പോഴുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ച് അതിൽ സന്തോഷവും സമാധാനവും കണ്ടെത്തും. അദ്ദേഹം തനിക്കില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് നിരാശപ്പെടുകയോ ദേഷ്യപ്പെടുകയോ ഇല്ല. എന്നാൽ തൃപ്തിയുണ്ടായിരിക്കുക എന്നതിന്റെ അർഥം ഒന്നും ചെയ്യാതെ അലസമായി ജീവിക്കുക എന്നല്ല. ഉദാഹരണത്തിന്, ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ ഒരു ക്രിസ്ത്യാനി പരിശ്രമിക്കുകതന്നെ വേണം. (റോമ. 12:1; 1 തിമൊ. 3:1) പക്ഷേ ഒരാൾ തൃപ്തനാണെങ്കിൽ പ്രതീക്ഷിക്കുന്ന വേഗത്തിൽ ഒരു നിയമനം കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ സന്തോഷം നഷ്ടപ്പെടില്ല.
2. ഉള്ളതിൽ തൃപ്തരല്ലെങ്കിൽ നമുക്ക് എന്ത് അപകടം സംഭവിച്ചേക്കാം?
2 ഉള്ള കാര്യങ്ങളിൽ തൃപ്തരല്ലെങ്കിൽ നമ്മൾ തെറ്റായ തീരുമാനങ്ങളെടുക്കാൻ തുടങ്ങിയേക്കാം. ഉദാഹരണത്തിന് തങ്ങൾക്കുള്ള ഭൗതികവസ്തുക്കളിൽ തൃപ്തനല്ലാത്ത ഒരാൾ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടാനായി അധികം സമയം ജോലി ചെയ്യാൻ തീരുമാനിച്ചേക്കാം. സങ്കടകരമായ കാര്യം, ചില ക്രിസ്ത്യാനികൾ പണമോ തങ്ങൾ ആഗ്രഹിച്ച സാധനങ്ങളോ ഒക്കെ മോഷ്ടിക്കുകപോലും ചെയ്തിരിക്കുന്നു. അവർ ചിലപ്പോൾ ഇങ്ങനെ ന്യായീകരിച്ചിട്ടുണ്ടാകാം: ‘എനിക്കിപ്പോൾ ഇത് ആവശ്യമുണ്ട്,’ ‘ഇത് ശരിക്കും എനിക്ക് അർഹതപ്പെട്ടതാണ്,’ ‘ഞാൻ പിന്നീട് ഈ പണം തിരിച്ചുകൊടുക്കും.’ എന്തൊക്കെ പറഞ്ഞാലും, ഏതു തരത്തിലുള്ള മോഷണവും യഹോവയ്ക്കു വെറുപ്പാണ്. അതു ദൈവത്തിനു നിന്ദ വരുത്തുന്നു. (സുഭാ. 30:9) ഇനി മറ്റു ചിലരുടെ കാര്യത്തിൽ അവർക്കു ദൈവസേവനത്തിൽ ചില നിയമനങ്ങൾ കിട്ടാതെവരുമ്പോൾ, നിരാശ തോന്നിയിട്ട് യഹോവയെ സേവിക്കുന്നതുതന്നെ നിറുത്തിക്കളഞ്ഞിരിക്കുന്നു. (ഗലാ. 6:9) യഹോവയുടെ ഒരു സമർപ്പിതദാസൻ അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചുപോകുന്നത് എന്തുകൊണ്ടായിരിക്കും? ഉള്ള കാര്യങ്ങളിൽ തൃപ്തനായിരിക്കാൻ അദ്ദേഹം പതിയെപ്പതിയെ മറന്നതായിരിക്കാം പ്രശ്നം.
3. ഫിലിപ്പിയർ 4:11, 12 നമുക്ക് എന്ത് ഉറപ്പു തരുന്നു?
3 എല്ലാവർക്കും വളർത്തിയെടുക്കാനാകുന്ന ഒന്നാണ് സംതൃപ്തി. അപ്പോസ്തലനായ പൗലോസ് പറഞ്ഞത് “ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാൻ . . . ഞാൻ പഠിച്ചിരിക്കുന്നു” എന്നാണ്. (ഫിലിപ്പിയർ 4:11, 12 വായിക്കുക.) ജയിലിൽ ആയിരിക്കുമ്പോഴാണ് പൗലോസ് ഈ വാക്കുകൾ എഴുതുന്നത്. അപ്പോഴും പൗലോസിന് സന്തോഷം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. കാരണം ‘തൃപ്തനായിരിക്കാനുള്ള വിദ്യ’ അദ്ദേഹം പഠിച്ചിരുന്നു. സംതൃപ്തരായിരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എങ്കിൽ പൗലോസിന്റെ വാക്കുകളും അനുഭവവും ഉറപ്പുതരുന്നത് ഏതു സാഹചര്യത്തിലും നമുക്കു തൃപ്തരായിരിക്കാൻ കഴിയും എന്നാണ്. നമ്മുടെ സാഹചര്യങ്ങളിൽ നമുക്കു തനിയെ തൃപ്തി തോന്നിക്കോളും എന്നു വിചാരിക്കരുത്. നമ്മൾ അതു പഠിച്ചെടുക്കേണ്ടതുണ്ട്. എങ്ങനെ? അതിനു നമ്മളെ സഹായിക്കുന്ന ചില ഗുണങ്ങളെക്കുറിച്ച് നമുക്കു നോക്കാം.
നന്ദിയുള്ളവരായിരിക്കുക
4. നന്ദിയുള്ളവരായിരിക്കുന്നത് തൃപ്തരായിരിക്കാൻ സഹായിക്കുന്നത് എങ്ങനെയാണ്? (1 തെസ്സലോനിക്യർ 5:18)
4 നന്ദിയുള്ളവർക്കു തൃപ്തരായിരിക്കാൻ എളുപ്പമായിരിക്കും. (1 തെസ്സലോനിക്യർ 5:18 വായിക്കുക.) ഉദാഹരണത്തിന് ജീവിതത്തിൽ ശരിക്കും ആവശ്യമായ കാര്യങ്ങൾ ഉള്ളതിൽ നമുക്കു നന്ദിയുണ്ടെങ്കിൽ, ഇല്ലാത്ത സാധനങ്ങളെക്കുറിച്ച് ഓർത്ത് അമിതമായി ഉത്കണ്ഠപ്പെടാനുള്ള സാധ്യത കുറവാണ്. ഇനി, യഹോവയുടെ സേവനത്തിൽ ഇപ്പോഴുള്ള നിയമനങ്ങളോട് നമുക്ക് വിലമതിപ്പുണ്ടെങ്കിൽ അതു നന്നായി ചെയ്യുന്നതിനെക്കുറിച്ചായിരിക്കും നമ്മൾ ചിന്തിക്കുന്നത്. അല്ലാതെ നമ്മൾ ആഗ്രഹിക്കുന്ന വേറെ നിയമനങ്ങൾ കിട്ടുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കില്ല. നമുക്കു നന്ദിയുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം യഹോവയ്ക്ക് അറിയാവുന്നതുകൊണ്ടാണ് പ്രാർഥനയിൽ നന്ദിവാക്കുകൾ ഉൾപ്പെടുത്താൻ ദൈവം പറഞ്ഞിരിക്കുന്നത്. നന്ദിയുള്ള ഒരു ഹൃദയമുണ്ടെങ്കിൽ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” നമുക്കുണ്ടായിരിക്കും.—ഫിലി. 4:6, 7.
5. എന്തൊക്കെ കാര്യങ്ങളിൽ ഇസ്രായേല്യർക്കു നന്ദി തോന്നേണ്ടതായിരുന്നു? (ചിത്രവും കാണുക.)
5 ഇസ്രായേല്യർക്ക് എന്താണ് സംഭവിച്ചതെന്നു നോക്കുക. ഈജിപ്തിൽ തങ്ങൾക്കു കിട്ടിയിരുന്ന നല്ല ഭക്ഷണമൊന്നും ഇപ്പോൾ ഇല്ലെന്ന് പലപ്പോഴും അവർ യഹോവയോട് പരാതി പറഞ്ഞു. (സംഖ്യ 11:4-6) വിജനഭൂമിയിലെ ജീവിതം അത്ര എളുപ്പമല്ലായിരുന്നു എന്നതു ശരിയാണ്. എന്നാൽ ആ സാഹചര്യത്തിലും തൃപ്തരായിരിക്കാൻ അവർക്ക് എങ്ങനെ കഴിയുമായിരുന്നു? യഹോവ അവർക്ക് അപ്പോൾത്തന്നെ ചെയ്തുകൊടുത്ത കാര്യങ്ങളെക്കുറിച്ച് അവർ നന്ദിയോടെ ചിന്തിക്കണമായിരുന്നു. യഹോവ ഇസ്രായേല്യർക്ക് എന്തൊക്കെയാണ് ചെയ്തുകൊടുത്തത്? അവരെ അടിമകളാക്കി അവരോടു ക്രൂരമായി ഇടപെട്ടിരുന്ന ഈജിപ്തുകാരുടെ മേൽ യഹോവ പത്തു ബാധകൾ വരുത്തി. പിന്നെ ദൈവം അവരെ അവിടെനിന്ന് വിടുവിച്ചു. പോരുന്ന സമയത്ത് ഈജിപ്തുകാരുടെ വെള്ളിയും സ്വർണവും വസ്ത്രങ്ങളും ‘കൊള്ളയടിക്കാൻ’ യഹോവ അവരെ സഹായിച്ചു. (പുറ. 12:35, 36) തുടർന്ന് ഫറവോനും ചെങ്കടലിനും ഇടയിൽ ഇസ്രായേല്യർ പെട്ടുപോയപ്പോൾ ചെങ്കടൽ വിഭജിച്ചുകൊണ്ട് യഹോവ അത്ഭുതകരമായി അവരെ രക്ഷിച്ചു. പിന്നെ വിജനഭൂമിയിലൂടെ യാത്ര ചെയ്തപ്പോൾ അവർക്ക് ദിവസവും കഴിക്കാൻ മന്ന കൊടുത്തു. യഹോവ ഇത്രയൊക്കെ ചെയ്തുകൊടുത്തിട്ടും ഇസ്രായേല്യർ തൃപ്തരായിരുന്നില്ല. എന്തായിരുന്നു കാരണം? അവർക്ക് ആവശ്യത്തിന് ഭക്ഷണം ഇല്ലായിരുന്നതുകൊണ്ടല്ല, പകരം ഉള്ള കാര്യങ്ങളോട് അവർക്കു നന്ദിയില്ലായിരുന്നു.
ഇസ്രായേല്യർ തൃപ്തിയില്ലാത്തവരായിത്തീർന്നത് എന്തുകൊണ്ട്? (5-ാം ഖണ്ഡിക കാണുക)
6. നന്ദിയുള്ളവരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
6 എങ്കിൽ നമുക്ക് എങ്ങനെ നന്ദി വളർത്തിയെടുക്കാനാകും? ഒന്നാമതായി, നമുക്കുള്ള നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഓരോ ദിവസവും സമയം എടുക്കുക. രണ്ടോ മൂന്നോ കാര്യങ്ങൾ നിങ്ങൾക്ക് എഴുതിവെക്കാനായേക്കും. (വിലാ. 3:22, 23) രണ്ടാമതായി, ആരെങ്കിലും ഒരു നല്ല കാര്യം ചെയ്തുതരുമ്പോൾ അവരോടു നന്ദി പറയുക. ഓരോ ദിവസവും യഹോവയോട് നന്ദി പറയാൻ സമയമെടുക്കേണ്ടത് വളരെ പ്രധാനമാണ്. (സങ്കീ. 75:1) മൂന്നാമതായി, നന്ദി കാണിക്കുന്ന സ്വഭാവമുള്ളവരെ അടുത്ത കൂട്ടുകാരാക്കുക. നമ്മുടെ കൂട്ടുകാർ നന്ദിയുള്ളവരാണെങ്കിൽ നമ്മളും അങ്ങനെ ആയിത്തീരും. ഇനി അവർ നന്ദിയില്ലാത്തവരാണെങ്കിൽ നമ്മളും നന്ദിയില്ലാത്തവരായിത്തീരും. (ആവ. 1:26-28; 2 തിമൊ. 3:1, 2, 5) നന്ദി കാണിക്കാനുള്ള അവസരങ്ങളെക്കുറിച്ചാണ് നമ്മൾ എപ്പോഴും ചിന്തിക്കുന്നതെങ്കിൽ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് സങ്കടപ്പെടാനുള്ള സാധ്യത കുറവായിരിക്കും.
7. ഉള്ളതിൽ തൃപ്തയായിരിക്കാൻ ആജിയെ എന്താണ് സഹായിച്ചത്?
7 ഇന്തൊനീഷ്യയിൽ താമസിക്കുന്ന ആജിയുടെ അനുഭവം നോക്കാം. സഹോദരി പറയുന്നു: “കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഞാൻ എന്റെ സാഹചര്യങ്ങളെ മറ്റു സഹോദരങ്ങളുടെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാൻ തുടങ്ങി. അങ്ങനെ എന്റെ സന്തോഷം നഷ്ടപ്പെട്ടു.” (ഗലാ. 6:4) ചിന്തയിൽ മാറ്റം വരുത്താൻ സഹോദരിയെ എന്താണ് സഹായിച്ചത്? ആജി പറയുന്നു: “ഓരോ ദിവസവും യഹോവ എനിക്കു തരുന്ന അനുഗ്രഹങ്ങളെക്കുറിച്ചും സംഘടനയുടെ ഭാഗമായിരിക്കുന്നതുകൊണ്ട് എനിക്കു കിട്ടുന്ന നല്ല കാര്യങ്ങളെക്കുറിച്ചും ഞാൻ ചിന്തിച്ചു. എന്നിട്ട് യഹോവയോടു നന്ദി പറഞ്ഞു. അത് ഉള്ള കാര്യങ്ങളിൽ തൃപ്തയായിരിക്കാൻ എന്നെ സഹായിച്ചു.” നിങ്ങൾക്കും നിങ്ങളുടെ സാഹചര്യത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആജി സഹോദരി ചെയ്ത കാര്യങ്ങൾ ചെയ്തുകൊണ്ട് നന്ദിയുള്ള ഒരു ഹൃദയം വളർത്തിയെടുക്കാൻ ശ്രമിച്ചുകൂടേ?
താഴ്മയുള്ളവരായിരിക്കുക
8. ബാരൂക്കിന് എന്തു സംഭവിച്ചു?
8 യിരെമ്യ പ്രവാചകന്റെ സെക്രട്ടറിയായിരുന്ന ബാരൂക്കിന് ഒരു സമയത്ത് തനിക്കുള്ള കാര്യങ്ങളിൽ സംതൃപ്തി നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റേത് ബുദ്ധിമുട്ടുള്ള ഒരു നിയമനമായിരുന്നു. നന്ദിയില്ലാത്ത ഒരു ജനതയോട് ശക്തമായ ഒരു സന്ദേശം അറിയിക്കാൻ യിരെമ്യയെ സഹായിക്കുക എന്നതായിരുന്നു അത്. എന്നാൽ ഒരു സമയത്ത് ബാരൂക്കിന്റെ ശ്രദ്ധ മാറിപ്പോയി. താൻ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നതെന്നു ചിന്തിക്കുന്നതിനു പകരം തന്നെക്കുറിച്ചും താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും ബാരൂക്ക് ആവശ്യത്തിലധികം ചിന്തിക്കാൻ തുടങ്ങി. അപ്പോൾ യഹോവ യിരെമ്യയിലൂടെ ബാരൂക്കിനോട് ഇങ്ങനെ പറഞ്ഞു: “നീ വലിയവലിയ കാര്യങ്ങൾ തേടി അവയ്ക്കു പുറകേ പോകുന്നു. ഇനി അങ്ങനെ ചെയ്യരുത്.” (യിരെ. 45:3-5) മറ്റു വാക്കുകളിൽ യഹോവ ഇങ്ങനെ പറയുകയായിരുന്നു: “നിനക്ക് ഇപ്പോൾ ഉള്ളതിൽ നീ തൃപ്തനായിരിക്കുക.” ബാരൂക്ക് ആ തിരുത്തൽ സ്വീകരിച്ചു. അങ്ങനെ തുടർന്നും യഹോവയുടെ ഒരു സുഹൃത്തായിരിക്കാൻ ബാരൂക്കിനായി.
9. സേവനപദവികളെക്കുറിച്ച് ശരിയായ വീക്ഷണം ഉണ്ടായിരിക്കാൻ 1 കൊരിന്ത്യർ 4:6, 7 നമ്മളെ എങ്ങനെയാണ് സഹായിക്കുന്നത്? (ചിത്രങ്ങളും കാണുക.)
9 ചിലപ്പോൾ ഒരു ക്രിസ്ത്യാനി താൻ ഒരു പ്രത്യേക സേവനപദവി അർഹിക്കുന്നുണ്ടെന്ന് ചിന്തിച്ചേക്കാം. അങ്ങനെ ചിന്തിക്കാനുള്ള കാരണം അദ്ദേഹം ഒരുപാട് കഴിവുള്ളയാളോ കഠിനാധ്വാനിയോ അനുഭവപരിചയമുള്ള ഒരാളോ ഒക്കെ ആയതുകൊണ്ടായിരിക്കാം. എന്നാൽ താൻ ആഗ്രഹിച്ച ആ നിയമനം മറ്റുള്ളവർക്കാണ് കിട്ടുന്നതെങ്കിൽ അദ്ദേഹത്തിന് എങ്ങനെ അസ്വസ്ഥനാകാതിരിക്കാം? 1 കൊരിന്ത്യർ 4:6, 7-ലെ (വായിക്കുക.) പൗലോസിന്റെ വാക്കുകളെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കാനാകും. നമുക്കുള്ള ഓരോ കഴിവും, നമുക്കു ലഭിക്കുന്ന ഓരോ സേവനപദവിയും യഹോവയിൽനിന്നുള്ളതാണ്. അതൊന്നും നമ്മൾ നേടിയെടുക്കുന്നതോ നമ്മൾ അർഹിക്കുന്നതോ അല്ല, മറിച്ച് യഹോവയുടെ അനർഹദയയുടെ തെളിവുകളാണ്.—റോമ. 12:3, 6; എഫെ. 2:8, 9.
നമുക്കുള്ള ഏതൊരു കഴിവും യഹോവയുടെ അനർഹദയയുടെ തെളിവാണ് (9-ാം ഖണ്ഡിക കാണുക)b
10. നമുക്ക് എങ്ങനെ താഴ്മ വളർത്തിയെടുക്കാം?
10 യേശുവിന്റെ മാതൃകയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചുകൊണ്ട് നമുക്കു താഴ്മ വളർത്തിയെടുക്കാനാകും. യേശു അപ്പോസ്തലന്മാരുടെ കാലു കഴുകിയ ആ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് നോക്കുക. അതെക്കുറിച്ച് അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “(1) പിതാവ് എല്ലാം തന്റെ കൈയിൽ തന്നിരിക്കുന്നെന്നും (2) ദൈവത്തിന്റെ അടുത്തുനിന്ന് വന്ന താൻ (3) ദൈവത്തിന്റെ അടുത്തേക്കുതന്നെ പോകുന്നെന്നും അറിയാമായിരുന്ന യേശു . . . ശിഷ്യന്മാരുടെ കാലു കഴുകി.” (യോഹ. 13:3-5) യേശുവിനു വേണമെങ്കിൽ അപ്പോസ്തലന്മാരാണ് തന്റെ കാലു കഴുകേണ്ടതെന്നു ചിന്തിക്കാമായിരുന്നു. എന്നാൽ ഭൂമിയിലെ തന്റെ ജീവിതത്തിൽ ഒരിക്കലും കുറെക്കൂടെ മെച്ചപ്പെട്ട, സുഖസൗകര്യങ്ങൾ നിറഞ്ഞ ഒരു ജീവിതം താൻ അർഹിക്കുന്നുണ്ടെന്ന് യേശു ചിന്തിച്ചില്ല. (ലൂക്കോ. 9:58) യേശുവിനു താഴ്മയുണ്ടായിരുന്നു; തനിക്കുള്ളതിൽ യേശു തൃപ്തനായിരുന്നു. നമുക്ക് എത്ര നല്ലൊരു മാതൃക!—യോഹ. 13:15.
11. തൃപ്തനായിരിക്കാൻ ഡെന്നിസിനെ എന്താണ് സഹായിച്ചത്?
11 നെതർലൻഡ്സിൽനിന്നുള്ള ഡെന്നിസ് യേശുവിന്റെ താഴ്മ അനുകരിക്കാൻ ശ്രമിച്ചു. അത് അത്ര എളുപ്പമായിരുന്നില്ല. സഹോദരൻ പറയുന്നു: “ഞാൻ ആഗ്രഹിക്കുന്ന ഒരു നിയമനം മറ്റൊരാൾക്കു ലഭിക്കുമ്പോൾ എനിക്കു ചിലപ്പോൾ അസ്വസ്ഥതയോ അതൃപ്തിയോ തോന്നാറുണ്ട്. ആ സമയത്ത് താഴ്മ എന്ന വിഷയത്തെക്കുറിച്ച് ഞാൻ പഠിക്കും. JW ലൈബ്രറി ആപ്ലിക്കേഷനിൽ താഴ്മയെക്കുറിച്ച് പറയുന്ന ചില വാക്യങ്ങൾ ഞാൻ ടാഗ് ചെയ്തുവെച്ചു. അങ്ങനെയാകുമ്പോൾ അത് എനിക്കു പെട്ടെന്ന് കണ്ടെത്താനും വീണ്ടും വായിക്കാനും കഴിയുമല്ലോ. അതുപോലെ താഴ്മയെക്കുറിച്ചുള്ള പ്രസംഗങ്ങളും ഞാൻ ഡൗൺലോഡ് ചെയ്തുവെച്ചിട്ടുണ്ട്. അതും ഞാൻ ഇടയ്ക്കിടയ്ക്ക് കേൾക്കും.a നമ്മൾ ദൈവസേവനത്തിൽ ഓരോ കാര്യവും ചെയ്യുന്നത് യഹോവയെ മഹത്ത്വപ്പെടുത്താനാണ്, അല്ലാതെ നമ്മളെ മഹത്ത്വപ്പെടുത്താനല്ലെന്ന് ഞാൻ പഠിച്ചു. ശരിക്കും പറഞ്ഞാൽ ദൈവം തന്റെ ഉദ്ദേശ്യനിവൃത്തിക്കായി പ്രവർത്തിക്കുമ്പോൾ അതിൽ ചെറിയൊരു പങ്കുണ്ടായിരിക്കാൻ നമ്മളെ അനുവദിക്കുകയാണ്.” അതുകൊണ്ട് ഉള്ളതിൽ തൃപ്തരായിരിക്കാൻ നമുക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ താഴ്മ വളർത്താൻ ശ്രമിക്കുക. അത് യഹോവയുമായുള്ള സൗഹൃദം ശക്തമാക്കുകയും തൃപ്തരായിക്കാൻ സഹായിക്കുകയും ചെയ്യും.—യാക്കോ. 4:6, 8.
നിങ്ങളുടെ പ്രത്യാശയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക
12. ഭാവിയെക്കുറിച്ചുള്ള എന്ത് പ്രത്യാശയാണ് തൃപ്തരായിരിക്കാൻ നമ്മളെ സഹായിക്കുന്നത്? (യശയ്യ 65:21-25)
12 നമ്മുടെ മനോഹരമായ ഭാവിപ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്നതു തൃപ്തരായിക്കാൻ സഹായിക്കും. യശയ്യ പ്രവചനത്തിലെ യഹോവയുടെ വാക്കുകൾ ഇന്നുള്ള നമ്മുടെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതാണെന്ന് യഹോവ മനസ്സിലാക്കുന്നുണ്ടെന്നും അതെല്ലാം മാറ്റുമെന്ന് യഹോവ ഉറപ്പു തന്നിട്ടുണ്ടെന്നും കാണിക്കുന്നു. (യശയ്യ 65:21-25 വായിക്കുക.) ഭാവിയിൽ നമുക്കു മനോഹരമായ വീടുകളുണ്ടായിരിക്കും. സംതൃപ്തി തരുന്ന ജോലികൾ ചെയ്യാനാകും. നല്ല രുചിയുള്ള, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനാകും. നമുക്കോ നമ്മുടെ മക്കൾക്കോ എന്തെങ്കിലും ആപത്തു വരുമോ എന്നു നമ്മൾ പിന്നീട് ഒരിക്കലും പേടിക്കില്ല. (യശ. 32:17, 18; യഹ. 34:25) അതെ, മനോഹരവും സുരക്ഷിതവും ആയ ഒരു ഭാവിയാണ് നമ്മുടെ മുന്നിലുള്ളത്.
13. ഏതെല്ലാം സാഹചര്യങ്ങളിൽ നമ്മൾ പ്രത്യാശയെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്?
13 മുമ്പെന്നത്തെക്കാളും അധികം നമ്മൾ നമ്മുടെ പ്രത്യാശയെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. കാരണം ‘അവസാനകാലത്താണ്’ നമ്മൾ ജീവിക്കുന്നത്; “ബുദ്ധിമുട്ടു നിറഞ്ഞ” സാഹചര്യങ്ങൾ നമുക്കെല്ലാം നേരിടേണ്ടിവരുന്നു. (2 തിമൊ. 3:1) ഓരോ ദിവസവും പിടിച്ചുനിൽക്കാൻ വേണ്ട ശക്തിയും സഹായവും ഉപദേശങ്ങളും യഹോവ തരുന്നുണ്ട്. (സങ്കീ. 145:14) അതിനു പുറമേ പിടിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നതാണ് നമ്മുടെ ക്രിസ്തീയപ്രത്യാശ. ചിലപ്പോൾ നിങ്ങൾ കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുന്നുണ്ടാകും. എല്ലാക്കാലവും അത് അങ്ങനെയായിരിക്കുമോ? ഒരിക്കലുമല്ല. പറുദീസയിൽ നിങ്ങൾക്ക് ആവശ്യമുള്ളതും അതിനെക്കാൾ വളരെ കൂടുതലും തരുമെന്ന് ദൈവം ഉറപ്പു തന്നിട്ടുണ്ട്. (സങ്കീ. 9:18; 72:12-14) ഇനി ചിലപ്പോൾ, ശരീരം മൊത്തം വേദനയോടെയായിരിക്കും നിങ്ങൾ ഓരോ ദിവസവും രാവിലെ ഉണർന്നെണീക്കുന്നത്. അല്ലെങ്കിൽ വിഷാദമോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ നിങ്ങളെ അലട്ടുന്നുണ്ടാകും. നിങ്ങളുടെ അവസ്ഥ എന്നും ഇതുതന്നെ ആയിരിക്കുമോ? അല്ല. കാരണം ദൈവത്തിന്റെ പുതിയലോകത്തിൽ രോഗവും മരണവും ഉണ്ടായിരിക്കില്ല. (വെളി. 21:3, 4) ഈ പ്രത്യാശ നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ദേഷ്യമോ നിരാശയോ തോന്നാതിരിക്കാൻ നമ്മളെ സഹായിക്കും. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും അനീതിയോ പ്രിയപ്പെട്ടവരുടെ മരണമോ മറ്റു ദുരന്തങ്ങളോ ഒക്കെ ഉണ്ടാകുമ്പോഴും സന്തോഷവും സമാധാനവും നിലനിറുത്താൻ നമുക്കു കഴിയും. കാരണം നമ്മൾ അനുഭവിക്കുന്ന ഈ ‘കഷ്ടപ്പാടുകൾ ക്ഷണികമാണെന്നും’ പെട്ടെന്നുതന്നെ ദൈവത്തിന്റെ പുതിയലോകത്തിൽ അതെല്ലാം എന്നേക്കുമായി ഇല്ലാതാകുമെന്നും നമുക്ക് ഉറപ്പുണ്ട്.—2 കൊരി. 4:17, 18.
14. നമുക്ക് എങ്ങനെ നമ്മുടെ പ്രത്യാശ ശക്തമാക്കാം?
14 തൃപ്തരായിരിക്കാൻ പ്രത്യാശ വളരെ പ്രധാനമാണെന്നു നമ്മൾ മനസ്സിലാക്കി. അങ്ങനെയെങ്കിൽ നമുക്ക് അത് എങ്ങനെ ശക്തമാക്കാം? ദൂരെയുള്ള സാധനങ്ങൾ വ്യക്തമായി കാണാൻ ഒരാൾക്കു ചിലപ്പോൾ കണ്ണട വെക്കേണ്ടിവന്നേക്കാം. അതുപോലെ ഭാവിപ്രത്യാശ ശക്തമാക്കാൻ നമ്മളും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടായിരിക്കും. അതിൽ ഒന്നാണ്, നമ്മൾ ആ പറുദീസയിൽ ആയിരിക്കുന്നതായി ഭാവനയിൽ കാണുന്നത്. ഉദാഹരണത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നമ്മളെ വരിഞ്ഞുമുറുക്കുന്നുണ്ടെങ്കിൽ പണത്തിന്റെ ആവശ്യമില്ലാത്ത, ആരും ദരിദ്രരല്ലാത്ത ഒരു ലോകത്ത് നിങ്ങൾ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇനി ദൈവസേവനത്തിൽ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഒരു നിയമനത്തെക്കുറിച്ച് ഓർത്ത് നമ്മൾ വിഷമിക്കുന്നുണ്ടെങ്കിൽ എന്ത് ചെയ്യാം? പൂർണതയിൽ ആയിരക്കണക്കിന് വർഷങ്ങൾ യഹോവയെ സേവിക്കുന്ന പറുദീസയിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ഈ സേവനപദവികൾ എത്ര നിസ്സാരമാണെന്ന് നമുക്ക് ഓർക്കാം. (1 തിമൊ. 6:19) ഇന്നത്തെ പ്രശ്നങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നത് നിറുത്തി ഭാവിപ്രത്യാശയെക്കുറിച്ച് ചിന്തിക്കാൻ ആദ്യമൊക്കെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ പറുദീസയെക്കുറിച്ച് നമ്മൾ എത്രയധികം ചിന്തിക്കുന്നോ അത്രയധികം ആ പ്രത്യാശ നമ്മുടെ മനസ്സിൽ നിറയും. പിന്നെ നമ്മുടെ ശ്രദ്ധ നമ്മുടെ പ്രശ്നങ്ങളിൽ ആയിരിക്കില്ല.
15. ക്രിസ്റ്റയുടെ വാക്കുകളിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
15 മുമ്പു കണ്ട ഡെന്നിസിന്റെ ഭാര്യ ക്രിസ്റ്റയെ പ്രത്യാശ എങ്ങനെയാണ് സഹായിച്ചതെന്ന് നമുക്കു നോക്കാം. സഹോദരി പറയുന്നു: “പേശികളുടെ ബലം കുറഞ്ഞുകുറഞ്ഞ് വരുന്ന ഒരു രോഗമാണ് എനിക്ക്. നടക്കാൻ പറ്റാത്തതുകൊണ്ട് എപ്പോഴും ഒരു വീൽചെയറിന്റെ സഹായം വേണം. ഞാൻ മിക്കപ്പോഴും കിടപ്പുതന്നെയാണ്. വേദന ഇല്ലാത്ത ഒരു ദിവസംപോലുമില്ല. എന്റെ ആരോഗ്യം മെച്ചപ്പെടില്ലെന്ന് ഈ അടുത്തിടെ ഡോക്ടർ എന്നോടു പറഞ്ഞു. അപ്പോൾ ഞാൻ ഓർത്തു, അദ്ദേഹം ഭാവിയെ കാണുന്നത് വേറൊരു രീതിയിലാണല്ലോ എന്ന്. എന്നാൽ ഞാൻ എപ്പോഴും എന്റെ പ്രത്യാശയിൽ ശ്രദ്ധിക്കുന്നതുകൊണ്ട് എനിക്കു സമാധാനമുണ്ട്. ഇന്ന് എനിക്കു വേദനകളൊക്കെ സഹിക്കേണ്ടിവന്നാലും പുതിയ ലോകത്തിൽ ഞാൻ ജീവിതം പൂർണമായും ആസ്വദിക്കും.”
“ദൈവത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവില്ല”
16. യഹോവയെ ഭയപ്പെടുന്നവർക്ക് “ഒന്നിനും കുറവില്ല” എന്ന് എഴുതാൻ ദാവീദിന് കഴിഞ്ഞത് എന്തുകൊണ്ടാണ്?
16 ഉള്ളതിൽ തൃപ്തരായിരുന്നാലും നമുക്കു പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ഓർക്കാം. ദാവീദിനെക്കുറിച്ച് ചിന്തിക്കുക. കുറഞ്ഞത് മൂന്നു മക്കളുടെയെങ്കിലും മരണം അദ്ദേഹത്തിനു കാണേണ്ടിവന്നു. ചിലർ ദാവീദിന് എതിരെ വ്യാജാരോപണങ്ങൾ ഉന്നയിച്ചു. കൂട്ടുകാർപോലും അദ്ദേഹത്തെ ചതിച്ചു. വർഷങ്ങളോളം ഒരു കുറ്റവാളിയെപ്പോലെ ഒളിച്ച് കഴിയേണ്ടിവന്നു. ഇത്രയധികം പ്രശ്നങ്ങൾ ഒക്കെ സഹിച്ചുനിന്നപ്പോഴും ദാവീദ് തൃപ്തനായിരുന്നു. അദ്ദേഹം യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ദൈവത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവില്ല.” (സങ്കീ. 34:9, 10) എന്തുകൊണ്ടാണ് ദാവീദിന് അങ്ങനെ പറയാനായത്? പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ജീവിതം പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും തനിക്ക് ശരിക്കും ആവശ്യമുള്ള കാര്യങ്ങൾ യഹോവ ചെയ്തുതരുമെന്ന് ദാവീദിന് ഉറപ്പായിരുന്നു. (സങ്കീ. 145:16) നമുക്കും ദാവീദിനെപ്പോലെ പ്രശ്നങ്ങൾ സഹിച്ചുനിൽക്കാൻ യഹോവ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനാകും. നമുക്കും തൃപ്തരായിക്കാൻ കഴിയും.
17. തൃപ്തരായിരിക്കാനുള്ള വിദ്യ പഠിച്ചെടുക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്?
17 നമ്മൾ സംതൃപ്തരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (സങ്കീ. 131:1, 2) അതുകൊണ്ട് തൃപ്തരായിരിക്കാനുള്ള വിദ്യ പഠിച്ചെടുക്കാൻ നമുക്ക് ആകുന്നതെല്ലാം ചെയ്യാം. നന്ദിയുള്ളവരായിരിക്കാനും താഴ്മ വളർത്തിയെടുക്കാനും നമ്മുടെ പ്രത്യാശ ശക്തമാക്കാനും കഠിനശ്രമം ചെയ്യുന്നെങ്കിൽ നമുക്കും ഇങ്ങനെ പറയാൻ പറ്റും: ‘അതെ, ഞാൻ സംതൃപ്തനാണ്.’—സങ്കീ. 16:5, 6.
ഗീതം 118 “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”
a ഉദാഹരണത്തിന് യഹോവ താഴ്മയുള്ളവർക്കായി കരുതുന്നു, തകർച്ചയ്ക്കു മുമ്പ് അഹങ്കാരം എന്നീ പ്രഭാതാരാധനകൾ jw.org-ൽ കാണുക.
b ചിത്രത്തിന്റെ വിവരണം: ദിവ്യാധിപത്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടത്തിൽ ഒരു സഹോദരൻ അറ്റകുറ്റപ്പണികൾ നടത്തുന്നു, ആംഗ്യഭാഷ പഠിച്ചെടുത്ത ഒരു സഹോദരിയെ ഒരു സർക്കിട്ട് സമ്മേളത്തിൽ അഭിമുഖം ചെയ്യുന്നു, ഒരു സഹോദരൻ പൊതുപ്രസംഗം നടത്തുന്നു.