ഒരു മെച്ചപ്പെട്ട ലോകം—സമീപം!
“മനുഷ്യമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതായി തോന്നുന്ന ശക്തമായ അഭിലാഷങ്ങളിൽ ഒന്നാണ് പറുദീസ വീണ്ടും സ്ഥാപിതമായിക്കാണാനുള്ളത്. എല്ലാററിലും വച്ച് ഏററവും ശക്തവും സ്ഥിരവുമായ അഭിലാഷം ഇതുതന്നെയായിരിക്കാം. മതപരമായ ജീവിതത്തിന്റെ എല്ലാ തലത്തിലും ഏതെങ്കിലും രൂപത്തിലുള്ള ഒരു പറുദീസാവാഞ്ഛ കാണപ്പെടുന്നുണ്ട്” എന്ന് ദി എൻസൈക്ലോപീഡിയ ഓഫ് റിലിജൻ പറയുന്നു.
ഒരു മെച്ചപ്പെട്ട ലോകത്തിൽ ജീവിക്കാനുള്ള ആഗ്രഹം പൊതുവേ എല്ലാ സംസ്കാരങ്ങൾക്കും ഉള്ളതായി തോന്നുന്നു. അവ പൊയ്പോയ ഏതോ ആദർശലോകത്തെക്കുറിച്ചു വിലപിക്കുന്നതായും തോന്നുന്നു. ഇത് ഒരു ആദിമ പറുദീസയുടെ സാധ്യതയെ സൂചിപ്പിക്കുന്നു, എന്നാൽ എവിടെ? തീവ്രമായ ഈ അഭിലാഷം മാതാവിന്റെ ഗർഭാശയത്തിലെ നഷ്ടമായ സുരക്ഷിതത്വം വീണ്ടെടുക്കാനുള്ള ആഗ്രഹത്തെ വെളിപ്പെടുത്തുന്നുവെന്ന് ഒരു മനശ്ശാസ്ത്ര വിദഗ്ധൻ പറഞ്ഞേക്കാം. എന്നാൽ, മതചരിത്രം പഠിക്കുന്ന പണ്ഡിതൻമാർക്ക് ഈ വിശദീകരണം തൃപ്തികരമല്ല.
“പറുദീസയ്ക്കു വേണ്ടിയുള്ള അഭിലാഷം”—എന്തുകൊണ്ട്?
അത്തരം അഭിലാഷം ഉണ്ടായിരിക്കുന്നത്, ചിലർ അഭിപ്രായപ്പെടുന്നതുപോലെ, മനുഷ്യജീവിതത്തിന്റെ ഹ്രസ്വതയെയും പ്രയാസങ്ങളെയും കൂടുതൽ സഹനീയമാക്കാൻ മാത്രമേ ഉതകുന്നുള്ളോ? അതോ മറെറാരു വിശദീകരണമുണ്ടോ?
ഒരു മെച്ചപ്പെട്ട ലോകത്തിനുവേണ്ടി മനുഷ്യവർഗം എന്തുകൊണ്ടാണ് ആഗ്രഹിച്ചു പോകുന്നത്? വ്യക്തവും അതേസമയം ലളിതവുമായ ഒരു വിശദീകരണം ബൈബിൾ പ്രദാനം ചെയ്യുന്നുണ്ട്: മനുഷ്യവർഗം വരുന്നത് മെച്ചപ്പെട്ട ഒരു ലോകത്തുനിന്നാണ്! ഒരു ആദിമ പറുദീസ വാസ്തവത്തിൽ സ്ഥിതിചെയ്തിരുന്നു. മധ്യപൂർവദേശത്തെ ഒരു പ്രത്യേക സ്ഥലത്തു സ്ഥിതിചെയ്തിരുന്ന “ഒരു തോട്ടം” എന്ന നിലയിൽ ദൈവവചനം അതിനെ വർണിക്കുന്നു. “കാൺമാൻ ഭംഗിയുള്ളതും തിൻമാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷ”ത്താലും ഈ തോട്ടം അനുഗ്രഹിക്കപ്പെട്ടിരുന്നു. ആദ്യത്തെ മാനുഷ ഇണകളെ ദൈവം അതിന്റെ പരിപാലനം ഏൽപ്പിച്ചു. (ഉല്പത്തി 2:7-15) മനുഷ്യർക്കു വാസ്തവത്തിൽ സന്തുഷ്ടരായിരിക്കാൻ കഴിയുമായിരുന്ന ഒരു ആദർശസുന്ദരമായ പശ്ചാത്തലമായിരുന്നു അത്.
ആ പറുദീസ അവസ്ഥകൾ എന്തുകൊണ്ടാണു നീണ്ടുനിൽക്കാഞ്ഞത്? ഒരു ആത്മജീവിയുടെയും അനന്തരം മാനുഷദമ്പതികളുടെയും മത്സരം ഹേതുവായാണ് അതു തുടർന്നു നിലനിൽക്കാഞ്ഞത്. (ഉല്പത്തി 2:16, 17; 3:1-6, 17-19) അങ്ങനെ മനുഷ്യനു പറുദീസ മാത്രമല്ല പൂർണതയും ആരോഗ്യവും അനന്തജീവനും നഷ്ടമായി. തുടർന്നു പ്രബലമായിത്തീരാൻ തുടങ്ങിയ അവസ്ഥകൾ വാസ്തവമായും മനുഷ്യജീവിതത്തെ മെച്ചപ്പെടുത്തിയില്ല. നേരെ മറിച്ച്, അത് എക്കാലത്തെയും മോശമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് അധഃപതിക്കുകയാണു ചെയ്തിട്ടുള്ളത്.—സഭാപ്രസംഗി 3:18-20; റോമർ 5:12; 2 തിമൊഥെയൊസ് 3:1-5, 13.
പറുദീസയ്ക്കായുള്ള അന്വേഷണം—ഒരു ആശയത്തിന്റെ ചരിത്രം
സങ്കൽപ്പിക്കാവുന്നതുപോലെ, “പറുദീസയ്ക്കു വേണ്ടിയുള്ള അഭിലാഷ”ത്തിനു വളരെ ദീർഘമായ ഒരു ചരിത്രമുണ്ട്. പ്രപഞ്ചത്തിലെങ്ങും ഐക്യം കളിയാടിയിരുന്ന ഒരു കാലത്തെക്കുറിച്ചു സുമേറിയക്കാർ അനുസ്മരിച്ചിരുന്നു: “ഭയമോ ഭീതിയോ ഉണ്ടായിരുന്നില്ല, മനുഷ്യനു യാതൊരു പ്രതിയോഗിയും ഉണ്ടായിരുന്നില്ല. . . . അഖിലാണ്ഡം എങ്ങും ആളുകൾ ഐക്യത്തോടെ, ഒരേ സ്വരത്തിൽ എൻലിലിനു സ്തുതിയേകി,” എന്ന് ഒരു പുരാതന മെസോപൊട്ടാമിയൻ കാവ്യം അനുസ്മരിച്ചു. പ്രാചീന ഈജിപ്തുകാരെപ്പോലെ, തങ്ങളുടെ മരണശേഷം ഒരു മെച്ചപ്പെട്ട ലോകത്തെത്താൻ ചിലർ ആശിച്ചു. അമർത്ത്യദേഹി എത്തിച്ചേർന്നിരുന്നത് ആരൂവിന്റെ വയലുകൾ എന്നു പേരുള്ള സ്ഥലത്താണെന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ ചുരുങ്ങിയപക്ഷം ആരംഭത്തിൽ, ഈ പ്രത്യാശ കുലീനകുലജാതർക്കു മാത്രമുള്ളതായിരുന്നു; ഒരു സുഖലോകം പൂകുന്നതിനെക്കുറിച്ചു കിനാവു കാണാൻ പോലും ദരിദ്രർക്കു കഴിഞ്ഞിരുന്നില്ല.
വ്യത്യസ്തമായ മതമുള്ള ഒരു പ്രദേശത്ത്, ഒരു മെച്ചപ്പെട്ട ലോകയുഗത്തിന്റെ വരവിനുവേണ്ടി ഹിന്ദുക്കൾ നൂററാണ്ടുകളായി കാത്തിരുന്നിട്ടുണ്ട്. ഹൈന്ദവ പഠിപ്പിക്കലുകളനുസരിച്ച് തുടർച്ചയായ ഒരു ചക്രത്തിൽ നാലു യുഗങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു, അതിൽ ഏററവും മോശമായ യുഗത്തിലാണു നാം ഇപ്പോൾ ജീവിക്കുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ, ഈ കലിയുഗം (ഇരുണ്ട യുഗം) അതിന്റെ എല്ലാ കഷ്ടപ്പാടുകളോടും ദുഷ്ടതയോടും കൂടി 4,32,000 വർഷം നീണ്ടുനിൽക്കുമെന്നു ചിലർ പറയുന്നു. എന്നിരുന്നാലും, സുവർണയുഗത്തിന്റെ, കൃതായുഗത്തിന്റെ വരവിനുവേണ്ടി വിശ്വസ്തരായ ഹിന്ദുക്കൾ കാത്തിരിക്കുന്നു.
നേരെ മറിച്ച്, ഗ്രീക്കുകാരും റോമാക്കാരും അററ്ലാൻറിക് സമുദ്രത്തിലെ സാങ്കൽപ്പിക സൗഭാഗ്യ ദ്വീപുകളിലെത്തുന്നതിനെക്കുറിച്ചു സ്വപ്നം കണ്ടു. ഹെസിയോദ്, വിർജിൽ, ഓവിദ് തുടങ്ങിയ പല എഴുത്തുകാരും വിസ്മയാവഹമായ ഒരു സുവർണയുഗത്തെക്കുറിച്ചു സംസാരിച്ചു, ഒരുനാൾ അതു പുനഃസ്ഥാപിതമായിത്തീരും എന്നാശിച്ചുകൊണ്ടുതന്നെ. പൊ.യു.മു. ഒന്നാം നൂററാണ്ടിന്റെ അവസാനമായപ്പോൾ, എന്നേക്കും നിലനിൽക്കുന്ന ഒരു പുതിയ ഐററാസ് ഓറിയയുടെ (സുവർണയുഗത്തിന്റെ) സത്വര വരവിനെക്കുറിച്ചു വിർജിൽ എന്ന ലാററിൻ കവി മുൻകൂട്ടിപ്പറഞ്ഞു. പിന്നീടു വന്ന നൂററാണ്ടുകളിൽ, “പതിനാറിൽ കുറയാത്തത്രയും റോമൻ ചക്രവർത്തിമാർ തങ്ങളുടെ വാഴ്ചകൾ ആ സുവർണയുഗത്തെ പുനഃസ്ഥാപിച്ചിരുന്നതായി അവകാശപ്പെട്ടു” എന്നു ദി എൻസൈക്ലോപീഡിയ ഓഫ് റിലിജൻ പറയുന്നു. എന്നാൽ നമുക്കിന്നറിയാവുന്നതുപോലെ, അതു വെറും രാഷ്ട്രീയ പ്രചരണമായിരുന്നു.
സമുദ്രത്തിനപ്പുറമുള്ള ഒരു ദ്വീപിൽ (അല്ലെങ്കിൽ ഒരു ദ്വീപസമൂഹത്തിൽ) ഉള്ളതായി തങ്ങൾ കരുതിപ്പോന്ന ശോഭനമായൊരു ദേശത്തിനായി കെൽററുവർഗക്കാർ അഭിലഷിച്ചു. അവിടെ ആളുകൾ പൂർണ സന്തുഷ്ടിയിൽ ജീവിച്ചിരുന്നതായി അവർ വിശ്വസിച്ചുപോന്നു. ഒരു കെട്ടുകഥ പറയുന്നപ്രകാരം, ആർതർ രാജാവിനു മാരകമായ മുറിവേറെറങ്കിൽപ്പോലും ആവലൺ എന്നു വിളിക്കപ്പെടുന്ന അത്ഭുത ദ്വീപു കണ്ടെത്തിയശേഷം അദ്ദേഹം തുടർന്നു ജീവിച്ചു.
പ്രാചീന കാലങ്ങളിലും മധ്യയുഗങ്ങളിലും അക്ഷരീയ സന്തോഷങ്ങളുടെ ഒരു തോട്ടം, ഏദൻതോട്ടം “എത്തിപ്പെടാനാവാത്ത ഒരു പർവതമുകളിലോ കുറുകെ കടക്കാനാവാത്ത ഒരു സമുദ്രത്തിനപ്പുറത്തോ” എവിടെയെങ്കിലും സ്ഥിതിചെയ്യുന്നതായി അനേകർ വിചാരിച്ചിരുന്നു എന്ന് ഷാൻ ഡിലൂമോ എന്ന ചരിത്രകാരൻ വിശദീകരിക്കുന്നു. ഡാന്റെ എന്ന ഇററാലിയൻ കവി ഒരു സ്വർഗീയ പറുദീസയിൽ വിശ്വസിച്ചിരുന്നെങ്കിൽപ്പോലും യരുശലേം നഗരത്തിന് എതിരെയുള്ള തന്റെ ശുദ്ധീകരണസ്ഥലത്തുള്ള പർവതമുകളിൽ ഒരു ഭൗമിക പറുദീസ നിലനിൽക്കുന്നതായി അദ്ദേഹം സങ്കൽപ്പിച്ചു. അത് ഏഷ്യയിലോ, മെസോപൊട്ടാമിയയിലോ, ഹിമാലയൻ പർവതസാനുക്കളിലോ കണ്ടെത്തേണ്ടിയിരുന്നുവെന്നു ചിലർ വിശ്വസിച്ചു. ഏദനിക പറുദീസയെക്കുറിച്ചുള്ള മധ്യകാലഘട്ടത്തെ കെട്ടുകഥകൾ അനവധിയായിരുന്നു. ഈശ്വരഭക്തനായ പ്രസ്ററർ ജോൺ വാഴുന്ന ഒരു അത്ഭുത രാജ്യം ആ പറുദീസയോടടുത്തുണ്ടെന്ന് ഒട്ടനവധി പേർ വിശ്വസിച്ചിരുന്നു. ഭൗമിക പറുദീസയോട് അടുത്തായിരുന്നതു നിമിത്തം പ്രസ്ററർ ജോണിന്റെ രാജ്യത്തിലെ ജീവിതം നീണ്ടുനിൽക്കുന്നതും സുഖദായകവുമാണെന്നും സമൃദ്ധിയുടെയും സമ്പത്തിന്റെയും വററാത്ത ഒരു ഉറവാണെന്നും കരുതപ്പെട്ടിരുന്നു. യവന കെട്ടുകഥകൾ അറിയാവുന്ന മററു ചിലർ പറുദീസാ ദ്വീപുകൾ അററ്ലാൻറിക്കിലാണെന്നു പിന്നെയും കരുതി. മധ്യകാലത്തെ ഭൂപടങ്ങൾ ഏദൻതോട്ടം നിലനിന്നതായുള്ള അത്തരമൊരു വിശ്വാസത്തിന്റെ ഉറപ്പിനു സൂചന നൽകി. ആ ഭൂപടങ്ങൾ അതിന്റെ സങ്കൽപ്പിത സ്ഥാനത്തെപ്പോലും സൂചിപ്പിച്ചു.
പതിനഞ്ചും പതിനാറും നൂററാണ്ടുകളിൽ അററ്ലാൻറിക് സമുദ്രം കുറുകെ കടന്ന നാവികർ ഫലത്തിൽ ഒരേ സമയംതന്നെ പുതിയതും പ്രാചീനവുമായ ഒരു ലോകത്തിനുവേണ്ടി അന്വേഷിക്കുകയായിരുന്നു. സമുദ്രത്തിന്റെ മറുവശത്തു തങ്ങൾ ഇൻഡീസ് മാത്രമല്ല ഏദൻതോട്ടവും കൂടി കണ്ടെത്താൻ പോകുകയാണെന്ന് അവർ വിചാരിച്ചു. ഉദാഹരണത്തിന്, ക്രിസ്ററഫർ കൊളംബസ് ഉഷ്ണമേഖലാ പർവതങ്ങൾക്കിടയിലും തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങൾക്കിടയിലും അതിനുവേണ്ടി അന്വേഷണം നടത്തി. ബ്രസീലിൽ എത്തിച്ചേർന്ന യൂറോപ്യൻ പര്യവേക്ഷകർ നഷ്ടപ്പെട്ടുപോയ പറുദീസ അവിടെയായിരിക്കണമെന്ന് ഉറപ്പായി കരുതി, അതിനു കാരണം അവിടത്തെ ശാന്തമായ കാലാവസ്ഥയും സമൃദ്ധമായ ഭക്ഷണവും സസ്യശ്യാമളതയും ആയിരുന്നു. എന്നാൽ, പെട്ടെന്നുതന്നെ പരുക്കൻ യാഥാർഥ്യം മനസ്സിലാക്കാൻ അവർ നിർബന്ധിതരായി.
സങ്കൽപ്പലോകങ്ങൾ—ആദർശപൂർണമായ സ്ഥലങ്ങളോ?
ഭൂമിയുടെ ഏതെങ്കിലും വിദൂര ഭാഗത്ത് ആദർശലോകത്തെ കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം അതിനുവേണ്ടി വിഭാവന ചെയ്യാൻ മററു ചിലർ ശ്രമിച്ചു. ഇപ്രകാരം, 1516-ൽ മനുഷ്യസ്നേഹിയായിരുന്ന തോമസ് മോർ എന്ന ഇംഗ്ലീഷുകാരൻ തനിക്കറിയാവുന്ന അധഃപതിച്ച ലോകത്തിൽനിന്നും വളരെ വിഭിന്നവും വിസ്മയാവഹവും സമാധാനപൂർണവും സഹിഷ്ണുതയുള്ളതുമായ ഒരു സ്ഥലമായി സങ്കൽപ്പലോക ദ്വീപിനെ വർണിച്ചു. മററുള്ളവരും ഏറെ മെച്ചപ്പെട്ട, മുഖപക്ഷമില്ലാത്തതും സത്യസന്ധവുമായ ലോകങ്ങൾ വിഭാവന ചെയ്യാൻ പരിശ്രമിച്ചു: പൊ.യു.മു. ആറാം നൂററാണ്ടിൽ പ്ലേറേറാ തന്റെ റിപ്പബ്ലിക്കിലൂടെ; 1602-ൽ ഇററാലിയൻ ബിഷപ്പായ റേറാമാസോ കാമ്പാനെല്ലായ്ക്കു വളരെയധികം സംഘടിതമായിരുന്ന അദ്ദേഹത്തിന്റെ സൂര്യനഗരമുണ്ടായിരുന്നു; ഏതാനും വർഷങ്ങൾക്കുശേഷം ഇംഗ്ലീഷ് തത്ത്വചിന്തകനായിരുന്ന ഫ്രാൻസിസ് ബേക്കൺ തന്റെ ന്യൂ അററ്ലാൻറിസിന്റെ “സന്തുഷ്ടവും തഴച്ചുവളരുന്നതുമായ എസ്റേറററിനെ”ക്കുറിച്ചു വിവരിക്കുന്നതിലും. നൂററാണ്ടുകളുടെ പ്രയാണത്തിൽ എല്ലാത്തരം ചിന്തകൻമാരും (വിശ്വാസികളായിരുന്നാലും അല്ലെങ്കിലും) ഒട്ടനവധി സങ്കൽപ്പലോകങ്ങളെക്കുറിച്ചു വർണിച്ചു. എന്നിരുന്നാലും, അവയിൽ അൽപ്പമെങ്കിലും ഗൗരവശ്രദ്ധ നൽകപ്പെട്ടതു ചുരുക്കം ചിലതിനു മാത്രമായിരുന്നു.
തങ്ങളുടെ സ്വന്തം സങ്കൽപ്പലോകങ്ങൾ പടുത്തുയർത്താൻ ശ്രമിച്ചവർപോലും ഉണ്ടായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, ന്യൂ ഹാർമണി എന്നു താൻ നാമകരണം ചെയ്ത ഒരു ഗ്രാമത്തിൽ തന്റെ സങ്കൽപ്പലോക ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിന് യു.എസ്.എ.യിലെ ഇഡ്യാനയിലേക്കു കുടിയേറിപ്പാർക്കാൻ 1824-ൽ ധനാഢ്യനായ റോബർട്ട് ഓവൻ എന്ന ഇംഗ്ലീഷുകാരൻ തീരുമാനിച്ചു. ശരിയായ അവസ്ഥകളിൻ കീഴിൽ ആളുകൾ മെച്ചപ്പെടുമെന്നു ബോധ്യം വന്ന അദ്ദേഹം സൻമാർഗബോധമുള്ള ഒരു പുതിയ ലോകമെന്നു താൻ ദർശിച്ച ലോകം സ്ഥാപിക്കാൻ കഠിനശ്രമം ചെയ്തുകൊണ്ട് ഏറെക്കുറെ തന്റെ വിഭവങ്ങൾ മുഴുവനും ചെലവഴിച്ചു. എന്നാൽ, പുതിയ മനുഷ്യരെ വാർത്തെടുക്കാൻ പുതിയ ജീവിതാവസ്ഥകൾ മാത്രം മതിയാകില്ല എന്നാണു ഫലങ്ങൾ പ്രകടമാക്കിയത്.
സ്വപ്നപറുദീസ ഭൂമിയിൽ കൈവരുത്താൻ തന്റെ സ്വന്തം അറിവിനും സത്യം എന്തെന്നതു സംബന്ധിച്ച സ്വകീയ ബോധ്യത്തിനും അനുസരണമായി മനുഷ്യൻ ലോകത്തിനു രൂപഭാവം നൽകണം എന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളും അനുശാസിക്കുന്നു. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, അത്തരം അഭിലാഷങ്ങളെ യാഥാർഥ്യമാക്കാനുള്ള ഉദ്യമങ്ങൾ യുദ്ധങ്ങളിലും വിപ്ലവങ്ങളിലുമാണു കലാശിച്ചിട്ടുള്ളത്. അത്തരത്തിൽ പെട്ടവയാണ് 1789-ലെ ഫ്രഞ്ച് വിപ്ലവവും 1917-ലെ ബോൾഷേവിക് വിപ്ലവവും. പറുദീസ അവസ്ഥകൾ കൈവരുത്തുന്നതിനു പകരം ഈ ശ്രമങ്ങൾ മിക്കപ്പോഴും വർധിച്ച വേദനയിലേക്കും കഷ്ടപ്പാടിലേക്കുമാണു നയിച്ചിട്ടുള്ളത്.
അഭിലാഷങ്ങൾ, ആസൂത്രണങ്ങൾ, സങ്കൽപ്പലോകങ്ങൾ, അവ യാഥാർഥ്യമാക്കാനുള്ള ഉദ്യമങ്ങൾ—അത് ഒന്നിനു പിന്നാലെ മറെറാന്നായി വിഫലതയുടെ ഒരു കഥയാണ്. ഈ കാലത്ത്, “മായികലോക സങ്കൽപ്പങ്ങളില്ലാതെ ജീവിച്ചു” പഠിക്കാൻ നമ്മെ ക്ഷണിച്ചുകൊണ്ട് “തകർന്നടിഞ്ഞ സ്വപ്ന”ത്തെക്കുറിച്ചും “സങ്കൽപ്പലോകങ്ങളുടെ യുഗാന്ത്യ”ത്തെക്കുറിച്ചും ചിലർ സംസാരിക്കുന്നുണ്ട്. ഒരു മെച്ചപ്പെട്ട ലോകം കാണാമെന്നുള്ള എന്തെങ്കിലുമൊരു പ്രത്യാശയുണ്ടോ, അതോ അതു വെറുമൊരു സ്വപ്നമായി അവശേഷിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണോ?
ക്രിസ്ത്യാനികളും ഒരു മെച്ചപ്പെട്ട ലോകവും
പുതിയ ലോകം നിശ്ചയമായും ഒരു സ്വപ്നമല്ല—അത് ഉറപ്പുള്ള ഒരു പ്രത്യാശയാണ്! ഇപ്പോഴത്തെ ലോകം സാധ്യമായ ഏററവും നല്ല ലോകമല്ല എന്നു ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തുവിന് അറിയാമായിരുന്നു. സൗമ്യപ്രകൃതമുള്ളവർ ഭൂമിയെ അവകാശമാക്കുമെന്നും അവിടെ ദൈവേഷ്ടം നടക്കുമെന്നും അവിടുന്ന് പഠിപ്പിച്ചു. (മത്തായി 5:5; 6:9, 10) ഈ ലോകത്തെ ദൈവത്തിന്റെ ശത്രുവായ പിശാചായ സാത്താനാണു നിയന്ത്രിക്കുന്നതെന്നും മനുഷ്യവർഗം അനുഭവിക്കുന്ന അനവധി കഷ്ടങ്ങളുടെ പ്രമുഖ കാരണം ഇതാണെന്നും യേശുവിനും ശിഷ്യൻമാർക്കും അറിയാമായിരുന്നു. (യോഹന്നാൻ 12:31; 2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19; വെളിപ്പാടു 12:12) സമാധാനത്തെയും നീതിയെയും സ്നേഹിക്കുന്നവരെക്കൊണ്ടു ഭൂമിയെ അധിവസിപ്പിക്കുന്നതിനുവേണ്ടി യുദ്ധങ്ങളിൽനിന്നും വേദനയിൽനിന്നും രോഗത്തിൽനിന്നും അതിനെ എല്ലാക്കാലത്തേക്കുമായി ദൈവം വിമുക്തമാക്കുന്ന ദിവസത്തിനുവേണ്ടി വിശ്വസ്തരായ യഹൂദൻമാർ നോക്കിപ്പാർത്തിരുന്നു. അതേ വിധത്തിൽ, ഇപ്പോഴത്തെ ലോകം മാറി ‘പുതിയ ആകാശവും പുതിയ ഭൂമിയും’ ആയ പുതിയവ്യവസ്ഥിതി പകരം സ്ഥാപിക്കപ്പെടുന്നതു കാണാൻ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ വിശ്വാസപൂർവം കാത്തിരുന്നു.—2 പത്രൊസ് 3:13; സങ്കീർത്തനം 37:11; 46:8, 9; യെശയ്യാവു 25:8; 33:24; 45:18; വെളിപ്പാടു 21:1.
യേശുക്രിസ്തു ദണ്ഡനസ്തംഭത്തിൽ തൂങ്ങിക്കിടന്നപ്പോൾ ഒരളവുവരെ തന്നിൽ വിശ്വാസം പ്രകടമാക്കിയ ഒരു ദുഷ്പ്രവൃത്തിക്കാരനോടു ഒരു മെച്ചപ്പെട്ട ലോകത്തെക്കുറിച്ചുള്ള വാഗ്ദത്തം ആവർത്തിച്ചു. “[യേശു] അയാളോടു പറഞ്ഞു: ‘ഞാൻ ഇന്ന്, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും എന്നു സത്യമായി നിന്നോടു പറയുന്നു.’” (ലൂക്കോസ് 23:40-43, NW) ആ വാക്കുകളുടെ അർഥം എന്താണന്നാണ് ആ ദുഷ്പ്രവൃത്തിക്കാരൻ മനസ്സിലാക്കിയത്? ചില കത്തോലിക്ക, പ്രൊട്ടസ്ററൻറ് ബൈബിൾ ഭാഷാന്തരങ്ങൾ അർഥമാക്കുന്നതായി തോന്നുന്നതുപോലെ ആ ദിവസംതന്നെ ദുഷ്പ്രവൃത്തിക്കാരൻ ‘അവിടുത്തോടൊത്ത്’ സ്വർഗത്തിൽ പോകുകയായിരുന്നുവെന്നു യേശു സൂചിപ്പിച്ചോ? ഇല്ല, യേശു അർഥമാക്കിയത് അതായിരുന്നില്ല, കാരണം തന്റെ പുനരുത്ഥാനശേഷം, ‘താൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയിട്ടില്ല’ എന്ന് യേശു മഗ്ദലന മറിയയോടു പറഞ്ഞു. (യോഹന്നാൻ 20:11-18) പെന്തെക്കോസ്തിനു മുമ്പു മൂന്നര വർഷത്തോളം യേശുവിനാൽ പഠിപ്പിക്കപ്പെട്ട അപ്പോസ്തലൻമാർപോലും ഒരു സ്വർഗീയ പറുദീസയെക്കുറിച്ചു ചിന്തിച്ചില്ല. (പ്രവൃത്തികൾ 1:6-11) അക്കാലത്തു ജീവിച്ചിരുന്ന ബഹുഭൂരിപക്ഷം യഹൂദൻമാർ മനസ്സിലാക്കുമായിരുന്നതു തന്നെയാണ് ആ ദുഷ്പ്രവൃത്തിക്കാരനും മനസ്സിലാക്കിയത്: ഒരു പറുദീസാ ഭൂമിയിൽ വരാനിരിക്കുന്ന മെച്ചപ്പെട്ട ലോകത്തെക്കുറിച്ച് യേശു വാഗ്ദത്തം ചെയ്യുകയായിരുന്നു. ഒരു ജർമൻ പണ്ഡിതൻ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “മരണാനന്തര പ്രതിഫലത്തെ സംബന്ധിച്ച പഠിപ്പിക്കൽ പഴയ നിയമത്തിൽ കാണാനേയില്ല.”
നമ്മുടെ ഭൂമിയിൽ ഒരു പറുദീസ വരുമെന്നുള്ളതിന് എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ അപ്പോസ്തലനായ പൗലോസ് സാക്ഷ്യം വഹിക്കുന്നു. ‘യേശുക്രിസ്തു പ്രഖ്യാപിച്ച മഹത്തായ രക്ഷയെ അവഗണിക്കരുതെന്നു’ തന്റെ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചപ്പോൾ, “ഭാവിലോക”ത്തിൻമേലുള്ള (“വരുവാനിരിക്കുന്ന നിവസിത ഭൂമി [ഗ്രീക്ക്, ഓയ്ക്കോമിനെ],” NW) അധികാരം യഹോവയാം ദൈവം യേശുവിനു നൽകിയതായി പൗലോസ് സ്ഥിരീകരിക്കുന്നു. (ഹെബ്രായർ 2:3, 5, പി.ഒ.സി. ബൈബിൾ) ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഓയ്ക്കോമിനെ എന്ന പദപ്രയോഗം മനുഷ്യർ അധിവസിക്കുന്ന ഭൂമിയെയാണ് എല്ലായ്പോഴും പരാമർശിക്കുന്നത്, അല്ലാതെ ഒരു സ്വർഗീയ ലോകത്തെയല്ല. (മത്തായി 24:14; ലൂക്കൊസ് 2:1; 21:26; പ്രവൃത്തികൾ 17:31 താരതമ്യം ചെയ്യുക.) അതുകൊണ്ട് ക്രിസ്തുയേശു ഭരിക്കുന്ന ദൈവരാജ്യം നിവസിത ഭൂമിയുടെമേൽ അധീശത്വം പുലർത്തും. അതു തീർച്ചയായും ജീവിക്കുന്നതിന് ഏററവും ഉത്തമമായ ഒരു സ്ഥലമായിരിക്കും!
ആ രാജ്യം അതിൽത്തന്നെ സ്വർഗീയമാണെങ്കിൽപ്പോലും അതു ഭൂമിയിലെ കാര്യങ്ങളിൽ ഇടപെടും. ഫലങ്ങൾ എന്തായിരിക്കും? വൈകല്യങ്ങൾ, ക്രൂരതകൾ, ദാരിദ്ര്യം, മരണം തുടങ്ങിയ കാര്യങ്ങൾ വിദൂര സ്മരണകളായിത്തീരും. വിഫലതാബോധവും അതൃപ്തിയും പോലും പോയ്മറയും. (വെളിപ്പാടു 21:3-5) ‘ദൈവം തന്റെ കൈ തുറന്ന് ജീവനുള്ള സകലത്തിന്റെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തുമെന്നു’ ബൈബിൾ പറയുന്നു. (സങ്കീർത്തനം 145:16, NW) തൊഴിലില്ലായ്മ, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾക്കു സ്ഥായിയായ പ്രായോഗിക പരിഹാരം കണ്ടിരിക്കും. (യെശയ്യാവു 65:21-23; വെളിപ്പാടു 11:18) എല്ലാററിനുമുപരി, ദൈവാനുഗ്രഹത്താൽ സത്യവും നീതിയും സമാധാനവും—ഏറെക്കുറെ തിരോഭവിച്ചതായി തോന്നുന്ന ഗുണങ്ങൾ—വിജയിക്കും!—സങ്കീർത്തനം 85:7-13; ഗലാത്യർ 5:22, 23.
ഇതെല്ലാം ഒരു സ്വപ്നമോ സങ്കൽപ്പമോ ആണോ? അല്ല, നാം ജീവിക്കുന്ന ഏററവും ദുർഘടമായ ഈ കാലം, ഈ ലോകത്തിന്റെ “അന്ത്യകാല”ത്താണു നാം ജീവിക്കുന്നതെന്നും അതുകൊണ്ട് പുതിയ ലോകം സമീപമാണെന്നും പ്രകടമാക്കുന്നു. (2 തിമൊഥെയൊസ് 3:1-5) അവിടെ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ട് അത് എങ്ങനെ സാധ്യമാകുമെന്നു മനസ്സിലാക്കുക. ഒരു മെച്ചപ്പെട്ട ലോകം സമീപമാണ്, നാം സ്വപ്നം കണ്ടിട്ടുള്ള ഏതു ലോകത്തെക്കാളും വളരെ മെച്ചപ്പെട്ടതാണ് അത്. അതൊരു സങ്കൽപ്പലോകമല്ല—യാഥാർഥ്യമാണ്!
[7-ാം പേജിലെ ചിത്രം]
ഒരു മെച്ചപ്പെട്ട ലോകം—ഉടൻ ഒരു യാഥാർഥ്യം