വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഒരു പുരുഷൻ ഒരു കന്യകയെ വഴിപിഴപ്പിക്കുന്നത് “അതിവിസ്മയ”മാണെന്ന് സദൃശവാക്യങ്ങൾ 30:19-ന്റെ എഴുത്തുകാരൻ വാസ്തവത്തിൽ വിചാരിച്ചോ?
അത് സദൃശവാക്യങ്ങൾ 30:19-ന്റെ സാദ്ധ്യതയുള്ള ഒരു അർത്ഥമാണ്, മനസ്സിലാക്കാൻ എളുപ്പമുള്ള ഒരു വാക്യമല്ലതെന്ന് സമ്മതിക്കുന്നു.
ഈ വാക്യത്തിന്റെ അർത്ഥം ആരായുമ്പോൾ, നാം സന്ദർഭത്തെ അവഗണിക്കരുത്. ഈ വാക്യഭാഗത്തിനു തൊട്ടുമുമ്പ് നിശ്വസ്ത എഴുത്തുകാരൻ ഒരു പ്രകാരത്തിൽ തൃപ്തിവരാത്ത നാലുകാര്യങ്ങൾ പട്ടികപ്പെടുത്തി. (സദൃശവാക്യങ്ങൾ 30:15, 16) അനന്തരം അവൻ ഈ പട്ടിക വിവരിച്ചു: “എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു; ആകാശത്തു കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.”—സദൃശവാക്യങ്ങൾ 30:18, 19.
ഈ നാലു കാര്യങ്ങളിൽ “വിസ്മയ”കരമായി ഉണ്ടായിരുന്നത് എന്തായിരിക്കാം?
“വിസ്മയം” ഒരുപക്ഷേ ഗുണകരമായതിനെ അല്ലെങ്കിൽ നല്ലതിനെ അർത്ഥമാക്കേണ്ടതാണെന്ന് വിചാരിച്ചുകൊണ്ട് ഈ നാലു കാര്യങ്ങളിലോരോന്നും ദൈവസൃഷ്ടിയുടെ ജ്ഞാനത്തെ പ്രദർശിപ്പിക്കുന്നുവെന്ന് ചില പണ്ഡിതൻമാർ വിശദീകരിക്കുന്നു: ഒരു വലിയ പക്ഷിക്ക് പറക്കാൻ കഴിയുന്നതിന്റെയും കാലില്ലാത്ത ഒരു സർപ്പത്തിന് പാറയിലൂടെ നീങ്ങാൻ കഴിയുന്നതിന്റെയും ഒരു പ്രക്ഷുബ്ധ സമുദ്രത്തിൽ ഒരു ഭാരമുള്ള കപ്പലിന് പൊങ്ങിക്കിടക്കാൻ കഴിയുന്നതിന്റെയും നല്ല ആരോഗ്യവാനായ ഒരു യുവാവിന് ഒരു പ്രിയങ്കരിയായ കന്യകയുമായി അഗാധസ്നേഹത്തിലായി അവളെ വിവാഹംചെയ്യാനും അനന്തരം അവർക്ക് ഒരു വിശിഷ്ടമായ മനുഷ്യശിശുവിനെ ഉളവാക്കാനും കഴിയുന്നതിന്റെയും അത്ഭുതത്തെത്തന്നെ. ഒരു പ്രൊഫസ്സർ ഈ നാലുകാര്യങ്ങളിൽ മറെറാരു സാദൃശ്യം കണ്ടെത്തി, ഓരോന്നും എക്കാലത്തും പുതുതായിരിക്കുന്ന ഒരു പാതയിലൂടെ യാത്രചെയ്യുന്നുവെന്നു തന്നെ—പാതയില്ലാത്തടത്തുകൂടെയുള്ള കഴുകന്റെയും സർപ്പത്തിന്റെയും കപ്പലിന്റെയും പോക്കും ഒരു ഇണകളുടെ വളർന്നുവരുന്ന സ്നേഹത്തിന്റെ പുതുമയും.
എന്നിരുന്നാലും, ഈ നാലുകാര്യങ്ങൾക്ക് പൊതുവിലുള്ളത് ഗുണകരമായ എന്തോ ആണെന്നുള്ളതുപോലെ അവ നല്ല ഒരു അർത്ഥത്തിൽ “വിസ്മയ”കരമായിരിക്കേണ്ടതില്ല. സദൃശവാക്യങ്ങൾ 6:16-19 “യഹോവ വെറുക്കുന്ന” ആറു കാര്യങ്ങൾ പട്ടികപ്പെടുത്തുന്നു. കുറിക്കൊണ്ടതുപോലെ, പ്രസക്തവാക്യങ്ങൾക്കു തൊട്ടുമുമ്പ് സദൃശവാക്യങ്ങൾ “മതി” എന്നു പറയാത്ത കാര്യങ്ങൾ (പാതാളം, കുട്ടിയില്ലാത്ത ഗർഭപാത്രം, വരണ്ട ഭൂമി, ആളിക്കത്തുന്ന തീ) പട്ടികപ്പെടുത്തുന്നു. തീർച്ചയായും അവ വിസ്മയകരമായി നല്ലതായിരിക്കുന്നില്ല.
സദൃശവാക്യങ്ങൾ 30:18-ൽ “വിസ്മയം” എന്നു ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർത്ഥം “വേർതിരിക്കുക, വ്യത്യാസപ്പെടുത്തുക; വ്യത്യസ്തം, അസാധാരണം, വിസ്മയകരം ആക്കുക” എന്നാണ്. ഒരു വസ്തു നല്ലതായിരിക്കാതെതന്നെ അതിന് വ്യത്യസ്തമോ അസാധാരണമോ അതിശയകരമോ ആയിരിക്കാൻ കഴിയും. ദാനിയേൽ 8:23, 24 (NW) “അതിശയകരമാംവണ്ണം” നാശം പ്രവർത്തിക്കുന്നവനും വിശുദ്ധൻമാർ ഉൾപ്പെടെയുള്ള “ശക്തൻമാരെ നശിപ്പിക്കു”ന്നവനുമായ ഒരു ഉഗ്രരാജാവിനെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞു.—ആവർത്തനം 17:8; 28:59; സെഖര്യാവ് 8:6 താരതമ്യപ്പെടുത്തുക.
സദൃശവാക്യങ്ങൾ 30:18, 19-നെ തുടർന്നുള്ള വാക്യം എഴുത്തുകാരൻ മനസ്സിലാക്കാൻ പ്രയാസമുള്ളതായി കണ്ടതുസംബന്ധിച്ച് ഒരു സൂചന നൽകിയേക്കാം. ഇരുപതാം വാക്യം “തിന്നു വായ് തുടച്ചിട്ട് ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്ന” ഒരു വ്യഭിചാരിണിയെക്കുറിച്ചു പറയുന്നു. ഒരുപക്ഷേ രഹസ്യമായും സൂത്രത്തിലും അവൾ പാപംചെയ്തു, എന്നാൽ അവളുടെ കുററകൃത്യത്തിന്റെ തെളിവില്ലാത്തതിനാൽ അവൾക്ക് നിർദ്ദോഷിത്വം അവകാശപ്പെടാൻ കഴിഞ്ഞു.
മുൻപട്ടികയുമായി ഒരു സമാനതയുണ്ട്. ഒരു കഴുകൻ ആകാശത്തിൽ പറന്നുയരുന്നു, ഒരു സർപ്പം ഒരു പാറയിലൂടെ കടന്നുപോകുന്നു, ഒരു കപ്പൽ തിരമാലകളെ മുറിച്ചുപോകുന്നു—യാതൊന്നും ഒരു വഴിത്താര അവശേഷിപ്പിക്കുന്നില്ല, ഈ മൂന്നിൽ ഏതിന്റെയെങ്കിലും പാത ചുവടുപിടിച്ചെത്തുക പ്രയാസമായിരിക്കും. ഈ മൂന്നിന്റെയും പൊതുസ്വഭാവം ഇതാണെങ്കിൽ നാലാമത്തേതു, “കന്യകയോടുകൂടെ പുരുഷന്റെ വഴി” സംബന്ധിച്ചെന്ത്?
ഇതും കണ്ടെത്തുക പ്രയാസമായിരിക്കാൻ കഴിയും. ഒരു ചെറുപ്പക്കാരൻ ഒരു നിഷ്ക്കളങ്കയായ കന്യകയുടെ പ്രീതിയിലേക്ക് ഊർന്നിറങ്ങാൻ വഞ്ചനയും മൃദുലതയും ഉപായങ്ങളും പ്രയോഗിച്ചേക്കാം. അനുഭവപരിചയമില്ലാത്തതിനാൽ അവൾ അയാളുടെ സൂത്രങ്ങൾ കണ്ടുപിടിക്കാതിരുന്നേക്കാം. വഴിപിഴപ്പിക്കപ്പെട്ട ശേഷം പോലും അയാൾ തന്നെ എങ്ങനെ നേടിയെടുത്തുവെന്ന് അവൾക്ക് വിശദീകരിക്കാൻ കഴിയാതിരുന്നേക്കാം; നിരീക്ഷകരും വിശദീകരിക്കുക പ്രയാസമാണെന്ന് കണ്ടെത്തിയേക്കാം. ഈ സമയംവരെയും, അനേകം ചെറുപ്പക്കാരികൾക്ക് തന്ത്രക്കാരായ പ്രലോഭകർ നിമിത്തം തങ്ങളുടെ ചാരിത്ര്യം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം സൂത്രക്കാരായ പുരുഷൻമാരുടെ വഴി പിന്തുടരുക പ്രയാസമാണ്; എന്നിരുന്നാലും പറക്കുന്ന ഒരു കഴുകനെയോ ഇഴയുന്ന ഒരു സർപ്പത്തെയോ സമുദ്രത്തിലെ ഒരു കപ്പലിനെയോപോലെ അവർക്ക് ഒരു ലക്ഷ്യമുണ്ട്. വഴിപിഴപ്പിക്കുന്നവരെ സംബന്ധിച്ചടത്തോളം ലക്ഷ്യം ലൈംഗികചൂഷണമാണ്.
ഈ വെളിച്ചത്തിൽ സദൃശവാക്യങ്ങൾ 30:18, 19-ന്റെ ആശയം ശാസ്ത്രീയമോ യാന്ത്രികമോ ആയ സൃഷ്ടിയിലെ കാര്യങ്ങളെക്കുറിച്ചായിരിക്കുന്നില്ല. മറിച്ച്, ഈ വാക്യഭാഗം നമുക്ക് ഒരു ധാർമ്മികമുന്നറിയിപ്പു നൽകുന്നു, സദൃശവാക്യങ്ങൾ 7:1-27 പ്രേരണ ചെലുത്തുന്ന ഒരു വേശ്യയിൽനിന്നുള്ള അപകടങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ചു മുന്നറിയിപ്പുനൽകുന്നതുപോലെതന്നെ. ക്രിസ്തീയ സഹോദരിമാർക്ക് സദൃശവാക്യങ്ങൾ 30:18, 19-ലെ മുന്നറിയിപ്പ് കാര്യമായി എടുക്കാവുന്ന ഒരു വിധം ബൈബിൾ പഠിക്കുന്നതിൽ താത്പര്യമുണ്ടെന്നു നടിക്കുന്ന പുരുഷൻമാരുടെ കാര്യത്തിലാണ്. സൗഹാർദ്ദതയുള്ള ഒരു മനുഷ്യൻ, ഒരു കൂട്ടുജോലിക്കാരൻപോലും, അങ്ങനെയുള്ള താത്പര്യം കാണിക്കുന്നതായി തോന്നുന്നുവെങ്കിൽ, ഒരു സഹോദരി അയാളെ സഭയിലെ ഒരു സഹോദരനിലേക്ക് നയിക്കണം. ആ സഹോദരന് “കന്യകയോടുകൂടെ പുരുഷന്റെവഴി”യുടെ അപകടങ്ങൾ കൂടാതെ യഥാർത്ഥമായ ഏതു താത്പര്യത്തെയും തൃപ്തിപ്പെടുത്താവുന്നതാണ്.