രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ബൈബിൾസത്യം ഒരു കുടുംബത്തെ ഒന്നിപ്പിക്കുന്നു
ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും കുടുംബ ഐക്യം മിക്കവാറും കഴിഞ്ഞകാലസംഗതിയാണ്. എന്നിരുന്നാലും, കുടുംബത്തിലെ ഐക്യത്തിന്റെ രഹസ്യം ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്. യേശുവിന്റെ ഈ വാക്കുകൾ പരിചിന്തിക്കുക: “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.” (മത്തായി 7:24) ഈ വാക്കുകൾ ബാധകമാക്കിക്കൊണ്ടും ഒരുമയുള്ള കുടുംബത്തെ കെട്ടിപ്പടുക്കാനുള്ള അടിസ്ഥാനമായി ബൈബിൾ ഉപയോഗിച്ചുകൊണ്ടും യഹോവയുടെ സാക്ഷികളുടെ ഇടയിലെ ആയിരക്കണക്കിനു കുടുംബങ്ങൾ ഐക്യം നേടിയിട്ടുണ്ട്. പിൻവരുന്ന അനുഭവം പ്രകടമാക്കുന്നതുപോലെ അത്തരം ഐക്യം മററുള്ളവരും നേടുന്നുണ്ട്.
ദാനിയേൽ ഫ്രാൻസിൽ സൈനികസേവനത്തിൽ ഏർപ്പെട്ടിരിക്കെ ഒരു ബൈബിൾ വാങ്ങാൻ ഒരു സൈനിക പുരോഹിതൻ നിർദേശിച്ചു. അതനുസരിച്ചു ദാനിയേൽ ഒരു ബൈബിൾ വാങ്ങി അതു ക്രമമായി വായിക്കാൻ തുടങ്ങി. കുറെ കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു തഹീതിയിലേക്കു മാററം കിട്ടി. ദാനിയേലിന്റെ സഹപട്ടാളക്കാരിൽ ചിലർ അഡ്വെൻറിസ്ററ് മതക്കാരായിരുന്നു, മററു ചിലർ മോർമൺ മതക്കാരും. അവരുടെ സംഭാഷണങ്ങൾ പലപ്പോഴും മതം എന്ന വിഷയത്തിലേക്കു തിരിയുമായിരുന്നു. ഒരു ദിവസം ഒരു ഉന്നത സൈനികോദ്യോഗസ്ഥൻ ദാനിയേലിനെ യഹോവയുടെ സാക്ഷികളിൽ ഒരുവളായിരുന്ന തന്റെ ഭാര്യക്കു പരിചയപ്പെടുത്തിക്കൊടുത്തു. ദാനിയേലിന്റെ പല ചോദ്യങ്ങൾക്കും ഉത്തരം കൊടുത്തുകൊണ്ട് അവർ ഒരു ഉച്ചകഴിഞ്ഞ സമയം മുഴുവനും ചെലവഴിച്ചു. അവർ അദ്ദേഹത്തെ തഹീതിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകളിലൊന്നുമായി ബന്ധപ്പെടുത്തിക്കൊടുത്തു. പെട്ടെന്നുതന്നെ അദ്ദേഹം ഒരു ക്രമമായ ബൈബിളധ്യയനം തുടങ്ങി.
ഫ്രാൻസിൽ താമസിച്ചിരുന്ന ദാനിയേലിന്റെ മാതാപിതാക്കൾ വളരെ ആത്മാർഥതയുള്ള കത്തോലിക്കരായിരുന്നു. ഒരു സ്കൂൾ ഉപദേഷ്ടാവായിരുന്ന അദ്ദേഹത്തിന്റെ പിതാവിന് കത്തോലിക്കാ സ്കൂളിൽ മതപ്രബോധനത്തിന്റെ ചുമതലയുണ്ടായിരുന്നു. താൻ പഠിച്ചുകൊണ്ടിരുന്ന വിലയേറിയ ആത്മീയ മുത്തുകളിൽ ചിലതു തന്റെ മാതാപിതാക്കളുമായി പങ്കുവയ്ക്കാൻ ആഗ്രഹിച്ച ദാനിയേൽ അവർക്കുള്ള എഴുത്തുകളിൽ ബൈബിളാശയങ്ങൾ ക്രമേണ ഉൾപ്പെടുത്താൻ തുടങ്ങി.
ആരംഭത്തിൽ ദാനിയേലിന്റെ മാതാവിനു വളരെ സന്തോഷം തോന്നി, എന്നാൽ തന്റെ മകന്റെ കത്തുകളിലൊന്നിൽ യഹോവ എന്ന നാമം കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി. ഏതാനും ദിവസങ്ങൾക്കുശേഷം യഹോവയുടെ സാക്ഷികളെ “ആപത്കരമായ ഒരു മതവിഭാഗ”മായി അവതരിപ്പിച്ച ഒരു റേഡിയോ പരിപാടി അവർ കേട്ടു. ഉടൻതന്നെ സാക്ഷികളുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ ദാനിയേലിന് എഴുതി. എന്നിരുന്നാലും, ദാനിയേൽ ബൈബിൾ പഠനത്തിൽ തുടർന്നു പുരോഗമിക്കുകയും സൈനികസേവനം നിറുത്തി ഫ്രാൻസിലേക്കു മടങ്ങിപ്പോകാൻ പെട്ടെന്നുതന്നെ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.
സ്വന്തരാജ്യത്തു തിരിച്ചെത്തിയ ദാനിയേൽ തന്റെ മാതാവുമായി നീണ്ട ബൈബിൾ ചർച്ചകൾ നടത്തിക്കൊണ്ടു വൈകുന്നേരങ്ങളോരോന്നും—ചിലപ്പോൾ രാത്രി വൈകിയും—ചെലവഴിച്ചു. ഒടുവിൽ ദാനിയേലിനോടൊപ്പം രാജ്യഹാളിൽ പോകാൻ അവർ സമ്മതിച്ചു. അവർ ആദ്യത്തെ യോഗം സംബന്ധിച്ചപ്പോൾ സ്വന്തമായ ബൈബിൾ പഠനം തുടങ്ങത്തക്കവണ്ണം അത്രയേറെ മതിപ്പുളവായി. അവർ സത്വരപുരോഗതി വരുത്തുകയും പെട്ടെന്നുതന്നെ സ്നാപനമേൽക്കുകയും ചെയ്തു.
ദാനിയേലിന്റെ പിതാവ് സഹിഷ്ണുതയുള്ള ഒരാളായിരുന്നു, എന്നാൽ തൊഴിൽസംബന്ധവും മതപരവുമായ പ്രവർത്തനങ്ങളിൽ വളരെ സമർപ്പിതനുമായിരുന്നു അദ്ദേഹം. എന്നിട്ടും, ഒരവസരത്തിൽ അദ്ദേഹം ഭാര്യയെയും ദാനിയേലിനെയും ഒരു ഡിസ്ട്രിക്ററ് കൺവെൻഷനു ഡ്രൈവുചെയ്തു കൊണ്ടുപോയി. അത് ജൂലൈ 14 ആയിരുന്നു, നഗരത്തിലെ ബാസ്ററിൽ ദിന പരേഡ് വീക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. അതിനായി കാത്തിരിക്കുമ്പോൾ, ആകാംക്ഷ നിമിത്തം കൺവെൻഷൻ ഹാളിന്റെ ഉള്ളൊന്നു കാണാൻ അദ്ദേഹം തീരുമാനിച്ചു. യഹോവയുടെ ജനത്തിന്റെ ഇടയിൽ കണ്ട ക്രമവും സമാധാനവും അയാളിൽ മതിപ്പുളവാക്കി. കൺവെൻഷനിലെ പല ഡിപ്പാർട്ടുമെൻറിലൂടെയും അദ്ദേഹം നടന്നപ്പോൾ എല്ലാവരും അദ്ദേഹത്തെ “സഹോദരൻ” എന്നു വിളിച്ചുകൊണ്ടിരുന്നു. ബാസ്ററിൽ ദിന പരേഡിനെക്കുറിച്ച് അദ്ദേഹം പാടേ മറന്നുപോയി. കൺവെൻഷൻ തീരുന്നതുവരെ അദ്ദേഹം അവിടെ തങ്ങുകയും ചെയ്തു. അദ്ദേഹം ഒരു ബൈബിളധ്യയനം ആവശ്യപ്പെടുകയും സത്യം പഠിക്കുന്നതിൽ സത്വര പുരോഗതി വരുത്തുകയും ചെയ്തു. പക്ഷേ, കൂടുതൽ പഠിച്ചപ്പോൾ അദ്ദേഹത്തിനു തന്റെ ജോലിയിൽ കൂടുതൽ അസ്വസ്ഥത തോന്നിത്തുടങ്ങി. അതുകൊണ്ട് 58-ാമത്തെ വയസ്സിൽ അദ്ദേഹം ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ആ കുടുംബത്തിലെ എല്ലാവരും സമർപ്പിച്ചു സ്നാപനമേററവരാണ്. അവർ ഒരുമയോടെ യഹോവയെ സേവിക്കുകയും ചെയ്യുന്നു.
ദാനിയേലിന്റെ കുടുംബത്തെ ഒന്നിപ്പിച്ചത് ബൈബിൾസത്യമായിരുന്നു. അതു പഠിക്കുകയും മുഴുഹൃദയത്തോടെ ബാധകമാക്കുകയും ചെയ്താൽ അതിനു മററു കുടുംബങ്ങളെയും ഒന്നിപ്പിക്കാനാകും.