ദൈവം ഒരു ത്രിത്വമാണെന്ന് ആദിമ സഭ പഠിപ്പിച്ചിരുന്നോ?
ഭാഗം 3—അപ്പോളൊജിസ്ററുകൾ ത്രിത്വോപദേശം പഠിപ്പിച്ചോ?
വീക്ഷാഗോപുരം അതിന്റെ 1992 ഫെബ്രുവരി 1-ലെയും 1992 മേയ് 1-ലെയും ലക്കങ്ങളിൽ യേശുക്രിസ്തുവോ അവന്റെ ശിഷ്യൻമാരോ, പൊ. യു. ഒന്നാം നൂററാണ്ടിന്റെ അവസാനത്തിലെയും രണ്ടാം നൂററാണ്ടിന്റെ ആരംഭത്തിലെയും അപ്പൊസ്തലിക പിതാക്കൻമാരോ ത്രിത്വവിശ്വാസം പഠിപ്പിച്ചില്ല എന്നു കാണിക്കുകയുണ്ടായി. രണ്ടാം നൂററാണ്ടിൽ തുടർന്നു വന്ന ഉപദേഷ്ടാക്കൻമാർ അത് പഠിപ്പിച്ചുവോ?
നമ്മുടെ പൊതുയുഗത്തിന്റെ രണ്ടാം നൂററാണ്ടിന്റെ ഏതാണ്ട് പകുതി മുതൽ അതിന്റെ അവസാനം വരെയുള്ള കാലത്ത് അപ്പോളൊജിസ്ററുകൾ എന്നു ഇന്നു വിളിക്കപ്പെടുന്ന വൈദികർ പ്രത്യക്ഷപ്പെട്ടു. ക്രിസ്ത്യാനിത്വത്തിനെതിരായി അന്നത്തെ റോമൻ ലോകത്തിൽ നിലവിലിരുന്ന തത്വശാസ്ത്രങ്ങളിൽ നിന്ന് തങ്ങൾക്കറിവുണ്ടായിരുന്ന ക്രിസ്ത്യാനിത്വത്തെ സംരക്ഷിക്കുന്നതിനാണ് ഇവർ പുസ്തകങ്ങൾ രചിച്ചത്. അവരുടെ കൃതി അപ്പൊസ്തലിക പിതാക്കൻമാരുടെ എഴുത്തുകളുടെ അവസാനത്തോടടുത്തും അതിനു ശേഷവുമായിട്ടാണ് വന്നത്.
ഗ്രീക്കു ഭാഷയിൽ എഴുതിയ, അപ്പോളൊജിസ്ററുകൾ ജസ്ററിൻ മാർട്ടെർ, താത്യൻ, അത്തനാഗോറസ്സ്, തെയോഫിലസ്, അലക്സാണ്ട്രിയയിലെ ക്ലെമൻറ് എന്നിവരായിരുന്നു. തെർത്തുല്യൻ ലത്തീൻ ഭാഷയിൽ കൃതികൾ രചിച്ച ഒരു അപ്പോളൊജിസ്ററായിരുന്നു. അവർ ആധുനിക ക്രൈസ്തവലോകത്തിന്റെ ത്രിത്വം—മൂന്നു തുല്യ വ്യക്തികൾ (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) ചേർന്നുള്ള ഒരു ദൈവശിരസ്സ്, ഓരോരുത്തരും സത്യദൈവം, എന്നാൽ മൂന്നു ദൈവങ്ങളില്ല ഒരു ദൈവമേയുള്ളു എന്ന്—പഠിപ്പിച്ചോ?
“പുത്രൻ കീഴ്പ്പെട്ടിരിക്കുന്നവനാണ്”
അപ്പോളൊജിസ്ററുകളുടെ പഠിപ്പിക്കലിന്റെ മുഖ്യവശങ്ങളെക്കുറിച്ച് ഏ ഷോർട്ട് ഹിസ്റററി ഓഫ് ദി ഏർളി ചർച്ച് എന്ന തന്റെ പുസ്തകത്തിൽ ഡോ. എച്ച്. ആർ. ബോയർ ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു:
“ലോകത്തെ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം ഒററക്കായിരുന്നുവെന്നും പുത്രൻ ഇല്ലായിരുന്നുവെന്നുമാണ് ജസ്ററിൻ [മാർട്ടെർ] പഠിപ്പിച്ചത് . . . ലോകത്തെ സൃഷ്ടിക്കാൻ ദൈവം ആഗ്രഹിച്ചപ്പോൾ . . . തനിക്കു വേണ്ടി ലോകത്തെ സൃഷ്ടിക്കുന്നതിന് ദൈവം മറെറാരു ദിവ്യനെ സൃഷ്ടിച്ചു. ഈ ദിവ്യൻ . . . പുത്രനെന്നു വിളിക്കപ്പെട്ടു, എന്തുകൊണ്ടെന്നാൽ അവൻ ജനിച്ചവനായിരുന്നു; അവൻ ലോഗോസ് എന്നു വിളിക്കപ്പെട്ടു, എന്തുകൊണ്ടെന്നാൽ അവൻ ദൈവത്തിന്റെ ബുദ്ധി അഥവാ മനസ്സിൽ നിന്ന് ഉളവായവനാണ് . . .
“അതുകൊണ്ട് ജസ്ററിനും മററ് അപ്പോളൊജിസ്ററുകളും പഠിപ്പിച്ചത് പുത്രൻ ഒരു സൃഷ്ടിയാണ് എന്നാണ്. അവൻ സമുന്നതനായ ഒരു സൃഷ്ടിയാണ്, ലോകത്തെ സൃഷ്ടിക്കാൻ മാത്രം ശക്തൻ, എന്നിരുന്നാലും ഒരു സൃഷ്ടി. ദൈവശാസ്ത്രത്തിൽ പുത്രന് പിതാവിനോടുള്ള ഈ ബന്ധത്തെ സബോർഡിനേഷനിസം എന്നാണ് വിളിക്കുന്നത്. പുത്രൻ കീഴ്പ്പെട്ടിരിക്കുന്നവനാണ്, അതായത്, രണ്ടാം സ്ഥാനക്കാരൻ, മറെറാരാളെ ആശ്രയിച്ചിരിക്കുന്നവൻ, പിതാവിനാൽ ആസ്തിക്യത്തിലേക്ക് വരുത്തപ്പെട്ടവൻ. അപ്പോളൊജിസ്ററുകൾ ഈ വിശ്വാസം വച്ചുപുലർത്തിയവരായിരുന്നു.”1
പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് ഏററം ആദ്യ കാലഘട്ടങ്ങളിലുണ്ടായിരുന്ന ഗ്രാഹ്യത്തെക്കുറിച്ച് ദ ഫോർമേഷൻ ഓഫ് ദ ക്രിസ്ററ്യൻ ഡോഗ്മ എന്ന തന്റെ പുസ്തകത്തിൽ ഡോ. മാർട്ടിൻ വേർണർ ഇപ്രകാരം പറയുന്നു:
“ആ ബന്ധം നിസ്സംശയമായും കീഴ്പ്പെടലിന്റെ ഒരു ബന്ധമായി മനസ്സിലാക്കപ്പെട്ടിരുന്നു, അതായത് ക്രിസ്തുവിന് ദൈവത്തോടുള്ള കീഴ്പ്പെടലിന്റെ. പുതിയ നിയമത്തിൽ യേശുവിന് പിതാവായ ദൈവത്തോടുള്ള ബന്ധം പരിഗണിക്കപ്പെടുന്നടത്തെല്ലാം . . . അത്—കീഴ്പ്പെടലായിട്ടാണ് പൂർണ്ണമായും മനസ്സിലാക്കപ്പെടുന്നതും അവതരിപ്പിക്കപ്പെടുന്നതും. സമാനസുവിശേഷ രേഖയനുസരിച്ച് പുതിയ നിയമത്തിൽ ഏററം വ്യക്തമായി കീഴ്പ്പെടലിൽ വിശ്വസിച്ചത് യേശു തന്നെയായിരുന്നു . . . ഉറച്ചതും വ്യക്തവുമായ ഈ ആദിമ നിലപാടിന് ദീർഘകാലത്തേക്ക് നിലനിൽക്കാൻ കഴിഞ്ഞു. ‘നിഖ്യാ സൂനഹദോസിന് മുമ്പത്തെ മഹാൻമാരായ എല്ലാ ദൈവ ശാസ്ത്രജ്ഞൻമാരും ലോഗോസിന്റെ ദൈവത്തോടുള്ള കീഴ്പ്പെടലിനെ ചിത്രീകരിച്ചിട്ടുണ്ട്.’”2
ഇതിനോടുള്ള യോജിപ്പിൽ, ദ സേർച്ച് ഫോർ ദ ക്രിസ്ററ്യൻ ഡോക്ട്രിൻ ഓഫ് ഗോഡ് എന്ന തന്റെ പുസ്തകത്തിൽ ആർ. പി. സി. ഹാൻസൺ ഇപ്രകാരം പ്രസ്താവിക്കുന്നു:
“[നാലാം നൂററാണ്ടിൽ] അരിയൂസിനാലുള്ള വിവാദം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് പുത്രൻ ഒരു വിധത്തിൽ പിതാവിന് കീഴ്പ്പെട്ടിരിക്കുന്നതായി വിശ്വസിക്കാത്ത ഒരൊററ ദൈവശാസ്ത്രജ്ഞൻ പോലും കിഴക്കൻ സഭയിലോ പടിഞ്ഞാറൻ സഭയിലോ ഇല്ല.”3
ദ ചർച്ച് ഓഫ് ദ ഫസ്ററ് ത്രീ സെൻച്വറീസ് എന്ന ഗ്രന്ഥത്തിൽ ആൽവൻ ലാംസൺ നിഖ്യാ സൂനഹദോസിന് (പൊ. യു. 325) മുമ്പത്തെ സഭാധികാരികളുടെ പഠിപ്പിക്കലിനെ സംബന്ധിച്ച് ഈ സാക്ഷ്യം കൂട്ടിച്ചേർക്കുന്നു:
“പുത്രന്റെ താഴ്ന്ന പദവി നിഖ്യായ്ക്ക് മുമ്പത്തെ പിതാക്കൻമാർ ഏകരൂപമായിട്ടല്ലെങ്കിലും പൊതുവേ തറപ്പിച്ചുപറഞ്ഞിരുന്നു . . . അവർ അവന്റെ താഴ്ന്ന പദവി വ്യക്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിന്നു തന്നെ അവർ പുത്രനെ പിതാവിൽ നിന്ന് വ്യതിരിക്തനായി കണ്ടു എന്നു തെളിയുന്നു . . . അവർ അവനെ വ്യതിരിക്തനായും പദവിയിൽ കുറഞ്ഞവനായും പരിഗണിച്ചു.”4
സമാനമായി, ഗോഡ്സ് ആൻഡ് ദി വൺ ഗോഡ് എന്ന തന്റെ പുസ്തകത്തിൽ അപ്പോളൊജിസ്ററുകളെപ്പററി റോബർട്ട് എം. ഗ്രാൻറ് ഇപ്രകാരം പറയുന്നു:
“അപ്പോളൊജികളിലെ ക്രിസ്തുശാസ്ത്രം പുതിയ നിയമത്തിലെപ്പോലെ തന്നെ സാരാംശത്തിൽ കീഴ്പ്പെടൽ അംഗീകരിക്കുന്നു. പുത്രൻ എല്ലായ്പ്പോഴും പഴയ നിയമത്തിലെ ഏക ദൈവമായ പിതാവിന് കീഴ്പ്പെട്ടിരിക്കുന്നു . . . അതുകൊണ്ട് ഈ ആദിമ എഴുത്തുകാരിൽ നാം കാണുന്നത് ഒരു ത്രിത്വോപദേശമല്ല . . . നിഖ്യായ്ക്ക് മുമ്പ് ക്രിസ്തീയ ദൈവശാസ്ത്രം മിക്കവാറും സാർവലൗകികമായി കീഴ്പ്പെടൽ അംഗീകരിച്ചിരുന്നു.”5
പുത്രൻ പിതാവായ ദൈവത്തോട് നിത്യതയിലും ശക്തിയിലും സ്ഥാനത്തിലും ജ്ഞാനത്തിലും തുല്യനാണ് എന്നാണ് ക്രൈസ്തവലോകത്തിന്റെ ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ പുത്രൻ പിതാവായ ദൈവത്തിന് തുല്യനല്ല എന്നാണ് അപ്പോളൊജിസ്ററുകൾ പറഞ്ഞത്. പുത്രൻ കീഴ്പ്പെട്ടിരിക്കുന്നതായിട്ടാണ് അവർ വീക്ഷിച്ചത്. അത് ത്രിത്വോപദേശമല്ല.
ഒന്നാം നൂററാണ്ടിലെ പഠിപ്പിക്കലിനെ പ്രതിഫലിപ്പിക്കുന്നു
അപ്പോളൊജിസ്ററുകളും മററു ആദിമ സഭാപിതാക്കൻമാരും പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ പഠിപ്പിച്ചതിനെ വലിയ ഒരളവുവരെ പ്രതിഫലിപ്പിച്ചു. ദ ഫോർമേഷൻ ഓഫ് ദ ക്രിസ്ററ്യൻ ഡോഗ്മ എന്ന മേൽപ്പറഞ്ഞ പുസ്തകത്തിൽ അതേപ്പററി പറഞ്ഞിരിക്കുന്നത് കുറിക്കൊള്ളുക:
“ആദിമ ക്രിസ്തീയ യുഗത്തിൽ പിൽക്കാലത്ത് സഭയിൽ രൂക്ഷമായ സംഘട്ടനത്തിന് ഇടയാക്കിയതുപോലുള്ള ത്രിത്വസംബന്ധമായ പ്രശ്നങ്ങളുടെയോ തർക്കങ്ങളുടെയോ യാതൊരു ലക്ഷണവുമില്ലായിരുന്നു. ആദിമ ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ചടത്തോളം ക്രിസ്തു . . . സ്വർഗ്ഗീയ ദൂതലോകത്തിൽ നിന്നുള്ള ഒരു സമുന്നത സൃഷ്ടി, യുഗങ്ങളുടെ അവസാനത്തിൽ ദൈവത്തിന്റെ രാജ്യം സ്ഥാപിക്കാൻ വേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഒരുവൻ, മാത്രമായിരുന്നു എന്ന വസ്തുതയാണ് നിസ്സംശയമായും അതിന്റെ കാരണം.”6
കൂടാതെ ആദിമ സഭാപിതാക്കൻമാരുടെ പഠിപ്പിക്കലിനെ സംബന്ധിച്ച് ദി ഇൻറർനാഷണൽ സ്ററാൻഡേർഡ് ബൈബിൾ എൻസൈക്ലോപ്പീഡിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു:
“സഭയുടെ ഏററം നേരത്തെയുള്ള ചിന്തയിൽ പിതാവായ ദൈവത്തെപ്പററി സംസാരിക്കുകയിൽ അവനെ ആദ്യം യേശുക്രിസ്തുവിന്റെ പിതാവായിട്ടല്ല, മറിച്ച് സകലത്തിന്റെയും ഉറവിടമായി മനസ്സിലാക്കാനായിരുന്നു ചായ്വ്. അതുകൊണ്ട് പിതാവായ ദൈവം അതിവിശിഷ്ടനായ ദൈവമാണ്. ആരംഭമില്ലാത്തവൻ, അമർത്ത്യൻ, മാററമില്ലാത്തവൻ, അവർണ്ണനീയൻ, അദൃശ്യൻ, സൃഷ്ടിക്കപ്പെടാത്തവൻ എന്നിങ്ങനെയുള്ള വർണ്ണനകൾ അവനുള്ളതാണ്. സകലവും, സൃഷ്ടിക്കാനാവശ്യമായ വസ്തുക്കൾ ഉൾപ്പെടെ ഇല്ലായ്മയിൽ നിന്ന് ഉണ്ടാക്കിയത് അവനാണ് . . .
“ഇത് പിതാവ് മാത്രമാണ് ഉചിതമായി ദൈവമായിരിക്കുന്നതെന്നും പുത്രനും ആത്മാവും ഒരു രണ്ടാം സ്ഥാനത്താണെന്നും നിർദ്ദേശിക്കുന്നതായി തോന്നിയേക്കാം. നേരത്തെയുള്ള അനേകം പ്രസ്താവനകൾ ഇതിനെ പിന്താങ്ങുന്നതായി കാണപ്പെടുന്നു.”7
ഈ എൻസൈക്ലോപ്പീഡിയ ഇത്തരം സത്യങ്ങളുടെ പ്രാധാന്യം കുറച്ചു കാണിച്ചുകൊണ്ട് ആദിമ കാലങ്ങളിൽ ത്രിത്വോപദേശം അംഗീകരിക്കപ്പെട്ടിരുന്നു എന്ന് അവകാശപ്പെടുമ്പോൾ വസ്തുതകൾ അതിനോട് യോജിക്കുന്നില്ല. പ്രശസ്ത കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ജോൺ ഹെൻട്രി കാർഡിനൽ ന്യൂമാന്റെ വാക്കുകൾ പരിഗണിക്കുക:
“നമ്മുടെ കർത്താവിനെ സംബന്ധിച്ചുള്ള വിശ്വാസ സത്യങ്ങൾ എല്ലാം തന്നെ പരസ്പര യോജിപ്പിലും ഏകരൂപത്തിലും ആദിമ സഭ അംഗീകരിച്ചിരുന്നു എന്ന് നമുക്ക് സമ്മതിക്കാം. . . . എന്നാൽ നിശ്ചയമായും ത്രിത്വം സംബന്ധിച്ചുള്ള കത്തോലിക്കാഉപദേശം അങ്ങനെയല്ല. അതിന് അനുകൂലമായി ആദിമ [സഭാധികൃതരുടെ] ഏകാഭിപ്രായമുണ്ടായിരുന്നു എന്നു പറയാൻ കഴിയുന്നത് ഏത് അർത്ഥത്തിലാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല . . .
“ആ ആദിമനാളിലെ വിശ്വാസപ്രമാണങ്ങൾ [ത്രിത്വത്തെ] സംബന്ധിച്ച് പറയുന്നതേയില്ല. അവ ഒരു ത്രയത്തെപ്പററി പറയുന്നുണ്ട്; എന്നാൽ ആ വിശ്വാസത്തിൽ എന്തെങ്കിലും രഹസ്യമുണ്ടെന്ന്, മൂന്നുംകൂടി ഒന്നാണെന്ന്, അവർ തുല്യരാണ്, സഹനിത്യൻമാരാണ്, എല്ലാവരും സൃഷ്ടിക്കപ്പെടാത്തവരാണ്, എല്ലാവരും സർവ്വശക്തരാണ്, അഗ്രാഹ്യരാണ് എന്നൊന്നും പറയുന്നില്ല, ഒരിക്കലും അത്തരമൊരു നിഗമനത്തിലെത്താനും കഴിയുകയില്ല.”8
ജസ്ററിൻ മാർട്ടെർ പഠിപ്പിച്ചത്
അപ്പോളൊജിസ്ററുകളിൽ ഏററം ആദ്യത്തവരിൽ ഒരാൾ പൊ. യു. 110 മുതൽ 165 വരെ ജീവിച്ചിരുന്ന ജസ്ററിൻ മാർട്ടെറായിരുന്നു. അദ്ദേഹത്തിന്റെ ഇന്നു ലഭ്യമായ എഴുത്തുകളിലൊന്നിലും ഒരു ദൈവത്തിലുള്ള മൂന്നു തുല്യവ്യക്തികളെ സംബന്ധിച്ച് പരാമർശനമില്ല.
ഉദാഹരണത്തിന്, കത്തോലിക്കരുടെ ജെറൂസലേം ബൈബിളനുസരിച്ച് മനുഷ്യനാകുന്നതിനു മുമ്പത്തെ യേശുവിനെക്കുറിച്ച് സദൃശവാക്യങ്ങൾ 8:22-30 ഇപ്രകാരം പറയുന്നു: “യാഹ്വേയുടെ ഉദ്ദേശ്യം ആദ്യം ചുരുൾ നിവർന്നപ്പോൾ അവൻ എന്നെ സൃഷ്ടിച്ചു, അവന്റെ ഏററം പഴക്കമുള്ള പ്രവൃത്തികൾക്കു മുമ്പേ. ഞാൻ ജനിച്ചപ്പോൾ സമുദ്രം ഇല്ലായിരുന്നു . . . കുന്നുകൾക്കു മുമ്പേ ഞാൻ ജനിച്ചു. ഞാൻ അവന്റെ [ദൈവത്തിന്റെ] പക്കൽ ഒരു വിദഗ്ദ്ധ ശിൽപ്പിയായിരുന്നു.” ഈ വാക്യങ്ങള ചർച്ചചെയ്യുകയിൽ ഡയലോഗ് വിത്ത് ട്രിഫോ എന്ന തന്റെ ഗ്രന്ഥത്തിൽ ജസ്ററിൻ ഇപ്രകാരം പറയുന്നു:
“സൃഷ്ടിക്കപ്പെട്ട സകലത്തിനും മുമ്പേ ഈ സന്താനം പിതാവിനാൽ ജനിപ്പിക്കപ്പെട്ടു എന്ന് തിരുവെഴുത്തു പ്രഖ്യാപിച്ചിരിക്കുന്നു; ജനിപ്പിക്കപ്പെടുന്നത് ജനിപ്പിച്ചവനിൽ നിന്ന് തികച്ചും വ്യത്യസ്തനാണെന്നും ഏതൊരാളും സമ്മതിക്കും.”9
പുത്രൻ ദൈവത്തിൽ നിന്ന് ജനിച്ചവനാകയാൽ, പുത്രനോടുള്ള ബന്ധത്തിൽ ജസ്ററിൻ “ദൈവം” എന്ന പദം ഉപയോഗിച്ചിരിക്കുന്നു. തന്റെ ഒന്നാമത്തെ അപ്പോളൊജിയിൽ അദ്ദേഹം ഇപ്രകാരം പറയുന്നു: “പ്രപഞ്ചത്തിന്റെ പിതാവിന് ഒരു പുത്രനുണ്ട്; അവൻ ദൈവത്തിന്റെ ആദ്യജാത വചനമാകയാൽ അവനും ദൈവമാണ്.”10 ബൈബിളും ദൈവത്തിന്റെ പുത്രനെ “ദൈവ”മെന്ന സ്ഥാനപ്പേർ ചേർത്ത് വിളിച്ചിരിക്കുന്നു. യെശയ്യാവ് 9:6-ൽ അവൻ “വീരനാം ദൈവം” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ബൈബിളിൽ ദൂതൻമാരും മനുഷ്യരും വ്യാജദൈവങ്ങളും സാത്താനും “ദൈവങ്ങൾ” എന്ന് വിളിക്കപ്പെട്ടിട്ടുണ്ട്. (ദൂതൻമാർ: സങ്കീർത്തനം 8:5; എബ്രായർ 2:6, 7 താരതമ്യം ചെയ്യുക. മനുഷ്യർ: സങ്കീർത്തനം 82:6. വ്യാജദൈവങ്ങൾ: പുറപ്പാട് 12:12; 1 കൊരിന്ത്യർ 8:5. സാത്താൻ: 2 കൊരിന്ത്യർ 4:4.) എബ്രായ തിരുവെഴുത്തുകളിൽ “ദൈവം” എന്നതിന്റെ എബ്രായ പദമായ ഏൽന് കേവലം “കരുത്തനായവൻ” അല്ലെങ്കിൽ “ശക്തനായവൻ” എന്നേ അർത്ഥമുള്ളു. അതിന് തുല്യമായി ഗ്രീക്കു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന പദം തേയോസ് ആണ്.
മാത്രവുമല്ല, യെശയ്യാവ് 9:6-ൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം പുത്രനും ദൈവവും തമ്മിൽ ഒരു വ്യക്തമായ വ്യത്യാസം കാണിക്കുന്നു. അവിടെ “ശക്തനാം ദൈവം” (NW), ഏൽ ഗിബോർ, എന്നാണ് പുത്രൻ വിളിക്കപ്പെട്ടിരിക്കുന്നത്, “സർവ്വശക്തനായ ദൈവം” എന്നല്ല. അതിനുള്ള എബ്രായപദം ഏൽ ഷദ്ദായി ആണ്; അത് യഹോവയാം ദൈവത്തിന് മാത്രമാണ് ബാധകമാകുന്നത്, മററുള്ളവർ ബൈബിളിൽ ഏൽ ഗിബോർ എന്നാണ് വിളിക്കപ്പെട്ടിരിക്കുന്നത്.—ഉൽപ്പത്തി 17:1.
[ഇംഗ്ലീഷിൽ ഈ ഖണ്ഡിക ഉൾപ്പെടുത്തിയിട്ടില്ല.] യെഹെസ്ക്കേൽ 32:21-ൽ ഏൽ ഗിബോർ അതിന്റെ ബഹുവചനരൂപത്തിൽ, (ഏലെ ഗിബോറീം) കാണപ്പെടുന്നു. അത് ഒരു പുറജാതി രാഷ്ട്രത്തിന്റെ യോദ്ധാക്കൾക്ക് ബാധകമാകുന്നു. ബൈബിളിന്റെ റിവൈസ്ഡ് സ്ററാൻഡേർഡ് വേർഷനിൽ അത് “വീര നായകൻമാർ” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. ഈ വിവർത്തനത്തെ സംബന്ധിച്ച് അഭിപ്രായം പറയുകയിൽ ദ സെൻച്വറി ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “വീരനായകൻമാർ” എന്നത് യെശയ്യാവ് 9:6-ലെ ശിശുവിന് നൽകപ്പെട്ടിരിക്കുന്ന ‘വീരനാം ദൈവം’ എന്ന സ്ഥാനപ്പേരിന്റെ ബഹുവചനരൂപമാണ് . . . അത് അത്രയും തന്നെ ശരിയായി “വീര ദൈവങ്ങൾ” എന്നും വിവർത്തനം ചെയ്യാൻ കഴിയും.” ദി ഇൻറർനാഷണൽ ക്രിട്ടിക്കൽ കമൻററി പ്രസ്താവിക്കുന്നത് “വീര നായകൻമാർ എന്നത് . . . യെശയ്യാവ് 9:6-ലെ വീരനാം ദൈവം എന്നതിന്റെ ബഹുവചനരൂപമായിരിക്കാൻ കഴിയും” എന്നാണ്.
ഏതായാലും, ജസ്ററിൻ പുത്രനെ “ദൈവ”മെന്നു വിളിക്കുന്നുവെങ്കിലും പുത്രൻ, ഓരോരുത്തരും ദൈവമാണെങ്കിലും മൂവരും ചേർന്ന് ഒരു ദൈവമായിരിക്കുന്ന മൂന്നാളുകളിൽ ഒരുവനാണെന്ന് അദ്ദേഹം പറയുന്നില്ല എന്ന് കുറിക്കൊള്ളുക. പകരം തന്റെ ഡയലോഗ് വിത്ത് ട്രിഫോയിൽ അദ്ദേഹം പറയുന്നു:
“സകലത്തിന്റെയും നിർമ്മാതാവിന് [സർവ്വശക്തനായ ദൈവത്തിന്] കീഴ്പെട്ടിരിക്കുന്ന മറെറാരു ദൈവവും കർത്താവുമുണ്ട് [മനുഷ്യനാകുന്നതിന് മുമ്പത്തെ യേശു]; അവൻ [പുത്രൻ] ഒരു ദൂതൻ എന്നും കൂടെ വിളിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ അവൻ [പുത്രൻ] സകലത്തിന്റെയും സ്രഷ്ടാവ്—അവന് മേലായി ആരുമില്ല—മനുഷ്യരോട് അറിയിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തായിരുന്നാലും അവയെല്ലാം അവരെ അറിയിക്കുന്നു. . . .
“[പുത്രൻ] സകലതും സൃഷ്ടിച്ചവനിൽ നിന്ന് ഒരു വ്യക്തി എന്ന നിലയിൽ വ്യത്യസ്തനാണ്, എന്നാൽ ഇഷ്ടത്തിൽ [വ്യത്യസ്തൻ] അല്ല.”11
ജസ്ററിന്റെ ഫസ്ററ് അപ്പോളൊജി ആറാം അദ്ധ്യായത്തിൽ രസകരമായ ഒരു ഭാഗമുണ്ട്. അവിടെ ക്രിസ്ത്യാനികൾ നിരീശ്വരരാണെന്നുള്ള പുറജാതി ആരോപണത്തെ അദ്ദേഹം ഖണ്ഡിക്കുന്നു. അദ്ദേഹം ഇപ്രകാരം എഴുതുന്നു:
“അവനെയും [ദൈവം] (അവനിൽ നിന്ന് പുറപ്പെട്ടുവരികയും ഈ കാര്യങ്ങൾ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്ത) പുത്രനെയും അവനെ അനുഗമിക്കുകയും അവനെപ്പോലെ നിർമ്മിക്കപ്പെടുകയും ചെയ്തിരിക്കുന്ന മററു നല്ല ദൂതഗണങ്ങളെയും പ്രവചനത്തിന്റെ ആത്മാവിനെയും ഞങ്ങൾ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.”12
ഈ ഭാഗത്തിന്റെ ഒരു വിവർത്തകനായ ബേൺഹാർട്ട് ലോസെ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഈ വിവരണത്തിൽ ക്രിസ്ത്യാനികളാൽ ബഹുമാനിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നവരായി ദൂതൻമാരെ പരാമർശിക്കുന്നതു പോരാഞ്ഞിട്ടെന്നപോലെ പരിശുദ്ധാത്മാവിനു മുമ്പേ ദൂതൻമാരെപ്പററി പരാമർശിക്കാൻ ജസ്ററിൻ മടി കാണിക്കുന്നില്ല.”13—ആൻ എസ്സേ ഓൺ ദ ഡെവലപ്പ്മെൻറ് ഓഫ് ക്രിസ്ററ്യൻ ഡോക്ട്രിൻ കൂടെ കാണുക.14
അപ്രകാരം ഒരു ക്രിസ്ത്യാനിയുടെ ആരാധനാവിഷയം എന്തായിരിക്കണമെന്നുള്ള സംഗതിയിൽ ജസ്ററിൻ മാർട്ടെർ ശുദ്ധമായ ബൈബിൾ ഉപദേശത്തിൽ നിന്ന് അകന്നു പോയിരിക്കുന്നതായി കാണപ്പെടുമ്പോൾ തന്നെ അദ്ദേഹം വ്യക്തമായും പുത്രനെ പിതാവിന് തുല്യനായി കാണുന്നില്ല, ദൂതൻമാരെ അവന് തുല്യരായി കാണാത്തതുപോലെ തന്നെ. ജസ്ററിനെ സംബന്ധിച്ച് ഞങ്ങൾ വീണ്ടും ലാംസണിന്റെ ചർച്ച് ഓഫ് ദ ഫസ്ററ് ത്രീ സെൻച്വറീസ് എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കുന്നു:
“പുത്രൻ പിതാവിൽ നിന്ന് വ്യത്യസ്തനും പിതാവിനേക്കാൾ താഴ്ന്നവനുമായിരിക്കുന്നതായി ജസ്ററിൻ കണക്കാക്കി: മൂന്നുപേരിൽ ഒരാളായിരിക്കുന്നു എന്ന ആധുനിക അർത്ഥത്തിലല്ല അവൻ വ്യത്യസ്തനായിരിക്കുന്നത് . . . മറിച്ച് സാരാംശത്തിലും പ്രകൃതത്തിലും വ്യത്യസ്തൻ; ദൈവത്തിൽ നിന്ന് വേറിട്ട് യഥാർത്ഥവും വസ്തുപരവും വ്യക്തിപരവുമായ ഒരു ജീവിതമുള്ളവൻ, അവന് പ്രാപ്തികളും സ്ഥാനങ്ങളും ആരിൽനിന്നു ലഭിച്ചോ ആ ദൈവത്തിൽ നിന്ന് വേറിട്ടവൻ. അവനു കീഴിലും എല്ലാററിലും അവന്റെ ഇഷ്ടത്തിന് വിധേയനും. പിതാവ് പരമോന്നതനാണ്; പുത്രൻ അവന് കീഴ്പ്പെട്ടിരിക്കുന്നു: പിതാവ് ശക്തിയുടെ ഉറവിടമാണ്; പുത്രൻ അത് സ്വീകരിക്കുന്നവനാണ്: പിതാവ് എല്ലാം ഉത്ഭവിപ്പിക്കുന്നു; പുത്രൻ അവന്റെ ശുശ്രൂഷകൻ അഥവാ ഉപകരണമെന്ന നിലയിൽ കാര്യങ്ങൾ നിർവ്വഹിക്കുന്നു. അവർ രണ്ടുപേരാണ്, എന്നാൽ ഇഷ്ടത്തിൽ അവർ യോജിപ്പിലാണ് അല്ലെങ്കിൽ ഒന്നാണ്; പുത്രൻ എല്ലായ്പ്പോഴും പിതാവിന്റെ ഇഷ്ടം നിറവേററുന്നു.”15
കൂടാതെ, പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടും സമനായ ഒരു ആൾ ആണെന്ന് ജസ്ററിൻ ഒരിടത്തും പറയുന്നില്ല. അതുകൊണ്ട് ജസ്ററിൻ ആധുനിക ക്രൈസ്തവലോകത്തിന്റെ ത്രിത്വോപദേശം പഠിപ്പിച്ചുവെന്ന് ഒരർത്ഥത്തിലും സത്യസന്ധമായി പറയാൻ കഴിയുകയില്ല.
ക്ലെമൻറ് പഠിപ്പിച്ചത്
അലക്സാണ്ട്രിയായിലെ ക്ലെമൻറും (ഏകദേശം പൊ. യു. 150-നും 215-നും ഇടക്ക്) പുത്രനെ “ദൈവം” എന്ന് വിളിക്കുന്നു. അദ്ദേഹം അവനെ “സ്രഷ്ടാവ്” എന്നും വിളിക്കുന്നു, ആ പദം യേശുവിനെ പരാമർശിക്കാൻ ബൈബിളിൽ ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ല. പുത്രൻ സകലത്തിലും സർവ്വശക്തനായ സ്രഷ്ടാവിന് തുല്യനാണെന്ന് അദ്ദേഹം അർത്ഥമാക്കിയോ? ഇല്ല. പ്രത്യക്ഷത്തിൽ അദ്ദേഹം “സകലവും അവൻ മൂലം ഉണ്ടായി”16 എന്ന് പറയുന്ന യോഹന്നാൻ 1:3-നെ പരാമർശിക്കുകയായിരുന്നു. ദൈവം തന്റെ സൃഷ്ടിക്രിയകളിൽ പുത്രനെ ഒരു പ്രതിനിധിയായി ഉപയോഗിച്ചു.—കൊലൊസ്സ്യർ 1:15-17.
ക്ലെമൻറ് അത്യുന്നത ദൈവത്തെ “നമ്മുടെ കർത്താവായ യേശുവിന്റെ ദൈവവും പിതാവും”17 എന്നു വിളിക്കുകയും “കർത്താവ് സ്രഷ്ടാവിന്റെ പുത്രനാണ്”18 എന്നു പറയുകയും ചെയ്യുന്നു. അദ്ദേഹം ഇങ്ങനെയും പറയുന്നു: “സകലരുടെയും ദൈവം നല്ലവനും നീതിമാനുമായ ഏകസ്രഷ്ടാവാണ്. പുത്രൻ പിതാവിലാണ്.”19 അതുകൊണ്ട് പുത്രന് അവന്റെ മുകളിലായി ഒരു ദൈവമുണ്ടെന്ന് അദ്ദേഹം എഴുതി.
ക്ലെമൻറ് ദൈവത്തെപ്പററി “നിത്യജീവൻ പ്രദാനം ചെയ്യുന്ന ആദ്യത്തവനും ഏകനും” എന്നു പറയുന്നു. “പുത്രൻ അത് അവനിൽ [ദൈവം] നിന്ന് സ്വീകരിച്ചിട്ട് നമുക്ക് തരുന്നു.”20 നിത്യജീവന്റെ ആദിമ ദാതാവ് വ്യക്തമായും അതു കൈമാറി തരുന്നവനേക്കാൾ ശ്രേഷ്ഠനാണ്. അപ്രകാരം ദൈവം “ആദ്യനും അത്യുന്നതനു”21മാണെന്ന് ക്ലെമൻറ് പറയുന്നു. കൂടാതെ, പുത്രൻ “സർവ്വശക്തനായിരിക്കുന്ന ഏകനോട് ഏററം അടുത്തവനാണ്” എന്നും “പിതാവിന്റെ ഇഷ്ടത്തോടുള്ള ചേർച്ചയിൽ പുത്രൻ സകലവും കൽപ്പിക്കുന്നു”22 എന്നും അദ്ദേഹം പറയുന്നു. പുത്രന്റെമേൽ സർവ്വശക്തനായ ദൈവത്തിനുള്ള പരമാധികാരം ക്ലെമൻറ് വീണ്ടും വീണ്ടും എടുത്തുകാണിക്കുന്നു.
അലക്സാണ്ട്രിയയിലെ ക്ലെമൻറിനെ സംബന്ധിച്ച് ദി ചർച്ച് ഓഫ് ദ ഫസ്ററ് ത്രീ സെൻച്വറീസ് എന്ന ഗ്രന്ഥത്തിൽ നാം ഇപ്രകാരം വായിക്കുന്നു:
“പുത്രന്റെ താഴ്ന്ന പദവി വ്യക്തമായി സ്ഥാപിക്കുന്ന അനേകം ഭാഗങ്ങൾ നമുക്ക് ക്ലെമൻറിന്റെ ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിക്കാൻ കഴിയും . . .
“ആരെങ്കിലും ക്ലെമൻറിന്റെ കൃതികൾ സാധാരണ രീതിയിലുള്ള ശ്രദ്ധ കൊടുത്ത് വായിക്കുകയും പുത്രൻ പിതാവിനോട് സർവസമൻ—ഒന്ന്—ആണെന്ന് ഒരു നിമിഷത്തേക്കുപോലും സങ്കൽപ്പിക്കുകയും ചെയ്യും എന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു. അവന്റെ പിതാവിനെ ആശ്രയിക്കുന്നതും താഴ്ന്നതുമായ പ്രകൃതി, ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നതുപോലെ, എല്ലായിടത്തും തിരിച്ചറിയപ്പെടുന്നു. ദൈവവും പുത്രനും സംഖ്യാപരമായി വേറിട്ടവരായിരിക്കുന്നതായി, മററു വാക്കുകളിൽ രണ്ടു വ്യക്തികളായിരിക്കുന്നതായി ക്ലെമൻറ് വിശ്വസിച്ചു—ഒരാൾ പരമാധികാരി, മറേറയാൾ കീഴ്പ്പെട്ടിരിക്കുന്നവൻ.”23
കൂടാതെ, ക്ലെമൻറ് ചിലപ്പോൾ യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്നതിന് അപ്പുറം പോകുന്നുവെങ്കിലും ഒരു ദൈവത്തിൽ മൂന്നു തുല്യവ്യക്തികളടങ്ങുന്ന ഒരു ത്രിത്വത്തെക്കുറിച്ച് അദ്ദേഹം ഒരിടത്തും സംസാരിക്കുന്നില്ല എന്ന് വീണ്ടും പറയാൻ കഴിയും. ജസ്ററിന്റെയും ക്ലെമൻറിന്റെയും കാലത്തിനിടക്ക് ജീവിച്ചിരുന്ന താത്യൻ, തെയോഫിലസ്, അത്തനാഗൊറസ്സ് എന്നീ അപ്പോളജിസ്ററുകൾക്കും സമാനമായ വീക്ഷണങ്ങളാണുണ്ടായിരുന്നത്. അവർ ജസ്ററിനേക്കാൾ ഒട്ടും മെച്ചപ്പെട്ട ത്രിത്വവാദികളായിരുന്നില്ല എന്ന് ലാംസൺ പറയുന്നു; അതായത് വിഭജിക്കാനാവാത്ത, തുല്യരായ മൂന്നുപേരിൽ അവർ വിശ്വസിച്ചില്ല, നേരെമറിച്ച് ആ വിശ്വാസത്തോട് ഒരു തരത്തിലും പൊരുത്തപ്പെടുകയില്ലാത്ത ഉപദേശമാണ് അദ്ദേഹം പഠിപ്പിച്ചത്.”24
തെർത്തുല്യന്റെ ദൈവശാസ്ത്രം
(പൊതുയുഗം ഏതാണ്ട് 160-നും 230-നും ഇടക്ക് ജീവിച്ചിരുന്ന) തെർത്തുല്യനായിരുന്നു ട്രിനിററാസ് എന്ന ലത്തീൻ പദം ആദ്യമായി ഉപയോഗിച്ചത്. ഹെൻട്രി ചാട്വിക്ക് കുറിക്കൊള്ളുന്ന പ്രകാരം ‘ദൈവം മൂന്നുപേരടങ്ങുന്ന ഒരു സാരാംശമാണെന്ന്’25 തെർത്തുല്യൻ നിർദ്ദേശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് സമൻമാരും സമനിത്യൻമാരും ആയ മൂന്നുപേരായിരുന്നു എന്ന് ഇതിന് അർത്ഥമില്ല. എന്നിരുന്നാലും, ത്രിത്വവിശ്വാസത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പിൽക്കാല എഴുത്തുകാർ അദ്ദേഹത്തിന്റെ ആശയങ്ങളിൻമേൽ അത് പടുത്തുയർത്തി.
പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സംബന്ധിച്ചുള്ള തെർത്തുല്യന്റെ ഗ്രാഹ്യം ക്രൈസ്തവലോകത്തിന്റെ ത്രിത്വവിശ്വാസത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, കാരണം അദ്ദേഹം പുത്രന്റെ താണ പദവിയിൽ വിശ്വസിച്ചിരുന്നു. പുത്രൻ പിതാവിന് കീഴ്പ്പെട്ടിരിക്കുന്നതായിട്ടാണ് അദ്ദേഹം വീക്ഷിച്ചത്. എഗൻസ്ററ് ഹെർമോജിനസ്സ് എന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി:
“ദൈവം മാത്രമല്ലാതെ മററാരെങ്കിലും ജനിപ്പിക്കപ്പെടാത്തതോ സൃഷ്ടിക്കപ്പെടാത്തതോ ആയി ഉണ്ട് എന്ന് നാം വിചാരിക്കരുത് . . . ഏകജാതനും ആദ്യജാതനുമായിരിക്കുന്ന വചനമായ ദൈവപുത്രനേക്കാൾ, പ്രായമോ അതിനാൽ ശ്രേഷ്ഠതയോ കൂടുതലുള്ളതായി പിതാവല്ലാതെ ആരെങ്കിലും ഉണ്ടായിരിക്കാവുന്നത് എങ്ങനെയാണ്? . . . ആസ്തിക്യത്തിലേക്ക് വരുവാൻ ഒരു നിർമ്മാതാവിന്റെ ആവശ്യമില്ലാതിരുന്ന [ദൈവം] ആസ്തിക്യത്തിലേക്ക് വരുവാൻ ഒരു കാരണഭൂതൻ ഉണ്ടായിരുന്നവനേക്കാൾ [പുത്രൻ] പദവിയിൽ വളരെ ശ്രേഷ്ഠനായിരിക്കും.”26
കൂടാതെ, എഗൻസ്ററ് പ്രക്സേയസ് എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് പുത്രൻ സർവ്വശക്തനായ ദൈവത്തിൽ നിന്ന് വ്യത്യസ്തനും അവന് കീഴ്പ്പെട്ടിരിക്കുന്നവനുമാണെന്ന് അദ്ദേഹം പ്രകടമാക്കുന്നു:
“പിതാവാണ് മുഴു സാരാംശവും, എന്നാൽ പുത്രനാകട്ടെ അവൻ തന്നെ സമ്മതിക്കുന്ന പ്രകാരം അതിൽ നിന്ന് പുറപ്പെടുന്നവനും അതിന്റെ ഒരംശവും മാത്രമാണ്: ‘എന്റെ പിതാവ് എന്നെക്കാൾ വലിയവനാണ്.’ . . . അപ്രകാരം പിതാവ് പുത്രനേക്കാൾ വലിയവനായിരുന്നുകൊണ്ട് പുത്രനിൽ നിന്ന് വ്യതിരിക്തനാണ്, ജനിപ്പിക്കുന്നവൻ ഒരുവനും ജനിപ്പിക്കപ്പെടുന്നവൻ മറെറാരുവനും ആയിരിക്കുന്നതുപോലെതന്നെ; അയക്കുന്നവൻ ഒരുവനും അയക്കപ്പെടുന്നവൻ മറെറാരുവനുമാണ്; വീണ്ടും നിർമ്മിക്കുന്നവൻ ഒരുവനും ആരിലൂടെ അത് നിർമ്മിക്കപ്പെടുന്നുവോ അവൻ വേറൊരുവനുമാണ്.”27
ദൈവം നിത്യനായിരിക്കുന്ന അതേ അർത്ഥത്തിൽ പുത്രൻ നിത്യനായിരിക്കുന്നതായി താൻ കണക്കാക്കുന്നില്ല എന്ന് കാണിച്ചുകൊണ്ട് ഒരു വ്യക്തിയെന്ന നിലയിൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടെന്നുകൂടി എഗൻസ്ററ് ഹെർമ്മോജനസ്സ് എന്ന തന്റെ ഗ്രന്ഥത്തിൽ തെർത്തുല്യൻ പ്രസ്താവിക്കുന്നു.28 “തെർത്തുല്യൻ നമ്മുടെ കർത്താവിന്റെ നിത്യജനനം എന്ന വിശ്വാസത്തോട് യോജിപ്പിലല്ല”29 എന്നു പരിഗണിക്കേണ്ടതാണ് എന്ന് കാർഡിനൽ ന്യൂമാൻ പ്രസ്താവിച്ചു. തെർത്തുല്യനെ സംബന്ധിച്ച് ലാംസൺ പ്രഖ്യാപിക്കുന്നു:
“ഈ ന്യായം അല്ലെങ്കിൽ ഗ്രീക്കുകാർ പറയുന്ന ലോഗോസ്, തെർത്തുല്യൻ വിശ്വസിച്ചപ്രകാരം പിന്നീട് വചനം അല്ലെങ്കിൽ പുത്രൻ, അതായത് ഒരു യഥാർത്ഥ വ്യക്തിയായി മാറി, അവൻ നിത്യതമുതൽ പിതാവിന്റെ ഗുണവിശേഷമായി മാത്രം സ്ഥിതിചെയ്തിരുന്നു. എന്നിരുന്നാലും തെർത്തുല്യൻ അവന് പിതാവിനേക്കാൾ താണ ഒരു സ്ഥാനമേ കൽപ്പിച്ചുള്ളു . . .
“ത്രിത്വത്തിന്റെ ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന വിശദീകരണങ്ങൾ വച്ച് വിധിച്ചാൽ [ഒരു പാഷണ്ഡി എന്ന നിലയിൽ] തെർത്തുല്യനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് പ്രതീക്ഷിക്കാവുന്നതല്ല. അദ്ദേഹത്തിന് അത്തരമൊരു പരിശോധനയെ ഒരു നിമിഷം പോലും നേരിടാൻ കഴിയുകയില്ല.”30
ത്രിത്വം ഇല്ല
നിങ്ങൾ അപ്പോളൊജിസ്ററുകൾ എഴുതിയത് മുഴുവനും വായിക്കുകയാണെങ്കിൽ, ചില കാര്യങ്ങളിൽ അവർ ബൈബിളിന്റെ പഠിപ്പിക്കലിൽ നിന്ന് അകന്നുമാറിയിട്ടുണ്ടെങ്കിലും അവരിൽ ആരും പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യതയിലും ശക്തിയിലും സ്ഥാനത്തിലും ജ്ഞാനത്തിലും തുല്യരാണെന്ന് പഠിപ്പിച്ചില്ല എന്ന് നിങ്ങൾ കണ്ടെത്തും.
ഐറേനിയസ്, ഹിപ്പോളിററസ്, ഒറിജൻ, സിപ്രിയൻ, നൊവേഷൻ എന്നിങ്ങനെ രണ്ടും മൂന്നും നൂററാണ്ടുകളിലെ മററ് എഴുത്തുകാരെ സംബന്ധിച്ചും സത്യമിതാണ്. അവരിൽ ചിലർ ചില കാര്യങ്ങളിൽ പിതാവിനെയും പുത്രനെയും തുല്യരായി കണക്കാക്കിയെങ്കിലും മററു ചില കാര്യങ്ങളിൽ പുത്രൻ പിതാവായ ദൈവത്തിന് കീഴ്പ്പെട്ടിരിക്കുന്നതായി അവർ വീക്ഷിച്ചു. അവരിൽ ആരും പരിശുദ്ധാത്മാവ് പിതാവിനും പുത്രനും തുല്യനായിരിക്കുന്നതായി സങ്കൽപ്പിക്കുക പോലും ചെയ്തില്ല. ഉദാഹരണത്തിന്, ദൈവത്തിന് പുത്രൻ “സകല സൃഷ്ടിക്കും ആദ്യജാതനാണെന്നും” തിരുവെഴുത്തുകൾ “സൃഷ്ടിക്രിയകളിൽ ഏററം പുരാതനമായത് അവൻ ആയിരിക്കുന്നതായി തിരിച്ചറിയുന്നു”31വെന്നും ഒറിജൻ (പൊ. യു. ഏതാണ്ട് 185-നും 254-നും ഇടക്ക്) പ്രസ്താവിക്കുന്നു.
ഈ ആദിമ സഭാധികാരികളാലുള്ള കൃതികളുടെ വസ്തുനിഷ്ഠമായ ഏതൊരു വായനയും അവരുടെ കാലത്ത് ക്രൈസ്തവലോകത്തിന്റെ ത്രിത്വോപദേശം നിലവിലില്ലായിരുന്നു എന്ന് കാണിക്കും. ദ ചർച്ച് ഓഫ് ദ ഫസ്ററ് ത്രീ സെൻച്വറീസ് പറയുന്ന പ്രകാരം:
“ആധുനിക നാളിൽ ജനപ്രീതി നേടിയിരിക്കുന്ന ത്രിത്വവിശ്വാസത്തിന് ജസ്ററിന്റെ എഴുത്തുകളിൽ യാതൊരു പിന്തുണയുമില്ല; ഈ നിരീക്ഷണം നിഖ്യായ്ക്ക് മുമ്പുള്ള മററു പിതാക്കൻമാരുടെ കാര്യത്തിലും ബാധകമാക്കാം; അതായത് ക്രിസ്തുവിന്റെ ജനനശേഷമുള്ള ആദ്യത്തെ മൂന്നു നൂററാണ്ടുകളിലെ എല്ലാ ക്രിസ്തീയ എഴുത്തുകാർക്കും. അവർ പിതാവിനെയും പുത്രനെയും പ്രവാചക അല്ലെങ്കിൽ പരിശുദ്ധ ആത്മാവിനെയും കുറിച്ചു സംസാരിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ ഇന്നു ത്രിത്വവിശ്വാസികൾ പറയുന്നതുപോലെ തുല്യരായിരിക്കുന്നതായോ, സംഖ്യാപരമായ ഏകസാരംശമായിരിക്കുന്നതായോ ഒന്നിൽ മൂന്നാളുകൾ ഉണ്ടായിരിക്കുന്നതായോ അല്ല. വസ്തുത അതിന് നേരെ വിപരീതമാണ്. ഈ പിതാക്കൻമാർ വിശദീകരിച്ച ത്രിത്വോപദേശം ആധുനിക ഉപദേശത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. മനുഷ്യാഭിപ്രായങ്ങളുടെ ചരിത്രത്തിലെ മറേറതൊരു വസ്തുതയുടെയും കാര്യത്തിലെന്നതുപോലെ തെളിയിക്കപ്പെടാവുന്ന ഒരു വസ്തുതയായിട്ടാണ് ഞങ്ങൾ ഇത് പ്രസ്താവിക്കുന്നത്.”32
വാസ്തവത്തിൽ, തെർത്തുല്യന്റെ കാലത്തിനു മുമ്പ് ത്രിത്വം പരാമർശിക്കപ്പെട്ടുപോലുമില്ല. തെർത്തുല്യന്റെ “സത്യവിരുദ്ധ” ത്രിത്വമാകട്ടെ ഇന്നു വിശ്വസിക്കപ്പെടുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. എങ്കിൽ പിന്നെ ഇന്നു മനസ്സിലാക്കപ്പെടുന്ന തരം ത്രിത്വോപദേശം വികാസം പ്രാപിച്ചതെങ്ങനെയാണ്? അത് പൊ. യു. 325-ലെ നിഖ്യായിലെ കൗൺസിലിൽ വച്ചായിരുന്നോ? വീക്ഷാഗോപുരത്തിന്റെ ഒരു ഭാവി ലക്കത്തിൽ നാം ഈ ചോദ്യങ്ങൾ പരിശോധിക്കുന്നതായിരിക്കും.
[27-ാം പേജിലെ ചിത്രം]
ക്ലെമൻറ്
[കടപ്പാട്]
Historical Pictures Service
[28-ാം പേജിലെ ചിത്രം]
തെർത്തുല്യൻ
[കടപ്പാട്]
Historical Pictures Service