പൊള്ളുന്ന വില—എന്തു ചെയ്യും?
പ്രതീക്ഷയോടിരിക്കുക
വരുമാനത്തിൽ ഒതുങ്ങി ജീവിക്കാൻ ബുദ്ധിമുട്ടുള്ള ഒരു രാജ്യത്താണോ നിങ്ങൾ താമസിക്കുന്നത്? നിങ്ങൾക്കുവേണ്ടിയും നിങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും കരുതുന്നതിനെക്കുറിച്ച് ഓർത്ത് നിങ്ങൾക്ക് ടെൻഷനുണ്ടോ? ഇങ്ങനെ പോയാൽ ഭാവി എന്തായിത്തീരും എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്നാൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും നല്ല പ്രതീക്ഷയുണ്ടായിരിക്കുന്നത് നമ്മളെ ശരിക്കും സഹായിക്കും.
അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പ്രതീക്ഷയുള്ള ആളുകൾ കാര്യങ്ങളൊക്കെ ശരിയായി, നല്ലതു വരാൻ വെറുതെ ആഗ്രഹിക്കുക മാത്രമല്ല ചെയ്യുന്നത്. അവർ തങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യും. ചില പഠനങ്ങൾ കാണിക്കുന്നത്, പ്രതീക്ഷയോടെ ജീവിക്കുന്ന ആളുകൾ. . .
മിക്കവാറും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കും
സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തും
ആരോഗ്യമുള്ള, മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാൻ നല്ല തീരുമാനങ്ങളെടുക്കും
നമുക്ക് എന്തു ചെയ്യാനാകും?
ഒന്ന്, ബൈബിൾ ഇന്നു നമ്മളെ എങ്ങനെയാണു സഹായിക്കുന്നതെന്നു മനസ്സിലാക്കുക. വിലക്കയറ്റത്തെ നേരിടാൻ സഹായിക്കുന്ന ചില പ്രായോഗികനിർദേശങ്ങൾ ബൈബിളിലുണ്ട്. വിലക്കയറ്റം ഉണ്ടാകുന്ന സമയത്ത്, ‘എനിക്കൊന്നും ചെയ്യാനാകില്ല’ എന്നു ചിന്തിക്കുന്നതിനു പകരം, ജീവിതം ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആ നിർദേശങ്ങൾ നമ്മളെ സഹായിക്കും. ഒപ്പം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാനും ആ നിർദേശങ്ങൾക്കു സഹായിക്കാനാകും.
രണ്ട്, ഭാവിയെക്കുറിച്ച് ബൈബിൾ എന്താണു പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കുക. ബൈബിളിലെ നിർദേശങ്ങൾ എത്ര മൂല്യവത്താണെന്നു മനസ്സിലാകുമ്പോൾ, ഭാവിയെക്കുറിച്ച് ബൈബിൾ എന്താണു പറഞ്ഞിരിക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹം തോന്നും. അപ്പോൾ, ദൈവം നമുക്ക് നല്ലൊരു “ഭാവിയും പ്രത്യാശയും” തരും എന്നു പറഞ്ഞിരിക്കുക മാത്രമല്ല, അതിനുള്ള അടിസ്ഥാനംപോലും ഇട്ടുകഴിഞ്ഞു എന്നു മനസ്സിലാകും. (യിരെമ്യ 29:11) ആ അടിസ്ഥാനമാണു ദൈവത്തിന്റെ രാജ്യം.
എന്താണു ദൈവരാജ്യം, അത് എന്തു ചെയ്യും?
ഭൂമിയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുന്ന ഒരു ഗവൺമെന്റാണു ദൈവരാജ്യം. (ദാനിയേൽ 2:44; മത്തായി 6:10) സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ആ ഗവൺമെന്റ് ഇന്നുള്ള കഷ്ടപ്പാടും ദാരിദ്ര്യവും എല്ലാം നീക്കി ആ സ്ഥാനത്ത് സമാധാനവും സമൃദ്ധിയും കൊണ്ടുവരും. പിൻവരുന്ന തിരുവെഴുത്തുകൾ അതിനു തെളിവ് നൽകുന്നു.
ദൈവം ‘നുണ പറയില്ല’ എന്ന് ഉറപ്പുള്ളതുകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ ഈ വാഗ്ദാനങ്ങൾ വിശ്വസിക്കുന്നു. (തീത്തോസ് 1:2) നിങ്ങൾക്കും ബൈബിൾ ഒന്നു വായിച്ചുനോക്കാനാകുമോ? ബൈബിളിൽ പറഞ്ഞിരിക്കുന്ന പ്രത്യാശ സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാനുള്ള ശക്തി നിങ്ങൾക്കു തരും. ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ നോക്കാനും നിങ്ങളെ സഹായിക്കും.