ആശ്രയയോഗ്യമായ മാർഗനിർദേശം നിങ്ങൾക്ക് എവിടെ കണ്ടെത്താം?
“യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. യഹോവേ, . . . എന്നെ . . . ശിക്ഷിക്കേണമേ.”—യിരെമ്യാവു 10:23, 24.
ഏതാണ്ട് 25 നൂററാണ്ടുകൾക്കു മുമ്പ് ബൈബിൾ എഴുത്തുകാരനായ യിരെമ്യാവ് ആ വാക്കുകൾ എഴുതി. മാനുഷ മാർഗനിർദേശത്തിന്റെ ആയിരക്കണക്കിനുവർഷങ്ങളിലെ ബാധകമാക്കലിനുശേഷമുള്ള ശോചനീയ അവസ്ഥ ഈ പ്രസ്താവനയുടെ സത്യതയെ അനിഷേധ്യം തെളിയിക്കുന്നു. എന്നാൽ ‘നമുക്ക് ആശ്രയയോഗ്യമായ മാർഗനിർദേശം എവിടെ കണ്ടെത്താനാവും’ എന്നു നിങ്ങൾ ചോദിച്ചേക്കാം.
മുകളിൽ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്ത് വിശ്വസനീയമായ മാർഗദർശനത്തിന്റെയും മനുഷ്യന്റേതിനെക്കാൾ വളരെ ശ്രേഷ്ഠമായ മാർഗനിർദേശത്തിന്റെയും ഉറവിലേക്കു വിരൽ ചൂണ്ടുന്നു—മമനുഷ്യന്റെ നിർമാതാവായ യഹോവയാം ദൈവമാണത്. മമനുഷ്യന്റെ ഘടനയെക്കുറിച്ചും അവന്റെ ആവശ്യങ്ങളെക്കുറിച്ചും നമ്മുടെ സ്രഷ്ടാവിനെക്കാളധികം ആർക്കും അറിഞ്ഞുകൂടാ എന്നതു തീർച്ചയാണ്. എന്നാൽ, അത്തരം മാർഗനിർദേശവും മാർഗദർശനവും പ്രദാനം ചെയ്യുന്നതിൽ ദൈവം തത്പരനാണോ? അവിടുന്ന് അത് എപ്രകാരമാണു ചെയ്യുന്നത്? അതു നമ്മുടെ നാളുകളിൽ പ്രായോഗികമാണോ?
ദിവ്യ മാർഗനിർദേശം കൈക്കൊള്ളാൻ നിർമിക്കപ്പെട്ടിരിക്കുന്നു
മനുഷ്യനെ മൃഗങ്ങളിൽനിന്നു വേർപെടുത്തുന്ന ഒരു മുഖ്യമായ വ്യത്യാസം മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളിലും ഘടനയിലും പ്രാപ്തിയിലും കേന്ദ്രീകൃതമായിരിക്കുന്നുവെന്നതു സുവിദിതമാണ്. മൃഗങ്ങളിൽ മസ്തിഷ്കപരമായ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളുംതന്നെ സഹജജ്ഞാനം എന്നു വിളിക്കപ്പെടുന്ന ഒന്നിൽ സംവിധാനം ചെയ്യപ്പെട്ടിരിക്കയാണ്. മനുഷ്യരുടെ കാര്യത്തിൽ സംഗതി ഇതല്ല.—സദൃശവാക്യങ്ങൾ 30:24-28.
മൃഗങ്ങളുടെ മസ്തിഷ്കങ്ങളിൽനിന്നു വ്യത്യസ്തമായി നിശ്ചിത പ്രോഗ്രാം കൂടാതെയാണത്രേ മനുഷ്യ മസ്തിഷ്കത്തിന്റെ വലിയോരു ഭാഗം സ്ഥിതിചെയ്യുന്നത്. ദൈവം മനുഷ്യർക്ക് ഇച്ഛാസ്വാതന്ത്ര്യത്തിനുള്ള പ്രാപ്തി നൽകി. അത് ബുദ്ധിപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതിനും സ്നേഹം, മഹാമനസ്കത, നിസ്വാർഥത, നീതി, ജ്ഞാനം എന്നിങ്ങനെ ശ്രേഷ്ഠമായ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു.
അത്തരം മാനസിക പ്രാപ്തികൾ ഏററവും നല്ലരീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നതിനുവേണ്ട ഏതെങ്കിലുംതരത്തിലുള്ള മാർഗനിർദേശം നൽകാതെ ദൈവം മനുഷ്യനെ സൃഷ്ടിക്കുമെന്നു ചിന്തിക്കുന്നതു യുക്തിയാണോ? ദൈവം ആദ്യമനുഷ്യർക്കു സ്പഷ്ടമായ മാർഗനിർദേശം നൽകി. (ഉല്പത്തി 2:15-17, 19; 3:8, 9) പാപത്തിലേക്കുള്ള മമനുഷ്യന്റെ വീഴ്ചക്കുശേഷംപോലും യഹോവ വിശ്വസ്തരായ പുരുഷൻമാരെയും സ്ത്രീകളെയും തുടർന്നു നയിച്ചുപോന്നിരിക്കുന്നു, വിശേഷിച്ചും, തന്റെ നിശ്വസ്ത വചനമായ ബൈബിളിലൂടെ. (സങ്കീർത്തനം 119:105) ഇത് തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ബുദ്ധിപൂർവം ഉപയോഗിച്ചുകൊണ്ടു ജീവിതത്തിന്റെ ദൈനംദിന പ്രശ്നങ്ങളെ വിജയപൂർവം നേരിടാൻ മനുഷ്യർക്ക് ഇടനൽകിയിരിക്കുന്നു.
ബൈബിളിന്റെ ദിവ്യ ഗ്രന്ഥകർത്തൃത്വം
ബൈബിളിനെ മാർഗനിർദേശത്തിന്റെ ഒരു ആശ്രയയോഗ്യമായ ഉറവിടമാക്കിത്തീർക്കുന്നത് എന്താണ്? സൃഷ്ടികർത്താവിനു മാത്രം പ്രദാനം ചെയ്യാനാകുന്ന വിവരങ്ങൾ അത് അവതരിപ്പിക്കുന്നുവെന്നതാണ് ഒരു സംഗതി. മനുഷ്യജീവിതം തുടങ്ങുന്നതിനു വളരെ മുമ്പുള്ള സംഭവങ്ങളുടെ ചരിത്രം അതു രേഖപ്പെടുത്തുന്നു. ദൃഷ്ടാന്തത്തിന്, മനുഷ്യജീവൻ നിലനിർത്താൻ അനുയോജ്യമാംവിധം ഭൂമി എങ്ങനെ യഥാക്രമമായി തയ്യാറാക്കപ്പെട്ടുവെന്നുള്ളതിന്റെ ചരിത്രം അതു പ്രദാനം ചെയ്യുന്നു. (ഉല്പത്തി 1-ഉം 2-ഉം അധ്യായങ്ങൾ) ഇതു ബൈബിളിൽ 3,000-ത്തിലേറെ വർഷങ്ങൾക്കു മുമ്പു രേഖപ്പെടുത്തിയതാണെങ്കിൽപ്പോലും ആധുനിക ശാസ്ത്രീയ സങ്കൽപ്പങ്ങളുമായി ഇതു ചേർച്ചയിലാണ്.
ഭൂമി ഉരുണ്ടതാണെന്നു മനുഷ്യവർഗം മൊത്തത്തിൽ അംഗീകരിക്കുന്നതിനു വളരെ മുമ്പു ബൈബിൾ ഇപ്രകാരം പ്രഖ്യാപിച്ചു: “ഉത്തരദിക്കിനെ [ദൈവം] ശൂന്യത്തിൻമേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിൻമേൽ തൂക്കുന്നു.” (ഇയ്യോബ് 26:7) കൂടാതെ, “അവൻ ഭൂമണ്ഡലത്തിൻമീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു” എന്നു ബൈബിൾ വെളിപ്പെടുത്തുന്നു. (യെശയ്യാവു 40:22) സ്രഷ്ടാവായ ദൈവത്തിനുമാത്രമേ ഈ വിശദാംശം പ്രദാനം ചെയ്യാനാകുമായിരുന്നുള്ളൂ.
വരാൻപോകുന്ന കാര്യങ്ങളെ മുൻകൂട്ടിക്കാണുന്നതിനുള്ള കഴിവ് മനുഷ്യർക്കു നൽകിയിട്ടുള്ള ഒരു ദാനമല്ല. മറിച്ച്, ബൈബിളിന്റെ താളുകളിലൂടെ സ്രഷ്ടാവ് ഭാവി മുൻകൂട്ടിപ്പറയുന്നു. “ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല, ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു” എന്നു തന്നേക്കുറിച്ച് എഴുതുവാൻ പ്രവാചകനായ യശയ്യാവിനെ ദൈവം നിശ്വസ്തനാക്കി.—യെശയ്യാവു 46:9, 10.
ബൈബിളിന് ആരംഭത്തിങ്കൽത്തന്നെ അവസാനവും വിസ്മയാവഹമായ കൃത്യതയോടെ മുൻകൂട്ടിപ്പറയാനാകുമെന്ന് അതു പ്രകടമാക്കിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, മാനവ ചരിത്രത്തിന്റെ ആയിരക്കണക്കിനുവർഷങ്ങളിലെ പ്രധാന ലോകശക്തികളുടെ ഉത്ഭവവും വീഴ്ചയും സ്വഭാവവിശേഷങ്ങളും അതു മുൻകൂട്ടിപ്പറഞ്ഞു. ശ്രദ്ധേയമായ ഈ പ്രവചനങ്ങൾ അവ നിവർത്തിയാകുന്നതിനു നൂററാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ടതാണ്. ചില പ്രവചനങ്ങൾ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് എഴുതപ്പെട്ടു. അങ്ങനെ ബൈബിൾ ആധുനിക നാളിലെ സംഭവങ്ങളും അവയുടെ അന്തിമ ഫലവും കൃത്യതയോടെ മുൻകൂട്ടിപ്പറയുന്നു. അർമഗെദോനിൽ, “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിൽ അപൂർണ മനുഷ്യനിർമിത ഗവൺമെൻറുകൾ നശിക്കുമ്പോൾ അതിജീവനത്തിനുള്ള മാർഗം ചൂണ്ടിക്കാട്ടുന്നുവെന്ന കാരണത്താലും ബൈബിൾ അനന്യമാണ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ കരങ്ങളിലുള്ള ദൈവരാജ്യം ആ മഹത്തായ വേല നിർവഹിക്കും.—വെളിപ്പാടു 16:14, 16; 17:9-18; ദാനീയേൽ 2-ഉം 8-ഉം അധ്യായങ്ങൾ.
എല്ലായ്പോഴും പ്രയോജനകരം—ഒരിക്കലും ദ്രോഹകരമല്ല
വെറും മനുഷ്യജ്ഞാനം അപൂർണമാണ്; അതുകൊണ്ട്, മനുഷ്യ ബുദ്ധ്യുപദേശം നല്ല ഉദ്ദേശ്യത്തോടെ നൽകപ്പെടുന്നുവെങ്കിൽപ്പോലും എല്ലായ്പോഴും പ്രയോജനപ്രദമല്ല. ബൈബിൾ ബുദ്ധ്യുപദേശത്തിന്റെ സംഗതിയിൽ സ്ഥിതി അതല്ല. “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു” എന്നു ദൈവംതന്നെ അരുളിച്ചെയ്യുന്നു.—യെശയ്യാവു 48:17, 18.
ജീവിതത്തിൽ മുൻഗണനകൾ വയ്ക്കുന്നതിനും ശ്രേഷ്ഠമായ മൂല്യങ്ങളോടു പററിനിൽക്കുന്നതിനും ദിവ്യ മാർഗനിർദേശം നമ്മെ സഹായിക്കുന്നു. ആധുനിക സമുദായം ഭൗതിക നേട്ടങ്ങൾക്കും ലക്ഷ്യങ്ങൾക്കും ഊന്നൽ കൊടുക്കുമ്പോൾ, “കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്ക്കാലികം, കാണാത്തതോ നിത്യം” എന്ന വസ്തുത നമുക്ക് എത്ര മൂല്യവത്താണ് എന്നു ബൈബിൾ ഊന്നിപ്പറയുന്നു. (2 കൊരിന്ത്യർ 4:18) ഇങ്ങനെ, ജീവിതത്തിൽ ഏററവും നല്ല ലാക്കുകൾ വെക്കുവാൻ, അതായത്, ദൈവഹിതം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ആത്മീയ ലാക്കുകളും നീതിയുള്ള പുതിയ വ്യവസ്ഥിതിയിൽ നിത്യജീവൻ നേടുക എന്ന ആത്യന്തികമായ ലാക്കും വെക്കുവാൻ നാം പ്രോത്സാഹിക്കപ്പെടുകയാണ്.
ഉന്നതമായ ഈ ലാക്കുകൾ പിന്തുടരുവാൻ ക്രിസ്ത്യാനി പ്രയത്നിക്കുമളവിൽ ഈ ദുഷ്ട വ്യവസ്ഥിതിയിൽ സാധ്യമായ ഏററവും നല്ല ജീവിതം നയിക്കുവാൻ ബൈബിളിന്റെ ബുദ്ധ്യുപദേശങ്ങൾ അയാളെ സഹായിക്കുന്നു. ആധുനിക മാനുഷ ജ്ഞാനം, അല്പം വേല ചെയ്ത് അധികം കൂലിവാങ്ങാനുള്ള തത്ത്വശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പ്രേരണചെലുത്തുന്നു. മറിച്ച്, “മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു” എന്നു ബൈബിൾ പറയുന്നു. “സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു” എന്നു പൗലോസ് എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതി.—സദൃശവാക്യങ്ങൾ 10:4; എബ്രായർ 13:18.
കുടുംബ ക്രമീകരണത്തിനുവേണ്ട പ്രായോഗിക ബുദ്ധ്യുപദേശവും ബൈബിൾ നൽകുന്നു. വിവാഹക്രമീകരണത്തിൽ ഭർത്താവിന്റെയും ഭാര്യയുടെയും പങ്കിനെക്കുറിച്ചും മക്കളെ വളർത്തുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനുമുള്ള ശരിയായ വിധത്തെക്കുറിച്ചും അതു പ്രത്യേകമായി സമർഥിക്കുന്നു. “ഭർത്താക്കൻമാർ സ്വന്തം ശരീരത്തെ എന്നപോലെ, ഭാര്യമാരെ സ്നേഹിക്കണം. . . . ഭാര്യ ഭർത്താവിനെ ആദരിക്കണം. മക്കളേ, കർത്താവിൽ മാതാപിതാക്കളെ അനുസരിക്കുക. പിതക്കൻമാരേ, നിങ്ങളുടെ മക്കളെ നിങ്ങൾ പ്രകോപിപ്പിക്കരുത്; കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും അവരെ വളർത്തുക” എന്ന് അതു പറയുന്നു. സൃഷ്ടികർത്താവിന്റെ ശ്രേഷ്ഠമായ ഉപദേശം പിൻപററുന്നത് കുടുംബത്തിൽ സ്ഥിരതയും സന്തുഷ്ടിയും ഗണ്യമായ അളവിൽ പ്രദാനംചെയ്യും.—എഫേസോസുകാർ 5:21–6:4, ഓശാന ബൈബിൾ.
ദൈവത്തിന്റെ മാർഗനിർദേശം പിന്തുടരുന്നവർക്ക് ഒരു സുരക്ഷിത ഭാവി
മനുഷ്യവർഗത്തിന്റെ സകല പ്രശ്നങ്ങൾക്കുമുള്ള ദൈവത്തിന്റെ പരിഹാരമെന്തെന്ന് ദൈവത്തിന്റെ ലിഖിത വചനം ചൂണ്ടിക്കാട്ടുന്നു. വളരെ പെട്ടെന്നു യഹോവയാം ദൈവം ഇപ്പോഴത്തെ വ്യവസ്ഥിതിയെ അതിന്റെ സകലവിധ വേദനയും അനീതിയും കഷ്ടതയും സഹിതം തുടച്ചുമാററി അതിനുപകരം പുതിയ വ്യവസ്ഥിതി സ്ഥാപിക്കും. ബൈബിൾ ഇതു 2 പത്രൊസ് 3:7-10-ൽ വർണിക്കുന്നു, 13-ാം വാക്യം പിൻവരുന്നപ്രകാരം കൂട്ടിച്ചേർക്കുന്നു: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” മനുഷ്യവർഗത്തിനു ലഭ്യമാകുന്ന ഏററവും നല്ല സുവാർത്തയായി ഇതു സ്ഥാനം പിടിച്ചിരിക്കുന്നു. ബൈബിൾ അവതരിപ്പിക്കുന്നതും യഹോവയുടെ സാക്ഷികൾ 200-ലധികം രാജ്യങ്ങളിലും സമുദ്ര ദ്വീപുകളിലും പ്രസംഗിക്കുന്നതുമായ കൃത്യമായ സന്ദേശവും ഇതുതന്നെയാണ്.
മുഴുഭൂമിയിലും ദൈവത്തിന്റെ ഹിതം ചെയ്യപ്പെടുമ്പോൾ സ്രഷ്ടാവായ ദൈവത്തിന്റെ അതിശ്രേഷ്ഠമായ മാർഗനിർദേശം പിൻപററുന്നതിൽനിന്നു മുഴു മനുഷ്യകുടുംബവും പ്രയോജനമനുഭവിക്കും. ഭക്ഷ്യക്ഷാമം, കുററകൃത്യങ്ങൾ, മയക്കുമരുന്നുകൾ എന്നിവ വീണ്ടും ഒരിക്കലും അവിടെ ഉണ്ടായിരിക്കുകയില്ല. രോഗം, വാർധക്യം, മരണം എന്നിവ മനുഷ്യവർഗത്തെ മേലാൽ ഒരിക്കലും ബാധിക്കുകയില്ല. നമ്മുടെ ആദ്യ മാതാപിതാക്കൾ മത്സരിക്കുന്നതിനുമുമ്പ് അവർക്കുണ്ടായിരുന്ന പൂർണതയിലേക്കു മനുഷ്യവർഗം ഉയർത്തപ്പെടും.
ദിവ്യ മാർഗനിർദേശത്തിൽ തങ്ങളുടെ ആശ്രയം വയ്ക്കുന്ന ആളുകളുടെ അവസ്ഥയെക്കുറിച്ചു ബൈബിളിലെ അവസാനത്തെ പുസ്തകം എത്ര നന്നായി സംക്ഷേപിച്ചുപറയുന്നു! വെളിപ്പാടു 21:4, 5 പറയുന്നു: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” “ഇതാ, ഞാൻ സകലവും പുതുതാക്കുന്നു” എന്നു പറഞ്ഞുകൊണ്ടു നമ്മുടെ സ്രഷ്ടാവ് അതിന് ഉറപ്പുനൽകുന്നു. “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു” എന്ന് അവിടുന്ന് കൂട്ടിച്ചേർക്കുന്നു.
നാം ഈ അനുഗ്രഹങ്ങൾ പ്രാപിക്കാൻതക്കവണ്ണം ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതെന്താണ്? ദൈവം “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു. (1 തിമൊഥെയൊസ് 2:4) ബൈബിളിന്റെ സമൂല പഠനത്തിലൂടെ സത്യത്തിന്റെ ആ സൂക്ഷ്മ പരിജ്ഞാനം നേടിയെടുക്കാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ആത്മാർഥമായി ക്ഷണിക്കുന്നു. ദിവ്യഹിതത്തെക്കുറിച്ചു ശുഷ്കാന്തിയോടെ പഠിക്കുമ്പോൾ ദിവ്യ ജ്ഞാനമാണ് ആപത്കരമായ ഈ കാലങ്ങളിൽ ആശ്രയയോഗ്യമായ ഒരേ ഒരു മാർഗനിർദേശമെന്നു നിങ്ങൾക്കും അനുഭവത്തിലൂടെ കണ്ടെത്താവുന്നതാണ്. കാലത്തിന്റെ അടിയന്തിരത അതു പിന്തുടരുന്നത് എന്നത്തേതിനെക്കാൾ നിർബന്ധിതമാക്കിത്തീർക്കുന്നു!