ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
യേശുക്രിസ്തുവിന് മനുഷ്യവർഗ്ഗത്തിൻമേൽ മതപരമായ വമ്പിച്ച ഫലമുണ്ടായിരുന്നിട്ടുണ്ട്. കാരണം ദശലക്ഷങ്ങൾ അവന്റെ അനുഗാമികളാണെന്ന് അവകാശവാദംചെയ്യുന്നു. എന്നിരുന്നാലും, അവരെല്ലാവരും അവൻ ആരാണെന്നുള്ളതിൽ യോജിക്കുന്നില്ല.
യേശുവിന്റെ ഉപദേശങ്ങൾ സ്വീകരിക്കുന്നുവെന്ന് പറയുന്ന ചിലർ അവനെ ദൈവത്തിന്റെ പുത്രനായി വീക്ഷിക്കുന്നു, സ്രഷ്ടാവായിട്ടല്ല. മററു ചിലർ “ക്രിസ്തുവിന്റെ ദൈവത്വ”ത്തിൽ വിശ്വസിക്കുന്നു, അവൻ യഥാർത്ഥത്തിൽ ദൈവംതന്നെയാണെന്ന് വിചാരിക്കുകയും ചെയ്യുന്നു. യേശു എല്ലായ്പ്പോഴും സ്ഥിതിചെയ്തിരുന്നുവെന്നും അവൻ ഇവിടെ ഭൂമിയിലായിരുന്നപ്പോൾ ഒരു മനുഷ്യനിലും കവിഞ്ഞവനായിരുന്നുവെന്നും അവർ വിശ്വസിക്കുന്നു. അവർ ഇതു സംബന്ധിച്ച് പറയുന്നത് ശരിയാണോ? തിരുവെഴുത്തുകൾ എന്തു പറയുന്നു?
യേശുവിന്റെ മനുഷ്യത്വപൂർവ അസ്തിത്വം
തനിക്ക് ഒരു മനുഷ്യത്വപൂർവ അസ്തിത്വമുണ്ടായിരുന്നുവെന്ന് യേശു സാക്ഷിപ്പെടുത്തുന്നു. അവൻ പറഞ്ഞു: “സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹന്നാൻ 3:13) “സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു. ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസമാകുന്നു” എന്നും യേശു പ്രസ്താവിച്ചു.—യോഹന്നാൻ 6:51.
യേശു ഭൂമിയിലേക്കു വരുന്നതിനുമുമ്പ് ജീവിച്ചിരുന്നുവെന്ന് അവന്റെ വാക്കുകളിൽനിന്ന് വ്യക്തമാണ്: “അബ്രാഹാം അസ്തിത്വത്തിലേക്കു വരുന്നതിനുമുമ്പ് ഞാൻ ഉണ്ടായിരുന്നു.” (യോഹന്നാൻ 8:58, NW) അബ്രാഹാം ജീവിച്ചിരുന്നത് ക്രി.മു. 2018മുതൽ 1843വരെയായിരുന്നു. എന്നാൽ യേശുവിന്റെ മനുഷ്യജീവിതം പൊതുയുഗത്തിനുമുമ്പ് 2മുതൽ പൊതുയുഗം 33വരെ ആയിരുന്നു. യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ് അവൻ “പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ” എന്നു പ്രാർത്ഥിച്ചു.—യോഹന്നാൻ 17:5.
യേശുവിന്റെ അനുഗാമികൾ സമാനമായ സാക്ഷ്യം പറഞ്ഞു. അപ്പോസ്തലനായ യോഹന്നാൻ എഴുതി: “ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ഒരു ദൈവമായിരുന്നു. സകലവും അവൻ മുഖാന്തരം അസ്തിത്വത്തിലേക്കു വന്നു. അവനെ കൂടാതെ യാതൊന്നും അസ്തിത്വത്തിലേക്കു വന്നില്ല. . . . അങ്ങനെ വചനം ജഡമായിത്തീരുകയും നമ്മുടെ ഇടയിൽ വസിക്കുകയും ചെയ്തു, ഞങ്ങൾക്ക് അവന്റെ മഹത്വത്തിന്റെ, ഒരു പിതാവിൽനിന്നുള്ള ഏകജാത പുത്രന്റേതുപോലെയുള്ള മഹത്വത്തിന്റെ, ഒരു വീക്ഷണം ലഭിച്ചു; അവനിൽ അനർഹദയയും സത്യവും നിറഞ്ഞിരുന്നു.” (യോഹന്നാൻ 1:1, 3, 14, NW) അതെ, മനുഷ്യനായ യേശുക്രിസ്തു എന്ന നിലയിൽ “വചനം ജഡമായിത്തീർന്നു.”
യേശുവിന്റെ മനുഷ്യത്വപൂർവ അസ്തിത്വത്തെ പരമാർശിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ക്രിസ്തുയേശുവിലുമുണ്ടായിരുന്ന ഈ മാനസികഭാവം നിങ്ങളിൽ നിലനിർത്തുക, അവൻ ദൈവരൂപത്തിൽ സ്ഥിതിചെയ്യുകയായിരുന്നിട്ടും അവൻ ദൈവത്തോടു സമനാകേണ്ടതിന് ഒരു പിടിച്ചെടുക്കലിനു പരിഗണനകൊടുത്തില്ല, ഇല്ല, എന്നാൽ അവൻ തന്നെത്താൻ ഒഴിക്കുകയും ഒരു അടിമയുടെ രൂപമെടുക്കുകയും മമനുഷ്യന്റെ സാദൃശ്യത്തിലായിത്തീരുകയും ചെയ്തു.” (ഫിലിപ്പിയർ 2:5-7, NW) പൗലോസ് യേശുവിനെ “സകല സൃഷ്ടിക്കും ആദ്യജാതൻ” എന്നു വിളിച്ചു, “എന്തുകൊണ്ടെന്നാൽ അവൻ മുഖാന്തരം മറെറല്ലാം സൃഷ്ടിക്കപ്പെട്ടു.”—കൊലോസ്യർ 1:13-16 NW.
ഭൂമിയിൽ ദിവ്യനല്ല
യേശു ജനനംമുതൽ മരണംവരെ തികച്ചും മനുഷ്യനായിരുന്നുവെന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. വചനം കേവല ജഡം ധരിക്കുകയായിരുന്നുവെന്ന് യോഹന്നാൻ പറഞ്ഞില്ല. അവൻ “ജഡമായിത്തീർന്നു,” ഭാഗികമായി ജഡവും ഭാഗികമായി ദൈവവുമായിരുന്നില്ല. യേശു മനുഷ്യനും അതേ സമയം ദൈവവുമായിരുന്നെങ്കിൽ “ദൂതൻമാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു” എന്നു പറയാൻ കഴിയുമായിരുന്നില്ല.—എബ്രായർ 2:9; സങ്കീർത്തനം 8:4, 5.
യേശു ഭൂമിയിലായിരുന്നപ്പോൾ ദൈവവും മനുഷ്യനുമായിരുന്നെങ്കിൽ അവൻ യഹോവയോട് ആവർത്തിച്ച് പ്രാർത്ഥിച്ചതെന്തുകൊണ്ട്? പൗലോസ് ഇങ്ങനെ എഴുതി: “ക്രിസ്തു തന്റെ ഐഹികജീവകാലത്തു തന്നെ മരണത്തിൽനിന്ന് രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കുകയും ഭയഭക്തിനിമിത്തം ഉത്തരം ലഭിക്കുകയുംചെയ്തു.”—എബ്രായർ 5:7.
യേശു ഭൂമിയിലായിരുന്നപ്പോൾ ഭാഗികമായി ഒരു ആത്മാവായിരുന്നില്ലെന്ന് ക്രിസ്തു “ജഡത്തിൽ മരണശിക്ഷ ഏൽക്കയും, ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു” എന്ന പത്രോസിന്റെ പ്രസ്താവനയാൽ തെളിയുന്നു.” (1 പത്രോസ് 3:18) യേശു മുഴുവനായി മനുഷ്യനായിരുന്നതുകൊണ്ടു മാത്രമാണ് അപൂർണ്ണരായ ആളുകൾ അനുഭവിക്കുന്നത് അവന് അനുഭവിക്കാനും അങ്ങനെ സഹതാപമുള്ള ഒരു മഹാപുരോഹിതനായിത്തീരാനും കഴിഞ്ഞത്. പൗലോസ് ഇങ്ങനെ എഴുതി: “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.”—എബ്രായർ 4:15.
“ലോകത്തിന്റെ പാപത്തെ ചുമന്നുനീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന നിലയിൽ യേശു “എല്ലാവർക്കുംവേണ്ടി അനുയോജ്യമായ ഒരു മറുവിലയായി തന്നേത്തന്നെ കൊടുത്തു.” (യോഹന്നാൻ 1:29; 1 തിമൊഥെയോസ് 2:6, NW) ആ വിധത്തിൽ, ആദാം നഷ്ടപ്പെടുത്തിയിരുന്നതുതന്നെ—പൂർണ്ണതയുള്ള നിത്യ മനുഷ്യജീവൻ—കൃത്യമായി യേശു തിരികെവാങ്ങി. ദൈവത്തിന്റെ നീതി ‘ജീവനുപകരം ജീവൻ’ ആവശ്യപ്പെട്ടതുകൊണ്ട് യേശു ആദാം ആദ്യം ആയിരുന്നതുതന്നെ—ഒരു ദൈവ-മനുഷ്യനല്ല, പൂർണ്ണതയുള്ള മനുഷ്യൻ ആയിരിക്കേണ്ടിയിരുന്നു.—ആവർത്തനം 19:21; 1 കൊരിന്ത്യർ 15:22.
ബൈബിൾവാക്യങ്ങൾക്ക് ഇല്ലാത്ത അർത്ഥം കല്പിക്കരുത്
യേശു ഒരു ദൈവ-മനുഷ്യനാണെന്ന് പറയുന്നവർ അവൻ സാരാംശത്തിലും ശക്തിയിലും മഹത്വത്തിലും പഴക്കത്തിലും ദൈവത്തോടു സമനായി ക്രൈസ്തവലോകത്തിന്റെ ത്രിത്വത്തിന്റെ ഒരു അംഗമാണെന്ന് തെളിയിക്കുന്നതിനുള്ള ശ്രമത്തിൽ വിവിധ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു. എന്നാൽ നാം ശ്രദ്ധാപൂർവം ഈ തിരുവെഴുത്തുകൾ പരിശോധിക്കുമ്പോൾ “ക്രിസ്തുവിന്റെ ദൈവത്വ”ത്തിനനുകൂലമായി വാദിക്കുന്നവർ ഈ വാക്യങ്ങൾ യഥാർത്ഥത്തിൽ പറയുന്നതിനെക്കാൾ കൂടുതൽ പറയുന്നതായി വീക്ഷിക്കുന്നു എന്നു കണ്ടെത്തുന്നു.
“നമുക്ക്” എന്ന സർവനാമം ദൈവം ഉപയോഗിക്കുന്ന ബൈബിൾ വാക്യങ്ങൾ മനുഷ്യത്വപൂർവ യേശുവിനെ (വചനം) യഹോവയോടു സമനാക്കുന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ ഈ സർവനാമത്തിന്റെ ഉപയോഗം ദൈവം ഒരു സമനോട് സംസാരിക്കുകയായിരുന്നുവെന്ന് അർത്ഥമാക്കുന്നില്ല. ഏററവും കൂടിയാൽ സ്വർഗ്ഗീയ ജീവികളുടെ ഇടയിൽ ഒരുവന് ദൈവത്തോടുള്ള ബന്ധത്തിൽ മുൻഗണനയുള്ള ഒരു സ്ഥാനം ഉണ്ടെന്നുമാത്രമേ അത് അർത്ഥമാക്കുന്നുള്ളു. യഥാർത്ഥത്തിൽ, മനുഷ്യത്വപൂർവ യേശു ദൈവത്തിന്റെ ഉററ സഹകാരിയും വിദഗ്ദ്ധശില്പിയും വക്താവുമായിരുന്നു.—ഉല്പത്തി 1:26; 11:7; സദൃശവാക്യങ്ങൾ 8:30, 31; യോഹന്നാൻ 1:3.
യേശുവിന്റെ സ്നാപനത്തോടു ബന്ധപ്പെട്ട സാഹചര്യങ്ങൾ ദൈവവും ക്രിസ്തുവും പരിശുദ്ധാത്മാവും സമനിത്യൻമാരാണെന്നു സൂചിപ്പിക്കുന്നില്ല. ഒരു മനുഷ്യനെന്ന നിലയിൽ തന്റെ സ്വർഗ്ഗീയ പിതാവിന് തന്നേത്തന്നെ ഏൽപ്പിച്ചുകൊടുക്കുന്നതിന്റെ പ്രതീകമായി യേശു സ്നാപനത്തിനു വിധേയമായി. ആ സന്ദർഭത്തിൽ “സ്വർഗ്ഗം തുറന്നു,” ദൈവത്തിന്റെ ആത്മാവ് ഒരു പ്രാവിനെപ്പോലെ ഇറങ്ങി യേശുവിന്റെമേൽ വന്നു. കൂടാതെ, “സ്വർഗ്ഗത്തിൽനിന്ന്” യഹോവയുടെ ശബ്ദം “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പറയുന്നതായി കേട്ടു.—മത്തായി 3:13-17.
ആ സ്ഥിതിക്ക്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” ശിഷ്യരെ സ്നാപനപ്പെടുത്താൻ തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ യേശു എന്താണർത്ഥമാക്കിയത്? (മത്തായി 28:19, 20) താനും തന്റെ പിതാവും പരിശുദ്ധാത്മാവും സഹതുല്യരാണെന്ന് യേശു അർത്ഥമാക്കുകയോ പറയുകയോ ചെയ്തില്ല. പകരം, സ്നാപനമേൽക്കുന്നവർ യഹോവയെ ജീവദാതാവും സർവശക്തനുമായ ദൈവമായി തിരിച്ചറിയുന്നു, അവനുവേണ്ടിയാണ് അവർ തങ്ങളുടെ ജീവനെ സമർപ്പിക്കുന്നത്. അവർ യേശുവിനെ മശിഹായും വിശ്വസിക്കുന്ന മനുഷ്യവർഗ്ഗത്തിനുവേണ്ടി ആർ മുഖാന്തരം ദൈവം മറുവില പ്രദാനംചെയ്യുന്നുവോ ആ ഏകനായും സ്വീകരിക്കുന്നു. പരിശുദ്ധാത്മാവ് തങ്ങൾ വിധേയമായിരിക്കേണ്ട ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണെന്ന് അവർ തിരിച്ചറിയുന്നു. എന്നിരുന്നാലും, അങ്ങനെയുള്ള സ്നാപനാർത്ഥികൾ യഹോവയെയും യേശുവിനെയും പരിശുദ്ധാത്മാവിനെയും ഒരു ത്രിത്വദൈവമായി വീക്ഷിക്കേണ്ടതല്ല.
എന്നാൽ യേശുവിന്റെ അത്ഭുതങ്ങൾ അവൻ ഒരു ദൈവ-മനുഷ്യനായിരുന്നുവെന്ന് തെളിയിക്കുന്നില്ലേ? ഇല്ല, എന്തുകൊണ്ടെന്നാൽ ദൈവ-മനുഷ്യർ ആയിരിക്കാതെ മോശയും ഏലിയാവും എലീശയും അപ്പോസ്തലൻമാരായ പത്രോസും പൗലോസും മററുചിലരും അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പുറപ്പാട് 14:15-31; 1 രാജാക്കൻമാർ 18:18-40; 2 രാജാക്കൻമാർ 4:17-37; പ്രവൃത്തികൾ 9:36-42; 19:11, 12) അവരെപ്പോലെ, യേശു ദൈവദത്തമായ ശക്തിയാൽ അത്ഭുതങ്ങൾ ചെയ്ത ഒരു മനുഷ്യനായിരുന്നു.—ലൂക്കോസ് 11:14-19.
യെശയ്യാവ് പ്രാവചനികമായി മശിഹായായ യേശുവിനെ “ശക്തനായ ദൈവം” എന്നു പരാമർശിച്ചു. (യെശയ്യാവ് 9:6, NW) യെശയ്യാവ് 10:21-ൽ അതേ പ്രവാചകൻ യഹോവയെക്കുറിച്ച് “ശക്തനായ ദൈവം” എന്ന് പറഞ്ഞു. ചിലർ വാക്കുകളുടെ ഈ സമാനതയെ യേശു ദൈവമാണെന്ന് തെളിയിക്കാൻ ഉപയോഗിക്കുന്നതിനു ശ്രമിക്കുന്നു. എന്നാൽ ഈ വാക്കുകൾക്ക് ഇല്ലാത്ത അർത്ഥം കൊടുക്കാതിരിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കേണ്ടതുണ്ട്. “ശക്തനായ ദൈവം” എന്ന് വിവർത്തനംചെയ്തിരിക്കുന്ന എബ്രായ പദപ്രയോഗം “സർവശക്തനായ ദൈവം” എന്ന പദപ്രയോഗത്തെപ്പോലെ യഹോവക്ക് പരിമിതപ്പെടുത്തിയിട്ടില്ല. (ഉല്പത്തി 17:1) ശക്തനായിരിക്കുന്നതും തന്നിലും ശ്രേഷ്ഠനില്ലാതെ സർവശക്തനായിരിക്കുന്നതും തമ്മിൽ ഒരു വ്യത്യാസമുണ്ടെന്ന് സമ്മതിക്കപ്പെടുന്നു.
യെശയ്യാവ് 43:10 (NW) അനുസരിച്ച് യഹോവ ഇങ്ങനെ പറഞ്ഞു: “എനിക്കു മുമ്പ് ദൈവം നിർമ്മിക്കപ്പെട്ടില്ല, എനിക്കുശേഷം ആരുമില്ലാതെ തുടർന്നു.” എന്നാൽ ആ വാക്കുകൾ യേശു ദൈവമാണെന്ന് തെളിയിക്കുന്നില്ല. യഹോവക്ക് മുൻഗാമിയില്ലായിരുന്നുവെന്നും അവനുമുമ്പ് ഒരു ദൈവം സ്ഥിതിചെയ്തിരുന്നില്ല എന്നുമുള്ളതാണ് ആശയം, എന്തെന്നാൽ അവൻ നിത്യനാണ്. യഹോവ എല്ലായ്പ്പോഴും സ്ഥിതിചെയ്യുമെന്നുള്ളതുകൊണ്ടും പരമാധികാര പരമോന്നതനെന്ന നിലയിൽ പിൻഗാമികളുണ്ടായിരിക്കുകയില്ലാത്തതുകൊണ്ടും യഹോവക്കുശേഷം ദൈവം ഉണ്ടായിരിക്കയില്ല. എന്നിരുന്നാലും, താൻതന്നെ ദൈവങ്ങളെന്നു വിളിച്ച മററുള്ളവരെ യഹോവ ഉളവാക്കുകതന്നെ ചെയ്തിട്ടുണ്ട്, ചില മനുഷ്യരെസംബന്ധിച്ച് പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് തിരുവെഴുത്തുകൾ പ്രകടമാക്കുന്നതുപോലെതന്നെ: “‘നിങ്ങൾ ദൈവങ്ങളാകുന്നുവെന്ന് ഞാൻതന്നെ പറഞ്ഞിരിക്കുന്നു, നിങ്ങളെല്ലാം അത്യുന്നതന്റെ പുത്രൻമാരാകുന്നു. തീർച്ചയായും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കൻമാരിൽ ഏതൊരുവനെയുംപോലെ നിങ്ങൾ വീഴും!’” (സങ്കീർത്തനം 82:6, 7) സമാനമായി, വചനം യഹോവയാൽ സൃഷ്ടിക്കപ്പെട്ട ഒരു ദൈവമായിരുന്നു, എന്നാൽ അത് ഏതെങ്കിലും സമയത്ത് യേശുവിനെ സർവശക്തനായ ദൈവത്തോടു സമനാക്കിയില്ല.
യേശുവിന്റെ യഥാർത്ഥ സ്ഥാനം
യഹോവ ഒരു ദൈവ-മനുഷ്യൻ എന്ന നിലയിൽ മനുഷ്യാസ്ഥിത്വം സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്നവർ യേശു ആ വിധത്തിൽ തന്നേത്തന്നെ വീക്ഷിച്ചുവെന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുപോലുമില്ലെന്ന് കുറിക്കൊള്ളേണ്ടിയിരിക്കുന്നു. പകരം, യേശു എല്ലായ്പ്പോഴും തന്റെ പിതാവിനെക്കാൾ താണവനാണെന്ന് അത് സ്ഥിരമായി പ്രകടമാക്കുന്നു. ഭൂമിയിലായിരുന്നപ്പോൾ യേശു ദൈവപുത്രനിലും കവിഞ്ഞവനാണെന്ന് ഒരിക്കലും അവകാശപ്പെട്ടില്ല. മാത്രവുമല്ല, “പിതാവ് എന്നെക്കാൾ വലിയവനല്ലോ” എന്ന് ക്രിസ്തു പറഞ്ഞു.—യോഹന്നാൻ 14:28.
“പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിനും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതുമാകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു” എന്നു പറഞ്ഞപ്പോൾ പൗലോസ് യഹോവയും യേശുവും തമ്മിൽ ഒരു വ്യത്യാസം കല്പിച്ചു. (1 കൊരിന്ത്യർ 8:6) “നിങ്ങളോ ക്രിസ്തുവിന്നുള്ളവർ; ക്രിസ്തു ദൈവത്തിനുള്ളവൻ” എന്നും പൗലോസ് പറഞ്ഞു. (1 കൊരിന്ത്യർ 3:23) തീർച്ചയായും, ക്രിസ്ത്യാനികൾ തങ്ങളുടെ യജമാനനായ യേശുക്രിസ്തുവിനുള്ളവരായിരിക്കുന്നതുപോലെ, ക്രിസ്തു അവന്റെ തലയായ യഹോവയാം ദൈവത്തിനുള്ളവനാണ്.
സമാനമായ ഒരു ആശയം വ്യക്തമാക്കിക്കൊണ്ട് പൗലോസ് ഇങ്ങനെ എഴുതി: “ഏതു പുരുഷന്റെയും തല ക്രിസ്തു; സ്ത്രീയുടെ തല പുരുഷൻ; ക്രിസ്തുവിന്റെ തല ദൈവം.” (1 കൊരിന്ത്യർ 11:3) ദൈവവും ക്രിസ്തുവുമായുള്ള ഈ ബന്ധം തുടരും, എന്തുകൊണ്ടെന്നാൽ യേശുവിന്റെ ആയിരവർഷവാഴ്ചക്കുശേഷം, “അവൻ രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏല്പിക്കുന്നു”, “പുത്രൻതന്നെ ദൈവം സകലർക്കും സകലവും ആകേണ്ടതിന് സകലവും തനിക്ക് കീഴ്പ്പെടുത്തിയ ഏകന് തന്നേത്തന്നെ കീഴ്പ്പെടുത്തുകയും ചെയ്യും.”—1 കൊരിന്ത്യർ 15:24, 28, NW; വെളിപ്പാട് 20:6.
മററു വാക്യങ്ങളിലേക്ക് ഒരു നോട്ടം
യേശുവിന്റെ ജനനത്തെസംബന്ധിച്ച്, മത്തായി ഇങ്ങനെ എഴുതി: “‘കന്യക ഗർഭിണിയാകുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്യും’, വിവർത്തനംചെയ്യുമ്പോൾ ‘ദൈവം നമ്മോടുകൂടെയാണ്’ എന്നർത്ഥമുള്ള ‘ഇമ്മാനുവേൽ എന്ന് അവർ അവന് പേർവിളിക്കും’ എന്ന് യഹോവ തന്റെ പ്രവാചകൻ മുഖാന്തരം [യെശയ്യാവ് 7:14-ൽ] സംസാരിച്ചത് നിവർത്തിക്കപ്പെടേണ്ടതിന് ഇതെല്ലാം യഥാർത്ഥത്തിൽ സംഭവിച്ചു.” (മത്തായി 1:22, 23, NW) യേശുവിന് ഇമ്മാനുവേൽ എന്ന വ്യക്തിഗതമായ നാമം കൊടുക്കപ്പെട്ടില്ല, എന്നാൽ ഒരു മനുഷ്യനെന്നനിലയിലുള്ള അവന്റെ ധർമ്മം അതിന്റെ അർത്ഥത്തെ നിവർത്തിച്ചു. മശിഹൈകസന്തതിയും ദാവീദിന്റെ സിംഹാസനത്തിന്റെ അവകാശിയുമെന്ന നിലയിലുള്ള ഭൂമിയിലെ യേശുവിന്റെ സാന്നിദ്ധ്യം തങ്ങളുടെ ഉദ്യമങ്ങളിൽ തങ്ങളെ പിന്തുണച്ചുകൊണ്ട് ദൈവം തങ്ങളോടുകൂടെ ഉണ്ടെന്ന്, തങ്ങളുടെ പക്ഷത്താണെന്ന് യഹോവയുടെ ആരാധകർക്കു തെളിയിച്ചുകൊടുത്തു.—ഉല്പത്തി 28:15; പുറപ്പാട് 3:11, 12; യോശുവാ 1:5, 9; സങ്കീർത്തനം 46:5-7; യിരെമ്യാവ് 1:19.
പുനരുത്ഥാനംചെയ്ത യേശുവിനെ സംബോധനചെയ്തുകൊണ്ട് അപ്പോസ്തലനായ തോമസ് “എന്റെ കർത്താവും എന്റെ ദൈവവും” എന്ന് ഉദ്ഘോഷിച്ചു. (യോഹന്നാൻ 20:28) ഇതും മററു വിവരണങ്ങളും “യേശു ദൈവപുത്രനായ ക്രിസ്തു എന്നു [നാം] വിശ്വസിക്കേണ്ടതിന് . . .എഴുതിയിരിക്കുന്നു.” തോമസ്, “എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” എന്ന സന്ദേശം തന്റെ ശിഷ്യൻമാർക്ക് അയച്ച യേശു പറഞ്ഞതിന് വിരുദ്ധമായി പറയുകയല്ലായിരുന്നു. (യോഹന്നാൻ 20:17, 30, 31) അതുകൊണ്ട് യേശു സർവശക്തനായ ദൈവമായിരുന്നുവെന്ന് തോമസ് വിചാരിച്ചില്ല. “ഏകസത്യദൈവ”മല്ലെങ്കിലും ക്രിസ്തു “ഒരു ദൈവ”മാണെന്നുള്ള അർത്ഥത്തിൽ “എന്റെ ദൈവം” എന്ന് തോമസ് യേശുവിനെ സംബോധനചെയ്തിരിക്കാം. (യോഹന്നാൻ 1:1; 17:1-3) അല്ലെങ്കിൽ “എന്റെ ദൈവം” എന്നു പറഞ്ഞതിനാൽ തോമസ് യേശുവിനെ ദൈവത്തിന്റെ വക്താവോ പ്രതിനിധിയോ എന്ന നിലയിൽ സമ്മതിക്കുകയായിരിക്കാം, മററു ചിലർ ഒരു ദൂതസന്ദേശവാഹകനെ അവൻ യഹോവയാണെന്നുള്ള മട്ടിൽ സംബോധനചെയ്യുന്നതുപോലെ.—ഉല്പത്തി 18:1-5; 22-33; 31:11-13; 32:24-30; ന്യായാധിപൻമാർ 2:1-5; 6:11-15; 13:20-22.
ആ സ്ഥിതിക്ക്, ബൈബിളനുസരിച്ച്, യേശുവിന് വചനമെന്ന നിലയിൽ ഒരു മനുഷ്യത്വപൂർവ അസ്തിത്വമുണ്ടായിരുന്നു. ഭൂമിയിലായിരുന്നപ്പോൾ അവൻ ഒരു ദിവ്യ ദൈവ-മനുഷ്യൻ അല്ലായിരുന്നു. ആദിയിൽ ആദാം ആയിരുന്നതുപോലെ, പൂർണ്ണനായിരുന്നെങ്കിലും, അവൻ മുഴുവനായും മനുഷ്യനായിരുന്നു. യേശുവിന്റെ പുനരുത്ഥാനം മുതൽ അവൻ എന്നും ദൈവത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഉയർത്തപ്പെട്ടിരിക്കുന്ന ഒരു അമർത്യാത്മാവാണ്. അതുകൊണ്ട്, തിരുവെഴുത്തുകൾ “ക്രിസ്തുവിന്റെ ദൈവത്വ”ത്തിന്റെ ആശയത്തെ പിന്താങ്ങുന്നില്ല.
[23-ാം പേജിലെ ചതുരം]
ദൂതൻമാർ യേശുവിനെ ആരാധിക്കുന്നുവോ?
എബ്രായർ 1:6ന്റെ ചില ഭാഷാന്തരങ്ങൾ ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ സകല ദൂതൻമാരും അവനെ [യേശുവിനെ] ആരാധിക്കട്ടെ.” (കിംഗ് ജെയിംസ് വേർഷൻ; ദി ജറൂസലം ബൈബിൾ) അപ്പോസ്തലനായ പൗലോസ് സെപ്ററുവജിൻറ് ഉദ്ധരിച്ചുവെന്നു തോന്നുന്നു, അത് സങ്കീർത്തനം 97:7-ൽ ഇങ്ങനെ പറയുന്നു: “അവന്റെ സകല ദൂതൻമാരും അവനെ [ദൈവത്തെ] ആരാധിക്കട്ടെ.”—സി. തോംസൺ.
എബ്രായർ 1:6-ൽ “ആരാധിക്കട്ടെ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം (പ്രോസ്കൈനിയോ) സെപ്ററുവജിൻറിൽ സങ്കീർത്തനം 97:7-ൽ “കുമ്പിടുക” എന്നർത്ഥമുള്ള ഒരു എബ്രായപദത്തിനുവേണ്ടി (ഷാഹാ) ഉപയോഗിച്ചിരിക്കുന്നു. ഇത് മനുഷ്യരോടുള്ള ആദരവിന്റെ ഒരു സ്വീകാര്യമായ പ്രവൃത്തി ആയിരിക്കാൻ കഴിയും. (ഉല്പത്തി 23:7; 1 ശമുവേൽ 24:8; 2 രാജാക്കൻമാർ 2:15) അല്ലെങ്കിൽ സത്യദൈവത്തിന്റെ ആരാധനയോടോ വ്യാജദൈവങ്ങളിലേക്ക് നയിക്കപ്പെടുന്ന ആരാധനയോടോ ബന്ധപ്പെട്ടിരിക്കാൻ കഴിയും.—പുറപ്പാട് 23:24; 24:1; 34:14; ആവർത്തനം 8:19
സാധാരണയായി യേശുവിനു കൊടുക്കപ്പെടുന്ന പ്രോസ്കൈനിയോ രാജാക്കൻമാരോടും മററുള്ളവരോടുമുള്ള ആദരവിന് അനുയോജ്യമാണ്. (മത്തായി 2:2, 8; 8:2; 9:18; 15:25; 20:20 ഇവ 1 ശമുവേൽ 25: 23, 24; 2 ശമുവേൽ 14:4-7; 1 രാജാക്കൻമാർ 1:16; 2 രാജാക്കൻമാർ 4:36, 37 എന്നിവയുമായി താരതമ്യപ്പെടുത്തുക.) യേശുവിന് മിക്കപ്പോഴും ദൈവമെന്ന നിലയിലല്ല, പിന്നെയോ “ദൈവപുത്രൻ” അല്ലെങ്കിൽ മശിഹൈക “ദൈവപുത്രൻ” എന്ന നിലയിലാണ് ആദരവ് അർപ്പിക്കപ്പെടുന്നത് എന്നു വ്യക്തമാണ്.—മത്തായി 14:32, 33; ; ലൂക്കോസ് 24:50-52; യോഹന്നാൻ 9:35, 38.
എബ്രായർ 1:6 ദൈവത്തിൻകീഴിലെ യേശുവിന്റെ സ്ഥാനത്തോട് ബന്ധപ്പെട്ടിരിക്കുന്നു. (ഫിലിപ്പിയർ 2:9-11) ഇവിടെ ചില ഭാഷാന്തരങ്ങൾ പ്രോസ്കൈനിയോ “ആദരവു കാട്ടുക” എന്നും (ന്യൂ ഇംഗ്ലീഷ് ബൈബിൾ) “പ്രണാമംചെയ്യുക” എന്നും (പുതിയലോകഭാഷാന്തരം) അഥവാ “മുമ്പിൽ കുമ്പിടുക” എന്നും (ആൻ അമേരിക്കൻ ഭാഷാന്തരം) വിവർത്തനം ചെയ്യുന്നു. ഒരുവൻ “ആരാധിക്കുക” എന്ന വിവർത്തനം കൂടുതൽ ഇഷ്ടപ്പെടുന്നുവെങ്കിൽ അങ്ങനെയുള്ള ആരാധന ആപേക്ഷികമാണ്, എന്തുകൊണ്ടെന്നാൽ യേശു സാത്താനോട് ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെയാണ് നീ ആരാധിക്കേണ്ടത് [പ്രോസ്കൈനിയോയുടെ രൂപം], അവനു മാത്രമാണ് നീ വിശുദ്ധസേവനം അർപ്പിക്കേണ്ടത്.”—മത്തായി 4:8-10.
ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചു പറയുന്ന സങ്കീർത്തനം 97:7 എബ്രായർ 1:6-ൽ ക്രിസ്തുവിന് ബാധകമാക്കപ്പെട്ടെങ്കിലും പുനരുത്ഥാനം പ്രാപിച്ച യേശു “[ദൈവ] മഹത്വത്തിന്റെ പ്രതിബിംബവും അവന്റെ അസ്തിത്വത്തിന്റെതന്നെ കൃത്യമായ പ്രതിനിധാനവും” ആണെന്ന് പൗലോസ് പ്രകടമാക്കിയിരുന്നു. (എബ്രായർ 1:1-3) അതുകൊണ്ട് ദൂതൻമാർ ദൈവപുത്രനു കൊടുക്കുന്ന ഏതു ആരാധനയും ആപേക്ഷികമാണ്, അവനിലൂടെ യഹോവയിലേക്കാണ് നയിക്കപ്പെടുന്നത്.