ബുദ്ധിപൂർവ്വകമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സഹായം
ആലീസ്, അതിദാരുണമായ ഒരു അവസ്ഥയിലെത്തിച്ചേരാൻ ഇടയാക്കിയ ഒരു ബുദ്ധിഹീനമായ തീരുമാനമെടുത്തു. “ഞാൻ യഹോവയിൽ നിന്നും അവന്റെ സ്ഥാപനത്തിൽ നിന്നും എന്നെത്തന്നെ നിസ്സഹവസിപ്പിച്ചു,” അവൾ സമ്മതിക്കുന്നു. അവസാനം അവൾ തിരിച്ചു വന്നെങ്കിലും അതിന് അവൾക്ക് 13 വർഷങ്ങളിലധികം എടുക്കേണ്ടിവന്നു—“ദുരിതപൂർണ്ണമായ വർഷങ്ങൾ” അവൾ അവയെ അങ്ങനെ വിളിക്കുന്നു.
ഒരു ക്രിസ്ത്യാനി തന്റെ ദൈവസേവനത്തോടുള്ള ബന്ധത്തിൽ ബുദ്ധിശൂന്യമായ തീരുമാനങ്ങളെടുക്കുന്നതിന്റെ അപകടത്തെ താഴ്ത്തിക്കാണരുത്. ബന്ധപ്പെട്ട വസ്തുതകളുടെ ഒരു പരിഗണനയ്ക്കുശേഷം, മനഃപൂർവ്വം തെററായ തീരുമാനങ്ങൾ എടുക്കപ്പെടുകയല്ല ചെയ്യുന്നത്. ചിലപ്പോൾ അവ നൈസർഗ്ഗിക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ എടുക്കപ്പെടുന്നവയായിരിക്കാം. ഒരിക്കൽ വികാരങ്ങൾ പ്രശ്നത്തെ മൂടിവെയ്ക്കുന്നതിൽ വിജയിക്കുകയും അപൂർണ്ണഹൃദയം ചിന്താപ്രാപ്തി മേൽ അനുചിത സമ്മർദ്ദം ചെലുത്തുകയും ചെയ്താൽ, എല്ലാവിധ അപകടവും ദുഃഖവും വരുത്തിയേക്കാം.
തീർച്ചയായും “ഹൃദയം മറെറല്ലാററിനേക്കാളും വഞ്ചനാത്മകമാണ്.” (യിരെമ്യാവ് 17:9) എന്നിരുന്നാലും, ബൈബിൾ, നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് നമ്മോടു പറയുന്നു. “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കുമ്പോൾ,” അതുപറയുന്നു, “വകതിരിവുതന്നെ നിന്നെ കാക്കും.” (സദൃശവാക്യങ്ങൾ 2:10, 11) എന്നാൽ, നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കുന്നതിന് നമുക്ക് ജ്ഞാനം എങ്ങനെ ലഭിക്കും?
കഴിഞ്ഞകാലങ്ങളിൽ നിന്നും പഠിക്കുക
ഇതു ശ്രമിക്കുക. നിങ്ങളുടേതിനോട് സമാനമായ പരിശോധനാ സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള ആദ്യകാല ദൈവദാസൻമാരുടെ സ്ഥാനത്ത് നിങ്ങളെത്തന്നെ ആക്കിവെയ്ക്കുക. ദൃഷ്ടാന്തത്തിന് പ്രാദേശിക ക്രിസ്തീയ സഭയിലെ ഒരു സാഹചര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുവെന്നു വിചാരിക്കുക. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ഒരു സമാന സാഹചര്യത്തെക്കുറിച്ചു ചിന്തിക്കാൻ പരിശ്രമിക്കുക.
ഒന്നാം നൂററാണ്ടിലെ കൊരിന്തിലെ ക്രിസ്തീയസഭയെ സംബന്ധിച്ചെന്ത്? നിങ്ങൾ കൊരിന്ത്യസഭയിലെ ഒരു അംഗമാണെന്നു സങ്കൽപ്പിക്കുക. രണ്ടോ മൂന്നോ വർഷങ്ങളായിട്ട് നിങ്ങൾ ഒരു ക്രിസ്ത്യാനിയാണ്. പൗലോസിന്റെ അവിടത്തെ 18 മാസ വാസക്കാലത്ത്, സത്യത്തെ സംബന്ധിച്ച ഒരു പരിജ്ഞാനത്തിലെത്താൻ കഴിഞ്ഞത് എത്ര സന്തോഷപ്രദമായിരുന്നു! എന്നാൽ ഇപ്പോൾ സംഗതികൾ മോശമായി കാണപ്പെടുന്നു.
സഭയുടെ ഐക്യത്തെ ഭീഷണിപ്പെടുത്തിക്കൊണ്ട്, കക്ഷിപിരിവുകളും കലഹങ്ങളും ഉടലെടുക്കാനുള്ള പ്രവണത സഭയിൽ അഭിപ്രായ വ്യത്യാസം സൃഷ്ടിക്കുന്നു. (1 കൊരിന്ത്യർ 1:10, 11) അധാർമ്മിക നടത്തയെ വച്ചുപുലർത്തുന്നത് സഭയുടെ ആത്മാവിനെ അപകടപ്പെടുത്തുന്നു. (1 കൊരിന്ത്യർ 5:1-5) സഭയിലെ അംഗങ്ങളുടെ ഇടയിലെ ഭിന്നതകൾ ലൗകിക നിയമകോടതികളുടെ മുമ്പാകെ കൊണ്ടുപോവുകനിമിത്തം സഭയുടെ സൽപ്പേരിന് ഹാനിവരുത്തുന്നു.—1 കൊരിന്ത്യർ 6:1-8).
നിങ്ങൾ ഇപ്പോഴും പുരാതന കൊരിന്തിൽത്തന്നെ ആണെന്നു ചിന്തിക്കുകയിൽ, സഭയിലെ ചില അംഗങ്ങൾ എല്ലായ്പ്പോഴും നിസ്സാര സംഗതികൾക്കായി ശണ്ഠകൂടുന്നതിൽ നിങ്ങൾ ഉൽക്കണ്ഠാകുലനാകുന്നു. (1 കൊരിന്ത്യർ 8:1-13 താരതമ്യപ്പെടുത്തുക) നിങ്ങൾ കാണുന്ന പിണക്കം, അസൂയ, കോപം, ക്രമമില്ലായ്മ ഇവയാലെല്ലാം നിങ്ങൾ ദുഃഖിതനാകുന്നു. (2 കൊരിന്ത്യർ 12:20) തീർച്ചയായും, ക്രിസ്തീയ ജീവിതം അകാരണമായി ദുരിതപൂർണ്ണമാക്കുന്ന ഗർവ്വിഷ്ഠരായ ചിലരാൽ നിങ്ങൾ അസ്വസ്ഥനാകുന്നു. (1 കൊരിന്ത്യർ 4:6-8) ചിലർ അപ്പോസ്തലനായ പൗലോസിന്റെ സ്ഥാനത്തെയും അധികാരത്തെയും ചോദ്യം ചെയ്യുകയും, അവന്റെ പ്രസംഗകനെന്ന നിലയിലുള്ള കഴിവിനെ നിന്ദിക്കുകയും, അനീതിപൂർവ്വം കുററാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതു കേൾക്കുമ്പോൾ നിങ്ങൾ ദുഃഖിതനാകുന്നു. (2 കൊരിന്ത്യർ 10:10; 12:16) ചിലർ വ്യക്തിപരമായ അഭിപ്രായങ്ങളെ തുറന്നടിച്ചുകൊണ്ട്, പ്രാഥമിക ഉപദേശത്തിലുള്ള സഭയുടെ വിശ്വാസത്തെ തുരങ്കം വെയ്ക്കുമ്പോൾ നിങ്ങൾ ചിന്താകുലനാകുന്നു—1 കൊരിന്ത്യർ 15:12.
തീരുമാനത്തെ അഭിമുഖീകരിക്കൽ
“ഇതിങ്ങനെ ആയിക്കൂടാ,” നിങ്ങൾ നെടുവീർപ്പിടുന്നു. ‘മൂപ്പൻമാർ എന്തുകൊണ്ടാണ് സംഗതികളെ തിരുത്താത്തത്? എന്തൊക്കെയോ സാരമായ പിശകുണ്ട്.’
നിങ്ങൾ, മറെറവിടെയെങ്കിലും ദൈവത്തെ കൂടുതൽ നന്നായി സേവിക്കാമെന്ന നിഗമനത്തിൽ കൊരിന്ത്യയിലെ സഭ വിടുമോ? അതോ മുഴുസഹക്രിസ്ത്യാനികളുമായുള്ള സഹവാസംതന്നെ നിർത്തുന്നതാണ് മെച്ചമെന്ന് നിങ്ങൾ തീരുമാനിക്കുമോ? ഈ പ്രശ്നങ്ങൾ നിങ്ങളുടെ സന്തോഷത്തെയും, യഹോവയാം ദൈവവും യേശുക്രിസ്തുവുമാണ് സംഗതികൾക്കു നേതൃത്വം നൽകുന്നതെന്നുള്ള വിശ്വാസത്തെയും, മന്ദീഭവിപ്പിക്കുവാൻ നിങ്ങൾ അനുവദിക്കുമോ? നിങ്ങളുടെ സഹക്രിസ്ത്യാനികളുടെ ആന്തരോദ്ദേശ്യത്തെ ചോദ്യം ചെയ്തുകൊണ്ട്, നിങ്ങൾ ഒരു വിമർശനത്തിന്റേയോ പരാതിയുടേയോ ആത്മാവിനെ വളർത്തിയെടുക്കാൻ പോവുകയാണോ? അത്തരം ഒരു സഭയിലേക്ക്, താൽപര്യക്കാരായ ആളുകളെ നയിക്കുന്നതിൽ കാര്യമില്ല എന്നു ന്യായവാദം ചെയ്തുകൊണ്ട് പ്രസംഗവേലയിൽ നിങ്ങൾ മന്ദീഭവിക്കുമോ?
ഇന്നത്തെ അനുകൂലാവസ്ഥയിൽ, പക്ഷപാതരഹിതനായി സാഹചര്യത്തെ വീക്ഷിച്ചുകൊണ്ട്, അതിന്റെ അപൂർണ്ണതകളെ കണക്കിലെടുക്കാതെ, ദൈവത്തിന്റെ സഭയോട് വിശ്വസ്തതയോടെ പററി നിൽക്കാനായിരിക്കും നിങ്ങളുടെ തീരുമാനം എന്നു പറയാൻ നിങ്ങൾ എളുപ്പം കണ്ടെത്തിയേക്കാം. എന്നാൽ ഇന്ന് സമാനമായ സാഹചര്യത്തെ അഭിമുഖീകരിച്ചാൽ നിങ്ങൾക്ക് ഒരു ശാന്തമായ ഹൃദയവും ശുദ്ധമായ മനസ്സും നിലനിർത്താൻ കഴിയുമോ? അന്ന് നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ എങ്ങനെ തീരുമാനിച്ചേനെ എന്നു ചിന്തിക്കുന്നതുപോലെ ഇന്ന് നിങ്ങൾ തീരുമാനിക്കുമോ?
ബുദ്ധിപൂർവ്വകമായ ഉപദേശത്തിൽനിന്ന് പ്രയോജനം അനുഭവിക്കൽ
കൊരിന്ത്യ ക്രിസ്ത്യാനികളിൽ ബുദ്ധിപൂർവ്വകമായ തീരുമാനമെടുത്തവർ സഭയോടു ചേർന്നു നിന്നവരായിരുന്നു. വർഷങ്ങൾക്കു മുമ്പ് പത്രോസിനു തോന്നിയതുപോലെ അവർക്കുതോന്നി. യേശുവിനോടുകൂടെ സഹവസിക്കുന്നതിൽ നിന്നും ശിഷ്യൻമാരിൽ ചിലർ വിട്ടുപോയപ്പോൾ, പത്രോസ് പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിങ്കൽ നിത്യജീവന്റെ വചനങ്ങൾ ഉണ്ട്; നീ ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ അറിഞ്ഞും വിശ്വസിച്ചും ഇരിക്കുന്നു.” (യോഹന്നാൻ 6:68, 69) തീർച്ചയായും, ദൈവത്തിന്റെ സ്ഥാപനത്തോടു പററിനിൽക്കുന്നതിനാൽ മാത്രമേ, അതിന്റെ ഉപദേശത്തിൽനിന്നും നമുക്ക് പ്രയോജനമനുഭവിക്കാൻ കഴിയൂ.
അന്നു കൊരിന്ത്യയിലുണ്ടായിരുന്നതുപോലുള്ള പുതിയ സഭകളിൽ, ശക്തമായ പ്രബോധനം ആവശ്യമാക്കിത്തീർക്കുന്ന തരത്തിലുള്ള ഒരു പ്രശ്നം, മാനുഷ അപൂർണ്ണതയാൽ ഉണ്ടാകുന്നത്, അസാധാരണമല്ല. എന്നാൽ കൊരിന്ത്യ ക്രിസ്ത്യാനികൾക്ക് ബുദ്ധിയുപദേശം കൊടുത്തപ്പോൾ അവരിൽ ഭൂരിപക്ഷവും അപ്പോഴും” പ്രിയപ്പെട്ടവർ” ആയിരുന്നുവെന്ന് പൗലോസ് ഓർമ്മിച്ചു. (1 കൊരിന്ത്യർ 10:14; 2 കൊരിന്ത്യർ 7:1; 12:19) തന്റെ മാർഗ്ഗനിർദ്ദേശങ്ങളോടു പ്രതികരിക്കുന്നവർക്ക് യഹോവ അനർഹദയയും ക്ഷമയും ലഭ്യമാക്കുമെന്ന് അവൻ മറന്നില്ല.—സങ്കീർത്തനം 130:3, 4.
തീർച്ചയായും, ക്രിസ്തീയസഭ എല്ലാതരത്തിലുമുള്ള ആളുകളെ ആകർഷിക്കുന്നതിനാൽ, ചിലർ മററുള്ളവരേക്കാൾ, ഈ മാർഗ്ഗനിർദ്ദേശത്തോടു പ്രതികരിക്കാൻ കൂടുതൽ സമയമെടുത്തേക്കാം. വിവിധ കാരണങ്ങളാൽ ഇതു സത്യമാണ്. ചില വ്യതിയാനങ്ങൾ വരുത്താൻ മററുചിലവയേക്കാൾ ബുദ്ധിമുട്ടുള്ളവയാണ്. കൂടാതെ ഓരോ വ്യക്തിയും ശാരീരികവും മാനസികവുമായ വളർച്ചയിലും, ചുററുപാടുകളിലും പശ്ചാത്തലങ്ങളിലും, സാഹചര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കൂടുതൽ വിമർശിക്കുന്നവരാകാതിരിക്കുന്നതും “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു” എന്നോർക്കുകയും ചെയ്യുന്നത് എത്ര ബുദ്ധിപൂർവ്വകമാണ്. (1 പത്രോസ് 4:8) എല്ലാററിലുമുപരി, യഹോവയും അവന്റെ പുത്രനും ‘അവരുടെ’ സഭയിൽ, മാനുഷ അപൂർണ്ണതയോടും അപക്വതയോടും പൊരുത്തപ്പെട്ടുപോകാൻ ആഗ്രഹിക്കുന്നെങ്കിൽ, നമുക്കും അതേ ആന്തരം പ്രകടമാക്കരുതോ?—1 കൊരിന്ത്യർ 13:4-8; എഫേസ്യർ 4:1, 2.
നിങ്ങൾ പുരാതന കൊരിന്തിലെ സഭയിൽ ഉണ്ടായിരുന്നുവെങ്കിൽ, പൗലോസിന്റെ സ്നേഹപൂർവ്വകവും എന്നാൽ ഉറച്ചതുമായ പ്രബോധനം ശ്രദ്ധിക്കുമളവിൽ, ക്രിസ്തീയ സഭയുടെ തലയെന്നനിലയിൽ ക്രിസ്തു, അതിന്റെ ക്ഷേമത്തിൽ അതീവ തല്പരനായിരിക്കുന്നുവെന്നു നിങ്ങളെ ഓർമ്മപ്പെടുത്തുമായിരുന്നു. (മത്തായി 28:20) അത്, “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം നൽകപ്പെടുന്ന സഹായത്തോടു പ്രതികരിക്കുന്ന അവന്റെ ശിഷ്യൻമാരെ ഐക്യത്തിൽ കാത്തുസൂക്ഷിക്കുമെന്നുള്ള ക്രിസ്തുവിന്റെ വാഗ്ദത്തത്തോടുള്ള നിങ്ങളുടെ വിശ്വാസത്തെ കെട്ടുപണി ചെയ്യുമായിരുന്നു. (മത്തായി 24:45-47; എഫേസ്യർ 4:11-16) അതേ, പരിശോധനയുടെ സാഹചര്യങ്ങളിൽപോലും സന്തോഷവും സ്ഥിരതയും നിലനിർത്തുന്നതിന് പൗലോസിന്റെ വാക്കുകൾ നിങ്ങളെ സഹായിക്കുമായിരുന്നു. താൽക്കാലികമായി സ്ഥിതിചെയ്യാൻ ദൈവം അനുവദിച്ചിരിക്കുന്ന ഏതു സാഹചര്യത്തോടും അനുരൂപപ്പെടാൻ, അവൻ ശക്തി നൽകും എന്നു നിങ്ങൾ ഉറപ്പുള്ളവനാകുമായിരുന്നു.
ഇതിന്റെയർത്ഥം, ഒരു സഭയിൽ ഒരു ദുഷിച്ച അവസ്ഥ വികാസം പ്രാപിച്ചാൽ ഒരു ക്രിസ്ത്യാനി ഒന്നും ചെയ്യേണ്ടതില്ല എന്നല്ല. പുരാതന കൊരിന്തിൽ, സ്തേഫാനോസ്, ഫൊർത്തുനാത്തോസ്, അഖായിക്കോസ്, ക്ലോവയുടെ ഭവനത്തിലെ ചിലർ തുടങ്ങിയ പക്വതയുള്ളവർ പ്രവർത്തിച്ചു. (1 കൊരിന്ത്യർ 1:11; 5:1; 16:17) എന്നാൽ ഒരിക്കൽ അവർ അങ്ങനെ ചെയ്തുകഴിഞ്ഞപ്പോൾ, അവർ വിശ്വാസത്തോടെ സംഗതികൾ അവന്റെ കയ്യിൽ ഭരമേൽപ്പിച്ചു. നീതിയോടുള്ള തീഷ്ണത, ക്രിസ്തുവിന്റെ ശിരഃസ്ഥാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനോ, “യഹോവയ്ക്കെതിരെ കോപിത”രാകുന്നതിനോ, അവരെ ഇടയാക്കിയില്ല—സദൃശവാക്യങ്ങൾ 19:3.
നീതിയോടുള്ള തീഷ്ണത ഇന്ന്, സുവാർത്ത പ്രസംഗിക്കുന്നതിനുള്ള നമ്മുടെ ദൈവദത്ത നിയമനത്തിൽ മന്ദീഭവിപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിക്കുന്നതിൽ നിന്നു പോലും നമ്മെ തടയും. അങ്ങനെ ചെയ്യുന്നത്, മററുള്ളവരുടെ ക്ഷേമത്തിലുള്ള താത്പ്പര്യത്തിന്റെ അഭാവത്തെ പ്രകടമാക്കുകയും, ക്രിസ്തു നമ്മോടു ചെയ്യാൻ ആവശ്യപ്പെടുന്നതിൽ വീഴ്ചവരുത്തുകയും, ആയിരിക്കും. “അതുകൊണ്ട് എന്റെ പ്രിയ സഹോദരൻമാരെ,” പൗലോസ് ബുദ്ധിയുപദേശിക്കുന്നു, നിങ്ങൾ ദൃഢചിത്തരും അചഞ്ചലരും, കർത്താവിനോടുള്ള ബന്ധത്തിൽ നിങ്ങളുടെ വേല വ്യർത്ഥമല്ലെന്നു അറിഞ്ഞുകൊണ്ട്, കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുള്ളവരുമായിരിപ്പിൻ.”—1 കൊരിന്ത്യർ 15:58.
സാത്താന്റെ ആസൂത്രണങ്ങളേക്കുറിച്ച് അജ്ഞരായിരിക്കരുത്
കൊരിന്ത്യസഭയിൽ അന്നുണ്ടായിരുന്നതരത്തിലുള്ള സഭാപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്, ചിലപ്പോൾ നേരിട്ടുള്ള പീഡനത്തെ അഭിമുഖീകരിക്കുന്നതിലും ബുദ്ധിമുട്ടുളവാക്കിയേക്കാം. നമ്മെ യഹോവയിൽനിന്നും വലിച്ച് അകററുന്ന തെററായ തീരുമാനങ്ങളെടുക്കാൻ ഇടയാക്കിക്കൊണ്ട് സാത്താൻ അത്തരം സന്ദർഭങ്ങളെ ചൂഷണം ചെയ്യുന്നു. എന്നാൽ ‘നാം സാത്താന്റെ ആസൂത്രണങ്ങളെക്കുറിച്ച് അജ്ഞരല്ല.’—2 കൊരിന്ത്യർ 2:11.
ആദ്യകാല ദൈവദാസൻമാരുടെ രേഖ പരിശോധിക്കുന്നതിനാൽ തങ്ങൾക്കു പ്രയോജനം ലഭിക്കുമെന്ന് പൗലോസ് ആ കൊരിന്ത്യ ക്രിസ്ത്യാനികളോടു പറഞ്ഞു. “ഇപ്പോൾ ഇതൊക്കെയും ദൃഷ്ടാന്തത്തിനായിട്ടു അവർക്കു സംഭവിച്ചുകൊണ്ടേയിരുന്നു,” അവൻ യിസ്രായേല്യരെക്കുറിച്ചു പറഞ്ഞു: “വ്യവസ്ഥിയുടെ സമാപനങ്ങൾ ആരുടെമേൽ വന്നെത്തിയിരിക്കുന്നുവോ ആ നമുക്ക് ഒരു മുന്നറിയിപ്പിന്നായിട്ട് അവ എഴുതപ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 10:11) അതേ രീതിയിൽ ആദിമ ക്രിസ്തീയ രേഖ പരിശോധിക്കുന്നതിൽനിന്നും ഇന്നു നമുക്ക് പ്രയോജനമനുഭവിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, കൊരിന്ത്യയിൽ എന്തു സംഭവിച്ചു എന്ന് നമുക്കു നോക്കാം. അപ്പോൾ നമ്മൾ എങ്ങനെ ഉചിതമായ തീരുമാനങ്ങൾ എടുക്കുമായിരുന്നു എന്നു ധ്യാനിച്ചാൽ ഇപ്പോൾ തെററായ തീരുമാനങ്ങൾ എടുക്കുന്നതു ഒഴിവാക്കാൻ നമ്മെ സഹായിക്കും.
ആലീസ്, 13 “ദുരിതപൂർണ്ണമായ വർഷങ്ങളു”ടെ അസാന്നിദ്ധ്യത്തിനുശേഷം, രാജ്യഹോളിലെ അവളുടെ ആദ്യത്തെ മീററിംഗിനെക്കുറിച്ചു പറയുന്നു: “കരഞ്ഞുപോകുമോ എന്ന ആശങ്കയാൽ സംസാരിക്കാൻ ഞാൻ ഭയപ്പെട്ടു. ഞാൻ എന്റെ ഭവനത്തിലായിരിക്കുന്നു—യഥാർത്ഥ ഭവനത്തിൽ. എനിക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല.” അതുകൊണ്ട് പ്രശ്നങ്ങൾ ഉയർന്നു വന്നാലും യഹോവയുടെ സ്ഥാപനത്തെ ഒരിക്കലും വിട്ടുപോകില്ല എന്നുള്ള നിങ്ങളുടെ ബുദ്ധിപൂർവ്വകമായ തീരുമാനം മുറുകെ പിടിക്കുമെന്നു ഉറപ്പുള്ളവരായിരിക്കുക! ദൈവജനങ്ങളുമായുള്ള സഹവാസത്തിൽ നിങ്ങളുടെ അനുഗ്രഹം വർദ്ധിച്ചതായിരിക്കും. അതിന് അവസാനം ഉണ്ടായിരിക്കുകയുമില്ല.—സദൃശവാക്യങ്ങൾ 2:10-15, 20, 21. (w87 5/15)