കുരിശ്—ക്രിസ്ത്യാനിത്വത്തിന്റെ അടയാളം?
നൂററാണ്ടുകളായി ജനതകൾ കുരിശിനെ ക്രിസ്ത്യാനിത്വത്തിന്റെ ഒരു അടയാളമായി സ്വീകരിച്ചിരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അതങ്ങനെയാണോ? ആത്മാർത്ഥമായി അങ്ങനെ വിശ്വസിച്ചിരുന്ന അനേകർ, കുരിശ് അശേഷം ക്രൈസ്തവലോകത്തിനുമാത്രമുള്ളതല്ല എന്നു മനസ്സിലാക്കിയപ്പോൾ വിസ്മയസ്തബ്ധരായി. മറിച്ച്, ലോകമെമ്പാടുമുള്ള അക്രൈസ്തവ മതങ്ങളിൽ അതു വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഉദാഹരണത്തിന്, 1,500-കളുടെ ആരംഭത്തിൽ ഏർണാൻ കോർട്ടീസും അയാളുടെ “ക്രിസ്തീയ” സൈന്യവും അസ്ററക്ക് സാമ്രാജ്യം ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ അവർ, “യഥാർത്ഥ വിശ്വാസത്തോടെ നമുക്കു വിശുദ്ധ കുരിശിന്റെ അടയാളത്തെ പിൻപററാം, എന്തെന്നാൽ ഈ അടയാളത്തിൻ കീഴിൽ നാം വിജയിക്കും” എന്നു പ്രഖ്യാപിക്കുന്ന ബാനറുകൾ വഹിച്ചു. തങ്ങളുടേതിൽനിന്നു വ്യത്യസ്തമല്ലാത്ത ഒരു കുരിശിനെ തങ്ങളുടെ വിജാതീയ ശത്രുക്കൾ വന്ദിച്ചിരുന്നുവെന്നു മനസ്സിലായപ്പോൾ അവർ അത്ഭുതപ്പെട്ടുപോയിരിക്കും. ലോകത്തിലെ വലിയ മതങ്ങൾ (Great Religions of the World) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “കോർട്ടീസും അയാളുടെ അനുഗാമികളും അസ്ററക്കുകളുടെ നരബലികളിൽനിന്നും ക്രിസ്ത്യാനിത്വത്തിന്റെ ഹാസ്യാനുകരണമായി കാണപ്പെട്ടതിൽനിന്നും പിൻവാങ്ങിനിന്നു: . . . കാററിന്റെയും മഴയുടെയും ദൈവങ്ങളുടെ കുരിശുസമാന അടയാളങ്ങളെ വന്ദിക്കുന്നതിൽനിന്നുതന്നെ.”
പതിനെട്ടാം നൂററാണ്ടിന്റെ രണ്ടാം പകുതിയിൽ, മദ്ധ്യ, ദക്ഷിണ അമേരിക്കയിൽ തങ്ങൾ കണ്ട “കുരിശടയാളങ്ങളുടെ ഉത്ഭവങ്ങളെക്കുറിച്ചും അർത്ഥത്തെക്കുറിച്ചും നരവംശശാസ്ത്രജ്ഞരുടെയും പുരാവസ്തുശാസ്ത്രജ്ഞരുടെയും ഇടയിൽ ഉഗ്രവും ആവേശജനകവുമായ വാഗ്വാദങ്ങൾ” ആരംഭിച്ചിരുന്നു എന്നു ലാ നാസ്യോൻ എന്ന വർത്തമാനപ്പത്രത്തിലെ ഒരു മുഖപ്രസംഗത്തിൽ എഴുത്തുകാരനായ ഹോസേ ആൽബേർട്ടോ ഫൂർക്ക് ചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷത്തിൽ, മുഴുവനായും “ക്രിസ്തീയ” അടയാളമെന്നനിലയിലുള്ള കുരിശിന്റെ പദവിയെ സംരക്ഷിക്കണമെന്നു ചിലർക്ക് വളരെ താത്പര്യമുണ്ടായിരുന്നതിനാൽ, കൊളംബസിന്റെ ചരിത്രപ്രധാനമായ സമുദ്രയാത്രക്കു മുമ്പ് എങ്ങനെയോ അമേരിക്കാകളെ സുവിശേഷീകരിച്ചിരുന്നു എന്ന ഒരു സിദ്ധാന്തം അവർ പരിഗണനക്കായി സമർപ്പിച്ചു! അസ്വാഭാവികമായ ഈ ആശയത്തെ അടിസ്ഥാനമില്ലാത്തതായി തള്ളിക്കളയേണ്ടിവന്നു.
ക്രമേണ, ഈ രംഗത്തുണ്ടായ കൂടുതലായ കണ്ടുപിടിത്തങ്ങൾ ഇത്തരത്തിലുള്ള എല്ലാ വാദപ്രതിവാദങ്ങൾക്കും വിരാമമിട്ടു. ഫൂർക്ക് ഇങ്ങനെ കുറിക്കൊള്ളുന്നു: “വടക്കേ അമേരിക്കയിലേക്കുള്ള ആദ്യ യൂറോപ്യൻമാരുടെ വരവിനു വളരെ മുമ്പുതന്നെ കുരിശ് ആരാധിക്കപ്പെട്ടിരുന്നുവെന്നു 1893-ൽ സ്മിതോണിയൻ ഇൻസ്ററിററ്യൂഷൻ പ്രസിദ്ധപ്പെടുത്തിയ ഒരു കൃതിയിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ജീവനു തുടക്കമിടുന്ന ശക്തികളുടെ മതാരാധനയുടെ ഭാഗമെന്ന നിലയിൽ ഇത്തരമൊരു അടയാളം എല്ലാ ജനസമൂഹങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന സിദ്ധാന്തത്തെ ഇതു സ്ഥിരീകരിക്കുന്നു.”
യേശു വധിക്കപ്പെട്ടതു പാരമ്പര്യപ്രകാരമുള്ള ഒരു കുരിശിലേ അല്ല, മറിച്ച് ഒരു സാധാരണ സ്തംഭത്തിൽ അഥവാ സ്റേറാറോസൽ ആയിരുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. മത്തായി 27:40-ൽ കാണുന്ന ഈ ഗ്രീക്കുപദം അടിസ്ഥാനങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നതുപോലുള്ള ചൊവ്വൊത്ത സാധാരണ ഒററത്തടിയെ അല്ലെങ്കിൽ മരക്കാലിനെയാണ് അടിസ്ഥാനപരമായി അർത്ഥമാക്കുന്നത്. അതിനാൽ കുരിശ് ഒരിക്കലും സത്യക്രിസ്ത്യാനിത്വത്തെ പ്രതിനിധാനം ചെയ്തിട്ടില്ല. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” എന്നു യേശുക്രിസ്തു തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ അവൻ സത്യക്രിസ്ത്യാനിത്വത്തിന്റെ യഥാർത്ഥ പ്രതീകത്തെ അഥവാ “അടയാളത്തെ” തിരിച്ചറിയിച്ചു.—യോഹന്നാൻ 13:35.