യുദ്ധങ്ങൾ എല്ലായപ്പോഴുംഉണ്ടായിരിക്കുമോ?
വടക്കൻ ഫ്രാൻസിലെ ഉല്ലാസപ്രദമായ കൃഷിപ്രദേശമായ പിക്കാർഡിയിൽ 1916 ജൂലൈ 1ന് സോമിലെ ഒന്നാമത്തെ യുദ്ധം തുടങ്ങി. ഭയങ്കരമായ പീരങ്കിപ്രയോഗത്തിനും വ്യോമാക്രമണത്തിനും ശേഷം ബ്രിട്ടീഷ് സൈന്യങ്ങളും ഫ്രഞ്ച് സൈന്യങ്ങളും ചേർന്ന് ഒരു ആക്രമണം നടത്തി, അത് തങ്ങളെ അഭിമുഖീകരിച്ചു നിലകൊണ്ട ജർമ്മൻസൈന്യങ്ങളുടെമേൽ ഒരു നിർണ്ണായകവിജയം നേടുമെന്ന് അവർ ആശിച്ചു. എന്നാൽ വിജയമുണ്ടായില്ല. പകരം ആദ്യദിവസംതന്നെ 20,000 ബ്രിട്ടീഷ് പടയാളികൾ കൊല്ലപ്പെട്ടു. വാരങ്ങൾ ഇഴഞ്ഞുനീങ്ങിയപ്പോൾ പിന്നെയും വിജയം കണ്ടെത്താതെ യുദ്ധം തുടർന്നു. ഒക്ടോബറിൽ കോരിച്ചൊരിഞ്ഞ മഴ യുദ്ധക്കളത്തെ ഒരു ചെളിക്കടലാക്കിമാററി. നവംബർ മദ്ധ്യമായിട്ടും സഖ്യകക്ഷികൾ വെറും അഞ്ചു മൈലാണ് മുമ്പോട്ടു പോയത്. ഇതിനിടയിൽ 4,50,000 ജർമ്മൻപടയാളികളും 2,00,000 ഫ്രഞ്ച് പടയാളികളും 4,20,000 ബ്രിട്ടീഷ് പടയാളികളും കൊല്ലപ്പെട്ടു. ആ യുദ്ധത്തിൽ പത്തുലക്ഷത്തിലധികം പടയാളികളാണ് നശിച്ചത്, മിക്കവരും യുവാക്കൾ!
ഒന്നാം ലോകയുദ്ധത്തിലെ ഒരു കഥ മാത്രമാണിത്. ഒന്നാം ലോകയുദ്ധം ചരിത്രത്തിലുടനീളം നടത്തപ്പെട്ടിട്ടുള്ള നിരവധി യുദ്ധങ്ങളിൽ ഒന്നു മാത്രമാണ്—അന്നുവരെ നടന്നിട്ടുള്ളതിൽവച്ച് ഏററം ഘോരംതന്നെ. മനുഷ്യജീവന്റെ എന്തോരു നിരർത്ഥക പാഴാക്കൽ!
ഈ വിധത്തിൽ അന്യോന്യം കൊല്ലുന്നതിന് മനുഷ്യർ നിർബന്ധം പിടിക്കുന്നതെന്തുകൊണ്ട്? ഉൾപ്പെട്ടിരിക്കുന്ന അനേകം ഘടകങ്ങളുണ്ട്, അവയിൽ സ്വാർത്ഥതയും അത്യാഗ്രഹവും അതിമോഹവും, അതുപോലെതന്നെ അധികാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള കൊതിയും, ഉള്ളതായി നമുക്കു പറയാവുന്നതാണ്. യുദ്ധത്തിന്റെ മറെറാരു കാരണം ദേശീയതയാണ്. തീർച്ചയായും, മനുഷ്യചരിത്രത്തെക്കുറിച്ച് ബൈബിളിൽ കാണുന്ന നിരീക്ഷണത്തിന്റെ കൃത്യതയെ യുദ്ധം പ്രതിഫലിപ്പിക്കുന്നു: “മനുഷ്യൻ മനുഷ്യനെ അവന്റെ ദോഷത്തിനായി ഭരിച്ചിരിക്കുന്നു.”—സഭാപ്രസംഗി 8:9.
മതവും മിക്കപ്പോഴും യുദ്ധം ഇളക്കിവിട്ടിട്ടുണ്ട്. മദ്ധ്യയുഗങ്ങളിലെ കുരിശുയുദ്ധങ്ങൾ ശാഠ്യപൂർവകമായ മതോദ്ദേശ്യത്തിൽ നടത്തപ്പെട്ടവയാണ്: ക്രൈസ്തവലോകത്തിനുവേണ്ടി പലസ്തീനെ തിരികെ പിടിക്കാൻ. ഈ നൂററാണ്ടിൽ നടന്ന രണ്ടു ലോകയുദ്ധങ്ങളിലും മറുപക്ഷങ്ങളിലെ തങ്ങളുടെ സമകാലീനരെ കൊല്ലാൻ പടയാളികളെ കൂടുതൽ സന്നദ്ധരാക്കാൻ അവരുടെ മതവികാരങ്ങളെ ഇളക്കിവിടുന്നതിന് വിവിധ മതവിഭാഗങ്ങളിലെ വൈദികർ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ ഉഗ്രമായി നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളിൽ ചിലതിന് ശക്തമായ മതവശങ്ങളുണ്ട്.
പ്രത്യാശാകിരണങ്ങൾ
ഒരു കാലത്തു യുദ്ധം നിലക്കുമെന്ന് എന്തെങ്കിലും പ്രത്യാശയുണ്ടോ? ഉവ്വ്. യേശുക്രിസ്തു “സമാധാനപ്രഭു” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. അവൻ ഭൂമിയിലേക്കു വന്നപ്പോൾ അവൻ തങ്ങളെപ്പോലെതന്നെ തങ്ങളുടെ അയൽക്കാരെ സ്നേഹിക്കാൻ ആളുകളെ പഠിപ്പിച്ചുകൊണ്ട് തന്റെ നാമത്തെ അന്വർത്ഥമാക്കി. (യെശയ്യാവ് 9:6; മത്തായി 5:44; 22:39) തത്ഫലമായി, ഒന്നാം നൂററാണ്ടിൽ അവന്റെ ഉപദേശങ്ങൾ അനുസരിച്ചവർ സമാധാനകാംക്ഷികളായ ഒരു സർവ്വദേശീയ സഹോദരവർഗ്ഗമായിത്തീർന്നു. അവർ അന്യോന്യം യുദ്ധംചെയ്യുന്നത് അവരെ സംബന്ധിച്ച് അചിന്ത്യമായിരുന്നു. നിർഭാഗ്യവശാൽ, ഈ ആദിമക്രിസ്ത്യാനികളുടെ നിർമ്മലമായ വിശ്വാസം പിന്നീട് ദുഷിപ്പിക്കപ്പെട്ടു. കാലക്രമത്തിൽ, സഭകൾ രാഷ്ട്രീയത്തിൽ ഇടപെടുകയും അവരുടെ കൈകൾ ജനതകളുടെ യുദ്ധങ്ങളിലെ രക്തംകൊണ്ടു കുതിരുകയുംചെയ്തു.
വളരെക്കാലത്തിനുശേഷം, യൂറോപ്പിൽ മാററത്തിന്റെ കാററു വീശിത്തുടങ്ങി. മനുഷ്യവർഗ്ഗം നിലക്കാത്ത യുദ്ധങ്ങളാൽ മടുത്തതുപോലെ തോന്നി. 1899-ലും വീണ്ടും 1907-ലും നെതർലാൻഡ്സിലെ ഹേഗിൽ അന്താരാഷ്ട്ര കൺവെൻഷനുകൾ നടത്തപ്പെട്ടു. 1899-ലെ കൺവെൻഷനിൽ “സാർവദേശീയ തർക്കങ്ങളുടെ സമാധാനപൂർവകമായ പരിഹാരത്തിനായി” ഒരു കരാർ അംഗീകരിക്കപ്പെട്ടു. അങ്ങനെ 20-ാം നൂററാണ്ട് ഉദിച്ചപ്പോൾ ലോകം ക്രമേണ അതിന്റെ യുദ്ധക്കൊതി വിട്ടു പുരോഗമിക്കുമെന്ന് അനേകർ പ്രത്യാശിച്ചു. എന്നിരുന്നാലും, അങ്ങനെയുള്ള പ്രത്യാശകൾ ഒന്നാം ലോകയുദ്ധത്തിലെ തോക്കുകളാൽ തകർക്കപ്പെട്ടു. സമാധാനത്തിനുവേണ്ടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശകൾ ഒരിക്കലും നിറവേറുകയില്ലെന്ന് അതിനർത്ഥമുണ്ടോ? (w88 11/1)