ജസ്ററിൻ—തത്വചിന്തകൻ, വിശ്വാസ പ്രതിവാദി, രക്തസാക്ഷി
“ക്രിസ്ത്യാനികൾക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അവ തെളിയിക്കാൻ കഴിയുമെങ്കിൽ അവരെ അർഹിക്കുന്നപ്രകാരം ശിക്ഷിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു . . . എന്നാൽ ആർക്കും ഞങ്ങളെ യാതൊന്നിനെക്കുറിച്ചും കുററപ്പെടുത്താൻ കഴികയില്ലെങ്കിൽ, ഒരു ദുഷ്ട കിംവദന്തിയെപ്രതി കുററമില്ലാത്ത മനുഷ്യരെ ഉപദ്രവിക്കുന്നതിൽനിന്ന് നല്ല വിവേചന നിങ്ങളെ വിലക്കുന്നു . . . എന്തെന്നാൽ നിങ്ങൾ സത്യം മനസ്സിലാക്കിയിട്ട് നീതി ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ ഒഴികഴിവില്ലാതെ ദൈവമുമ്പാകെ നിലകൊള്ളും.”
പൊ.യു. രണ്ടാം നൂററാണ്ടിൽ ഒരു ക്രിസ്ത്യാനിയെന്ന് അവകാശപ്പെട്ട ജസ്ററിൻ മാർട്ടർ ഈ വാക്കുകളോടെ റോമൻ ചക്രവർത്തിയായിരുന്ന അന്റോണിയസ് പയസിനോട് അഭ്യർത്ഥിച്ചു. ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവരുടെ ജീവിതത്തെയും വിശ്വാസങ്ങളെയും കുറിച്ച് ഗൗരവമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ജസ്ററിൻ അപേക്ഷിച്ചു. നീതിക്കുവേണ്ടിയുള്ള ഈ അപേക്ഷ വളരെ രസാവഹമായ ഒരു പശ്ചാത്തലവും തത്വചിന്തയുമുണ്ടായിരുന്ന ഒരു മനുഷ്യനിൽനിന്നാണ് വന്നത്.
ആദ്യകാല ജീവിതവും പരിശീലനവും
ജസ്ററിൻ പൊ.യു. ഏതാണ്ട് 110-ൽ ശമര്യയിൽ ആധുനിക നാബസ്ല് ആയ ഫ്ളേവ്യ നേയാപ്പോളിസിൽ ജനിച്ച ഒരു വിജാതീയൻ ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവും പിതാമഹനും റോമാക്കാരോ ഗ്രീക്കുകാരോ ആയിരിക്കാനിടയുണ്ടെങ്കിലും അദ്ദേഹം തന്നേത്തന്നെ ഒരു ശമര്യക്കാരൻ എന്നു വിളിച്ചു. പുറജാതീയ ആചാരങ്ങളിലുള്ള അദ്ദേഹത്തിന്റെ വളർത്തലും ഒപ്പം സത്യത്തിനുവേണ്ടിയുള്ള ദാഹവും തത്വശാസ്ത്രത്തിന്റെ ഒരു ഉത്സുകമായ പഠനത്തിലേക്കു നയിച്ചു. സ്തോയിക്കരുടെയും അരിസ്റേറാട്ടിലിന്റെ അനുയായികളായ സഞ്ചാരപ്രസംഗകരുടെയും പൈതാഗൊരിയൻസിന്റെയും ഇടയിലെ തന്റെ അന്വേഷണത്തിൽ അതൃപ്തനായി അദ്ദേഹം പ്ലേറേറായുടെ ആശയങ്ങളെ പിന്തുടർന്നു.
ജസ്ററിന്റെ കൃതികളിലൊന്നിൽ, തത്വചിന്തകരുമായി സംഭാഷിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. “ഞാൻ ഒരു പ്രത്യേക സ്തോയിക്കന് എന്നേത്തന്നെ കീഴ്പ്പെടുത്തി; അദ്ദേഹവുമായി ഗണ്യമായ സമയം ചെലവഴിച്ചിട്ടും ദൈവത്തെക്കുറിച്ച് കൂടുതലായ അറിവൊന്നും ഞാൻ സമ്പാദിക്കാഞ്ഞപ്പോൾ (കാരണം അയാൾക്കുതന്നെ അറിവില്ലായിരുന്നു) . . . ഞാൻ അയാളെ ഉപേക്ഷിക്കുകയും മറെറാരാളെ സമീപിക്കുകയും ചെയ്തു”വെന്നും അദ്ദേഹം പറയുന്നു.—തത്വചിന്തകനും രക്തസാക്ഷിയുമായ ജസ്ററിൻ ഒരു യഹൂദനായ ട്രീഫോയുമായി നടത്തിയ സംഭാഷണം. [ഇംഗ്ലീഷിൽ മാത്രം ലഭ്യം]
അടുത്തതായി ജസ്ററിൻ സത്യത്തെക്കാൾ പണത്തിൽ തത്പരനായിരുന്ന ഒരു സഞ്ചാരപ്രസംഗകന്റെ അടുക്കൽ പോയി. “ആദ്യത്തെ ഏതാനും ദിവസങ്ങളിൽ എന്നെ സ്വീകരിച്ചശേഷം ഈ മനുഷ്യൻ ഞങ്ങളുടെ ആശയവിനിയമം ആദായരഹിതമാകാതിരിക്കുന്നതിന് ഫീസ് നിശ്ചയിക്കാൻ എന്നോടു പറഞ്ഞു. ഈ കാരണത്താൽ അയാളെയും ഞാൻ ഉപേക്ഷിച്ചു, അയാൾ തത്വചിന്തകനേ അല്ല എന്ന് വിശ്വസിച്ചുകൊണ്ട്” എന്ന് ജസ്ററിൻ പറയുന്നു.
“ഇഷ്ടപ്പെട്ട തത്വശാസ്ത്രം” കേൾക്കാനുള്ള ആകാംക്ഷയോടെ ജസ്ററിൻ “സുപ്രസിദ്ധനായിരുന്ന ഒരു പൈതാഗൊരിയന്റെ അടുക്കൽ ചെന്നു—സ്വന്തം ജ്ഞാനത്തെക്കുറിച്ച് വളരെയേറെ ഭാവിച്ചിരുന്ന ഒരു മനുഷ്യൻതന്നെ.” ജസ്ററിൻ പറയുന്നു: “അയാളുടെ ശ്രോതാവും ശിഷ്യനുമാകാനുള്ള സന്നദ്ധതയോടെ ഞാൻ അയാളുമായി ഒരു കൂടിക്കാഴ്ച നടത്തിയപ്പോൾ, അയാൾ പറഞ്ഞു, ‘അപ്പോൾ എന്ത്? നിങ്ങൾക്ക് സംഗീതവും ജ്യോതിശ്ശാസ്ത്രവും ക്ഷേത്രഗണിതവും പരിചയമുണ്ടോ, ആദ്യംതന്നെ ഇവസംബന്ധിച്ച് അറിവില്ലെങ്കിൽ, ഒരു സന്തുഷ്ട ജീവിതത്തിന് സഹായകമായ ഈ [ദൈവിക] കാര്യങ്ങളിലേതെങ്കിലും ഗ്രഹിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നുവോ?’ . . . എന്റെ അജ്ഞത ഞാൻ ഏററു പറഞ്ഞപ്പോൾ അയാൾ എന്നെ പറഞ്ഞയച്ചു.”
നിരുത്സാഹിതനായെങ്കിലും, ജസ്ററിൻ കീർത്തിപ്പെട്ട പ്ലേറേറായുടെ അനുയായികളിലേക്കു തിരിഞ്ഞുകൊണ്ട് സത്യത്തിനുവേണ്ടിയുള്ള അന്വേഷണം തുടർന്നു. അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: “തന്നിമിത്തം ഞാൻ സമീപകാലത്ത് ഞങ്ങളുടെ നഗരത്തിൽ പാർപ്പുറപ്പിച്ചിരുന്ന ഒരാളോടുകൂടെ—പ്ലേറേറായുടെ അനുയായികളുടെ ഇടയിൽ ഉന്നതസ്ഥാനവും നല്ല വിവേചനയുമുണ്ടായിരുന്ന ഒരാളോടുകൂടെ—എന്റെ സമയത്തിൽ സാദ്ധ്യമാകുന്നടത്തോളം ചെലവഴിച്ചു, ഞാൻ പുരോഗമിച്ചു, അനുദിനം ഏററവും വലിയ അഭിവൃദ്ധിവരുത്തുകയും ചെയ്തു . . . തന്നിമിത്തം അല്പകാലംകൊണ്ട് ഞാൻ ജ്ഞാനിയായിത്തീർന്നുവെന്ന് ഞാൻ വിചാരിച്ചു; അങ്ങനെയുള്ളതായിരുന്നു എന്റെ മൂഢത്വം,” ജസ്ററിൻ പര്യവസാനിപ്പിക്കുന്നു.
തത്വചിന്തകരുമായുള്ള സമ്പർക്കങ്ങളിലൂടെയുള്ള ജസ്ററിന്റെ സത്യാന്വേഷണം വ്യർത്ഥമായിരുന്നു. എന്നാൽ കടൽത്തീരത്ത് ധ്യാനിച്ചുകൊണ്ടിരുന്നപ്പോൾ, അയാൾ വൃദ്ധനായ ഒരു ക്രിസ്ത്യാനിയെ കണ്ടുമുട്ടി, “പ്രകൃതത്തിൽ തീർച്ചയായും നിന്ദ്യനല്ലാത്ത ഒരു പ്രത്യേക വൃദ്ധമനുഷ്യൻ, സൗമ്യവും ആദരണീയവുമായ ശീലങ്ങൾ പ്രകടമാക്കുന്നയാൾ.” തുടർന്നു നടന്ന സംഭാഷണം ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിന്റെ ആവശ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന അടിസ്ഥാന ബൈബിളുപദേശങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടു.—റോമർ 10:2, 3.
പേർപറഞ്ഞിട്ടില്ലാത്ത ആ ക്രിസ്ത്യാനി ജസ്ററിനോട് ഇങ്ങനെ പറഞ്ഞു: “ഈ കാലത്തിന് ദീർഘനാൾ മുമ്പ് വിലമതിക്കപ്പെടുന്ന ആ തത്വചിന്തകരെക്കാളെല്ലാം പഴക്കമുള്ളവരും നീതിമാൻമാരും ദൈവത്തിന്റെ പ്രിയരുമായിരുന്ന ചില മനുഷ്യർ ജീവിച്ചിരുന്നു . . . അവർ നടക്കാനിരിക്കുന്ന സംഭവങ്ങൾ മുൻകൂട്ടിപ്പറഞ്ഞു, അവ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അവർ പ്രവാചകൻമാർ എന്നു വിളിക്കപ്പെടുന്നു. ഇവർ മാത്രമാണ് പരിശുദ്ധാത്മാവു നിറഞ്ഞ് സത്യം മനസ്സിലാക്കുകയും മനുഷ്യരോടു ഘോഷിക്കുകയും ചെയ്തത്.” ജസ്ററിന്റെ വിശപ്പിനെ കൂടുതലായി വർദ്ധിപ്പിച്ചുകൊണ്ട് ക്രിസ്ത്യാനി ഇങ്ങനെ പറഞ്ഞു: “ഈ എഴുത്തുകൾ ഇപ്പോഴും സ്ഥിതിചെയ്യുന്നുണ്ട്, അവ വായിച്ചിട്ടുള്ളവൻ കാര്യങ്ങളുടെ ആരംഭത്തെയും അവസാനത്തെയും കുറിച്ചുള്ള തന്റെ അറിവിൽ വളരെയധികം സഹായിക്കപ്പെടുന്നു.” (മത്തായി 5:6; പ്രവൃത്തികൾ 3:18) ദയാലുവായ മാന്യൻ പ്രോൽസാഹിപ്പിച്ച പ്രകാരം ജസ്ററിൻ ഉത്സാഹപൂർവം തിരുവെഴുത്തുകൾ പരിശോധിച്ചു, അദ്ദേഹത്തിന്റെ എഴുത്തുകളിൽ കാണപ്പെടുന്ന പ്രകാരം അവയോടും ബൈബിൾപ്രവചനത്തോടും ഒരളവിലുള്ള വിലമതിപ്പ് നേടിയതായി തോന്നുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ കൃതികളുടെ ഒരു അടുത്ത വീക്ഷണം
മരണത്തിന്റെ മുമ്പിൽപോലുമുള്ള ക്രിസ്ത്യാനികളുടെ നിർഭയത്വത്തിൽ ജസ്ററിന് മതിപ്പുണ്ടായി. അദ്ദേഹം എബ്രായതിരുവെഴുത്തുകളുടെ സത്യമായ പഠിപ്പിക്കലുകളെയും വിലമതിച്ചു. തന്റെ ട്രീഫോയുമായി നടത്തിയ സംഭാഷണത്തിലെ വാദമുഖങ്ങളെ പിന്താങ്ങുന്നതിന്, ജസ്ററിൻ ഉല്പത്തി, പുറപ്പാട്, ലേവ്യപുസ്തകം, ആവർത്തനം, 2 ശമുവേൽ, 1 രാജാക്കൻമാർ, സങ്കീർത്തനങ്ങൾ, യെശയ്യാവ്, യിരെമ്യാവ്, യെഹെസ്ക്കേൽ, ദാനിയേൽ, ഹോശേയ, യോവേൽ, ആമോസ്, യോനാ, മീഖാ, സെഖര്യാവ്, മലാഖി എന്നിവയിൽനിന്നും അതുപോലെതന്നെ സുവിശേഷങ്ങളിൽനിന്നും ഉദ്ധരിച്ചു. ഈ ബൈബിൾപുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ വിലമതിപ്പ് ട്രീഫോയുമായുള്ള സംഭാഷണത്തിൽ കാണപ്പെടുന്നു, അതിൽ മശിഹായിൽ വിശ്വസിച്ച യഹൂദമതത്തെക്കുറിച്ച് ജസ്ററിൻ പ്രതിപാദിക്കുന്നു.
ജസ്ററിൻ ഏതവസരത്തിലും സുവാർത്ത ഘോഷിച്ചിരുന്ന ഒരു സുവിശേഷകനായിരുന്നുവെന്ന് റിപ്പോർട്ടുചെയ്യപ്പെടുന്നു. അദ്ദേഹം വിപുലമായി സഞ്ചരിച്ചിരിക്കാനിടയുണ്ട്. അദ്ദേഹത്തിന്റെ സമയത്തിൽ കുറെ എഫേസൂസിൽ ചെലവഴിക്കപ്പെട്ടു. അദ്ദേഹം ഗണ്യമായ ഒരു കാലഘട്ടത്തിൽ റോമിൽ വസിച്ചിരിക്കാനിടയുണ്ട്.
ജസ്ററിന്റെ സാഹിത്യകൃതികളിൽ ക്രിസ്ത്യാനിത്വത്തിന് അനുകൂലമായി എഴുതപ്പെട്ട അപ്പോളജീസ് (വിശ്വാസപ്രതിവാദങ്ങൾ) ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ഒന്നാമത്തെ അപ്പോളജിയിൽ തിരുവെഴുത്തുകളിൽനിന്നുള്ള വെളിച്ചം മുഖാന്തരം പുറജാതീയ തത്വചിന്തയുടെ കനത്ത ഇരുട്ടു നീക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ക്രിസ്തുവിന്റെ ശക്തിമത്തായ വാക്കുകൾക്കും പ്രവൃത്തികൾക്കും വിരുദ്ധമായി തത്വചിന്തകരുടെ ജ്ഞാനം വ്യാജവും പൊള്ളയുമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. (കൊലൊസ്യർ 2:8 താരതമ്യപ്പെടുത്തുക.) താൻ ബന്ധം പുലർത്തുന്ന നിന്ദിതരായ ക്രിസ്ത്യാനികൾക്കുവേണ്ടി അദ്ദേഹം വാദിക്കുന്നു. അദ്ദേഹത്തിന്റെ പരിവർത്തനത്തിനുശേഷം, അദ്ദേഹം ഒരു തതചിന്തകന്റെ വേഷം തുടർന്നും ധരിക്കുന്നു, താൻ യഥാർത്ഥമായ ഏക തത്വചിന്തയെ പ്രാപിച്ചിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടുതന്നെ.
പുറജാതീയ ദൈവങ്ങളെ ആരാധിക്കാൻ വിസമ്മതിച്ചതുനിമിത്തം രണ്ടാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ നിരീശ്വരരെന്നു പരിഗണിക്കപ്പെട്ടു. “ഞങ്ങൾ നിരീശ്വരൻമാരല്ല,” ജസ്ററിൻ തിരിച്ചടിച്ചു, “ഞങ്ങൾ ചെയ്യുന്നതുപോലെ, പ്രപഞ്ചനിർമ്മാതാവിനെ ഞങ്ങൾ ആരാധിക്കുന്നു . . . ഈ കാര്യങ്ങളെക്കുറിച്ചു ഞങ്ങളെ പഠിപ്പിച്ചവൻ യേശുക്രിസ്തു ആണ് . . . അവൻ സത്യദൈവത്തിന്റെ പുത്രനാണ്.” വിഗ്രഹാരാധനസംബന്ധിച്ച് ജസ്ററിൻ ഇങ്ങനെ പറഞ്ഞു: “ഒരു ദൈവമെന്ന് അവർ വിളിക്കുന്നതിനെ നിർമ്മിക്കുന്നത് അവരാണ്; അതു നിരർത്ഥകമെന്നു മാത്രമല്ല, ദൈവത്തെ നിന്ദിക്കുന്നതുമാണെന്ന് ഞങ്ങൾ പരിഗണിക്കുന്നു . . . നിങ്ങളുടെ ആരാധനക്കുവേണ്ടി ദുർവൃത്തരായ മനുഷ്യർ ദൈവങ്ങളെ രൂപപ്പെടുത്തി നിർമ്മിക്കുന്നതായി പറയുന്നത് എന്തൊരു മൂഢത്വം!”—യെശയ്യാവ് 44:14-20.
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ നിരവധി പരാമർശനങ്ങൾ സഹിതം ജസ്ററിൻ പുനരുത്ഥാനത്തിലും ക്രിസ്തീയ സൻമാർഗ്ഗനിഷ്ഠകളിലും സ്നാപനത്തിലും ബൈബിൾപ്രവചനത്തിലും (വിശേഷിച്ച് ക്രിസ്തുവിനെക്കുറിച്ചുള്ളത്) യേശുവിന്റെ ഉപദേശങ്ങളിലുമുള്ള തന്റെ വിശ്വാസം പ്രകടമാക്കുന്നു. യേശുവിനെ സംബന്ധിച്ച് ജസ്ററിൻ യെശയ്യാവിനെ ഉദ്ധരിച്ചുകൊണ്ടു പറയുന്നു: “ഭരണകൂടം [ക്രിസ്തുവിന്റെ] തോളിലായിരിക്കും.” ജസ്ററിൻ ഇങ്ങനെയും പറയുന്നു: “നാം ഒരു മനുഷ്യരാജ്യത്തിനുവേണ്ടി നോക്കുന്നുവെങ്കിൽ നാം നമ്മുടെ ക്രിസ്തുവിനെയും നിഷേധിക്കണം.” അദ്ദേഹം ക്രിസ്ത്യാനികളുടെ പീഡാനുഭവങ്ങളെയും കടപ്പാടുകളെയും കുറിച്ചു ചർച്ചചെയ്യുകയും ദൈവത്തിനുവേണ്ടിയുള്ള ഉചിതമായ സേവനം അവന്റെ ഇഷ്ടംചെയ്യുന്ന ഒരാളായിരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നുവെന്നു വിശ്വസിക്കുകയും “ഈ കാര്യങ്ങൾ പ്രസിദ്ധപ്പെടുത്താൻ ആളുകൾ സകല രാഷ്ട്രങ്ങളിലേക്കും അവനാൽ അയക്കപ്പെടണമെന്ന്” കൂടുതലായി പറയുകയും ചെയ്യുന്നു.
ജസ്ററിന്റെ രണ്ടാമത്തെ അപ്പോളജി (ഒന്നാമത്തേതിന്റെ ഒരു തുടർച്ചമാത്രമാണെന്ന് വിശ്വസിക്കപ്പെടുന്നത്) റോമൻ സെനററിനെ സംബോധന ചെയ്യുന്നതാണ്. യേശുക്രിസ്തുവിനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിൽ എത്തിയശേഷം പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് ജസ്ററിൻ റോമാക്കാരോട് അഭ്യർത്ഥിക്കുന്നു. ക്രിസ്തീയ പൗരൻമാരുടെ നടത്തയിൽ പ്രതിഫലിച്ച യേശുവിന്റെ പഠിപ്പിക്കലുകളുടെ ധാർമ്മികശ്രേഷ്ഠത റോമൻ അധികാരികൾക്ക് മൂല്യവത്തായി തോന്നിയില്ല. പകരം, കേവലം ശിഷ്യത്വം ഏററുപറയുന്നതിന് മാരകമായ പരിണതഫലങ്ങൾ കൈവരുത്താൻ കഴിയുമായിരുന്നു. ക്രിസ്തീയ ഉപദേശങ്ങളുടെ ഒരു മുൻ ഉപദേഷ്ടാവിനെ സംബന്ധിച്ച് ജസ്ററിൻ ലൂസിയസ് എന്നു പേരുള്ള ഒരു വ്യക്തിയെ ഉദ്ധരിച്ചു, അയാൾ ഇങ്ങനെ ചോദിക്കുകയുണ്ടായി: “ഒരു വ്യഭിചാരിയോ ഒരു ദുർവൃത്തനോ ഒരു കൊലപാതകിയോ ഒരു കള്ളനോ കവർച്ചക്കാരനോ ആയിട്ടല്ലാതെയും ഏതെങ്കിലും കുററകൃത്യം ആരോപിക്കാതെയും ക്രിസ്ത്യാനിയെന്ന പേർവിളിക്കപ്പെടുന്നതായി ഏററുപറഞ്ഞിരിക്കുന്നതുകൊണ്ടുമാത്രം നിങ്ങൾ ഈ മനുഷ്യനെ ശിക്ഷിച്ചിരിക്കുന്നതെന്തുകൊണ്ട്?”
ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവർക്കെതിരായി ആ കാലത്തുണ്ടായിരുന്ന മുൻവിധിയുടെ വ്യാപ്തി ജസ്ററിന്റെ പ്രസ്താവനയാൽ സൂചിപ്പിക്കപ്പെടുന്നു: “അതുകൊണ്ട് ഞാൻ പേർപറഞ്ഞ ചിലരാൽ അല്ലെങ്കിൽ ഒരുപക്ഷേ ധീരതയെയും വീമ്പിളക്കലിനെയും ഇഷ്ടപ്പെടുന്ന ക്രേഷൻസിനാൽ എനിക്കെതിരായും ഗൂഢാലോചന നടത്തപ്പെട്ട് സ്തംഭത്തിലേററപ്പെടാൻ ഞാൻ പ്രതീക്ഷിക്കുന്നു; എന്തെന്നാൽ ക്രിസ്ത്യാനികൾ നിരീശ്വരൻമാരും ഭക്തിയില്ലാത്തവരുമാണെന്ന് പറഞ്ഞുകൊണ്ടും വഞ്ചിക്കപ്പെട്ട ജനക്കൂട്ടങ്ങളുടെ പ്രീതിനേടാനും അവരെ പ്രസാദിപ്പിക്കാനും അങ്ങനെ ചെയ്തുകൊണ്ടും തനിക്ക് അറിവില്ലാത്ത കാര്യങ്ങളിൽ നമുക്കെതിരെ പരസ്യമായി സാക്ഷീകരിക്കുന്ന ആ മനുഷ്യൻ ഒരു തത്വചിന്തകൻ എന്ന പേരിനു യോഗ്യനല്ല. എന്തെന്നാൽ ക്രിസ്തുവിന്റെ ഉപദേശങ്ങൾ വായിക്കാതെ അയാൾ നമ്മെ ആക്രമിക്കുന്നുവെങ്കിൽ അയാൾ തികച്ചും ദുഷിച്ചവനാണ്, തങ്ങൾക്കു മനസ്സിലാകാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിൽനിന്നോ കള്ളസാക്ഷ്യംവഹിക്കുന്നതിൽനിന്നോ മിക്കപ്പോഴും പിൻമാറുന്ന നിരക്ഷരരെക്കാൾ വളരെ മോശവുമാണ്.”
അദ്ദേഹത്തിന്റെ മരണം
ക്രെസൻസിന്റെ കൈകളാലായാലും, മററു പുച്ഛമനഃസ്ഥിതിക്കാരുടെ കൈകളാലായാലും, ജസ്ററിൻ ഒരു വിദ്ധ്വംസകപ്രവർത്തകനെന്ന നിലയിൽ റോമൻ ഭരണാധികാരികളുടെ മുമ്പാകെ അപലപിക്കപ്പെടുകയും മരണത്തിന് വിധിക്കപ്പെടുകയും ചെയ്തു. പൊ.യു. ഏതാണ്ട് 165-ൽ അദ്ദേഹം റോമിൽ വെച്ച് ശിരച്ചേദംചെയ്യപ്പെടുകയും ഒരു “മാർട്ടർ” (അർത്ഥം “സാക്ഷി”) ആയിത്തീരുകയും ചെയ്തു. തന്നിമിത്തം അദ്ദേഹം ജസ്ററിൻ മാർട്ടർ എന്നു വിളിക്കപ്പെടുന്നു.
ജസ്ററിന്റെ എഴുത്തിന്റെ രീതിക്ക് അദ്ദേഹത്തിന്റെ നാളിലെ മററു പണ്ഡിതൻമാരുടെ തിളക്കവും നയവും ഇല്ലാതിരുന്നേക്കാം, എന്നാൽ സത്യത്തിനും നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണത പ്രത്യക്ഷത്തിൽ യഥാർത്ഥമായിരുന്നു. അദ്ദേഹം എത്രത്തോളം തിരുവെഴുത്തുകൾക്കും യേശുവിന്റെ ഉപദേശങ്ങൾക്കും ചേർച്ചയായി ജീവിച്ചുവെന്ന് സുനിശ്ചിതമായി പറയാവതല്ല. എന്നിരുന്നാലും, ജസ്ററിന്റെ കൃതികൾ അവയുടെ ചരിത്രപരമായ ഉള്ളടക്കവും അനേകം തിരുവെഴുത്തുപരാമർശനങ്ങളും നിമിത്തം വിലമതിക്കപ്പെടുന്നു. അവ രണ്ടാം നൂററാണ്ടിൽ ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവരുടെ ജീവിതത്തിലേക്കും അനുഭവങ്ങളിലേക്കുമുള്ള ഉൾക്കാഴ്ച പ്രദാനംചെയ്യുന്നു.
ക്രിസ്ത്യാനികൾക്കെതിരെ തിരിച്ചുവിടപ്പെട്ട പീഡനത്തിലെ അന്യായം ചക്രവർത്തിമാർക്കു കാണിച്ചുകൊടുക്കാനുള്ള ജസ്ററിന്റെ ശ്രമങ്ങൾ ശ്രദ്ധാർഹമാണ്. ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തെ അനുകൂലിച്ചുകൊണ്ട് അദ്ദേഹം പുറജാതി മതത്തെയും തത്വശാസ്ത്രത്തെയും നിരസിച്ചത് ഏതെൻസിൽ അപ്പോസ്തലനായ പൗലോസ് സത്യദൈവത്തെയും പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവിനെയും കുറിച്ച് എപ്പിക്കൂരിയൻ തത്വചിന്തകരോടും സ്തോയിക്കരായ തത്വചിന്തകരോടും ധീരമായി സംസാരിച്ചതായി നമ്മെ അനുസ്മരിപ്പിക്കുന്നു.—പ്രവൃത്തികൾ 17:18-34.
സഹസ്രാബ്ദത്തിലെ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ജസ്ററിനുതന്നെ കുറെ അറിവുണ്ടായിരുന്നു. ബൈബിളിലെ യഥാർത്ഥ പുനരുത്ഥാനപ്രത്യാശ വിശ്വാസത്തെ എത്ര ബലപ്പെടുത്തുന്നതാണ്! അത് ക്രിസ്ത്യാനികളെ പീഡനത്തിനു മുമ്പിൽ പുലർത്തിയിട്ടുണ്ട്, മരണം വരെ പോലുമുള്ള വലിയ പീഡാനുഭവങ്ങൾ സഹിക്കാൻ അവരെ പ്രാപ്തരാക്കിയിട്ടുമുണ്ട്.—യോഹന്നാൻ 5:28, 29; 1 കൊരിന്ത്യർ 15:16-19; വെളിപാട് 2:10; 20:4, 12, 13; 21:2-4.
ആ സ്ഥിതിക്ക്, ജസ്ററിൻ സത്യം അന്വേഷിക്കുകയും യവനതത്വശാസ്ത്രത്തെ ത്യജിക്കുകയും ചെയ്തു. ഒരു വിശ്വാസപ്രതിവാദിയെന്ന നിലയിൽ അദ്ദേഹം ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവരുടെ പഠിപ്പിക്കലുകൾക്കും ആചാരങ്ങൾക്കുംവേണ്ടി പ്രതിവാദം നടത്തി. ക്രിസ്ത്യാനിത്വം അവകാശപ്പെട്ടതുകൊണ്ട് അദ്ദേഹംതന്നെ രക്തസാക്ഷിത്വം അനുഭവിച്ചു. ജസ്ററിന്റെ സത്യത്തോടുള്ള വിലമതിപ്പും പീഡനം ഗണ്യമാക്കാതെയുള്ള അദ്ദേഹത്തിന്റെ ധീരമായ സാക്ഷീകരണവും വിശേഷാൽ ശ്രദ്ധാർഹമാണ്, എന്തെന്നാൽ ഈ ഗുണങ്ങൾ യേശുവിന്റെ ഇന്നത്തെ യഥാർത്ഥ അനുഗാമികളുടെ ജീവിതത്തിൽ കാണപ്പെടുന്നുണ്ട്.—സദൃശവാക്യങ്ങൾ 2:4-6; യോഹന്നാൻ 10:1-4; പ്രവൃത്തികൾ 4:29; 3 യോഹന്നാൻ 4.