പഠനലേഖനം 35
യഹോവ താഴ്മയുള്ള ദാസന്മാരെ വിലമതിക്കുന്നു
“യഹോവ . . . താഴ്മയുള്ളവരെ ശ്രദ്ധിക്കുന്നു.”—സങ്കീ. 138:6.
ഗീതം 48 എന്നും യഹോവയോടൊപ്പം നടക്കാം
പൂർവാവലോകനംa
1. താഴ്മയുള്ള ആളുകളെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്? വിശദീകരിക്കുക.
യഹോവ താഴ്മയുള്ള ആളുകളെ സ്നേഹിക്കുന്നു. ശരിക്കും താഴ്മയുള്ളവർക്കു മാത്രമേ യഹോവയുമായി ഒരു അടുത്ത സ്നേഹബന്ധം ആസ്വദിക്കാൻ കഴിയൂ. അതുപോലെ, യഹോവ “അഹങ്കാരികളോട് അകലം പാലിക്കുന്നു” എന്നും തിരുവെഴുത്തുകൾ പറയുന്നു. (സങ്കീ. 138:6) നമ്മൾ എല്ലാവരും യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. യഹോവ നമ്മളെ സ്നേഹിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് നമ്മൾ താഴ്മ വളർത്തിയെടുക്കാൻ പഠിക്കേണ്ടതു വളരെ പ്രധാനമാണ്.
2. ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
2 ഈ ലേഖനത്തിൽ മൂന്നു ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും: (1) എന്താണു താഴ്മ? (2) നമ്മൾ ആ ഗുണം വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ട്? (3) ഏതെല്ലാം സാഹചര്യങ്ങളിൽ താഴ്മയുള്ളവരായിരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം? നമ്മൾ താഴ്മ വളർത്തിയെടുക്കുന്നത് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. അതു നമുക്കും പ്രയോജനം ചെയ്യും.—സുഭാ. 27:11; യശ. 48:17.
എന്താണ് താഴ്മ?
3. എന്താണു താഴ്മ?
3 താഴ്മ എന്നതു മനസ്സിന്റെ വിനയമാണ്. താഴ്മയുള്ള ഒരു വ്യക്തിക്ക് അഹങ്കാരവും അഹംഭാവവും ഉണ്ടായിരിക്കുകയില്ല. ബൈബിൾ സൂചിപ്പിക്കുന്നതനുസരിച്ച്, അങ്ങനെയുള്ള വ്യക്തി യഹോവ തന്നെക്കാൾ എത്രയോ ഉന്നതനാണെന്നു സമ്മതിക്കും. എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ തന്നെക്കാൾ ശ്രേഷ്ഠരാണെന്ന് ആ വ്യക്തി അംഗീകരിക്കും.—ഫിലി. 2:3, 4.
4-5. താഴ്മയുള്ളവരായി കാണപ്പെടുന്ന ചില ആളുകൾ ചിലപ്പോൾ ശരിക്കും അങ്ങനെ അല്ലാത്തത് എന്തുകൊണ്ട്?
4 ചിലയാളുകൾ താഴ്മയുള്ളവരാണെന്നു തോന്നിയേക്കാം. അവരുടെ സംഭാഷണത്തിലും പെരുമാറ്റത്തിലും സൗമ്യത നിഴലിച്ചേക്കാം. വളർന്നുവന്ന പശ്ചാത്തലവും മാതാപിതാക്കളുടെ പരിശീലനവും ഒക്കെയായിരിക്കും മറ്റുള്ളവരോട് ആദരവും മര്യാദയും കാണിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവർക്കു അഹങ്കാരമുണ്ടായിരിക്കും. ഇപ്പോൾ അല്ലെങ്കിൽ പിന്നീട്, തങ്ങൾ ശരിക്കും ഹൃദയത്തിൽ ആരാണെന്ന് അവർ പുറത്ത് കാണിക്കും.—ലൂക്കോ. 6:45.
5 നേരെ മറിച്ച്, ചിലയാളുകൾ വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്നവരും ആത്മവിശ്വാസം കൂടുതലുള്ളവരും ആയിരിക്കും. അതിന് അർഥം അവർക്ക് അഹങ്കാരമുണ്ടെന്നല്ല. (യോഹ. 1:46, 47) എന്നാൽ നല്ല ആത്മവിശ്വാസമുള്ള ആളുകൾ സ്വന്തം കഴിവുകളിൽ മാത്രം ആശ്രയിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അവർ അഹങ്കാരികളായിപ്പോയേക്കാം. നമ്മൾ എങ്ങനെയുള്ളവരാണെങ്കിലും, ഉള്ളിന്റെ ഉള്ളിൽ താഴ്മ വളർത്തിയെടുക്കാൻ നല്ല ശ്രമം ചെയ്യണം.
പൗലോസിനു താഴ്മയുണ്ടായിരുന്നു, തനിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടെന്നു ചിന്തിച്ചില്ല (6-ാം ഖണ്ഡിക കാണുക)d
6. 1 കൊരിന്ത്യർ 15:10-ൽ കാണുന്ന പൗലോസ് അപ്പോസ്തലന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6 പൗലോസ് അപ്പോസ്തലന്റെ ഉദാഹരണം നോക്കുക. അനേകം നഗരങ്ങളിൽ പുതിയ സഭകൾ സ്ഥാപിക്കാനുള്ള പദവി യഹോവ പൗലോസിനു കൊടുത്തു. യേശുക്രിസ്തുവിന്റെ മറ്റെല്ലാ അപ്പോസ്തലന്മാരെക്കാളും കൂടുതൽ നഗരങ്ങളിൽ പോയി പൗലോസ് പ്രസംഗിച്ചിട്ടുണ്ടാകണം. എങ്കിലും സഹോദരങ്ങൾക്കു മീതെ പൗലോസ് തന്നെത്തന്നെ ഉയർത്തിയില്ല. പൗലോസ് താഴ്മയോടെ ഇങ്ങനെ പറഞ്ഞു: “ഞാൻ അപ്പോസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവത്തിന്റെ സഭയെ ഉപദ്രവിച്ച ഞാൻ അപ്പോസ്തലൻ എന്നു വിളിക്കപ്പെടാൻപോലും യോഗ്യനല്ല.” (1 കൊരി. 15:9) മാത്രമല്ല, യഹോവയുമായി തനിക്ക് ഒരു ഉറ്റ ബന്ധത്തിൽ വരാൻ കഴിഞ്ഞത് തന്റെ എന്തെങ്കിലും പ്രത്യേകതകൊണ്ടോ ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്തതുകൊണ്ടോ അല്ല, പകരം ദൈവത്തിന്റെ അനർഹദയ കാരണമാണെന്നു പൗലോസ് പറഞ്ഞു. അതായിരുന്നു സത്യവും. (1 കൊരിന്ത്യർ 15:10 വായിക്കുക.) കൊരിന്ത്യർക്കുള്ള കത്തിൽ താഴ്മയുടെ എത്ര നല്ല പാഠമാണ് അദ്ദേഹം വരച്ചിടുന്നത്! പ്രത്യേകിച്ച് ആ സഭയിലെ ചില സഹോദരങ്ങൾ പൗലോസിനെക്കാൾ ശ്രേഷ്ഠരാണെന്നു കാണിക്കാൻവേണ്ടി പൗലോസിനെ വിമർശിച്ചപ്പോഴും അദ്ദേഹം വീമ്പിളക്കിയില്ല.—2 കൊരി. 10:10.
ഭരണസംഘാംഗമായി സേവിച്ച താഴ്മയുള്ള ഒരു സഹോദരനായിരുന്നു കാൾ എഫ്. ക്ലൈൻ (7-ാം ഖണ്ഡിക കാണുക)
7. പരക്കെ അറിയപ്പെട്ടിരുന്ന ഒരു സഹോദരൻ താൻ താഴ്മയുള്ള ഒരാളാണെന്നു കാണിച്ചത് എങ്ങനെ?
7 ഭരണസംഘാംഗമായി സേവിച്ചിട്ടുള്ള കാൾ എഫ്. ക്ലൈൻ സഹോദരന്റെ ജീവിതകഥ അനേകം സഹോദരങ്ങൾക്കു പ്രോത്സാഹനം പകർന്നിട്ടുണ്ട്. വർഷങ്ങളോളം ക്ലൈൻ സഹോദരനു പല ബലഹീനതകളുമായും പ്രശ്നങ്ങളുമായും പോരാടേണ്ടിവന്നിട്ടുണ്ട്. ജീവിതകഥയിൽ അതെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. ഉദാഹരണത്തിന്, 1922-ലാണ് അദ്ദേഹം ആദ്യമായി വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിനു പോയത്. അതു വളരെ ബുദ്ധിമുട്ടായി തോന്നിയ സഹോദരൻ ഏതാണ്ട് രണ്ടു വർഷത്തേക്ക് ആ പ്രവർത്തനം ചെയ്തില്ല. പിന്നീടു ബഥേലിൽവെച്ച് അദ്ദേഹത്തിനു തിരുത്തൽ കിട്ടിയപ്പോൾ കുറച്ച് നാളത്തേക്ക് അദ്ദേഹം നീരസം മനസ്സിൽ കൊണ്ടുനടന്നു. കൂടാതെ, ഒരിക്കൽ അദ്ദേഹം വിഷാദരോഗത്തിന് അടിമപ്പെട്ടു. പിന്നീടു സുഖം പ്രാപിച്ചു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അദ്ദേഹം വളരെ പ്രധാനപ്പെട്ട അനേകം നിയമനങ്ങൾ ചെയ്തു. അറിയപ്പെടുന്ന ഒരു സഹോദരൻ ആയിരുന്നിട്ടും ക്ലൈൻ സഹോദരൻ തന്റെ കുറവുകളെയും പരിമിതികളെയും കുറിച്ച് തുറന്നുപറയാനുള്ള താഴ്മ കാണിച്ചു. ധാരാളം സഹോദരങ്ങൾ ക്ലൈൻ സഹോദരനെ സ്നേഹത്തോടെ ഓർക്കുന്നു, അദ്ദേഹത്തിന്റെ സത്യസന്ധമായ ജീവചരിത്രം പലർക്കും ഇഷ്ടമാണ്.b
താഴ്മ വളർത്തേണ്ടത് എന്തുകൊണ്ട്?
8. താഴ്മ യഹോവയെ സന്തോഷിപ്പിക്കും എന്നു മനസ്സിലാക്കാൻ 1 പത്രോസ് 5:6 നമ്മളെ സഹായിക്കുന്നത് എങ്ങനെ?
8 നമ്മൾ താഴ്മ വളർത്തേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം അത് യഹോവയെ സന്തോഷിപ്പിക്കുന്നു എന്നതാണ്. പത്രോസ് അപ്പോസ്തലൻ ഇക്കാര്യം വ്യക്തമാക്കി. (1 പത്രോസ് 5:6 വായിക്കുക.) പത്രോസിന്റെ വാക്കുകളെക്കുറിച്ച് “വന്ന് എന്നെ അനുഗമിക്കുക” എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “അഹങ്കാരം വിഷമാണ്. അത് നമ്മെ നാശത്തിലേക്കേ നയിക്കൂ. ധാരാളം കഴിവുകളും പ്രാപ്തികളുമുള്ള ഒരാളാണെങ്കിൽപ്പോലും അയാൾ അഹങ്കാരിയാണെങ്കിൽ ദൈവദൃഷ്ടിയിൽ അയാൾ യാതൊരു ഉപയോഗവുമില്ലാത്തവനായിരിക്കും. എന്നാൽ വലിയ കഴിവുകളൊന്നുമില്ലെങ്കിലും ഒരു വ്യക്തി താഴ്മയുള്ളവനാണെങ്കിൽ ദൈവം അയാളെ പലവിധങ്ങളിൽ ഉപയോഗിക്കും. . . . നാം താഴ്മ കാണിച്ചാൽ യഹോവ സന്തോഷത്തോടെ നമുക്കും പ്രതിഫലം നൽകും.”c യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുക എന്നതല്ലേ നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം?—സുഭാ. 23:15.
9. നമ്മുടെ താഴ്മ മറ്റുള്ളവരെ നമ്മളിലേക്ക് ആകർഷിക്കുന്നത് എങ്ങനെ?
9 താഴ്മയുണ്ടെങ്കിൽ യഹോവയെ സന്തോഷിപ്പിക്കുന്നതു കൂടാതെ നമുക്കു പല പ്രയോജനങ്ങളും ലഭിക്കും. നമുക്കു താഴ്മയുണ്ടെങ്കിൽ നമ്മുടെകൂടെ ആയിരിക്കാൻ മറ്റുള്ളവർ ആഗ്രഹിക്കും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ചിന്തിക്കുക: ആരുടെകൂടെ ആയിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? (മത്താ. 7:12) തന്റെ ആഗ്രഹംപോലെ എല്ലാവരും പ്രവർത്തിക്കണമെന്നു നിർബന്ധംപിടിക്കുകയും മറ്റുള്ളവരുടെ നിർദേശങ്ങൾ കേൾക്കാതിരിക്കുകയും ചെയ്യുന്ന ഒരാളുടെകൂടെ ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഇല്ല. മറിച്ച് “സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും താഴ്മയും” കാണിക്കുന്ന സഹോദരങ്ങളോടൊപ്പം ആയിരിക്കുന്നതു നമുക്കു നവോന്മേഷം പകരും. (1 പത്രോ. 3:8) അങ്ങനെയുള്ളവരുടെ കൂടെയായിരിക്കാനല്ലേ നമ്മൾ ആഗ്രഹിക്കുന്നത്? അതുകൊണ്ട് നമ്മൾ താഴ്മയുള്ളവരാണെങ്കിൽ മറ്റുള്ളവർ നമ്മളോട് അടുക്കും.
10. താഴ്മ നമ്മുടെ ജീവിതം എളുപ്പമുള്ളതാക്കുന്നത് എങ്ങനെ?
10 താഴ്മ നമ്മുടെ ജീവിതം എളുപ്പമുള്ളതാക്കും. എങ്ങനെ? ജീവിതത്തിൽ പലപ്പോഴും നമുക്ക് അനീതിയെന്നു തോന്നുന്ന കാര്യങ്ങൾ കാണുകയോ അനുഭവിക്കുകയോ ചെയ്യേണ്ടിവരും. ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ പറഞ്ഞു: “ദാസർ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതു ഞാൻ കണ്ടിട്ടുണ്ട്. അതേസമയം പ്രഭുക്കന്മാർ ദാസരെപ്പോലെ നടന്നുപോകുന്നതും കണ്ടിട്ടുണ്ട്.” (സഭാ. 10:7) നല്ല കഴിവുള്ളവർക്കുപോലും ബഹുമതിയോ അംഗീകാരമോ കിട്ടിയെന്നുവരില്ല. എന്നാൽ കഴിവ് കുറഞ്ഞവർക്കു കൂടുതൽ ആദരവും ശ്രദ്ധയും ചിലപ്പോഴൊക്കെ കിട്ടാറുമുണ്ട്. എങ്കിൽപ്പോലും, മോശം സാഹചര്യങ്ങളെക്കുറിച്ച് ഓർത്ത് അസ്വസ്ഥരാകുന്നതിനു പകരം ജീവിതയാഥാർഥ്യങ്ങളെ അംഗീകരിക്കുന്നതാണു ബുദ്ധിയെന്നു ശലോമോൻ മനസ്സിലാക്കി. (സഭാ. 6:9) താഴ്മയുണ്ടെങ്കിൽ, ഇഷ്ടമില്ലാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോഴും അവയോടു പൊരുത്തപ്പെടാൻ നമുക്ക് എളുപ്പമായിരിക്കും.
താഴ്മ പരിശോധിക്കുന്ന സാഹചര്യങ്ങൾ
ഇതുപോലുള്ള സാഹചര്യങ്ങൾ നമ്മുടെ താഴ്മ പരിശോധിച്ചേക്കാവുന്നത് എങ്ങനെ? (11, 12 ഖണ്ഡികകൾ കാണുക)e
11. ബുദ്ധിയുപദേശം ലഭിക്കുമ്പോൾ നമുക്കു താഴ്മ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
11 താഴ്മയുള്ളവരാണെന്നു തെളിയിക്കാൻ ഓരോ ദിവസവും അവസരം കിട്ടും. ചില സാഹചര്യങ്ങൾ നോക്കാം. ബുദ്ധിയുപദേശം കിട്ടുമ്പോൾ. ഓർക്കുക: ആരെങ്കിലും നമുക്കു ബുദ്ധിയുപദേശം തരുന്നെങ്കിൽ അതിന് അർഥം നമ്മൾ വിചാരിച്ചതിനെക്കാൾ വലിയ തെറ്റായിരിക്കാം നമുക്കു പറ്റിയത് എന്നാണ്. അതുകൊണ്ട് ആ ബുദ്ധിയുപദേശം തള്ളിക്കളയാനായിരിക്കും നമുക്ക് ആദ്യം തോന്നുക. ബുദ്ധിയുപദേശം തന്ന വ്യക്തിയെ വിമർശിക്കാനോ അല്ലെങ്കിൽ അതു പറഞ്ഞ വിധം ശരിയല്ലെന്നു സ്ഥാപിക്കാനോ ആയിരിക്കും നമ്മൾ ശ്രമിക്കുന്നത്. എന്നാൽ താഴ്മയുണ്ടെങ്കിൽ നമ്മൾ ആ ബുദ്ധിയുപദേശം ശ്രദ്ധിക്കും.
12. ആരെങ്കിലും ബുദ്ധിയുപദേശം തരുമ്പോൾ സുഭാഷിതങ്ങൾ 27:5, 6 അനുസരിച്ച്, നമ്മൾ നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.
12 താഴ്മയുള്ള ഒരാൾ ബുദ്ധിയുപദേശം വിലമതിക്കും. ഇതു മനസ്സിലാക്കുന്നതിന് ഒരു ഉദാഹരണം നോക്കാം. നിങ്ങൾ രാജ്യഹാളിലാണെന്നു വിചാരിക്കുക. കുറെ സഹോദരങ്ങളോടു സംസാരിച്ചുകഴിഞ്ഞു. അപ്പോഴാണ് ഒരു സഹോദരൻ നിങ്ങളെ മാറ്റിനിറുത്തി ‘പല്ലിനിടയിൽ എന്തോ പറ്റിപ്പിടിച്ചിരിപ്പുണ്ട്’ എന്നു പറയുന്നത്. നിങ്ങൾക്ക് അൽപ്പം നാണക്കേടു തോന്നും എന്നതിൽ സംശയമില്ല. പക്ഷേ അദ്ദേഹം നിങ്ങളോട് ആ കാര്യം പറഞ്ഞതിൽ നിങ്ങൾക്കു നന്ദി തോന്നില്ലേ? ആരെങ്കിലും ഇതു നേരത്തേ പറഞ്ഞിരുന്നെങ്കിൽ എന്നു നിങ്ങൾ ആശിച്ചുപോകും! ഇതുപോലെ, നമുക്ക് ആവശ്യമുള്ള സമയത്ത് ഒരു സഹവിശ്വാസി ധൈര്യം സംഭരിച്ച് ഒരു ബുദ്ധിയുപദേശം തന്നേക്കാം. അപ്പോൾ നമ്മൾ താഴ്മയോടെ അതു സ്വീകരിക്കണം. ആ വ്യക്തിയെ നമ്മൾ സുഹൃത്തായിട്ടു കാണും. അല്ലാതെ ശത്രുവായിട്ടല്ല.—സുഭാഷിതങ്ങൾ 27:5, 6 വായിക്കുക; ഗലാ. 4:16.
മറ്റുള്ളവർക്കു നിയമനങ്ങൾ ലഭിക്കുമ്പോൾ താഴ്മ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (13, 14 ഖണ്ഡികകൾ കാണുക)f
13. മറ്റുള്ളവർക്കു സഭയിൽ നിയമനങ്ങൾ കിട്ടുമ്പോൾ നമുക്ക് എങ്ങനെ താഴ്മ കാണിക്കാം?
13 മറ്റുള്ളവർക്കു നിയമനങ്ങൾ കിട്ടുമ്പോൾ. “മറ്റുള്ളവർക്കു നിയമനങ്ങൾ കിട്ടുന്നതു കാണുമ്പോൾ എനിക്ക് എന്തുകൊണ്ടാണ് അതു കിട്ടാത്തതെന്നു ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട്,” ജയ്സൻ എന്ന മൂപ്പൻ പറയുന്നു. നിങ്ങൾക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ “ആഗ്രഹിക്കുന്നത്” തെറ്റൊന്നുമല്ല. (1 തിമൊ. 3:1) എന്നാൽ നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ജാഗ്രത വേണം. സൂക്ഷിച്ചില്ലെങ്കിൽ, നമ്മുടെ ഹൃദയത്തിൽ അഹങ്കാരം വേരുപിടിച്ചേക്കാം. ഉദാഹരണത്തിന്, സഭയിലെ ഏതെങ്കിലും ഒരു പ്രത്യേകനിയമനം ചെയ്യാൻ ഏറ്റവും യോഗ്യതയുള്ളതു തനിക്കാണെന്ന് ഒരു സഹോദരൻ ചിന്തിച്ചേക്കാം. അല്ലെങ്കിൽ ഒരു ക്രിസ്തീയഭാര്യ ഇങ്ങനെ വിചാരിച്ചേക്കാം: ‘ആ സഹോദരനെക്കാൾ എന്തുകൊണ്ടും യോഗ്യതയുള്ളത് എന്റെ ഭർത്താവിനല്ലേ?’ എന്നാൽ ശരിക്കും താഴ്മയുണ്ടെങ്കിൽ ഇത്തരത്തിലൊന്നും നമ്മൾ ചിന്തിക്കില്ല.
14. മറ്റുള്ളവർക്കു നിയമനങ്ങൾ കിട്ടിയപ്പോൾ മോശ പ്രതികരിച്ച വിധത്തിൽനിന്നും നമുക്ക് എന്തു പഠിക്കാം?
14 മറ്റുള്ളവർക്കു നിയമനങ്ങൾ കിട്ടിയപ്പോൾ മോശ പ്രതികരിച്ച വിധം നമുക്ക് ഒരു മാതൃകയാണ്. ഇസ്രായേൽ ജനതയെ നയിക്കാനുള്ള നിയമനം മോശ വിലയേറിയതായി കണ്ടു. എന്നാൽ മോശയോടൊപ്പം സേവിക്കുന്നതിന് യഹോവ മറ്റു ചിലരെയും അനുവദിച്ചപ്പോൾ മോശ എങ്ങനെയാണ് പ്രതികരിച്ചത്? മോശ അസൂയപ്പെട്ടില്ല. (സംഖ്യ 11:24-29) അതുപോലെ, ജനത്തിനു ന്യായപാലനം ചെയ്യാനുള്ള ഉത്തരവാദിത്വം മറ്റുള്ളവർക്കുംകൂടി ഏൽപ്പിച്ചുകൊടുത്തുകൊണ്ടും മോശ താഴ്മ കാണിച്ചു. (പുറ. 18:13-24) ഇത് ഇസ്രായേല്യർക്ക് അവരുടെ പ്രശ്നങ്ങൾ കുറെക്കൂടി വേഗത്തിൽ പരിഹരിച്ചുകിട്ടാൻ ഇടയാക്കി. ഇസ്രായേല്യർക്കിടയിൽ തനിക്കുണ്ടായിരുന്ന സ്ഥാനത്തെക്കാൾ മറ്റുള്ളവരെ സഹായിക്കുന്നതിനാണു മോശ കൂടുതൽ പ്രാധാന്യം കൊടുത്തതെന്ന് ഇതു കാണിക്കുന്നു. നമുക്കുള്ള എത്ര നല്ല മാതൃക! ഓർക്കുക: യഹോവയ്ക്കു നമ്മളെ ശരിക്കും ഉപയോഗിക്കാൻ കഴിയണമെങ്കിൽ കഴിവുകളെക്കാൾ നമുക്കു വേണ്ടതു താഴ്മയാണ്. കാരണം “ഉന്നതനെങ്കിലും” യഹോവ ‘താഴ്മയുള്ളവരെയാണ്’ ശ്രദ്ധിക്കുന്നത്.—സങ്കീ. 138:6.
15. പല സഹോദരങ്ങളുടെയും സാഹചര്യങ്ങളിൽ എന്തു മാറ്റമാണു വന്നിട്ടുള്ളത്?
15 സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോൾ. അടുത്ത കാലത്ത് വർഷങ്ങളുടെ അനുഭവപരിചയമുള്ള സഹോദരങ്ങളുടെ നിയമനങ്ങളിൽ മാറ്റം ഉണ്ടായി. ഉദാഹരണത്തിന്, 2014-ൽ ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരെയും അവരുടെ ഭാര്യമാരെയും മുഴുസമയ സേവനത്തിന്റെ മറ്റു മേഖലകളിൽ സേവിക്കാൻ ക്ഷണിച്ചു. ആ വർഷംതൊട്ട് 70 വയസ്സ് തികയുന്ന സർക്കിട്ട് മേൽവിചാരകന്മാർ, തുടർന്ന് ആ നിയമനത്തിൽ സേവിക്കുകയില്ലെന്നു സംഘടന അറിയിച്ചു. 80 വയസ്സോ അതിൽ കൂടുതലോ ഉള്ള സഹോദരന്മാർ ഇനി മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനായി സേവിക്കില്ലെന്നും അറിയിപ്പു നടത്തി. കൂടാതെ ഇക്കഴിഞ്ഞ വർഷങ്ങളിൽ നിരവധി ബഥേൽ കുടുംബാംഗങ്ങളെ മുൻനിരസേവകരായി നിയമിച്ചിരിക്കുന്നു. വേറെ ചിലർക്കു ആരോഗ്യപ്രശ്നങ്ങളോ, കുടുംബോത്തരവാദിത്വങ്ങളോ മറ്റു വ്യക്തിപരമായ കാരണങ്ങളോ നിമിത്തം പ്രത്യേക മുഴുസമയസേവനം നിറുത്തേണ്ടിവന്നിട്ടുണ്ട്.
16. നമ്മുടെ സഹോദരങ്ങൾ എങ്ങനെയാണു താഴ്മയോടെ പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടത്?
16 ഈ സഹോദരങ്ങളിൽ മിക്കവർക്കും ഇത്തരം മാറ്റങ്ങൾ വരുത്തുക വലിയ ബുദ്ധിമുട്ടായിരുന്നു. വർഷങ്ങളായി ചെയ്തുകൊണ്ടിരുന്ന പഴയ നിയമനത്തോട് അവർക്ക് ഒരു ആത്മബന്ധമുണ്ടായിരുന്നു. തങ്ങൾ വളരെയധികം പ്രിയപ്പെട്ടിരുന്ന നിയമനത്തിലുണ്ടായ മാറ്റം പലരെയും ദുഃഖിപ്പിച്ചു. അതിൽനിന്ന് കരകയറാൻ അവർ കുറച്ച് സമയമെടുത്തു. ക്രമേണ അവർ പുതിയ നിയമനത്തോടു പൊരുത്തപ്പെട്ടു. എങ്ങനെയാണ് അവർക്ക് അതിനു കഴിഞ്ഞത്? യഹോവയോടുള്ള അവരുടെ സ്നേഹമാണ് ഇതിന്റെ പ്രധാനകാരണം. ഏതെങ്കിലും ജോലിക്കോ സ്ഥാനത്തിനോ നിയമനത്തിനോ അല്ല, ദൈവത്തിനാണു തങ്ങൾ സമർപ്പണം നടത്തിയിരിക്കുന്നതെന്ന് അവർക്ക് അറിയാമായിരുന്നു. (കൊലോ. 3:23) നിയമനം ഏതായാലും താഴ്മയോടെ, യഹോവയെ തുടർന്നും സേവിക്കുന്നതിൽ അവർ സന്തോഷിക്കുന്നു. ‘അവർ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുന്നു.’ കാരണം ദൈവത്തിനു തങ്ങളെക്കുറിച്ച് ചിന്തയുണ്ടെന്ന് അവർക്ക് അറിയാം.—1 പത്രോ. 5:6, 7.
17. താഴ്മ വളർത്തിയെടുക്കാൻ ദൈവവചനം നമ്മളെ പ്രോത്സാഹിപ്പിക്കുന്നതിൽ നമ്മൾ നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
17 താഴ്മ വളർത്തിയെടുക്കാൻ ദൈവത്തിന്റെ വചനം നമ്മളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ കാരണങ്ങൾ ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നില്ലേ? ഈ നല്ല ഗുണം വളർത്തിയെടുക്കുമ്പോൾ, അതു നമുക്കും മറ്റുള്ളവർക്കും ഒരുപോലെ പ്രയോജനം ചെയ്യും. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കൈകാര്യം ചെയ്യുന്നതു നമുക്കു കുറച്ചുകൂടെ എളുപ്പമാകും. അതിൽ ഉപരി, നമ്മൾ നമ്മുടെ സ്വർഗീയപിതാവിനോടു കൂടുതൽ അടുക്കും. “ഉന്നതനും ശ്രേഷ്ഠനും” ആണെങ്കിലും യഹോവ താഴ്മയുള്ള തന്റെ ദാസന്മാരെ സ്നേഹിക്കുകയും വിലയുള്ളവരായി കാണുകയും ചെയ്യുന്നുണ്ടെന്ന് അറിയുന്നതു നമ്മളെ എത്ര സന്തോഷിപ്പിക്കുന്നു!—യശ. 57:15.
ഗീതം 45 എന്റെ ഹൃദയത്തിൻ ധ്യാനം
a നമ്മൾ വളർത്തിയെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണു താഴ്മ. എന്താണു താഴ്മ? നമ്മൾ താഴ്മയുള്ളവരായിരിക്കാൻ പഠിക്കേണ്ടത് എന്തുകൊണ്ട്? സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ താഴ്മയുള്ളവരായിരിക്കാൻ ബുദ്ധിമുട്ടു തോന്നുന്നത് എന്തുകൊണ്ട്? ഈ ലേഖനം ഈ പ്രധാനപ്പെട്ട ചോദ്യങ്ങളെല്ലാം ചർച്ച ചെയ്യും.
b 1984 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “യഹോവ എനിക്കു വളരെയധികം നന്മ ചെയ്തിരിക്കുന്നു” എന്ന ലേഖനവും 2001 മെയ് 1 ലക്കം വീക്ഷാഗോപുരത്തിലെ “യഹോവ എനിക്കു വളരെയധികം നന്മ ചെയ്തിരിക്കുന്നു!” എന്ന ലേഖനവും കാണുക.
d ചിത്രക്കുറിപ്പ്: ഒരു സഹോദരന്റെ വീട്ടിൽവെച്ച് പൗലോസ് അപ്പോസ്തലൻ കുട്ടികൾ ഉൾപ്പെടെ പലരുമായും സമയം ചെലവഴിക്കുന്നു.
e ചിത്രക്കുറിപ്പ്: ഒരു സഹോദരൻ ഒരു യുവസഹോദരനിൽനിന്ന് തിരുവെഴുത്തു ബുദ്ധിയുപദേശം സ്വീകരിക്കുന്നു.
f ചിത്രക്കുറിപ്പ്: സഭയിൽ ഉത്തരവാദിത്വസ്ഥാനം വഹിക്കുന്ന യുവസഹോദരനോട് ആ മുതിർന്ന സഹോദരൻ അസൂയപ്പെടുന്നില്ല.