സമാധാനം—അത് നിരായുധീകരണത്താൽ വരുമോ?
“നിരായുധീകരണവും സമാധാനവും തമ്മിൽ കൂട്ടിക്കലർത്തുന്നത് ഏററവും വലിയ തെററാണ്” എന്ന് രാഷ്ട്രങ്ങൾ രണ്ടാം ലോകയുദ്ധത്തിൽ നിമഗ്നരാകുന്നതിന് അഞ്ചുവർഷം മുമ്പ് വിൻസ്ററൻ ചർച്ചിൽ പറയുകയുണ്ടായി. “നിങ്ങൾക്ക് സമാധാനമുള്ളപ്പോൾ നിങ്ങൾക്ക് നിരായുധീകരണമുണ്ടായിരിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തോരു വിരോധാഭാസം! സമാധാനത്തിന് ഉറപ്പുലഭിക്കുന്നതുവരെ ആരാണ് നിരായുധീകരിച്ച് ഭാഗ്യപരീക്ഷണം നടത്താൻ പോകുന്നത്? എന്നാൽ യുദ്ധത്തിനുവേണ്ടി ആയുധങ്ങൾ കൂനകൂട്ടിവെച്ചിരിക്കുമ്പോൾ യഥാർത്ഥസമാധാനമുണ്ടായിരിക്കാൻ എങ്ങനെ കഴിയും? അത് രാജ്യതന്ത്രജ്ഞൻമാർ ഒരിക്കലും പോംവഴി കണ്ടെത്തിയിട്ടില്ലാത്ത ഒരു അവസ്ഥാവിശേഷമാണ്.
വിൻസ്ററൻ ചർച്ചിൽ 1934-ൽ ആണ് തന്റെ പ്രസ്താവന ചെയ്തത്, അതിന് വെറും രണ്ടു വർഷം മുമ്പ് സർവരാജ്യസഖ്യം വിളിച്ചുകൂട്ടിയ നിരായുധീകരണ കോൺഫറൻസ് അവസാനിപ്പിച്ചതിനെ തുടർന്നുതന്നെ. ഒരുക്കത്തിന് 12 വർഷമെടുത്തിരുന്ന ഈ കോൺഫറൻസിന്റെ ഉദ്ദേശ്യം യൂറോപ്പിന്റെ പുനരായുധീകരണത്തെ തടയുകയെന്നതായിരുന്നു. ഭൂമിക്കു ചുററുമുള്ള ആളുകൾ ഒന്നാം ലോകമഹായുദ്ധകാലത്ത് നടന്ന ഏതാണ്ട് തൊണ്ണൂറുലക്ഷം പോരാളികളുടെ ഭയങ്കരസംഹാരം ഇപ്പോഴും നന്നായി ഓർക്കുന്നുണ്ട്. അതിനു പുറമേ അന്ന് ദശലക്ഷക്കണക്കിനു പേർക്കുകൂടെ മുറിവേററു, ഒട്ടനവധി പൗര മരണവും നടന്നു. എന്നിരുന്നാലും, നിരായുധീകരണം ഇതുവരെ സാധിച്ചിട്ടില്ല. എന്തുകൊണ്ട്?
നിരായുധീകരണ ശ്രമങ്ങൾ
ഒരു നിരായുധീകരണ നയം നടപ്പിലാക്കാൻ കഴിയും, എന്നാൽ അത് അപൂർവമായേ ഫലപ്രദമാകുന്നുള്ളു. ദൃഷ്ടാന്തത്തിന്, 1919-ലെ വേഴ്സൈൽസ് ഉടമ്പടിപ്രകാരം “മതിയായ ഉറപ്പുകൾ കൊടുക്കപ്പെട്ടുകൊണ്ടും ദേശീയ ആയുധീകരണങ്ങൾ ആഭ്യന്തരസുരക്ഷിതത്വത്തോട് പൊരുത്തപ്പെടുന്ന ഏററവും താണ നിലയിലേക്കു കുറച്ചുകൊണ്ടും” ജർമ്മനി നിരായുധീകരിക്കപ്പെട്ടു. ഇത് യു.എസ്. പ്രസിഡണ്ടായിരുന്ന വുഡ്രോ വിൽസന്റെ നിർദ്ദേശങ്ങളിലൊന്നിനോടു ചേർച്ചയിലായിരുന്നു, അത് പിന്നീട് സർവരാജ്യസഖ്യത്തിന്റെ ഉടമ്പടിയിലെ 8-ാം വകുപ്പിൽ ഉൾപ്പെടുത്തപ്പെട്ടു. എന്നാൽ ഹിററ്ലർ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം പെട്ടെന്നുതന്നെ ഈ നയത്തെ നിരാകരിച്ചു.
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് നിരായുധീകരണത്തിന് ഒരു ഉറച്ച അടിസ്ഥാനമിടുന്നതിൽ ഐക്യരാഷ്ട്രങ്ങൾ കൂടുതൽ വിജയിച്ചിട്ടുണ്ടോ? ഇല്ല, എന്നാൽ അതിന്റെ വിജയത്തിന്റെ അഭാവം നിശ്ചയദാർഢ്യത്തോടുകൂടിയ ശ്രമത്തിന്റെ കുറവുമൂലമല്ലായിരുന്നു. കൂട്ടസംഹാരത്തിനുള്ള ന്യൂക്ലിയർ ആയുധങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുന്നതുകൊണ്ട്, നിരായുധീകരണം വളരെ അടിയന്തിരമായ ഒരു പ്രശ്നമായിരുന്നു. “ആയുധീകരണമത്സരങ്ങൾ സാമ്പത്തികമായി അനാവശ്യമാണെന്നും അത് അനിവാര്യമായി യുദ്ധത്തിലേക്കു നയിക്കുന്നുവെന്നുമുള്ള മുൻ വാദത്തിനു പകരം വൻതോതിലുള്ള ന്യൂക്ലിയർ ആയുധങ്ങളുടെ ഭാവിഉപയോഗം നാഗരികത്വത്തിനുതന്നെ ഭീഷണിയാണ് എന്ന വാദം ഉണ്ടായിരിക്കുന്നു”വെന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു.
പൗരസ്ത്യ⁄പാശ്ചാത്യ ആയുധീകരണമത്സരത്തിന്റെ വളർച്ചയെ തടയുന്നതിന് 1952-ൽ ഒരു 12-രാഷ്ട്ര നിരായുധീകരണ കമ്മീഷൻ സ്ഥാപിക്കപ്പെട്ടു. അത് പുരോഗതി നേടുന്നതിൽ പരാജയപ്പെട്ടു. കാലക്രമത്തിൽ രണ്ട് വലിയ ശക്തികൾ തങ്ങളുടെ വിപരീത പാളയങ്ങളിൽ കൂടുതലായി ധ്രുവീകരിച്ചു. ഈ കാലം വരെയും വിവിധങ്ങളായ മററ് കരാറുകളും ഉടമ്പടികളും ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, പരസ്പര അവിശ്വാസത്തിന്റെ അന്തരീക്ഷം സകല യുദ്ധായുധങ്ങളുടെയും നശീകരണത്തിന് അനുവദിച്ചിട്ടില്ല. അത് “അപ്രായോഗിക സൈദ്ധാന്തികചിന്തകർ വാദിക്കുന്ന” ഒരു സംഗതിയാണ് എന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു.
ചെലവു കണക്കാക്കൽ
ആയുധീകരണത്തിന് അല്ലെങ്കിൽ നിരായുധീകരണത്തിന് എന്ത് ചെലവു വരും? ചെലവുകൾ പണത്തിന്റെ അടിസ്ഥാനത്തിലല്ല എപ്പോഴും കണക്കാക്കുന്നത്. ആയുധങ്ങളോടു ബന്ധപ്പെട്ട തൊഴിലും പ്രഥമ പരിഗണനയർഹിക്കുന്നു. അനേകം രാജ്യങ്ങളിൽ, നികുതിപ്പണം ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. അവയുടെ നിർമ്മാണം തൊഴിലിനെ ഉത്തേജിപ്പിക്കുന്നു. അതുകൊണ്ട് നിരായുധീകരണം തൊഴിലില്ലായ്മയിലേക്ക് നയിച്ചേക്കാം. അതുകൊണ്ടാണ് ഭാരിച്ച പ്രതിരോധ ബജററുകളുള്ള രാജ്യങ്ങൾ സമ്പൂർണ്ണ നിരായുധീകരണത്തിന്റെ ആശയത്തിൽ വിറകൊള്ളുന്നത്. അങ്ങനെയുള്ള ചിന്ത അവർക്ക് ഒരു അപ്രായോഗികസ്വപ്നത്തെക്കാളുപരി ഒരു പേടിസ്വപ്നമാണ്.
എന്നിരുന്നാലും, യുദ്ധം നടത്തുന്നതിന് ചെലവാകുന്ന വമ്പിച്ച പണത്തുകകളെ നമുക്ക് അവഗണിക്കാവതല്ല. ലോകത്തിലെ മൊത്തം ഉല്പാദനത്തിന്റെ വിലയുടെ 10 ശതമാനം ആയുധീകരണത്തിന് ചെലവിടപ്പെടുന്നുവെന്ന് കണക്കാക്കപ്പെടുന്നു. അത് എത്രയാണ്? പണപ്പെരുപ്പംനിമിത്തം യഥാർത്ഥ സംഖ്യകൾ വ്യത്യാസപ്പെടുന്നു. എന്നാൽ ദിവസത്തിന്റെ ഓരോ മിനിററിലും 15,40,000 ഡോളർ ഈ വിധത്തിൽ ഉപയോഗിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക! നിങ്ങളുടെ കൈവശം അത്രയും തുക ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ എന്തിന് മുൻഗണന കൊടുക്കുമായിരുന്നു? ക്ഷാമനിവാരണത്തിനോ? ആരോഗ്യപരിപാലനത്തിനോ? ശിശുക്ഷേമത്തിനോ? പരിസ്ഥിതീയ പുനഃസ്ഥാപനത്തിനോ? ചെയ്യാൻകഴിയുന്ന വളരെയധികം കാര്യങ്ങളുണ്ട്!
ദൃഷ്ടാന്തത്തിന്, യു. എസ്. എസ്. ആറിൽ അടുത്ത കാലത്തു പ്രഖ്യാപിക്കപ്പെട്ട “ററാങ്കുകളിൽനിന്ന് ട്രാക്റററുകളിലേക്ക്” എന്ന പരിപാടി എടുക്കുക, അവിടെ ചില ആയുധഫാക്റററികൾ “കാർഷികവ്യാവസായിക മേഖലയിലേക്കുള്ള പരിഷ്കൃത ഉപകരണത്തിന്റെ 200 മാതൃകകൾ ഉല്പാദിപ്പിക്കുന്നതിന് മാററംവരുത്തിക്കൊണ്ടിരിക്കുകയാണ്.” ആ കാർഷിക ഉപകരണം അത്യാവശ്യമായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ബ്രിട്ടന്റെ ഫാമിംഗ് ന്യൂസ് പറയുന്നതനുസരിച്ച് “സംസ്ഥാന കൃഷിയിടങ്ങളിൽ വിളയുന്ന പഴങ്ങളുടെയും മലക്കറികളുടെയും മൂന്നിലൊന്നു മാത്രമേ ഉപഭോക്താവിന് ലഭിക്കുന്നുള്ളു, ബാക്കി വയലുകളിൽ ചീഞ്ഞുപോകുന്നതിനോ കയററിറക്ക് സ്ഥാനങ്ങളിലോ സൂക്ഷിപ്പുശാലകളിലോ അഴുകിപ്പോകുന്നതിനോ വിടപ്പെടുന്നു.”
ടാങ്കുകൾക്കു പകരം ട്രാക്റററുകൾ ഉല്പാദിപ്പിക്കുന്നത് അഭിനന്ദനീയമായിരിക്കുന്നതുപോലെ, അത് വളരെ അപൂർവമായിരിക്കയാൽ തലക്കെട്ടുകളും സൃഷ്ടിക്കുന്നു. മാത്രവുമല്ല, മൊത്തത്തിലുള്ള ആയുധ ഉല്പാദനത്തിൻമേലുള്ള അതിന്റെ ഫലം നിസ്സാരമാണ്. യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ, “നിവസിതഭൂമിമേൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയത്താലും പ്രതീക്ഷയാലും മനുഷ്യർ മോഹാലസ്യപ്പെടുന്ന” ഒരു ലോകത്തിൽ ആയുധീകരണത്തിന് എണ്ണമില്ലാതെ സഹസ്രലക്ഷക്കണക്കിന് പൗണ്ടുകളും റൂബിളുകളും ഡോളറുകളും ചെലവിടപ്പെടുന്നതിൽ തുടരുകയാണ്. അങ്ങനെയുള്ള ഭയം എങ്ങനെ നീക്കാൻ കഴിയും? സമ്പൂർണ്ണനിരായുധീകരണം ഒരു സ്വപ്നമായി തുടരേണ്ടതാണോ? അല്ലെങ്കിൽ അത് കൈവരുത്താൻ ആവശ്യമായിരിക്കുന്നതെന്താണ്?—ലൂക്കോസ് 21:26. (w89 12⁄15)