അന്താരാഷ്ട്ര സുരക്ഷിതത്വത്തിനുവേണ്ടിയുള്ള മനുഷ്യന്റെ പദ്ധതികൾ
“ഇതെല്ലാം കഴിയുമ്പോൾ ഞങ്ങൾ സൗഖ്യദായകരായിരിക്കാൻ ആഗ്രഹിക്കുന്നു. ഒരു നൂതന ലോകക്രമം എന്ന് എനിക്ക് ശുഭാപ്തിവിശ്വാസത്തോടെ വിളിക്കാവുന്നതിനു സൗകര്യമുണ്ടാക്കാൻ ഞങ്ങളാൽ കഴിയുന്നത് ചെയ്യാൻ ഞങ്ങളാഗ്രഹിക്കുന്നു.”—യു.എസ്. പ്രസിഡണ്ട് ജോർജ്ജ് ബുഷ്, ജനുവരി 1991, ഇറാക്കുമായുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞ് അല്പകാലശേഷം
“ഒരു നൂതന ലോകക്രമത്തെ സംബന്ധിച്ച പ്രസിഡണ്ട് ബുഷിന്റെ സങ്കല്പനം നിയമവാഴ്ചയുടെ പ്രാധാന്യത്തിനും രാഷ്ട്രങ്ങൾക്ക് സ്വാതന്ത്ര്യത്തിനും നീതിക്കുമുള്ള സംയുക്ത ഉത്തരവാദിത്വമുണ്ടെന്നുള്ള വിശ്വാസത്തിനും ഊന്നൽ കൊടുക്കുന്നു. ശീതസമരം അവസാനിച്ചതോടെ ഒരു പുതുയുഗം രൂപംകൊള്ളുകയാണ്.”—ആസ്ത്രേലിയായിലെ യു.എസ്. അംബാസിഡർ, ആഗസ്ററ് 1991.
“ഇന്നു രാത്രി ജനാധിപത്യത്തിലെ സംഭവങ്ങൾ ഗോളത്തിനു ചുററും വികാസം പ്രാപിക്കുന്നത് ഞാൻ കാണുമ്പോൾ, ഒരുപക്ഷേ—ഒരുപക്ഷേ നാം മുമ്പെന്നത്തേതിലുമേറെ ആ പുതിയ ലോകത്തോട് അടുത്തിരിക്കുകയാണ്.”—യു.എസ്. പ്രസിഡണ്ട് ജോർജ്ജ് ബുഷ്, സെപ്ററംബർ 1991.
അനേകം ലോകനേതാക്കൻമാർ പ്രസിഡണ്ട് ബുഷിനെപ്പോലെയാണ്, ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ സംസാരിക്കുന്നു. അവരുടെ ശുഭാപ്തിവിശ്വാസത്തിന് നല്ല കാരണമുണ്ടോ? രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള സംഭവങ്ങൾ അങ്ങനെയുള്ള ശുഭാപ്തിവിശ്വാസത്തിന് അടിസ്ഥാനം നൽകുന്നുണ്ടോ? അന്താരാഷ്ട്ര സുരക്ഷിതത്വം കൈവരുത്താൻ രാജ്യതന്ത്രജ്ഞൻമാർക്ക് കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?
മനുഷ്യന്റെ പ്രമുഖ പദ്ധതി
“രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുവിലത്തെ രണ്ടു വർഷങ്ങളിൽ ഓരോ മാസവും പത്തുലക്ഷത്തിൽപരം ആളുകൾ കൊല്ലപ്പെട്ടുകൊണ്ടിരുന്നു”വെന്ന് ഗുഡ്ബൈ വാർ എന്ന റെറലിവിഷൻ ഡോക്കുമെൻററി വിശദീകരിച്ചു. ആ സമയത്ത്, അങ്ങനെയുള്ള ഒരു യുദ്ധം വീണ്ടും സംഭവിക്കുന്നതിൽനിന്ന് തടയാനുള്ള ഒരു പദ്ധതിയുടെ അടിയന്തിരാവശ്യം രാഷ്ട്രങ്ങൾക്ക് തോന്നുകയുണ്ടായി. യുദ്ധം നടന്നുകൊണ്ടിരുന്നപ്പോൾത്തന്നെ, 50 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ മനുഷ്യൻ അന്താരാഷ്ട്ര സുരക്ഷിതത്വത്തിനുവേണ്ടി ആസൂത്രണംചെയ്തിട്ടുള്ളതിലേക്കും ഏററവും പ്രമുഖമായ പദ്ധതി ഉളവാക്കി: ഐക്യരാഷ്ട്രങ്ങളുടെ ചാർട്ടർ. ചാർട്ടറിന്റെ ആമുഖം “പിന്തുടർന്നുവരുന്ന തലമുറകളെ യുദ്ധത്തിന്റെ ബാധയിൽനിന്ന് രക്ഷിക്കുന്നതിനുള്ള” നിശ്ചയത്തെ പ്രകടമാക്കുകയുണ്ടായി. ഐക്യരാഷ്ട്രങ്ങളുടെ ഭാവി അംഗങ്ങൾ തങ്ങളുടെ “ശക്തിയെ അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നതിന് സംയോജിപ്പി”ക്കേണ്ടിയിരുന്നു.
നാല്പത്തൊന്നു ദിവസം കഴിഞ്ഞ്, ജപ്പാനിലെ ഹിരോഷിമായിൽ ഒരു വിമാനം ഒരു അണുബോംബിട്ടു. അത് നഗരമദ്ധ്യത്തിൻമീതെ പൊട്ടിത്തെറിച്ച് 70,000-ത്തിൽപരമാളുകളെ കൊന്നു. ആ സ്ഫോടനവും മൂന്നു ദിവസത്തിനുശേഷം നാഗസാക്കിക്കു മുകളിൽ ഉണ്ടായതും ജപ്പാനുമായുള്ള യുദ്ധത്തിന് ഫലപ്രദമായി അറുതിവരുത്തി. ജപ്പാന്റെ സഖ്യകക്ഷിയായിരുന്ന ജർമ്മനി 1945 മെയ് 7-ന് കീഴടങ്ങിയിരുന്നതുകൊണ്ട് രണ്ടാം ലോകമഹായുദ്ധം അങ്ങനെ അവസാനിച്ചു. എന്നിരുന്നാലും അത് സ കല യുദ്ധങ്ങളുടെയും അവസാനമായിരുന്നോ?
അല്ലായിരുന്നു. രണ്ടാം ലോകമഹായുദ്ധം മുതൽ മനുഷ്യവർഗ്ഗം 1കോടി 90ലക്ഷത്തിൽപരം ആളുകളുടെ ജീവൻ ഒടുക്കിയ 150 ചെറിയ യുദ്ധങ്ങൾ കണ്ടിരിക്കുന്നു. സുവ്യക്തമായി, പ്രമുഖമായ യുഎൻ പദ്ധതി ഇതുവരെയും അന്താരാഷ്ട്ര സുരക്ഷിതത്വം കൈവരുത്തിയിട്ടില്ല. എന്തു കുഴപ്പമാണ് പററിയത്?
ശീതസമരം
മുൻ രണ്ടാം ലോകമഹായുദ്ധ സഖ്യകക്ഷികൾക്കിടയിൽ പെട്ടെന്ന് വികാസംപ്രാപിച്ച മാത്സര്യം പ്രതീക്ഷിക്കുന്നതിൽ യുഎൻ ആസൂത്രകർ പരാജയപ്പെട്ടു. അനേകം രാഷ്ട്രങ്ങൾ ശീതസമരം എന്നു വിളിക്കപ്പെടാനിടയായ ഈ ശാക്തികപോരാട്ടത്തിൽ പക്ഷംപിടിച്ചു, അത് ഭാഗികമായി കമ്മ്യൂണിസവും മുതലാളിത്വവും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നു. യുദ്ധം നിർത്തലാക്കുന്നതിന് തങ്ങളുടെ ശക്തി സംയോജിപ്പിക്കുന്നതിനു പകരം രാഷ്ട്രങ്ങളുടെ ഈ രണ്ടു ചേരികൾ പ്രാദേശിക പോരാട്ടങ്ങളിൽ എതിർ പക്ഷങ്ങളെ പിന്തുണക്കുകയും ഈ വിധത്തിൽ ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കാകളിലും അന്യോന്യം പൊരുതുകയും ചെയ്തു.
ശീതസമരം 1960കളുടെ ഒടുവിൽ ശമിക്കാൻ തുടങ്ങി. 35 രാഷ്ട്രങ്ങൾ ഹെൽസിങ്കി ഉടമ്പടി എന്ന് വിളിക്കപ്പെടുന്നതിൽ ഒപ്പുവെച്ച 1975-ൽ ശീതസമര ശമനം പാരമ്യത്തിലെത്തി. പങ്കെടുത്തവരിൽ സോവ്യററ് യൂണിയനും ഐക്യനാടുകളും ഒപ്പം അവരുടെ യഥാക്രമ യൂറോപ്യൻ സഖ്യകക്ഷികളും ഉൾപ്പെട്ടു. എല്ലാവരും “സമാധാനത്തിനും സുരക്ഷിതത്വ”ത്തിനും വേണ്ടി പ്രവർത്തിക്കാമെന്നും “ഏതു രാഷ്ട്രത്തിന്റെയും പ്രദേശപരമായ അഖണ്ഡതക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുമെതിരായ അല്ലെങ്കിൽ ഐക്യരാഷ്ട്രങ്ങളുടെ ഉദ്ദേശ്യത്തോടു പൊരുത്തപ്പെടാത്ത ഭീഷണിയിൽനിന്ന് അല്ലെങ്കിൽ ബലപ്രയോഗത്തിൽ നിന്ന് . . . ഒഴിഞ്ഞിരിക്കാമെന്നും” വാഗ്ദാനംചെയ്തു.
എന്നാൽ ഈ ആശയങ്ങൾ ഫലവത്തായില്ല. 1980കളുടെ പ്രാരംഭത്തിൽ വൻശക്തികൾ തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തിപ്പെട്ടു. 1982-ൽ ഐക്യരാഷ്ട്രങ്ങളുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ജനറലായിരുന്ന ഡോ. ജാവിയർ പെരെസ് ഡിക്വയർ തന്റെ സംഘടനയുടെ പരാജയം സമ്മതിച്ചുപറയുകയും ഒരു “പുതിയ അന്താരാഷ്ട്ര അരാജകത്വ”ത്തെക്കുറിച്ച് മുന്നറിയിപ്പുകൊടുക്കുകയും ചെയ്തു.
എന്നിരുന്നാലും, ഇന്ന്, യു.എൻ. സെക്രട്ടറി ജനറലും മററു നേതാക്കൻമാരും ശുഭാപ്തിവിശ്വാസമാണ് പ്രകടമാക്കുന്നത്. വാർത്താറിപ്പോർട്ടുകൾ “ശീതസമരാനന്തര യുഗ”ത്തെ പരാമർശിക്കുന്നു. എങ്ങനെയാണ് ഈ മാററം ഉണ്ടായത്?
“ശീതസമരാനന്തര യുഗം”
ഒരു ശ്രദ്ധാർഹമായ ഘടകം യൂറോപ്പിലെ സുരക്ഷിതത്വവും സഹകരണവും സംബന്ധിച്ച 35-രാഷ്ട്ര കോൺഫറൻസിന്റെ ഒരു യോഗമായിരുന്നു. 1986 സെപ്ററംബറിൽ, അവർ സ്റേറാക്ക്ഹോം പ്രമാണം എന്നു വിളിക്കപ്പെടുന്നതിൽ ഒപ്പുവെച്ചു, 1975-ലെ ഹെൽസിങ്കി ഉടമ്പടിaയോടുള്ള തങ്ങളുടെ പ്രതിബദ്ധതക്ക് വീണ്ടും ഉറപ്പുകൊടുത്തുകൊണ്ടുതന്നെ. സ്റേറാക്ക്ഹോം ഉടമ്പടിയിൽ പട്ടാളപ്രവർത്തനങ്ങളുടെ നിരീക്ഷണത്തെ ഭരിക്കുന്ന അനേകം നിയമങ്ങൾ അടങ്ങിയിട്ടുണ്ട്. “കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ഫലങ്ങൾ പ്രോൽസാഹജനകമാണ്, നേട്ടത്തിന്റെ അളവ് സ്റേറാക്ക്ഹോം ഉടമ്പടിയുടെ ലിഖിത കടപ്പാടുകളെ കവിയാൻ തുടങ്ങിയിരിക്കുന്നു” എന്ന് സിപ്രി (SIPPRI, സ്റേറാക്ക്ഹോം ഇൻറർനാഷനൽ പീസ് റിസേർച്ച് ഇൻസ്ററിററ്യൂട്ട്) അതിന്റെ വാർഷികപ്പുസ്തകം 1990-ൽ റിപ്പോർട്ടുചെയ്തു.
പിന്നീട്, 1987-ൽ വൻശക്തികൾ 500നും 5500നും ഇടക്ക് കിലോമീററർ സഞ്ചാരപരിധിയുള്ള കരയിൽനിന്ന് അയക്കുന്ന തങ്ങളുടെ സകല മിസൈലുകളുടെയും നശീകരണം ആവശ്യപ്പെട്ടുകൊണ്ട് ശ്രദ്ധേയമായ ഒരു യോജിപ്പിലെത്തി. “മിസൈലുകളുടെയും ലോഞ്ചറുകളുടെയും ഭൗതികമായ നശിപ്പിക്കൽ പട്ടികപ്രകാരംതന്നെ നടക്കുന്നു, ഉടമ്പടികളിലെ വ്യവസ്ഥകൾ ഓരോ പക്ഷവും ഉചിതമായി പാലിക്കുന്നുണ്ട്” എന്ന് സിപ്രി പറയുന്നു.
ന്യൂക്ലിയർ യുദ്ധത്തിന്റെ അപകടം കുറക്കാൻ മററു നടപടികളും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, 1988-ൽ “ഭൂഖണ്ഡാന്തര ബാലിസ്ററിക്ക് മിസൈലുകളും അന്തർവാഹിനിയാൽ വിക്ഷേപിക്കപ്പെടുന്ന ബാലിസ്ററിക്ക് മിസൈലുകളും”സംബന്ധിച്ച ഒരു ഉടമ്പടിയിൽ വൻശക്തികൾ ഒപ്പുവെച്ചു. അങ്ങനെയുള്ള ആയുധങ്ങൾ തൊടുത്തുവിടുന്നതിനുമുമ്പ് ഓരോ പക്ഷവും മറേറതിന് “ഇരുപത്തിനാലിൽ കുറയാത്ത മണിക്കൂറുകൾക്കുമുമ്പ് ആസൂത്രിത തീയതിയെയും തൊടുത്തുവിടുന്ന പ്രദേശത്തെയും പരിണതഫലമുണ്ടാകാവുന്ന പ്രദേശത്തെയുംകുറിച്ച് മുന്നമേ” അറിയിപ്പു കൊടുക്കണം. സിപ്രി പറയുന്നതനുസരിച്ച് അങ്ങനെയുള്ള ഉടമ്പടികൾ “ഫലത്തിൽ പ്രാദേശിക സംഭവങ്ങൾ ഒരു ലോകവ്യാപക ന്യൂക്ലിയർ യുദ്ധമായി പടരുന്നതിനുള്ള സാദ്ധ്യതയെ നീക്കംചെയ്യുന്നു.”
ഇതിനിടയിൽ, അന്താരാഷ്ട്ര സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ത്വരിപ്പിക്കപ്പെട്ടു. 1990 മെയ്യിൽ വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന വൻശക്തികളുടെ ഒരു കോൺഫറൻസിൽ സോവ്യററ് പ്രസിഡണ്ടായിരുന്ന മീഖായേൽ ഗോർബച്ചേവ് യൂറോപ്യൻ രാഷ്ട്രങ്ങളുടെ ഇരുചേരികളും ഒരു സമാധാന ഉടമ്പടി ഒപ്പുവെക്കണമെന്ന് നിർദ്ദേശിച്ചു. ജൂലൈയിൽ 16 പാശ്ചാത്യ നേറേറാ (നോർത്ത് അററ്ലാൻറിക്ക് ട്രീററി ഓർഗനൈസേഷൻ) രാഷ്ട്രങ്ങൾ ലണ്ടനിൽ സമ്മേളിച്ചു. മീഖായേൽ ഗോർബച്ചേവിന്റെ നിർദ്ദേശത്തോടുള്ള അവരുടെ പ്രതികരണം ഇരുപക്ഷങ്ങളും “നാം മേലാൽ ശത്രുക്കളല്ലെന്ന് നാം സഗൗരവം പ്രസ്താവിക്കുന്നതും ബലഭീഷണിയിൽനിന്ന് അല്ലെങ്കിൽ ബലപ്രയോഗത്തിൽനിന്ന് ഒഴിഞ്ഞിരിക്കാനുള്ള നമ്മുടെ തീരുമാനത്തെ സ്ഥിരീകരിക്കുന്നതുമായ ഒരു സംയുക്ത പ്രഖ്യാപനത്തിൽ” ഒപ്പുവെക്കണമെന്നുള്ളതായിരുന്നു. ഇതിനെ “ലോകസമാധാനത്തിലേക്കുള്ള ഒരു അതിശക്തമായ ചുവടുവെയ്പ്” എന്ന് ഒരു ആഫ്രിക്കൻ പത്രത്തിന്റെ മുൻവശത്തെ ഒരു തലക്കെട്ട് വർണ്ണിക്കുകയുണ്ടായി.
പിന്നീട്, ഫിൻലണ്ടിലെ ഹെൽസിങ്കിയിൽ നടന്ന വൻശക്തികളുടെ ഒരു കോൺഫറൻസിന് തൊട്ടുമുമ്പ് “[മദ്ധ്യപൂർവദേശത്തെ] യുദ്ധ സാദ്ധ്യത ലോകസമാധാനത്തിനുള്ള ഒരു പുതിയ സമൂഹപദ്ധതി ആനയിക്കുകയാണ്” എന്ന് ഒരു യു.എസ്. ഗവൺമെൻറ് വക്താവ് പറയുകയുണ്ടായി. ഇറാക്ക് കുവൈററിനെ ആക്രമിക്കുകയും മദ്ധ്യപൂർവദേശത്ത് യുദ്ധം ആളിപ്പടരുന്നതിന്റെ അപകടമുണ്ടെന്ന് തോന്നുകയും ചെയ്തപ്പോൾ സമാധാനത്തിന് ഒരു തിരിച്ചടി ഉണ്ടായി. എന്നാൽ ഐക്യരാഷ്ട്രങ്ങളുടെ അധികാരത്തിൻകീഴിൽ ഐക്യനാടുകളാൽ നയിക്കപ്പെട്ട ഒരു അന്താരാഷ്ട്ര സൈന്യം ആക്രമണകാരികളായ സൈന്യത്തെ അവരുടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചോടിച്ചു. ആ യുദ്ധത്തിൽ പ്രകടമായ ഉദ്ദേശ്യത്തിലെ സാർവദേശീയമായ ഐക്യം സഹകരണത്തിന്റെ ഒരു പുതുയുഗം ഉദയംചെയ്തതായി പ്രത്യാശിക്കുന്നതിന് ചിലരെ പ്രോൽസാഹിപ്പിച്ചു.
അന്നുമുതൽ, ലോകസംഭവങ്ങൾ കൂടുതലായി വികാസംപ്രാപിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ഒരു കാലത്ത് സോവ്യററ് യൂണിയനായിരുന്നതിന്റെ സ്വഭാവംതന്നെ നാടകീയമായി മാറിപ്പോയിരിക്കുന്നു. ബാൾട്ടിക്ക് സംസ്ഥാനങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് അനുവദിക്കപ്പെട്ടു. സോവ്യററ് യൂണിയനിലെ മററു റിപ്പബ്ളിക്കുകളും അവരുടെ മാതൃകയെ അനുകരിച്ചു. കേന്ദ്രീകൃത കമ്മ്യൂണിസ്ററ് ഭരണത്തിൻകീഴിൽ ഏകരൂപമെന്ന് തോന്നിയിരുന്ന ദേശങ്ങളിൽ അക്രമാസക്തമായ വംശീയ മാത്സര്യങ്ങൾ പൊന്തിവന്നു. ഇതിനിടയിൽ, പൂർവ യൂറോപ്യൻ രാജ്യങ്ങൾ കഠിനമായ സാമ്പത്തികപ്രയാസങ്ങളെ നേരിടുന്നതിനുള്ള സഹായം തേടി തങ്ങളുടെ മുൻ ശത്രുവിനെ സമീപിച്ചു.
ലോക രാഷ്ട്രീയരംഗത്തെ ഈ സമൂല മാററങ്ങൾ ഐക്യരാഷ്ട്ര സംഘടനക്ക് അവസരത്തിന്റെ വാതിൽ തുറന്നുകൊടുത്തിരിക്കുന്നു. ഈ കാര്യം സംബന്ധിച്ച് ദി ന്യൂയോർക്ക് റൈറംസ് ഇങ്ങനെ പറഞ്ഞു: “ലോകവ്യാപക സംഘർഷങ്ങളിലെ അയവിനും ഐക്യനാടുകളും സോവ്യററ്യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ആത്മാവിനും ലോകസംഘടനക്ക് അന്താരാഷ്ട്രകാര്യങ്ങളിൽ പുതിയതും കൂടുതൽ ശക്തവുമായ ഒരു റോൾ കിട്ടുന്നതിനെ അർഥമാക്കാൻ കഴിയും.”
നാല്പത്തേഴു വർഷത്തെ പഴക്കമുള്ള സ്ഥാപനത്തിന് എന്തു ചെയ്യാൻ കഴിയുമെന്നു പ്രകടമാക്കുന്നതിനുള്ള സമയം ഒടുവിൽ വന്നിരിക്കുകയാണോ? നാം യഥാർത്ഥത്തിൽ ഐക്യനാടുകൾ “ഒരു പുതിയ നൂററാണ്ടും സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരു പുതിയ സഹസ്രാബ്ദവും” എന്നു വിളിച്ചതിലേക്ക് യഥാർത്ഥത്തിൽ പ്രവേശിക്കുകയാണോ?
[അടിക്കുറിപ്പുകൾ]
a ഈ ഉടമ്പടി കാനഡായും ഐക്യനാടുകളും സോവ്യററ് യൂണിയനും വേറേ 32 രാജ്യങ്ങളും ഹെൽസിങ്കിയിൽ ഒപ്പുവെച്ച കരാറുകളിൽ ആദ്യത്തേതും അതിപ്രധാനവുമാണ്. മുഖ്യ ഉടമ്പടിയുടെ ഔദ്യോഗിക നാമം ദി ഫൈനൽ ആക്ററ് ഓഫ് ദി കോൺഫറൻസ് ഓൺ സെക്യൂറിററി ആൻഡ് കോഓപ്പറേഷൻ ഇൻ യൂറോപ്പ് (യൂറോപ്പിലെ സുരക്ഷിതത്വവും സഹകരണവും സംബന്ധിച്ച കോൺഫറൻസിന്റെ അന്തിമ നിയമം) എന്നാണ്. അതിന്റെ അന്തിമ ലക്ഷ്യം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാർവദേശീയ സംഘർഷം കുറക്കുക എന്നതായിരുന്നു.—വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ.