ഗിലെയാദ് ബിരുദധാരികൾ “കൊടുക്കുന്നതിൽ അധികം സന്തുഷ്ടി” കണ്ടെത്തുന്നു
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിനാല് മാർച്ച് 6 ഞായർ. യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുള്ള ബെഥേൽകുടുംബത്തിനും അതിഥികൾക്കും ഉത്സവപ്രതീതി. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 96-ാമത്തെ ക്ലാസ്സിന്റെ ബിരുദദാനമാണു സംഭവം. രണ്ടു പതിററാണ്ടോളമായി യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ സേവിക്കുന്ന കാൾ എഫ്. ക്ലൈൻ ആയിരുന്നു പരിപാടിയുടെ അധ്യക്ഷൻ. ഉദ്ഘാടനപ്രസംഗം നടത്തിക്കൊണ്ട്, 46 വിദ്യാർഥികളോടായി അദ്ദേഹം പറഞ്ഞു: “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ കൊടുക്കുന്നതിൽ അധികം സന്തുഷ്ടിയുണ്ട് എന്നു യേശു പറഞ്ഞിരിക്കുന്നു. നിങ്ങളുടെ മിഷനറി നിയമനത്തിന്റെ കാര്യത്തിലും സ്ഥിതി അങ്ങനെതന്നെ—നിങ്ങൾ എന്തുമാത്രം കൊടുക്കുന്നുവോ നിങ്ങൾ അത്രമാത്രം സന്തുഷ്ടരായിരിക്കും.”—പ്രവൃത്തികൾ 20:35.
പ്രബോധനം—വിടവാങ്ങൽവചനങ്ങളിലൂടെ
പിന്നെ വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രസംഗങ്ങളുടെ ഒരു പരമ്പരതന്നെയായിരുന്നു. സർവീസ് ഡിപ്പാർട്ടുമെൻറ് കമ്മിററിയിലെ ലിയോൻ വീവർ “സഹിഷ്ണുത യഹോവയെ മഹത്ത്വപ്പെടുത്തുന്നു” എന്ന വിഷയത്തെ കുറിച്ചു വിശദമായി പ്രസംഗിച്ചു. നാമെല്ലാം പരിശോധനകളെ അഭിമുഖീകരിക്കുന്നു. (2 കൊരിന്ത്യർ 6:3-5) “സമ്മർദത്തിൻ കീഴിലാകുമ്പോൾ നമ്മിൽത്തന്നെ ആശ്രയിക്കുക വളരെ എളുപ്പമാണ്” എന്നു നിരീക്ഷിച്ച വീവർ സഹോദരൻ വിദ്യാർഥികളെ ഇങ്ങനെ ഓർമപ്പെടുത്തി: “മനുഷ്യർക്കു സാധാരണമായ ഏതു പരിശോധന നേരിട്ടാലും, യഹോവ അതു ശ്രദ്ധിക്കാതിരിക്കില്ല. നിങ്ങൾക്കു സഹിക്കാവുന്നതിനപ്പുറം പരീക്ഷിക്കപ്പെടാൻ അവൻ നിങ്ങളെ ഒരിക്കലും അനുവദിക്കയില്ല.”—1 കൊരിന്ത്യർ 10:13, NW.
“നിങ്ങളുടെ നിയമനത്തെ എന്നും മതിപ്പോടെ കാത്തുകൊള്ളുക” എന്ന ശീർഷകത്തിലുള്ള അടുത്ത പ്രസംഗം നിർവഹിച്ചത് ഭരണസംഘാംഗമായ ലൈമൻ സ്വിംഗൾ ആയിരുന്നു. എവിടെ ജീവിക്കും, എന്തു വേല ചെയ്യും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇസ്രായേൽ ജനത എല്ലായ്പോഴും സ്വയം തീരുമാനിക്കുകയായിരുന്നില്ല. ഓരോ ഗോത്രത്തിനും പ്രദേശം വിഭാഗിച്ചുകൊടുക്കുകയായിരുന്നു. ലേവ്യർക്കും നിർദിഷ്ട വേല സംബന്ധിച്ച നിയമനം കൊടുക്കുകയായിരുന്നു. അതുപോലെതന്നെ ഇന്നും മിഷനറിമാർ, ബെഥേൽകുടുംബാംഗങ്ങൾ എന്നിങ്ങനെ പ്രത്യേക മുഴുസമയസേവനത്തിലുള്ളവർ തങ്ങൾ എവിടെ ജീവിക്കും, എന്തു വേല ചെയ്യും എന്നൊന്നും സ്വയം തീരുമാനിക്കുന്നില്ല. നിയമനത്തെ സംബന്ധിച്ച് ഒരുവൻ സന്ദിഗ്ധാവസ്ഥയിലാണെങ്കിലോ? “നമ്മുടെ വിശ്വാസത്തിന്റെ മുഖ്യ കാര്യസ്ഥനായ യേശുക്രിസ്തുവിൽ ഏകാഗ്രമായി നോക്കി അവന്റെ മാതൃകയെക്കുറിച്ചു സസൂക്ഷ്മം പരിചിന്തിക്കുക. അങ്ങനെയെങ്കിൽ നിങ്ങൾ തളരാൻപോകുന്നില്ല,” സ്വിംഗൾ സഹോദരൻ പറഞ്ഞു.—എബ്രായർ 12:2, 3, NW.
“ലക്ഷ്യത്തിൽ ദൃഷ്ടിപതിപ്പിച്ച് നിലകൊള്ളുക” എന്ന വിഷയവുമായി വന്ന വാച്ച്ടവർ ഫാംസിലെ ലെനാർഡ് പിയേഴ്സൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: “നിങ്ങളുടെ പക്കൽ ചിലപ്പോൾ ഏററവും മികച്ച ക്യാമറയുണ്ടാവാം. പകർത്താൻ ഒരു ഉഗ്രൻ ദൃശ്യവും അതിനു പററിയ ഒരു പശ്ചാത്തലവും. എന്നാൽപ്പോലും കിട്ടുന്നത് ഒരു മോശംചിത്രമാകാം—ക്യാമറ ഫോക്കസ്സായില്ലെങ്കിൽ.” വിശാലകോണ (wide-angle) ലെൻസിന്റെ കാര്യത്തിലെന്നപോലെ, നമ്മുടെ ദൃഷ്ടിയിൽ ലോകവ്യാപകമായി നടക്കുന്ന പ്രസംഗവേല ഉൾപ്പെട്ടിരിക്കണം. ആകമാനചിത്രം നാം ഒരിക്കലും മറന്നുകളയരുത്. “തങ്ങളിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ നിയമനത്തിൽ അസന്തുഷ്ടരായിരിക്കും” എന്നു പിയേഴ്സൻ പറഞ്ഞു. “യഹോവയിലും ചെയ്യാൻ അവൻ ഏൽപ്പിച്ചിരിക്കുന്ന വേലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ വിജയിക്കും.”
“നന്ദിയുള്ളവരായിരിക്കാൻ ധാരാളം സംഗതികൾ” എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിച്ച ഭരണസംഘത്തിലെ മറെറാരംഗമായ ജോൺ ഇ. ബാർ വിദ്യാർഥികൾക്കായി ഈ മുന്നറിയിപ്പു കൊടുത്തു: “യഹോവയോടുള്ള നിങ്ങളുടെ കൃതജ്ഞതാബോധം ഒരിക്കലും നഷ്ടപ്പെടുത്തരുത്. അതു സംതൃപ്തിയുടെ ഏററവും വലിയ ഉറവുകളിൽ ഒന്നാണ്. അതിനു നിങ്ങളുടെ നിയമനം ഇന്നതായിരിക്കണമെന്നില്ല.” നന്ദി തുളുമ്പുന്ന ഒരു മനോഭാവത്താൽ പ്രചോദിതമായി ദാവീദ് എഴുതി: “മനോഹരമായ പ്രദേശത്താണ് എനിക്കുവേണ്ടി അളവുനൂൽ വീണിരിക്കുന്നത്: വാസ്തവത്തിൽ എനിക്ക് എന്റെ അവകാശം ഇഷ്ടപ്പെട്ടു.” (സങ്കീർത്തനം 16:6, NW) “നിങ്ങളുടെ അനുദിനജീവിതത്തിൽ യഹോവയുമായി അടുത്താണ് എന്നു തോന്നുമ്പോൾ നിങ്ങൾക്കുള്ളത് അത്തരമൊരു മുതൽക്കൂട്ടാണ്,” ബാർ സഹോദരൻ പറഞ്ഞു. “നിങ്ങൾക്ക് ഏററവും ഇഷ്ടപ്പെട്ട, നന്ദി സ്ഫുരിക്കുന്ന ഒന്നായി അതിനെ നിങ്ങൾ വീക്ഷിക്കുന്നിടത്തോളം കാലം യഹോവ നിങ്ങളിൽനിന്ന് ആ ബന്ധം ഒരിക്കലും എടുത്തുകളയില്ല.”
അടുത്തതായി പ്രസംഗിച്ചത് ഗിലെയാദ് അധ്യാപകനായ ജാക്ക് റെഡ്ഫോർഡ് ആയിരുന്നു. “നിങ്ങളുടെ നാവിനെ എങ്ങനെ ഉപയോഗിക്കും?” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. എന്തൊരു നാശനഷ്ടമാണ് ചിന്താശൂന്യമായ സംസാരംകൊണ്ട് ഉണ്ടാവുക! (സദൃശവാക്യങ്ങൾ 18:21) നാവിനെ നിയന്ത്രണാധീനമാക്കാൻ എങ്ങനെ കഴിയും? റെഡ്ഫോർഡ് സഹോദരന്റെ ഉത്തരം ഇതായിരുന്നു: “മനസ്സിനെ പരിശീലിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം നാവു പ്രതിഫലിപ്പിക്കുന്നതു മനസ്സിനെയും ഹൃദയത്തെയുമാണ്.” (മത്തായി 12:34-37) ഇക്കാര്യത്തിൽ ഒന്നാന്തരം മാതൃകയാണ് യേശുവിന്റേത്. അവൻ യഹോവയുടെ നാമത്തെ മഹത്ത്വീകരിക്കാൻവേണ്ടി നാവിനെ ഉപയോഗിച്ചു. “യഹോവയുടെ വചനങ്ങൾ കേൾക്കാനായി ഇന്ന് ആളുകൾക്കു വലിയ വിശപ്പുണ്ട്.” എന്നാൽ “ആ വചനങ്ങൾ നിങ്ങൾക്ക് അറിയാം. ‘പഠിപ്പിക്കപ്പെട്ടവരുടെ നാവ്’ നിങ്ങൾക്കുണ്ട്. അതുകൊണ്ട്, യഹോവക്കു മുഴുവനായി അർപ്പിതമായ മനസ്സും ഹൃദയവും നിങ്ങളുടെ നാവിനെ എല്ലായ്പോഴും നയിക്കുമാറാകട്ടെ” എന്ന് റെഡ്ഫോർഡ് സഹോദരൻ ക്ലാസ്സിനോടു പറഞ്ഞു.—യെശയ്യാവ് 50:4, NW.
പ്രാർഥനയുടെ പ്രാധാന്യത്തിന് ഊന്നൽ കൊടുക്കുന്നതായിരുന്നു “യഹോവയുടെ സന്നിധാനത്തിലെന്നപോലെ നിങ്ങൾ നടക്കുന്നുവോ?” എന്ന പ്രസംഗം. സ്കൂളിന്റെ രജിസ്റ്രറാറായ യുളീസീസ് ഗ്ലാസ് ഇങ്ങനെ പ്രസ്താവിച്ചു: “കുടുംബം പുലർത്താൻ കഠിനാധ്വാനം ചെയ്യുന്ന ഒരു പിതാവ്. പക്ഷേ, കുടുംബത്തോട് ഒരു വാക്കു സംസാരിക്കാറില്ല. ലാളനാപ്രകടനങ്ങളുമില്ല. അങ്ങനെയാവുമ്പോൾ കുടുംബാംഗങ്ങൾ വിചാരിക്കും, അദ്ദേഹത്തെ ഭരിക്കുന്നതു സ്നേഹമല്ല, വിരസമായ വെറും ഉത്തരവാദിത്വ ബോധമാണ് എന്ന്. നമ്മുടെ കാര്യവും അങ്ങനെതന്നെ. ദൈവസേവനത്തിൽ നാം തിരക്കുള്ളവരായിരുന്നേക്കാം. പക്ഷേ, പ്രാർഥിക്കുന്നില്ലെങ്കിൽ, നാം അർപ്പിതരായിരിക്കുന്നത് സ്നേഹനിധിയായ സ്വർഗീയ പിതാവിനോട് എന്നതിനെക്കാൾ ജോലിയോടായിരിക്കും.”
“ജനസമൂഹങ്ങൾ ദൈവജനവുമായി സഹവസിക്കുന്നതിന്റെ കാരണം” എന്നതായിരുന്നു ഭരണസംഘത്തിലെ തിയോഡോർ ജരസ്സിന്റെ പ്രസംഗവിഷയം. ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ യഹോവയുടെ സ്ഥാപനത്തിലേക്കു പററംപററമായി വന്നുചേരുന്നു. (സെഖര്യാവു 8:23) യഹോവയുടെ സാക്ഷികളെ ദൈവജനമായി തിരിച്ചറിയിക്കുന്നത് എന്താണ്? ഒന്ന്, അവർ മുഴു ബൈബിളിനെയും ദൈവവചനമായി അംഗീകരിക്കുന്നു. (2 തിമൊഥെയൊസ് 3:16) രണ്ട്, അവർ രാഷ്ട്രീയമായി നിഷ്പക്ഷരാണ്. (യോഹന്നാൻ 17:16) മൂന്ന്, അവർ ദൈവനാമത്തിനു സാക്ഷ്യം വഹിക്കുന്നു. (യോഹന്നാൻ 17:26) നാല്, അവർ ആത്മത്യാഗപരമായ സ്നേഹം പ്രകടിപ്പിക്കുന്നു. (യോഹന്നാൻ 13:35; 15:13) ഇത്രയും തെളിവുള്ളപ്പോൾ, ‘അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നമ്മെ വിളിച്ചവന്റെ സൽഗുണങ്ങളെ’ നമുക്കു സധൈര്യം ‘ഘോഷി’ക്കാവുന്നതാണ്.—1 പത്രൊസ് 2:9.
കോരിത്തരിപ്പിക്കുന്ന ഈ പ്രസംഗങ്ങൾക്കുശേഷം 46 വിദ്യാർഥികൾക്കും ബിരുദം ലഭിച്ചു. ഗോളത്തിനു ചുററുമുള്ള 16 രാജ്യങ്ങൾ അവരുടെ നിയമനത്തിൽപ്പെടുന്നു.
ഉച്ചതിരിഞ്ഞുള്ള ബഹുവിധപരിപാടി
ഉച്ചതിരിഞ്ഞ്, ബെഥേൽ കമ്മിററിയംഗമായ ഡോണാൾഡ് ക്രെബ്സ് വീക്ഷാഗോപുര അധ്യയനസംഗ്രഹം നിർവഹിച്ചു. അതിനുശേഷം, “ജ്ഞാനം തെരുവിൽനിന്ന് ഉച്ചത്തിൽ വിളിച്ചറിയിക്കുന്നു” എന്ന ശീർഷകത്തിൽ ബിരുദധാരികളുടേതായ ഒരു പരിപാടി അരങ്ങേറി. (സുഭാഷിതങ്ങൾ 1:20, പി.ഒ.സി. ബൈബിൾ) തെരുവിലും ബിസിനസ്സ് മേഖലയിലും സാക്ഷീകരിച്ചപ്പോൾ ഫലസിദ്ധിയുണ്ടായ അനുഭവങ്ങൾ അവർ സ്റേറജിൽ പുനരാവിഷ്കരിച്ചു. അനൗപചാരികമായി സാക്ഷീകരിക്കാൻ ധൈര്യം സംഭരിക്കുന്നവരെ യഹോവ സത്യമായും അനുഗ്രഹിക്കുന്നു. ഒരു ബിരുദധാരി പറഞ്ഞു: “ദൂതൻമാരായ കൊയ്ത്തുകാരുടെ കയ്യിലെ അരിവാളുകളാണ് നാം എന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. നമ്മുടെ വൈദഗ്ധ്യങ്ങൾക്കു മൂർച്ചയേറുന്നതനുസരിച്ച് കൂടുതൽ വേല ചെയ്യാൻ ആ ദൂതൻമാർക്കു നമ്മെ ഉപയോഗിക്കാനാവും.” (താരതമ്യം ചെയ്യുക: വെളിപ്പാടു 14:6.) വിദ്യാർഥികളുടെ പരിപാടിയിൽ സ്ളൈഡ് പ്രദർശനവും ഉണ്ടായിരുന്നു. അതാകട്ടെ, ബൊളീവിയ, മാൾട്ട, തയ്വാൻ എന്നിവിടങ്ങളിലേക്കു സദസ്യർ ഒരു പഠനസഞ്ചാരം നടത്തിയ പ്രതീതിയുളവാക്കി. ഈ ക്ലാസ്സിലെ ബിരുദധാരികൾ നിയമനംകിട്ടിപ്പോകുന്ന രാജ്യങ്ങളിൽ ഈ മൂന്നു രാജ്യങ്ങളുമുണ്ട്.
അടുത്തതായി, 17 വർഷമായി മിഷനറി സേവനത്തിലായിരുന്ന വാലസ്സ് ലിവറൻസ്, ജെയിൻ ലിവറൻസ് എന്നിവരുമൊത്തുള്ള ഒരു അഭിമുഖമായിരുന്നു. 1993 ഒക്ടോബറിൽ വാച്ച്ടവർ ഫാംസിലേക്കു ക്ഷണിച്ചുവരുത്തിയതായിരുന്നു അവരെ. ഇപ്പോൾ അവിടെ ലിവറൻസ് സഹോദരൻ ഒരു ഗിലെയാദ് അധ്യാപകനാണ്.
“അർഹിക്കുന്നവരെ അവരുടെ വാർധക്യവർഷങ്ങളിൽ ബഹുമാനിക്കൽ” എന്ന നാലു ഭാഗങ്ങളുള്ള ഒരു പരിപാടിയായിരുന്നു തുടർന്നു നടന്നത്. പ്രായംചെല്ലുന്തോറും തങ്ങൾ പ്രയോജനരഹിതരാണ്, പരിത്യജിക്കപ്പെട്ടവരാണ് എന്ന് ആളുകൾ ചിന്തിക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസത്തെ അലട്ടിയേക്കാം. (സങ്കീർത്തനം 71:9) ഹൃദയത്തെ തൊട്ടുണർത്തുന്ന ഇതിന്റെ അവതരണം സഭയിലെ സകലർക്കും പ്രായമേറിയ വിശ്വസ്തരെ എങ്ങനെ പിന്തുണക്കാനാവും എന്നു പ്രകടമാക്കി.
ഗീതവും സമാപനപ്രാർഥനയും കഴിഞ്ഞപ്പോൾ ജേഴ്സി സിററി അസംബ്ലി ഹാളിലും മററു പാർശ്വഹാളുകളിലുമായി ഹാജരായിരുന്ന 6,220 പേരും നവോൻമേഷിതരായി. നമ്മുടെ പ്രാർഥനയിൽ പുതുതായി നിയമനം ലഭിച്ച ഈ ബിരുദധാരികളുമുണ്ട്. കൊടുക്കുന്നതിൽനിന്നു കൈവരുന്ന കൂടുതലായ സന്തുഷ്ടി അവർ തുടർന്നും അനുഭവിക്കുമാറാകട്ടെ.
[26-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്കുകൾ
പ്രതിനിധാനം ചെയ്ത രാജ്യങ്ങളുടെ എണ്ണം: 9
നിയമിച്ചയക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 16
വിദ്യാർഥികളുടെ എണ്ണം: 46
ശരാശരി പ്രായം: 33.85
സത്യത്തിലെ ശരാശരി വർഷം: 16.6
മുഴുസമയ ശുശ്രൂഷയിലെ ശരാശരി വർഷം: 12.2
[27-ാം പേജിലെ ചതുരം]
മാൾട്ടയ്ക്കു സവിശേഷ ശ്രദ്ധ
മാൾട്ടയിൽ അനേകവർഷങ്ങളായി ക്രൈസ്തവലോകം ബൈബിൾസത്യം മൂടിവെച്ചിരിക്കുകയായിരുന്നു. 1947-ലെ എട്ടാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ഫ്രെഡറിക് സ്മെഡ്ലി, പീററർ ബ്രൈഡെൽ എന്നിവരാണ് അവിടേക്ക് അയയ്ക്കപ്പെട്ട അവസാനത്തെ ഗിലെയാദ് മിഷനറിമാർ. പക്ഷേ, എത്തിച്ചേർന്ന് അധികം താമസിയാതെ അറസ്ററുചെയ്യപ്പെട്ട അവർ മാൾട്ടയിൽനിന്നു പുറത്താക്കപ്പെട്ടു. യഹോവയുടെ സാക്ഷികളുടെ 1948-ലെ വാർഷിക പുസ്തകം [ഇംഗ്ലീഷ്] ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “റോമൻ കത്തോലിക്കാ പുരോഹിതമേധാവിത്വത്തിന്റെ എതിർപ്പുമൂലം, ഈ രണ്ടു മിഷനറിമാർക്ക് തങ്ങളുടെ ശുശ്രൂഷാപരമായ കർത്തവ്യങ്ങളിൽ വ്യാപരിക്കാൻ ലഭിച്ചത്രയും സമയം കോടതികളിലും രാജ്യത്തെ ഉദ്യോഗസ്ഥൻമാരുടെ കൂടെയും ചെലവഴിക്കേണ്ടിവന്നു. മാൾട്ട കത്തോലിക്കർക്കുള്ളതാണ്, വേറെ ആരായാലും പോയേ മതിയാവൂ എന്നാണു പുരോഹിതൻമാർ പറയുന്നത്.” എന്നാൽ അതിനുശേഷം 45 വർഷം പിന്നിട്ട ഇപ്പോൾ 96-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു നാലു മിഷനറിമാരെയാണ് മാൾട്ടയിലേക്ക് അയച്ചിരിക്കുന്നത്.
[26-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദം നേടുന്ന 96-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ഏയ്ലഴ്സ് പി.; ഗിസ്സി എം.; സ്സെൽമൻ എസ്.; സൂസ്പെരേഗി ജെ.; റോ എസ്സ്.; ജാക്സൻ കെ.; സ്കോട്ട് ടി. (2) ലിയർ ടി.; ഗാർസിയ ഐ.; ഗാർസിയ ജെ.; ഫെർണാണ്ടസ് എ.; ഡേവിഡ്സൻ എൽ.; ലീഡമൻ പി.; ഗിബ്സൻ എൽ.; ഹ്വേറസ് സി. (3) ഫൗററ്സ് സി.; പാസ്ട്രേന ജി.; ക്ലോസൻ ഡി.; ഫെർണാണ്ടസ് എൽ.; വോൾസ് എം.; ഡ്രെസെൻ എം.; പാസ്ട്രേന എഫ്.; ബർക്സ് ജെ. (4) ബർക്സ് ഡി.; സ്കോട്ട് എസ്.; ജാക്സൻ എം.; മൊറേ എച്ച്.; ഹ്വേറസ് എൽ.; സൂസ്പെരേഗി എ.; ബ്രോർഷൊൻ സി.; റോ സി.; (5) സ്സെൽമൻ കെ.; ലീഡമൻ പി.; ഡേവിഡ്സൻ സി.; മൊറേ എസ്.; വോൾസ് ഡി.; ഡ്രെസെൻ ഡി.; സ്കാഫെസ്മാ ജി.; ലിയർ എസ്. (6) ക്ലോയ്സൻ ടി.; ഗിബ്സൻ ടി.; ഗിസ്സി സി.; ഏയ്ലഴ്സ് ഡി.; ഫൗററ്സ് ആർ.; സ്കാഫെസ്മാ എസ്.; ബ്രോർഷൊൻ എൽ.