ഭാഗം 2
പ്രളയംമുതൽ ഈജിപ്തിൽനിന്നുള്ള വിടുതൽവരെ
വെറും എട്ടു പേരാണ് പ്രളയത്തിൽ രക്ഷപ്പെട്ടത്, പക്ഷേ പിന്നെ അവർ പെരുകി പെരുകി ഭൂമിയിൽ ആയിരക്കണക്കിന് ആളുകളായി. പ്രളയമുണ്ടായി 352 വർഷം കഴിഞ്ഞ് അബ്രാഹാം ജനിച്ചു. യിസ്ഹാക് എന്നു പേരുള്ള ഒരു മകനെ അബ്രാഹാമിനു നൽകിക്കൊണ്ട് ദൈവം അവനു കൊടുത്തിരുന്ന വാക്കു പാലിച്ചത് എങ്ങനെയെന്നു നാം കാണുന്നു. പിന്നീട് യിസ്ഹാക്കിന്റെ രണ്ട് ആൺമക്കളിൽ യാക്കോബിനെ ദൈവം തിരഞ്ഞെടുത്തു.
12 ആൺമക്കളും ചില പെൺമക്കളും അടങ്ങുന്ന ഒരു വലിയ കുടുംബം ആയിരുന്നു യാക്കോബിന്റേത്. യാക്കോബിന്റെ 10 ആൺമക്കൾ തങ്ങളുടെ അനുജനായ യോസേഫിനെ വെറുക്കുകയും അവനെ ഈജിപ്തിലേക്ക് അടിമയായി വിൽക്കുകയും ചെയ്തു. പിന്നീട് യോസേഫ് ഈജിപ്തിൽ വലിയ ഒരാളായിത്തീർന്നു. ഒരു വലിയ ക്ഷാമം ഉണ്ടായപ്പോൾ യോസേഫ് തന്റെ സഹോദരന്മാർക്കു മാറ്റം വന്നിട്ടുണ്ടോ എന്നറിയാൻവേണ്ടി അവരെ പരീക്ഷിച്ചു. ഇസ്രായേല്യർ എന്ന പേരിൽ അറിയപ്പെട്ട യാക്കോബിന്റെ മുഴു കുടുംബവും അവസാനം ഈജിപ്തിലേക്കു താമസം മാറ്റി. ഇത് അബ്രാഹാം ജനിച്ച് 290 വർഷം കഴിഞ്ഞാണു നടന്നത്.
അടുത്ത 215 വർഷം ഇസ്രായേല്യർ ഈജിപ്തിൽ താമസിച്ചു. യോസേഫ് മരിച്ചു കഴിഞ്ഞ് അവർ അവിടെ അടിമകളായിത്തീർന്നു. ഈ കാലത്താണ് മോശെ ജനിക്കുന്നത്; ഇസ്രായേല്യരെ ഈജിപ്തിൽനിന്നു രക്ഷപ്പെടുത്താൻ വേണ്ടി ദൈവം അവനെ ഉപയോഗിച്ചു. മൊത്തത്തിൽ 857 വർഷത്തെ ചരിത്രം രണ്ടാം ഭാഗത്തിൽ അടങ്ങിയിരിക്കുന്നു.