കർത്താവിന്റെ സന്ധ്യാഭക്ഷണം—അത് എത്ര കൂടെക്കൂടെ ആചരിക്കണം?
ക്രിസ്തുമസ്സ്, ഈസ്ററർ, “വിശുദ്ധൻമാരുടെ” ദിവസങ്ങൾ. ക്രൈസ്തവലോകത്തിലെ സഭകൾ അനവധി വിശേഷദിവസങ്ങളും വിരുന്നുകളും ആഘോഷിക്കുന്നു. എന്നാൽ തന്റെ അനുഗാമികൾ ആഘോഷിക്കാൻ യേശുക്രിസ്തു കൽപ്പിച്ച എത്ര ആഘോഷങ്ങളുണ്ടെന്നു നിങ്ങൾക്കറിയാമോ? ഒന്നു മാത്രം എന്നതാണ് ഉത്തരം! മററുള്ള ആഘോഷങ്ങളൊന്നും ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകൻ അധികാരപ്പെടുത്തിയതല്ല.
ഒരു ആഘോഷം മാത്രമേ യേശു ഏർപ്പെടുത്തിയുള്ളൂവെങ്കിൽ വ്യക്തമായും അതു വളരെ പ്രാധാന്യമുള്ളതായിരിക്കും. യേശു കൽപ്പിച്ചതുപോലെതന്നെ ക്രിസ്ത്യാനികൾ അതു കൊണ്ടാടുകയും വേണം. അനന്യസാധാരണമായ ഈ ആഘോഷം എന്തായിരുന്നു?
ഏകമാത്രമായൊരാഘോഷം
തന്റെ മരണത്തിന്റെ തലേദിവസം യേശുവാണ് ഈ ആഘോഷം തുടങ്ങിവെച്ചത്. അവിടുന്ന് തന്റെ അപ്പോസ്തലൻമാരോടൊത്തു യഹൂദ പെസഹാപെരുന്നാൾ ആഘോഷിച്ചു കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. അതിനുശേഷം, “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം” എന്നു പറഞ്ഞുകൊണ്ടു പുളിപ്പില്ലാത്ത പെസഹാ അപ്പത്തിൽ കുറച്ചെടുത്ത് അവർക്കു കൊടുത്തു. അടുത്തതായി, “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം” എന്നു പറഞ്ഞുകൊണ്ടു യേശു ഒരു പാത്രം വീഞ്ഞു നൽകി. അവിടുന്ന് ഇങ്ങനെയും പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (ലൂക്കൊസ് 22:19, 20; 1 കൊരിന്ത്യർ 11:24-26) ഈ ആഘോഷത്തെ കർത്താവിന്റെ സന്ധ്യാഭക്ഷണം അഥവാ സ്മാരകം എന്നു വിളിക്കുന്നു. തന്റെ അനുഗാമികൾ അനുഷ്ഠിക്കാൻ യേശു കൽപ്പിച്ച ആഘോഷം ഇതു മാത്രമാണ്.
മറെറല്ലാ ആഘോഷങ്ങളോടും ചേർച്ചയിൽ ഈ ആഘോഷവും തങ്ങൾ നടത്തുന്നുവെന്നു പല സഭകളും അവകാശപ്പെടുന്നു. എന്നാൽ മിക്ക സഭകളും ഇത് അനുസ്മരിക്കുന്നതു യേശു കൽപ്പിച്ച വിധത്തിൽനിന്നു വ്യത്യസ്തമായാണ്. ഒരുപക്ഷേ ഏററവും ശ്രദ്ധേയമായ വ്യത്യാസം ഈ ആഘോഷം കൂടെക്കൂടെ നടത്തുന്നു എന്നതായിരിക്കാം. ചില സഭകൾ ഇതു മാസംതോറും, ആഴ്ചതോറും, ദിവസംതോറും പോലും ആഘോഷിക്കുന്നു. “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്നു തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് ഇതാണോ? ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ ഇപ്രകാരം പറയുന്നു: “ഇത് എന്റെ സ്മാരകമായി അനുഷ്ഠിക്കുവിൻ.” (1 കൊരിന്ത്യർ 11:24, 25) ഒരു സ്മാരകം അഥവാ വാർഷികം എത്ര കൂടെക്കൂടെയാണു നടത്തുന്നത്? സാധാരണമായി വർഷത്തിലൊരിക്കൽ മാത്രം.
ഈ ആഘോഷം തുടങ്ങിവെച്ചശേഷം യഹൂദ കലണ്ടർ തീയതിയനുസരിച്ചു നീസാൻ 14-ന് യേശു മരിച്ചുവെന്നും ഓർക്കുക.a പൊ.യു.മു. [പൊതുയുഗത്തിനുമുമ്പ്] 16-ാം നൂററാണ്ടിൽ ഈജിപ്തിൽവെച്ചു തങ്ങൾ അനുഭവിച്ച വലിയ വിടുതലിനെക്കുറിച്ചു യഹൂദൻമാരെ അനുസ്മരിപ്പിക്കുന്ന ഉത്സവമായ പെസഹായുടെ ദിവസമായിരുന്നു അത്. അക്കാലത്ത് ഒരു കുഞ്ഞാടിനെ യാഗമർപ്പിച്ചത് യഹൂദ ആദ്യജാതൻമാരുടെ രക്ഷയിൽ കലാശിച്ചു, അതേസമയം ഈജിപ്തിലെ ആദ്യജാതൻമാരെയാകട്ടെ യഹോവയുടെ ദൂതൻ കൊന്നുകളഞ്ഞു.—പുറപ്പാടു 12:21, 24-27.
ഇതു നമ്മുടെ ഗ്രാഹ്യത്തെ എങ്ങനെ സഹായിക്കുന്നു? ആകട്ടെ, ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് എഴുതിയത് ഇപ്രകാരമാണ്: “നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.” (1 കൊരിന്ത്യർ 5:7) ഏറെ മഹത്തായ രക്ഷക്കുള്ള അവസരം മനുഷ്യവർഗത്തിനു പ്രദാനം ചെയ്യുന്ന ഒരു വലിപ്പമേറിയ പെസഹായാഗമായിരുന്നു യേശുവിന്റെ മരണം. അതുകൊണ്ട് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യഹൂദ പെസഹായുടെ സ്ഥാനം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം കൈയ്യടക്കിയിരിക്കുന്നു.—യോഹന്നാൻ 3:16.
പെസഹാ ഒരു വാർഷിക ആഘോഷമായിരുന്നു. അപ്പോൾ യുക്ത്യാനുസൃതം സ്മാരകവും വാർഷികമായിരിക്കും. പെസഹാ—യേശു മരിച്ച ദിവസം—എല്ലായ്പോഴും യഹൂദ മാസമായ നീസാൻ 14-ന് ആയിരുന്നു. അതുകൊണ്ട് ക്രിസ്തുവിന്റെ മരണം സ്മാരകമായി ആഘോഷിക്കേണ്ടത് വർഷത്തിലൊരിക്കൽ നീസാൻ 14-നു തത്തുല്യമായ കലണ്ടർ തീയതിയിൽ ആയിരിക്കണം. 1994-ൽ ആ ദിവസം മാർച്ച് 26 ശനിയാഴ്ചയാണ്, സൂര്യാസ്തമയശേഷം. എന്നിരുന്നാലും, ഇതിനെ പ്രത്യേക ആഘോഷത്തിനുള്ള ഒരു ദിവസമായി ക്രൈസ്തവലോകത്തിലെ സഭകൾ കരുതാത്തത് എന്തുകൊണ്ടാണ്? ചരിത്രത്തിലേക്കുള്ള ചെറിയൊരു എത്തിനോട്ടം ആ ചോദ്യത്തിന് ഉത്തരം നൽകും.
അപ്പോസ്തലികരീതി അപകടത്തിൽ
പൊ.യു. [പൊതുയുഗം] ഒന്നാം നൂററാണ്ടിൽ യേശുവിന്റെ അപ്പോസ്തലൻമാരാൽ നയിക്കപ്പെട്ടവർ കർത്താവിന്റെ സന്ധ്യാഭക്ഷണം അവിടുന്ന് കൽപ്പിച്ചതുപോലെ കൃത്യമായി ആഘോഷിച്ചുവെന്നതിനു സംശയമില്ല. എന്നിരുന്നാലും, രണ്ടാം നൂററാണ്ടിൽ ചിലർ അതിന്റെ അനുസ്മരണസമയം മാററാൻ തുടങ്ങി. അവർ സ്മാരകം നടത്തിയത് നീസാൻ 14-നു തത്തുല്യമായ ദിവസമല്ല, പിന്നെയോ വാരത്തിലെ (ഇപ്പോൾ ഞായറാഴ്ച എന്നു വിളിക്കപ്പെടുന്ന) ആദ്യദിവസമാണ്. അങ്ങനെ ചെയ്തത് എന്തുകൊണ്ടായിരുന്നു?
യഹൂദൻമാരുടെ ഒരു ദിവസം ആരംഭിച്ചതു വൈകുന്നേരം ആറു മണിക്കാണ്, അതു പിറേറദിവസം അതേ സമയംവരെ തുടരുകയും ചെയ്തു. പൊ.യു. 33-ലെ നീസാൻ 14-നാണു യേശു മരിച്ചത്, ആ ദിവസം വ്യാഴാഴ്ച വൈകുന്നേരം തുടങ്ങി വെള്ളിയാഴ്ച വൈകുന്നേരം ആണ് അവസാനിച്ചത്. മൂന്നാം ദിവസം, അതായത് ഞായറാഴ്ച അതിരാവിലെ അവിടുന്ന് പുനരുത്ഥാനം പ്രാപിച്ചു. നീസാൻ 14 വരുന്ന ദിവസം യേശുവിന്റെ മരണത്തിന്റെ അനുസ്മരണാഘോഷം നടത്തുന്നതിനു പകരം ഓരോ വർഷവും ആഴ്ചയിലെ ഒരു നിശ്ചിത ദിവസം അതു കൊണ്ടാടാൻ ചിലർ ആഗ്രഹിച്ചു. യേശുവിന്റെ മരണദിവസത്തെക്കാൾ അവിടുത്തെ പുനരുത്ഥാനദിവസം പ്രാധാന്യമുള്ളതായി അവർ വീക്ഷിക്കുകയും ചെയ്തു. അക്കാരണത്താൽ, അവർ ഞായറാഴ്ചദിവസം തിരഞ്ഞെടുത്തു.
സ്മാരകമായി ആഘോഷിക്കാൻ യേശു കൽപ്പിച്ചത് തന്റെ മരണത്തെയാണ്, അല്ലാതെ അവിടുത്തെ പുനരുത്ഥാനത്തെയല്ല. നാം ഇപ്പോൾ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറനുസരിച്ച്, യഹൂദ പെസഹാ ഓരോ വർഷവും വ്യത്യസ്തമായ ഒരു ദിവസം വരുന്നതുകൊണ്ട് സ്മാരകത്തെ സംബന്ധിച്ചും അതേ സംഗതി സത്യമായിരിക്കും എന്നത് സ്വാഭാവികം മാത്രമാണ്. അതുകൊണ്ട് പലരും ആ ആദിമ ക്രമീകരണത്തോടു പററിനിന്നുകൊണ്ടു കർത്താവിന്റെ സന്ധ്യാഭക്ഷണം ഓരോ വർഷവും നീസാൻ 14-ന് ആഘോഷിച്ചു. കാലക്രമേണ അവർ “പതിനാലുകാർ” എന്നർഥമുള്ള ക്വാർട്ടോഡെസിമൻമാർ എന്നു വിളിക്കപ്പെടാനിടയായി.
ഈ “പതിനാലുകാർ” ആദിമ അപ്പോസ്തലികരീതി പിൻപററിയിരുന്നുവെന്നു ചില പണ്ഡിതൻമാർ തിരിച്ചറിഞ്ഞു. ഒരു ചരിത്രകാരൻ പറഞ്ഞത് ഇപ്രകാരമാണ്: “പെസഹാ [കർത്താവിന്റെ സന്ധ്യാഭക്ഷണം] ആചരിക്കുന്നതിനുള്ള തീയതിയെ സംബന്ധിച്ചാണെങ്കിൽ, ജറൂസലേം സഭ അനുവർത്തിച്ചതുതന്നെ ഏഷ്യയിലെ ക്വാർട്ടോഡെസിമൻ സഭകൾ തുടർന്നുപോന്നു. രണ്ടാം നൂററാണ്ടിൽ ഈ സഭകൾ നീസാൻ 14-ാം തീയതിയിലെ തങ്ങളുടെ പെസഹാസമയത്തു ക്രിസ്തുവിന്റെ മരണത്താൽ പ്രാബല്യത്തിൽ വന്ന വീണ്ടെടുപ്പിനെ അനുസ്മരിച്ചു.”—സ്ററഡിയ പട്രീസ്ററിക്ക, വാല്യം V, 1962, പേജ് 8.
ഒരു തർക്കം വളർന്നുവരുന്നു
ഏഷ്യാമൈനറിലുള്ള പലരും അപ്പോസ്തലികരീതിയെ പിന്തുടർന്നപ്പോൾ റോമിൽ ഈ ആഘോഷത്തിനായി മാററിവെച്ച ദിനം ഞായറാഴ്ചയായിരുന്നു. പൊ.യു. 155-നോടടുത്ത് ഏഷ്യൻ സഭകളുടെ ഒരു പ്രതിനിധിയായ സ്മുർന്നയിലെ പോളികാർപ്പ് ഇതിനെക്കുറിച്ചും മററു പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ റോം സന്ദർശിച്ചു. ദുഃഖകരമെന്നു പറയട്ടെ, ഈ കാര്യം സംബന്ധിച്ചു യാതൊരു യോജിപ്പും ഉണ്ടായില്ല.
ഒരു കത്തിൽ ലോയൺസിലെ ഐറീനിയസ് ഇപ്രകാരം എഴുതി: “നമ്മുടെ കർത്താവിന്റെ ശിഷ്യനായ യോഹന്നാന്റെയും താൻ സഹവസിച്ചിരുന്ന മററ് അപ്പോസ്തലൻമാരുടെയും കൂടെ എപ്പോഴും അനുഷ്ഠിച്ചുപോന്ന സംഗതി അനുഷ്ഠിക്കാതിരിക്കുന്നതിനു പോളികാർപ്പിനെക്കൊണ്ടു സമ്മതിപ്പിക്കാൻ [റോമിലെ] അനസീററസിനു കഴിഞ്ഞില്ല; അത് അനുഷ്ഠിക്കാൻ അനസീററസിനെക്കൊണ്ടു സമ്മതിപ്പിക്കാൻ പോളികാർപ്പിനും കഴിഞ്ഞില്ല, കാരണം തനിക്കു മുമ്പുണ്ടായിരുന്ന മൂപ്പൻമാരുടെ സമ്പ്രദായത്തോടു താൻ കൂറു പുലർത്തേണ്ടതാണെന്ന് അനസീററസ് പറഞ്ഞു.” (യൂസേബിയസ്, പുസ്തകം 5, അധ്യായം 24) റിപ്പോർട്ടു ചെയ്യപ്പെടുംപ്രകാരം പോളികാർപ്പ് തന്റെ നിലപാട് അപ്പോസ്തലൻമാരുടെ അധികാരത്തിൽ അടിസ്ഥാനമാക്കി എന്നതു ശ്രദ്ധിക്കുക, എന്നാൽ അനസീററസ് റോമിലെ മുൻ മൂപ്പൻമാരുടെ സമ്പ്രദായമാണു തിരഞ്ഞെടുത്തത്.
പൊ.യു. രണ്ടാം നൂററാണ്ടിന്റെ അവസാനമായപ്പോഴേക്കും ഈ തർക്കം ശക്തിപ്പെട്ടു. പൊ.യു. 190-നോടടുത്ത് വിക്ടർ എന്നൊരാൾ റോമിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. കർത്താവിന്റെ സന്ധ്യാഭക്ഷണം ഞായറാഴ്ച ആചരിക്കേണ്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചു. കഴിയുന്നിടത്തോളം നേതാക്കൻമാരുടെ പിന്തുണയും അദ്ദേഹം തേടി. ഈ ഞായറാഴ്ചക്രമീകരണത്തിലേക്കു മാറാൻ ഏഷ്യയിലെ സഭകളുടെമേൽ അദ്ദേഹം സമ്മർദം ചെലുത്തി.
ഏഷ്യാമൈനറിലുള്ളവർക്കുവേണ്ടി മറുപടി നൽകവേ ഈ സമ്മർദത്തിനു വഴങ്ങിക്കൊടുക്കാൻ എഫെസോസിലെ പോളിക്രററിസ് വിസമ്മതിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ, അതിനെ ദുഷിപ്പിക്കാതെ, ഞങ്ങൾ ആ ദിവസം പാലിച്ചുപോരുന്നു.” എന്നിട്ട് അപ്പോസ്തലനായ യോഹന്നാൻ ഉൾപ്പെടെയുള്ള പല അധികാരികളെയും അദ്ദേഹം പരാമർശിച്ചു. “ഇവരെല്ലാവരും സുവിശേഷപ്രകാരം പതിന്നാലാം ദിവസം പെസഹാ ആചരിച്ചു, ഒരു പ്രകാരത്തിലും അതിൽനിന്നു വ്യതിചലിച്ചില്ല” എന്ന് അദ്ദേഹം വാദിച്ചു. പോളിക്രററിസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “സഹോദരൻമാരേ, എന്നെ സംബന്ധിച്ചാണെങ്കിൽ ഭീഷണികളെ ഞാൻ ഭയപ്പെടുന്നില്ല. കാരണം നാം മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാണ് എന്നു പറഞ്ഞത് എന്നെക്കാൾ ശ്രേഷ്ഠതയുള്ളവരാണ്.”—യൂസേബിയസ്, പുസ്തകം 5, അധ്യായം 24.
ഈ മറുപടി വിക്ടറിന് നീരസം ജനിപ്പിച്ചു. അദ്ദേഹം “ഏഷ്യയിലെ എല്ലാ സഭകൾക്കും സമൂഹഭ്രഷ്ടു കൽപ്പിക്കുകയും ആ സഭകളുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കരുതെന്നു കൽപ്പിച്ചുകൊണ്ടു തന്റെ അഭിപ്രായത്തോടു യോജിച്ച എല്ലാ സഭകൾക്കും വിജ്ഞാപനക്കത്തുകൾ അയയ്ക്കുകയും ചെയ്തു” എന്ന് ഒരു ചരിത്രപുസ്തകം പറയുന്നു. എന്നിരുന്നാലും “വീണ്ടുവിചാരമില്ലാത്ത ഈ സാഹസത്തിൽ അദ്ദേഹത്തിന്റെ സ്വന്തം അണികളിൽപ്പെട്ട ജ്ഞാനവും ആത്മാർഥതയുമുള്ള എല്ലാവരുംതന്നെ നീരസം പ്രകടിപ്പിച്ചു. സ്നേഹവും ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തെ ഉപദേശിച്ചുകൊണ്ട് . . . അവരിൽ പലരും അദ്ദേഹത്തിനു തുറന്നെഴുതി.”—ബിൻഗാമിന്റെ ക്രിസ്തീയ സഭയുടെ പൗരാണികത്വം, [ഇംഗ്ലീഷ്] പുസ്തകം 20, അധ്യായം 5.
വിശ്വാസത്യാഗം സംഘടിതഭാവം കൈവരിക്കുന്നു
അത്തരം പ്രതിഷേധങ്ങളൊക്കെയുണ്ടായിരുന്നിട്ടും കർത്താവിന്റെ സന്ധ്യാഭക്ഷണം എപ്പോൾ ആഘോഷിക്കണമെന്ന വിവാദത്തിൽ ഏഷ്യാമൈനറിലെ ക്രിസ്ത്യാനികൾ അധികമധികം ഒററപ്പെട്ടു. വ്യതിയാനങ്ങൾ മററിടങ്ങളിലും നുഴഞ്ഞുകയറി. നീസാൻ 14 മുതൽ അതിനടുത്ത ഞായറാഴ്ചവരെയുള്ള മുഴുവൻ കാലയളവും ചിലർ ആഘോഷിച്ചു. മററു ചിലർ ഈ ആഘോഷം കൂടെക്കൂടെ നടത്തി—വാരംതോറും ഞായറാഴ്ചദിവസം.
പൊ.യു. 314-ൽ ആറൽ (ഫ്രാൻസ്) കൗൺസിൽ റോമൻ ക്രമീകരണത്തെ നിർബന്ധപൂർവം അടിച്ചേൽപ്പിക്കാനും അതിനു ബദലായ എന്തിനെയും അടിച്ചമർത്താനും ശ്രമിച്ചു. എന്നാൽ ശേഷിച്ച ക്വാർട്ടോഡെസിമൻമാർ അതിനോടു ചേരാൻ വിസമ്മതിച്ചു. തന്റെ സാമ്രാജ്യത്തിൽ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരെ ഭിന്നിപ്പിക്കുന്ന ഈ പ്രശ്നത്തിനും മററു പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ പൊ.യു. 325-ൽ പുറജാതീയ ചക്രവർത്തിയായ കോൺസ്ററന്റൈൻ നിഖ്യാ കൗൺസിൽ എന്ന ഒരു സഭൈക്യ സൂന്നഹദോസ് വിളിച്ചുകൂട്ടി. റോമൻ ആചാരത്തോടു പൊരുത്തപ്പെടാൻ ഏഷ്യാമൈനറിലുള്ള എല്ലാവരോടും നിർദേശിച്ചുകൊണ്ട് ഒരു രാജശാസനം ആ കൗൺസിൽ പുറപ്പെടുവിച്ചു.
യഹൂദ കലണ്ടറിലെ തീയതിയനുസരിച്ചുള്ള ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാഘോഷം ഉപേക്ഷിക്കാൻ മുന്നോട്ടുവെച്ച പ്രമുഖ വാദങ്ങളിലൊന്നു ശ്രദ്ധിക്കുന്നതു രസാവഹമാണ്. കെ. ജെ. ഹേഫലയുടെ ക്രിസ്തീയ കൗൺസിലുകളുടെ ഒരു ചരിത്രം എന്ന [ഇംഗ്ലീഷ്] ഗ്രന്ഥം ഇപ്രകാരം പ്രസ്താവിക്കുന്നു: “അതിഭയാനകമായ കുററകൃത്യത്താൽ കരങ്ങൾ കളങ്കപ്പെട്ടതും മനസ്സ് ഇരുണ്ടുപോയതുമായ യഹൂദൻമാരുടെ രീതി (തീയതി നിർണയം) പിൻപററുന്നതു വിശേഷാൽ, എല്ലാററിലും പാവനമായ ഈ ആഘോഷത്തിന് ഒട്ടും ഭൂഷണമല്ല എന്നു പ്രഖ്യാപിക്കപ്പെട്ടു.” (വാല്യം 1, പേജ് 322) അത്തരമൊരു സ്ഥാനത്തായിരിക്കുന്നത് “സഭയെ ശല്യം ചെയ്ത സിന്നഗോഗിനുള്ള ‘നാണംകെട്ട കീഴ്പെട’ലായി കരുതിപ്പോന്നു” എന്ന് സ്ററഡിയ പട്രീസ്ററിക്ക, വാല്യം IV, 1961, പേജ് 412-ൽ ഉദ്ധരിക്കപ്പെട്ട ജെ. ജസ്ററർ പറയുന്നു.
ശേമ്യവിരോധം! യേശുവിന്റെ മരണത്തിന്റെ സ്മാരകം അവിടുന്ന് മരിച്ച അതേദിവസം ആഘോഷിച്ചവർ യഹൂദമതാനുസാരികളായി കണക്കാക്കപ്പെട്ടു. യേശുതന്നെ ഒരു യഹൂദനാണെന്നും മനുഷ്യവർഗത്തിനുവേണ്ടി തന്റെ ജീവനെ അർപ്പിച്ചുകൊണ്ട് അവിടുന്ന് ആ ദിവസത്തിന് അർഥം നൽകിയെന്നുമുള്ള കാര്യം വിസ്മരിക്കപ്പെട്ടു. അപ്പോൾമുതൽ ക്വാർട്ടോഡെസിമൻമാർ പാഷണ്ഡികളും മതഭിന്നതയുളവാക്കുന്നവരുമായി അപലപിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. പൊ.യു. 341-ലെ അന്ത്യോക്യ കൗൺസിൽ അവരെ സമൂഹഭ്രഷ്ടരാക്കണമെന്നു കൽപ്പന പുറപ്പെടുവിച്ചു. എന്നിരുന്നാലും, പൊ.യു. 400-ൽ അവർ ധാരാളമുണ്ടായിരുന്നു. അതിനുശേഷവും ദീർഘകാലം അവർ ചെറുകൂട്ടങ്ങളായി നിലനിന്നുപോന്നു.
ആ കാലംമുതൽ യേശുവിന്റെ ആദിമ ക്രമീകരണത്തിലേക്കു മടങ്ങിവരാൻ ക്രൈസ്തവലോകം പരാജയപ്പെട്ടിരിക്കുന്നു. പ്രൊഫസർ വില്യം ബ്രൈററ് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “യേശുവിന്റെ പീഡാനുഭവത്തിന്റെ അനുസ്മരണയ്ക്കായി ഒരു പ്രത്യേക ദിവസം, ദുഃഖവെള്ളിയാഴ്ച, വേർതിരിച്ചപ്പോൾ, വി. പൗലോസ് ബലിമരണത്തോട് ബന്ധപ്പെടുത്തിയ ‘പെസഹാ’യോടു ബന്ധപ്പെട്ട കാര്യങ്ങളെ ആ ദിവസത്തിൽ ഒതുക്കിനിർത്തുക എന്നതു വൈകിപ്പോയിരുന്നു: അവയെ പുനരുത്ഥാനോത്സവത്തോടുതന്നെ സ്വതന്ത്രമായി ബന്ധപ്പെടുത്തിയിരുന്നു. വ്യാമിശ്രമായ ആശയങ്ങൾ ഗ്രീക്ക്, ലാററിൻ ക്രൈസ്തവലോകത്തിന്റെ ആചാരപരമായ ഭാഷയിൽ സ്ഥാപിതമായിത്തീർന്നു.”—പിതാക്കൻമാരുടെ യുഗം, [ഇംഗ്ലീഷ്] വാല്യം 1, പേജ് 102.
എന്നാൽ ഇന്നോ?
‘ഇത്രയധികം വർഷങ്ങൾ പിന്നിട്ട സ്ഥിതിക്ക് സ്മാരകം എപ്പോൾ ആഘോഷിക്കുന്നു എന്നത് അത്ര കാര്യമാക്കണോ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ഉവ്വ്, അതു പ്രധാനമാണ്. അധികാരത്തിനുവേണ്ടി തീവ്രമായി ശ്രമിച്ച മുഷ്കരൻമാരായ മനുഷ്യരാണു മാററങ്ങൾ വരുത്തിയത്. യേശുക്രിസ്തുവിനെ അനുസരിക്കുന്നതിനു പകരം ആളുകൾ തങ്ങളുടെ സ്വന്തം ആശയഗതികളെ പിൻപററി. അപ്പോസ്തലനായ പൗലോസിന്റെ മുന്നറിയിപ്പു വ്യക്തമായും നിവൃത്തിയേറി: “ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷൻമാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും.”—പ്രവൃത്തികൾ 20:29, 30.
കാതലായ തർക്കവിഷയം അനുസരണമാണ്. ക്രിസ്ത്യാനികൾ അനുഷ്ഠിക്കാൻ യേശു ഒരാഘോഷം മാത്രമേ ഏർപ്പെടുത്തിയുള്ളൂ. ഇത് എപ്പോൾ, എങ്ങനെ അനുഷ്ഠിക്കണമെന്നു ബൈബിൾ വ്യക്തമായി വിശദമാക്കുന്നു. ആ സ്ഥിതിക്ക് അതു മാററാനുള്ള അധികാരം ആർക്കാണുള്ളത്? ഈ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനു പകരം ആദിമ ക്വാർട്ടോഡെസിമൻമാർ പീഡനവും സമൂഹഭ്രഷ്ടും സഹിച്ചു.
യേശുവിന്റെ താത്പര്യങ്ങളെ ആദരിക്കുകയും അവിടുത്തെ മരണത്തിന്റെ സ്മാരകം അവിടുന്ന് സ്ഥാപിച്ച തീയതിയിൽത്തന്നെ ആഘോഷിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികൾ ഇപ്പോഴും ഭൂമിയിലുണ്ടെന്ന് അറിയുന്നതിൽ നിങ്ങൾക്ക് താത്പര്യമുണ്ടായിരിക്കും. ഈ വർഷം നീസാൻ 14-ാം ദിവസം തുടങ്ങുന്ന മാർച്ച് 26-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്കുശേഷം യഹോവയുടെ സാക്ഷികൾ ഭൂമിക്കു ചുററുമെല്ലായിടത്തുമുള്ള തങ്ങളുടെ രാജ്യഹാളുകളിൽ ഒന്നിച്ചുകൂടും. ഏററവും അർഥവത്തായ ഈ സമയത്ത് എന്തു ചെയ്യണമെന്നു യേശു പറഞ്ഞുവോ അത് അവർ കൃത്യമായിത്തന്നെ ചെയ്യും. അവരോടൊത്ത് കർത്താവിന്റെ സന്ധ്യാഭക്ഷണം എന്തുകൊണ്ട് കൊണ്ടാടിക്കൂടാ? സന്നിഹിതനാകുന്നതിനാൽ യേശുക്രിസ്തുവിന്റെ ആഗ്രഹങ്ങളോടുള്ള നിങ്ങളുടെ വിലമതിപ്പു നിങ്ങൾക്കും പ്രകടമാക്കാൻ കഴിയും.
[അടിക്കുറിപ്പ്]
a പുതുചന്ദ്രന്റെ ആദ്യ പ്രത്യക്ഷപ്പെടലോടെയാണ് യഹൂദ വർഷത്തിലെ ആദ്യമാസമായ നീസാൻ തുടങ്ങിയത്. അതുകൊണ്ടു നീസാൻ 14 എല്ലായ്പോഴും പൂർണചന്ദ്ര ദിവസമായിരുന്നു.
[6-ാം പേജിലെ ചതുരം]
“അമൂല്യമായ ആ മറുവില”
യേശുവിന്റെ മറുവിലയാഗം ഒരു ഉപദേശത്തെക്കാൾ വളരെ കവിഞ്ഞ സംഗതിയാണ്. യേശു തന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.” (മർക്കൊസ് 10:45) അവിടുന്ന് ഇങ്ങനെയും വിശദീകരിച്ചു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) മറുവില മരിച്ചവർക്കു പുനരുത്ഥാനത്തിനുള്ള ഒരു വഴിയും അനന്തജീവന്റെ ഒരു പ്രതീക്ഷയും തുറന്നു തരുന്നു.—യോഹന്നാൻ 5:28, 29.
കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആഘോഷങ്ങളിൽ അനുസ്മരിക്കപ്പെടുന്നത് യേശുക്രിസ്തുവിന്റെ ജീവത്പ്രധാനമായ മരണമാണ്. അവിടുത്തെ യാഗം വളരെയധികം കാര്യങ്ങൾ നിവർത്തിക്കുന്നു! ദൈവഭക്തിയുള്ള മാതാപിതാക്കളാൽ പരിശീലിപ്പിക്കപ്പെട്ട് സത്യത്തിന്റെ മാർഗത്തിൽ പതിററാണ്ടുകളോളം നടന്ന ഒരു സ്ത്രീ തന്റെ കൃതജ്ഞത ഈ വാക്കുകളിൽ പ്രകടിപ്പിച്ചു:
“സ്മാരകത്തിനായി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുന്നു. അത് ഓരോ വർഷവും കൂടുതൽ സവിശേഷമായിത്തീരുകയാണ്. 20 വർഷങ്ങൾക്കു മുമ്പ് എന്റെ പ്രിയപ്പെട്ട പിതാവിന്റെ ശവശരീരത്തെ നോക്കിക്കൊണ്ട് മരണവീട്ടിൽ നിൽക്കുന്നതും മറുവിലയോടുള്ള ഹൃദയംഗമമായ വിലമതിപ്പിലേക്കു വരുന്നതും ഞാൻ ഓർക്കുന്നു. അതിനുമുമ്പ് മറുവില എന്നതു വെറുമൊരു പഠനവിഷയം മാത്രമായിരുന്നു. എല്ലാ തിരുവെഴുത്തുകളും എനിക്കറിയാമായിരുന്നു, അവ വിശദീകരിക്കാനും! എന്നാൽ മരണത്തിന്റെ മരവിച്ച യാഥാർഥ്യം മനസ്സിലാക്കിയപ്പോൾ മാത്രമാണ് അമൂല്യമായ ആ മറുവിലയിലൂടെ സാധിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഓർത്ത് എന്റെ ഹൃദയം സന്തോഷംകൊണ്ടു തുടിച്ചത്.”