ദാനിയേലിന്റെ പ്രാവചനിക ദിവസങ്ങളും നമ്മുടെ വിശ്വാസവും
“ആയിരത്തി മുന്നൂററിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ. [“സന്തുഷ്ടൻ!” NW]”—ദാനീയേൽ 12:12.
1. യഥാർഥ സന്തുഷ്ടി കണ്ടെത്താൻ അനേകർ പരാജയപ്പെടുന്നത് എന്തുകൊണ്ട്, യഥാർഥ സന്തുഷ്ടിയെ എന്തിനോടു ബന്ധപ്പെടുത്തിയിരിക്കുന്നു?
“സന്തുഷ്ടരായിരിക്കാൻ സകലരും ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഇന്നു വളരെ കുറച്ചു പേർ മാത്രമേ സന്തുഷ്ടരായിരിക്കുന്നുള്ളൂ. എന്തുകൊണ്ട്? അതിന്റെ ഒരു കാരണം മിക്കവരും സന്തുഷ്ടി അന്വേഷിക്കുന്നത് ശരിയായ ഇടങ്ങളിലല്ല എന്നതാണ്. വിദ്യാഭ്യാസം, സമ്പത്ത്, ഒരു ജീവിതവൃത്തി എന്നിവയോ അധികാരം കയ്യാളുന്നതോ പോലുള്ള സംഗതികളിലാണ് അവർ സന്തോഷം തേടുന്നത്. പക്ഷേ, യേശു തന്റെ ഗിരിപ്രഭാഷണത്തിന്റെ ആരംഭത്തിൽ ഒരാളുടെ ആത്മീയ ആവശ്യബോധം, ദയ, ഹൃദയനൈർമല്യം എന്നിങ്ങനെയുള്ള ഗുണങ്ങളുമായിട്ടാണു സന്തോഷത്തെ ബന്ധപ്പെടുത്തിയത്. (മത്തായി 5:3-10) യേശു പറഞ്ഞതരം സന്തുഷ്ടി യഥാർഥവും നിലനിൽക്കുന്നതുമാണ്.
2. പ്രവചനപ്രകാരം, അന്ത്യകാലത്ത് സന്തുഷ്ടിയിലേക്കു നയിക്കുന്നത് എന്താണ്, ഇതുസംബന്ധിച്ച് ഏതെല്ലാം ചോദ്യങ്ങൾ പൊന്തിവരുന്നു?
2 അന്ത്യകാലത്തെ അഭിഷിക്തശേഷിപ്പിന്റെ സന്തോഷം കൂടുതലായ മറെറാരു സംഗതിയുമായും ബന്ധപ്പെട്ടുകിടക്കുന്നു. ദാനിയേലിന്റെ പുസ്തകത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ദാനീയേലേ, പൊയ്ക്കൊൾക; ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു. ആയിരത്തി മുന്നൂററിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].” (ദാനീയേൽ 12:9, 12) ഏതു കാലഘട്ടമാണ് ഈ 1,335 ദിവസം? ആ കാലഘട്ടത്തിൽ ജീവിക്കുന്നവർ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്? അതിന് ഇന്നു നമ്മുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാബിലോന്യ അടിമത്തത്തിൽനിന്ന് ഇസ്രയേൽ മോചിതരായശേഷം—പേർഷ്യൻ രാജാവായ കോരെശിന്റെ രാജവാഴ്ചയുടെ മൂന്നാം വർഷം—ഉടൻതന്നെയാണു ദാനിയേൽ ഈ വാക്കുകൾ എഴുതിയത്. ആ കാലഘട്ടത്തിലേക്കു പിന്തിരിഞ്ഞു നോക്കുന്നത് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കും.—ദാനീയേൽ 10:1.
പുനഃസ്ഥിതീകരണം സന്തുഷ്ടി കൈവരുത്തുന്നു
3. പൊ.യു.മു. 537-ൽ വിശ്വസ്തരായ യഹൂദൻമാർക്കു മഹാസന്തോഷം കൈവരുത്തിയതു കോരെശിന്റെ ഏതു നടപടിയായിരുന്നു, എന്നാൽ കോരെശ് യഹൂദൻമാർക്കു നൽകാഞ്ഞ പദവി ഏത്?
3 യഹൂദൻമാർക്കു ബാബിലോനിൽനിന്നുള്ള മോചനം യഥാർഥ വിജയോത്സവത്തിനുള്ള ഒരവസരമായിരുന്നു. യഹൂദൻമാർ ഏതാണ്ട് 70 വർഷത്തെ പ്രവാസം അനുഭവിച്ചുതീർന്നപ്പോൾ യെരൂശലേമിൽ തിരികെച്ചെന്നു യഹോവയുടെ ആലയനിർമാണവേല പുനഃരാരംഭിക്കാൻ അവരെ മഹാനായ കോരെശ് ക്ഷണിച്ചു. (എസ്രാ 1:1, 2) പ്രതികരിച്ചവർ വലിയ പ്രതീക്ഷയോടെ പുറപ്പെട്ടു പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 537-ൽ സ്വദേശത്ത് എത്തിച്ചേർന്നു. എന്നിരുന്നാലും ദാവീദ് രാജാവിന്റെ ഒരു പിൻഗാമിക്കു കീഴെ ഒരു രാജ്യം പുനഃസ്ഥിതീകരിക്കാൻ കോരെശ് അവരെ ക്ഷണിച്ചില്ല.
4, 5. (എ) ദാവീദിക രാജത്വം പിഴുതെറിയപ്പെട്ടത് എപ്പോഴായിരുന്നു? എന്തുകൊണ്ട്? (ബി) ദാവീദിക രാജത്വം പുനഃസ്ഥാപിക്കപ്പെടുമെന്നതിനു യഹോവ എന്ത് ഉറപ്പു നൽകിയിരുന്നു?
4 അതു പ്രധാനമായിരുന്നു. ഏതാണ്ട് അഞ്ചു നൂററാണ്ടുകൾക്കുമുമ്പു യഹോവ ദാവീദിനോട് ഇപ്രകാരം വാഗ്ദത്തം ചെയ്തിരുന്നു: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” (2 ശമൂവേൽ 7:16) ദുഃഖകരമെന്നുപറയട്ടെ, ദാവീദിന്റെ രാജകീയ പിൻഗാമികളിൽ മിക്കവരും മത്സരികളാകുകയും ദാവീദിക രാജത്വം പിഴുതെറിയപ്പെടാൻ യഹോവ അനുവദിക്കത്തക്കവണ്ണം പൊ.യു.മു. 607-ൽ ജനതയുടെ രക്തപാതകം അത്രയ്ക്കു വലുതായിത്തീരുകയും ചെയ്തു. അന്നുമുതൽ പൊ.യു. 70-ലെ അതിന്റെ രണ്ടാമത്തെ നാശംവരെ യെരൂശലേം വിദേശമേധാവിത്വത്തിൻ കീഴിലായിരുന്നു. ഇതിന് ഒരപവാദം മക്കബായരുടെ കീഴിലെ ഒരു ഹ്രസ്വകാലഘട്ടം മാത്രമായിരുന്നു. അങ്ങനെ പൊ.യു.മു. 537-ൽ “ജനതകളുടെ നിയമിതകാലങ്ങൾ” ആരംഭിച്ചു, ഈ കാലഘട്ടത്തിൽ ദാവീദിന്റെ ഒരു സന്തതിയും രാജാവാകില്ലായിരുന്നു.—ലൂക്കോസ് 21:24, NW.
5 എന്നിരുന്നാലും യഹോവ ദാവീദിനോടുള്ള തന്റെ വാഗ്ദത്തം മറന്നില്ല. ബാബിലോന്യ ലോകാധിപത്യത്തിന്റെ സമയംമുതൽ ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരു രാജാവ് യഹോവയുടെ ജനങ്ങളുടെ രാജ്യത്തിൽ വീണ്ടും ഭരിച്ചുതുടങ്ങുന്ന സമയംവരെയുള്ള നൂററാണ്ടുകൾ നീണ്ട കാലയളവിൽ നടക്കേണ്ടുന്ന ഭാവി ലോക സംഭവങ്ങളുടെ വിശദാംശങ്ങൾ ദർശനങ്ങളുടെയും സ്വപ്നങ്ങളുടെയും ഒരു പരമ്പര മുഖേന അവിടുന്നു തന്റെ പ്രവാചകനായ ദാനിയേലിലൂടെ വെളിപ്പെടുത്തി. ദാനീയേൽ പുസ്തകത്തിൽ 2, 7, 8, 10-12 എന്നീ അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ പ്രവചനങ്ങൾ ഒടുവിൽ ദാവീദിന്റെ സിംഹാസനം സത്യമായും “എന്നേക്കും ഉറപ്പായി സ്ഥാപിക്കപ്പെടും” [NW] എന്നു വിശ്വസ്തരായ യഹൂദർക്ക് ഉറപ്പു നൽകി. നിശ്ചയമായും, വെളിപ്പെടുത്തപ്പെട്ട അത്തരം സത്യങ്ങൾ പൊ.യു.മു 537-ൽ സ്വദേശത്തേക്കു തിരിച്ചുവന്ന യഹൂദർക്കു സന്തോഷം കൈവരുത്തി!
6. ദാനിയേൽ പ്രവചനങ്ങളിൽ ചിലതു നമ്മുടെ നാളുകളിലാണു നിറവേറേണ്ടത് എന്നു നമുക്ക് എങ്ങനെ അറിയാം?
6 മിക്ക ബൈബിൾ വ്യാഖ്യാതാക്കളും ദാനിയേൽ പ്രവചനങ്ങൾ മുഴുവൻ യേശുവിന്റെ ജനനത്തിനു മുമ്പുതന്നെ നിവൃത്തിയേറിയെന്ന് അവകാശപ്പെടുന്നു. പക്ഷേ, വ്യക്തമായും വാസ്തവമതല്ല. ദാനീയേൽ 12:4-ൽ ഒരു ദൂതൻ ദാനിയേലിനോടു പറയുന്നു: “അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.” ദാനിയേൽ പുസ്തകത്തിന്റെ മുദ്ര അന്ത്യകാലത്തു മാത്രമേ പൊട്ടിക്കേണ്ടതുള്ളുവെങ്കിൽ—അതിന്റെ അർഥം മുഴുവനായി വെളിപ്പെടേണ്ടതുള്ളുവെങ്കിൽ—നിശ്ചയമായും അതിലെ പ്രവചനങ്ങളിൽ ചിലതെങ്കിലും ആ കാലഘട്ടത്തിലാണു നിറവേറേണ്ടത്.—ദാനീയേൽ 2:28; 8:17; 10:14 കാണുക.
7. (എ) ജാതികളുടെ നിയമിത കാലങ്ങൾ അവസാനിച്ചതെപ്പോൾ, അങ്ങനെയെങ്കിൽ ഉത്തരം ലഭിക്കേണ്ട അടിയന്തിര ചോദ്യമേത്? (ബി) “വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ” ആരായിരുന്നില്ല?
7 1914-ൽ ജാതികളുടെ നിയമിത കാലങ്ങൾ അവസാനിക്കുകയും ഈ ലോകത്തിന്റെ അന്ത്യത്തിനുള്ള സമയം ആരംഭിക്കുകയും ചെയ്തു. ദാവീദിക രാജ്യം പുനഃസ്ഥാപിതമായി, ഭൗമിക യെരൂശലേമിലല്ല, മറിച്ച്, അദൃശ്യമായി “ആകാശമേഘങ്ങളി”ൽ. (ദാനീയേൽ 7:13, 14) ആ സമയത്ത്, വ്യാജ ക്രിസ്ത്യാനികളാകുന്ന “കളകൾ” തഴച്ചു വളരുകയായിരുന്നതുകൊണ്ട് സത്യക്രിസ്ത്യാനികളുടെ സ്ഥിതി വ്യക്തമായിരുന്നില്ല—ചുരുങ്ങിയപക്ഷം മനുഷ്യനേത്രങ്ങൾക്ക്. എന്നിരുന്നാലും ഒരു സുപ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ടായിരുന്നു: “വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?” (മത്തായി 13:24-30; 24:45) ഭൂമിയിൽ പുനഃസ്ഥാപിതമായ ദാവീദിക രാജ്യത്തെ ആർ പ്രതിനിധാനം ചെയ്യും? ദാനിയേലിന്റെ ജഡിക സഹോദരങ്ങളായ യഹൂദരല്ല. മിശിഹായിൽ വിശ്വാസം പ്രകടമാക്കാതെ ഇടറിപ്പോയതുനിമിത്തം അവർ തിരസ്കരിക്കപ്പെട്ടിരുന്നു. (റോമർ 9:31-33) ക്രൈസ്തവലോകത്തിന്റെ സംഘടനകൾക്കിടയിൽ ഒരു കാരണവശാലും വിശ്വസ്ത ദാസൻ ഇല്ലായിരുന്നു! യേശുവിന് അവരെ അറിയില്ലെന്ന് അവരുടെ ദുഷ്കൃത്യങ്ങൾ തെളിയിച്ചു. (മത്തായി 7:21-23) അപ്പോൾപ്പിന്നെ അത് ആരായിരുന്നു?
8. അന്ത്യകാലത്തെ “വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ” ആരാണെന്നു തെളിഞ്ഞിരിക്കുന്നു? നാം അത് എങ്ങനെ അറിയുന്നു?
8 സംശയലേശമന്യേ, ബൈബിൾ വിദ്യാർഥികൾ എന്ന് 1914-ൽ അറിയപ്പെട്ടിരുന്ന, യേശുവിന്റെ അഭിഷിക്ത സഹോദരൻമാരുടെ ചെറിയ സംഘമായിരുന്നു അത്. എന്നാൽ 1931 മുതൽ അവർ യഹോവയുടെ സാക്ഷികളായി തിരിച്ചറിയപ്പെട്ടു. (യെശയ്യാവു 43:10) ദാവീദിന്റെ വംശത്തിൽ പുനഃസ്ഥാപിതമായ രാജ്യത്തെ പരസ്യപ്പെടുത്തിയിരിക്കുന്നത് അവർ മാത്രമാണ്. (മത്തായി 24:14) ലോകത്തിൽനിന്നു വേർപെട്ടിരിക്കുകയും യഹോവയുടെ നാമത്തെ മഹത്വീകരിക്കുകയും ചെയ്തിരിക്കുന്നത് അവർ മാത്രമാണ്. (യോഹന്നാൻ 17:6, 14) അന്ത്യകാലത്തെ ദൈവജനത്തെ സംബന്ധിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ നിവർത്തിച്ചിരിക്കുന്നത് അവരിൽ മാത്രമാണ്. ദാനീയേൽ 12-ാം അധ്യായത്തിൽ കാണുന്ന പ്രാവചനിക കാലഘട്ടങ്ങളുടെ പരമ്പര ഈ പ്രവചനങ്ങളിൽപ്പെട്ടതാണ്. ഇതിൽ സന്തോഷം കൈവരുത്തുന്ന 1,335 ദിവസവും ഉൾപ്പെടുന്നു.
1,260 ദിവസം
9, 10. ദാനീയേൽ 7:25-ലെ “കാലവും കാലങ്ങളും കാലാംശവും” എന്നു വർണിച്ച കാലഘട്ടത്തെ തിരിച്ചറിയിച്ച സംഭവങ്ങൾ എന്തെല്ലാം, ഇതേ കാലഘട്ടത്തിന്റെ ഒരു സമാന്തരവിവരണം മറേറതു തിരുവെഴുത്തുകളിലാണുള്ളത്?
9 ആദ്യത്തെ പ്രാവചനിക കാലഘട്ടത്തെക്കുറിച്ചു ദാനീയേൽ 12:7-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ ഒക്കെയും നിവൃത്തിയാകും.”a ഇതേ കാലഘട്ടം വെളിപ്പാടിന്റെ 11:3-6-ൽ സൂചിപ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ സാക്ഷികൾ ചണവസ്ത്രം ധരിച്ചു മൂന്നര വർഷം പ്രസംഗിക്കുകയും വധിക്കപ്പെടുകയും ചെയ്യുമെന്ന് അവിടെ പറഞ്ഞിരിക്കുന്നു. വീണ്ടും, ദാനീയേൽ 7:25-ൽ നാം വായിക്കുന്നു: “അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറയുകയും അത്യുന്നതനായവന്റെ വിശുദ്ധൻമാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാററുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.”—ചെരിച്ചെഴുത്ത് ഞങ്ങളുടേത്.
10 ഈ രണ്ടാമത്തെ പ്രവചനത്തിലെ “അവൻ” ബാബിലോൻ തൊട്ട് എണ്ണുമ്പോൾ അഞ്ചാമതായി വരുന്ന ലോകശക്തിയാണ്. അതായതു “ചെറിയ കൊമ്പ്”, അത് അധികാരത്തിലിരിക്കുന്ന കാലഘട്ടത്തിലാണു മനുഷ്യപുത്രന് “ആധിപത്യവും മഹത്വവും രാജത്വവും” ലഭിക്കുന്നത്. (ദാനീയേൽ 7:8, 14) ആരംഭത്തിൽ ബ്രിട്ടീഷ് സാമ്രാജ്യമായിരുന്ന ഈ പ്രതീകാത്മക കൊമ്പ് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തു വികാസം പ്രാപിച്ച് ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തിയായി, ഇപ്പോൾ ഐക്യനാടുകളുടെ മേധാവിത്വത്തിൻ കീഴിലായിരിക്കുന്നു. മൂന്നര കാലങ്ങളോ വർഷങ്ങളോ ഈ ശക്തി വിശുദ്ധൻമാരെ പീഡിപ്പിക്കുകയും സമയങ്ങളെയും നിയമങ്ങളെയും മാററുവാൻ ശ്രമിക്കയും ചെയ്യും. അവസാനം വിശുദ്ധൻമാർ അതിന്റെ കൈകളിൽ ഏൽപ്പിക്കപ്പെടും.—വെളിപ്പാടു 13:5, 7 കൂടി കാണുക.
11, 12. 1260 പ്രാവചനിക ദിവസങ്ങളുടെ തുടക്കത്തിലേക്കു നയിച്ച സംഭവങ്ങൾ ഏതെല്ലാമായിരുന്നു?
11 ഈ സമാന്തര പ്രവചനങ്ങളെല്ലാം നിവർത്തിയേറിയത് എങ്ങനെയാണ്? ജനതകളുടെ നിയമിത കാലങ്ങളുടെ സമാപനം 1914-ൽ ദൃശ്യമാകുമെന്ന് ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പു യേശുവിന്റെ അഭിഷിക്ത സഹോദരൻമാർ പരസ്യമായി മുന്നറിയിപ്പു കൊടുത്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു എന്നു വ്യക്തമായി. ദൈവരാജ്യം വാഴേണ്ടുന്ന സമയം ദീർഘിപ്പിക്കാനുള്ള ശ്രമത്തിൽ “കാലങ്ങളെയും നിയമങ്ങളെയും മാററാ”നായി അന്നു ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേധാവിത്വത്തിൻ കീഴുള്ള ലോക രാഷ്ട്രീയ സംഘടനയായ തന്റെ “കാട്ടുമൃഗ”ത്തെ സാത്താൻ ഉപയോഗിച്ചു. (വെളിപ്പാടു 13:1, 2) അവൻ പരാജിതനായി. മമനുഷ്യന്റെ എത്തുപാടിൽനിന്നകലെ, അങ്ങു സ്വർഗത്തിൽ ദൈവരാജ്യം സ്ഥാപിതമായി.—വെളിപ്പാടു 12:1-3.
12 യുദ്ധകാലം ബൈബിൾവിദ്യാർഥികൾക്കു പരിശോധനകളുടെ ഒരു സമയമായിരുന്നു. ദാനിയേൽ പ്രവചനത്തിലേക്കു ശ്രദ്ധ ക്ഷണിച്ച സൃഷ്ടിപ്പിൻ ഫോട്ടോനാടകം (Photo-Drama of Creation) എന്ന ഒരു ബൈബിൾ ചിത്രീകരണം 1914 ജനുവരിമുതൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. ആ വർഷം വേനൽക്കാലത്ത് ഉത്തരാർധഗോളത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒക്ടോബറിൽ നിയമിത കാലങ്ങൾ അവസാനിച്ചു. വർഷം അവസാനിക്കാറായപ്പോഴേക്കും അഭിഷിക്ത ശേഷിപ്പു പീഡനം പ്രതീക്ഷിക്കുകയായിരുന്നു. മത്തായി 20:22-ലെ (ജയിംസ് രാജാവിന്റെ ഭാഷാന്തരം) ശിഷ്യൻമാരോടുള്ള യേശുവിന്റെ ചോദ്യമായ “എന്റെ പാനപാത്രത്തിൽനിന്നു നിങ്ങൾക്കു കുടിക്കാൻ കഴിയുമോ?” എന്ന വാക്യം 1915-ലെ വാർഷികവാക്യമായി അവർ തെരഞ്ഞെടുത്തുവെന്ന വസ്തുതയിൽനിന്ന് ഇതു പ്രകടമാണ്.
13. 1260 ദിവസങ്ങളിൽ ബൈബിൾവിദ്യാർഥികൾ ചണംവസ്ത്രം ധരിച്ചു പ്രസംഗിച്ചതെങ്ങനെ, ആ കാലഘട്ടത്തിന്റെ അവസാനം എന്തു സംഭവിച്ചു?
13 അതുകൊണ്ട്, 1914 ഡിസംബർമുതൽ സാക്ഷികളുടെ ഈ ചെറിയ കൂട്ടം ‘ചണവസ്ത്രം ധരിച്ചു പ്രസംഗിച്ചു,’ അതായത് താഴ്മയോടെ സഹിച്ചുനിന്നുകൊണ്ടു യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിച്ചു. 1916-ൽ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ആദ്യ പ്രസിഡൻറായ സി. ററി. റസ്സലിന്റെ മരണം അനേകർക്കും ഞെട്ടലുളവാക്കി. യുദ്ധജ്വരം പടർന്നുപിടിച്ചതോടെ സാക്ഷികൾ കൂടുതൽക്കൂടുതൽ പീഡനത്തിനിരകളായി. ചിലർ തടവിലായി. ക്രൂരതയിൽ നിർവൃതികൊള്ളുന്ന അധികാരികൾ ഇംഗ്ലണ്ടിലെ ഫ്രാങ്ക് പ്ലാററിനെയും കാനഡയിലെ റോബർട്ട് ക്ലേഗ്ഗിനെയും കഠിനമായി പീഡിപ്പിച്ചു. അവസാനം, 1918 ജൂൺ 21-നു പുതിയ പ്രസിഡൻറായ ജെ. എഫ്. റതർഫോർഡിനെയും വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ഡയറക്ടർമാരെയും വ്യാജകുററാരോപണങ്ങൾ ചുമത്തി ദീർഘകാലത്തേക്കു തടവിലാക്കി. അങ്ങനെ പ്രാവചനിക കാലഘട്ടം അവസാനിച്ചപ്പോൾ “ചെറിയ കൊമ്പ്” സംഘടിത പ്രസംഗവേലയുടെ കഥകഴിച്ചു.—ദാനീയേൽ 7:8, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
14. 1919-ലും അതിനുശേഷവും അഭിഷിക്തശേഷിപ്പിന്റെ സംഗതിയിൽ കാര്യങ്ങൾക്ക് എങ്ങനെ മാററമുണ്ടായി?
14 അടുത്തതായി സംഭവിച്ചതു വെളിപ്പാടു പുസ്തകത്തിലെ പ്രവചനത്തിലുണ്ട്. ഒരു ഹ്രസ്വകാല നിഷ്ക്രിയത്വത്തിനുശേഷം—മുൻകൂട്ടിപ്പറയപ്പെട്ട മൂന്നര ദിവസത്തോളം തെരുവിൽ മരിച്ചുകിടന്നശേഷം—അഭിഷിക്തശേഷിപ്പിനു ജീവൻ ലഭിച്ചതുപോലെയായി, വീണ്ടും കർമനിരതരായിത്തീർന്നു. (വെളിപ്പാടു 11:11-13) 1939 മാർച്ച് 26-ാം തീയതി വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ പ്രസിഡൻറും ഡയറക്ടർമാരും മോചിതരായി, അവർക്കെതിരായി ഉന്നയിക്കപ്പെട്ടിരുന്ന എല്ലാ വ്യാജകുററാരോപണങ്ങളിൽനിന്നും പിന്നീട് അവരെ മുഴുവനായും ഒഴിവാക്കിക്കൊണ്ടുതന്നെ. മോചിതരായ ഉടനെ അഭിഷിക്തശേഷിപ്പ് കൂടുതലായ പ്രവർത്തനത്തിനായി വീണ്ടും സംഘടിച്ചു. അങ്ങനെ വെളിപ്പാടിലെ ആദ്യത്തെ കഷ്ടത്തിന്റെ നിവൃത്തിയിൽ നിഷ്ക്രിയത്വത്തിന്റെ അഗാധത്തിൽനിന്നു, വ്യാജമതങ്ങൾക്ക് ഒരു ഇരുളടഞ്ഞ ഭാവി സൂചിപ്പിക്കുന്ന കനത്ത പുകയുടെ അകമ്പടിയോടെ വരുന്ന പ്രതീകാത്മക വെട്ടുക്കിളികളെപ്പോലെ അവർ പുറത്തുവന്നു. (വെളിപ്പാടു 9:1-11) ഭാവിയിൽ ചെയ്യാനുള്ള വേലയ്ക്കായി അടുത്ത ഏതാനും വർഷത്തിനിടയിൽ അവർ ആത്മീയമായി പോഷിതരാവുകയും ഒരുക്കപ്പെടുകയും ചെയ്തു. ബൈബിളിന്റെ അടിസ്ഥാന തത്ത്വങ്ങൾ പഠിക്കുന്നതിന് പുതിയവരെയും കുട്ടികളെയും സഹായിക്കാൻ രൂപകൽപ്പന ചെയ്ത ദൈവത്തിന്റെ കിന്നരം എന്ന പുതിയ പുസ്തകം 1921-ൽ അവർ പ്രസിദ്ധപ്പെടുത്തി. (വെളിപ്പാടു 12:6, 14) ഈവക സംഗതികൾ സംഭവിച്ചതും മറെറാരു സവിശേഷതയാർന്ന കാലഘട്ടത്തിലായിരുന്നു.
1,290 ദിവസം
15. 1290 ദിവസത്തിന്റെ ആരംഭം നമുക്ക് ഏതു വിധത്തിൽ കണക്കാക്കാം? ഈ കാലഘട്ടം എപ്പോൾ അവസാനിച്ചു?
15 ദാനിയേലിനോടു ദൂതൻ പറഞ്ഞു: “നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ [“മ്ലേച്ഛ വസ്തു,” NW] പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തിരുന്നൂററിത്തൊണ്ണൂറു ദിവസം ചെല്ലും.” (ദാനീയേൽ 12:11) മോശൈക ന്യായപ്രമാണത്തിൻകീഴിൽ യെരൂശലേം ദേവാലയത്തിലെ യാഗപീഠത്തിൽ “നിരന്തരഹോമയാഗം” അർപ്പിച്ചിരുന്നു. ക്രിസ്ത്യാനികൾ ഹോമയാഗം അർപ്പിക്കുന്നില്ല, എന്നാൽ അവർ നിരന്തരമായ ഒരു ആത്മീയ യാഗം അർപ്പിക്കുന്നുണ്ട്. പൗലോസ് ഇത് ഇങ്ങനെ പറഞ്ഞുകൊണ്ടു സൂചിപ്പിച്ചു: “ദൈവത്തിന്നു അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 13:15; ഹോശേയ 14:2 താരതമ്യപ്പെടുത്തുക.) ഈ നിരന്തരബലിയർപ്പണമാണ് 1918-ൽ എടുത്തുമാററപ്പെട്ടത്. അപ്പോൾ ഇനി നാം തെരയുന്ന രണ്ടാമത്തെ ഘടകം—“മ്ലേച്ഛ വസ്തു” എന്തായിരുന്നു? അത് ഒന്നാം ലോകമഹായുദ്ധത്തിന്റെ സമാപനത്തിൽ വിജയശാലികളായ ശക്തികൾ സ്ഥാപിച്ച സർവരാജ്യസഖ്യം ആയിരുന്നു.b അതു മ്ലേച്ഛമായിരുന്നു, എന്തുകൊണ്ടെന്നാൽ സമാധാനത്തിനുള്ള മമനുഷ്യന്റെ ഏകപ്രത്യാശയായി അവതരിപ്പിച്ചുകൊണ്ട്, ക്രൈസ്തവലോകത്തിന്റെ നേതാക്കൻമാർ അതിനെ ദൈവരാജ്യത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്നു. സംഖ്യത്തെ സംബന്ധിച്ച നിർദേശം മുന്നോട്ടു വെച്ചത് 1919 ജനുവരിയിലായിരുന്നു. ആ സമയംമുതൽ 1,290 ദിവസം (മൂന്നര വർഷവും ഏഴു മാസവും) എണ്ണിയാൽ നാം 1922 സെപ്ററംബറിൽ എത്തുന്നു.
16. 1,290 ദിവസത്തിന്റെ സമാപനത്തിൽ അഭിഷിക്ത ശേഷിപ്പ് പ്രവർത്തനത്തിനു സജ്ജരാണെന്നു വ്യക്തമായത് എങ്ങനെ?
16 അന്ന് എന്തു സംഭവിച്ചു? അപ്പോഴേക്കു മഹാബാബിലോനിൽനിന്നു സ്വതന്ത്രരായ ബൈബിൾ വിദ്യാർഥികൾ നവോൻമേഷഭരിതരായി കർമരംഗത്തേക്കിറങ്ങാൻ ഒരുങ്ങിക്കഴിഞ്ഞു. (വെളിപ്പാടു 18:4) അമേരിക്കൻ ഐക്യനാടുകളിൽ ഒഹായോയിലെ സീഡാർ പോയിൻറിൽ 1922 സെപ്ററംബറിൽ നടന്ന കൺവെൻഷനിൽവെച്ച് അവർ ക്രൈസ്തവലോകത്തിൻമേലുള്ള ദൈവത്തിന്റെ ന്യായവിധികൾ ധൈര്യപൂർവം പ്രഖ്യാപിക്കാൻ തുടങ്ങി. (വെളിപ്പാടു 8:7-12) വെട്ടുക്കിളികളുടെ കുത്തു വാസ്തവത്തിൽ വേദനിപ്പിക്കാൻ തുടങ്ങി! അതിലുമധികമായി, വെളിപ്പാടിലെ രണ്ടാമത്തെ കഷ്ടവും തുടങ്ങി. പ്രാരംഭത്തിൽ അഭിഷിക്ത ശേഷിപ്പും പിന്നീടു മഹാപുരുഷാരവും ചേർന്ന് എണ്ണത്തിൽ പെരുകിയ ക്രിസ്തീയ കുതിരപ്പടയുടെ ഒരു വലിയ സമൂഹം ഭൂമിയിലുടനീളം ആഞ്ഞടിച്ചു. (വെളിപ്പാടു 7:9; 9:13-19) അതേ, 1,290 ദിവസത്തിന്റെ സമാപനം ദൈവജനതക്കു സന്തോഷം കൈവരുത്തി.c എന്നാൽ അവരെ കാത്തിരുന്ന സംഭവങ്ങൾ അതു മാത്രമായിരുന്നില്ല.
1,335 ദിവസം
17. 1,335 ദിവസം ആരംഭിച്ചതും അവസാനിച്ചതും എപ്പോൾ?
17 ദാനീയേൽ 12:12 പറയുന്നു: “ആയിരത്തി മുന്നൂററിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].” ഈ 1,335 ദിവസം, അഥവാ മൂന്നു വർഷവും ഏട്ടര മാസവും ആരംഭിച്ചതു ന്യായമായും മുൻവിവരിച്ച കാലഘട്ടത്തിന്റെ സമാപനത്തിലായിരുന്നു. 1922 സെപ്ററംബർമുതൽ എണ്ണിയാൽ നാം (ഉത്തരാർദ്ധഗോളത്തിലെ) 1926-ന്റെ വസന്തകാലാന്ത്യത്തിൽ എത്തിച്ചേരുന്നു. ആ 1,335 ദിവസത്തിൽ എന്താണു സംഭവിച്ചത്?
18. ഇനിയും പുരോഗതി നേടേണ്ടതുണ്ടായിരുന്നുവെന്ന് 1922-ലെ ഏതു വസ്തുതകൾ സൂചിപ്പിക്കുന്നു?
18 1922-ൽ ഈ ചിരസ്മരണീയ സംഭവങ്ങൾ അരങ്ങേറിയിട്ടും ചിലർ അപ്പോഴും വാഞ്ഛയോടെ നോക്കിയതു കഴിഞ്ഞകാലത്തിലേക്കായിരുന്നു. സി. ററി. റസ്സൽ എഴുതിയ തിരുവെഴുത്തുകളുടെ പഠനങ്ങൾ തന്നെയായിരുന്നു അപ്പോഴും അടിസ്ഥാന പാഠ്യപുസ്തകം. കൂടാതെ, വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്ന ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കില്ല എന്ന ചെറുപുസ്തകം, ഭൂമിയെ പറുദീസയാക്കി പുനഃസ്ഥിതീകരിക്കുന്നതും പോയകാലത്തെ വിശ്വസ്തരുടെ പുനരുത്ഥാനവും സംബന്ധിച്ച ദൈവോദ്ദേശ്യങ്ങൾ 1925-ൽ നിവൃത്തിയാകാൻ തുടങ്ങുമെന്ന കാഴ്ചപ്പാട് അവതരിപ്പിച്ചു. അഭിഷിക്തരുടെ സഹിഷ്ണുത ഏതാണ്ടു പൂർത്തിയാകാറായി എന്നു തോന്നി. എങ്കിൽപ്പോലും, ബൈബിൾ വിദ്യാർഥികളുമായി സഹകരിച്ചിരുന്ന ചിലർക്കു സുവാർത്ത മററുള്ളവരുമായി പങ്കുവെക്കാൻ പ്രേരണ തോന്നിയില്ല.
19, 20. (എ) 1,335 ദിവസങ്ങളിൽ ദൈവജനത്തോടുള്ള ബന്ധത്തിൽ അനേകം സംഗതികൾക്കു മാററം വന്നതെങ്ങനെ? (ബി) 1,335 ദിവസങ്ങളുടെ കാലഘട്ടത്തിന്റെ സമാപനത്തെ കുറിച്ച സംഭവങ്ങൾ എന്തെല്ലാം, യഹോവയുടെ ജനത്തെ സംബന്ധിച്ച് അത് എന്തു സൂചിപ്പിച്ചു?
19 1,335 ദിവസം ഓരോന്നായി കടന്നുപോയപ്പോൾ ഇവയ്ക്കെല്ലാം മാററം വന്നു. സഹോദരൻമാരെ ബലപ്പെടുത്താൻ വീക്ഷാഗോപുരത്തിന്റെ ക്രമമുള്ള കൂട്ടായപഠനങ്ങൾ സംഘടിപ്പിച്ചു. വയൽശുശ്രൂഷക്ക് ഊന്നൽ കൊടുത്തു. 1923 മേയ്മുതൽ ഓരോ മാസവും ആദ്യ ചൊവ്വാഴ്ച എല്ലാവരും വയൽശുശ്രൂഷയിൽ പങ്കുപററാൻ ക്ഷണിക്കപ്പെട്ടു. ഈ വേലയിൽ സഹോദരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മധ്യവാര സഭായോഗത്തിൽ സമയം നീക്കിവെച്ചു. അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചെലസിൽ 1923 ആഗസ്ററിൽ നടന്ന സമ്മേളനത്തിൽവെച്ചു ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ചുള്ള യേശുവിന്റെ ഉപമ ആയിരംവർഷ ഭരണം തുടങ്ങുന്നതിനു മുമ്പു നിറവേറുമെന്നു വിശദീകരിക്കപ്പെട്ടു. (മത്തായി 25:31-40) ഡബ്ലിയുബിബിആർ (WBBR) എന്ന റേഡിയോനിലയത്തിന്റെ ഉദ്ഘാടനം 1924-ൽ നടന്നു, ഇതിലൂടെ സുവാർത്താപ്രക്ഷേപണം നിർവഹിക്കപ്പെട്ടു. 1925 മാർച്ച് 1 വീക്ഷാഗോപുരത്തിലെ “ജനതയുടെ ജനനം” എന്ന ലേഖനം വെളിപ്പാടു 12-ാം അധ്യായത്തിന്റെ ഒരു പരിഷ്കരിച്ച ഗ്രാഹ്യം നൽകി. അവസാനം, വിശ്വസ്ത ക്രിസ്ത്യാനികൾക്ക് 1914-19-ലെ പ്രക്ഷുബ്ധമായ സംഭവങ്ങൾ ശരിയായിത്തന്നെ മനസ്സിലാക്കാൻ സാധിച്ചു.
20 1925 എന്ന വർഷം അതിന്റെ സമാപനം കണ്ടു, പക്ഷേ, അന്ത്യം അപ്പോഴും സംഭവിച്ചില്ല! മനസ്സിൽ ഒരു തീയതിയും കുറിച്ചുകൊണ്ടായിരുന്നു 1870-കൾമുതൽ ബൈബിൾ വിദ്യാർഥികൾ സേവിച്ചിരുന്നത്—ആദ്യം 1914, പിന്നെ 1925. ഇപ്പോൾ, യഹോവ ആഗ്രഹിക്കുന്നിടത്തോളം കാലം തങ്ങൾ സേവിക്കണമെന്ന് അവർ തിരിച്ചറിയുന്നു. ദ വാച്ച് ടവർ അതിന്റെ 1926 ജനുവരി ലക്കത്തിൽ ദൈവനാമത്തിന്റെ പ്രാധാന്യത്തെ അതുവരെ ചെയ്യാത്തവിധം വിശേഷവിധമായി അവതരിപ്പിച്ചുകൊണ്ട് “യഹോവയെ ആർ ബഹുമാനിക്കും?” എന്ന ചിരസ്മരണീയ ലേഖനം പ്രസിദ്ധീകരിച്ചു. ഒടുവിൽ, 1926 മേയിൽ ഇംഗ്ലണ്ടിലെ ലണ്ടനിൽവെച്ചു നടന്ന കൺവെൻഷനിൽ “ലോകഭരണാധിപൻമാർക്കുള്ള ഒരു സാക്ഷ്യം” എന്ന ശീർഷകത്തിൽ ഒരു പ്രമേയം പാസാക്കി. ദൈവരാജ്യത്തെയും സാത്താന്റെ ലോകത്തിന്റെ വരാനിരിക്കുന്ന നാശത്തെയും സംബന്ധിച്ചുള്ള സത്യം ഇതു സ്പഷ്ടമായി പ്രഖ്യാപിച്ചു. ആരെയും പിടിച്ചുകുലുക്കാൻ പര്യാപ്തമായ വിമോചനം (Deliverance) എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടതും ഇതേ കൺവെൻഷനിലായിരുന്നു. തിരുവെഴുത്തുകളുടെ പഠനങ്ങൾ എന്നതിനു പകരമായുള്ള പരമ്പരയിൽ ആദ്യത്തേതായിരുന്നു അത്. ഈ ഘട്ടത്തിൽ ദൈവജനത പിന്നോട്ടല്ല, മുന്നോട്ടു നോക്കുകയായിരുന്നു. അങ്ങനെ 1,335 ദിവസം സമാപിച്ചു.
21. 1,335 ദിവസത്തെ സഹിഷ്ണുത അന്നത്തെ ദൈവജനത്തിന് എന്തർഥമാക്കി, ഈ കാലഘട്ടത്തെ സംബന്ധിച്ചുള്ള പ്രവചനനിവൃത്തി നമുക്ക് എന്തർഥമാക്കുന്നു?
21 ഈ സംഭവവികാസങ്ങളോടു പൊരുത്തപ്പെടാൻ ചിലർ ഒരുക്കമായിരുന്നില്ല, എന്നാൽ സഹിച്ചുനിന്നവർ സത്യമായും സന്തുഷ്ടരായിരുന്നു. കൂടാതെ, ഈ പ്രാവചനിക കാലഘട്ടങ്ങളുടെ നിവൃത്തിയിലേക്കു നാം പിന്തിരിഞ്ഞു നോക്കുമ്പോൾ നാമും സന്തുഷ്ടരാണ്. എന്തുകൊണ്ടെന്നാൽ ആ കാലഘട്ടത്തിലൂടെ ജീവിച്ചുപോന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ ഒരു ചെറിയ കൂട്ടമാണു വാസ്തവത്തിൽ വിശ്വസ്തനും വിവേകിയുമായ അടിമ എന്നതു നമ്മുടെ ആത്മവിശ്വാസത്തിനു കരുത്തേകുന്നു. അതുമുതലുള്ള വർഷങ്ങളിൽ യഹോവയുടെ സ്ഥാപനം അസാധാരണമാംവിധം വികസിച്ചിരിക്കുന്നു, എന്നാൽ വിശ്വസ്തനും വിവേകിയുമായ അടിമയാണ് അതിനെ നയിച്ചുകൊണ്ട് ഇപ്പോഴും അതിന്റെ കേന്ദ്രഭാഗത്തുള്ളത്. അപ്പോൾ അഭിഷിക്തരെയും വേറെ ആടുകളെയും കാത്തിരിക്കുന്ന സന്തോഷം ഇനിയുമുണ്ടെന്നറിയുന്നത് എത്ര പുളകപ്രദമാണ്! ദാനിയേൽ പ്രവചനങ്ങളിൽ വേറൊന്നു പരിചിന്തിക്കുമ്പോൾ ഇതു നമുക്കു കാണാം.
[അടിക്കുറിപ്പുകൾ]
a ഈ പ്രാവചനിക കാലഘട്ടങ്ങൾ എങ്ങനെ കണക്കാക്കാമെന്നതു സംബന്ധിച്ചുള്ള ഒരു ചർച്ചയ്ക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച—ആസന്നമായിരിക്കുന്ന നമ്മുടെ ലോക ഗവൺമെൻറ്—ദൈവരാജ്യം എന്ന പുസ്തകത്തിന്റെ 8- അധ്യായം കാണുക.
b 1986 ഏപ്രിൽ 1-ലെ വീക്ഷാഗോപുരം ലക്കത്തിന്റെ 13-23 പേജുകൾ കാണുക.
c 1991 ഏപ്രിൽ വീക്ഷാഗോപുരം 21, 22 പേജുകളും യഹോവയുടെ സാക്ഷികളുടെ 1975-ലെ വാർഷിക പുസ്തകം 132-ാം പേജും കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ദാനിയേൽ പുസ്തകത്തിലെ ചില പ്രവചനങ്ങൾ നമ്മുടെ നാളിലാണു നിറവേറേണ്ടത് എന്നു നമുക്ക് എങ്ങനെ അറിയാം?
◻ “വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ” അഭിഷിക്തശേഷിപ്പാണെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നതെങ്ങനെ?
◻ 1,260 ദിവസം ആരംഭിച്ചതും അവസാനിച്ചതും എപ്പോൾ?
◻ ഏതു നവോൻമേഷവും പുനഃസ്ഥിതീകരണവുമാണ് 1,290 ദിവസം അഭിഷിക്തശേഷിപ്പിനു കൈവരുത്തിയത്?
◻ 1,335 ദിവസങ്ങളുടെ സമാപ്തിയോളം സഹിച്ചുനിന്നവർ സന്തുഷ്ടരായിരുന്നത് എന്തുകൊണ്ട്?
[8-ാം പേജിലെ ചിത്രം]
1919 മുതൽ “വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ” അഭിഷിക്ത ശേഷിപ്പാണെന്നു വ്യക്തമായിരുന്നു
[10-ാം പേജിലെ ചിത്രം]
സ്വിററ്സർലൻഡിലെ ജനീവയിലുള്ള സർവരാജ്യസഖ്യത്തിന്റെ ലോക ആസ്ഥാനം
[കടപ്പാട്]
UN photo
[11-ാം പേജിലെ ചതുരം]
ദാനിയേലിന്റെ പ്രാവചനിക കാലഘട്ടങ്ങൾ
1,260 ദിവസം:
1914 ഡിസംബർമുതൽ 1918 ജൂൺവരെ
1,290 ദിവസം:
1919 ജനുവരിമുതൽ 1922 സെപ്ററംബർവരെ
1,335 ദിവസം:
1922 സെപ്ററംബർമുതൽ 1926 മേയ്വരെ