അധ്യായം പതിനേഴ്
പ്രാർഥനയിലൂടെ ദൈവത്തോട് അടുത്തുചെല്ലുക
നാം ദൈവത്തോടു പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
ദൈവം പ്രാർഥന കേൾക്കണമെങ്കിൽ നാം എന്തു ചെയ്യണം?
നമ്മുടെ പ്രാർഥനകൾക്ക് ദൈവം ഉത്തരം നൽകുന്നത് എങ്ങനെ?
“ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ”വൻ നമ്മുടെ പ്രാർഥന കേൾക്കാൻ സന്നദ്ധനാണ്
1, 2. പ്രാർഥനയെ മഹത്തായ ഒരു പദവിയായി കാണേണ്ടത് എന്തുകൊണ്ട്, അതു സംബന്ധിച്ച് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ നാം അറിയേണ്ടതിന്റെ കാരണമെന്ത്?
വിശാലമായ പ്രപഞ്ചത്തിൽ, ഭൂമി ഒരു പൊട്ടു മാത്രമാണ്. “ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ” യഹോവയ്ക്ക്, രാഷ്ട്രങ്ങൾ “തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും.” (സങ്കീർത്തനം 115:15; യെശയ്യാവു 40:15) എങ്കിലും, ബൈബിൾ ഇപ്രകാരം പറയുന്നു: “യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.” (സങ്കീർത്തനം 145:18, 19) അതിന്റെ അർഥമെന്താണെന്നു ചിന്തിച്ചുനോക്കുക! സർവശക്തനായ സ്രഷ്ടാവ് നമുക്കു സമീപസ്ഥനാണ്, നാം ‘സത്യമായി വിളിച്ചപേക്ഷിച്ചാൽ’ നമ്മുടെ യാചനകൾക്ക് അവൻ ചെവിചായ്ക്കും. പ്രാർഥനയിൽ ദൈവത്തെ സമീപിക്കാനാകുന്നത് എത്രയോ മഹത്തായ ഒരു പദവിയാണ്!
2 എന്നാൽ, ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ അവൻ അംഗീകരിക്കുന്ന വിധത്തിൽ നാം പ്രാർഥിക്കണം. പ്രാർഥനയെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്ന് അറിയാൻ പാടില്ലെങ്കിൽ നമുക്കത് എങ്ങനെയാണ് ചെയ്യാനാവുക? ഈ വിഷയം സംബന്ധിച്ച് തിരുവെഴുത്തുകൾക്കു പറയാനുള്ളത് നാം അറിഞ്ഞേതീരൂ. കാരണം, യഹോവയോട് അടുത്തുചെല്ലാൻ പ്രാർഥന നമ്മെ സഹായിക്കുന്നു.
യഹോവയോടു പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
3. നാം യഹോവയോടു പ്രാർഥിക്കേണ്ടതിന്റെ ഒരു പ്രധാന കാരണം എന്ത്?
3 യഹോവയോടു പ്രാർഥിക്കേണ്ടതിന്റെ ഒരു പ്രധാന കാരണം, അതു ചെയ്യാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നു എന്നതാണ്. അവന്റെ വചനം നമുക്ക് ഈ പ്രോത്സാഹനം നൽകുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) അഖിലാണ്ഡ പരമാധികാരിയുടെ ഇത്ര ദയാപുരസ്സരമായ ഒരു ക്രമീകരണം അവഗണിച്ചുകളയാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല!
4. ക്രമമായ പ്രാർഥന യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബലിഷ്ഠമാക്കുന്നത് എങ്ങനെ?
4 പ്രാർഥിക്കേണ്ടതിനു മറ്റൊരു കാരണവുമുണ്ട്. യഹോവയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഒരു മാർഗമാണ് ക്രമമായ പ്രാർഥന. എന്തെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമല്ല യഥാർഥ സുഹൃത്തുക്കൾ ആശയവിനിമയം നടത്തുക. നല്ല സുഹൃത്തുക്കൾ അന്യോന്യം താത്പര്യമെടുക്കുന്നു, തങ്ങളുടെ ചിന്തകളും വികാരങ്ങളും ഉത്കണ്ഠകളും തുറന്നു പ്രകടിപ്പിക്കുമ്പോൾ അവരുടെ സുഹൃദ്ബന്ധം ഏറെ ശക്തമായിത്തീരുന്നു. യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധമെടുത്താൽ ചില കാര്യങ്ങളിൽ സാഹചര്യം സമാനമാണ്. യഹോവയെയും അവന്റെ വ്യക്തിത്വത്തെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് ഈ പുസ്തകത്തിന്റെ സഹായത്തോടെ നിങ്ങൾ വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കി. അവനെ ഒരു യഥാർഥ വ്യക്തിയെന്ന നിലയിൽ നിങ്ങൾ അറിയാനിടയായിരിക്കുന്നു. ചിന്തകളും ഹൃദയവികാരങ്ങളും നിങ്ങളുടെ സ്വർഗീയ പിതാവിന്റെ മുമ്പാകെ പകരാനുള്ള അവസരം പ്രാർഥന മുഖാന്തരം നിങ്ങൾക്കു ലഭിക്കുന്നു. യഹോവയോടു കൂടുതൽ അടുത്തുചെല്ലാൻ അതു നിങ്ങളെ സഹായിക്കും.—യാക്കോബ് 4:8.
ഏതെല്ലാം വ്യവസ്ഥകളാണു നാം പാലിക്കേണ്ടത്?
5. യഹോവ എല്ലാ പ്രാർഥനകളും കേൾക്കുന്നില്ലെന്ന് എന്തു പ്രകടമാക്കുന്നു?
5 എല്ലാ പ്രാർഥനകളും യഹോവ കേൾക്കുന്നുണ്ടോ? യെശയ്യാപ്രവാചകന്റെ കാലത്ത് മത്സരികളായ ഇസ്രായേല്യരോട് അവൻ പറഞ്ഞത് എന്താണെന്നു ശ്രദ്ധിക്കുക: “നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.” (യെശയ്യാവു 1:15) നമ്മുടെ ചില പ്രവർത്തനങ്ങൾമൂലം ദൈവം നമ്മുടെ പ്രാർഥന കേൾക്കാതിരുന്നേക്കാം എന്നാണ് ഇതു കാണിക്കുന്നത്. അതുകൊണ്ട്, ചില അടിസ്ഥാന വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ദൈവം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുകയുള്ളൂ.
6. ദൈവം നമ്മുടെ പ്രാർഥന കേൾക്കുന്നതിനുള്ള ഒരു പ്രധാന വ്യവസ്ഥ ഏത്, അതു നമുക്ക് എങ്ങനെ പാലിക്കാം?
6 വിശ്വാസം പ്രകടമാക്കുകയെന്നതാണ് ഒരു സുപ്രധാന വ്യവസ്ഥ. (മർക്കൊസ് 11:24) അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) ദൈവം ഉണ്ടെന്നും അവൻ പ്രാർഥനകൾ കേട്ട് ഉത്തരം നൽകുന്നെന്നും ഉള്ള കേവലമായ അറിവല്ല യഥാർഥ വിശ്വാസം. വിശ്വാസം തെളിയിക്കപ്പെടുന്നത് പ്രവൃത്തികളിലൂടെയാണ്. നമുക്കു വിശ്വാസമുണ്ടെന്നു ദൈനംദിന ജീവിതരീതിയിലൂടെ നാം വ്യക്തമായ തെളിവു നൽകണം.—യാക്കോബ് 2:26.
7. (എ) യഹോവയോടു പ്രാർഥിക്കുമ്പോൾ നാം ആദരവുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) പ്രാർഥിക്കുമ്പോൾ നമുക്ക് എങ്ങനെ താഴ്മയും ആത്മാർഥതയും പ്രകടമാക്കാം?
7 തന്നോടു പ്രാർഥിക്കുന്നവർ താഴ്മയോടും ആത്മാർഥതയോടും കൂടെ അതു ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവയോടു സംസാരിക്കുമ്പോൾ താഴ്മയുള്ളവരായിരിക്കാൻ നമുക്കു മതിയായ കാരണമില്ലേ? ഒരു രാജാവിനോടോ പ്രസിഡന്റിനോടോ സംസാരിക്കാനുള്ള അവസരം ലഭിക്കുമ്പോൾ ആളുകൾ ആ ഭരണാധികാരിയുടെ ഉന്നത സ്ഥാനത്തെ മാനിച്ചുകൊണ്ട് വളരെ ആദരവോടെയാണ് സാധാരണഗതിയിൽ അതു ചെയ്യാറുള്ളത്. അങ്ങനെയെങ്കിൽ, യഹോവയുടെ അടുത്തു ചെല്ലുമ്പോൾ നമുക്ക് എത്രയോ ആദരവുണ്ടായിരിക്കണം! (സങ്കീർത്തനം 138:6) അവൻ “സർവ്വശക്തിയുള്ള ദൈവ”മാണ്. (ഉല്പത്തി 17:1) ദൈവമുമ്പാകെയുള്ള നമ്മുടെ നില നാം താഴ്മയോടെ തിരിച്ചറിയുന്നുവെന്ന് പ്രാർഥനാവേളയിൽ നാം ദൈവത്തെ സമീപിക്കുന്ന വിധം പ്രകടമാക്കണം. അത്തരം താഴ്മ, ഒരു ദൈനംദിന ചടങ്ങെന്ന നിലയിൽ പ്രാർഥനകൾ ഉരുവിടുന്നത് ഒഴിവാക്കി ആത്മാർഥമായി ഹൃദയപൂർവം പ്രാർഥിക്കാനും നമ്മെ പ്രേരിപ്പിക്കും.—മത്തായി 6:7, 8.
8. പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമുക്ക് എങ്ങനെ കഴിയും?
8 ദൈവം പ്രാർഥന കേൾക്കുന്നതിനുള്ള വേറൊരു വ്യവസ്ഥ നാം പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കണം എന്നതാണ്. പ്രാർഥിക്കുന്ന കാര്യങ്ങൾക്കായി നാം കഴിയുന്നതെല്ലാം ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ” എന്നു പ്രാർഥിക്കുന്നെങ്കിൽ നമുക്കു ചെയ്യാനാകുന്നതും ലഭ്യമായിരിക്കുന്നതും ആയ ഏതൊരു ജോലിയും ഉത്സാഹത്തോടെ ചെയ്യേണ്ടതുണ്ട്. (മത്തായി 6:11; 2 തെസ്സലൊനീക്യർ 3:10) ഒരു ജഡിക ബലഹീനത തരണം ചെയ്യുന്നതിനുള്ള സഹായത്തിനായി പ്രാർഥിക്കുന്നപക്ഷം, പ്രലോഭനത്തിലേക്കു നയിച്ചേക്കാവുന്ന സാഹചര്യങ്ങളും സ്ഥലങ്ങളും ഒഴിവാക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കണം. (കൊലൊസ്സ്യർ 3:5) ഈ അടിസ്ഥാന വ്യവസ്ഥകൾക്കു പുറമേ, പ്രാർഥനയോടുള്ള ബന്ധത്തിൽ നമുക്ക് ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളുമുണ്ട്.
പ്രാർഥന സംബന്ധിച്ച ചില ചോദ്യങ്ങൾക്കുള്ള ഉത്തരം
9. നാം ആരോടു പ്രാർഥിക്കണം, ആരിലൂടെ?
9 ആരോടാണു നാം പ്രാർഥിക്കേണ്ടത്? ‘സ്വർഗ്ഗസ്ഥനായ പിതാവിനോട്’ പ്രാർഥിക്കാനാണ് യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. (മത്തായി 6:9) അതിനാൽ, യഹോവയാം ദൈവത്തോടു മാത്രമേ പ്രാർഥിക്കാവൂ. എന്നിരുന്നാലും, തന്റെ ഏകജാതപുത്രനായ യേശുക്രിസ്തുവിന്റെ സ്ഥാനം നാം അംഗീകരിക്കണമെന്ന നിബന്ധന യഹോവ വെച്ചിട്ടുണ്ട്. നാം 5-ാം അധ്യായത്തിൽ പഠിച്ചതുപോലെ, നമ്മെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാനായി യേശുവിനെ ദൈവം ഭൂമിയിലേക്ക് ഒരു മറുവിലയായി അയച്ചു. (യോഹന്നാൻ 3:16; റോമർ 5:12) അവൻ നിയമിത മഹാപുരോഹിതനും ന്യായാധിപനും ആണ്. (യോഹന്നാൻ 5:22; എബ്രായർ 6:20) അതിനാൽ, പ്രാർഥനകൾ യേശുവിലൂടെ അർപ്പിക്കാൻ തിരുവെഴുത്തുകൾ നമ്മോട് ആവശ്യപ്പെടുന്നു. യേശുതന്നെ ഇപ്രകാരം പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹന്നാൻ 14:6) അതുകൊണ്ട്, നമ്മുടെ പ്രാർഥനകൾ സ്വീകാര്യമാകണമെങ്കിൽ അത് പുത്രനിലൂടെ യഹോവയോടു മാത്രം ആയിരിക്കണം.
10. പ്രാർഥിക്കുമ്പോൾ ഏതെങ്കിലും പ്രത്യേക ശാരീരികനില ആവശ്യമില്ലാത്തത് എന്തുകൊണ്ട്?
10 പ്രാർഥിക്കുമ്പോൾ നാം ഒരു പ്രത്യേക ശാരീരികനില സ്വീകരിക്കണമോ? വേണ്ട. മുഴുശരീരത്തിന്റെയോ കൈകളുടെയോ ഒരു പ്രത്യേക നില യഹോവ ആവശ്യപ്പെടുന്നില്ല. പ്രാർഥിക്കുമ്പോൾ വിവിധ ശാരീരികനിലകൾ കൈക്കൊള്ളാമെന്നു ബൈബിൾ പഠിപ്പിക്കുന്നു. അതിൽ, ഇരിക്കുന്നതും കുമ്പിടുന്നതും മുട്ടുകുത്തുന്നതും നിൽക്കുന്നതും ഉൾപ്പെടുന്നു. (1 ദിനവൃത്താന്തം 17:16; നെഹെമ്യാവു 8:6; ദാനീയേൽ 6:10; മർക്കൊസ് 11:25) മറ്റുള്ളവർക്കു കാണാനാകുന്ന ഏതെങ്കിലും പ്രത്യേക ശാരീരികനിലയല്ല, ശരിയായ ഹൃദയനിലയാണ് യഥാർഥത്തിൽ പ്രധാനം. ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടുകയോ ഒരു അടിയന്തിര സാഹചര്യം നേരിടുകയോ ചെയ്യുമ്പോൾ എവിടെയായിരുന്നാലും നമുക്കു നിശ്ശബ്ദമായി പ്രാർഥിക്കാവുന്നതാണ്. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുകയില്ലെങ്കിലും അത്തരം പ്രാർഥനകളും യഹോവ കേൾക്കുന്നു.—നെഹെമ്യാവു 2:1-6.
11. പ്രാർഥനാവിഷയമാക്കാവുന്ന വ്യക്തിപരമായ ചില കാര്യങ്ങൾ ഏവ?
11 നമുക്ക് എന്തിനുവേണ്ടിയെല്ലാം പ്രാർഥിക്കാം? ബൈബിൾ വിശദീകരിക്കുന്നു: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ [യഹോവ] നമ്മുടെ അപേക്ഷ കേൾക്കുന്നു.” (1 യോഹന്നാൻ 5:14) അതുകൊണ്ട്, ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള ഏതു കാര്യത്തിനുവേണ്ടിയും നമുക്കു പ്രാർഥിക്കാവുന്നതാണ്. നമ്മുടെ വ്യക്തിപരമായ പ്രശ്നങ്ങൾ അവനെ അറിയിക്കുന്നത് അവന്റെ ഇഷ്ടപ്രകാരമുള്ള ഒരു കാര്യമാണോ? തീർച്ചയായും! യഹോവയോടു പ്രാർഥിക്കുന്നത് ഏറെയും ഒരു ഉറ്റ സുഹൃത്തിനോടു സംസാരിക്കുന്നതുപോലെ ആയിരിക്കാൻ കഴിയും. ‘നമ്മുടെ ഹൃദയം’ ദൈവമുമ്പാകെ ‘പകർന്നുകൊണ്ട്’ നമുക്കു തുറന്നു സംസാരിക്കാവുന്നതാണ്. (സങ്കീർത്തനം 62:8) ശരിയായതു ചെയ്യാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുമെന്നതിനാൽ അതിനുവേണ്ടി പ്രാർഥിക്കുന്നത് ഉചിതമാണ്. (ലൂക്കൊസ് 11:13) ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള മാർഗനിർദേശത്തിനും പ്രയാസഘട്ടങ്ങളെ നേരിടാനുള്ള ശക്തിക്കും വേണ്ടി നമുക്കു പ്രാർഥിക്കാവുന്നതാണ്. (യാക്കോബ് 1:5) പാപം ചെയ്തുപോയാൽ, ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ നാം ക്ഷമ യാചിക്കണം. (എഫെസ്യർ 1:3, 7) എന്നിരുന്നാലും വ്യക്തിപരമായ കാര്യങ്ങൾ മാത്രമായിരിക്കരുത് നമ്മുടെ പ്രാർഥനാവിഷയം. കുടുംബാംഗങ്ങൾ, സഹവിശ്വാസികൾ എന്നിങ്ങനെ മറ്റുള്ളവരെയും നമ്മുടെ പ്രാർഥനകളിൽ ഉൾപ്പെടുത്താം.—പ്രവൃത്തികൾ 12:5; കൊലൊസ്സ്യർ 4:12.
12. നമ്മുടെ പ്രാർഥനയിൽ സ്വർഗീയ പിതാവിനോടു ബന്ധപ്പെട്ട കാര്യങ്ങൾക്ക് എങ്ങനെ പ്രഥമസ്ഥാനം നൽകാം?
12 യഹോവയാം ദൈവത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്കു നാം പ്രാർഥനയിൽ മുഖ്യ സ്ഥാനം നൽകണം. ദൈവത്തിന്റെ സകല നന്മകൾക്കും അവനു ഹൃദയംഗമമായ നന്ദിയും സ്തുതിയും നൽകാൻ നമുക്കു തീർച്ചയായും കാരണമുണ്ട്. (1 ദിനവൃത്താന്തം 29:10-13) മത്തായി 6:9-13-ൽ രേഖപ്പെടുത്തിയിരിക്കുന്ന മാതൃകാപ്രാർഥനയിൽ ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിനായി പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. ദൈവരാജ്യം വരേണമേ എന്നും ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലേതുപോലെ ഭൂമിയിലും ആകേണമേ എന്നും ഉള്ള അഭ്യർഥനകളാണ് അതേത്തുടർന്നുള്ളത്. യഹോവയുമായി ബന്ധപ്പെട്ട പ്രാധാന്യമേറിയ ഈ കാര്യങ്ങൾ പരാമർശിച്ചതിനു ശേഷം മാത്രമാണ് യേശു വ്യക്തിപരമായ കാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചത്. സമാനമായി, പ്രാർഥനകളിൽ ദൈവത്തിനു പരമപ്രധാന സ്ഥാനം നൽകുമ്പോൾ, സ്വന്ത കാര്യങ്ങളെക്കുറിച്ചു മാത്രമല്ല നമുക്കു ചിന്തയുള്ളതെന്നു പ്രകടമാക്കുകയാണു നാം ചെയ്യുന്നത്.
13. സ്വീകാര്യമായ പ്രാർഥനകളുടെ ദൈർഘ്യം സംബന്ധിച്ച് തിരുവെഴുത്തുകൾ എന്തു സൂചിപ്പിക്കുന്നു?
13 നമ്മുടെ പ്രാർഥനകൾക്ക് എത്ര ദൈർഘ്യമുണ്ടായിരിക്കണം? സ്വകാര്യമായോ പരസ്യമായോ ഉള്ള പ്രാർഥനകൾക്ക് എത്രത്തോളം ദൈർഘ്യമുണ്ടായിരിക്കണം എന്നതു സംബന്ധിച്ചു ബൈബിൾ പരിധിയൊന്നും വെക്കുന്നില്ല. പ്രാർഥനകളുടെ ദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കുന്നു, ഭക്ഷണവേളയിലെ ഹ്രസ്വമായ പ്രാർഥനമുതൽ നാം യഹോവയുടെ മുമ്പാകെ ഹൃദയംപകരുന്ന ദീർഘമായ സ്വകാര്യ പ്രാർഥനവരെ. (1 ശമൂവേൽ 1:12, 15) എന്നിരുന്നാലും, മറ്റുള്ളവരെ കാണിക്കാനായി ദീർഘമായ പ്രാർഥനകൾ നടത്തിയ സ്വയനീതിക്കാരായ വ്യക്തികളെ യേശു കുറ്റംവിധിച്ചു. (ലൂക്കൊസ് 20:46, 47) അത്തരം പ്രാർഥനകൾ യഹോവയ്ക്കു സ്വീകാര്യമല്ല. നമ്മുടെ പ്രാർഥന ഹൃദയത്തിൽനിന്നു വരുന്നതായിരിക്കണം എന്നതാണു പ്രധാനം. അതിനാൽ, സ്വീകാര്യമായ പ്രാർഥനകളുടെ ദൈർഘ്യം ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം.
ഏത് അവസരത്തിലും നിങ്ങളുടെ പ്രാർഥന ദൈവം കേൾക്കും
14. ‘ഇടവിടാതെ പ്രാർഥിക്കാൻ’ ബൈബിൾ നൽകുന്ന പ്രോത്സാഹനത്തിന്റെ അർഥമെന്ത്, ഇതു നമുക്ക് ആശ്വാസം പകരുന്നത് എന്തുകൊണ്ട്?
14 നാം എത്ര കൂടെക്കൂടെ പ്രാർഥിക്കണം? ‘ഉണർന്നിരുന്നു പ്രാർഥിക്കാനും’ ‘പ്രാർഥനയിൽ ഉറ്റിരിക്കാനും’ ‘ഇടവിടാതെ പ്രാർഥിക്കാനും’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (മത്തായി 26:41; റോമർ 12:13; 1 തെസ്സലൊനീക്യർ 5:17) ഓരോ നിമിഷവും നാം യഹോവയോടു പ്രാർഥിച്ചുകൊണ്ടിരിക്കണമെന്ന് ഈ പ്രസ്താവനകൾക്ക് അർഥമില്ല. മറിച്ച്, യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന നന്മകൾക്കു നിരന്തരം നന്ദി നൽകുകയും മാർഗനിർദേശത്തിനും ആശ്വാസത്തിനും ശക്തിക്കും ആയി അവനിലേക്കു നോക്കുകയും ചെയ്തുകൊണ്ട് ക്രമമായി പ്രാർഥിക്കാനാണ് ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. പ്രാർഥനയിൽ തന്നോട് എത്രനേരം സംസാരിക്കാമെന്നോ എത്ര കൂടെക്കൂടെ അതു ചെയ്യാമെന്നോ ഉള്ളതിന് യഹോവ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല എന്നറിയുന്നത് ആശ്വാസകരമല്ലേ? പ്രാർഥനയെന്ന പദവിയോടു നമുക്ക് യഥാർഥ വിലമതിപ്പുണ്ടെങ്കിൽ, സ്വർഗീയ പിതാവിനോടു പ്രാർഥിക്കാനുള്ള നിരവധി അവസരങ്ങൾ നാം കണ്ടെത്തും.
15. വ്യക്തിപരവും പരസ്യവും ആയ പ്രാർഥനകൾക്കൊടുവിൽ നാം “ആമേൻ” പറയേണ്ടത് എന്തുകൊണ്ട്?
15 പ്രാർഥനയുടെ ഒടുവിൽ നാം “ആമേൻ” പറയേണ്ടത് എന്തുകൊണ്ട്? ആമേൻ എന്ന വാക്കിന്റെ അർഥം “തീർച്ചയായും” എന്നോ “അങ്ങനെതന്നെ ആയിരിക്കട്ടെ” എന്നോ ആണ്. വ്യക്തിപരമായും പരസ്യമായും ഉള്ള പ്രാർഥനകൾക്കൊടുവിൽ “ആമേൻ” പറയുന്നത് ഉചിതമാണെന്നു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു. (1 ദിനവൃത്താന്തം 16:36; സങ്കീർത്തനം 41:13) സ്വന്ത പ്രാർഥനകൾക്കൊടുവിൽ “ആമേൻ” പറയുന്നതിലൂടെ, നമ്മുടെ വാക്കുകൾ ആത്മാർഥമായിരുന്നെന്നു നാം ഉറപ്പിക്കുകയാണു ചെയ്യുന്നത്. വേറൊരാൾ പരസ്യമായി നടത്തുന്ന ഒരു പ്രാർഥനയ്ക്കൊടുവിൽ ഉറക്കെയോ മൗനമായോ “ആമേൻ” പറയുന്നത് പ്രാർഥിച്ച കാര്യങ്ങളോടു നാം യോജിക്കുന്നുവെന്നു സൂചിപ്പിക്കുന്നു.—1 കൊരിന്ത്യർ 14:16.
ദൈവം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നവിധം
16. പ്രാർഥന സംബന്ധിച്ചു നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?
16 യഹോവ യഥാർഥത്തിൽ പ്രാർഥനകൾക്ക് ഉത്തരം നൽകാറുണ്ടോ? തീർച്ചയായും! ദശലക്ഷക്കണക്കിനു മനുഷ്യർ അർപ്പിക്കുന്ന ആത്മാർഥമായ പ്രാർഥനകൾക്ക് ‘പ്രാർഥന കേൾക്കുന്നവൻ’ ഉത്തരം നൽകുന്നുവെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനു നമുക്ക് ഈടുറ്റ അടിസ്ഥാനമുണ്ട്. (സങ്കീർത്തനം 65:2) നമ്മുടെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകുന്നതു വ്യത്യസ്ത വിധങ്ങളിലായിരിക്കാം.
17. നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകാൻ യഹോവ ദൂതന്മാരെയും ഭൗമിക ദാസന്മാരെയും ഉപയോഗിക്കുന്നുണ്ടെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
17 പ്രാർഥനകൾക്ക് ഉത്തരം നൽകാനായി യഹോവ ദൂതന്മാരെയും മനുഷ്യദാസന്മാരെയും ഉപയോഗിക്കുന്നു. (എബ്രായർ 1:13, 14) ബൈബിൾ മനസ്സിലാക്കാനുള്ള സഹായത്തിനായി പ്രാർഥിച്ച ഉടൻതന്നെ യഹോവയുടെ ദാസന്മാർ തങ്ങളെ സന്ദർശിച്ചതായുള്ള അനുഭവങ്ങൾ നിരവധി പേർക്ക് ഉണ്ടായിട്ടുണ്ട്. രാജ്യപ്രസംഗവേലയുടെമേലുള്ള ദൂതനടത്തിപ്പിന്റെ തെളിവാണ് ഇവ. (വെളിപ്പാടു 14:6) ഒരു അത്യാവശ്യ ഘട്ടത്തിൽ നാം അർപ്പിക്കുന്ന പ്രാർഥനകൾക്ക് ഒരു ക്രിസ്ത്യാനിയെ സഹായത്തിന് അയച്ചുകൊണ്ടാവാം യഹോവ ഉത്തരം നൽകുന്നത്.—സദൃശവാക്യങ്ങൾ 12:25; യാക്കോബ് 2:16.
നമ്മുടെ പ്രാർഥനയ്ക്കുള്ള ഉത്തരമായി, നമ്മെ സഹായിക്കുന്നതിന് ഒരു ക്രിസ്ത്യാനിയെ പ്രേരിപ്പിക്കാൻ യഹോവയ്ക്കു കഴിയും
18. തന്റെ ദാസന്മാരുടെ പ്രാർഥനകൾക്ക് ഉത്തരം നൽകാനായി യഹോവ തന്റെ പരിശുദ്ധാത്മാവും വചനവും ഉപയോഗിക്കുന്നത് എങ്ങനെ?
18 കൂടാതെ, തന്റെ ദാസന്മാരുടെ പ്രാർഥനകൾക്ക് ഉത്തരം നൽകാൻ യഹോവയാം ദൈവം പരിശുദ്ധാത്മാവും തന്റെ വചനമായ ബൈബിളും ഉപയോഗിക്കുന്നു. പരിശോധനകൾ തരണം ചെയ്യാനുള്ള സഹായം അഭ്യർഥിച്ചുകൊണ്ടുള്ള പ്രാർഥനകൾക്ക് പരിശുദ്ധാത്മാവിലൂടെ മാർഗനിർദേശവും ശക്തിയും പകർന്നുകൊണ്ട് അവൻ ഉത്തരം നൽകിയേക്കാം. (2 കൊരിന്ത്യർ 4:7) മാർഗനിർദേശത്തിനു വേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾക്കു പലപ്പോഴും ഉത്തരം ലഭിക്കുന്നത് ബൈബിളിൽനിന്നാണ്. ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ യഹോവ സഹായിക്കുന്നത് അതിലൂടെയാണ്. വ്യക്തിപരമായ ബൈബിൾ പഠന സമയത്തോ ഈ പുസ്തകംപോലുള്ള ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോഴോ സഹായകമായ തിരുവെഴുത്തുകൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. ക്രിസ്തീയ യോഗങ്ങളിൽ കേൾക്കുന്ന കാര്യങ്ങളോ നമ്മുടെ ക്ഷേമത്തിൽ തത്പരനായ ഒരു സഭാമൂപ്പന്റെ വാക്കുകളോ നാം ശ്രദ്ധനൽകേണ്ട തിരുവെഴുത്താശയങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം.—ഗലാത്യർ 6:1.
19. പ്രാർഥനകൾക്ക് ചിലപ്പോഴൊക്കെ ഉത്തരം ലഭിക്കാതിരിക്കുന്നതായി തോന്നുന്നെങ്കിൽ നാം എന്തു മനസ്സിൽപ്പിടിക്കണം?
19 പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാൻ താമസിക്കുന്നതായി തോന്നുന്നെങ്കിൽ അത് ഒരിക്കലും യഹോവയ്ക്ക് ഉത്തരം നൽകാനുള്ള കഴിവില്ലാത്തതുകൊണ്ടല്ല. മറിച്ച്, യഹോവ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത് തന്റെ ഹിതപ്രകാരവും അതിന്റേതായ സമയത്തും ആണെന്ന സംഗതി നാം മനസ്സിൽപ്പിടിക്കണം. നമ്മുടെ ആവശ്യങ്ങളും അവ എങ്ങനെ നിറവേറ്റണമെന്നും നമ്മെക്കാൾ മെച്ചമായി അവനറിയാം. ‘യാചിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്തുകൊണ്ടിരിക്കാൻ’ അവൻ പലപ്പോഴും നമ്മെ അനുവദിക്കുന്നു. (ലൂക്കൊസ് 11:5-10) അത്തരം സ്ഥിരോത്സാഹം, നമ്മുടെ ഹൃദയാഭിലാഷം എത്ര തീവ്രമാണെന്നു പ്രകടമാക്കുകയും നമുക്കു യഥാർഥ വിശ്വാസം ഉണ്ടെന്നു തെളിയിക്കുകയും ചെയ്യുന്നു. ചിലപ്പോൾ അത്ര പ്രകടമല്ലാത്ത വിധങ്ങളിലും യഹോവ പ്രാർഥനകൾക്ക് ഉത്തരം നൽകിയേക്കാം. ഉദാഹരണത്തിന്, ഒരു പ്രത്യേക പരിശോധനയോടുള്ള ബന്ധത്തിൽ നാം യഹോവയോടു പ്രാർഥിച്ചെന്നു വിചാരിക്കുക. ബുദ്ധിമുട്ടും പ്രയാസങ്ങളും നീക്കം ചെയ്യുന്നതിനു പകരം അതു സഹിച്ചുനിൽക്കാനുള്ള ശക്തിയായിരിക്കാം അവൻ നമുക്കു നൽകുന്നത്.—ഫിലിപ്പിയർ 4:13.
20. പ്രാർഥനയെന്ന അമൂല്യപദവി നാം പരമാവധി പ്രയോജനപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
20 ബൃഹത്തായ ഈ അഖിലാണ്ഡത്തിന്റെ സ്രഷ്ടാവ് പ്രാർഥനയിലൂടെ ശരിയായ വിധത്തിൽ തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും സമീപസ്ഥനാണെന്നതിൽ നാം എത്രയോ നന്ദിയുള്ളവരായിരിക്കണം! (സങ്കീർത്തനം 145:18) അതിനാൽ, പ്രാർഥനയെന്ന അമൂല്യപദവി നമുക്കു പരമാവധി പ്രയോജനപ്പെടുത്താം. അങ്ങനെ ചെയ്യുന്നെങ്കിൽ, പ്രാർഥന കേൾക്കുന്നവനായ യഹോവയിലേക്കു പൂർവാധികം അടുത്തുചെല്ലുന്നതിന്റെ സന്തോഷം നമുക്ക് ആസ്വദിക്കാൻ കഴിയും.