ദൈവരാജ്യത്തിൻകീഴിൽ ഭൂമിയുടെ ശോഭനമായ ഭാവി
“വിശ്വാസം പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പാക്കപ്പെട്ട പ്രതീക്ഷയാണ്” എന്ന് ബൈബിൾ പറയുന്നു. (എബ്രായർ 11:1) കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടതുപോലെ ക്രിസ്തുവിന്റെ ജനനത്തിന് 500-ൽപരം വർഷങ്ങൾക്കുമുമ്പ് ദാനിയേലിന്റെ കാലം മുതൽ നമ്മുടെ സ്വന്തം നാൾവരെയുള്ള ലോകശക്തികളുടെ ഉയർച്ചയും വീഴ്ചയും സംബന്ധിച്ച ഒരു പ്രാവചനിക പൂർവവീക്ഷണം ദാനിയേലിന്റെ പുസ്തകത്തിൽ എഴുതിക്കാൻ ദൈവം ഇടയാക്കി. ഈ പ്രവചനങ്ങളുടെ കൃത്യത ദാനിയേലിന്റെ പ്രവചനങ്ങളിലെ ശേഷിച്ചഭാഗവും നിവൃത്തിയേറുമെന്നും പെട്ടെന്നുതന്നെ യേശുക്രിസ്തുവിന്റെ കീഴിലുള്ള ദൈവത്തിന്റെ രാജ്യം മാനുഷഗവൺമെൻറുകളെ മാററിപ്രതിഷ്ഠിക്കുമെന്നും നമുക്കു ഉറപ്പുതരുന്നു, വിശ്വാസത്തിനുള്ള ശക്തമായ കാരണം നൽകുന്നു.
അത് മനുഷ്യസമുദായത്തിന് എന്തോരു മാററമായിരിക്കും അർത്ഥമാക്കുന്നത്! ആ സമയത്തേക്ക് മുന്നോട്ടു നോക്കിക്കൊണ്ട് ദൈവം തന്നെ പറയുന്നു: “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു.” (വെളിപ്പാട് 21:5) ആ സന്തുഷ്ട കാലത്തിന്റെ ഒരു ചിത്രം നമുക്കുവേണ്ടി വരച്ചുകാട്ടുന്ന നിശ്വസ്ത പ്രവചനങ്ങളുടെ ഒരു പരിചിന്തനം “പുതിയ” കാര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന്, ഇന്ന് മാനുഷഭരണത്തിൻകീഴിൽ നാം കാണുന്നതിൽനിന്ന് തികച്ചും എത്ര വ്യത്യസ്തമായിരിക്കുമെന്ന് മനസ്സിലാക്കുന്നതിന് നമ്മെ സഹായിക്കും. നിശ്ചയമായും നമ്മുടെ ഭൂമിയുടെയും അതിലെ ജീവന്റെയും ഭാവിയെ സംബന്ധിച്ച് ബൈബിൾ പറയുന്നത് വിസ്മയകരംതന്നെയാണ്.
കുററകൃത്യവും അക്രമവും അവസാനിക്കും. “എന്തുകൊണ്ടെന്നാൽ ദുഷ്പ്രവൃത്തിക്കാർ തന്നേ ഛേദിക്കപ്പെടും, . . . ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കയില്ല.” ജീവിച്ചിരിക്കുന്നവർ “ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും താന്താന്റെ അത്തിവൃക്ഷത്തിന്റെ കീഴിലും യഥാർത്ഥത്തിൽ ഇരിക്കും, അവരെ ഭയപ്പെടുത്തുന്ന ആരും ഉണ്ടായിരിക്കയില്ല; എന്തുകൊണ്ടെന്നാൽ സൈന്യങ്ങളുടെ യഹോവയുടെ വായ് തന്നേ അതു പറഞ്ഞിരിക്കുന്നു.”—സങ്കീർത്തനം 37:9, 10; മീഖാ 4:4.
വർഗ്ഗീയമോ ദേശീയമോ ആയ വിഭജനങ്ങളും അവ പ്രചോദിപ്പിക്കുന്ന യുദ്ധങ്ങളും അപ്രത്യക്ഷപ്പെട്ടിരിക്കും. “രാഷ്ട്രം രാഷ്ട്രത്തിനെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ ഒരിക്കലും യുദ്ധം അഭ്യസിക്കയുമില്ല.”—യെശയ്യാവ് 2:4.
പാർപ്പിടദൗർലഭ്യങ്ങളും ഭവനമില്ലായമയും തൊഴിലില്ലായമയും കഴിഞ്ഞകാല കാര്യങ്ങളായിരിക്കും. യെശയ്യാവ് ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കുകയും അതിന്റെ ഫലം ഭക്ഷിക്കുകയും ചെയ്യും. . . . എന്റെ തിരഞ്ഞെടുക്കപ്പെട്ടവർതന്നെ തങ്ങളുടെ സ്വന്തം കൈകളുടെ അദ്ധ്വാനഫലം പൂർണ്ണമായി ഉപയോഗിക്കും.”—യെശയ്യാവ് 65:21, 22.
അടുത്തകാലത്ത ആഫ്രിക്കയുടെ ഭാഗങ്ങളെ ബാധിച്ച തരത്തിലുള്ള ഭയങ്കര ഭക്ഷ്യക്ഷാമങ്ങൾക്കു പകരം സകലർക്കും സമൃദ്ധമായ ഭക്ഷണം ലഭിക്കും. “ഭൂമിയിൽ ധാന്യസമൃദ്ധിയുണ്ടാകും; പർവതശിഖരങ്ങളിൽ ഒരു കവിഞ്ഞൊഴുക്ക് ഉണ്ടാകും.” “ഭൂമിതന്നേ നിശ്ചയമായും അതിന്റെ ഉൽപന്നം നൽകും; ദൈവം, നമ്മുടെ ദൈവം നമ്മെ അനുഗ്രഹിക്കും.”—സങ്കീർത്തനം 72:16; 67:6, 7.
കൂടാതെ, ഈ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനുള്ള ആരോഗ്യവും ജീവനും ഉണ്ടായിരിക്കും. യേശുവിന്റെ ഭൗമികശുശ്രൂഷയുടെ കാലത്തുപോലും “അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യം പ്രാപിക്കുന്നു, ബധിരർ കേൾക്കുന്നു” എന്ന് സത്യസന്ധമായി പറയപ്പെട്ടു. എന്നിരുന്നാലും വളരെ വലിയ ഒരു വാഗ്ദാനം ബാധകമാകും: “അവൻ [ദൈവം] അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കയില്ല, വിലാപമൊ കരച്ചിലൊ വേദനയൊ മേലാൽ ഉണ്ടായിരിക്കയില്ല. കഴിഞ്ഞ കാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—ലൂക്കോസ് 7:22; വെളിപ്പാട് 21:4.
എന്തോരു അത്ഭുതകരമായ മാററം! ക്ലേശമനുഭവിക്കുന്ന മനുഷ്യവർഗ്ഗത്തിന് ഇവയെല്ലാം എന്തോരു ആശ്വാസം കൈവരുത്തും! ലോകഭരണത്തിന്റെ ഈ ചരിത്രപ്രധാനമായ മാററത്തിൽനിന്ന് സംജാതമാകുന്ന പ്രയോജനങ്ങൾ നിങ്ങൾക്കും കൊയ്യാൻ സാധ്യമാകുന്നതിന് ഇപ്പോൾത്തന്നേ നിങ്ങളെത്തന്നെ ദൈവരാജ്യത്തിനു കീഴ്പ്പെടുത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. (w88 6⁄15)
[11-ാം പേജിലെ ചിത്രം]
ഇപ്പോൾ ജീവിക്കുന്ന ആളുകൾക്ക് അത്ഭുതകരമായ അനുഗ്രഹങ്ങൾക്കായി നോക്കിപ്പാർത്തിരിക്കാവുന്നതാണ്—യുദ്ധത്തിന്റെയും കുററകൃത്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെ തന്നേയും അവസാനത്തിനായിത്തന്നെ. നിങ്ങൾ അത്തരം ഒരു ഭാവി ആസ്വദിക്കുമോ?