വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സുഭാഷിതങ്ങൾ 30:18, 19-ന്റെ എഴുത്തുകാരൻ “യുവതിയോടൊപ്പമുള്ള പുരുഷന്റെ വഴി” “ബുദ്ധിക്ക് അതീതമാണ്” എന്നു പറഞ്ഞു. എന്താണ് അതിന്റെ അർഥം?
ഈ വാക്കുകളുടെ അർഥം എന്താണെന്നു ബൈബിൾപണ്ഡിതന്മാർ ഉൾപ്പെടെ പലർക്കും സംശയം തോന്നിയിട്ടുണ്ട്. പുതിയ ലോക ഭാഷാന്തരത്തിൽ ഈ ബൈബിൾഭാഗം ഇങ്ങനെയാണ് വായിക്കുന്നത്: “മൂന്നു കാര്യങ്ങൾ എന്റെ ബുദ്ധിക്ക് അതീതമാണ്; (അഥവാ, ‘എനിക്കു വലിയ അത്ഭുതമായി തോന്നുന്നു,’ അടിക്കുറിപ്പ്.) നാലു കാര്യങ്ങൾ എനിക്കു മനസ്സിലായിട്ടില്ല: ആകാശത്തിലൂടെ കഴുകൻ പറക്കുന്ന വഴിയും, പാറയിലൂടെ പാമ്പ് ഇഴയുന്ന പാതയും, നടുക്കടലിലൂടെ കപ്പൽ സഞ്ചരിക്കുന്ന മാർഗവും, യുവതിയോടൊപ്പമുള്ള പുരുഷന്റെ വഴിയും.”—സുഭാ. 30:18, 19.
“യുവതിയോടൊപ്പമുള്ള പുരുഷന്റെ വഴി” എന്ന പദപ്രയോഗം ഒരു മോശം കാര്യത്തെയാണ് അർഥമാക്കുന്നത് എന്നാണു നമ്മൾ മുമ്പു മനസ്സിലാക്കിയിരുന്നത്. കാരണം അതിനു തൊട്ടുമുമ്പുള്ള വാക്യങ്ങളിൽ, “മതി” എന്നു പറയാത്ത മോശം കാര്യങ്ങളെക്കുറിച്ചാണു പറയുന്നത്. (സുഭാ. 30:15, 16) അതുപോലെ 20-ാം വാക്യത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നു വാദിക്കുന്ന “വ്യഭിചാരിയായ” ഒരു സ്ത്രീയെക്കുറിച്ചും പറയുന്നു. അതുകൊണ്ടുതന്നെ ആകാശത്തിലേക്കു പറന്നുയരുന്ന കഴുകനെയും പാറയിലൂടെ ഇഴയുന്ന പാമ്പിനെയും നടുക്കടലിലേക്കു പോകുന്ന കപ്പലിനെയും പോലെ ഒരു പുരുഷൻ യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഒരു കാര്യം ചെയ്യുന്നതിനെയാണ് ഇതു കുറിക്കുന്നതെന്നു നമ്മൾ ന്യായവാദം ചെയ്തിരുന്നു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് “യുവതിയോടൊപ്പമുള്ള പുരുഷന്റെ വഴി” എന്ന പദപ്രയോഗം ഒരു മോശം കാര്യത്തെയാണു കുറിക്കുന്നതെന്നു നമ്മൾ ചിന്തിച്ചത്. അതായത്, സൂത്രശാലിയായ ഒരു യുവാവ് ഒരു ചെറുപ്പക്കാരിയെ വഞ്ചിച്ച് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെയാണ് അത് അർഥമാക്കുന്നതെന്നു നമ്മൾ കരുതി.
എന്നാൽ ഈ വാക്യങ്ങൾ ഒരു നല്ല കാര്യത്തെക്കുറിച്ചാണ് പറയുന്നതെന്നു ചിന്തിക്കാനും കാരണങ്ങളുണ്ട്. അവിടെ അതിന്റെ എഴുത്തുകാരൻ തന്നെ അത്ഭുതപ്പെടുത്തിയ ചില കാര്യങ്ങളെക്കുറിച്ച് വിവരിക്കുകയായിരുന്നു.
ഈ വാക്യത്തിന്റെ എബ്രായ കൈയെഴുത്തുപ്രതികൾ നോക്കുമ്പോൾ ഇവിടെ പറഞ്ഞിരിക്കുന്നതു നല്ലൊരു കാര്യത്തെക്കുറിച്ചാണെന്നു നമുക്കു മനസ്സിലാകുന്നു. പഴയനിയമത്തിന്റെ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് സുഭാഷിതങ്ങൾ 30:18-ലെ “ബുദ്ധിക്ക് അതീതമാണ്” എന്നതിന്റെ എബ്രായപദം, ‘ഒരു വ്യക്തിക്കു ഒരു സംഭവം അസാധാരണമെന്നോ അസാധ്യമെന്നോ അത്ഭുതമെന്നോപോലും തോന്നുന്നതിനെ സൂചിപ്പിക്കുന്നു.’
ഈ ബൈബിൾഭാഗം ഒരു മോശം കാര്യത്തെക്കുറിച്ച് അല്ല പറയുന്നതെന്നു ഐക്യനാടുകളിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയിലുള്ള പ്രൊഫസർ ക്രോഫോഡ് എച്ച്. ടോയും സമ്മതിക്കുന്നു. അദ്ദേഹം പറയുന്നു: “അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം എത്ര അത്ഭുതകരമാണ് എന്ന് എഴുത്തുകാരൻ സൂചിപ്പിക്കുകയായിരുന്നു.”
അതുകൊണ്ട്, സുഭാഷിതങ്ങൾ 30:18, 19-ൽ പറഞ്ഞിരിക്കുന്നതു ശരിക്കും നമ്മുടെ ബുദ്ധിക്ക് അതീതമായ, വളരെ അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ചാണ് എന്നു ചിന്തിക്കുന്നതു ന്യായമാണെന്നു തോന്നുന്നു. എങ്ങനെയാണ് ഒരു കഴുകന് ആകാശത്തേക്കു പറന്നുയരാനാകുന്നതെന്നും, കാലുകൾ ഇല്ലാത്ത ഒരു പാമ്പിനു വേഗത്തിൽ പാറയിലൂടെ ഇഴഞ്ഞ് നീങ്ങാനാകുന്നതെന്നും, വളരെ ഭാരമുള്ള ഒരു കപ്പലിനു കടലിലൂടെ പോകാനാകുന്നതെന്നും, ഒരു യുവാവിനും യുവതിക്കും പ്രണയത്തിലായി സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാനാകുന്നതെന്നും ഈ ബൈബിളെഴുത്തുകാരനെപ്പോലെ നമ്മളും അതിശയത്തോടെ ചിന്തിച്ചേക്കാം.