വാഗ്ദത്ത ദേശത്തുനിന്നുള്ള രംഗങ്ങൾ
“കോരസീനെ നിനക്കു ഹാ കഷ്ടം!”—എന്തുകൊണ്ട്?
ദൈവം നിങ്ങളുടെമേൽ കഷ്ടം പ്രഖ്യാപിക്കുന്നതിന് നിങ്ങൾ നിശ്ചയമായും ആഗ്രഹിക്കുകയില്ല, ഉവ്വോ? അപ്പോൾ, ദൈവത്തിന്റെ പുത്രനും ന്യായാധിപനുമായവൻ ഇപ്രകാരം പ്രഖ്യാപിച്ചപ്പോൾ മൂന്നു ഗലീലിയൻ നഗരങ്ങളിലെ യഹൂദൻമാർ എങ്ങനെ വിചാരിച്ചുകാണുമെന്ന് ചിന്തിക്കുക:
“കോരസീനേ നിനക്കു ഹാ കഷ്ടം! ബേത്സയിദയേ നിനക്കു ഹാ കഷ്ടം! എന്തുകൊണ്ടെന്നാൽ നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നെങ്കിൽ അവർ വളരെ മുമ്പേ ചണവസ്ത്രത്തിലും വെണ്ണീറിലും അനുതപിക്കുമായിരുന്നു. തത്ഫലമായി ഞാൻ നിങ്ങളോടു പറയുന്നു, ന്യായവിധിദിവസത്തിൽ സോരിനും സീദോനും നിങ്ങളെക്കാൾ സഹിക്കാവതായിരിക്കും. കഫർന്നഹൂമേ നീ, . . . ഹേഡീസിനോളം താണുപോകും.”—മത്തായി 11:21-23.
മുകളിൽ കൊടുത്തിരിക്കുന്ന ദൃശ്യം ആ നഗരങ്ങളിൽ ഒന്നിനെ—കോരസീനെ—കേന്ദ്രീകരിക്കുന്നു. കൂടാതെ ഈ ചിത്രം യഹോവയുടെ സാക്ഷികളുടെ 1989-ലെ കലണ്ടറിന്റെ ജൂലൈ⁄ഓഗസ്ററ് മാസങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. രസാവഹമായി, മത്തായി 11:21-23-ലെ യേശുവിന്റെ വാക്കുകൾ യഹോവയുടെ സാക്ഷികളുടെ ഓഗസ്ററിലെ ബൈബിൾ വായനാ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. അപ്പോൾ നാം കോരസീനെക്കുറിച്ച് എന്ത് ഗ്രഹിക്കണം?
കൊള്ളാം, പുരാതന കോരസീൻ സ്ഥിതിചെയ്തിരുന്നതെവിടെയാണെന്ന് ശ്രദ്ധിക്കുക. ഈ ഫോട്ടോയുടെ മുൻഭാഗത്ത് അതിന്റെ ശൂന്യശിഷ്ടങ്ങൾ നിങ്ങൾക്കു കാണാൻ കഴിയും. അടുത്തതായി ഗലീലാക്കടലിന്റെ വടക്കെ തീരത്തെ വൃക്ഷങ്ങൾ ശ്രദ്ധിക്കുക. അവിടെയായിരുന്നു കഫർന്നഹൂം, ഏകദേശം രണ്ടുമൈൽ അകലെ. ആകാശത്തുനിന്നുള്ള ഈ ചിത്രത്തിന്റെ ദൃശ്യം ഏകദേശം പരന്ന ഒരു പ്രതലത്തെ സൂചിപ്പിച്ചേക്കാം, എന്നിരുന്നാലും, യഥാർത്ഥത്തിൽ കോരസീൻ സമുദ്രതീരത്തുനിന്ന് ഏകദേശം 885 അടി ഉയരത്തിലുള്ള കുന്നുകളിലാണ് സ്ഥിതിചെയ്യുന്നത്.
അത് കഫർന്നഹൂമിൽനിന്ന് തീരത്തുകൂടെ ഏതാണ്ട് അതേ ദൂരത്തിൽ ആയിരുന്നു ബേത്സയിദാ സ്ഥിതിചെയ്തിരുന്നതെന്നു മനസ്സിലാക്കാനും സഹായിക്കുന്നു. അങ്ങനെ ഈ മൂന്നു നഗരങ്ങളെ അപലപിക്കുകയിൽ യേശു ഗലീലയിലെ തന്റെ പ്രവർത്തന കേന്ദ്രത്തിന്റെ ചുററുമുണ്ടായിരുന്ന ഒരു ചെറിയ പ്രദേശത്തെ കേന്ദ്രീകരിക്കുകയായിരുന്നു. (മത്തായി 4:13; മർക്കോസ് 2:1; ലൂക്കോസ് 4:31) യേശു അവയുടെമേൽ ശാപം പ്രഖ്യാപിച്ചതെന്തുകൊണ്ടായിരുന്നു?
യേശു ഈ പ്രദേശത്ത് അപ്പോസ്തലൻമാരോടൊത്ത് വളരെ സമയം ചെലവഴിക്കുകയും അവൻ അവിടെ അനേകം വീര്യപ്രവൃത്തികൾ ചെയ്യുകയും ചെയ്തിരുന്നു. ബേത്സയിദാക്കു സമീപം അവൻ അത്ഭുതകരമായി 5,000 പേരെ പോഷിപ്പിക്കുകയും ഒരു കുരുടനായിരുന്ന മമനുഷ്യന്റെ കാഴ്ച പുനഃസ്ഥിതീകരിക്കുകയും ചെയ്തു. (മർക്കോസ് 8:22-25; ലൂക്കോസ് 9:10-17) കഫർന്നഹൂമിലൊ അതിനടുത്തൊ ചെയ്ത അവന്റെ അത്ഭുതങ്ങളിൽ, ദൂരെനിന്ന് രോഗിയായിരുന്ന ഒരു കുട്ടിയെ സൗഖ്യമാക്കിയതും ഒരു ഭൂതബാധിതനെ സൗഖ്യമാക്കിയതും ഒരു പക്ഷവാതക്കാരനെ നടക്കാറാക്കിയതും സിന്നഗോഗിലെ ഒരു ഉദ്യോഗസ്ഥന്റെ മകളെ ഉയിർപ്പിച്ചതും ഉൾപ്പെട്ടിരുന്നു. (മർക്കോസ് 2:1-12; 5:21-43; ലൂക്കോസ് 4:31-37; യോഹന്നാൻ 4:46-54) കോരസീനുമായി ഏതു “വീര്യപ്രവൃത്തികളാ”ണ് ബന്ധപ്പെട്ടിരുന്നതെന്ന് ബൈബിൾ നമ്മോട് പ്രത്യേകം പറയുന്നില്ലാതിരിക്കെ മത്തായി 11:21 യേശു അവിടെയൊ അതിനടുത്തൊ അത്ഭുതങ്ങൾ ചെയ്തുവെന്ന് സൂചിപ്പിക്കുന്നു. എന്നിട്ടും ആളുകൾ അനുതപിക്കുകയും അവനെ ദൈവികപിൻബലമുള്ള മശിഹായായി വിശ്വസിക്കുകയും ചെയ്യുമായിരുന്നില്ല.
യേശു അത്തരം പ്രവർത്തനങ്ങൾ നടത്തുന്നതായി ഇവിടെ കൊടുത്തിരിക്കുന്ന രംഗം കാണുമ്പോൾ ‘കോരസീനിലെ ആളുകൾക്ക് അത്രയധികം പ്രതികരണമില്ലാഞ്ഞവരായിരിക്കാൻ എങ്ങനെ കഴിയും?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ക്രി.വ. മൂന്നാം നൂററാണ്ടിലേതായിരുന്ന ഈ നാശാവശിഷ്ടങ്ങൾക്കിടയിൽ പുരാവസ്തുഗവേഷകർ കുഴിച്ചെടുത്ത കരിങ്കല്ലുകൾക്കിടയിൽ ഒരുപക്ഷേ ഒരു സൂചന കണ്ടേക്കാം. ഈ അവശിഷ്ടങ്ങളിൽ നഗരമദ്ധ്യത്തിലെ ഒരു സിന്നഗോഗും അതിനടുത്ത പാർപ്പിടപ്രദേശങ്ങളും ഉൾപ്പെടുന്നു. സിന്നഗോഗിൽനിന്നുള്ള കല്ലുകളിൽ ചിലവയിൽ അപൂർവമായ കൊത്തുപണികൾ ഉണ്ടായിരുന്നു. എന്തിന്റെ? ഗ്രീക്ക് പുരാണത്തിലെ പാമ്പുരൂപത്തിലുള്ള മുടിയോടുകൂടിയ മെഡുസായുടെയും പകുതി മനുഷ്യനും പകുതി കുതിരയുമായ സെൻറോറിന്റെയും രൂപങ്ങളുടെതന്നെ. യഹൂദമതം അത്തരം വിഗ്രഹാരാധനാപരമായ കൊത്തുപണികളെ ശക്തമായി എതിർക്കുമായിരുന്നിരിക്കെ, കോരസീനിലെ യഹൂദനേതാക്കൻമാർ അവ അവരുടെ സിന്നഗോഗിൽ അനുവദിച്ചതെന്തുകൊണ്ടായിരുന്നു?
ഒരു സിദ്ധാന്തം, “പ്രദേശത്ത് ഒരു ഉദാര മനോഭാവം പരമ്പരാഗതമായി നിലവിലിരുന്നിരുന്നു” എന്നതാണ്, യേശുവിന് നഗരത്തിൽ ഒരു നല്ല പ്രതികരണം ലഭിക്കുമെന്ന പ്രത്യാശക്കു കാരണം നൽകിക്കൊണ്ടുതന്നെ.a എന്നാൽ ഈ സിന്നഗോഗിലെ കൊത്തുരൂപങ്ങൾ യേശുവിന്റെ നാളിലെ ഏതെങ്കിലും മനോഭാവത്തെ സൂചിപ്പിക്കുന്നെങ്കിൽ അത് കോരസീനിലെ ഭൂരിപക്ഷം ആളുകളും “പിതാവിനെ ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നതുസംബന്ധിച്ച് പ്രത്യേകിച്ച് ശ്രദ്ധയുള്ളവരായിരുന്നില്ലെന്നാണ്. (യോഹന്നാൻ 4:23) അവർ അത് അത്ഭുതം പ്രവർത്തിക്കുന്ന മശിഹായെ സ്വീകരിക്കാതിരുന്നുകൊണ്ട് പ്രകടമാക്കി.
യേശു 70 ശിഷ്യൻമാരെ അയച്ചപ്പോൾ കോരസീന്റെയും ബേത്സയിദായുടെയും കഫർന്നഹൂമിന്റെയും പ്രതികരണമില്ലായ്മയെ ഉൾപ്പെടുത്തിക്കൊണ്ട് അവൻ വീണ്ടും അതിശയോക്തി ഉപയോഗിച്ചു. യേശുവിന്റെ വീര്യപ്രവൃത്തികളെ സംബന്ധിച്ച് പരിചിതരായിരുന്ന കോരസീനിലെ യേശുവിന്റെ സഹഗലീലിയാക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ശിഷ്യൻമാർ പ്രസംഗിച്ച മററു ചില നഗരങ്ങളിലെ നിവാസികൾ അവരെ സ്വീകരിച്ചില്ലെങ്കിൽ അവർ അതിശയിക്കരുതായിരുന്നു.—ലൂക്കോസ് 10:10-15.
അതുകൊണ്ട് നാം കോരസീനിലെ ആ കറുത്ത നിർജ്ജീവ നാശശിഷ്ടങ്ങളെക്കുറിച്ചു പരിചിന്തിക്കുമ്പോൾ യേശുവിന്റെ “ശാപ”ത്തിൽ വ്യക്തമായിരുന്ന മുന്നറിയിപ്പ് നാം കാര്യമായി എടുക്കണം. ദൈവജനം നടത്തുന്ന വേലയോട് പ്രതികരണം കാണിച്ചുകൊണ്ട് അനുതപിക്കുന്നതിലെ പരാജയത്തിന്, അധഃപതനത്തിലേക്കും ശൂന്യമായ ഒരു ഭാവിയിലേക്കും നയിക്കാൻ കഴിയും. (w89 7/1)
[അടിക്കുറിപ്പ്]
a ദി വേൾഡ ഓഫ ദി ബൈബിൾ, വാല്യം 5, പേജ് 44, എഡ്യൂക്കേഷനൽ ഹെറിറേറജ്, ഇൻകോ., ന്യൂയോർക്ക്, 1959-ൽ പ്രസിദ്ധീകരിച്ചത്.
[26-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കോരസീൻ
ബേത്സയിദ
കഫർന്നഹൂം
ഗലീലക്കടൽ
തിബെരിയാസ്
[കടപ്പാട]
Pictorial Archive (Near Eastern History) Est. and Survey of Israel
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.