മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾക്കു വിശേഷവിധമായ ശ്രദ്ധ ആവശ്യമാണ്
“നിന്റെ മക്കൾ നിന്റെ മേശെക്കു ചുററും ഒലിവുതൈകൾപോലെയും ഇരിക്കും.”സങ്കീർത്തനം 128:3.
1. ചെടികൾ വളർത്തുന്നതും കുട്ടികളെ സംരക്ഷിക്കുന്നതും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യാവുന്നതാണ്?
കുട്ടികൾ പലവിധങ്ങളിലും ചെടികളെപ്പോലെ വളർന്നു പുഷ്ടി പ്രാപിക്കുന്നു. അതുകൊണ്ട് ബൈബിൾ ഒരുവന്റെ ഭാര്യയെ “ഫലപ്രദമായ മുന്തിരിവള്ളി” എന്നു വിളിക്കുകയും മക്കളെ “[തന്റെ] മേശെക്കു ചുററും ഒലിവുതൈക”ളോടു സാദൃശ്യപ്പെടുത്തുകയും ചെയ്യുന്നതിൽ അതിശയിക്കാനില്ല. (സങ്കീർത്തനം 128:3) പിഞ്ചു സസ്യങ്ങൾ നട്ടുവളർത്തുന്നത് അത്ര എളുപ്പമല്ലെന്ന് ഒരു കർഷകൻ നിങ്ങളോടു പറയും വിശേഷിച്ചും, കാലാവസ്ഥയും മണ്ണും പ്രതികൂലമായ ഒരു സാഹചര്യത്തിലായിരിക്കുമ്പോൾ. അതേപോലെതന്നെ, ദുർഘടമായ ഈ “അന്ത്യകാലത്തു” നന്നായി പെരുമാറാൻ പഠിച്ച ദൈവഭയമുള്ള യുവാക്കളായി കുട്ടികളെ വളർത്തിക്കൊണ്ടുവരുകയെന്നതു വളരെ പ്രയാസകരമായ സംഗതിയാണ്.—2 തിമൊഥെയൊസ് 3:1-5.
2. ഒരു നല്ല വിളവെടുപ്പിനു മിക്കപ്പോഴും എന്താണ് ആവശ്യമായിരിക്കുന്നത്?
2 കർഷകന് ഒരു നല്ല വിളവെടുപ്പു ലഭിക്കുന്നതിനു ഫലഭൂയിഷ്ഠമായ മണ്ണ്, സൂര്യപ്രകാശം, വെള്ളം എന്നിവ ആവശ്യമാണ്. കൃഷിചെയ്യുകയും കളപറിക്കയും ചെയ്യുന്നതിനുപുറമേ ചെടിയെ കീടങ്ങളിൽനിന്നും മററു രോഗബാധയിൽനിന്നും സംരക്ഷിക്കാൻ ക്രമീകരണം ചെയ്യേണ്ടതും ആവശ്യമായിട്ടുണ്ട്. വളരുന്നഘട്ടംമുതൽ വിളവെടുപ്പുവരെ അയാൾക്ക് അനേകം പ്രശ്നങ്ങളെ നേരിടേണ്ടതായി വന്നേക്കാം. വിളവ് മോശമായിത്തീരുന്നത് എത്ര സങ്കടകരമായ സംഗതിയാണ്! എന്നാൽ, കഠിനാധ്വാനത്തിനുശേഷമുള്ള ഒരു നല്ല വിളവെടുപ്പ് ഒരു കർഷകനെ എത്ര സംതൃപ്തനാക്കും!—യെശയ്യാവു 60:20-22; 61:3.
3. പ്രാധാന്യത്തിന്റെ കാര്യത്തിൽ ചെടികളെയും കുട്ടികളെയും എങ്ങനെ താരതമ്യം ചെയ്യാവുന്നതാണ്, എപ്രകാരമുള്ള ശ്രദ്ധയാണു കുട്ടികൾക്കു ലഭിക്കേണ്ടത്?
3 വിജയപ്രദവും ഫലദായകവുമായ മനുഷ്യ ജീവിതം ഒരു കർഷകന്റെ വിളവെടുപ്പിനെക്കാൾ തീർച്ചയായും വിലയേറിയതാണ്. അതുകൊണ്ട് ഒരു കുട്ടിയെ വിജയപ്രദമായ രീതിയിൽ വളർത്തിയെടുക്കാൻ സമൃദ്ധമായ വിളവെടുപ്പിന് വേണ്ടതിനെക്കാൾ കൂടുതൽ സമയവും ശ്രമങ്ങളും ആവശ്യമായിവരുമെന്നതിൽ അതിശയിക്കാനില്ല. (ആവർത്തനപുസ്തകം 11:18-21) ജീവിതമാകുന്ന പൂവാടിയിൽ നട്ടിരിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ സ്നേഹത്തോടെ നനയ്ക്കുകയും പോഷിപ്പിക്കുകയും അതിനുചുററം ഉറപ്പുള്ള വേലികെട്ടുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇങ്ങനെ ചെയ്യുന്നപക്ഷം പുഴുക്കുത്തുപിടിച്ച ധാർമിക നിലവാരങ്ങളുള്ള ഒരു ലോകത്തിൽപോലും അതിന് ആത്മീയമായി പൂത്തുലയുന്നതിനു കഴിയും. എന്നാൽ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ കുട്ടി ആന്തരികമായി ക്ഷയിക്കുന്നതിനും ഒരുപക്ഷേ ആത്മീയമായി മരിക്കുന്നതിനും ഇടയായേക്കാം. (കൊലൊസ്സ്യർ 3:21; താരതമ്യം ചെയ്യുക: യിരെമ്യാവു 2:21; 12:2.) വാസ്തവത്തിൽ, സകല കുട്ടികൾക്കും വിശേഷവിധമായ ശ്രദ്ധ ആവശ്യമാണ്!
ശൈശവംമുതൽ ദിവസേനയുള്ള ശ്രദ്ധ
4. എപ്രകാരമുള്ള ശ്രദ്ധയാണു കുട്ടികൾക്കു “ശൈശവം മുതലേ” ആവശ്യമായിരിക്കുന്നത്?
4 നവജാതശിശുവിനു മാതാപിതാക്കൾ നിതാന്ത ശ്രദ്ധ നൽകേണ്ടതുണ്ട്. എന്നിരുന്നാലും, കുട്ടിക്കു ശാരീരികവും ഭൗതികവുമായ ശ്രദ്ധ മാത്രമേ ദിവസേന ആവശ്യമുള്ളോ? ദൈവത്തിന്റെ സേവകനായിരുന്ന തിമൊഥെയോസിന് അപ്പോസ്തലനായ പൗലോസ് പിൻവരുന്ന പ്രകാരം എഴുതി: “രക്ഷപ്രാപിക്കാൻ നിന്നെ പ്രബോധിപ്പിക്കുന്ന വിശുദ്ധലിഖിതങ്ങൾ ബാല്യം [ശൈശവം, NW] മുതലേ നിനക്കു പരിചയമുണ്ടല്ലോ.” (2 തിമൊ. 3:15, ഓശാന ബൈബിൾ) അതുകൊണ്ട്, മാതാപിതാക്കളിൽനിന്നു ശൈശവംമുതലേ തിമൊഥെയോസിനു ലഭിച്ച സംരക്ഷണം ആത്മീയമായ വിധത്തിലുള്ളതുകൂടി ആയിരുന്നു. എന്നാൽ എപ്പോഴാണു ശൈശവം ആരംഭിക്കുന്നത്?
5, 6. (എ) ഗർഭസ്ഥശിശുക്കളെപ്പററി ബൈബിൾ എന്താണു പറയുന്നത്? (ബി) ഗർഭസ്ഥശിശുക്കളുടെ ക്ഷേമത്തിൽ മാതാപിതാക്കൾ തത്പരരായിരിക്കണമെന്ന് എന്തു സൂചിപ്പിക്കുന്നു?
5 പൗലോസ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം (ബ്രീഫോസ്) ഗർഭസ്ഥശിശുവിനും ഉപയോഗിച്ചിട്ടുണ്ട്. യോഹന്നാൻ സ്നാപകന്റെ അമ്മയായിരുന്ന എലീശബെത്ത് അവളുടെ ബന്ധുവായ മറിയയോട് ഇങ്ങനെ പറഞ്ഞു: “നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള (ബ്രീഫോസ്) എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.” (ലൂക്കൊസ് 1:44) അങ്ങനെ, അജാതരെപ്പോലും ശിശുക്കൾ എന്നു വിളിക്കുന്നു. ഗർഭപാത്രത്തിനു വെളിയിൽ നടക്കുന്ന സംഭവങ്ങളോടു പ്രതികരിക്കാൻ അവർക്കു കഴിയുമെന്നു ബൈബിൾ പ്രകടമാക്കുന്നു. അങ്ങനെയെങ്കിൽ, ഇന്നു മിക്കപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടുന്ന പ്രസവപൂർവ ശുശ്രൂഷയിൽ അജാതശിശുക്കളുടെ ആത്മീയ ക്ഷേമത്തിനാവശ്യമായ ശ്രദ്ധയും ഉൾപ്പെടുത്തേണ്ടതുണ്ടോ?
6 ഇതു പരിചിന്തനാർഹമായ ഒരു സംഗതിയാണ്. കാരണം, അജാതശിശുക്കൾ ശ്രവിക്കുന്ന കാര്യങ്ങൾ അവരെ അനുകൂലമായോ പ്രതികൂലമായോ ബാധിച്ചേക്കാം. ഒരു സംഗീത സംവിധായകൻ പരിശീലനം നടത്തിയിരുന്ന വ്യത്യസ്ത സംഗീത ലയരേഖകൾ, പ്രത്യേകിച്ചും കമ്പിവാദ്യം, അദ്ദേഹത്തിന് അസാധാരണമാംവിധം പരിചയമുള്ളതായി കണ്ടെത്തി. അദ്ദേഹം ഈ സംഗീതരചനയുടെ പേര് കമ്പിവാദ്യക്കാരിയായ അമ്മയോടു സൂചിപ്പിച്ചു. അദ്ദേഹത്തെ ഗർഭിണിയായിരുന്നപ്പോൾ പരിശീലനം ചെയ്തിരുന്ന സംഗീതരചന ഇതുതന്നെയായിരുന്നുവെന്ന് അവർ പ്രത്യുത്തരം നൽകി. സമാനമായി, ഗർഭസ്ഥശിശുക്കളുടെ മാതാക്കൾ പതിവായി ടിവി സോപ്പ് ഓപ്പറകൾ [soap operas] കാണുന്നത് അവരെ പ്രതികൂലമായി ബാധിച്ചേക്കാം. തത്ഫലമായി, ഒരു വൈദ്യശാസ്ത്ര മാസിക “ഭ്രൂണഘട്ടത്തിലെ സോപ്പ് ആസക്തി”യെക്കുറിച്ചു പറഞ്ഞു.
7. (എ) അനേകം മാതാപിതാക്കളും തങ്ങളുടെ അജാതശിശുക്കളുടെ ക്ഷേമത്തിൽ എപ്രകാരമാണു ശ്രദ്ധ നൽകിയിട്ടുള്ളത്? (ബി) ഒരു കുട്ടിക്ക് എന്തെല്ലാം പ്രാപ്തികളുണ്ട്?
7 ശിശുക്കൾക്കു പ്രോത്സാഹജനകമായ പ്രചോദനം നൽകുന്നതിന്റെ പ്രയോജനങ്ങൾ അനേകം മാതാപിതാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട്, കുട്ടി ജനിക്കുന്നതിനുമുമ്പുതന്നെ അനേകം മാതാപിതാക്കൾ അതിനെ വായിച്ചും പാടിയും കേൾപ്പിക്കുകയും അതിനോടു സംസാരിക്കുകയും ചെയ്യാൻ തുടങ്ങുന്നു. നിങ്ങൾക്കും അപ്രകാരം ചെയ്യാവുന്നതാണ്. നിങ്ങളുടെ ശിശുവിനു വാക്കുകൾ മനസ്സിലായെന്നിരിക്കില്ല. എന്നാൽ നിങ്ങളുടെ സാന്ത്വനദായകമായ ശബ്ദത്താലും സ്നേഹപുരസ്സരമായ ഈണത്താലും പ്രയോജനമനുഭവിക്കാൻ അതിന് കഴിഞ്ഞേക്കും. ജനനശേഷം, നിങ്ങൾ വിചാരിക്കുന്നതിലും നേരത്തെ കുട്ടി നിങ്ങളുടെ ശബ്ദം തിരിച്ചറിയാൻ തുടങ്ങും. നിരന്തരം ശ്രവിക്കുന്നതിന്റെ ഫലമായി വെറും രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഒരു കുട്ടി വിഷമംപിടിച്ച ഭാഷ പഠിച്ചെടുക്കുന്നു. ഒരു കുഞ്ഞിനു ബൈബിൾ സത്യത്തിന്റെ “നിർമല ഭാഷ”യും പഠിക്കാനാരംഭിക്കാവുന്നതാണ്.—സെഫന്യാവു 3:9.
8. (എ) തിമൊഥെയോസിനു വിശുദ്ധലിഖിതങ്ങൾ “ശൈശവം മുതലേ” അറിയാമായിരുന്നു എന്നു പറയുമ്പോൾ ബൈബിൾ വാസ്തവത്തിലെന്താണ് അർഥമാക്കുന്നത്? (ബി) തിമൊഥെയോസിന്റെ കാര്യത്തിൽ എന്തു സംഗതി സത്യമെന്നു തെളിഞ്ഞു?
8 തിമൊഥെയോസ് ‘വിശുദ്ധലിഖിതങ്ങൾ ശൈശവം മുതലേ അറിഞ്ഞിരുന്നു’ എന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്? തിമൊഥെയോസിനു കുട്ടിക്കാലം മുതൽക്കല്ല മറിച്ച്, ശൈശവകാലം മുതൽക്കേ ആത്മീയ പരിശീലനം ലഭിച്ചിരുന്നുവെന്നാണ് അദ്ദേഹം സ്പഷ്ടമായും അർഥമാക്കിയത്. ഇത് പൊതുവേ നവജാതശിശുക്കളെ കുറിക്കുന്ന ബ്രീഫോസ് എന്ന ഗ്രീക്കു പദത്തിന്റെ അർഥത്തോടു ചേർച്ചയിലാണ്. (ലൂക്കൊസ് 2:12, 16; പ്രവൃത്തികൾ 7:19) തിമൊഥെയോസിന് ഓർമിക്കാൻ കഴിയുന്ന കാലം മുതൽ അദ്ദേഹത്തിന്റെ അമ്മ യൂനീക്കയിൽനിന്നും വലിയമ്മ ലോവീസിൽനിന്നും ആത്മീയ നിർദേശം ലഭിച്ചു. (2 തിമൊഥെയൊസ് 1:5) ‘മുള പോകും വഴിയേ മരം വളരൂ’ എന്ന പഴഞ്ചൊല്ലു തിമൊഥെയോസിനു തീർച്ചയായും ബാധകമായിരുന്നു. ‘നടക്കേണ്ടുന്ന വഴിയിൽ അവൻ അഭ്യസിപ്പിക്കപ്പെട്ടു.’ തത്ഫലമായി, അദ്ദേഹം ദൈവത്തിന്റെ ഒരു മികച്ച സേവകനായിത്തീർന്നു.—സദൃശവാക്യങ്ങൾ 22:6; ഫിലിപ്പിയർ 2:19-22.
വിശേഷവിധമായ ശ്രദ്ധ ആവശ്യമാണ്
9. (എ) മാതാപിതാക്കൾ എന്തു ചെയ്യുന്നത് ഒഴിവാക്കണം, എന്തുകൊണ്ട്? (ബി) ഒരു കുട്ടി വളരുന്നതോടൊപ്പം മാതാപിതാക്കൾ എന്തുചെയ്യേണ്ടതുണ്ട്, അവർ ഏതു ദൃഷ്ടാന്തം അനുകരിക്കേണ്ടതുണ്ട്?
9 കുട്ടികളും ചെടികളെപ്പോലെയാണ്. അവർക്കെല്ലാം ഒരേ സ്വഭാവവിശേഷങ്ങളല്ല ഉള്ളത്. തന്നെയുമല്ല, ഒരേതരത്തിലുള്ള സംരക്ഷണ വിധങ്ങളോട് സകലരും പ്രതികരിക്കുന്നില്ല. ബുദ്ധിയുള്ള മാതാപിതാക്കൾ വ്യത്യാസങ്ങളെ പരിഗണനയിലെടുക്കുകയും ഒരു കുട്ടിയെ മറെറാരു കുട്ടിയുമായി തുലനം ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യും. (താരതമ്യം ചെയ്യുക: ഗലാത്യർ 6:4.) നിങ്ങളുടെ കുട്ടികൾ നല്ല യുവാക്കളായി പൂവണിയുന്നതിന് മററുള്ളവരിൽനിന്ന് അവരെ വേർതിരിച്ചുകാട്ടുന്ന വ്യക്തിപരമായ സവിശേഷതകൾ നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. നിങ്ങൾ നല്ലതു വളർത്തിയെടുക്കുകയും മോശമായതു പറിച്ചുകളയുകയും ചെയ്യേണ്ടതുമുണ്ട്. ഒരു ബലഹീനത അല്ലെങ്കിൽ ഒരുപക്ഷേ, സത്യസന്ധതയില്ലായ്മ, ഭൗതികത്വം, സ്വാർഥത എന്നിവപോലുള്ള തെററായ പ്രവണത കണ്ടുപിടിക്കുന്നപക്ഷം നിങ്ങളെന്തുചെയ്യും? ദയാപുരസ്സരം തിരുത്തുക. അങ്ങനെയാണ് യേശു തന്റെ ശിഷ്യൻമാരുടെ ബലഹീനതകൾ തിരുത്തിയത്. (മർക്കൊസ് 9:33-37) പ്രത്യേകിച്ചും, ഓരോ കുട്ടിയേയും അവന്റെ കഴിവുകളേയും നല്ല ഗുണഗണങ്ങളെയുംപ്രതി ക്രമമായി പ്രശംസിക്കുക.
10. കുട്ടികൾക്കു വിശേഷവിധമായി എന്താണ് ആവശ്യമായിരിക്കുന്നത്, അത് എപ്രകാരം പ്രദാനം ചെയ്യാവുന്നതാണ്?
10 സ്നേഹപൂർവമുള്ള വ്യക്തിപരമായ താത്പര്യമാണു കുട്ടികൾക്കു വിശേഷിച്ചും ആവശ്യമായിരിക്കുന്നത്. യേശുവിന്റെ ശുശ്രൂഷയുടെ തിരക്കുപിടിച്ച അവസാനദിനങ്ങളിൽപോലും ചെറിയ കുട്ടികൾക്ക് അത്തരം വിശേഷവിധമായ ശ്രദ്ധ നൽകുന്നതിന് അവിടുന്ന് സമയം കണ്ടെത്തി. (മർക്കൊസ് 10:13-16, 32) മാതാപിതാക്കളേ, ആ മാതൃക പിന്തുടരുവിൻ! നിങ്ങളുടെ കുട്ടികളോടൊപ്പം ചെലവിടുന്നതിനു നിസ്വാർഥമായി സമയം കണ്ടെത്തുക. അവരോട് ആത്മാർഥമായ സ്നേഹം പ്രകടിപ്പിക്കുന്നതിൽ സന്ദേഹിക്കരുത്. യേശു ചെയ്തമാതിരി അവരുടെ തോളിൽ കയ്യിടുക. അവരെ ഊഷ്മളതയോടും വാത്സല്യത്തോടുംകൂടി പുണരുകയും ചുംബിക്കുകയും ചെയ്യുക. നന്നായി പെരുമാറാൻ പരിശീലിപ്പിക്കപ്പെട്ട യുവ പ്രായക്കാരുടെ മാതാപിതാക്കളോട് മററുള്ള മാതാപിതാക്കൾക്ക് എന്ത് ഉപദേശമാണു നൽകാനുള്ളത് എന്നു ചോദിക്കുകയുണ്ടായി. ‘അകമഴിഞ്ഞു സ്നേഹിക്കുക,’ ‘ഒന്നിച്ചു സമയം ചെലവിടുക,’ ‘പരസ്പര ബഹുമാനം വളർത്തിയെടുക്കുക,’ ‘താത്പര്യപൂർവം അവർക്കു ചെവികൊടുക്കുക,’ ‘പ്രസംഗിക്കുന്നതിനു പകരം മാർഗനിർദേശം പകർന്നുകൊടുക്കുക,’ ‘പരമാർഥതയുള്ളവരായിരിക്കുക’ എന്നിങ്ങനെയായിരുന്നു അനേകരുടെയും പ്രതികരണം.
11. (എ) കുട്ടികൾക്കു വിശേഷവിധമായ ശ്രദ്ധ നൽകുന്നതിനെ മാതാപിതാക്കൾ എങ്ങനെ വീക്ഷിക്കേണ്ടതുണ്ട്? (ബി) മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുമായി മൂല്യവത്തായ ആശയവിനിമയങ്ങൾ എപ്പോൾ ആസ്വദിക്കാൻ കഴിഞ്ഞേക്കാം?
11 അപ്രകാരം വിശേഷവിധമായ ശ്രദ്ധ ചെലുത്തുന്നത് ആനന്ദകരമായിരിക്കാവുന്നതാണ്. “ഞങ്ങളുടെ രണ്ട് ആൺമക്കൾ ചെറുപ്പമായിരുന്നപ്പോൾ അവരെ കിടത്തിയുറക്കാൻ ക്രമീകരിക്കുന്നതും വായിച്ചുകേൾപ്പിക്കുന്നതും കിടക്കവിരിക്കുള്ളിലാക്കുന്നതും അവരോടൊപ്പം പ്രാർഥിക്കുന്നതുമൊക്കെ ഒരു രസമായിരുന്നു” എന്നു വിജയം നേടാൻ കഴിഞ്ഞ ഒരു പിതാവ് പറഞ്ഞു. അത്തരം സമയങ്ങൾ പ്രോത്സാഹജനകമായ ആശയവിനിയമം നടത്താൻ മാതാപിതാക്കൾക്കും കുട്ടിക്കും അവസരം പ്രദാനം ചെയ്യുന്നു. (താരതമ്യം ചെയ്യുക: റോമർ 1:11, 12.) “വാലി”യെ അനുഗ്രഹിക്കണേയെന്നു തങ്ങളുടെ മൂന്നു വയസ്സുകാരൻ ദൈവത്തോടു പ്രാർഥിക്കുന്നതായി ഒരു ദമ്പതികൾ കേട്ടു. തുടർന്നുള്ള രാത്രികളിലും അവൻ “വാലി”ക്കുവേണ്ടി പ്രാർഥിച്ചു. മലാവിയിൽ അപ്പോൾ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന സഹോദരങ്ങളെയാണ് അവൻ അർഥമാക്കിയതെന്നു മനസ്സിലാക്കിയപ്പോൾ ആ മാതാപിതാക്കൾ വളരെ പ്രോത്സാഹിതരായി. ഒരു സ്ത്രീ അനുസ്മരിക്കുന്നു: എനിക്കു നാലുവയസ്സു മാത്രം പ്രായമുണ്ടായിരുന്നപ്പോൾ അമ്മ പാത്രം കഴുകിക്കൊണ്ടിരിക്കെ ഞാൻ കസേരയുടെ മുകളിൽ കയറിനിന്ന് അതു തുടയ്ക്കുന്ന സമയത്തു തിരുവെഴുത്തുകൾ മനപ്പാഠമാക്കുന്നതിനും രാജ്യഗീതങ്ങൾ പാടുന്നതിനും അമ്മ എന്നെ സഹായിക്കുമായിരുന്നു.’ നിങ്ങളുടെ കുഞ്ഞുങ്ങളുമായി മൂല്യവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിന് ഉചിതമായ സമയമേതെന്നു നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ?
12. ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു ബുദ്ധിപൂർവം എന്തു പ്രദാനം ചെയ്യും, ഇതിനായി എന്തു മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്?
12 വിവേകമുള്ള മാതാപിതാക്കൾ ഒരു നിരന്തര ബൈബിളധ്യയനത്തിനുള്ള ക്രമീകരണം ചെയ്യും. ചോദ്യോത്തരരീതിയിൽ നിങ്ങൾ ഇതു നിർവഹിച്ചേക്കാം. എന്നാൽ നിങ്ങളുടെ ഇളയ കുട്ടികളെ പ്രത്യേകം മനസ്സിൽ വച്ചുകൊണ്ട് അധ്യയന രീതിയിൽ ചില മാററങ്ങൾ വരുത്തി അതിൽ രസകരമായ സംഭാഷണങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുമോ? ബൈബിൾ രംഗങ്ങളുടെ ചിത്രങ്ങൾ വരക്കുകയോ ബൈബിൾ കഥകൾ പറയുകയോ നിങ്ങൾ കുട്ടിയോടു തയ്യാറാക്കാൻ പറഞ്ഞിരിക്കുന്ന കാര്യത്തിന്റെ റിപ്പോർട്ടു ശ്രദ്ധിക്കുകയോ ചെയ്യുന്നതും നിങ്ങൾക്ക് ഇതിൽ ഉൾപ്പെടുത്താം. ദൈവവചനം കുട്ടികൾ കാംക്ഷിക്കത്തക്കവിധം നിങ്ങളാലാകുന്നിടത്തോളം അതിനെ സ്വാദുള്ളതാക്കിത്തീർക്കുക. (1 പത്രൊസ് 2:2, 3) ‘പിള്ളേർ ചെറുതായിരുന്നപ്പോൾ ഞങ്ങൾ അവരോടൊപ്പം തറയിലൂടെ ഇഴയുമായിരുന്നു. ബൈബിളിലെ പ്രശസ്തരായ ആളുകളുടെ രംഗം അഭിനയിച്ചു കാണിക്കുകയും ചെയ്യുമായിരുന്നു. പിള്ളേർക്ക് അത് വളരെ ഇഷ്ടമായിരുന്നു’ എന്ന് ഒരു പിതാവ് പറഞ്ഞു.
13. പരിശീലന സെഷനുകൾക്ക് എത്ര മൂല്യമുണ്ട്, ഇങ്ങനെയുള്ള സമയത്തു നിങ്ങൾക്ക് എന്തെല്ലാം പരിശീലിക്കാവുന്നതാണ്?
13 പരിശീലന സെഷനുകൾ നടത്തുന്നത് യഥാർഥ ജീവിത സാഹചര്യങ്ങളെ നേരിടാൻ ചെറുപ്പക്കാരെ സഹായിച്ചേക്കാം. കുസറോ കുട്ടികളിൽ ഒരാൾ—നാസി പീഡന കാലത്ത് അവർ 11 പേരും വിശ്വസ്തതയോടെ നിലകൊണ്ടു—തന്റെ മാതാപിതാക്കളെക്കുറിച്ചു പിൻവരുന്നപ്രകാരം പറഞ്ഞു: “എങ്ങനെ പെരുമാറണമെന്നും ബൈബിൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഞങ്ങളെത്തന്നെ സംരക്ഷിക്കണമെന്നും അവർ ഞങ്ങൾക്കു കാണിച്ചുതന്നു. [1 പത്രൊസ് 3:15] മിക്കപ്പോഴുംതന്നെ ഞങ്ങൾ ചോദ്യോത്തരരീതിയിൽ പരിശീലന സെഷനുകൾ നടത്തിയിരുന്നു.” എന്തുകൊണ്ട് നിങ്ങൾക്കും അതുപോലെ ചെയ്തുകൂടാ? മാതാവോ പിതാവോ ആരെങ്കിലുമൊരാൾ വീട്ടുകാരനായി നടിച്ചുകൊണ്ട് ശുശ്രൂഷയ്ക്കുവേണ്ടി പരിശീലനം നടത്താനാകും. അതുമല്ല, യഥാർഥ ജീവിത പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നു കാണിക്കുന്ന രംഗങ്ങളും പരിശീലന സെഷനിൽ ഉൾപ്പെടുത്താവുന്നതാണ്. (സദൃശവാക്യങ്ങൾ 1:10-15) “പ്രയാസകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനായി പരിശീലനം നടത്തുന്നതു കുട്ടിയുടെ കഴിവിനെയും ആത്മവിശ്വാസത്തെയും വളർത്തിയെടുക്കും” എന്ന് ഒരു വ്യക്തി വിശദീകരിച്ചു. “നിങ്ങളുടെ കുട്ടിക്ക് സിഗരറേറാ മദ്യമോ മയക്കുമരുന്നോ വാഗ്ദാനം ചെയ്യുന്ന ഒരു സുഹൃത്തായി പരിശീലന സമയത്തു നിങ്ങൾക്ക് അഭിനയിക്കാൻ കഴിയും.” ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ കുട്ടി എങ്ങനെ പ്രതികരിക്കുമെന്നു മനസ്സിലാക്കാൻ ഈ സെഷനുകൾ നിങ്ങളെ സഹായിക്കും.
14. നിങ്ങളുടെ കുട്ടികളുമായി സ്നേഹനിർഭരവും ദയാപുരസ്സരവുമായ ചർച്ചകൾ വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 നിങ്ങളുടെ കുട്ടിയുമായി ആശയവിനിയമം നടത്തുമ്പോൾ പിൻവരുന്ന വാക്കുകളുടെ ലേഖകൻ ചെയ്തതിനു സമാനമായ രീതിയിൽ സംഭാഷണം നടത്തുക: “മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.” (സദൃശവാക്യങ്ങൾ 3:1, 2) നിങ്ങൾ അനുസരണം ആവശ്യപ്പെടുന്നത് അതു കുട്ടിക്കു സമാധാനവും ദീർഘായുസ്സും—വാസ്തവത്തിൽ ദൈവത്തിന്റെ സമാധാനപൂർണമായ പുതിയ ലോകത്തിൽ നിത്യജീവൻതന്നെ—പ്രദാനം ചെയ്യുമെന്ന കാരണത്താലാണ് എന്നു സ്നേഹപുരസ്സരം വിശദീകരിച്ചാൽ അതു നിങ്ങളുടെ കുട്ടിയുടെ ഹൃദയത്തെ സ്പർശിക്കുകയില്ലേ? ദൈവവചനത്തിൽനിന്നും ന്യായവാദം ചെയ്യുമ്പോൾ നിങ്ങളുടെ കുട്ടിയുടെ വ്യക്തിത്വത്തെ മാനിക്കുക. ഇതു പ്രാർഥനാപൂർവം ചെയ്യുക. യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കും. സ്നേഹനിർഭരവും ദയാപുരസ്സരവുമായ അത്തരം ബൈബിളധിഷ്ഠിത ചർച്ചകൾ നല്ല ഫലങ്ങൾ ഉളവാക്കുകയും നിത്യമായ പ്രയോജനങ്ങൾ കൈവരുത്തുകയും ചെയ്യും.—സദൃശവാക്യങ്ങൾ 22:6.
15. പ്രശ്നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാം?
15 മേൽപ്പറഞ്ഞപ്രകാരമുള്ള ആശയവിനിയമം നിങ്ങളുടെ നിർദിഷ്ട അധ്യയനസമയത്തുതന്നെ നടക്കുന്നില്ലെങ്കിൽപോലും മററുള്ള കാര്യങ്ങളാൽ നിങ്ങളുടെ ശ്രദ്ധ പതറാൻ അനുവദിക്കരുത്. നിങ്ങളുടെ കുട്ടി എന്തു പറയുന്നുവെന്നതിൽ മാത്രമല്ല അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലും ശ്രദ്ധ ചെലുത്തുക. “നിങ്ങളുടെ കുട്ടിയുടെ നേരെ നോക്കുക. അവനിൽ മുഴു ശ്രദ്ധയും ചെലുത്തുക. നിങ്ങൾ കേട്ടാൽമാത്രം പോരാ ഗ്രഹിക്കേണ്ടതും ആവശ്യമാണ്. ഇങ്ങനെ കൂടുതലായ ശ്രദ്ധ ചെലുത്തുന്ന മാതാപിതാക്കൾക്കു കുട്ടികളുടെ ജീവിതത്തിൽ ഗണ്യമായ മാററം വരുത്താനാകും” എന്ന് ഒരു വിദഗ്ധൻ പറഞ്ഞു. കുട്ടികൾ ഇന്നു സ്കൂളിലും മററിടങ്ങളിലും ഗൗരവതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. മാതാവോ പിതാവോ എന്ന നിലയിൽ കുട്ടിയുടെ ഉള്ളു മനസ്സിലാക്കുക. ദൈവം വീക്ഷിക്കുന്നതുപോലെ കാര്യങ്ങളെ വീക്ഷിക്കാൻ അവനെ സഹായിക്കുക. പ്രശ്നത്തെ എങ്ങനെ പരിഹരിക്കണമെന്നു തിട്ടമില്ലെങ്കിൽ തിരുവെഴുത്തുകളിലും “വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ” മുഖാന്തരം പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിലും ഗവേഷണം നടത്തുക. (മത്തായി 24:45) പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമുള്ള വിശേഷവിധമായ എല്ലാ ശ്രദ്ധയും ഏതു വിധേനയും നിങ്ങളുടെ കുട്ടിക്കു നൽകുക.
ഒരുമിച്ചു ചെലവിടുന്ന സമയത്തെ വിലമതിക്കുക
16, 17. (എ) യുവജനങ്ങൾക്ക് ഇന്നു വിശേഷവിധമായ ശ്രദ്ധയും പ്രബോധനവും പ്രത്യേകിച്ച് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) മാതാപിതാക്കൾ ശിക്ഷണം നൽകുമ്പോൾ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതെന്ത്?
16 വിശേഷവിധമായ ശ്രദ്ധ എന്നത്തേക്കാളുമധികമായി ഇന്ന് യുവജനങ്ങൾക്ക് ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ, നാം “അന്ത്യകാല”ത്താണു ജീവിക്കുന്നത് തന്നെയുമല്ല, ഇവ “ദുർഘടസമയങ്ങ”ളും ആണ്. (2 തിമൊഥെയൊസ് 3:1-5; മത്തായി 24:3-14) “ജ്ഞാനിയുടെ ജീവനെ പാലിക്കു”ന്ന യഥാർഥ ജ്ഞാനം ഉളവാക്കുന്ന സംരക്ഷണം മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ആവശ്യമാണ്. (സഭാപ്രസംഗി 7:12) ദൈവിക ജ്ഞാനം എന്നു പറയുന്നതിൽ ബൈബിളധിഷ്ഠിതമായ അറിവിന്റെ ശരിയായ ബാധകമാക്കൽ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, കുട്ടികൾക്കു ദൈവവചനത്തിൽനിന്നുള്ള നിരന്തര പ്രബോധനം ആവശ്യമാണ്. ആകയാൽ, നിങ്ങളുടെ കുട്ടികളുമൊത്തു തിരുവെഴുത്തുകൾ പഠിക്കുക. അവരോട് യഹോവയെപ്പററി പറയുക. അവിടുത്തെ നിബന്ധനകൾ സസൂക്ഷ്മം വിശദീകരിക്കുക. അവിടുത്തെ മഹത്തായ വാഗ്ദത്തങ്ങളുടെ നിവൃത്തിയിൽ ശുഭപ്രതീക്ഷ നട്ടുവളർത്തുക. വീട്ടിലിരിക്കുമ്പോഴും കുട്ടികളോടൊപ്പം നടക്കുമ്പോഴും, അതേ, ഉചിതമായ എല്ലാ സന്ദർഭങ്ങളിലും അത്തരം കാര്യങ്ങളെക്കുറിച്ചു പറയുക.—ആവർത്തനപുസ്തകം 6:4-7.
17 എല്ലാ ചെടികളും ഒരേ അവസ്ഥയിൽ തഴച്ചുവളരുകയില്ലെന്നു കർഷകർക്കറിയാം. ചെടികൾക്കു വിശേഷവിധമായ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. സമാനമായി, കുട്ടികളും വ്യത്യസ്തരാണ്. അവർക്ക് വിശേഷവിധമായ ശ്രദ്ധയും നിർദേശവും ശിക്ഷണവും ആവശ്യമാണ്. ദൃഷ്ടാന്തത്തിന് ഒരു കുട്ടിയുടെ തെററായ നിലപാടിനു വിരാമം കുറിക്കുന്നതിന് മാതാപിതാക്കൾ, താൻ അനുമതി നൽകുന്നില്ലെന്നു ദ്യോതിപ്പിക്കുന്ന ഒരു നോട്ടം നോക്കിയാൽ ധാരാളം മതിയാവും. എന്നാൽ മറെറാരു കുട്ടിക്ക് അതിലും കട്ടിയായ ശിക്ഷണം ആവശ്യമാണെന്നു വന്നേക്കാം. എങ്കിലും, ചില വാക്കുകളോ പ്രവൃത്തികളോ നിങ്ങളെ അസന്തുഷ്ടരാക്കിയതിനു കാരണമെന്തെന്ന് നിങ്ങളുടെ കുട്ടികൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ശിക്ഷണം നിലനിർത്തുന്നതിനു മാതാപിതാക്കൾ പരസ്പരം സഹകരിക്കേണ്ടതാവശ്യമാണ്. (എഫെസ്യർ 6:4) ക്രിസ്തീയ മാതാപിതാക്കൾ തിരുവെഴുത്തുകളുമായി നിരക്കുന്ന വ്യക്തമായ മാർഗനിർദേശം നൽകേണ്ടത് പ്രത്യേകിച്ചും പ്രധാനമാണ്.
18, 19. ക്രിസ്തീയ മാതാപിതാക്കൾക്കു കുട്ടികളെക്കുറിച്ചുള്ള ഉത്തരവാദിത്വമെന്ത്, ആ വേല നന്നായി ചെയ്താൽ എന്തു ഫലം ലഭിക്കാൻ ഇടയുണ്ട്?
18 ഉചിതമായ സമയത്തായിരിക്കണം കർഷകന്റെ നടീലും വളർത്തലുമൊക്കെ. അയാൾ കാലതാമസം വരുത്തുകയോ കൃഷി അവഗണിക്കുകയോ ചെയ്യുകയാണെങ്കിൽ വളരെ മോശമായ വിളവേ ലഭിക്കുകയുള്ളൂ. ചിലപ്പോൾ ഒട്ടുംതന്നെ കിട്ടിയെന്നും വരില്ല. കൊള്ളാം, നിങ്ങളുടെ കുട്ടികൾ വളർന്നുകൊണ്ടിരിക്കുന്ന, വിശേഷവിധമായ ശ്രദ്ധ ആവശ്യമുള്ള “ചെടികൾ” ആണ്. അത്തരം ശ്രദ്ധ ആവശ്യമായിരിക്കുന്നത് അടുത്ത മാസമോ അടുത്ത വർഷമോ അല്ല മറിച്ച് ഇപ്പോഴാണ്. ദൈവവചനത്തിനു ചേർച്ചയിൽ അവരുടെ ആത്മീയത വളർത്തിയെടുക്കുന്നതിനുള്ള അവസരങ്ങൾ കൈവിട്ടുപോകാൻ അനുവദിക്കരുത്. ആത്മീയമായി കരിഞ്ഞുണങ്ങി കൊഴിയാൻ ഇടയാക്കുന്ന ലൗകികചിന്തകൾ പിഴുതുമാററുന്നതിനു ലഭിക്കുന്ന ഓരോ അവസരത്തെയും പ്രയോജനപ്പെടുത്തുക. നിങ്ങളുടെ കുട്ടികളോടൊപ്പം ചെലവിടാൻ ലഭിക്കുന്ന മണിക്കൂറുകളും ദിനങ്ങളും വിലയേറിയതായി കണക്കിടുക കാരണം, ഈ സമയങ്ങൾ പെട്ടെന്നു കടന്നുപോകും. യഹോവയുടെ വിശ്വസ്തസേവകർ എന്നനിലയിൽ ഒരു സന്തുഷ്ട ജീവിതം നയിക്കുന്നതിനാവശ്യമായ ദൈവിക ഗുണങ്ങൾ നിങ്ങളുടെ സന്തതിയിൽ നട്ടുവളർത്താൻ കഠിനശ്രമം ചെയ്യുക. (ഗലാത്യർ 5:22, 23; കൊലൊസ്സ്യർ 3:12-14) ഇതു മറെറാരാൾ ചെയ്യേണ്ടതല്ല, നിങ്ങൾ ചെയ്യേണ്ട ജോലിയാണ്. അപ്രകാരം ചെയ്യുന്നതിനു ദൈവത്തിനു നിങ്ങളെ സഹായിക്കാനാകും.
19 നിങ്ങളുടെ കുട്ടികൾക്കു സമ്പന്നമായ ആത്മീയ പൈതൃകം നൽകുക. അവരോടൊപ്പം പഠിക്കുകയും ആരോഗ്യാവഹമായ വിനോദവേള ആസ്വദിക്കുകയും ചെയ്യുക. നിങ്ങളുടെ കുട്ടികളെ ക്രിസ്തീയ യോഗത്തിനു കൂട്ടിക്കൊണ്ടുപോകുകയും രാജ്യ പ്രസംഗവേലയിൽ അവരെ നിങ്ങളോടൊപ്പം കൊണ്ടുപോകുകയും ചെയ്യുക. യഹോവയുടെ അംഗീകാരം നേടുവാൻ യോഗ്യതയുള്ള വ്യക്തിത്വം നിങ്ങളുടെ പ്രിയ മക്കളിൽ വളർത്തിയെടുക്കണം. പിൻവരുന്ന വർഷങ്ങളിൽ അവർ നിങ്ങൾക്കു വളരെയധികം സന്തുഷ്ടി കൈവരുത്താനിടയുണ്ട്. “നീതിമാന്റെ അപ്പൻ ഏററവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പൻമാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ” എന്നതു വാസ്തവംതന്നെ.—സദൃശവാക്യങ്ങൾ 23:24, 25.
സമൃദ്ധമായ ഫലം
20. കൗമാരപ്രായക്കാരുടെ വിജയംവരിച്ച മാതാവോ പിതാവോ ആയിരിക്കുന്നതിനുള്ള താക്കോൽ എന്ത്?
20 കുട്ടികളെ വളർത്തിക്കൊണ്ടുവരുക എന്നത് ഒരു വിഷമംപിടിച്ച, ദീർഘകാല നിയോഗമാണ്. ‘നിന്റെ മേശെക്കു ചുററുമുള്ള ഒലിവുതൈക’ളായ ഇവരെ രാജ്യഫലം ഉത്പാദിപ്പിക്കുന്ന ദൈവഭയമുള്ള യുവാക്കളായി വളർത്തിയെടുക്കുന്നത് ഒരു 20 വത്സര പദ്ധതിയാണെന്നു പറയപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 128:3; യോഹന്നാൻ 15:8) കുട്ടികൾ കൗമാരപ്രായത്തിലേക്കു കടക്കുമ്പോൾ ഈ പദ്ധതി മിക്കപ്പോഴും കൂടുതൽ പ്രയാസകരമായിത്തീരും. ആ ഘട്ടത്തിൽ കുട്ടികളുടെമേലുള്ള സമ്മർദം ഏറുകയും തങ്ങളുടെ ശ്രമങ്ങൾ തീവ്രമാക്കേണ്ടതുണ്ടെന്നു മാതാപിതാക്കൾ തിരിച്ചറിയുകയും ചെയ്യും. എന്നാൽ, വിജയത്തിന്റെ താക്കോൽ ഇതു തന്നെയാണ്—ശ്രദ്ധയുള്ളവരും ഊഷ്മളതയുള്ളവരും ധാരണയുള്ളവരും ആയിരിക്കുക. നിങ്ങളുടെ കുട്ടികൾക്കു വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണെന്നത് ഓർക്കുക. അവരുടെ ക്ഷേമത്തിൽ ആത്മാർഥതയോടെ സ്നേഹനിർഭരമായ താത്പര്യമെടുത്തുകൊണ്ട് അത്തരം ശ്രദ്ധ നിങ്ങൾക്കു നൽകാവുന്നതാണ്. അവരെ സഹായിക്കുന്നതിനു നിങ്ങൾ നിങ്ങളെത്തന്നെ വിട്ടുകൊടുക്കണം. അതായത്, അവർക്കു വാസ്തവത്തിൽ ആവശ്യമായ നിങ്ങളുടെ സമയവും സ്നേഹവും പരിഗണനയും പ്രദാനം ചെയ്യണമെന്നുതന്നെ.
21. കുട്ടികൾക്കു വിശേഷവിധമായ ശ്രദ്ധ നൽകുന്നത് എന്തു ഫലം ഉളവാക്കിയേക്കാം?
21 യഹോവ ഏൽപ്പിച്ചിരിക്കുന്ന വിലയേറിയ ഉത്പന്നം സംരക്ഷിക്കുന്നതിനു നിങ്ങൾ ചെയ്ത ശ്രമങ്ങൾക്കുള്ള പ്രതിഫലം ഏതൊരു കർഷകന്റെയും സമൃദ്ധമായ വിളവെടുപ്പിനെക്കാളും വളരെയേറെ സംതൃപ്തിദായകമായിരിക്കാവുന്നതാണ്. (സങ്കീർത്തനം 127:3-5) അതുകൊണ്ടു മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾക്കു വിശേഷവിധമായ ശ്രദ്ധ നൽകുന്നതിൽ തുടരുക. അവരുടെ നൻമയ്ക്കും നമ്മുടെ സ്വർഗീയപിതാവായ യഹോവയുടെ മഹത്ത്വത്തിനുമായി അപ്രകാരം ചെയ്യുക.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ചെടികൾ വളർത്തുന്നതും കുട്ടികളെ സംരക്ഷിക്കുന്നതും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യാവുന്നതാണ്?
◻ ഒരു കുട്ടിക്ക് ശൈശവം മുതൽക്കേ ഏതു വിധത്തിലുള്ള ശ്രദ്ധ ദിവസേന ലഭിക്കേണ്ടതുണ്ട്?
◻ വിശേഷവിധമായ എന്തു ശ്രദ്ധ കുട്ടികൾക്ക് ആവശ്യമാണ്, അതു നൽകാവുന്ന വിധമേത്?
◻ നിങ്ങളുടെ കുട്ടിക്കു വിശേഷവിധമായ ശ്രദ്ധ നൽകേണ്ടത് എന്തുകൊണ്ട്?