രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
കൊളംബിയയിൽ ആത്മീയ വിമോചനം
സ്പാനീഷ് ജേതാക്കളുടെ കാലംമുതൽ കത്തോലിക്കാ സഭക്കു തെക്കേ അമേരിക്കയുടെമേൽ മതപരമായ ഒരു മേധാവിത്വം ഉണ്ടായിരുന്നു. കൊളംബിയയിൽ ദീർഘകാലമായി അതു രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായിരുന്നു. കഴിഞ്ഞ 105 വർഷമായി, വത്തിക്കാനും കൊളംബിയ ഗവൺമെൻറും തമ്മിൽ സഭയെ സംരക്ഷിച്ചതും വിദ്യാഭ്യാസത്തിന്റെയും വിവാഹത്തിന്റെയും മണ്ഡലങ്ങളിൽ അതിനു പ്രത്യേക പദവികൾ അനുവദിച്ചതുമായ ഒരു ഉടമ്പടി ഉണ്ടായിരുന്നു.
ഒരു പുതിയ ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി കൊളംബിയയിലെ ജനങ്ങൾ 1990 ഡിസംബറിൽ ഒരു സമിതിയെ തെരെഞ്ഞെടുത്തു. അത് 1991-മദ്ധ്യത്തോടെ പൂർത്തീകരിക്കപ്പെട്ടു. പുതിയ ഭരണഘടന കൊളംബിയയിലെ മതപരമായ അവസ്ഥയെ മാററിമറിക്കുന്നു. നിയമത്തിന്റെ മുമ്പിൽ ഇപ്പോൾ എല്ലാ മതങ്ങൾക്കും തുല്യ അവകാശങ്ങളുണ്ട്, സർക്കാർവിദ്യാലയങ്ങളിലെ കുട്ടികളുടെമേൽ മതപരമായ പ്രബോധനം അടിച്ചേല്പിക്കാൻ സാധിക്കുകയില്ല. ഈ ഭരണഘടനാ മാററങ്ങൾ മനസ്സിൽവെച്ചുകൊണ്ടു വത്തിക്കാനുമായുള്ള ഉടമ്പടി പരിഷ്ക്കരിക്കാനിരിക്കുകയാണ്.
മതപരമായ ഈ വർദ്ധിച്ച സ്വാതന്ത്ര്യം കത്തോലിക്കാസഭയുടെ സ്വാധീനം കുറച്ചുകളയുകയും ആത്മാർത്ഥ ഹൃദയികൾക്കു ബൈബിൾ പരിജ്ഞാനം സമ്പാദിക്കുന്നതും ആത്മീയ സ്വാതന്ത്ര്യം പ്രാപിക്കുന്നതും എളുപ്പമാക്കിത്തീർക്കുകയും ചെയ്യും.
ഈ ആത്മീയ വിമോചനത്തിന്റെ പ്രതീക്ഷയിൽ, ആ രാജ്യത്തുള്ള 51,000-ത്തോളം യഹോവയുടെ സാക്ഷികൾ ആത്മീയ അഭയാർത്ഥികളെ പരിപാലിക്കുന്നതിനുവേണ്ടി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ഹൈസ്പീഡ് മുഴുവർണ്ണ ഓഫ്സെററ് പ്രസ്സ് ഉൾപ്പെടെ വിപുലീകൃത സൗകര്യങ്ങളോടു കൂടിയ അവരുടെ പുതിയ ബ്രാഞ്ച് സമുച്ചയം അതിന്റെ പൂർത്തീകരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. താത്കാലിക പ്രത്യേക പയനിയർമാർ യഹോവയുടെ കാണാതെപോയ ആടുകൾക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ചെറിയ പട്ടണങ്ങളിലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നു, അവർ വിസ്മയാവഹമായ ഒരു ബൈബിൾ വിദ്യാഭ്യാസ വേല നിർവ്വഹിച്ചിട്ടുണ്ട്. പതിനായിരത്തോളം നിവാസികൾ വീതമുള്ള 63 പട്ടണങ്ങളിൽ 47 പുതിയ സഭകളും കൂട്ടങ്ങളും രൂപീകരിച്ചിരിക്കുന്നു.
യഹോവയുടെ ആത്മാവ് ആത്മാർത്ഥ ഹൃദയികളെ പ്രേരിപ്പിക്കുന്നതിൽ തുടരവേ അനേകം യുവജനങ്ങളും പ്രതികരിക്കുന്നു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പ്രസിദ്ധീകരണം അത്തരം യുവജനങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും ഒരു അമൂല്യ സഹായമെന്നു തെളിഞ്ഞിരിക്കുന്നു. ഒരു സാക്ഷി, വീടുതോറും പോകുമ്പോൾ ഈ പുസ്തകത്തിന്റെ ഏതാനും ഭാഗങ്ങൾ വായിച്ചിട്ടുള്ള ഒരു മനുഷ്യനെ കണ്ടുമുട്ടി, ഒരു അയൽക്കാരൻ അദ്ദേഹത്തിന് ഒരു പ്രതി കടം കൊടുത്തിരുന്നു. കുടുംബപ്രശ്നങ്ങൾ ചർച്ചചെയ്കയിൽ അതു പ്രകടമാക്കുന്ന പ്രായോഗിക ജ്ഞാനത്തിൽ അദ്ദേഹത്തിനു വളരെ മതിപ്പുളവായി. അദ്ദേഹവും ഭാര്യയും വേർപിരിയലിന്റെ വക്കത്തായിരുന്നതിനാൽ “ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത് എന്തുകൊണ്ട്?” എന്ന 4-ാം അദ്ധ്യായം അദ്ദേഹത്തെ വിശേഷാൽ സ്പർശിച്ചു. ഒരു വലിയ ദുരന്തത്തിൽനിന്നു ആ പുസ്തകം തന്നെ രക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അദ്ദേഹവും കുടുംബവും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുകയും എല്ലാ സഭായോഗങ്ങൾക്കും ഹാജരാകുകയും ചെയ്യുന്നു. യഹോവ ബൈബിളിലൂടെയും തന്റെ സ്ഥാപനത്തിലൂടെയും പ്രദാനം ചെയ്യുന്ന പ്രായോഗിക ജ്ഞാനത്തിന് അവർ വളരെ നന്ദിയുള്ളവരാണ്.
ആത്മീയമായി വിശക്കുന്നവരെ യഹോവയുടെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെയും അവിടത്തെ ആസന്നമായിരിക്കുന്ന പുതിയലോകത്തെയും സംബന്ധിച്ചു പഠിക്കാൻ യഹോവയുടെ സാക്ഷികൾ സഹായിക്കുമ്പോൾ കൊളംബിയയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വിമോചനത്തെ ഈ അനുഭവം ദൃഷ്ടാന്തീകരിക്കുന്നു.—2 പത്രൊസ് 3:13.