“വെളിച്ചവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനുകളിലേക്കു സ്വാഗതം
സൃഷ്ടി ദിവസങ്ങളിൽ ഒന്നാമത്തേതിൽതന്നെ ഭൂമിയോടുള്ള ബന്ധത്തിൽ വെളിച്ചത്തിന്റെ സൃഷ്ടി നടന്നു. “വെളിച്ചം ഉണ്ടാകട്ടെ” എന്ന് യഹോവയാം ദൈവം പറഞ്ഞതായി നാം വായിക്കുന്നു. “വെളിച്ചം ഉണ്ടായി.” (ഉല്പത്തി 1:3) അത് അപ്പോസ്തലനായ യോഹന്നാൻ എഴുതിയതിനോട് ചേർച്ചയിലാണ്: “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല.”—1 യോഹന്നാൻ 1:5.
ദൈവത്തിന്റെ പുത്രൻ അവന്റെ പിതാവിനോട് ഐക്യത്തിലാകയാൽ “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന് യേശു ഒരിക്കൽ പറഞ്ഞത് ആശ്ചര്യമല്ല. (യോഹന്നാൻ 9:5) നമുക്ക് യഹോവയാം ദൈവത്തിലും അവന്റെ പുത്രനിലും വിശ്വാസമർപ്പിച്ചുകൊണ്ട് ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് വരാൻ കഴിയും. യേശു ഇങ്ങനെയും സാക്ഷിപ്പെടുത്തി: “എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിക്കാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.” (യോഹന്നാൻ 12:46) അതുകൊണ്ട് ഉചിതമായി, യേശുക്രിസ്തു തന്റെ സത്യാനുഗാമികളെ സംബന്ധിച്ച് “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. . . . മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്നു പറയുകയുണ്ടായി.—മത്തായി 5:14, 16.
സത്യം, “വിശ്വസ്തനും വിവേകിയുമായ അടിമ”യാൽ വ്യക്തമാക്കപ്പെടുന്ന വിധത്തിലുള്ള ദൈവവചനത്തിന്റെ ഗ്രാഹ്യം, ഉണ്ടായിരിക്കുന്നത് എന്തൊരു അനുഗ്രഹമാണ്! (മത്തായി 24:45-47) മേലാൽ നാം ഒരു ത്രിത്വത്തിലുള്ള വിശ്വാസത്താൽ അന്ധാളിച്ചുപോകുന്നില്ല; സർവശക്തനും സ്നേഹവാനുമായ ഒരു ദൈവം ദുഷ്ടതയും അക്രമവും അനുവദിക്കുന്നതിന്റെ കാരണം സംബന്ധിച്ച് നാം മേലാൽ കുഴഞ്ഞുപോകുന്നില്ല; മേലാൽ നാം മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച് സംശയത്തിലല്ല. വെളിച്ചം നമുക്ക് പ്രത്യാശ, രാജ്യപ്രത്യാശ, നൽകിയിരിക്കുന്നു. സ്രഷ്ടാവ് എത്ര അത്ഭുതവാനായ ദൈവമാണെന്ന് അത് നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നു. സത്യത്തിന്റെ വെളിച്ചം നമുക്ക് ജീവിതോദ്ദേശ്യം നൽകിയിരിക്കുന്നു, ഒന്നാമതുതന്നെ നമ്മുടെ നിർമ്മാതാവായ യഹോവയാം ദൈവത്തെ മഹത്വപ്പെടുത്തുകയെന്ന, നാം സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യം സാധിക്കുകയെന്നതുതന്നെ. നാം ഇതു ചെയ്യുന്നത് വെളിച്ചവാഹകരായിരിക്കുന്നതിനാലാണ്. വെളിച്ചവാഹകരായിരിക്കുകയെന്നത് ഒരു വലിയ ബഹുമതിയും പദവിയുമാണ്, എന്നാൽ അത് ഗൗരവമുള്ള ഒരു ഉത്തരവാദിത്വം കൂടെയാണ്. ആ കടപ്പാട് നന്നായി നിറവേററുന്നതിന്, നാം യഹോവ പ്രദാനംചെയ്യുന്ന സകല സഹായവും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് 1992ലെ നമ്മുടെ ഡിസ്ട്രിക്ററ് കൺവെൻഷനുകൾക്ക് “വെളിച്ചവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനുകൾ എന്നു പേരിട്ടിരിക്കുന്നത് എത്ര ഉചിതമാണ്!
വെളിച്ചവാഹകരായുള്ള നമ്മുടെ റോളിലെ നമ്മുടെ വൈദഗ്ദ്ധ്യങ്ങളും നമ്മുടെ വിലമതിപ്പും മെച്ചപ്പെടത്തുന്നതിന്, നാം ഈ കൺവെൻഷനുകളിൽ ഒരെണ്ണത്തിനെങ്കിലും ഹാജരാകാനും പ്രാരംഭഗീതത്തിന് സന്നിഹിതരായിരുന്ന് സമാപനപ്രാർത്ഥനവരെ ഇരിക്കാനും നാം ആഗ്രഹിക്കും. പ്രസംഗങ്ങളിലോ അഭിമുഖങ്ങളിലോ അനുഭവങ്ങളിലോ ഒരു നാടകത്തിലോ ആയാലും പ്രസംഗപീഠത്തിൽനിന്ന് പറയുന്നതിനെല്ലാം സൂക്ഷ്മശ്രദ്ധ കൊടുക്കാൻ നാം ആഗ്രഹിക്കും. കുറിപ്പുകളുണ്ടാക്കുന്നത് നമ്മുടെ ഓർമ്മകളെ പുതുക്കുന്നതിന് പിന്നീട് പരിശോധിക്കാൻ നമുക്ക് എന്തെങ്കിലും നൽകുന്നുവെന്നു മാത്രമല്ല, അവതരിപ്പിക്കപ്പെടുന്നതിൽ കേന്ദ്രീകരിക്കുന്നതിന് നമ്മെ അതിയായി സഹായിക്കുകയും ചെയ്യുന്നു. അതെ, കൺവെൻഷൻ പരിപാടിയിലുടനീളം നാം കേൾക്കുന്ന വിധത്തിന് സൂക്ഷ്മശ്രദ്ധ കൊടുക്കാൻ നാം ആഗ്രഹിക്കും.—ലൂക്കോസ് 8:18.
[കൺവെൻഷൻ മേൽവിലാസങ്ങൾക്കു പകരം മറ്റൊരു ലേഖനം ഉൾപ്പെടുത്തിയിരിക്കുന്നു]