വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“വീക്ഷാഗോപുര”ത്തിൽ ചർച്ചചെയ്തുവന്ന ദാനിയേൽ പ്രവചനങ്ങൾ പഠിച്ചതു ഞങ്ങൾ ആസ്വദിച്ചു. എങ്കിലും, വെളിപ്പാടു 11:3-ലെ മൂന്നര കാലങ്ങളുടെ തീയതികൾക്കു “വെളിപാട് പാരമ്യം” പുസ്തകത്തിൽനിന്നു വ്യത്യാസമുള്ളത് എന്തുകൊണ്ടാണ്?
ശരിയാണ്, 1993 നവംബർ 1-ലെ വീക്ഷാഗോപുരത്തിൽ വെളിപ്പാടു 11:3-ന്റെ ആധുനിക നിവൃത്തി കണക്കാക്കിയപ്പോൾ ചെറിയ ഒരു പരിഷ്കരണം അവതരിപ്പിച്ചു. എന്തുകൊണ്ട്?
നമുക്ക് ആദ്യം വെളിപ്പാടു 11:2 നോക്കാം. അതിന്റെ അവസാനം “നാല്പത്തുരണ്ടു മാസ”ത്തെക്കുറിച്ചു പരാമർശിക്കുന്നു. തുടർന്ന് 3-ാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നൽകും; അവർ രട്ടു ഉടുത്തുംകൊണ്ടു ആയിരത്തിരുന്നൂറററുപതു ദിവസം പ്രവചിക്കും.” അതു ബാധകമാകുന്നത് എപ്പോഴാണ്?
“ജനതകളുടെ നിയമിതകാലങ്ങൾ” (വിജാതീയരുടെ കാലങ്ങൾ) 1914-ൽ അവസാനിച്ചശേഷം, ആത്മാഭിഷിക്ത ക്രിസ്ത്യാനികളോടുള്ള ബന്ധത്തിൽ ഈ പ്രവചനം നിവൃത്തിയേറിയതായി യഹോവയുടെ സാക്ഷികൾ വളരെ നാളുകൾക്കു മുമ്പുതന്നെ മനസ്സിലാക്കിയിട്ടുണ്ട്. (ലൂക്കൊസ് 21:24; 2 കൊരിന്ത്യർ 1:21, 22) ഇതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട്, വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!a [ഇംഗ്ലീഷ്] (1988) എന്ന പുസ്തകത്തിന്റെ 164-ാമത്തെ പേജിൽ ഇങ്ങനെ പറയുന്നു: “ദൈവജനങ്ങളുടെ കഠോരമായ അനുഭവങ്ങൾ ഇവിടെ പ്രവചിച്ചിരുന്ന സംഭവങ്ങളോട് ഒത്തുവന്ന മൂന്നരവർഷത്തിന്റെ ഒരു പ്രത്യേക കാലഘട്ടം ഉണ്ടായിരുന്നു—1914-ന്റെ ഒടുവിൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ 1918-ന്റെ ആദ്യഭാഗംവരെ തുടരുന്നതുതന്നെ.”
“1914-ന്റെ ഒടുവിൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ 1918-ന്റെ ആദ്യഭാഗംവരെ”യുള്ള കാലയളവാണ് നൽകിയതെന്ന സംഗതി ശ്രദ്ധിക്കുക. “ദൈവത്തിന്റെ മർമ്മം പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു”* [ഇംഗ്ലീഷ്], പേജുകൾ 261-4, (1969) എന്നതുപോലുള്ളവയിൽ കൊടുക്കാറുള്ള തീയതിയുമായി ഇത് ഒത്തുപോകുന്നു.
എന്നുവരികിലും, വീക്ഷാഗോപുരം ദാനിയേൽ പ്രവചനങ്ങൾക്കു ശ്രദ്ധ കൊടുക്കുകയായിരുന്നു. പിൽക്കാലത്ത് വെളിപാടിൽ സൂചിപ്പിച്ച 3 1⁄2 വർഷങ്ങളോട് അഥവാ 42 മാസങ്ങളോടു താരതമ്യപ്പെടുത്താവുന്ന കാലഘട്ടത്തെക്കുറിച്ച് ഈ പുസ്തകത്തിൽ രണ്ടു പ്രാവശ്യം സൂചിപ്പിക്കുന്നുണ്ട്. കൃത്യമായിപ്പറഞ്ഞാൽ, “കാലവും കാലങ്ങളും കാലാംശവും” അല്ലെങ്കിൽ 3 1⁄2 കാലങ്ങൾ ദൈവത്തിന്റെ വിശുദ്ധർ ഉപദ്രവിക്കപ്പെടുമെന്നു ദാനീയേൽ 7:25 പറയുന്നു. പിന്നീട്, ‘കാലത്തെയും കാലങ്ങളെയും കാലാർദ്ധത്തെയും’ അഥവാ 3 1⁄2 കാലങ്ങളെ കുറിച്ചും അതിന്റെ പാരമ്യം “വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകള”യലായിരിക്കുമെന്നതിനെ കുറിച്ചും ദാനീയേൽ 12:7 മുൻകൂട്ടിപ്പറയുന്നു.
അങ്ങനെ, ദാനീയേൽ 7:25, ദാനീയേൽ 12:7 എന്നിവിടങ്ങളിലും വെളിപ്പാടു 11:2, 3, വെളിപ്പാടു 13:5 എന്നിവിടങ്ങളിലും സാമ്യമുള്ള കാലഘട്ടത്തെ പ്രതിപാദിക്കുന്ന പ്രവചനങ്ങൾ നമുക്കുണ്ട്. ഇവയുടെയെല്ലാം നിവൃത്തി 1914-18 കാലഘട്ടത്തിലുണ്ടായതായി ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളെല്ലാം പ്രകടമാക്കിയിട്ടുണ്ട്. എന്നാൽ ഈ പ്രവചനങ്ങളിൽ ഓരോന്നും വെവ്വേറെ എടുത്തു വിശദീകരിച്ചപ്പോൾ ആരംഭത്തിന്റെയും അവസാനത്തിന്റെയും തീയതികൾക്ക് അൽപ്പസ്വൽപ്പം വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.
എന്നിരുന്നാലും, “ഈ സമാന്തര പ്രവചനങ്ങളെല്ലാം നിവൃത്തിയേറിയത് എങ്ങനെയാണ്?” എന്ന് 1993 നവംബർ 1 വീക്ഷാഗോപുരം ചോദിക്കുകയുണ്ടായി. അതേ, ദാനീയേൽ 7:25, ദാനീയേൽ 12:7 എന്നിവിടങ്ങളിലും വെളിപ്പാടു 11:3-ലും സൂചിപ്പിച്ചിരിക്കുന്ന 3 1⁄2 കാലങ്ങളുടെ പ്രവചനങ്ങളെ “സമാന്തര പ്രവചനങ്ങ”ളായിട്ടാണ് കരുതിയിരിക്കുന്നത്. അതുകൊണ്ട്, അവയുടെ ആരംഭത്തിനും അവസാനത്തിനും തമ്മിൽ സാമ്യമുണ്ടായിരിക്കും.
ദൈവത്തിന്റെ അഭിഷിക്തർക്കുണ്ടായ ഉപദ്രവം (ദാനീയേൽ 7:25) 1918 ജൂണിൽ എങ്ങനെ അതിന്റെ പാരമ്യത്തിലെത്തിയെന്ന് അവസാനത്തെപ്പററി പറയവേ മാസിക പ്രകടമാക്കി. ആ മാസത്തിലായിരുന്നു ജെ. എഫ്. റതർഫോർഡിനെയും വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ മററു ഡയറക്ടർമാരെയും “വ്യാജകുററാരോപണങ്ങൾ ചുമത്തി ദീർഘകാലത്തേക്കു തടവിലാക്കി”യത്. ദാനീയേൽ 12:7-ൽ പറഞ്ഞിരിക്കുന്നതുപോലെ, ആ സംഭവം തീർച്ചയായും “വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകള”യലായിരുന്നു.
1918 മുതൽ പിന്നോട്ട് എണ്ണിയാൽ 3 1⁄2 കാലങ്ങളുടെ ആരംഭത്തിന് നാം 1914 ഡിസംബറിൽ എത്തുന്നു. 1914 എന്ന വർഷത്തിന്റെ അവസാന മാസത്തിൽ ഭൂമിയിലുണ്ടായിരുന്ന ദൈവത്തിന്റെ അഭിഷിക്തർ അടുത്ത വർഷത്തേക്കുള്ള വാർഷികവാക്യമായി പഠിച്ചത് ഇതായിരുന്നു: “‘നിങ്ങൾക്ക് എന്റെ പാനപാത്രത്തിൽനിന്നു കുടിക്കാനാവുമോ?’—മത്തായി 20:20-23.” അത് അറിയിച്ച ലേഖനം ഈ മുന്നറിയിപ്പു കൊടുത്തു: “ആർക്കറിയാം, 1915-ൽ കുഞ്ഞാടിന്റെ വിശ്വസ്ത അനുഗാമികൾക്കു ചിലപ്പോൾ പ്രത്യേക വിചാരണയോ കഷ്ടപ്പാടിന്റെ പാനപാത്രമോ മാനക്കേടോ ഉണ്ടായേക്കാം!” 3 1⁄2 കാലങ്ങളുടെ ഈ കാലഘട്ടത്തെ സംബന്ധിച്ചു ദാനിയേൽ 7:25 [NW] മുൻകൂട്ടിപ്പറഞ്ഞതുപോലെ, ‘പരമോന്നതന്റെ വിശുദ്ധരുടെ നേരേയുള്ള ഉപദ്രവം ആരംഭിക്കുകയും അതു തുടരുകയും ചെയ്തു.’ അപ്പോൾ രാഷ്ട്രങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ മുങ്ങിത്തുടിക്കുകയായിരുന്നു. അതുമൂലം ന്യായീകരിക്കാനാവാത്ത ഉപദ്രവങ്ങൾ വരുത്തിക്കൂട്ടുക എന്നത് അവർക്കു കൂടുതൽ എളുപ്പമായി. അപ്പോൾ ചുരുക്കം ഇതാണ്: ദാനീയേൽ 7:25, 12:7 എന്നിവിടങ്ങളിലെയും വെളിപ്പാടു 11:3-ലെയും 3 1⁄2 വർഷങ്ങളുടെ അഥവാ 42 മാസങ്ങളുടെ സമാന്തര പ്രവചനങ്ങളുടെ നിവൃത്തി 1914 ഡിസംബർ മുതൽ 1918 ജൂൺ വരെയായിരുന്നു.
വെളിപ്പാടു 11:3-ലെ നിവൃത്തിയുടെ തീയതിയിൽ വന്ന ചെറിയ പരിഷ്കരണത്തിന്റെ കാരണം ഇതു വ്യക്തമാക്കുന്നു. ഭാവിയിൽ നാം വെളിപാട് പാരമ്യം പുസ്തകം പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഈ പരിഷ്കരണം നമുക്ക് ഓർമിക്കാവുന്നതാണ്.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.