അനുകരിക്കാൻ താഴ്മയുടെ മാതൃകകൾ
“നിന്റെ താഴ്മ എന്നെ വലിയവനാക്കും.”—സങ്കീർത്തനം 18:35, NW.
1. വാച്ച് ടവർ സൊസൈററിയുടെ ഒരു മുൻപ്രസിഡൻറിൽ താഴ്മയുടെ എന്തു തെളിവു കാണാവുന്നതാണ്?
ജോസഫ് എഫ്. റതർഫോർഡിന്റെ ആകാരം ആരിലും മതിപ്പുളവാക്കുന്നതായിരുന്നു, ഉയരം ആറടിയിലധികം, തൂക്കമാകട്ടെ 90 കിലോഗ്രാമിനു മേലും. ഘനഗാംഭീര്യമുള്ള തന്റെ സ്വരമാകട്ടെ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത വിധം യഹോവയുടെ നാമത്തെ പരസ്യമാക്കുന്നതിനു മാത്രമല്ല, ക്രൈസ്തവ ലോകത്തിലെ മതനേതാക്കളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനും അദ്ദേഹം ഉപയോഗപ്പെടുത്തി. അവരുടെ മതത്തെ അദ്ദേഹം “ഒരു കെണി എന്നും കപടപദ്ധതി” എന്നും വിശേഷിപ്പിച്ചു. പക്ഷേ പ്രസംഗങ്ങൾ ശക്തിമത്തായിരുന്നെങ്കിലും ലോക ആസ്ഥാന ബെഥേൽ കുടുംബത്തോടൊപ്പം പ്രാർഥിക്കുംനേരം, ഡാഡിയോടു സംസാരിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് അദ്ദേഹം കാണപ്പെട്ടത്. അതു സ്രഷ്ടാവിനോട് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഉററബന്ധത്തിനും താഴ്മയ്ക്കും തെളിവായിരുന്നു. അതേ, അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെ താഴ്മയുള്ളവനായിരുന്നു.—മത്തായി 18:3, 4.
2. യഹോവയുടെ ദാസൻമാർക്കു ലോകത്തിലെ വ്യക്തികളുമായി ഒരു സാമ്യവുമില്ലാത്തത് ഏതു പ്രത്യേക കാര്യത്തിലാണ്?
2 നിസ്സംശയമായി, യഹോവയാം ദൈവത്തിന്റെ യഥാർഥ ദാസൻമാരെല്ലാവരും താഴ്മയുള്ളവരാണ്. ഈ കാര്യത്തിൽ അവർക്കു ലോകത്തിലെ ആളുകളുമായി ഒരു സാമ്യവുമില്ല. ലോകം ഇപ്പോൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം അഹങ്കാരികളായ വ്യക്തികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഉന്നതർ, കരുത്തർ, സമ്പന്നർ, അഭ്യസ്തവിദ്യർ, എന്തിന്, ദരിദ്രരിൽത്തന്നെ അനേകരും മററു പലവിധങ്ങളിൽ പിന്നോക്കാവസ്ഥയിൽ കഴിയുന്നവർ പോലും ദുരഭിമാനികളാണ്.
3. അഹങ്കാരത്തിന്റെ ഫലങ്ങളെ സംബന്ധിച്ച് എന്തു പറയാവുന്നതാണ്?
3 അഹങ്കാരം സൃഷ്ടിക്കുന്ന സ്പർധയ്ക്കും ദുരിതത്തിനും കയ്യും കണക്കുമില്ല. അഖിലാണ്ഡത്തിലെ സകല കഷ്ടങ്ങൾക്കും തുടക്കം കുറിക്കാൻ കാരണംതന്നെ ഒരു ദൂതൻ അഹങ്കാരിയായിത്തീർന്നതാണ്, ന്യായാനുസൃതം സ്രഷ്ടാവായ യഹോവയാം ദൈവംമാത്രം അർഹിക്കുന്ന ആരാധനയാണ് അവൻ ആഗ്രഹിച്ചത്. (മത്തായി 4:9, 10) അതിനുംപുറമേ, ആദ്യ സ്ത്രീയായ ഹവ്വായുടെ അഹങ്കാരത്തിനു കുളിർമയേകിക്കൊണ്ട് അവളെ വശീകരിക്കുന്നതിൽ സ്വയം പിശാചും സാത്താനുമാക്കിയവൻ വിജയിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ നൻമതിൻമകളെക്കുറിച്ചുള്ള അറിവു നേടി ദൈവത്തെപ്പോലെയാകുമെന്ന് അവൻ അവളോടു വാഗ്ദാനം ചെയ്തു. താഴ്മയുള്ളവളായിരുന്നെങ്കിൽ ‘ദൈവത്തെപ്പോലെയാകാൻ ഞാൻ എന്തിന് ആഗ്രഹിക്കണം?’ എന്ന് അവൾ പറഞ്ഞേനേ. (ഉല്പത്തി 3:4, 5) മനുഷ്യവർഗം ഭൗതികവും മാനസികവും ധാർമികവുമായി എത്തിച്ചേർന്നിരിക്കുന്ന സങ്കടകരമായ അവസ്ഥ പരിചിന്തിച്ചു നോക്കുമ്പോൾ മനുഷ്യരുടെ ഭാഗത്തെ അഹങ്കാരത്തിന് എന്തു ന്യായീകരണമാണുള്ളത്! “അഹംഭാവ”ത്തെയും “ഗർവ്വി”നെയും യഹോവ വെറുക്കുന്നു എന്നു വായിക്കുന്നതിൽ നമുക്ക് അത്ഭുതപ്പെടാനില്ല! (സുഭാഷിതങ്ങൾ 8:13, പി.ഒ.സി. ബൈ.) സകല അഹങ്കാരികൾക്കും നേർവിപരീതമായ മാതൃകകൾ ദൈവവചനമായ ബൈബിളിൽ കാണപ്പെടുന്നുണ്ട്.
യഹോവയാം ദൈവം താഴ്മയുള്ളവൻ
4. യഹോവ താഴ്മയുള്ളവനാണെന്ന് ഏതു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു?
4 അത്യുന്നതനും അഖിലാണ്ഡ പരമാധികാരിയും നിത്യതയുടെ രാജാവുമായ യഹോവയാം ദൈവം താഴ്മയുള്ളവനാണ്. (ഉല്പത്തി 14:22) അങ്ങനെയായിരിക്കുക സാധ്യമാണോ? അതേ തീർച്ചയായും! “നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത [“താഴ്മ,” NW] എന്നെ വലിയവനാക്കിയിരിക്കുന്നു” എന്ന് ദാവീദ് പറഞ്ഞതായി സങ്കീർത്തനം 18:35-ൽ രേഖപ്പെടുത്തിയിരിക്കുന്നു. സ്പഷ്ടമായും, യഹോവയുടെ താഴ്മയാണു ദാവീദിനെ മഹാനാക്കിയത് എന്നു ദാവീദ് സമ്മതിച്ചുപറയുന്നു. ഇനിയും, യഹോവ “താഴോട്ടിറങ്ങി ആകാശത്തെയും ഭൂമിയെയും നോക്കുന്നു” എന്നു സങ്കീർത്തനം 113:6, [NW]-ൽ നാം വായിക്കുന്നു. “നോക്കാൻ കുനിയുന്നു” (ന്യൂ ഇൻറർനാഷണൽ വേർഷൻ) എന്നും “തീരെ താഴേക്കു നോക്കാൻ തിരുവുള്ളം തോന്നുന്നു” (ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) എന്നും നാം മററു പരിഭാഷകളിൽ വായിക്കുന്നു.
5. യഹോവയുടെ താഴ്മയെ സാക്ഷ്യപ്പെടുത്തുന്ന സംഭവങ്ങൾ ഏതെല്ലാം?
5 സോദോം, ഗൊമോറ എന്നീ ദുഷ്ട നഗരങ്ങളെ നശിപ്പിക്കാൻ ഉദ്ദേശിക്കുന്നതിലെ തന്റെ നീതിയെ കുറിച്ചു സംവാദം നടത്താൻ അബ്രാഹാമിനെ അനുവദിച്ചുകൊണ്ട് അബ്രാഹാമുമായി ഇടപെട്ടവിധത്തിൽ യഹോവ തീർച്ചയായും താഴേക്കിറങ്ങിവന്നു.a (ഉല്പത്തി 18:23-32) ഒരു സമയത്തു വിഗ്രഹാരാധന നിമിത്തവും മറെറാരിക്കൽ മത്സരം നിമിത്തവും ഇസ്രയേൽ ജനതയെ വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന തന്റെ തീരുമാനം യഹോവ അറിയിച്ചപ്പോൾ മോശ, മറെറാരു മനുഷ്യനോടു സംസാരിക്കുന്നതുപോലെ, ഓരോ സന്ദർഭത്തിലും യഹോവയുമായി ന്യായവാദം നടത്തി. ഓരോ പ്രാവശ്യവും യഹോവ പ്രതികരിച്ചത് അനുകൂലമായിട്ടായിരുന്നു. തന്റെ ജനമായ ഇസ്രയേലിനെ സംബന്ധിച്ച മോശയുടെ യാചനകൾ അംഗീകരിച്ചുകൊടുത്തതു യഹോവയുടെ ഭാഗത്തെ താഴ്മയെ പ്രകടമാക്കി. (പുറപ്പാടു 32:9-14; സംഖ്യാപുസ്തകം 14:11-20) മനുഷ്യരോടു വ്യക്തിഗതമായി ഇടപെടുന്നതിൽ യഹോവ പ്രകടമാക്കിയ താഴ്മയുടെ മററു ദൃഷ്ടാന്തങ്ങൾ, ന്യായാധിപൻമാർ 6:36-40-ലും യോനാ 4:9-11-ലും രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, ഗിദയോനോടും യോനായോടും ഉണ്ടായിരുന്ന അവിടുത്തെ ബന്ധങ്ങളിൽനിന്നു കാണാവുന്നതാണ്.
6. യഹോവയുടെ ഏതു സ്വഭാവവിശേഷമാണ് അവിടുത്തെ താഴ്മയെ കൂടുതലായി വെളിപ്പെടുത്തുന്നത്?
6 വാസ്തവത്തിൽ, “കോപത്തിനു താമസമുള്ളവ”നെന്നു യഹോവയെക്കുറിച്ചു ചുരുങ്ങിയത് ഒൻപത് പ്രാവശ്യമെങ്കിലും പറഞ്ഞിരിക്കുന്നു.b ആയിരക്കണക്കിനു വർഷങ്ങളിൽ അപൂർണ മനുഷ്യസൃഷ്ടികളുമായി ഇടപ്പെട്ടതിൽ യഹോവ ദീർഘക്ഷമയുള്ളവനും കോപത്തിനു താമസമുള്ളവനുമായിരുന്നു എന്നത് അവിടുന്നു താഴ്മയുള്ളവനാണെന്നതിന്റെ മറെറാരു തെളിവാണ്. അഹങ്കാരികൾ അക്ഷമരാണ്, നൊടിയിടക്കുള്ളിൽ അവർ കോപം പ്രകടിപ്പിക്കുന്നു, ദീർഘക്ഷമയുമായി അവർക്ക് ഒരു ബന്ധവുമില്ല. അപൂർണ മനുഷ്യരുടെ അഹങ്കാരത്തെ യഹോവയുടെ താഴ്മ എത്രയ്ക്കു പരിഹാസ്യമാക്കുന്നു! ‘പ്രിയ മക്കൾ എന്നപോലെ ദൈവത്തെ അനുകരിക്കാൻ’ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ അവിടുന്നു താഴ്മയുള്ളവൻ ആയിരിക്കുന്നതുപോലെ നാമും താഴ്മയുള്ളവർ ആയിരിക്കണം.—എഫെസ്യർ 5:1.
ക്രിസ്തുവിന്റെ താഴ്മയുടെ ദൃഷ്ടാന്തം
7, 8. യേശുവിന്റെ താഴ്മയെപ്പററി തിരുവെഴുത്തുകൾ എന്തു പറയുന്നു?
7 നമുക്ക് അനുകരിക്കാനുള്ള താഴ്മയുടെ ഏററവും ശ്രദ്ധേയമായ രണ്ടാമത്തെ ദൃഷ്ടാന്തം 1 പത്രൊസ് 2:21-ൽ പരാമർശിച്ചിട്ടുണ്ട്: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” മനുഷ്യനായി ഭൂമിയിലേക്കു വരുന്നതിനു വളരെക്കാലം മുമ്പുതന്നെ അവിടുത്തെക്കുറിച്ചു സെഖര്യാവു 9:9-ൽ ഇങ്ങനെ പ്രവചിച്ചു പറഞ്ഞിരുന്നു: “യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തു . . . കയറിവരുന്നു.” യേശുക്രിസ്തു അഹങ്കാരിയായിരുന്നെങ്കിൽ വെറുമൊരു ആരാധനാക്രിയയ്ക്കു പകരമായി ലോകത്തിലെ സകല രാജ്യങ്ങളും തരാമെന്ന പിശാചിന്റെ വാഗ്ദാനം അവിടുന്ന് എളുപ്പം സ്വീകരിക്കുമായിരുന്നു. (മത്തായി 4:9, 10) തന്റെ പഠിപ്പിക്കലിന്റെ സകല മഹത്ത്വവും യഹോവയാം ദൈവത്തിനു കൊടുത്തുകൊണ്ടും അവിടുന്നു തന്റെ താഴ്മ പ്രകടമാക്കി, അത് ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ, ഞാൻ ഞാൻതന്നെയെന്നും ഞാൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കും.”—യോഹന്നാൻ 8:28, പി.ഒ.സി. ബൈ.
8 “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തു”മെന്ന് അവിടുത്തേക്ക് ഉചിതമായി തന്റെ ശ്രോതാക്കളോടു പറയാൻ സാധിച്ചു. (മത്തായി 11:29) ഒരു മനുഷ്യനായി അപ്പോസ്തലൻമാരോടൊത്തു ചെലവഴിച്ച അവസാനത്തെ സായാഹ്ന വേളയിൽ അവരുടെ പാദങ്ങൾ കഴുകിക്കൊണ്ട് അവിടുന്നു കാഴ്ചവെച്ചതു താഴ്മയുടെ എന്തൊരുത്തമ മാതൃകയാണ്! (യോഹന്നാൻ 13:3-15) യേശുവിനെ ഒരു മാതൃകയാക്കി അവതരിപ്പിച്ചുകൊണ്ടു ക്രിസ്ത്യാനികൾക്കു “താഴ്മ”യുണ്ടായിരിക്കണമെന്ന് അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയർ 2:3-8-ൽ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നതു തികച്ചും ഉചിതമാണ്: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” തന്റെ ജീവിതത്തിലെ ഏററവും വലിയ പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിച്ചപ്പോൾ അവിടുന്നു തന്റെ പിതാവിനോടു താഴ്മയോടെ പ്രാർഥിച്ചു: “എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ.” (മത്തായി 26:39) തീർച്ചയായും, അവിടുത്തെ കാൽപ്പാടുകൾ അടുത്തു പിൻപററിക്കൊണ്ടു നാം യേശുക്രിസ്തുവിന്റെ അനുകാരികളാകണമെങ്കിൽ നാം താഴ്മയുള്ളവരായിരുന്നേ പററൂ.
അപ്പോസ്തലനായ പൗലോസ്—താഴ്മയുടെ ഒരു ഉത്തമ മാതൃക
9-12. ഏതെല്ലാം വിധങ്ങളിലാണ് അപ്പോസ്തലനായ പൗലോസ് താഴ്മയുടെ ദൃഷ്ടാന്തങ്ങൾ വെച്ചിരിക്കുന്നത്?
9 “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (1 കൊരിന്ത്യർ 11:1) നമുക്ക് അനുകരിക്കാൻ താഴ്മയുടെ മറെറാരു മാതൃക വെച്ചുതന്നുകൊണ്ട് അപ്പോസ്തലനായ പൗലോസ് താഴ്മ പ്രകടമാക്കി യേശുക്രിസ്തുവിനെ അനുകരിച്ചുവോ? അങ്ങനെ അദ്ദേഹം ചെയ്തുവെന്നു തീർത്തും പറയാം. ഒന്നാമതായി, താൻ യേശുക്രിസ്തുവിന്റെ ഒരടിമയാണെന്ന് അദ്ദേഹം താഴ്മയോടെ സമ്മതിക്കുന്നു. (ഫിലിപ്പിയർ 1:1) “പൂർണ്ണവിനയത്തോടും കണ്ണുനീരോടും യഹൂദൻമാരുടെ ഗൂഢാലോചനയാൽ എനിക്കുണ്ടായ പരീക്ഷണങ്ങളോടുകൂടി ഞാൻ കർത്താവിനു ശുശ്രൂഷചെയ്തു”വെന്ന് അദ്ദേഹം എഫേസൂസിലെ മൂപ്പൻമാരോടു പറഞ്ഞു. (അപ്പ. പ്രവർത്തനങ്ങൾ 20:17-19, പി.ഒ.സി. ബൈ.) അദ്ദേഹം താഴ്മയുള്ളവനായിരുന്നില്ലെങ്കിൽ റോമർ 7:18, 19-ൽ കാണുന്ന ഈ വാക്കുകൾ അദ്ദേഹം ഒരിക്കലും എഴുതുമായിരുന്നില്ല: “എന്റെ ജഡത്തിൽ നൻമ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; . . . ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നൻമ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിൻമയത്രേ പ്രവർത്തിക്കുന്നതു.”
10 1 കൊരിന്ത്യർ 2:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം “ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു” എന്നു കൊരിന്ത്യയിലെ ക്രിസ്ത്യാനികൾക്കു പൗലോസ് എഴുതിയതിലും പ്രകടമാകുന്നത് അദ്ദേഹത്തിന്റെ താഴ്മതന്നെ. ക്രിസ്ത്യാനിയാകുന്നതിനു മുമ്പത്തെ തന്റെ ജീവിതഗതിയെ താഴ്മയോടെ പരാമർശിച്ചുകൊണ്ട് അദ്ദേഹം എഴുതി: “മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു. . . . ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു . . . ആ പാപികളിൽ ഞാൻ ഒന്നാമൻ.”—1 തിമൊഥെയൊസ് 1:13, 15.
11 തന്റെ ശ്രമങ്ങൾക്കുണ്ടായ സകല വിജയങ്ങൾക്കും കാരണം യഹോവയാം ദൈവമാണെന്നു പറഞ്ഞതിൽ അദ്ദേഹത്തിന്റെ താഴ്മ കൂടുതലായി പ്രകടമാകുന്നു. തന്റെ ശുശ്രൂഷയെക്കുറിച്ച് “ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയത്. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല” എന്നായിരുന്നു അദ്ദേഹം എഴുതിയത്. (1 കൊരിന്ത്യർ 3:6, 7) നല്ലൊരു സാക്ഷ്യം കൊടുക്കാൻ കഴിയേണ്ടതിനു തനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് അദ്ദേഹം സഹോദരൻമാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതു നാം എഫെസ്യർ 6:18-20-ൽ വായിക്കുന്നു: “എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണ സ്ഥിരത കാണിപ്പിൻ . . . സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ . . . ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.”
12 മററ് അപ്പോസ്തലൻമാരോടു സഹകരിച്ചു പ്രവർത്തിച്ചപ്പോഴും പൗലോസ് താഴ്മ പ്രകടിപ്പിക്കുകയാണു ചെയ്തത്: “യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.” (ഗലാത്യർ 2:9) ആലയത്തിലേക്കു നാലു യുവാക്കളെ അനുയാത്ര ചെയ്തുകൊണ്ടും അവരുടെ വ്രതാനുഷ്ഠാനത്തിന്റെ ചെലവുകൾ വഹിച്ചുകൊണ്ടും യെരൂശലേം സഭയിലെ മൂപ്പൻമാരുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള തന്റെ മനസ്സൊരുക്കവും അദ്ദേഹം പ്രകടമാക്കി.—പ്രവൃത്തികൾ 21:23-26.
13. പൗലോസിന്റെ താഴ്മയെ കൂടുതൽ ശ്രദ്ധേയമാക്കിയതെന്ത്?
13 യഹോവയാം ദൈവം പൗലോസിനെ ഉപയോഗിച്ചത് എത്ര ശക്തമായിട്ടായിരുന്നു എന്നു മനസ്സിലാക്കുമ്പോഴാണു പൗലോസിന്റെ താഴ്മ കൂടുതൽ ശ്രദ്ധേയമാകുന്നത്. ഉദാഹരണത്തിന്, “ദൈവം പൌലോസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യി”ച്ചുവെന്നു നാം വായിക്കുന്നു. (പ്രവൃത്തികൾ 19:11, 12) അതിലുപരി, അദ്ദേഹത്തിന് അസാധാരണ ദർശനങ്ങളും വെളിപാടുകളും നൽകപ്പെട്ടു. (2 കൊരിന്ത്യർ 12:1-7) ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ 27-ൽ 14 പുസ്തകങ്ങളും (വാസ്തവത്തിൽ എഴുത്തുകളും) എഴുതാൻ നിശ്വസ്തനാക്കപ്പെട്ടതു പൗലോസായിരുന്നു എന്നത് ഗൗനിക്കുക. അവയൊന്നും അദ്ദേഹത്തെ തലക്കനമുള്ളവനാക്കിയില്ല. അദ്ദേഹം താഴ്മയുള്ളവനായി തുടർന്നു.
ആധുനിക നാളിലെ മാതൃകകൾ
14-16. (എ) വാച്ച് ടവർ സൊസൈററിയുടെ ആദ്യത്തെ പ്രസിഡൻറ് താഴ്മയുടെ ഒരു ഉത്തമ മാതൃകയായിരുന്നതെങ്ങനെ? (ബി) അദ്ദേഹത്തിന്റെ മാതൃക ആരുടേതിൽനിന്നു കടകവിരുദ്ധമാണ്?
14 “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ” എന്ന പൗലോസിന്റെ ബുദ്ധ്യുപദേശം എബ്രായർ 13:7-ൽ നാം വായിക്കുന്നു. ഈ തത്ത്വത്തോടുള്ള ചേർച്ചയിൽ ആധുനിക നാളിലെ ഒരു മാതൃകയായി വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ആദ്യ പ്രസിഡൻറായ ചാൾസ് റെറയ്സ് റസ്സലിനെ എടുക്കാം, അദ്ദേഹത്തിന്റെ വിശ്വാസം നമുക്ക് അനുകരിക്കാവുന്നതാണ്. അദ്ദേഹം താഴ്മയുള്ള ഒരു മനുഷ്യനായിരുന്നോ? തീർച്ചയായും ആയിരുന്നു! അദ്ദേഹം 6 വാല്യങ്ങളിലായി എഴുതിയ തിരുവെഴുത്തുകളുടെ പഠനങ്ങൾ [ഇംഗ്ലീഷ്] എന്ന ഗ്രന്ഥത്തിന്റെ 3,000 പേജുകളിൽ ഒരിടത്തും തന്നേപ്പററി പറയുന്നേയില്ല എന്ന സംഗതി അനേകർക്കും അറിവുള്ളതാണ്. ഇപ്പോൾ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ പിൻപററുന്ന തത്ത്വവും ഇതുതന്നെ, ലേഖനങ്ങളുടെ എഴുത്തുകാരെ തിരിച്ചറിയിച്ചുകൊണ്ട് അവ മനുഷ്യരിലേക്കു ശ്രദ്ധ തിരിച്ചുവിടുന്നില്ല.
15 “റസ്സൽവാദം” (“Russellism”) എന്തെന്നോ “റസ്സലുകാരൻ” (“Russellite”) ആരെന്നോ തനിക്ക് ഒരു പിടിപാടുമില്ലെന്ന് ഒരിക്കൽ വീക്ഷാഗോപുരത്തിൽ എഴുതിക്കൊണ്ട് റസ്സൽ അവയെ പൂർണമായും തള്ളിക്കളഞ്ഞു, അദ്ദേഹത്തിന്റെ എതിരാളികളുടേതായിരുന്നു ആ പദപ്രയോഗങ്ങൾ. “ഞങ്ങളുടെ വേല . . . വളരെ നാളുകളായി ചിതറിക്കിടക്കുന്ന സത്യത്തിന്റെ ശകലങ്ങൾ കോർത്തിണക്കി അതു കർത്താവിന്റെ ജനത്തിന് എത്തിച്ചുകൊടുക്കാനായിരുന്നു—പുതിയതായിട്ടോ തങ്ങളുടേതായിട്ടോ അല്ല മറിച്ച് കർത്താവിന്റേതായിട്ട്. . . . ഞങ്ങളുടെ എളിയ കഴിവുകളെ ഉപയോഗപ്പെടുത്താൻ കർത്താവു തിരുമനസ്സായ പ്രസ്തുത വേല പുനർനിർമാണത്തിന്റെയും പുനഃക്രമീകരണത്തിന്റെയും പൊരുത്തപ്പെടുത്തലിന്റെയുമായിരുന്നു, പുതുതായി ആരംഭം കുറിച്ച ഒരു വേലയായിട്ടായിരുന്നില്ല.” സത്യമായും, അപ്പോസ്തലനായ പൗലോസിന്റെ 1 കൊരിന്ത്യർ 3:5-7-ൽ കാണുന്ന വികാരം അദ്ദേഹം ഇവിടെ പ്രകടിപ്പിക്കുകയായിരുന്നു.
16 അദ്ദേഹത്തിന്റെ മനോഭാവം ചാൾസ് ഡാർവിൻ പ്രകടമാക്കിയ മനോഭാവത്തിനു നേർവിപരീതമായിരുന്നു. 1859-ൽ പുറത്തിറക്കിയ ഒറിജിൻ ഓഫ് സ്പീഷീസ് എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിൽ പരിണാമത്തെക്കുറിച്ചു തനിക്കു മുമ്പുണ്ടായിരുന്നവർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അവഗണിച്ചുകൊണ്ട് ഡാർവിൻ “എന്റെ” സിദ്ധാന്തം എന്നു പലവട്ടം പരാമർശിച്ചു. മുമ്പ് അനേകർ പരിണാമസങ്കല്പം ആവിഷ്കരിച്ചിട്ടുണ്ടായിരുന്നു; ഒരു കാരണവശാലും അത് ഉത്ഭവിച്ചത് ഡാർവിനിൽനിന്നല്ല എന്നു സൂചിപ്പിച്ചുകൊണ്ട് അക്കാലത്തെ ഒരു അറിയപ്പെടുന്ന എഴുത്തുകാരനായിരുന്ന സാമുവൽ ബട്ട്ളർ ഡാർവിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
17. റതർഫോർഡ് സഹോദരന്റെ താഴ്മയുടെ മററു ദൃഷ്ടാന്തങ്ങൾ ഏതെല്ലാം?
17 ആധുനിക നാളിൽ യഹോവ ശക്തമായി ഉപയോഗിച്ച മറെറാരു വിശ്വസ്ത ദാസനായിരുന്നു ആരംഭത്തിൽ സൂചിപ്പിച്ച ജോസഫ് എഫ്. റതർഫോർഡ്. ബൈബിൾ സത്യത്തിന്റെ, വിശേഷിച്ച് യഹോവയുടെ നാമത്തിന്റെ ഒരു ധീരനായ വക്താവായിരുന്നു അദ്ദേഹം. ന്യായാധിപനായ റതർഫോർഡ് എന്നു വ്യാപകമായി അറിയപ്പെട്ടിരുന്നെങ്കിലും ഹൃദയത്തിൽ അദ്ദേഹം താഴ്മയുള്ള മനുഷ്യനായിരുന്നു. ഉദാഹരണത്തിന്, 1925-ൽ ക്രിസ്ത്യാനികൾക്കു പ്രതീക്ഷിക്കാവുന്നതു സംബന്ധിച്ച് അദ്ദേഹം ഒരിക്കൽ ഉപദേശപരമായ ചില പ്രസ്താവനകൾ നടത്തുകയുണ്ടായി. തന്റെ പ്രതീക്ഷയ്ക്കൊത്തു കാര്യങ്ങൾ സംഭവിക്കാതെപോയപ്പോൾ തനിക്ക് അബദ്ധം പററിപ്പോയെന്ന് അദ്ദേഹം ബ്രുക്ലിൻ ബെഥേൽ കുടുംബത്തോടു താഴ്മയോടെ സമ്മതിച്ചു പറഞ്ഞു. മുഴുവിവരവും ലഭിക്കുന്നതിനു മുമ്പ് ഒരു സഹക്രിസ്ത്യാനിയെ കുററപ്പെടുത്തിയതിന് മത്തായി 5:23, 24-ന്റെ വെളിച്ചത്തിൽ പരസ്യമായും രഹസ്യമായും റതർഫോർഡ് സഹോദരൻ ക്ഷമ യാചിക്കുന്നതു താൻ പലവുരു കേട്ടിട്ടുണ്ടെന്ന് അദ്ദേഹത്തോടു വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ഒരു അഭിഷിക്ത ക്രിസ്ത്യാനി സാക്ഷിപ്പെടുത്തി. അധികാരസ്ഥാനത്തിരിക്കുന്ന ഒരാൾ തനിക്കു കീഴ്പെട്ടിരിക്കുന്നവരോടു ക്ഷമായാചനം നടത്താൻ ആവശ്യമായിരിക്കുന്നതു താഴ്മയാണ്. സഭയിലോ സഞ്ചാരവേലയിലോ സൊസൈററിയുടെ ഏതെങ്കിലും ബ്രാഞ്ചുകളിലോ എവിടെയായാലും മേൽവിചാരകൻമാർക്കുള്ള ഒരു ഉത്തമ മാതൃകയാണു റതർഫോർഡ് സഹോദരൻ വച്ചിരിക്കുന്നത്.
18. സൊസൈററിയുടെ മൂന്നാമത്തെ പ്രസിഡൻറിന്റെ മനസ്സിന്റെ എളിമ പ്രകടമാക്കുന്ന ഏതു പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്?
18 വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ മൂന്നാമത്തെ പ്രസിഡൻറായ നാഥാൻ എച്ച്. നോർ, യഹോവയുടെ ജനത്തിനിടയിൽ ഉന്നതസ്ഥാനം വഹിച്ചിരുന്നെങ്കിലും, സ്ഥാനം നിമിത്തം താൻ ഉന്നതനാണെന്ന് അദ്ദേഹത്തിനും തോന്നിയില്ല. സംഘാടക വൈഭവത്തിലും പരസ്യപ്രസംഗത്തിലും അദ്ദേഹം മററാരെക്കാളും മുന്നിലായിരുന്നെങ്കിലും മററുള്ളവരുടെ വേലയോട് അദ്ദേഹത്തിന് ആഴമായ ആദരവുണ്ടായിരുന്നു. റൈററിങ് ഡിപ്പാർട്ടുമെൻറിലെ ഒരംഗത്തെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിക്കവേ നോർ സഹോദരൻ ഇപ്രകാരം പറഞ്ഞു: “ഇവിടെയാണ് ഏററവും പ്രധാനപ്പെട്ടതും എന്നാൽ ഏററവും പ്രയാസമേറിയതുമായ വേല നടക്കുന്നത്. അതുകൊണ്ടാണ് ഈ വേലയിൽ ഞാൻ തീരെ കുറച്ചു ചെയ്യുന്നത്.” അതെ, ‘ഒരു വ്യക്തി മനസ്സിന്റെ എളിമയോടെ മററുള്ളവർ തന്നെക്കാൾ ശ്രേഷ്ഠരാണെന്നു പരിഗണിക്കണ’മെന്ന ഫിലിപ്പിയർ 2:3-ലെ ബുദ്ധ്യുപദേശം അദ്ദേഹം ഇവിടെ താഴ്മയോടെ ബാധകമാക്കുകയായിരുന്നു. സൊസൈററിയുടെ പ്രസിഡൻറായി സേവിക്കുന്നതു പ്രധാനമായിരുന്നെങ്കിലും മററു വേലകളും പ്രധാനമായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെ തോന്നാനും അതു വ്യക്തമായി പറയാനും കഴിഞ്ഞത് അദ്ദേഹത്തിനു താഴ്മ ഉണ്ടായിരുന്നതുകൊണ്ടാണ്. എല്ലാവർക്കും, വിശിഷ്യാ മേൽനോട്ടത്തിന്റേതായ പ്രമുഖ സ്ഥാനങ്ങളുള്ളവർക്ക്, അദ്ദേഹം അനുകരിക്കാനുള്ള മറെറാരു ഉത്തമ മാതൃകയായിരുന്നു.
19, 20. (എ) സൊസൈററിയുടെ നാലാമത്തെ പ്രസിഡൻറ് വെച്ച താഴ്മയുടെ ദൃഷ്ടാന്തമെന്ത്? (ബി) നാം താഴ്മ പ്രകടമാക്കുന്നതിന് അടുത്ത ലേഖനം എന്തു സഹായം നൽകും?
19 സൊസൈററിയുടെ നാലാമത്തെ പ്രസിഡൻറായിരുന്ന ഫ്രെഡ് ഡബ്ലിയു. ഫ്രാൻസും താഴ്മയുടെ മറെറാരു ഉത്കൃഷ്ട മാതൃകയായിരുന്നു. 32 വർഷം സൊസൈററിയുടെ വൈസ് പ്രസിഡൻറായിരുന്നപ്പോൾ മാസികകൾക്കും കൺവെൻഷൻപരിപാടികൾക്കും വേണ്ടി അദ്ദേഹം വളരെയധികം എഴുതിയിരുന്നു; എങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം ശ്രദ്ധ തന്നിൽ പതിക്കാൻ ഒരിക്കലും ശ്രമിക്കാതെ എല്ലായ്പോഴും പിന്നണിയിൽത്തന്നെ നിന്നു. താരതമ്യം ചെയ്യാൻ നമുക്കിവിടെ ഒരു പുരാതന ദൃഷ്ടാന്തമുണ്ട്. റബ്ബായിൽവെച്ച് യോവാബ് അമോന്യരെ പരാജയപ്പെടുത്തിയപ്പോൾ ആ വിജയത്തിന്റെ ബഹുമതി ലഭിക്കുന്നത് ദാവീദ് രാജാവിനായിരിക്കണമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.—2 ശമൂവേൽ 12:26-28.
20 സത്യമായും, നാം താഴ്മയുള്ളവരായിരിക്കാൻ ശക്തമായ കാരണങ്ങൾ നിരത്തുന്ന അനേകം ഉത്തമ മാതൃകകൾ കഴിഞ്ഞകാലത്തും ഇപ്പോഴും നമുക്കുണ്ട്. എന്നിരുന്നാലും, താഴ്മയുള്ളവരായിരിക്കാൻ നമുക്കു കൂടുതലായ കാരണങ്ങളുണ്ട്, ഇവയും താഴ്മയുള്ളവരായിരിക്കാൻ നമുക്കുള്ള സഹായങ്ങളും അടുത്ത ലേഖനത്തിൽ പരിചിന്തിക്കപ്പെടും.
[അടിക്കുറിപ്പ്]
a “താഴേക്കിറങ്ങിവരുക” (condescend) എന്ന വാക്കിനെ “ഒരു ഉന്നതഭാവം നടിക്കുക” എന്നർഥത്തിൽ കൂടെക്കൂടെ ഉപയോഗിക്കുന്നു. എന്നാൽ അതിന്റെ മുഖ്യ അർഥം “അയവ്⁄ഭവ്യത കാട്ടുക,” “സ്ഥാനപ്പദവികൾ വിട്ടുകളയുക” എന്നാണ്, ഈ അർഥമാണ് പുതിയ ലോക ഭാഷാന്തരത്തിൽ.—വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയററ് ഡിക്ഷണറി കാണുക.
b പുറപ്പാടു 34:6; സംഖ്യാപുസ്തകം 14:18; നെഹെമ്യാവു 9:17; സങ്കീർത്തനം 86:15; 103:8; 145:8; യോവേൽ 2:13; യോനാ 4:2; നഹൂം 1:3, NW.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ അഹങ്കാരത്തിന്റെ ഫലങ്ങളെന്ത്?
◻ താഴ്മയുടെ ഏററവും ശ്രേഷ്ഠമായ മാതൃക വെച്ചിരിക്കുന്നത് ആരാണ്?
◻ താഴ്മയുടെ ഏററവും ശ്രേഷ്ഠമായ രണ്ടാമത്തെ മാതൃക ആരാണെന്നത് എങ്ങനെയറിയാം?
◻ അപ്പോസ്തലനായ പൗലോസ് താഴ്മയുടെ ഏത് ഉത്തമ മാതൃക വെച്ചു?
◻ താഴ്മയുടെ കാര്യത്തിൽ നമുക്കുള്ള പ്രമുഖമായ ആധുനികകാല മാതൃകകൾ ഏതെല്ലാം?
[15-ാം പേജിലെ ചിത്രം]
യേശു താഴ്മയുടെ ഒരു ശ്രേഷ്ഠമായ പ്രകടനം കാഴ്ചവെച്ചു
[16-ാം പേജിലെ ചിത്രം]
പൗലോസ് താഴ്മയുടെ ഒരു ഉത്തമ മാതൃക വെച്ചു
[17-ാം പേജിലെ ചിത്രം]
റസ്സൽ സഹോദരൻ താൻ എഴുതിയ സംഗതികൾക്കുള്ള മഹത്ത്വമെടുത്തില്ല