ബുഷൻവാൾഡിനുശേഷം ഞാൻ സത്യം കണ്ടെത്തി
ഫ്രാൻസിലെ ഗ്രെനോബിളിൽ 1930കളിലാണ് ഞാൻ വളർന്നത്. ഒരു ഫ്രഞ്ചുകാരനായിരുന്ന എന്റെ ജർമ്മൻ ഭാഷാധ്യാപകൻ അമിതോത്സാഹിയായ ഒരു നാസിയായിരുന്നു. സ്കൂളിൽ ഒരു നാളിൽ ജർമ്മൻ “ഉപയോഗപ്രദ”മായിത്തീരുമെന്ന് അയാൾ എല്ലായ്പ്പോഴും ശഠിക്കുമായിരുന്നു. എന്നിരുന്നാലും, ഒന്നാം ലോകമഹായുദ്ധവീരൻമാരായിരുന്ന ഞങ്ങളുടെ അദ്ധ്യാപകരുടെ ഭൂരിപക്ഷവും ജർമ്മനിയിലെ നാസിസത്തിന്റെ വളർച്ചയിൽ ദുഃഖിതരായിരുന്നു. യുദ്ധം അടുത്തുവരികയാണെന്ന് കൂടുതൽ കൂടുതൽ തെളിഞ്ഞപ്പോൾ ഞാനും ഉത്ക്കണ്ഠാകുലനായി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ, 1940ൽ, സോംനദിയിങ്കലെ ഉഗ്രമായ പോരാട്ടത്തിൽ എനിക്ക് പ്രിയപ്പെട്ട ഒരു അമ്മാവൻ നഷ്ടപ്പെട്ടു. ഞാൻ വളരെ രോഷാകുലനായി, എന്നാൽ ഫ്രഞ്ച് സൈന്യത്തിൽ ചേരുന്നതിന് എനിക്ക് പ്രായക്കുറവായിരുന്നു. എന്നിരുന്നാലും, മൂന്നുവർഷം കഴിഞ്ഞ് ജർമ്മൻകാർ ഫ്രാൻസിനെ കൈവശപ്പെടുത്തിയ സമയത്ത് ഫ്രഞ്ച് ഒളിപ്പോർസംഘടനക്ക് ഒരു ഡ്രാഫ്ററ്സ്മാനായുള്ള എന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം എനിക്ക് നൽകപ്പെട്ടു. ഒപ്പുകളുടെ പകർപ്പുണ്ടാക്കുന്നതിൽ ഞാൻ മികവു കാട്ടുകയും ജർമ്മൻ റബ്ബർ സ്ററാമ്പുകൾ കൃത്രിമമായി ഉണ്ടാക്കുന്ന വേല ചെയ്യുകയും ചെയ്തു. ഈ വിധത്തിൽ ശത്രുസൈന്യങ്ങളോടു പോരാടുന്നതിൽ എനിക്ക് വളരെയധികം സംതൃപ്തി ലഭിച്ചതുകൊണ്ട് ആ സമയത്ത് എന്റെ കമ്മ്യൂണിസ്ററ് സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ എനിക്ക് പ്രധാനമായിരുന്നില്ല.
അറസ്ററുചെയ്യപ്പെടുന്നു
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിമൂന്ന് നവംബർ 11ന്, തദ്ദേശീയ ഒളിപ്പോർസംഘടന, ഒന്നാം ലോകമഹായുദ്ധവിരാമ ഉടമ്പടിയുടെ സ്മാരകമായി ഒരു പ്രകടനം നടത്താൻ ആഹ്വാനംചെയ്തു. എന്നാൽ ഫ്രഞ്ച് മോബൈൽ ഗാർഡുകൾ യുദ്ധസ്മാരകത്തിങ്കലേക്കു നയിക്കുന്ന പാലത്തിലേക്കുള്ള പ്രവേശനത്തെ തടഞ്ഞിരുന്നു. വീട്ടിലേക്കു തിരിച്ചുപോകാൻ അവർ ഞങ്ങളെ പ്രോൽസാഹിപ്പിച്ചു. എന്നാൽ ഞങ്ങളുടെ ജാഥാ പട്ടണത്തിനുള്ളിലെ മറെറാരു യുദ്ധസ്മാരകത്തിങ്കലേക്കു മാർച്ചുചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ ഞങ്ങൾ ഒരു കാര്യം മറന്നു. സ്മാരകം രഹസ്യപ്പോലീസ് ഓഫീസിൽനിന്ന് കേവലം ഒരു കല്ലേർ ദൂരത്തിലായിരുന്നു.
ഞങ്ങളുടെ കൂട്ടം പെട്ടെന്നുതന്നെ സായുധസൈന്യങ്ങളാൽ വലയംചെയ്യപ്പെട്ടു. അവർ ഞങ്ങളെ ഒരു മതിലിനെതിരെ അണിനിരത്തി. പടയാളികൾ ഞങ്ങളെ മാററിനിർത്തിയപ്പോൾ അവർ നിലത്ത് പല കൈത്തോക്കുകൾ കിടക്കുന്നതു കണ്ടു. അവ തങ്ങളുടേതാണെന്ന് സമ്മതിക്കാൻ ആരും മുതിരാഞ്ഞപ്പോൾ, പടയാളികൾ സ്ത്രീകളെയും 16വയസ്സും അതിൽ കുറഞ്ഞ പ്രായവുമുള്ളവരെയും മാത്രം വിട്ടയച്ചു. അങ്ങനെ, 18-ാമത്തെ വയസ്സിൽ ഞാൻ വേറെ 450 പേരോടുകൂടെ തടവിലാക്കപ്പെട്ടു. ചുരുക്കംചില ദിവസങ്ങൾക്കുശേഷം ഞങ്ങൾ വടക്കൻ ഫ്രാൻസിലെ കോമ്പീനടുത്തുള്ള ഒരു ഗതാഗതക്യാമ്പിലേക്ക് മാററപ്പെട്ടു.
ജർമ്മനിയിലേക്ക്
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിനാല് ജനുവരി 17ന് എനിക്ക് ജർമ്മൻപടയാളികളുമായി ആദ്യസമ്പർക്കമുണ്ടായി—എന്നാൽ നിർഭാഗ്യവശാൽ അവസാനത്തേതായിരുന്നില്ല. അവരുടെ പടത്തൊപ്പികൾ ഇടതുവശത്ത് ഒരു സ്വസ്ഥികയാലും വലതുവശത്ത് SS (schutzstaffel) എന്ന ആദ്യക്ഷരങ്ങളാലും അലങ്കരിക്കപ്പെട്ടിരുന്നു. അവർ നൂറുകണക്കിന് തടവുകാരെ കൂട്ടിച്ചേർത്തു, ഞങ്ങൾ കോംപീൻ സ്റേറഷനിലേക്ക് നടക്കേണ്ടിവന്നു. ഞങ്ങൾ അക്ഷരീയമായി റയിൽവേ ബോക്സ്കാറുകളിലേക്ക് തൊഴിച്ചുകയററപ്പെട്ടു. എന്റെ ബോക്സുകാറിൽത്തന്നെ 125 തടവുകാർ ഉണ്ടായിരുന്നു. മൂന്നു പകലിലും രണ്ടു രാത്രിയിലും ഞങ്ങൾക്ക് യാതൊന്നും തിന്നാനോ കുടിക്കാനോ ഇല്ലായിരുന്നു. ഏതാനും മണിക്കൂറിനുള്ളിൽ ദുർബലർ തളർന്നുവീണിട്ട് മററുള്ളവരാൽ ചവിട്ടിമെതിക്കപ്പെട്ടിരുന്നു. രണ്ടു ദിവസംകഴിഞ്ഞ് ഞങ്ങൾ ജർമ്മനിയുടെ വളരെ ഉള്ളിലുള്ള വീമറിനടുത്ത് ബുഷൻവാൾഡിൽ വന്നെത്തി.
അണുനശീകരണം കഴിഞ്ഞ് എന്റെ തല മുണ്ഡനം ചെയ്ത ശേഷം എനിക്ക് 41,101 എന്ന രജിസ്ട്രേഷൻ നമ്പർ നൽകപ്പെട്ടു, ഒരു “കമ്മ്യൂണിസ്ററ് ഭീകരപ്രവർത്തകനായി” വർഗ്ഗീകരിക്കപ്പെടുകയുംചെയ്തു. ഒരു സമ്പർക്കനിരോധ കാലത്ത് ഞാൻ ഡോമിനിക്കൻ പുരോഹിതനായിരുന്ന മൈക്കൾ റീക്കെയെ കണ്ടുമുട്ടി, യുദ്ധാനന്തരം പാരീസിലെ നോട്ടർഡാം കത്തീഡ്രലിൽ നടത്തിയ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്ക് അദ്ദേഹം പ്രശസ്തനാകാനിരിക്കുകയായിരുന്നു. ദൈവം ഇങ്ങനെയുള്ള ഭീകരതകൾ അനുവദിക്കുന്നതെന്തുകൊണ്ടാണെന്ന് എന്റെ പ്രായത്തിലുള്ള മററു ചെറുപ്പക്കാരോടൊപ്പം ഞാൻ അദ്ദേഹത്തോടു ചോദിച്ചു. “സ്വർഗ്ഗത്തിൽ പോകാൻ അർഹതനേടുന്നതിന് നിങ്ങൾ അനേകം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടതാണ്” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
അനുദിന ജീവിതം
അറുപത്തൊന്നു ബാരക്കുകളിലെ അന്തേവാസികൾ രാവിലെ ഏതാണ്ട് നാലരക്ക് എഴുന്നേൽക്കണമായിരുന്നു. ഞങ്ങൾ അര വരെ വസ്ത്രമുരിയപ്പെട്ടാണ് പുറത്തുവന്നത്, കുളിക്കാൻ മിക്കപ്പോഴും ഞങ്ങൾ ഐസ് പൊട്ടിക്കേണ്ടിയിരുന്നു. നല്ല ആരോഗ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും അനുസരിക്കണമായിരുന്നു. പിന്നെ അപ്പവിതരണമായി, ദിവസേന 200 മുതൽ 300 ഗ്രാം വരെ രുചിയില്ലാത്ത അപ്പം ഒരു മാർജറിൻ ശകലവും ജാമിനോടുള്ള അല്പമായ സാദൃശമുള്ള എന്തോ ഒന്നും സഹിതം. രാവിലെ 5:30ന് എല്ലാവരും ഹാജർ വിളിക്കപ്പെടുന്നതിന് കൂട്ടിവരുത്തപ്പെട്ടു. രാത്രിയിൽ മരിച്ചുപോയവരെ ഞങ്ങളുടെ പുറത്ത് വഹിച്ചുകൊണ്ടുപോകുന്നത് എന്തൊരു ഭയങ്കര അനുഭവമായിരുന്നു! ശവങ്ങൾ കത്തിക്കൊണ്ടിരുന്നപ്പോഴത്തെ രൂക്ഷമായ പുകമണം ഞങ്ങളുടെ സഹപ്രവർത്തകരെക്കുറിച്ചു ഞങ്ങളെ അനുസ്മരിപ്പിച്ചു. ഞങ്ങൾ അറപ്പിന്റെയും വെറുപ്പിന്റെയും നിരാശയുടെയും തോന്നലുകളാൽ ആകുലീകരിക്കപ്പെട്ടു, കാരണം ഞങ്ങളുടെയും ഗതി അനായാസം അതായിരിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
ബാവ് II കൊമാൻഡോയിലെ എന്റെ വേല യാതൊരുദ്ദേശ്യവുമില്ലാതെ കിടങ്ങുകൾ കുഴിക്കുന്നതായിരുന്നു. 2മീററർ ആഴമുള്ള കിടങ്ങു കുഴിച്ചാലുടനെ ഞങ്ങൾ അത്രതന്നെ ശ്രദ്ധാപൂർവം അതു വീണ്ടും നികത്തണമായിരുന്നു. വേല രാവിലെ 6മണിക്കു തുടങ്ങി, ഉച്ചക്ക് അരമണിക്കൂർ ഇടവേളയുണ്ടായിരുന്നു. അതിനുശേഷം ഞങ്ങൾ വൈകുന്നേരം 7മണി വരെ ജോലി തുടർന്നു. വൈകുന്നേരത്തെ ഹാജർവിളി മിക്കപ്പോഴും അനന്തമായി തോന്നി. റഷ്യൻമുന്നണിയിൽ കനത്ത ജർമ്മൻ നഷ്ടങ്ങളുണ്ടായപ്പോഴെല്ലാം അതിന് പാതിരാ വരെ നീളാൻ കഴിയുമായിരുന്നു.
ഒരു വ്യത്യസ്ത സമൂഹം
ക്യാമ്പിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന ഏതൊരാളെയും അനായാസം തിരിച്ചറിയാൻ കഴിയുമായിരുന്നു, കാരണം ഞങ്ങൾക്ക് അസമമായ ഒരു കേശാലങ്കാരമാണുണ്ടായിരുന്നത്. ഞങ്ങളുടെ മുടി മദ്ധ്യത്തിലൂടെയോ വശങ്ങളിലൂടെയോ ഒരു രേഖയിൽ വടിച്ചുകളഞ്ഞോ പറെറ വെട്ടിയോ വെച്ചിരുന്നു. എന്നിരുന്നാലും ചില തടവുകാർക്ക് സാധാരണരീതിയുള്ള മുടിവെട്ടായിരുന്നു ഉണ്ടായിരുന്നത്. അവർ ആരായിരുന്നു? ഞങ്ങളുടെ ബാരക്കിന്റെ തലവൻ ഞങ്ങളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തി. “അവർ ബീബൽഫോർഷർ (ബൈബിൾവിദ്യാർത്ഥികൾ) ആണ്,” അദ്ദേഹം പറഞ്ഞു. “എന്നാൽ ബൈബിൾവിദ്യാർത്ഥികൾ ഒരു തടങ്കൽപാളയത്തിൽ എന്താണ് ചെയ്തുകൊണ്ടിരുന്നത്?” ഞാൻ അറിയാനാഗ്രഹിച്ചു. “അവർ യഹോവയെ ആരാധിക്കുന്നതുകൊണ്ടാണ് ഇവിടെ ആയിരിക്കുന്നത്,” എന്നോടു പറയപ്പെട്ടു. യഹോവ! ഞാൻ ദൈവനാമം ഇതാദ്യമായിട്ടായിരുന്നു കേട്ടത്.
ഒടുവിൽ ബൈബിൾവിദ്യാർത്ഥികളെക്കുറിച്ച് അല്പംകൂടെ അറിയാനിടയായി. അവർ മിക്കവരും ജർമ്മൻകാരായിരുന്നു. അവരിൽ ചിലർ ഹിററ്ലറെ അനുസരിക്കാൻ വിസമ്മതിച്ചതുകൊണ്ട് 1930കളുടെ മദ്ധ്യംമുതൽ തടങ്കൽ പാളയങ്ങളിൽ കഴിയുകയായിരുന്നു. അവർക്ക് സ്വതന്ത്രരായി പോകാൻ കഴിയുമായിരുന്നു, എന്നാൽ അവർ കീഴടങ്ങാൻ വിസമ്മതിച്ചു. രഹസ്യപ്പോലീസ് അവരുടെ വ്യക്തിപരമായ ക്ഷുരകൻമാരായി അവരെ ഉപയോഗിച്ചു, അവർക്ക് ഭരണസ്ഥാനങ്ങളിലെ ജോലിപോലെ വിശ്വാസയോഗ്യരായ ആളുകൾ ആവശ്യമായിരിക്കുന്ന പ്രത്യേക ജോലികൾ കൊടുക്കപ്പെട്ടു. ഞങ്ങളിൽ അത്യന്തം ജിജ്ഞാസ ഉണർത്തിയത് അവരുടെ പ്രശാന്തത, പകയുടെയോ പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും ആത്മാവിന്റെയോ തികഞ്ഞ അഭാവം, ആയിരുന്നു. എനിക്കതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. നിർഭാഗ്യവശാൽ, ആ സമയത്ത് അവരുമായി സംഭാഷണം നടത്താൻ വേണ്ടത്ര ജർമ്മൻഭാഷാപരിജ്ഞാനം എനിക്കില്ലായിരുന്നു.
മരണത്തീവണ്ടി
സഖ്യകക്ഷികൾ മുന്നേറവേ, തടവുകാർ കുറേകൂടെ ഉൾപ്രദേശത്തുള്ള പാളയങ്ങളിലേക്ക് അയക്കപ്പെട്ടു, അവയിൽ ഭയങ്കരമായി അമിത തിക്കൽ അനുഭവപ്പെടുകയായിരുന്നു. 1945 ഏപ്രിൽ 6ലെ പ്രഭാതത്തിൽ രഹസ്യപ്പോലീസ് ഞങ്ങളിൽ 5,000 പേരെ കൊണ്ടുപോകുകയും 9 കി.മീ. നടപ്പിന് വെയ്മറിലേക്കുള്ള വഴിയിൽ ബലമായി എത്തിക്കുകയും ചെയ്തു. ഒപ്പം നടക്കാൻ കഴിയാഞ്ഞവരുടെ കഴുത്തിൽ നിഷ്ക്കരുണം വെടിവെച്ചു. ഒടുവിൽ ഞങ്ങൾ വെയ്ർസ്റേറഷനിൽ എത്തിയപ്പോൾ ഞങ്ങൾ തുറന്ന ചരക്കുവണ്ടികളിൽ കയറി, തീവണ്ടി വിട്ടു. അത് 20 ദിവസം ജർമ്മനിയിൽ ഒരു സ്റേറഷനിൽനിന്ന് മറെറാന്നിലേക്ക് ചുററിക്കറങ്ങി പിന്നീട് ചെക്കോസ്ലൊവേക്യയിൽ എത്തി.
ഒരു ദിവസം രാവിലെ ഞങ്ങളുടെ തീവണ്ടിയുടെ ഒരു ഭാഗം ഒരു വശത്തേക്ക് മാററിയിട്ടു. പടയാളികൾ യന്ത്രത്തോക്കുകൾ പ്രവർത്തനക്ഷമമാക്കുകയും ഒരു ചരക്കുവണ്ടിയുടെ വാതിലുകൾ തുറന്ന് അകത്തുണ്ടായിരുന്ന റഷ്യൻ തടവുകാരെയെല്ലാം കൂട്ടമായി കൊല്ലുകയും ചെയ്തു. കാരണം? ഒരു ഡസൻ പടയാളികൾ അവരുടെ കാവൽഭടൻമാരെ കൊല്ലുകയും രാത്രിയിൽ രക്ഷപെടുകയും ചെയ്തിരുന്നു. ഇന്നുപോലും വണ്ടിയുടെ തറയിലൂടെ രക്തം പാളത്തിലേക്ക് ഇററിററുവീഴുന്നത് എനിക്ക് ഭാവനയിൽ കാണാൻ കഴിയും.
ഒടുവിൽ, തീവണ്ടി ഡാക്കൗവിലെത്തി. അവിടെവച്ച് രണ്ടുദിവസം കഴിഞ്ഞ് അമേരിക്കൻ സൈന്യം ഞങ്ങളെ വിട്ടയച്ചു. 20ദിവസത്തെ മുഴു യാത്രാവേളയിലും ഞങ്ങൾക്കുണ്ടായിരുന്ന ഏക ആഹാരം ചുരുക്കംചില പച്ച ഉരുളക്കിഴങ്ങും കുറെ വെള്ളവുമായിരുന്നു. ഞങ്ങൾ ആരംഭത്തിൽ 5,000പേരുണ്ടായിരുന്നു, എന്നാൽ 800 പേർ മാത്രമേ അതിജീവിച്ചുള്ളു. കുറെ ദിവസങ്ങൾക്കുശേഷം മററുള്ളവർ മരിച്ചു. എന്നെ സംബന്ധിച്ചടത്തോളം, ഞാൻ ഒരു ശവത്തിൻമേൽ ഇരുന്നാണ് യാത്രയുടെ അധികപങ്കും ചെലവഴിച്ചത്.
ഒരു പുതിയ ചുവട്
ഞാൻ ബുഷൻവാൾഡിൽ ഫ്രഞ്ച് കമ്മ്യൂണിസ്ററ് പാർട്ടിയിലെ പ്രമുഖരുൾപ്പെടെ അതിലെ അംഗങ്ങളിൽ അനേകരുമായി അടുത്ത സഹവാസം പുലർത്തിയിരുന്നതുകൊണ്ട് എന്റെ വിമോചനത്തിനുശേഷം ആ പാർട്ടിക്ക് സജീവ പിന്തുണകൊടുക്കുന്നതല്ലാതെ മറെറാന്നും കൂടുതൽ സ്വാഭാവികമായി തോന്നിയില്ല. ഞാൻ ഗ്രെനോബിലെ അസിസ്ററൻറ് സെൽ സെക്രട്ടറിയായിത്തീർന്നു, പാരീസിൽ കാര്യനിർവാഹകർക്കുവേണ്ടി നടത്തിയ ഒരു പരിശീലനകോഴ്സിൽ ചേരാൻ പ്രോൽസാഹിപ്പിക്കപ്പെടുകയും ചെയ്തു.
എന്നിരുന്നാലും ഞാൻ പെട്ടെന്ന് നിരാശനായി. 1945 നവംബർ 11ന് പാരീസിലെ ഒരു പരേഡിൽ പങ്കെടുക്കാൻ ഞങ്ങൾ ക്ഷണിക്കപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിന്റെ ചുമതല വഹിച്ചിരുന്ന സഖാവിന് ഞങ്ങളുടെ താമസസൗകര്യത്തിനുവേണ്ടി കുറെ പണം ലഭിച്ചു, എന്നാൽ അത് ഞങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിന് അയാൾക്ക് മനസ്സുള്ളതായി തോന്നിയില്ല. ഞങ്ങളെ ഒരുമിപ്പിക്കേണ്ടിയിരുന്ന സത്യസന്ധതയുടെയും സൗഹൃദത്തിന്റെയും തത്വങ്ങൾ ഞങ്ങൾ അയാളെ ഓർമ്മിപ്പിക്കേണ്ടിവന്നു. എനിക്കറിയാമായിരുന്ന പ്രമുഖരായ അനേകർക്കുപോലും കേവലം ലോകപ്രശ്നങ്ങളുടെ പരിഹാരമില്ലായിരുന്നുവെന്നും ഞാൻ തിരിച്ചറിയാനിടയായി. തന്നെയുമല്ല, അവരിൽ അധികപങ്കും നിരീശ്വരൻമാരായിരുന്നു. ഞാൻ ദൈവത്തിൽ വിശ്വസിച്ചു.
പിന്നീടു ഞാൻ ലിയോൺസിലേക്കു മാറിപ്പാർത്തു, അവിടെ ഞാൻ ഒരു ഡ്രാഫ്സ്ററ്മാനായി തുടർന്നു ജോലിചെയ്തു. 1954-ൽ രണ്ട് യഹോവയുടെ സാക്ഷികൾ എന്നെ സന്ദർശിച്ചു, ഞാൻ ഉണരുക! മാസികക്ക് വരിസംഖ്യ കൊടുത്തു. രണ്ടുദിവസം കഴിഞ്ഞ്, എന്റെ വീട്ടുവാതിൽക്കൽ മുട്ടിയ രണ്ടു സ്ത്രീകളിൽ ഒരാളോടൊത്ത് ഒരു മനുഷ്യൻ എന്നെ സന്ദർശിക്കാൻ വന്നു. ഞങ്ങൾക്കു രണ്ടുപേർക്കും ആത്മീയ കാര്യങ്ങളിൽ താത്പര്യമുണ്ടെന്ന് എന്റെ ഭാര്യയും ഞാനും പെട്ടെന്ന് തിരിച്ചറിഞ്ഞു.
തുടർന്നു നടന്ന ചർച്ചകളിൽ, തങ്ങളുടെ വിശ്വാസത്തോടു വളരെ സത്യസന്ധത പുലർത്തിയ ബുഷൻവാൾഡിലെ ബീബൽഫോർഷറെ ഞാൻ ഓർത്തു. അപ്പോൾമാത്രമാണ് ഈ ബീബൽഫോർഷറും യഹോവയുടെ സാക്ഷികളും ഒരു കൂട്ടർതന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഒരു ബൈബിളദ്ധ്യയനത്തിന്റെ ഫലമായി എന്റെ ഭാര്യയും ഞാനും യഹോവക്കുവേണ്ടി നിലയുറപ്പിക്കുകയും 1955 ഏപ്രിലിൽ സ്നാപനമേൽക്കുകയും ചെയ്തു.
ഇവയെല്ലാം ഇന്നലെ സംഭവിച്ചതുപോലെ എന്റെ ഓർമ്മയിൽ മായാതെ നിൽക്കുകയാണ്. എന്റെ മുൻകാല യാതനകളിൽ ഞാൻ ഖേദിക്കുന്നില്ല. അവ എന്നെ ശക്തീകരിക്കുകയും ഈ ലോകത്തിലെ ഗവൺമെൻറുകൾക്ക് ഒന്നും വാഗ്ദാനംചെയ്യാനില്ലെന്ന് മനസ്സിലാക്കാൻ എന്നെ സഹായിക്കുകയും ചെയ്തു. വ്യക്തിപരമായ അനുഭവങ്ങൾക്ക് ഒരളവിൽ മാത്രമേ മററുള്ളവരെ സഹായിക്കാൻ കഴികയുള്ളുവെങ്കിലും, ഈ ലോകത്തിന്റെ കാപട്യം തിരിച്ചറിയാനും തത്ഫലമായി യേശു പഠിപ്പിച്ച സത്യക്രിസ്ത്യാനിത്വത്തിന്റെ നല്ലതും നേരുള്ളതുമായ മൂല്യങ്ങൾ തേടാനും എന്റെ അനുഭവങ്ങൾ യുവജനങ്ങളെ സഹായിക്കുമെങ്കിൽ ഞാൻ സന്തുഷ്ടനായിരിക്കും.
ഇന്ന് കഷ്ടപ്പാടും അനീതിയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. തടങ്കലിൽ പാളയങ്ങളിലെ ബീബൽഫോർഷറെ പോലെ, വരാനിരിക്കുന്ന ഒരു മെച്ചപ്പെട്ട ലോകത്തിനുവേണ്ടി ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്, അവിടെ അക്രമത്തിനും മതഭ്രാന്തോടുകൂടിയ ആദർശവാദത്തിനും പകരം സഹോദരസ്നേഹവും നീതിയും പ്രബലപ്പെടും. ഇതിനിടയിൽ ഞാൻ ക്രിസ്തീയ സഭയിലെ ഒരു മൂപ്പനെന്ന നിലയിൽ എന്റെ ഭാര്യയോടും കുട്ടികളോടും പേരക്കുട്ടികളോടുംകൂടി എന്റെ കഴിവിന്റെ പരമാവധി ദൈവത്തെയും ക്രിസ്തുവിനെയും സേവിക്കാൻ ശ്രമിക്കുകയാണ്. (സങ്കീർത്തനം 112:7, 8)—റെനെ സാഗ്ലാ പറഞ്ഞ പ്രകാരം.
[28-ാം പേജിലെ ചിത്രം]
മുകളിൽ: ക്യാമ്പിലെ ഹാജർ വിളി
ഇടത്ത്: ബുഷൻവാൾഡിലേക്കുള്ള പ്രവേശനകവാടം. ആലേഖനം ഇങ്ങനെ വായിക്കപ്പെടുന്നു: “ഓരോരുത്തനും അവനവൻ അർഹിക്കുന്നത്”
[29-ാം പേജിലെ ചിത്രം]
മുകളിൽ: ബുഷൻ വാൾഡിലെ ശവദാഹസ്ഥലം
ഇടത്ത്: ഓരോ തട്ടിലും പതിനാറു തടവുകാർ